മഴക്കാല മുന്നൊരുക്കം; മനുഷ്യര്‍ക്ക് മാത്രം പോരാ, വളര്‍ത്തു മൃഗങ്ങളും അതിജീവിക്കണം

By Web Team  |  First Published Jul 8, 2024, 10:06 AM IST

2018 -ലെ പ്രളയത്തില്‍ 40,188 വലിയ മൃഗങ്ങള്‍ക്കും  7,765 ചെറിയ മൃഗങ്ങള്‍ക്കും 7,99,256 പക്ഷികള്‍ക്കും ജീവന്‍ നഷ്ടമായി. പ്രളയത്തില്‍ ഏറ്റവും കൂടുതല്‍ മൃഗങ്ങളെ നഷ്ടപ്പെട്ടത് വയനാട്ടിലായിരുന്നു. 34,000 -ത്തോളം വരും ആ കണക്ക്.



ഴ ഒന്ന് ചാറിയാല്‍ കുട നിവര്‍ത്തി നടത്തം തുടരാനോ അല്ലെങ്കില്‍ കടത്തിണ്ണയിലേക്ക് കയറിനില്‍ക്കാനോ ആരും നമ്മളോട് പറയേണ്ടതില്ല. എന്നാല്‍, ഇതുവരെ പെയ്ത മഴയല്ല ഇപ്പോള്‍ പെയ്യുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണങ്ങള്‍ വന്നു തുടങ്ങിയിട്ട് കുറച്ച് കാലമായി. 2018 മുതല്‍ കേരളത്തില്‍ പെയ്യുന്ന മഴയുടെ സ്വഭാവം തന്നെ മാറി. അന്നേ വര്‍ഷം ഓഗസ്റ്റിലുണ്ടായ പെരുമഴ പെട്ടെന്നായിരുന്നു മധ്യകേരളത്തില്‍ വലിയ വെള്ളപ്പൊക്കം സൃഷ്ടിച്ചത്. കേരളത്തില്‍ കഴിഞ്ഞ 100 വര്‍ഷത്തിനിടെ പെയ്ത ഏറ്റവും മോശമായ മഴക്കാലമായിരുന്നു അത്. ആ ദുരന്തം 5.4 ദശലക്ഷം ആളുകളെ ബാധിക്കുകയും 1.4 ദശലക്ഷം ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതിലേക്കും നീണ്ടു. 449 മനുഷ്യരുടെ ജീവന്‍ അപഹരിച്ചു.

അതേസമയം മലയാളിയുടെ വിദൂരമായ ഏതോ ഓര്‍മ്മകളുടെ അറ്റത്ത്, 'വെള്ളപ്പൊക്കം' എന്ന തകഴിയുടെ ചെറുകഥയില്‍ പുരപ്പുറത്ത് കയറിയ ഒരു നായ, തന്നെ രക്ഷിക്കാന്‍ ആരെങ്കിലും വരുന്നതും കാത്തിരുന്നു. പക്ഷേ, നമ്മുടെ ദുരന്ത തയ്യാറെടുപ്പുകളും പ്രതികരണ പദ്ധതികളും എല്ലാം മനുഷ്യന് വേണ്ടി മാത്രമായിരുന്നു. അതുവരെ വീട്ടിലെ തൊടിയിലും തൊഴുത്തിലും കൂടുകളിലും ചിലപ്പോഴൊക്കെ വീട്ടനകത്തും കയറാന്‍ അധികാരമുണ്ടായിരുന്ന മൃഗങ്ങളെല്ലാം നിര്‍ണായക സമയത്ത് അവഗണിക്കപ്പെട്ടു. അതല്ലെങ്കില്‍ സ്വന്തം ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അവയെ മനുഷ്യര്‍ സൗകര്യപൂര്‍വ്വം മറന്നു.

