നടക്കുമ്പോള്‍, കാറ്റില്‍ പറന്നുപോവുമോ എന്നുതോന്നി

By Nidheesh Nandanam  |  First Published Dec 15, 2020, 6:11 PM IST

ലാന്‍ഡുനോയിലെ കശ്മീരി ആടുകള്‍. ലണ്ടന്‍ വാക്ക്. നിധീഷ് നന്ദനം എഴുതുന്നു


അതിമനോഹരമായ വ്യൂ പോയിന്റില്‍ ഇറങ്ങി ഫോട്ടോ എടുക്കാന്‍ ചെറിയൊരാഗ്രഹം. കാറിന്റെ ജനല്‍ച്ചില്ലു താഴ്ത്തിയതും അതിശക്തമായ കാറ്റ് ഉള്ളിലേക്ക് ഇരച്ചു കയറി ആറു  പേര്‍ കയറിയ വണ്ടിയെ പിടിച്ചു കുലുക്കി. ആ ശ്രമം അപ്പോള്‍ത്തന്നെ ഉപേക്ഷിച്ചു.

 

Latest Videos

undefined

 

സ്നോഡന്റെ മടിത്തട്ടില്‍ നിന്നും ലാന്‍ഡുനോ (Llandudno) യിലേക്കാണ് യാത്ര. സ്ഥലപ്പേരുകളിലൊക്കെയും കൂടുതലുള്ള ഒരെല്ല് (L) തന്നെയാണ് പ്രശ്‌നം. വെയില്‍സിലെ സ്ഥലപ്പേരുകളില്‍ ഇത് സര്‍വ്വ സാധാരണമാണ് താനും.  ഇംഗ്ലീഷില്‍ 'sh' എന്നതിന് സമാനമായ ഉച്ചാരണമാണ് 'l' നു വെല്‍ഷ് ഭാഷയില്‍. സ്നോഡന്‍ മലനിരകള്‍ പിന്നിട്ട് ചെറുപട്ടണമായ ലാന്‍ഡുനോയിലേക്ക് അടുക്കും തോറും കാറ്റും മഴയും ശക്തി പ്രാപിച്ചു കൊണ്ടിരുന്നു. കടല്‍ത്തീരത്തോടു ചേര്‍ന്നൊരിടത്ത് വണ്ടിയൊതുക്കി പുറത്തിറങ്ങി. മഴയും തണുത്ത കാറ്റുമുണ്ട്. കടലിലേക്ക് ഇറങ്ങി നില്‍ക്കുന്ന ലാന്‍ഡുനോ പിയര്‍ ആണ് പ്രധാന ആകര്‍ഷണം. പിയറിലൂടെ നടക്കുമ്പോള്‍  സമാന്തരമായി, കടലിന്റെ ആഴങ്ങളിലേക്കിറങ്ങി നില്‍ക്കുന്ന മരത്തില്‍ നിര്‍മ്മിച്ച മറ്റൊരു കടല്‍പ്പാലം കാണാം.

വെല്‍ഷ് തീരങ്ങളുടെ രാജ്ഞിയെന്ന ഖ്യാതിയുള്ള ഇവിടുത്തെ പടിഞ്ഞാറന്‍ കരയില്‍, കടലിനഭിമുഖമായി നില്‍ക്കുന്ന റിസോര്‍ട്ടുകളുടെ നീണ്ടനിര തന്നെ കാണാം. വിശാലവും അത്യധികം വൃത്തിയുള്ളതുമായ കടല്‍ത്തീരം. ഓറഞ്ച് അലേര്‍ട് പ്രഖ്യാപിച്ചത് കൊണ്ടാണോ എന്നറിയില്ല, തീരവും പിയറും തീര്‍ത്തും വിജനമാണ്. മഴയ്ക്ക് അല്പം ശമനമുണ്ടെങ്കിലും കാറ്റ് അതിശക്തമാണ്. യാത്രക്കാരെ കയറ്റിയിറക്കാന്‍ കപ്പലടുക്കാന്‍ പാകത്തിന് തയ്യാറാക്കിയ പിയറിലൂടെ നടക്കുമ്പോള്‍ കാറ്റു പറത്തിക്കൊണ്ടുപോകുമോ എന്ന് പോലും ഭയപ്പെട്ടു. 700 മീറ്റര്‍ കടലിലേക്കിറങ്ങിക്കിടക്കുന്ന ഇവിടം വെയില്‍സിലെ ഏറ്റവും വലിയ പിയര്‍ എന്ന ഖ്യാതി ഉള്ളതാണ്. കാറ്റും, തണുപ്പും കൂടുതല്‍ സമയം അവിടെ തങ്ങാന്‍ അനുവദിച്ചില്ല.

 

...............................................

Read more: സ്‌നോഡോണിയ: അതിമനോഹരമായ ഒരു യാത്രയുടെ ഓര്‍മ്മയ്ക്ക് 

 

ലാന്‍ഡുനോയ്ക്ക് സമീപം കടലിലേക്ക് തള്ളി നില്‍ക്കുന്ന മലയിടുക്കാണ് ഗ്രേറ്റ് ഓറം (Orme). കടലിലേക്ക് ഇറങ്ങിനില്‍ക്കുന്ന ചെങ്കുത്തായ മലയിടുക്കുകള്‍ക്കിടയിലൂടെ ഒരു ഒറ്റവരിപ്പാതയുണ്ട്. അങ്ങോട്ട് പോകാന്‍ അനുമതി വേണമോ എന്നറിയില്ല, എങ്കിലും പറ്റുന്നിടത്തോളം പോകാന്‍ തീരുമാനിച്ചു വണ്ടിയെടുത്തു. 

