കുറച്ച് കഴിഞ്ഞു കണ്ണ് തുറന്നു, കുറ്റാക്കൂരിരുട്ട്, ബസില്‍ ആരുമില്ല...

By Nee Evideyaanu  |  First Published May 6, 2019, 4:01 PM IST

നീ എവിടെയാണ്: സഞ്ജന ബാബു എഴുതുന്നു 


കാണാമറയത്ത് നിങ്ങള്‍ അന്വേഷിക്കുന്ന പ്രിയപ്പെട്ടവരെ കണ്ടെത്തുന്ന പരമ്പരയുടെ രണ്ടാം സീസണ്‍.നീ എവിടെയാണ്. 

ചിലരുണ്ട്, അപ്രതീക്ഷിതമായി നമ്മുടെ ജീവിതത്തിലേക്കു കടന്നുവരുന്നവര്‍. ആഴമുള്ള അടുപ്പമായി മാറുന്നവര്‍. അത് സ്‌കൂളിലോ കോളജിലോ വെച്ചാവാം. അല്ലെങ്കില്‍, ജോലി സ്ഥലത്ത്. യാത്രകളില്‍, ആശുപത്രികളില്‍, സൗഹൃദ കൂട്ടങ്ങളില്‍ അല്ലെങ്കില്‍, മറ്റെവിടെയെങ്കിലുംവെച്ച്...

Latest Videos

undefined

പെട്ടെന്നാവും അവരുടെ മറയല്‍. സാഹചര്യം മാറിയതാവാം. ജീവിതാവസ്ഥ മാറിയതാവാം. അവര്‍ മറയും. എന്നേക്കുമായി. എങ്കിലും, എന്നും നമ്മളോര്‍ക്കും, എവിടെയാണ് അവരെന്ന്. ചിലപ്പോള്‍ അവര്‍ നമ്മളെയും.അങ്ങനെയൊരാള്‍ നിങ്ങളുടെ ജീവിതത്തിലുമില്ലേ? ഉണ്ടെങ്കില്‍, എഴുതൂ, ആ ആളെക്കുറിച്ച്? ആ ബന്ധത്തെക്കുറിച്ച്. കാത്തിരിപ്പിനെക്കുറിച്ച്. ഒരുപക്ഷേ, ഈയൊരു കുറിപ്പാവും അയാളെ നിങ്ങളിലേക്ക് തിരിച്ചെത്തിക്കുക. കുറിപ്പുകള്‍ ഒരു ഫോട്ടോയ്‌ക്കൊപ്പം, സബ്ജക്ട് ലൈനില്‍ 'നീ എവിടെയാണ്? എന്നെഴുതി, submissions@asianetnews.in എന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച കുറിപ്പുകള്‍ പ്രസിദ്ധീകരിക്കും.

അന്ന് ഞാന്‍ പതിവിലും നേരത്തെ എഴുന്നേറ്റു . കോളേജില്‍ പോകാന്‍ വല്ലാത്ത ഉത്സാഹം. എന്തിനാണ് അതുവരെ   ഉണ്ടാകാത്ത ഉത്സാഹം തോന്നിയത് എന്നറിയില്ല. കുളിച്ച് റെഡി ആയി ബാഗും എടുത്ത് ബസ് സ്റ്റോപ്പിലേക്ക് ഓടി. ബസില്‍ കയറി ആദ്യത്തെ സീറ്റില്‍ തന്നെ ഇരുന്നു. ആ ജനാലയുടെ അരികിലുള്ള യാത്ര എനിക്ക് എപ്പോഴും കുളിര്‍മ്മ തരുന്നതാണ്.  അങ്ങനെ ആ ഒരു മണിക്കൂര്‍ യാത്രയ്ക്കിടയില്‍ ഞാന്‍ ഒന്ന് മയങ്ങി.