Latest Videos

undefined

അതിന്‍റെ ഫലം ഭീകരമായിരുന്നു. അധികമാരും അറിയാത്ത ആ കണക്കില്‍, 2018 -ലെ പ്രളയത്തില്‍ 40,188 വലിയ മൃഗങ്ങള്‍ക്കും  7,765 ചെറിയ മൃഗങ്ങള്‍ക്കും 7,99,256 പക്ഷികള്‍ക്കും ജീവന്‍ നഷ്ടമായി. പ്രളയത്തില്‍ ഏറ്റവും കൂടുതല്‍ മൃഗങ്ങളെ നഷ്ടപ്പെട്ടത് വയനാട്ടിലായിരുന്നു. 34,000 -ത്തോളം വരും ആ കണക്ക്.  () രക്ഷാപ്രവര്‍ത്തനത്തിന്‍റെ ആദ്യഘട്ടത്തില്‍ മനുഷ്യരെ രക്ഷിക്കുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചതിനാല്‍ നൂറുകണക്കിന് വളർത്തു മൃഗങ്ങള്‍ ഒറ്റപ്പെട്ടു. കുത്തിയൊലിച്ച് മലവെള്ളം ഒഴുകിവന്നപ്പോള്‍ കൈയില്‍ കിട്ടിയതുമെടുത്ത് ഉടമകള്‍ ഓടി. പക്ഷേ, വീട്ടുമൃഗങ്ങള്‍ കൂട്ടിലും തൊഴുത്തിലും കെട്ടിയിടപ്പെട്ടു. കെട്ടഴിച്ച്, കൂടു തുറന്ന് വിടാതിരുന്ന മൃഗങ്ങളെല്ലാം അതാതിടങ്ങളില്‍ ചത്തിരുന്നു. വെള്ളമൊഴിഞ്ഞ് വീടുകളിലേക്ക് തിരിച്ചെത്തിയവര്‍ നേരിട്ട ആഘാതം അതിലുമേറെ വലുതായിരുന്നു.

(ചിത്രം: ജയഹരി എ കെ)

ആ ജീവന് ആരാണ് കാവല്‍?

നമ്മൂടെ ഗ്രാമങ്ങളില്‍ ഭൂരിഭാഗവും ഉപജീവനത്തിനായി കന്നുകാലികളെ ആശ്രയിക്കുന്നവരുടേതാണ്. ദുരന്തങ്ങളില്‍ ഈ മൃഗങ്ങളെ നഷ്ടപ്പെടുന്നത് അവരുടെ ജീവിതത്തെയും മാനസികാരോഗ്യത്തെയും വലിയ തോതില്‍ ബാധിക്കുന്നു. പ്രളയമുള്‍പ്പടെയുള്ള പ്രതിഭാസങ്ങള്‍ ദുരന്തങ്ങളായി മാറാതിരിക്കാനും അപകട സാധ്യത കുറയ്ക്കുന്നതിനും സുസ്ഥിരമായ നടപടികളിലൂടെ നമുക്ക് കഴിയും. അതുവഴി സമൂഹത്തിന്‍റെ ദുരന്ത പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും സാധിക്കുന്നു. ലോകത്തിന് മുന്നില്‍ ഈ സാധ്യത ആദ്യം ഉപയോഗപ്പെടുത്തിയ ജനത ജപ്പാനാണ്. ദ്വീപ് സമൂഹ രാഷ്ട്രമായ ജപ്പാന്‍, ഏതാണ്ടെല്ലാ പ്രകൃതിക്ഷോഭങ്ങളെയും ആസൂത്രിതമായി നേരിട്ടാണ് മുന്നോട്ട് നീങ്ങുന്നത്. അഗ്‌നിപര്‍വ്വത സ്‌ഫോടനവും സുനാമികളും ഭൂമികുലുക്കവും കൊടുങ്കാറ്റുകളും അതിജീവിച്ച് ലോകത്തിലെ വന്‍ സാമ്പത്തിക ശക്തിയായി മാറാന്‍ ജപ്പാന് കഴിഞ്ഞത് സമൂഹത്തിന്‍റെ ദുരന്ത പ്രതിരോധശേഷി വര്‍ദ്ധിപ്പിച്ച് കൊണ്ടായിരുന്നു. പ്രകൃതിക്ഷോഭങ്ങള്‍ ക്രിയാത്മകമായി പ്രതിരോധിക്കാനും നാശനഷ്ടം ഗണ്യമായി കുറയ്ക്കാനും ജപ്പാന് കഴിഞ്ഞു.

