വെള്ളിത്തിരയിലെ പ്രണയവും രതിയും. കെ പി ജയകുമാര്‍ എഴുതുന്നു
പ്രണയത്തിനും മരണത്തിനുമിടയില്‍ ഒരു സുരക്ഷിതമണ്ഡലം കണ്ടെത്താനുള്ള യത്നമാണ് ചലച്ചിത്രങ്ങള്‍. ജാതി, വര്‍ഗ്ഗ ബന്ധങ്ങളെ ഉലയ്ക്കാതെ, സദാചാരങ്ങള്‍ക്ക് വഴങ്ങി, വിവാഹത്തിലെത്തി പര്യവസാനിക്കുന്ന 'സഫലത' ഒരേസമയം പ്രണയദുരന്തത്തില്‍ നിന്നുമുള്ള രക്ഷപ്പെടലും സദാചാരങ്ങളോട് വിധേയപ്പെടലുമാണ്. ചലച്ചിത്രങ്ങള്‍ ആവിഷ്‌കരിച്ച ദുരന്താന്ത്യങ്ങള്‍പോലും സദാചാര വിലക്കുകള്‍ക്കും സാമൂഹിക വ്യവസ്ഥകള്‍ക്കും വിധേയരാവേണ്ടതിന്റെ ആവശ്യകത പ്രേക്ഷകരെ ബോധ്യപ്പെടുത്തുന്ന 'ഗുണപാഠ'കഥനങ്ങളായി.
undefined
''നസീര്‍- ഷീല, ഷീല-ജയന്‍, ജയന്‍- ജയഭാരതി, സോമന്‍-ശ്രീവിദ്യ, ശ്രീവിദ്യ-മധു, ലക്ഷ്മി -നസീര്‍, നസീര്‍- ശാരദ ഇവരെപ്പറ്റി എന്തു പറയുന്നു.?'' വരഗുണന്റെ നൈറ്റുകടയിലെത്തിയ കൊബിധന്‍ ഇതു ചോദിച്ചുകൊണ്ട് ബഞ്ച് നീക്കി ഇരുന്നു.
''ഇവരൊക്കെ വൃന്ദാരക ദമ്പതികള്‍ എന്നുപറയാം. നിറയെ സമ്പത്തുള്ള കൂട്ടരാണ്. അഹങ്കരിക്കാത്തവരും മിക്കവാറും മനോന്‍മയിലേക്ക് വിളിക്കുന്നവരുമാണിവര്‍.'' തന്റെ ഉള്ളിലേക്ക് നോക്കിയിരിക്കുന്നവനെപ്പോലെ ഇരുന്നുകൊണ്ട് കേമറക്കണ്ണന്‍ കോബിധന് മറുപടികൊടുത്തു.
ജാതകപാരിജാതം (നോവല്‍)
എന്‍ ബൈജു
മലയാളസിനിമാ പ്രേക്ഷകസമൂഹത്തിന്റെ പ്രണയ-ദാമ്പത്യ കാമനകള്‍ ഉടല്‍ പൂണ്ടത് ഈ 'വൃന്ദരാക ദമ്പതി'കളിലൂടെയാണ്. സുന്ദരവും സമ്പന്നവും വരേണ്യവുമായ പെണ്ണഴകിന്റെ ശരീരങ്ങളിലേക്ക് കടലോര, കയര്‍, കര്‍ഷക, തൊഴിലാളി സ്ത്രീകളും അടിച്ചുതളിക്കാരികളും പരിഭാഷപ്പെട്ടു. വള്ളമൂന്നിയും പാട്ടുപാടിയും കടാപ്പുറത്ത് തിരയെണ്ണിയും 'ബീഡിപ്പുകയൂതി' പെണ്ണുടലിലേക്ക് കണ്ണെറിഞ്ഞ സുന്ദരനായ കൊച്ചുമുതലാളിയും നല്ലകാമുകനും ഉത്തരവാദിത്തമുള്ള ഭര്‍ത്താവും മാന്യനായ ജാരനുമായി ആണുടലുകള്‍ ലീലപൂണ്ടു. കുടിലിന്റെയും കൊട്ടാരത്തിന്റെയും ഏകാന്തതകളില്‍ നിന്നുയര്‍ന്ന നായികമാരുടെ നെടുനെടുങ്കന്‍ നെടുവീര്‍പ്പുകളും അവയില്‍ അമര്‍ന്നുമുഴങ്ങിയ പ്രണയ/രതി മോഹങ്ങളും ഗ്രാമ-നഗര ടാക്കീസുകളെ മുഖരിതമാക്കി. സമൂഹത്തിന്റെ സദാചാര വിലക്കുകളില്‍ പുലര്‍ന്നു പോരുന്ന ജൈവശരീരങ്ങള്‍ കൊട്ടകയുടെ ഇരുളില്‍ അവരുടെ കാമരൂപങ്ങളോട് താദാത്മ്യപ്പെട്ടു.
