പെട്ടിയില്‍ അടുക്കി സെന്റ് പൂശി വെച്ചിട്ടുണ്ട് ആ ഉടുപ്പുകള്‍...

By Nee Evideyaanu  |  First Published May 18, 2019, 6:50 PM IST

നീ എവിടെയാണ്: അശ്വിനി എസ് 


കാണാമറയത്ത് നിങ്ങള്‍ അന്വേഷിക്കുന്ന പ്രിയപ്പെട്ടവരെ കണ്ടെത്തുന്ന പരമ്പരയുടെ രണ്ടാം സീസണ്‍.നീ എവിടെയാണ്. 

ചിലരുണ്ട്, അപ്രതീക്ഷിതമായി നമ്മുടെ ജീവിതത്തിലേക്കു കടന്നുവരുന്നവര്‍. ആഴമുള്ള അടുപ്പമായി മാറുന്നവര്‍. അത് സ്‌കൂളിലോ കോളജിലോ വെച്ചാവാം. അല്ലെങ്കില്‍, ജോലി സ്ഥലത്ത്. യാത്രകളില്‍, ആശുപത്രികളില്‍, സൗഹൃദ കൂട്ടങ്ങളില്‍ അല്ലെങ്കില്‍, മറ്റെവിടെയെങ്കിലുംവെച്ച്...

Latest Videos

undefined

പെട്ടെന്നാവും അവരുടെ മറയല്‍. സാഹചര്യം മാറിയതാവാം. ജീവിതാവസ്ഥ മാറിയതാവാം. അവര്‍ മറയും. എന്നേക്കുമായി. എങ്കിലും, എന്നും നമ്മളോര്‍ക്കും, എവിടെയാണ് അവരെന്ന്. ചിലപ്പോള്‍ അവര്‍ നമ്മളെയും.അങ്ങനെയൊരാള്‍ നിങ്ങളുടെ ജീവിതത്തിലുമില്ലേ? ഉണ്ടെങ്കില്‍, എഴുതൂ, ആ ആളെക്കുറിച്ച്? ആ ബന്ധത്തെക്കുറിച്ച്. കാത്തിരിപ്പിനെക്കുറിച്ച്. ഒരുപക്ഷേ, ഈയൊരു കുറിപ്പാവും അയാളെ നിങ്ങളിലേക്ക് തിരിച്ചെത്തിക്കുക. കുറിപ്പുകള്‍ ഒരു ഫോട്ടോയ്‌ക്കൊപ്പം, സബ്ജക്ട് ലൈനില്‍ 'നീ എവിടെയാണ്? എന്നെഴുതി, submissions@asianetnews.in എന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക. തെരഞ്ഞെടുക്കപ്പെടുന്ന മികച്ച കുറിപ്പുകള്‍ പ്രസിദ്ധീകരിക്കും.

മുറ്റത്തെ കാപ്പിക്കൊമ്പില്‍ ഏട്ടന്‍ കെട്ടിയ ഊഞ്ഞാലിലാടുമ്പോഴാണ് ഞാനവനെ ആദ്യമായി കാണുന്നത്. അന്‍പതെന്ന് എണ്ണി തീര്‍ക്കാനുള്ള ആവേശത്തില്‍ ഏട്ടന്റെ ആഞ്ഞു തള്ളലില്‍ ആകാശത്തേക്കുയര്‍ന്ന് താഴ്ന്നിട്ടും കണ്ണുകളിറുക്കിയടക്കാതെ ഞാനവനെ തന്നെ നോക്കിയിരുന്നു. 

പേര് പോലും ഓര്‍മ്മയിലില്ല. എങ്കിലും അവന്റെ എല്ലുന്തിയ കവിള്‍തടവും പഴകി കീറിയ ഷര്‍ട്ടും പിന്നിത്തുടങ്ങിയ നിക്കറും മാത്രമിന്നെനിക്ക് ഓര്‍മ്മയുണ്ട്. 