2018 -ലെ പ്രളയം മലയാളിക്ക് ആദ്യ മുന്നറിയിപ്പായിരുന്നു. കാലാവസ്ഥാ വ്യതിയാന കാലത്ത് സമീപഭാവിയിലെ ദുരന്ത സാധ്യതകളെ മുന്‍ നിര്‍ത്തി നമ്മളും സമൂഹത്തിന്‍റെ ദുരന്ത പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കേണ്ടിയിരുന്നു. അന്ന് മനുഷ്യജീവന്‍ നഷ്ടപ്പെടുന്ന അവസ്ഥ ഗണ്യമായി കുറയ്ക്കാന്‍ കഴിഞ്ഞെങ്കിലും വളര്‍ത്തുമൃഗങ്ങളെ സംരക്ഷിക്കുന്നതില്‍ നമ്മള്‍ പരാജയപ്പെട്ടു. ഈ അവസ്ഥ ഗൗരവമായി കാണേണ്ടതുണ്ട് എന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ പറയുന്നത്. ക്രിയാത്മകമായ സാമൂഹ്യ ഇടപെടലിലൂടെ ദുരന്തവേളകളില്‍ മൃഗങ്ങള്‍ക്ക് ആപത്ത് സംഭവിക്കുന്നത് കുറയ്ക്കാന്‍ സാധിക്കുമെന്ന് ഈ രംഗത്ത് കഴിഞ്ഞ മൂന്ന് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഹ്യുമെയ്ന്‍ സൊസൈറ്റി ഇന്‍റര്‍നാഷനല്‍ സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ നയനാ സ്‌കറിയ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

'കൃത്യമായ മുന്നൊരുക്കങ്ങള്‍ ഉണ്ടെങ്കില്‍ വളര്‍ത്തുമൃഗങ്ങളുടെ നാശനഷ്ടം പകുതിയിലേറെയായി കുറയ്ക്കാന്‍ സാധിക്കും. എന്നാല്‍, അതിന് ചില തയ്യാറെടുപ്പുകള്‍ ആവശ്യമാണ്. അപ്രതീക്ഷിത പ്രളയത്തില്‍ ഭയന്ന മലയാളി, സ്വയം രക്ഷയ്ക്കായി ശ്രമിച്ചപ്പോള്‍ വളര്‍ത്തുമൃഗങ്ങളുടെ കെട്ടഴിച്ച് വിടാന്‍ പോലും മറന്നു. കൂടുകളില്‍ പൂട്ടപ്പെട്ട്, കെട്ടിയ കയറിന്‍റെ തുമ്പില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയാതെ ശ്വാസംമുട്ടിയാണ് പല മൃഗങ്ങളും അന്ന് മരിച്ചത്. അവയുടെ കെട്ടഴിച്ച് വിട്ടിരുന്നെങ്കില്‍ മരണസംഖ്യ പകുതിയായി കുറയ്ക്കാന്‍ കഴിഞ്ഞേനെ'- നയന പറയുന്നു. വയനാട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുമായി സഹകരിച്ച് കഴിഞ്ഞ മൂന്ന് വര്‍ഷമായി തങ്ങള്‍ വയനാട് ജില്ലയില്‍ മഴക്കാല മുന്നൊരുക്ക പരിശീലന പരിപാടി നടത്തിവരുന്നതായി നയന വ്യക്തമാക്കി.

