തിരുവനന്തപുരത്ത് എവിടെയോ ഉണ്ട് അക്ക!

By Nee Evideyaanu  |  First Published Apr 11, 2019, 4:31 PM IST

നീ എവിടെയാണ്: സിന്ധു എസ് എഴുതുന്നു 


കാണാമറയത്ത് നിങ്ങള്‍ അന്വേഷിക്കുന്ന പ്രിയപ്പെട്ടവരെ കണ്ടെത്തുന്ന പരമ്പരയുടെ രണ്ടാം സീസണ്‍. നീ എവിടെയാണ്. 

ചിലരുണ്ട്, അപ്രതീക്ഷിതമായി നമ്മുടെ ജീവിതത്തിലേക്കു കടന്നുവരുന്നവര്‍. ആഴമുള്ള അടുപ്പമായി മാറുന്നവര്‍. അത് സ്‌കൂളിലോ കോളജിലോ വെച്ചാവാം. അല്ലെങ്കില്‍, ജോലി സ്ഥലത്ത്. യാത്രകളില്‍, ആശുപത്രികളില്‍, സൗഹൃദ കൂട്ടങ്ങളില്‍ അല്ലെങ്കില്‍, മറ്റെവിടെയെങ്കിലുംവെച്ച്...

Latest Videos

undefined

പെട്ടെന്നാവും അവരുടെ മറയല്‍. സാഹചര്യം മാറിയതാവാം. ജീവിതാവസ്ഥ മാറിയതാവാം. അവര്‍ മറയും. എന്നേക്കുമായി. എങ്കിലും, എന്നും നമ്മളോര്‍ക്കും, എവിടെയാണ് അവരെന്ന്. ചിലപ്പോള്‍ അവര്‍ നമ്മളെയും.അങ്ങനെയൊരാള്‍ നിങ്ങളുടെ ജീവിതത്തിലുമില്ലേ? ഉണ്ടെങ്കില്‍, എഴുതൂ, ആ ആളെക്കുറിച്ച്? ആ ബന്ധത്തെക്കുറിച്ച്. കാത്തിരിപ്പിനെക്കുറിച്ച്. ഒരുപക്ഷേ, ഈയൊരു കുറിപ്പാവും അയാളെ നിങ്ങളിലേക്ക് തിരിച്ചെത്തിക്കുക. കുറിപ്പുകള്‍ ഒരു ഫോട്ടോയ്‌ക്കൊപ്പം, സബ്ജക്ട് ലൈനില്‍ 'നീ എവിടെയാണ്? എന്നെഴുതി, submissions@asianetnews.in എന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച കുറിപ്പുകള്‍ പ്രസിദ്ധീകരിക്കും.

മൂക്കുത്തിയും മിഞ്ചിയുമണിഞ്ഞ്, നീണ്ട മുടിക്കെട്ടില്‍ മുല്ലപ്പൂ ചൂടി, മഞ്ഞപ്പല്ലുകള്‍ പുറത്തുകാണുന്ന ചിരിയുമായി ദാവണിയും ചേലയും ചുറ്റി തമിഴത്തിപ്പെണ്ണുങ്ങള്‍ നടക്കുന്ന തെരുവുകളാണ് എന്റെ ബാല്യകാല സ്മരണകളിലെ മദ്രാസ്. അവര്‍ക്കിടയില്‍ മുണ്ടും നേരിയതും ഉടുത്ത്, മുല്ലപ്പൂ നിറമുള്ള പല്ലുകള്‍ കാണിച്ചു സന്തോഷത്തോടെ ചിരിച്ച്, സുന്ദരിയായ ഒരു പെണ്‍കുട്ടി വേറിട്ടു നിന്നു. ഞാന്‍ അക്ക എന്ന് വിളിച്ച 'കസ്തൂരി'. പേര് പോലെ സുഗന്ധം പരത്തിയവള്‍.

കൂനകൂട്ടി ഇട്ട മുല്ലപ്പൂക്കളും കനകാംബരം പൂക്കളുമാണ് കസ്തൂരിയക്കയെ ഓര്‍ക്കുമ്പോഴെല്ലാം മനസ്സിലേക്ക് ഓടിയെത്തുന്നത്.

മാല കെട്ടാനായി വാങ്ങിക്കൊണ്ടുവന്ന പൂക്കള്‍ സൗകര്യത്തിനായി ജോഡിയാക്കി സഹായിച്ചതായിരുന്നു അന്ന്. എല്ലാം കെട്ടി തീര്‍ന്നപ്പോള്‍ അവ ഒന്നാകെ ആറ് വയസുള്ള കുഞ്ഞു പാവാടക്കാരിയുടെ തലയില്‍ ചൂടിച്ച അക്ക. അക്കയുടേയും അമ്മയുടേയുമൊക്കെ ആഭരണങ്ങളും ഇടീച്ച് അണിയിച്ചൊരുക്കിയ ആ ബാല്യസൗന്ദര്യത്തെ ക്യാമറയിലാക്കാനും അക്കയ്ക്ക് മോഹം.