അന്ന് അച്ഛന് ഹോട്ടലാണ്. മീനങ്ങാടിയില്‍ വനറാണി ബാറിനോട് ചേര്‍ന്നുള്ള കടയില്‍ രാവിലെ നല്ല തിരക്കാവും. കുടകില്‍ നിന്നെത്തിയ കൂലിപ്പണിക്കാരായ ആളുകളാണ് അധികവും കാലത്ത് കടയില്‍ വരിക. അക്കൂട്ടത്തിലൊരാള്‍ കടയില്‍ സഹായത്തിനായി ഏല്‍പ്പിച്ച് പോയതായിരുന്നു അവനെ. പണിത്തിരക്ക് ഒന്നൊതുങ്ങിയ നേരത്ത് എന്റെ അമ്മയ്‌ക്കൊപ്പമാണ് അവന്‍ വീട്ടിലേക്ക് വന്നത്. പത്ത് വയസ് പ്രായം തോന്നിയിരുന്ന അവന്‍ അമ്മയുടെ കൈകളില്‍ മുറുകെ പിടിച്ചിരുന്നു. അമ്മ പറഞ്ഞു, 'ഇവന്‍ ഇന്ന് തൊട്ട് നിങ്ങടെ കൂടെണ്ടാവും... അടി കൂടര്ത് ട്ടോ, ഇവനേം കൂട്ടണം'.

എനിക്കത് തീരെ ഇഷ്ടപ്പെട്ടിരുന്നില്ല. ഏട്ടന്‍േറം എന്‍േറം ലോകത്ത് ഇവനെന്തിനാ വലിഞ്ഞ് കേറീത് എ്ന്നൊരു ചോദ്യാണ് മനസിലുണ്ടായേ. അന്ന് മുതല്‍ അവന്‍ വീട്ടിലായിരുന്നു താമസം. ടയറുരുട്ടീം, ഗോലി കളിച്ചും അവനങ്ങനെ ഭയ്യാ ഭയ്യാ ആയി. ഏട്ടന്റെ തോളോട് തോള്‍ ചേര്‍ന്ന് അവന്‍ നടന്നു. ഒപ്പം നടന്ന ഞാന്‍ ഒറ്റക്കായത് പോലെ. ഈ ശത്രുത എന്റെ  മനസില്‍ കുശുമ്പായി രൂപാന്തരപ്പെടാന്‍ അധിക സമയമൊന്നും വേണ്ടി വന്നില്ല. തരം കിട്ടുമ്പോഴൊക്കെ ഞാനവനെ ഉപദ്രവിച്ചു. ഒരിക്കല്‍ പിച്ചിയും മാന്തിയും കടിച്ചും ഞാനവനെ വേദനിപ്പിച്ചപ്പോള്‍ കന്നഡയില്‍ അവന്‍ പറഞ്ഞു -'നന്ന തങ്കിയെ ഹാഗേ...'(എന്റെ അനിയത്തിയെ പോലെ).

അവളും ഇങ്ങനെയായിരുന്നിരിക്കണം. എപ്പോഴും അവനെ കടിച്ചും മാന്തിയും ഉപദ്രവിച്ച് കലപില കൂട്ടുന്ന കുറുമ്പിക്കുട്ടി. കന്നഡ കലര്‍ന്ന മലയാളത്തില്‍ പിന്നെ അവന്‍ അവന്റെ കഥ പറഞ്ഞു.അമ്മയുടെ മരണവും അച്ഛന്റെ മദ്യപാനവും അനിയത്തിയുടെ കുറുമ്പും ഒക്കെ.  അവനും ഒരേട്ടനാണെന്നറിഞ്ഞപ്പോള്‍ മുതല്‍ അവന്‍ എന്റെയും ഏട്ടനായി. ഡി.എഫ്.ഒ. ക്വോര്‍ട്ടേഴ്‌സിന്റെ ഓരോ മുക്കും മൂലയും പിന്നെ ഞങ്ങളുടെ കളി സങ്കേതമായി. എങ്കിലും പിണക്കത്തിനിടയില്‍ ഞാനവനെ വേദനിപ്പിച്ച് കൊണ്ടേയിരുന്നു. ഏത് അടിപിടിക്കിടയിലും 'നിന്റെ അനിയത്തി കൊനിയത്തി' എന്ന എന്റെ കളിയാക്കലുണ്ട്. അതോടെ അവന്‍ തളരും. പിന്നെ കരയും, അവളെ പിരിഞ്ഞ് നില്‍ക്കുന്നതിലുള്ള വിഷമം അത്രയ്ക്കുണ്ടായിരുന്നു അവന്. 