(ചിത്രം: ജയഹരി എ കെ)

പ്രയോഗിക പരിഹാരങ്ങള്‍ എന്തൊക്കെ?

ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ എന്തൊക്കെയാണ് ചെയ്യേണ്ടത്?  ദുരന്ത പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയാണ് ഏക പോംവഴിയെന്ന് നയന പങ്കുവയ്ക്കുന്നു. അതിനായി ചില കാര്യങ്ങളില്‍ നമ്മള്‍ തയ്യാറെടുപ്പ് നടത്തേണ്ടതുണ്ട്. 

1. മുന്നൊരുക്കം:

പ്രളയം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്തസാധ്യതാ പഞ്ചായത്തുകള്‍ കണ്ടെത്തി അവയെ പ്രത്യേകം അടയാളപ്പെടുത്തുക. ദുരന്ത സാധ്യതാ പ്രദേശങ്ങളില്‍ ദുരന്തവേളയില്‍ മൃഗങ്ങളെ മാറ്റിപാര്‍പ്പിക്കാന്‍ താല്‍ക്കാലിക അഭയ കേന്ദ്രങ്ങളാക്കാന്‍ പറ്റുന്ന സുരക്ഷിത സ്ഥലങ്ങള്‍ കണ്ടെത്തി, അവ പഞ്ചായത്ത് ഭൂപടത്തില്‍ രേഖപ്പെടുത്തണം. റോള്‍-പ്ലേ സെഷനിലൂടെ മോക്ക് ഡ്രില്‍ നടത്തണം. അപകടകരമായ സാഹചര്യങ്ങളില്‍ ജനങ്ങളെയും മൃഗങ്ങളെയും സംരക്ഷിക്കാന്‍ എന്തു ചെയാന്‍ കഴിയുമെന്ന് ജനങ്ങള്‍ക്ക് പ്രായോഗിക അറിവ് നല്‍കണം. അടിയന്തര ഘട്ടങ്ങളില്‍ ബന്ധപ്പെടുന്നതിനായി മൃഗസംരക്ഷണ ഗ്രൂപ്പുകള്‍, മൃഗഡോക്ടര്‍മാര്‍ എന്നിവരുടെ വിവരങ്ങള്‍ ശേഖരിച്ച് വയ്ക്കണം. ദുരന്ത സാഹചര്യം മൂലം മൃഗങ്ങള്‍ക്ക് ഉണ്ടാക്കാവുന്ന രോഗങ്ങളില്‍ നേരത്തെ മുന്‍കരുതലുകള്‍ എടുക്കാന്‍ ശ്രദ്ധിക്കണം.

2. ബോധവല്‍ക്കരണം:

ദുരന്തസാഹചര്യങ്ങളില്‍ മൃഗങ്ങള്‍ക്കായി സ്വീകരിക്കേണ്ട പൊതുവായ തയ്യാറെടുപ്പുകള്‍, മൃഗങ്ങള്‍ക്കായി ചെയ്യേണ്ട പ്രഥമ ശുശ്രൂഷകള്‍, ഇതിനായുള്ള നിര്‍ദേശങ്ങള്‍, മൃഗങ്ങള്‍ക്കുള്ള എമര്‍ജന്‍സി കിറ്റ് തയ്യാറാക്കല്‍ എന്നിവയുടെ ബോധവല്‍ക്കരണം നടത്തണം.  മൃഗ സംരക്ഷണ വകുപ്പുകളുടെ സഹായത്തോടെ പ്രായോഗിക പരിശീലന പരിപാടികള്‍ നടത്തണം. ഇത്തരം നിര്‍ണ്ണായക സന്ദര്‍ഭങ്ങളില്‍ കുട്ടികള്‍ക്കും ചില കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും. അതിനാല്‍ സ്‌കൂളുകളിലും പരിശീലന പരിപാടികള്‍ ആവശ്യമുണ്ട്.