ആരായിരുന്നു ആ പ്രേക്ഷകര്‍? ഇരുളില്‍ അമര്‍ന്നിരുന്നു വെളിച്ചത്തില്‍ അവര്‍ കണ്ടത് ആരുടെ ജീവിതമായിരുന്നു?
ആദ്യകാല സിനിമാ പ്രേക്ഷകരില്‍ മഹാഭൂരിപക്ഷവും കര്‍ഷക തൊഴിലാളികളും പരമ്പരാഗത തൊഴിലിടങ്ങളില്‍ പണിയെടുക്കുന്നവരും ജാതീയമായും സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്നവരുനായിരുന്നു. അവരുടെ കുടുംബങ്ങളായിരുന്നു. അവരുടെ അധ്വാന മിച്ചംകൊണ്ടാണ് മലയാള സിനിമ വളര്‍ന്നത്. അതുകൊണ്ടുതന്നെ തൊഴിലാളി ജീവിതവുമായി ചേര്‍ന്നുനില്‍ക്കുന്ന പ്രമേയങ്ങള്‍ ആദ്യകാല മലയാള സിനിമയില്‍ ആവര്‍ത്തിക്കുന്നു. ആദ്യകാല മലയാള ചലച്ചിത്രങ്ങളില്‍ മിക്കവാറും പാവപ്പെട്ട സ്ത്രീയും സമ്പന്ന പുരുഷനുമായിരുന്നു നായികാ നായകന്‍മാര്‍; ചിലപ്പോള്‍ തിരിച്ചും. സമൂഹത്തിന്റെ സദാചാര, സാമ്പത്തിക വിലക്കുകളില്‍ ഉഴറുന്ന വ്യക്തികളുടെ ആനന്ദാനുഭവങ്ങളാണ് ചലച്ചിത്രങ്ങള്‍ ആഖ്യാനം ചെയ്തത്.
ജ്ഞാനാംബികയും അതേ കുടുംബത്തിലെ അംഗവും ബിരുദധാരിയുമായ ചന്ദ്രനും തമ്മിലുള്ള പ്രണയമാണ് ആദ്യകാല ജനപ്രിയ സിനിമയായ ജ്ഞാനാംബിക (എസ് നൊട്ടാമണി, 1940) യുടെ പ്രമേയം. രണ്ടാനമ്മയുടെ പീഡനത്തിന് ഇരയാകുന്ന ബഹിഷ്‌കൃത യൗവനമാണ് ജ്ഞാനാംബികയുടേത്. രണ്ടാനമ്മ അവളെ കുതന്ത്രത്തിലൂടെ ജയപുരം ജമീന്ദാര്‍ക്ക് വില്‍ക്കുന്നു. ചന്ദ്രനെ നാട്ടില്‍നിന്നും ആട്ടിപ്പായിക്കുന്നു. അപ്രതീക്ഷിത ആഖ്യാനസന്ധികളിലൂടെ കടന്നുപോകുന്ന ചന്ദ്രനും ജ്ഞാനാംബികയും ഒടുവില്‍ പരസ്പരം കണ്ടുമുട്ടുകയും വിവാഹം കഴിക്കുകയും ചെയ്യുന്നു. പ്രേക്ഷകരുടെ നെടുവീര്‍പ്പുകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും ശുഭപര്യവസാനം.