അങ്ങനെ കളിചിരികള്‍ക്കിടയില്‍ അവന്‍ ഞങ്ങള്‍ക്കെല്ലാം കൂടപ്പിറപ്പായി, അച്ഛനും അമ്മക്കും അവന്‍ മകനായി. അമ്മമ്മക്ക് അവന്‍ പേരക്കുട്ടിയും. ഇതിനിടെ അവന്‍ വേറൊരാളാണെന്ന കാര്യം പോലും ഞാന്‍ മറന്ന് പോയിരുന്നു.

ആയിടക്കാണ് വിഷു വന്നത്. രണ്ട് മാസത്തെ സ്‌കൂള്‍ പൂട്ടലും വിരുന്ന് പോകലും എല്ലാറ്റിനും അവനുണ്ടായിരുന്നു ഞങ്ങള്‍ക്കൊപ്പം. മീനങ്ങാടിയിലെ ശ്രീദേവി ടെക്സ്റ്റൈല്‍സില്‍ നിന്ന് ഞങ്ങള്‍ക്ക് മൂന്ന് പേര്‍ക്കും അച്ഛന്‍ പുത്തനെടുത്തു. ഏട്ടനും അവനും ഒരേ നിറത്തിലുള്ള ഷര്‍ട്ടുകളും നിക്കറും. എനിക്ക് വയലറ്റില്‍ മഞ്ഞ പൂക്കളുള്ള വെല്‍വെറ്റ് ഞൊറിവെച്ച ഉടുപ്പ്.  പോപ്പിന്‍സ് മിഠായിയുടെ ഭംഗിയുള്ള ആ കുഞ്ഞുടുപ്പിലേക്ക് അവന്‍ കണ്ണിമക്കാതെ നോക്കി നിന്നു. ഞാനും. അത്ര ഭംഗിയുള്ള ഉടുപ്പ് ഞാനത് വരെ ഇട്ടിട്ടില്ല. സ്‌കൂള്‍ തുറക്കുമ്പോള്‍ എല്ലാരേം കൊതിപ്പിക്കണം. ആതിരേം, അശ്വതീം, അമൃതേം, അഞ്ജൂം എല്ലാരും കൊതിക്കണം. ആതി, വേളാങ്കണ്ണി  മാതാവിന്റെ ഫോട്ടോയുള്ള മിനുക്ക് കടലാസ് ബുക്ക് പൊതിയാന്‍ തരാത്ത കുശുമ്പിയാ.. അവളെ നോക്കി ഏറ്റം നന്നായി കൊതിപ്പിക്കണം. അവള് കുശുമ്പിയാ... അങ്ങനെ മനോരാജ്യം കണ്ട് സന്തോഷിച്ചിരിക്കുന്ന ഞാന്‍ അവന്റെ മുഖത്തേക്ക് നോക്കിയപ്പോള്‍ കണ്ണുകളില്‍ മലവെള്ളപ്പാച്ചിലായിരുന്നു. 

അവന്‍ വരുമെന്ന് തന്നെ ഞാന്‍ പ്രതീക്ഷിച്ചു...