ചെങ്കുത്തായ മലയിടുക്കിന്റെ ഓരോ തിരിവിലും പാറക്കല്ലുകള്‍ ഉരുണ്ടു വീണേക്കാമെന്ന മുന്നറിയിപ്പ് ബോര്‍ഡുകളുണ്ട്. ഓരോ വളവുകളും സമ്മാനിക്കുന്നത് അതി മനോഹര കാഴ്ചയാണ്. പഴുത്തു നില്‍ക്കുന്ന വിവിധയിനം ഇലകളാല്‍  മഞ്ഞയും ഓറഞ്ചും ചുവപ്പും ഇടകലര്‍ന്നു നില്‍ക്കുന്ന നിറമാണ് മലഞ്ചെരുവിനൊക്കെയും. അതിനു കീഴെ നീലയും പച്ചയും ചേര്‍ന്ന നിറത്തില്‍ ഐറിഷ് കടലും അതിനോട് ചേര്‍ന്ന തീരത്തിന് ചുണ്ണാമ്പു കല്ലിന്റെ വെളുത്ത നിറവും. 

 

..............................................

Read more: കപിലിന്റെ ചെകുത്താന്‍മാര്‍ ആരവം മുഴക്കിയത് ഇവിടെയാണ്! 

 

അതിമനോഹരമായ വ്യൂ പോയിന്റില്‍ ഇറങ്ങി ഫോട്ടോ എടുക്കാന്‍ ചെറിയൊരാഗ്രഹം. കാറിന്റെ ജനല്‍ച്ചില്ലു താഴ്ത്തിയതും അതിശക്തമായ കാറ്റ് ഉള്ളിലേക്ക് ഇരച്ചു കയറി ആറു  പേര്‍ കയറിയ വണ്ടിയെ പിടിച്ചു കുലുക്കി. ആ ശ്രമം അപ്പോള്‍ത്തന്നെ ഉപേക്ഷിച്ചു. ഈ പ്രതികൂല കാലാവസ്ഥയെ അവഗണിച്ചും മേഞ്ഞു നടക്കുന്ന ഒരുപറ്റം കാശ്മീരി ആടുകളെ കണ്ടു.  ഏകദേശം ഒരു നൂറ്റാണ്ടു മുന്‍പ് പേര്‍ഷ്യന്‍ രാജാവ് വിക്‌ടോറിയ രാജ്ഞിക്ക് ഉപഹാരമായി നല്‍കിയ കാശ്മീരി ആടുകളുടെ പിന്മുറക്കാരായി ഇരുന്നൂറോളം ആടുകള്‍ ഇന്നും ഗ്രേറ്റ് ഓറമില്‍  ഉണ്ട്. ഇവയുടെ രോമം ഉപയോഗിച്ചാണത്രെ ലോകത്തിലെ ഏറ്റവും വിലകൂടിയ കമ്പിളിപ്പുതപ്പുകള്‍ നിര്‍മ്മിക്കുന്നത്.

 

...........................................................

Read more: പുല്ലുകളേക്കാള്‍ ആരാധകര്‍, മൂന്ന് ലക്ഷം പേര്‍ അകത്തും,  60000 പേര്‍ പുറത്തും; വെംബ്ലിയിലെ അത്ഭുതം

 

ഏകദേശം മൂന്നര മൈല്‍ വരുന്ന ഈ മലയിടുക്കുകള്‍ കയറിയിറങ്ങി ഞങ്ങള്‍ തുടങ്ങിയിടത്തു തിരിച്ചെത്തി. സമയം അസ്തമയത്തോടടുക്കുന്നു.. മുന്‍കൂട്ടി ബുക്ക് ചെയ്തിരിക്കുന്ന 'B & B' യില്‍ ആതിഥേയര്‍ ഞങ്ങളെ കാത്തിരിപ്പുണ്ട്. ഹോം സ്റ്റേ ആണ്. മുകളിലത്തെ മൂന്ന് മുറികളും അടുക്കളയും സിറ്റ്ഔട്ടും ഞങ്ങള്‍ക്കായി വിട്ടുനല്‍കി അവര്‍ ഒറ്റമുറിക്കുള്ളിലൊതുങ്ങി. 

നല്ല തണുപ്പുണ്ട്.. അത്താഴത്തിനു ശേഷം ഞങ്ങള്‍ വേഗം തന്നെ പുതപ്പിനുള്ളിലേക്ക് നൂണ്ടു. കോണ്‍വി കാസിലും ആംഗിള്‍സിയുമാണ് നാളത്തെ പ്ലാന്‍. കണ്ടത് മനോഹരം. കാണാത്തത് അതിമനോഹരം എന്നല്ലേ, ആ സുന്ദര സ്വപ്നത്തില്‍ എപ്പോഴോ മയങ്ങിപ്പോയി.  

click me!