കുറച്ച് കഴിഞ്ഞു കണ്ണ് തുറന്നു. കുറ്റാക്കൂരിരുട്ട്. ബസില്‍ ആരുമില്ല. രാത്രിയുടെ മൂളല്‍ അല്ലാതെ മറ്റൊരു ശബ്ദവും കേള്‍ക്കുന്നില്ല. നിശ്ശബ്ദമായ അന്തരീക്ഷവും ഇരുട്ട് നിറഞ്ഞ ചുറ്റുപാടും എന്നെ വല്ലാതെ ഭയപ്പെടുത്തി.  

'എന്നെ രക്ഷിക്കൂ..'-ഞാന്‍ ഉച്ചത്തില്‍ അലറി. ആ നിശ്ശബ്ദതയില്‍ എന്റെ അലറല്‍ മുഴങ്ങിക്കൊണ്ടേ ഇരുന്നു. ആരും അറിയുന്നില്ലേ ഞാന്‍ ഇവിടെ കിടന്ന് അലറുന്നത? അതോ എനിക്ക് മാത്രമാണോ എന്റെ ശബ്ദം കേള്‍ക്കാന്‍ പറ്റുന്നത്? പരിഭ്രാന്തിയോടെ ഞാന്‍ ആ ബസ്സില്‍ നിന്നും ഇറങ്ങി ഓടി.

പുറത്ത് ആരെയും കാണുന്നില്ല. പതിയെ ആ വെള്ള മണലിലൂടെ ഞാന്‍ നടന്നു കുറച്ചു ദൂരം നടന്നപ്പോ ഒരു ചെറിയ ക്ഷേത്രം കണ്ടു. ആ ക്ഷേത്രത്തിന്റെ മുറ്റത്തുള്ള ആല്‍ മരത്തിന്റെ ചുവട്ടില്‍ ഇരുന്നു കരഞ്ഞു. എന്ത് ചെയ്യണമെന്നോ എവിടെ പോകണമെന്നോ അറിയാതെ അവശയായി ഇരുന്നു. അന്നേരമാണ് ഒരു  നിഴല്‍ എന്റെ മുമ്പില്‍ കാണുന്നത്. തല നിവര്‍ത്തി ഞാന്‍ നോക്കി. വെളുത്ത മുഖം. നീട്ടി വളര്‍ത്തിയ താടി. കറുത്ത നീണ്ട മുടി. വെളുത്ത മുണ്ടു മാത്രം ധരിച്ച സുന്ദരനായ യുവാവ്. ഒരു നിമിഷം ആ മുഖത്തോടു തന്നെ നോക്കി നിന്നു. 

'എന്താ ഈ സമയത്ത് ഇവിടെ?' 

'അറിയില്ല'

'കുട്ടി എവിടുന്നാ? വഴി തെറ്റി വന്നതാണോ?'

'എനിക്ക് ഓര്‍മ്മയില്ല. ബസില്‍ കോളേജില്‍ പോകാനായി കേറിയതാ .ചെറുതായി ഒന്ന്  മയങ്ങി. അത് മാത്രമേ എനിക്ക് ഓര്‍ത്തെടുക്കാന്‍ സാധിക്കുന്നുള്ളൂ'. 

അപരിചതമായ സ്ഥലത്ത് ഇരുട്ടില്‍ ഒറ്റപ്പെട്ടതിന്റെ പരിഭ്രാന്തയില്‍ ആ യുവാവിനെ കണ്ടപ്പോള്‍ അല്‍പം ആശ്വാസം തോന്നിയെങ്കിലും അറിയാതെ കണ്ണുകള്‍ കവിഞ്ഞൊഴുകി.

'കുട്ടി കരയാതെ കാര്യം പറയു. എവിടെയാണ്  വീട്? ഏത് ബസിലാണ് കുട്ടി വന്നത്?'


ഞാന്‍ എന്റെ കൈകള്‍ ബസ് നിര്‍ത്തിയിട്ടിരുന്ന സ്ഥലത്തേക്ക് ചൂണ്ടി കാണിച്ചു. ആ സുന്ദരനായ യുവാവ് എന്റെ കൈ പിടിച്ചു ബസ് കിടന്ന സ്ഥലത്തേക്ക് നടന്നു. എനിക്ക് എന്തെന്നില്ലാത്ത സന്തോഷമായിരുന്നു അപ്പോള്‍ മനസ്സില്‍. അയാളുടെ കൈകള്‍ സുരക്ഷാ വലയം പോലെ എനിക്ക് തോന്നി. 