'എന്തിനാടാ കരേണേ പൊട്ടാ, നിനക്കും കിട്ടീലേ, പിന്നെന്താ....'. 'എണക്ക് കിറ്റി... നന്ന തങ്കി കീരിയതാ ഇട്ണേ.. പാവം നന്ന തങ്കീ....' കന്നഡ കലര്‍ന്ന മലയാളത്തില്‍ അവന്‍ പറഞ്ഞപ്പോ. ഞാനും അവളെക്കുറിച്ച് ആലോചിച്ചൂ. അച്ഛനും അമ്മയും അടുത്തില്ലാതെ, കൂടപ്പിറപ്പും കൂടെയില്ലാതെ ആര്‍ക്കൊപ്പമോ ഒറ്റപ്പെട്ട് ജീവിക്കുന്ന അവളെ ഞാനോര്‍ത്തു. കണ്ടിട്ടില്ലെങ്കില്‍ കൂടി ഞാനും വേദനിച്ചു. ആ കുഞ്ഞുടുപ്പ് അവള്‍ക്കുള്ളതാണെന്ന് ഞാനുറപ്പിച്ചു. അങ്ങനെ പുത്തനുടുപ്പിട്ട് ആ വിഷു ഞങ്ങളാഘോഷിച്ചു. പിന്നെ നന്നായി അലക്കി മടക്കി ആ ഉടുപ്പ് ഞാനെടുത്തുവെച്ചു. സ്‌കൂള്‍ തുറക്കും മുന്നെ ഒരുടുപ്പിന് വേണ്ടി കൂടി ഞാന്‍ വാശിപിടിച്ചു. വഴക്ക് പറഞ്ഞെങ്കിലും അവസാനം എന്റെ വാശിക്ക് മുന്നില്‍ അച്ഛന്‍ തോറ്റു. ഒരു കുഞ്ഞുടുപ്പ് കൂടി വാങ്ങിച്ചു. 

മഞ്ഞയില്‍ കറുത്ത പുള്ളിയുള്ള ആ കുഞ്ഞുടുപ്പും പെട്ടിയില്‍ പുത്തനായി ഇരുന്നു. ദിവസങ്ങള്‍ പിന്നിട്ടു. സ്‌കൂള്‍ തുറക്കുന്ന കാലത്തേയും കൊണ്ട് വര്‍ഷകാലം വന്നു. സ്‌കൂളിലെ ആദ്യ ദിവസം പുത്തനുടുപ്പിട്ട പൂമ്പാറ്റകളേ പോലെ  എല്ലാവരും പാറി നടന്നു. കൂട്ടുകാരികളെ കൊതിപ്പിക്കാന്‍ വാങ്ങിയ ഉടുപ്പുകളൊന്നും ഞാനിട്ടില്ല. അതിലെനിക്ക് വേറെ ലക്ഷ്യമുണ്ട്. ഏട്ടനെ പോലെ ചേര്‍ത്ത് നിര്‍ത്തിയ അവന്റെ അനിയത്തിക്കുള്ളതാണ് ആ രണ്ടെണ്ണവും. എണ്ണ തേക്കാത്ത പാറി പറന്ന തലമുടിയും കുഴിഞ്ഞ കണ്ണുകളും അവന്‍േറത് പോലെ എല്ലുന്തിയ കവിള്‍തടവുമുള്ള ഇരുനിറമുള്ള പെണ്‍കുട്ടിയെ ഞാന്‍ സങ്കല്‍പ്പിച്ചു. വയലറ്റില്‍ മഞ്ഞ പൂക്കളുള്ള വെല്‍വെറ്റ് ഞൊറിവെച്ച ഉടുപ്പിട്ടാല്‍ അവള്‍ സുന്ദരിയാകും.മഞ്ഞ ഉടുപ്പും അവള്‍ക്ക് ചേരാതിരിക്കില്ല. ഇനി അവന്‍ നാട്ടില്‍ പോകുമ്പോള്‍ ഇവിടെ ഒരു കുഞ്ഞേച്ചിയുണ്ടെന്ന് പറഞ്ഞ് വിടണം. ഇനി വരുമ്പോള്‍ അവളേയും കൂടെ കൂട്ടാന്‍ പറയണം. അവളെന്നെ അച്ചേച്ചീന്ന് നീട്ടി വിളിക്കണം. അങ്ങനെ ആലോചനകളുടെ കുന്നിടിക്കുമ്പോഴേക്കും സ്‌കൂള്‍ വിട്ടു. 