തനിയെ തീരുമാനമെടുക്കാനും പ്രാവര്‍ത്തികമാക്കാനും ശേഷി ഇല്ലാതിരുന്ന അമ്മക്ക് ധൈര്യം നല്‍കിയതും ഓട്ടോ വിളിച്ച് അധികം അകലത്തല്ലാതിരുന്ന ശശിയങ്കിളിന്റെ സ്റ്റുഡിയോയിലേക്ക് കൊണ്ടുപോയതും അക്ക തന്നെ. അന്നത്തെ ആ ചിത്രം കേടുപാടൊന്നും കൂടാതെ ഇന്നും കരുതിവെക്കുന്നു.  ഒപ്പം അക്കയെക്കുറിച്ചുള്ള ഒളിമങ്ങാത്ത ഓര്‍മകളും. 

ഒന്നാം ക്ലാസ് പൂര്‍ത്തിയായ ശേഷമുള്ള മധ്യവേനലവധിക്കാലം കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ മദ്രാസിലെത്തിയതായിരുന്നു ഞാന്‍. മൂന്നാം നിലയില്‍ മുഖത്തോടുമുഖം അക്കയുടെ കുടുംബവും ഞങ്ങളും. മൂക്കള ഒലിപ്പിച്ച്, കീറിയ ട്രൗസര്‍ ഇട്ട, കരുമാടികളായ കുട്ടികള്‍ ഓടിക്കളിക്കുന്ന ഇടുങ്ങിയ തെരുവുകള്‍ കടന്ന്, ഉറക്കെ വര്‍ത്തമാനം പറഞ്ഞ് തെരുവ് കച്ചവടം നടത്തുന്ന തമിഴത്തികളുടെ മുന്നിലൂടെ, ചാണകത്തിന്റേയും മൂത്രത്തിന്റേയും രൂക്ഷഗന്ധം തളംകെട്ടിനില്‍ക്കുന്ന തെരുവില്‍ നിന്നും എരുമപ്പാല്‍ വാങ്ങാനായി അക്കയുടെ കൈപിടിച്ചുള്ള പ്രഭാത നടത്തം.

അമ്മായിയോടൊപ്പമാണ് എന്റെ താമസം എന്ന് പറഞ്ഞപ്പോള്‍, അക്ക പൊട്ടിച്ചിരിച്ചതെന്തിനെന്ന് അന്ന് അത്ഭുതപ്പെടാനേ കഴിഞ്ഞുള്ളൂ. ആങ്ങളയുടെ പാന്റ്‌സും ഷര്‍ട്ടും സ്വയം അണിയുന്ന, അതിനോടൊപ്പം അമ്മയെക്കൊണ്ട് അച്ഛന്റെ മുണ്ടും ഷര്‍ട്ടും ഇടീക്കുന്ന കുസൃതിക്കാരി.

കുഞ്ഞുമനസ്സില്‍ പതിഞ്ഞുറച്ച നനുത്ത ഓര്‍മ്മത്തുണ്ടുകള്‍.

അമ്മയുടെ മുണ്ടും നേരിയതും എടുത്തണിഞ്ഞ് മലയാളത്തിയാകുന്ന അക്കയുടെ കൗതുകം. എന്നും കേരളത്തെ ഇഷ്ടപ്പെട്ട, കേരളത്തെക്കുറിച്ച് എത്ര കേട്ടാലും മതിവരാത്ത തമിഴത്തി അക്ക.

അന്നൊന്നും അറിഞ്ഞിരുന്നില്ല, അല്ല, പറഞ്ഞിരുന്നില്ല അക്ക അക്കാര്യം. അക്കയ്ക്ക് ഒരു മലയാളിയെ ഇഷ്ടമാണെന്ന്. അയാളുമായി ജീവിതം പങ്കുവയ്ക്കാന്‍ തിരുവനന്തപുരം തിരഞ്ഞെടുക്കുമെന്ന്. കാലത്തിന്റെ കുത്തൊഴുക്കില്‍, വാടകവീടുകള്‍ മാറിമാറി, എങ്ങോ, പരസ്പരം കണ്ടെത്താനാകാതെ... ഒരുപക്ഷേ എന്റെ നഗരത്തില്‍ത്തന്നെ... ഇന്നും പൊട്ടിച്ചിരിച്ച്, മലയാളത്തെ, മലയാളക്കരയെ സ്‌നേഹിച്ച് ജീവിക്കുന്നുണ്ടാകും, എന്റെ കസ്തൂരി അക്ക...

'നീ എവിടെയാണ്' പരമ്പരയില്‍ മുമ്പ് പ്രസിദ്ധീകരിച്ച കുറിപ്പുകള്‍ ഇവിടെ വായിക്കാം

click me!