കുറ്റവാളിയെ പ്രണയിക്കുന്ന പൊലീസ് ഓഫീസറുടെ കഥയാണ് നിര്‍മ്മല (പി വി കൃഷ്ണയ്യര്‍, 1948). ദരിദ്രയും അതീവസുന്ദരിയുമായ നിര്‍മ്മല തന്റെ സഹോദരിക്കുവേണ്ടി ഒരു മോഷണം നടത്തി പിടിക്കപ്പെട്ട് ജയിലിലാകുന്നു. അവളെ അറസ്റ്റ്് ചെയ്യാനെത്തിയ പൊലീസ് ഒഫീസര്‍ രഘു അവളില്‍ അനുരക്തനാകുന്നു. തെറ്റിദ്ധാരണയും പ്രതിസന്ധികളും വേര്‍പിരിക്കുന്ന നായികാനായകന്‍മാര്‍ ഒരുമിക്കുന്നിടത്ത് ചിത്രം അവസാനിക്കുന്നു. ഉദയ നിര്‍മ്മിച്ച ആദ്യ ചിത്രമായ വെള്ളിനക്ഷത്രം (ഫെലിക്സ് ജെ എച്ച് ബെയ്സ്, 1949) പണക്കാരനായ മില്ലുടമയുടെ ദത്തുപുത്രിയും മില്ലിലെ ഗുമസ്തനുമായുള്ള പ്രണയവും വിരഹവും പുനഃസമാഗമവുമാണ്.
അമ്പതുകളില്‍ ജീവിതനൗക (വി കൃഷ്ണന്‍, 1951) നേടിയ വന്‍പ്രദര്‍ശന വിജയത്തോടെയാണ് വ്യവസായം എന്ന നിലയില്‍ മലയാള സിനിമ അസ്തിത്വം സ്ഥാപിക്കുന്നത്. അഭ്യസ്തവിദ്യനായ സോമനും ദരിദ്രകുടുംബത്തിലെ അംഗമായ ലക്ഷ്മിയും തമ്മിലുള്ള പ്രണയവും വിവാഹവും അവരുടെ ജീവിതം നേരിടുന്ന പ്രതിസന്ധികളുമായിരുന്നു ജീവിത നൗകയുടെ പ്രമേയം. നായികാനായകന്‍മാരുടെ പ്രണയവും പ്രതികൂല സാഹചര്യങ്ങളില്‍പ്പെട്ടുള്ള വേര്‍പിരിയലും പ്രശ്നഭരിതമായ ജീവിത യാത്രക്കൊടുവില്‍ സംഭവിക്കുന്ന പുനഃസമാഗമവും 'സുഖപര്യവസായിയാ'ക്കിയ അന്ത്യരംഗത്തിന്റെ ആനന്ദമൂര്‍ഛയില്‍ സിനിമയുടെ ആഖ്യാന/വാണിജ്യ തന്ത്രം വിജയം കണ്ടു.
പുരോഗമ സാഹിത്യത്തിന്റെ മാറ്റൊലിയായാണ് 1951-ല്‍ നവലോകം പുറത്തുവരുന്നത്. നവലോകത്തെ ഒരു രാഷ്ട്രീയചിത്രമായാണ് ചലച്ചിത്ര ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തുന്നത്. അത്തരമൊരു നിഗമനത്തിന്റെ അടിസ്ഥാനം ചിത്രത്തിന്റെ രചയിതാവിനെ സംബന്ധിക്കുന്ന മുന്‍വിധിയാവാനാണ് സാധ്യത. പൊന്‍കുന്നം വര്‍ക്കിയായിരുന്നു നവലോകത്തിന്റെ തിരക്കഥാകൃത്ത്. പൊന്‍കുന്നം വര്‍ക്കിയുടെ രചന 'പുരോഗമന'മാകാതെ തരമില്ലെന്ന ധാരണയാണ് നവലോകത്തിന് രാഷ്ട്രീയ ചിത്രമെന്ന സ്ഥാനം നേടിക്കൊടുക്കുന്നത്. പരമ്പരാഗത പുരോഗമന രചനയുടെ രീതീശാസ്ത്രമനുസരിച്ച് ഉള്ളവരും ഇല്ലാത്തവരുമെന്ന് 'വര്‍ഗ്ഗപരമായി' വിഭജിക്കപ്പെട്ടതാണ് നവലോകത്തിലെ കഥാപാത്രങ്ങള്‍. ജന്‍മിത്തത്തിന്റെ ചൂഷണത്തിനെതിരെ ബോധമാര്‍ജ്ജിക്കുന്നവരാണ് ചൂഷിതര്‍. മര്‍ദ്ദകനായ ജന്‍മിയെ കീഴടക്കുന്ന തൊഴിലാളിവര്‍ഗ്ഗ മുന്നേറ്റത്തിന്റെ ആവേശമൊന്നും ചലച്ചിത്രം മുന്നോട്ടുവയ്ക്കുന്നില്ല. ഒരുപക്ഷെ അക്കാലത്തെ നാടകവേദികളില്‍ സാധ്യമായിരുന്ന മുദ്രാവാക്യസമാനമായ അന്തിമരംഗങ്ങള്‍ 'പുരോഗമന രാഷ്ട്രീയ' സിനിമകളില്‍ സാധ്യമായിരുന്നില്ല. ജന്‍മി മാനസാന്തരം വന്ന് തൊഴിലാളികള്‍ക്കൊപ്പം ചേരുന്നിടത്താണ് സിനിമ അവസാനിക്കുന്നത്.