'ഇവിടെ വണ്ടി ഒന്നുമില്ലല്ലോ'

ആ ചോദ്യം കേട്ട് ഞാന്‍ ഞെട്ടി. 'ഇവിടെത്തന്നെ ആയിരുന്നു വണ്ടി ഉണ്ടായിരുന്നത്. ഞാന്‍ കുറച്ച മുമ്പാണ് വണ്ടിയില്‍ നിന്നിറങ്ങി ആ മരച്ചുവട്ടില്‍ വന്നിരുന്നത്. എനിക്ക് നല്ല ഓര്‍മയുണ്ട്. വണ്ടി ഇവിടെ ഉണ്ടായിരുന്നു'.

പരിഭ്രാന്തിയോടെ വീണ്ടും പറഞ്ഞത് തന്നെ പറഞ്ഞുകൊണ്ടിരുന്നു. 'വിഷമിക്കണ്ട, ഞാന്‍ ഇല്ലേ കൂടെ. എന്തെങ്കിലും ചെയ്യാം. ഞാന്‍ അടുത്തുള്ള റെയില്‍വേ സ്‌റ്റേഷനില്‍ കൊണ്ടുപോയി ട്രെയിന്‍ കയറ്റി വിടാം.'

അങ്ങനെ ഞങ്ങള്‍  റെയില്‍വേ സ്‌റ്റേഷനിലേക്ക് നടന്നു. അതിനിടയില്‍ വീട്ടിലാരൊക്കെ ഉണ്ട്, എവിടെയാ വീട് എന്നുള്ള പല ചോദ്യങ്ങളും ഉത്തരങ്ങളും. അവ വീണ്ടും എന്നെ ആ യുവാവിലേക്കു  അടുപ്പിച്ചു. കുറച്ചു ദൂരം നടന്നപ്പോള്‍ വല്ലാതെ വിഷമിച്ചത് പോലെ എനിക്ക് തോന്നി. ഞങ്ങള്‍ ഒരു കലുങ്കിന്റെ മേലില്‍ ഇരുന്നു . അറിയാതെ ഞങ്ങളുടെ കണ്ണുകള്‍ ഇടകിടക്ക് കോര്‍ത്തുകൊണ്ടേ ഇരുന്നു. എന്തോ പറയണം എന്നുണ്ടായിട്ടും ചോദിക്കുന്നതിനുള്ള മറുപടിക്കപ്പുറം ഒന്നും സംസാരിക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. ഞാന്‍ ആ സുന്ദര മുഖത്തുനിന്ന് കണ്ണെടുക്കാതെ ഇരുന്നു. 

'കുട്ടി എന്താ ഇങ്ങനെ നോക്കണേ?'  

ഞാന്‍ അമ്പരപ്പോടെ പറഞ്ഞു-'ഒന്നുമില്ല'

'എന്നെ പേടിക്കണ്ട .ഞാന്‍ ഒന്നും ചെയ്യില്ല. രാത്രിയില്‍ ഒറ്റക്കിരിക്കുന്നത് കണ്ടപ്പോള്‍ രക്ഷിക്കണമെന്ന് തോന്നി'

അപ്പോഴും അമ്പരപ്പോടെ മുഖത്തോട് നോക്കിക്കൊണ്ട് ഇരുന്നു-കുട്ടി വിഷമിക്കാതെ. ഒന്ന് ചിരിക്കൂ. ഞാന്‍ വീട്ടില്‍ എത്തിക്കാം.'

മനസ്സില്‍ അമ്പരപ്പുണ്ടായിട്ടും അദ്ദേഹത്തിന്റെ വാക്കുകളെ നിരസിക്കാന്‍ തോന്നിയില്ല. പതിയെ പുഞ്ചിരിച്ചു.