3. എമര്‍ജന്‍സി കിറ്റ്

തയ്യാറെടുപ്പ് നടപടികള്‍ വീടുകളില്‍ നിന്നാണ് ആരംഭിക്കേണ്ടത്. വളര്‍ത്തുമൃഗങ്ങള്‍ക്ക് ആവശ്യമായ പ്രധാന മരുന്നുകള്‍, മൃഗങ്ങളെ കുറിച്ചുള്ള രേഖകള്‍, ശുദ്ധജലം, അവശ്യമായ ഭക്ഷണം എന്നിവ  ഉള്‍പ്പെടുത്തി ഒരു എമര്‍ജന്‍സി കിറ്റ് തയ്യാറാക്കിവെക്കുക. കുറഞ്ഞത് 72 മണിക്കൂര്‍ നേരത്തേക്ക് ആവശ്യമായ ഭക്ഷണവും വെള്ളവും സംഭരിച്ച് വയ്ക്കണം.  

4. ഷെല്‍ട്ടറുകള്‍

കാലാവസ്ഥാ മുന്നറിയിപ്പുകള്‍ക്ക് പിന്നാലെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ മുന്‍കൂട്ടി തയ്യാറാക്കിയ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മൃഗങ്ങളെ എത്തിക്കണം.

5. തിരിച്ചറിയാന്‍ ടാഗുകള്‍

വളര്‍ത്തുമൃഗങ്ങളെ ഐഡന്‍റിഫിക്കേഷന്‍ (മൈക്രോചിപ്പ്, ടാഗ് മുതലായവ) ചെയ്യുക. ഇത് മൃഗങ്ങളെ നഷ്ടപ്പെട്ടാല്‍ എളുപ്പത്തില്‍ കണ്ടെത്താന്‍ സഹായിക്കുന്നു. വളര്‍ത്തുമൃഗങ്ങളുടെ / കന്നുകാലികളുടെ സമീപകാല ഫോട്ടോകള്‍ സൂക്ഷിച്ച് വയ്ക്കുക.  

ജനങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. അടിയന്തര സാഹചര്യങ്ങളില്‍ ഒരിക്കലും വളര്‍ത്തുമൃഗങ്ങളെ കെട്ടിയിടരുത്. അത് വളര്‍ത്തുമൃഗങ്ങളോട് നമ്മള്‍ ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാകും.

2. വെള്ളപ്പൊക്ക സമയത്ത് നിങ്ങള്‍ ഒരു താല്‍ക്കാലിക അഭയകേന്ദ്രത്തിലേക്ക് മാറാന്‍ സാധ്യതയുണ്ടെങ്കില്‍, നിങ്ങളുടെ മൃഗങ്ങളെ കൂടെ കൊണ്ടുപോകണം. അല്ലെങ്കില്‍ നേരത്തെ കണ്ടെത്തിയ മൃഗസംരക്ഷണ കേന്ദ്രത്തിലേക്കോ / ഉയര്‍ന്ന സ്ഥലത്തേക്കോ/ മുന്‍കൂട്ടി അറിയിച്ച സുഹൃത്ത് / ബന്ധുവിന്‍റെ അടുത്തേക്കോ അവയെ മാറ്റാനുള്ള സാധ്യത അന്വേഷിക്കുക. ഇവയൊന്നും കഴിയുന്നില്ലെങ്കില്‍, മൃഗങ്ങളെ കെട്ടഴിച്ചുവിടുക.

3. മൃഗങ്ങള്‍ക്ക് മുറിവുകളോ അസുഖങ്ങളോ ഉണ്ടോയെന്ന് പരിശോധിച്ച് അവയ്ക്കാവശ്യമായ വിദഗ്ദ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കണം. മൃഗഡോക്ടരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും ആവശ്യത്തിന് ശുദ്ധജലം മൃഗങ്ങള്‍ക്ക് ലഭ്യമാക്കുകയും ചെയ്യണം.

