പന്ത്രണ്ട് കൊല്ലങ്ങള്‍ക്കപ്പുറം ഒരു പട്ടുപാവാടക്കാരി!

By Nee Evideyaanu  |  First Published Apr 10, 2019, 5:16 PM IST

നീ എവിടെയാണ്: മാഹിന്‍ ഷാജഹാന്‍ എഴുതുന്നു
 


കാണാമറയത്ത് നിങ്ങള്‍ അന്വേഷിക്കുന്ന പ്രിയപ്പെട്ടവരെ കണ്ടെത്തുന്ന പരമ്പരയുടെ രണ്ടാം സീസണ്‍.നീ എവിടെയാണ്. 

ചിലരുണ്ട്, അപ്രതീക്ഷിതമായി നമ്മുടെ ജീവിതത്തിലേക്കു കടന്നുവരുന്നവര്‍. ആഴമുള്ള അടുപ്പമായി മാറുന്നവര്‍. അത് സ്‌കൂളിലോ കോളജിലോ വെച്ചാവാം. അല്ലെങ്കില്‍, ജോലി സ്ഥലത്ത്. യാത്രകളില്‍, ആശുപത്രികളില്‍, സൗഹൃദ കൂട്ടങ്ങളില്‍ അല്ലെങ്കില്‍, മറ്റെവിടെയെങ്കിലുംവെച്ച്...

Latest Videos

undefined

പെട്ടെന്നാവും അവരുടെ മറയല്‍. സാഹചര്യം മാറിയതാവാം. ജീവിതാവസ്ഥ മാറിയതാവാം. അവര്‍ മറയും. എന്നേക്കുമായി. എങ്കിലും, എന്നും നമ്മളോര്‍ക്കും, എവിടെയാണ് അവരെന്ന്. ചിലപ്പോള്‍ അവര്‍ നമ്മളെയും.അങ്ങനെയൊരാള്‍ നിങ്ങളുടെ ജീവിതത്തിലുമില്ലേ? ഉണ്ടെങ്കില്‍, എഴുതൂ, ആ ആളെക്കുറിച്ച്? ആ ബന്ധത്തെക്കുറിച്ച്. കാത്തിരിപ്പിനെക്കുറിച്ച്. ഒരുപക്ഷേ, ഈയൊരു കുറിപ്പാവും അയാളെ നിങ്ങളിലേക്ക് തിരിച്ചെത്തിക്കുക. കുറിപ്പുകള്‍ ഒരു ഫോട്ടോയ്‌ക്കൊപ്പം, സബ്ജക്ട് ലൈനില്‍ 'നീ എവിടെയാണ്? എന്നെഴുതി, submissions@asianetnews.in എന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച കുറിപ്പുകള്‍ പ്രസിദ്ധീകരിക്കും.

'മനസ്സിലുള്ള നിന്റെ മുഖവും കയ്യിലുള്ള നിന്റെ നമ്പറും മാറിയില്ലെങ്കില്‍ എന്നായാലും നിന്നെ തേടിയൊരു ഫോണ്‍ കോള്‍ പ്രതീക്ഷിക്കാം!'
 
അവള്‍ പറഞ്ഞവസാനിപ്പിച്ചിടത്ത് ഞാനും മറുപടി നല്‍കി 'തിരിച്ചും'.

ദിവസങ്ങളുടെ പരിണാമം പല വര്‍ഷങ്ങളായി മാറിക്കഴിഞ്ഞപ്പോഴും, കണ്ണാടിയില്‍ മുഖത്തിന്റെ ആകൃതി പ്രതിഫലിക്കുമ്പോള്‍, മാറിയ രൂപത്തിലും പൊടിച്ചു വന്നിരുന്ന താടിരോമത്തിലും അവളുടെ മനസ്സിലെ എന്റെ രൂപത്തിന് മാറ്റം വന്നിട്ടുണ്ടാകുമോ എന്ന് ഞാന്‍ ഇടയ്ക്കിടെ ആലോചിക്കാറുണ്ട്. 

കാലം ലോകത്തെ ഒരു വിരല്‍ത്തുമ്പിലൊതുക്കിയാലും പെട്ടെന്നൊരു ദിവസം എന്നില്‍ നിന്നും അപ്രത്യക്ഷമായ ഒരാളെ ഇനിയും ഒരുപാട് നാള്‍ കാലയവനികയ്ക്ക് മറച്ചു  പിടിച്ചിരിക്കാനാവുമെന്ന് പലവുരു പല രീതിയില്‍ല്‍ ആ പേര് ടൈപ്പ് ചെയ്ത മൊബൈല്‍ ഫോണ്‍ പോലും സമ്മതിക്കുമായിരിക്കാം.

പന്ത്രണ്ട് കൊല്ലങ്ങള്‍ക്കിപ്പുറവും ആ പട്ടുപാവാടക്കാരിയുടെ രൂപം മനസ്സില്‍ മായാതെ നില്‍ക്കണമെങ്കില്‍ ആ സൗഹൃദത്തിന്റെ ആഴം എനിക്ക് ചെറുതല്ല.. 
ഹൈസ്‌കൂള്‍ കാലഘട്ടത്തില്‍ എന്നോടത്രയൊന്നും കൂട്ടുകൂടാതിരുന്ന, തമ്മിലെന്നും തല്ലുകൂടിയിരുന്ന ആ പെണ്‍കുട്ടിയെ പിന്നെ എന്നു മുതലാണെന്നറിയില്ല ആള്‍ക്കൂട്ടത്തില്‍ ഞാന്‍ തിരയുന്ന ഒരാളാക്കി കാലം മാറ്റിയത്.