'ഇത്ര സുന്ദരമായി ചിരിക്കാന്‍ അറിഞ്ഞിട്ടാണോ ഇത്ര  നേരം പരിഭ്രാന്തിയോടെ നോക്കിയത്. ഒന്നും പേടിക്കണ്ട. ദേ, നമ്മള്‍ ഇപ്പോള്‍ എത്തും, സ്‌റ്റേഷനില്‍. ട്രെയിന്‍ കയറ്റി വിട്ട ശേഷമേ ഞാന്‍ പോകുകയുള്ളൂ. രണ്ടു മണിക്കൂറിനുള്ളില്‍ കുട്ടി വീട്ടിലെത്തും'.


എന്റെ കയ്യില്‍ പിടിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു-'വരൂ പോകാം'-വീണ്ടും നടന്നു. ആ കൈകളില്‍ നിന്ന് അപ്പോഴും പിടി വിട്ടിട്ടില്ല. 

അങ്ങനെ ഞങ്ങള്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തി. ട്രെയിന്‍ എത്താറായി എന്നാണ് അറിഞ്ഞത്. ഞങ്ങള്‍ ട്രെയിനിനായി കാത്തിരുന്നു.  പതിയെ എന്റെ കയ്യില്‍ നിന്നും അദ്ദേഹം കയ്യ് എടുക്കാന്‍ ശ്രമിച്ചു. മനസ്സ് തോന്നിപ്പിക്കും വിധം അറിയാതെ ഞാന്‍ ആ കയ്യില്‍ മുറുക്കി പിടിച്ചു. അദ്ദേഹം പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു 'ഞാന്‍ ഒരു കാര്യം പറയട്ടെ?'

ട്രെയിന്‍ വന്നു. മുന്നില്‍ നില്‍ക്കുന്ന ട്രെയിനില്‍ നോക്കികൊണ്ട് ഞാന്‍ ചോദിച്ചു-എന്താണ് പറയാനുള്ളത്'. കേള്‍ക്കാന്‍ ആഗ്രഹിക്കുന്നത് മാത്രമേ ആ വായില്‍ നിന്ന് വരാവു എന്ന ഞാന്‍ പ്രാര്‍ത്ഥിച്ചു..

ഒരു മണി മുഴങ്ങുതായി എനിക്ക് തോന്നി. ഞാന്‍ കണ്ണ് തുറന്നു. എന്റെ കോളേജിന്റെ ഫ്രണ്ടില്‍ വണ്ടി നിര്‍ത്തിയിട്ടിരിക്കുന്നു. ആ യുവാവിനെ ഞാന്‍ ചുറ്റും തിരഞ്ഞു. കണ്ടക്ടര്‍ ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു, വേഗം ഇറങ്ങൂ, സ്ഥലമെത്തി'.

കണ്ടതെല്ലാം വെറും സ്വപ്നം മാത്രമായിരുന്നു എന്ന് ഞാന്‍ മനസിലാക്കി. എങ്കിലും എന്തായിരിക്കും ആ യുവാവിന് എന്നോട് പറയാനുണ്ടായിരുന്നത് എന്ന് ഞാന്‍ ചിന്തിച്ചു. ഇന്നും ഉറങ്ങാന്‍ കിടക്കുമ്പോള്‍ അദ്ദേഹം സ്വപ്നത്തില്‍ വന്നിരുന്നെങ്കില്‍ എന്ന് പ്രാര്‍ത്ഥിക്കാറുണ്ട്. അദ്ദേഹത്തിന് എന്താണ് പറയാനുള്ളത് എന്ന് സ്വപ്നത്തില്‍ അദ്ദേഹം പറഞ്ഞിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാറുണ്ട്.

'നീ എവിടെയാണ്' പരമ്പരയില്‍ മുമ്പ് പ്രസിദ്ധീകരിച്ച കുറിപ്പുകള്‍ ഇവിടെ വായിക്കാം  

click me!