വീട്ടിലെത്തിയതും അന്വേഷിച്ചത് അവനെയാണ്. ഏട്ടന്‍ പറഞ്ഞു അവന്‍ പോയീന്ന്. അവനെങ്ങോട്ട് പോകുമെന്ന മറു ചോദ്യം മനസില്‍. അവന്റെ അച്ഛന്‍ വന്നു, അവര് പോയി, അമ്മയാണ് പറഞ്ഞത്. വിശ്വസിക്കാനായില്ല. 

'അവനിനി വര്വോ മ്മേ?'  

'വരുമായിരിക്കും. വരുംന്നാ പറഞ്ഞേ... '

ഒന്ന് യാത്ര പോലും പറയാതെ അവന്‍ പോയിരിക്കുന്നു. ആ ഉടുപ്പ് കൊടുത്ത് വിടാന്‍ പോലുമായില്ല. അവനിങ്ങ് വരട്ടെ കൊടുക്കണുണ്ട് ഞാന്‍. പാവം... ആ അനിയത്തി, കീറിയതും ഇട്ടിരിക്കുന്നുണ്ടാകും. നല്ലൊരു ഉടുപ്പിനെക്കുറിച്ചവര്‍ സ്വപ്നം കാണുന്നുണ്ടാകില്ലേ.  അവനിനിയും വന്നാല്‍ മതിയായിരുന്നു. 

അവന്‍ പോയതോര്‍ക്കുമ്പോള്‍ പിന്നെയും എനിക്ക് വേദനിച്ചു. ഞാനവനെ കുറ്റപ്പെടുത്തിയതും വഴക്കടിച്ചതും ഉപദ്രവിച്ചതുമെല്ലാം ആലോചിക്കും തോറും തൊണ്ടക്കുഴിയില്‍ ആരോ മുറുക്കി പിടിക്കും പോലെ. കരച്ചില്‍ അവിടെ വരെയെത്തി പൊട്ടി പോകുന്നു. പെട്ടിയില്‍ അടുക്കി സെന്റ് പൂശി വെച്ച ആ ഉടുപ്പുകള്‍ കൈയ്യിലെടുത്ത് എത്രനേരം കരഞ്ഞുവെന്ന് എനിക്കോര്‍മ്മയില്ല. 

അവന്‍ വരുമെന്ന് തന്നെ ഞാന്‍ പ്രതീക്ഷിച്ചു... കാലങ്ങളോളം പെട്ടിയില്‍ അവനേയും പ്രതീക്ഷിച്ച് കുഞ്ഞുടുപ്പുകളും അടുക്കി വെച്ചു. പക്ഷെ വര്‍ഷങ്ങളിത്രയായിട്ടും അവന്‍ തിരിച്ച് വന്നില്ല.  ഒരുകണക്കിന് അവന്‍ വരാതിരുന്നത് നന്നായി.  ചേര്‍ത്തു പിടിച്ച് അവളെ വളര്‍ത്തിയിരിക്കും അവന്‍. ഒരായിരം കുഞ്ഞുടുപ്പുകള്‍ നല്‍കിയിരിക്കും. ഇവിടെയും ഒരനിയത്തിയുണ്ടായിരുന്നുവെന്ന് മറക്കാതിരുന്നെങ്കില്‍ എന്ന് മാത്രമാണ് ആശ.

'നീ എവിടെയാണ്' പരമ്പരയില്‍ മുമ്പ് പ്രസിദ്ധീകരിച്ച കുറിപ്പുകള്‍ ഇവിടെ വായിക്കാം  

click me!