സമൂഹത്തിന്റെ അടിത്തട്ടിലുള്ളവരുടെ ജീവിത സംഘര്‍ഷങ്ങളാണ് ആഖ്യാനം ചെയ്യുന്നതെന്ന തോന്നല്‍ നിരന്തരം നിലനിര്‍ത്തിക്കൊണ്ട് ആദ്യകാല പ്രേക്ഷകരായിരുന്ന കീഴാള/തൊഴിലാളി ജനവിഭാഗങ്ങളുടെ അഭിലാഷങ്ങളെ സമര്‍ത്ഥമായി പ്രീണിപ്പിക്കാന്‍ സിനിമക്ക് കഴിഞ്ഞു. ഗ്രാമീണ ജീവിത വൈവിധ്യങ്ങളെ 'തൊഴിലാളി വര്‍ഗ്ഗം' എന്ന ഒറ്റ വ്യവഹാരത്തിലേക്ക് മൊഴിമാറ്റിയ ചലച്ചിത്രങ്ങളിലൂടെ നീലിയും കറുത്തമ്മയും കള്ളിച്ചെല്ലമ്മയും വെളുത്ത കത്രീനയുമൊക്കെയായി പകര്‍ന്നാടിയ താരശരീരങ്ങള്‍ സാമൂഹ്യമായ ഉച്ചനീചത്വങ്ങളും സാമ്പത്തിക അസന്തുലിതാവസ്ഥയും മറച്ചുപിടിക്കുന്ന ഉടല്‍ മറകളായിത്തീര്‍ന്നു. ആവര്‍ത്തിക്കുന്ന പ്രണയക്കാഴ്ചകള്‍ ഒരര്‍ത്ഥത്തില്‍ വര്‍ഗ്ഗബന്ധങ്ങളുടെ അസന്തുലിതാവസ്ഥയെ ചോദ്യംചെയ്യുന്ന അത്യന്തം സ്വകാര്യമായ സമരസന്ദര്‍ഭങ്ങളായിരുന്നുവെങ്കിലും പ്രണയികളുടെ ജാതിബന്ധങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ സിനിമ സമര്‍ത്ഥമായി ഒഴിവാക്കിയിരിക്കുന്നതായി കാണാം. പ്രണയാന്ത്യത്തില്‍-സിനിമയുടെ അന്ത്യത്തിലും- സംഭവിക്കുന്ന വിവാഹങ്ങള്‍ ഒരേ വിവാഹ വൃത്തത്തില്‍പ്പെട്ടവര്‍ തമ്മിലുള്ളതാണെന്നത് പലപ്പോഴും ശ്രദ്ധിക്കാതെ വിട്ടുകളയുന്നു. വര്‍ഗ്ഗ സംഘര്‍ഷത്തിന്റെ തുറസ്സുകള്‍ സൃഷ്ടിക്കുന്ന സിനിമ, ജാതിവ്യവസ്ഥയുടെ അടഞ്ഞ ഇടങ്ങളെ അപായപ്പെടുത്തുന്നില്ല. ഒരേസമയം പ്രണയികളായും അധികാര സമൂഹത്തിന്റെ സദാചാര നിഷ്ഠകള്‍ക്ക് വഴങ്ങിനില്‍ക്കുന്ന പ്രജകളായും ക്രമീകരിക്കപ്പെട്ട ശരീരങ്ങളായിരുന്നു വെള്ളിത്തിരയിലെ കാമരൂപങ്ങള്‍.