4. ദുരന്തസമയങ്ങളില്‍ മൃഗങ്ങള്‍ പ്രകോപിതരാകുന്നത് സ്വാഭാവികമാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ അവരെ സൂക്ഷ്മമായി നിരീക്ഷിക്കുകയും അവര്‍ക്ക് ആവശ്യമായ സഹായം നല്‍കുകയും ചെയ്യുക.

5. സുരക്ഷിതവും ശാന്തവുമായ അന്തരീക്ഷത്തില്‍ മൃഗങ്ങളെ പാര്‍പ്പിക്കണം. വീടും പരിസരവും വൃത്തിയാക്കിയിട്ടുണ്ടെന്നും അണുവിമുക്തമാക്കിയിട്ടുണ്ടെന്നും ഉറപ്പാക്കണം. മൃഗങ്ങളുടെ പാര്‍പ്പിടം വൃത്തിയാക്കണം. ഓവുചാല്‍ അടഞ്ഞിട്ടില്ലെന്ന് ഉറപ്പാക്കുക. പ്രാദേശിക അധികാരികള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കുക.


(ചിത്രം: ജയഹരി എ കെ)

വേണ്ടത് ആസൂത്രിത ശ്രമങ്ങള്‍

സമൂഹത്തിലെ എല്ലാ വിഭാഗത്തെയും ഒപ്പം കൂട്ടി ഇത്തരത്തില്‍ ദുരന്ത പ്രതിരോധശേഷി ആര്‍ജിക്കുകയാണ് ഏറ്റവും പ്രധാനം. ഇത് മനുഷ്യരെയും മൃഗങ്ങളെയും പ്രകൃതി ദുരന്തങ്ങളില്‍ നിന്ന് ഒരു പരിധിവരെ സംരക്ഷിക്കാന്‍ സഹായകമാണ്. ഇത് ദുരന്തവ്യാപ്തി കുറയ്ക്കാനും സഹായിക്കുന്നു. ദുരന്തശേഷം സമൂഹത്തിന്‍റെ പെട്ടെന്നുള്ള തിരിച്ച് വരവിനും ഏറെ ഗുണം ചെയ്യുന്നു. മുന്‍കരുതലുകളും പ്രതിരോധ നടപടികളും നിര്‍ണായകമാകുന്നതും ഇത്തരം സന്ദര്‍ഭങ്ങളിലാണ്. 

മഴക്കാല മുന്നൊരുക്കങ്ങളും പരിശീലന പരിപാടികളും മനുഷ്യരുടെയും വളര്‍ത്തു മൃഗങ്ങളുടെയും ജീവന്‍ സംരക്ഷിക്കാന്‍ ഒരു പരിധിവരെ സമൂഹത്തെ സഹായിക്കുന്നു. കടുത്ത വേനലും അതിതീവ്രമഴയും മനുഷ്യരിലും വളര്‍ത്തുമൃഗങ്ങളിലും ഒരേ ആഘാതമാണ് സൃഷ്ടിക്കുന്നത്. വരാനിരിക്കുന്ന കാലം കാലാവസ്ഥാ വ്യതിയാനത്തിന്‍റെ കാലമാണ്. ആ തിരിച്ചറിവോടെ സമൂഹത്തെ കൂടുതല്‍ പ്രതിരോധ ശേഷിയുള്ളതാക്കി മാറ്റാന്‍ സര്‍ക്കാറും ജനങ്ങളും ഒന്നിച്ച് ശ്രമിക്കണം. സുശക്തമായ പ്രതിരോധ ശേഷിയുള്ള ഒരു സമൂഹമായി കേരളത്തെ മാറ്റാന്‍ ആസൂത്രിത ശ്രമങ്ങളാണ് ഉണ്ടാവേണ്ടത്. 

click me!