പല ഓര്‍മ്മകളും പല മനുഷ്യരും ചില മണങ്ങളായും, പാട്ടുകളായും ഇന്നും കൂട്ടുണ്ട്

പടര്‍ന്നു പന്തലിച്ചു പോയ സ്‌കൂളിനു മുന്നിലെ ബദാം മരത്തിനു താഴെ അസംബ്ലി ലൈനില്‍ നീളം കുറഞ്ഞതിനാല്‍ ആണ്‍കുട്ടികളുടെ വരികളില്‍ എന്നും മുന്നില്‍ ഞാനും പെണ്‍കുട്ടികളിലെ വരിയില്‍ അവളും രാവിലെ തന്നെ കണ്ടുമുട്ടിയിരുന്നു. അവിടെ നിന്നും ക്ലാസിലെ മരബെഞ്ചുകളിലേക്കും, ഇടനാഴിയിലേക്കും, ലാബുകളിലേക്കും സൗഹൃദങ്ങള്‍ പടര്‍ന്നപ്പോഴും, അവരൊക്കെ കൈയെത്തും ദൂരത്തൊക്കെ കാണുമെന്ന് അന്ന് കരുതിയിരുന്നു.

പക്ഷേ തിരക്കുകള്‍ അവരെ പല തീരത്തേക്ക് കൊണ്ടെത്തിച്ചു. ആ തിരക്കിലും പല സൗഹൃദങ്ങളും അനക്കമുള്ളതായും, അനക്കമറ്റതായും സോഷ്യല്‍ മീഡിയ സൗഹാര്‍ദ്ദ വലയത്തിലുണ്ടെന്നുള്ളത് ഒരു സന്തോഷമാണ്. അവരിലൂടെയും ആ പേരിനെ തിരഞ്ഞ ശ്രമവും പരാജയമായിരുന്നു.

എന്തിനാണ് ഞാന്‍ ആ പേര് ഇപ്പോഴും തിരയുന്നതെന്ന് അറിയില്ല, ഒരു പക്ഷേ അവള്‍ പറഞ്ഞു മുഴുമിപ്പിക്കാത്ത എന്തൊക്കെയോ അറിയാനുള്ള ആകാംക്ഷയാകാം,
അല്ലെങ്കില്‍ നിഗൂഢമായി എന്നില്‍ നിന്നും മറഞ്ഞതിലുള്ള ആകാംക്ഷയാകാം, അല്ലെങ്കില്‍ എനിക്കെന്തൊക്കെയോ പറഞ്ഞു തീര്‍ക്കാന്‍ കഴിയാതെ പോയതിലെ നിരാശയാകാം.

അതുമല്ലെങ്കില്‍ എന്നോ ഒരിയ്ക്കല്‍ അവള്‍ പറഞ്ഞിരുന്നു, ടീച്ചര്‍ ക്ലാസെടുക്കുമ്പോള്‍ ഞാന്‍ പേന വിരലുകളിലൂടെ കറക്കുന്നത് കാണാന്‍ നല്ല രസമായിരുന്നെന്ന്. 
നമ്മളെ ശ്രദ്ധിക്കുന്നവരുണ്ടെന്നറിയുന്നത് തന്നെ ഒരു സന്തോഷമായിരുന്നു. ചിലപ്പോള്‍ അതു കൊണ്ടുമാവാം.

എന്തായാലും തല്ലു കൂടലുകളും, ചില പുഞ്ചിരികളും, പറഞ്ഞ്  മുഴുമിപ്പിക്കാത്ത കഥകളും, ജീവിതം മുന്നോട്ടു പോകുമ്പോള്‍ പിന്‍വിളികളായി കൂട്ടുള്ളത് സന്തോഷമാണ്. പല ഓര്‍മ്മകളും പല മനുഷ്യരും ചില മണങ്ങളായും, പാട്ടുകളായും ഇന്നും കൂട്ടുണ്ട്. അതിലൊരു മണമുള്ള ഓര്‍മ്മയും ഇമ്പമുള്ള പാട്ടും അവളാണ്.

ടീച്ചര്‍മാരുടെ കടന്നുവരവോടു കൂടി നിശ്ശബ്ദമാകുന്ന ക്ലാസിലെ കോലാഹലങ്ങളും, പുസ്തകം കയ്യിലെടുത്തു തുറക്കുമ്പോള്‍ അറിയാതെ മൂക്കിനടുത്തേക്ക് പിടിക്കാന്‍ തോന്നുന്ന കൊതിയും, പൊതിച്ചോറ് മണമുള്ള ഇടവേളകളും, ജീവിതത്തില്‍ നിന്നും കൂട്ട മണിയടിയോടു കൂടി പുറത്തേക്ക് ഓടിക്കഴിഞ്ഞെങ്കിലും ആ  ഓര്‍മ്മകള്‍ പരതുമ്പോള്‍ കൂട്ടത്തില്‍ ഒരു 'ടെസ്റ്റ്് ട്യൂബ്' പോലെ നേര്‍ത്തൊരു പെണ്‍കുട്ടി കൂടി ഓര്‍മ്മകളില്‍ ഇന്നും കൊലുസു കിലുക്കി നടന്നു പോകാറുണ്ട്.

ഇന്നും ആ പേരിലൊരു മെസേജെന്നെങ്കിലും വരുമെന്ന് കരുതി എനിക്കൊപ്പം ഇന്‍ബോക്‌സും വെയിറ്റിംഗാണ്!

click me!