പ്രണയത്തിന്റെ പ്രാണയഭയം
വികാരസാന്ദ്രമായ പ്രണയാനുഭവം രണ്ട് മനസ്സുകള്‍ തമ്മിലുള്ള, ഉടലുകള്‍ തമ്മിലുള്ള ലയനമാണ്. ആനന്ദനിര്‍ഭരമായ നിമിഷങ്ങളിലൂടെ വ്യക്തികള്‍ അപൂര്‍ണ്ണതയെ തകര്‍ത്ത് പൂര്‍ണ്ണതയില്‍ ലയിക്കുന്ന അഭിലാഷങ്ങളുടെ ആഘോഷമാണതെന്ന് പ്ലേറ്റോ. പ്രണയം ചുറ്റുപാടുകളുടെ വിലക്കുകളെ വിസ്മരിച്ച് നിത്യതയില്‍ അഭിരമിക്കുന്നു. അതുകൊണ്ടാണ് സമൂഹത്തില്‍ ഇതര ജീവിതാനുഭവങ്ങള്‍ക്ക് ലഭിക്കാത്ത പ്രാധാന്യം പ്രണയ/രതിയനുഭവങ്ങള്‍ക്ക് ലഭിക്കുന്നത്. അലൗകിക സൗന്ദര്യത്തിന്റെ ഈ നിത്യതാസ്പര്‍ശം ചിലപ്പോള്‍ ഒറ്റനിമിഷത്തില്‍ തകര്‍ന്നുവീണേക്കാം. വ്യക്തിയുടെ വികാരസാന്ദ്രമായ സ്വകാര്യതയും സമൂഹത്തിന്റെ വികാരനിരപേക്ഷമായ 'ധാര്‍മ്മികത'യും പരസ്പരം ഏറ്റുമുട്ടുന്നു സന്ദര്‍ഭമാണത്.
സമുദായ വിലക്കുകള്‍ ലംഘിച്ച് രണ്ട് വ്യക്തികള്‍ മാത്രമുള്ള ലോകം നിര്‍മ്മിക്കാനാണ് പ്രണയം ശ്രമിക്കുന്നത്. അതുകൊണ്ടാവാം സമൂഹ-സമുദായ സദാചാരങ്ങള്‍ക്ക് പ്രണയം അസ്വീകാര്യമാകുന്നത്. സാമൂഹികബന്ധങ്ങളില്‍ ഇന്ന് പുലരുന്ന നിര്‍വചനങ്ങളെ അതിലംഘിച്ചുകൊണ്ടുമാത്രമേ വ്യക്തികളുടെ ആനന്ദനിര്‍ഭരമായ ലയനം സാധ്യമാവുകയുള്ളു. സമുദായ വിലക്കുകള്‍ ചെന്നെത്താത്ത സ്വകാര്യ സങ്കേതങ്ങള്‍ തേടി പ്രണയ ശരീരങ്ങള്‍ അലഞ്ഞുതിരിയുന്നത് അതുകൊണ്ടാവാം. സമൂഹത്തിന്റെ സദാചാര കല്‍പനകളെ ലംഘിക്കാനാവാതെ വ്യക്തികളുടെ പ്രണയാവിഷ്‌കാരങ്ങള്‍ സാധ്യമല്ലെന്നുവരുമ്പോഴാണ് ഏറ്റവും സുരക്ഷിതമായ ഒളിയിടങ്ങളായി മരണം കടന്നുവരുന്നത്. കമിതാക്കളുടെ മരണം സിനിമയിലും സാമൂഹ്യജീവിതത്തിലും ആവര്‍ത്തിക്കുന്ന ദുരന്താനുഭവമായി തുടരുകയും ചെയ്യുന്നു.
പ്രണയത്തിനും മരണത്തിനുമിടയില്‍ ഒരു സുരക്ഷിതമണ്ഡലം കണ്ടെത്താനുള്ള യത്നമാണ് ചലച്ചിത്രങ്ങള്‍. ജാതി, വര്‍ഗ്ഗ ബന്ധങ്ങളെ ഉലയ്ക്കാതെ, സദാചാരങ്ങള്‍ക്ക് വഴങ്ങി, വിവാഹത്തിലെത്തി പര്യവസാനിക്കുന്ന 'സഫലത' ഒരേസമയം പ്രണയദുരന്തത്തില്‍ നിന്നുമുള്ള രക്ഷപ്പെടലും സദാചാരങ്ങളോട് വിധേയപ്പെടലുമാണ്. ചലച്ചിത്രങ്ങള്‍ ആവിഷ്‌കരിച്ച ദുരന്താന്ത്യങ്ങള്‍പോലും സദാചാര വിലക്കുകള്‍ക്കും സാമൂഹിക വ്യവസ്ഥകള്‍ക്കും വിധേയരാവേണ്ടതിന്റെ ആവശ്യകത പ്രേക്ഷകരെ ബോധ്യപ്പെടുത്തുന്ന 'ഗുണപാഠ'കഥനങ്ങളായി.
പ്രണയ കാമനകളുടെ മരണാനന്തര ജീവിതം
സിനിമയുടെ ഈ പ്രണയ ഭയത്തെ (പ്രാണഭയത്തെയും) മുഖാമുഖം നേരിടുന്ന ചലച്ചിത്രമാണ് 'ഭാര്‍ഗവീ നിലയം' (എ. വിന്‍സെന്റ്, 1964). പ്രണയവും മരണവും ചിത്രത്തിന്റെ അന്ത്യമല്ല, ആരംഭമാണ്. പ്രണയ കാമനകളുടെ മരണാനന്തര ജീവിതമാണ് 'ഭാര്‍ഗവിനിലയം'. നായികാനായകന്‍മാരുടെ ദുര്‍മരണമാണ് ഭാര്‍ഗവീനിലയത്തിന്റെ ഭൂതകാലം. ഏകാന്തമായ താമസസ്ഥലം അന്വേഷിച്ച് എത്തുന്ന എഴുത്തുകാരന്‍ ഭാര്‍ഗവിനിലയത്തില്‍ താമസമാക്കുന്നതാണ് സിനിമയുടെ വര്‍ത്തമാനകാലം. കഥകളും ഉപകഥകളും അതികഥകളുംകൊണ്ട് സമൂഹഭാവന ഭാര്‍ഗവിയെ ഭയരൂപിയാക്കി. അവളുടെ കാമുകനായിരുന്ന ശശികുമാര്‍, അയാളുടെ അകാല മരണമല്ല ഭയരൂപമാര്‍ന്ന കഥകളാകുന്നത്. മരണത്തിലും സമൂഹഭാവന പിന്തുടരുന്നത്, കഥകള്‍ മെനയുന്നത് പെണ്ണുടലിനെ ചുറ്റിപ്പറ്റിയാണ്.
ഭാര്‍ഗവിയെക്കുറിച്ചുള്ള കഥകളെല്ലാം പറയുന്നത് പുരുഷന്‍മാരാണ്. റിക്ഷാക്കാര്‍, ചായക്കടക്കാരന്‍, ലോഡ്ജിലെ അന്തേവാസികളായ യുവാക്കള്‍ എന്നിങ്ങനെ പുരുഷ ഭാവനാലോകം വിപുലമാണ്. ഭാര്‍ഗവിയെക്കുറിച്ച് സംസാരിക്കുന്നത് മൂന്ന് സ്ത്രീകള്‍ മാത്രമാണ്. അവളുടെ രണ്ട് സുഹൃത്തുക്കളും അമ്മയും. ഏറെ കരുണയോടെ വാത്സല്യത്തോടെ നഷ്ടബോധത്തോടെയാണ് അവര്‍ ഭാര്‍ഗവിയെ ഓര്‍മ്മിക്കുന്നത്. സമൂഹത്തില്‍ ആധിപത്യം നേടുന്ന കഥകളില്‍/ഭാവനയില്‍ പെണ്‍ ഓര്‍മ്മകള്‍ക്ക് ഇടം ലഭിക്കുന്നില്ല. ആണ്‍ഭാവനയുടെ ഭയാനകവും ഹിംസാത്മകവുമായ നിര്‍മ്മിതികളെ മറികടക്കാന്‍ അവരുടെ സ്‌നേഹ സ്മൃതികള്‍ക്ക് കഴിയാതെ പോകുന്നു. പുരുഷ കഥനങ്ങള്‍ മിത്തായും പുരാവൃത്തമായും സമൂഹസ്മൃതിയില്‍ വേരാഴ്ത്തുന്നു. പെണ്‍ പ്രണയവും ജീവിതവും മാഞ്ഞുപോകുന്നു. മരണത്തിലേയ്‌ക്കെത്തിച്ച സമൂഹ-സമുദായ-കുടുംബ സദാചാരവും ആണത്ത ഹിംസയും മറന്നുപോകുന്നു. പുരുഷപുരാവൃത്തങ്ങളിലൂടെ അവര്‍, തരുണ ശരീരങ്ങളില്‍ കൊതിപാര്‍ത്തിരിക്കുന്ന ഉന്‍മാദിനികളായ അപഥ സഞ്ചാരിണികളായി. കാലങ്ങളിലൂടെ നീലിയായും ഭാര്‍ഗവിയായും ഏകാന്തരാത്രികള്‍ പാലപ്പൂമണത്തു. ഗന്ധം പുരാവൃത്തത്തങ്ങളെ ഇന്ദ്രിയപ്പെടുത്തി. ഭയം ഒരനുഭവമായി പ്രണയത്തിന്റെ അനുഭൂതികളെ ചൂഴ്ന്നു.
അതിനാല്‍ കഥകളുടെ ഭയവസ്ത്രമഴിച്ച് ഭാര്‍ഗവിക്കു് പുനര്‍ജ്ജനിക്കേണ്ടതുണ്ട്. സമൂഹം ഒരുമിച്ച് പങ്കിടുന്ന കഥകള്‍ക്കെതിരെ ഭാവനയുടെ എതിര്‍ലോകം നിര്‍മ്മിക്കാന്‍ ഒരു കഥാകാരന്‍ ആവശ്യമാണ്. ഭാര്‍ഗവീനിലയത്തില്‍ അന്തേവാസിയായെത്തുന്ന എഴുത്തുകാരന്‍ ഒരു മാധ്യമമാണ്. പ്രതികഥയുടെ ആഖ്യാതാവ്. ഭാര്‍ഗവീ നിലയം ഒരു ഭയകഥയോ പ്രേതസിനിമയോ അല്ല. കഥാകാരന്റെ വാക്കുകളില്‍ 'പ്രേമത്തിന്റെ ശവകുടീരം, പ്രേമത്തിന്റെ ശ്മശാന'മാണ് ഭാര്‍ഗവീനിലയം. ഭാര്‍ഗവി 'വിഷാദമോഹനമായ ഒരു മധുരകാവ്യ'മെത്രെ! ശവകുടീരത്തില്‍ നിന്നാണ് കഥ ജനിക്കുന്നത്.
മരണാനന്തരവും നിതാന്തമായ ഏകാന്തതയാല്‍ ശിക്ഷിക്കപ്പെട്ട പെണ്‍ ശരീരത്തിന്റെയും അവളുടെ പ്രണയ ജീവിതത്തിന്റെയും വിമോചനമാണ് ഭാര്‍ഗവിയുടെ ആത്മകഥനം. നിറയെ സംഗീതവും നിലാവും സുഗന്ധവും നീല വെളിച്ചവുമുള്ള രാത്രികളാണ് പ്രണയത്തിന്റെ മരണാനന്തര ജീവിതത്തിന് ഭാര്‍ഗവി തെരഞ്ഞെടുക്കുന്നത്. ഭാര്‍ഗവിയുടേത് പ്രതിലോകമാണ്. പുരുഷ ഭാവന മെനഞ്ഞുയര്‍ത്തിയ അപകഥകളെയാണ് അവളുടെ രാത്രികള്‍ (അവളുടെ രാവുകള്‍!) അട്ടിമറിക്കുന്നത്.