ഇന്ത്യയെ കൊള്ളയടിച്ചതിന്റെ രേഖകളുമായി ഒരു ബ്രിട്ടീഷ് മ്യൂസിയം

By Nidheesh Nandanam  |  First Published Mar 31, 2021, 3:48 PM IST

ലണ്ടന്‍ വാക്ക്: നിധീഷ് നന്ദനം എഴുതുന്ന യാത്രാകുറിപ്പുകള്‍ അവസാനിക്കുന്നു
 


ഇന്ത്യന്‍ ഉരുപ്പടികളിടെ വിപണനത്തില്‍ ലണ്ടന്‍ മാര്‍ക്കറ്റിലെ മാത്രം ലാഭം താഴെ പറയും വിധമായിരുന്നു: 46500 പൗണ്ടിന് വാങ്ങിയ തുണിത്തരങ്ങള്‍ വിറ്റത്  311000 പൗണ്ടിന്. അതിന്റെ ലാഭം കണക്കുകൂട്ടിയാല്‍ ഇന്നത്തെ മൂല്യം 390 കോടി രൂപ. 8 ലക്ഷം പൗണ്ട് (അളവ്) കുരുമുളക് 400 വര്‍ഷം മുന്‍പ് കൊണ്ടുവന്നു വിറ്റത് 73000 പൗണ്ടിന്. അതിന്റെ ലാഭം ഇന്നത്തെ 100 കോടി രൂപ. 1803 ല്‍ മാത്രം കൊണ്ടുവന്ന ചായയുടെ ലാഭം 208 കോടി രൂപ. അങ്ങനെ ഇത്തരത്തില്‍ കമ്പനി ഇന്ത്യയില്‍ നിന്നു കൊണ്ടുപോയ ചരക്കുകളുടെ ആകെ ലാഭം നമുക്ക് കണക്കുകൂട്ടി എടുക്കാവുന്നതിലും അപ്പുറത്താണ്.

 

Latest Videos

undefined

 

ചരിത്രവും ഭൂമിശാസ്ത്രവും തിരഞ്ഞു തിരഞ്ഞു ഗ്രീനിച്ചിലെ കുന്നുകയറാന്‍ ഏറെയിഷ്ടമാണ്. അതിലേറെ ഇഷ്ടമാണ് അംബരചുംബികളായ കെട്ടിടങ്ങള്‍ക്കിടയിലൂടെ ഇടവലം തിരിഞ്ഞു വളഞ്ഞു പുളഞ്ഞു പോകുന്ന ഡി എല്‍ ആര്‍ ലൈനിലൂടെയുള്ള ട്രെയിന്‍ യാത്ര. ഈ രണ്ടു കാരണങ്ങളാണ് പിന്നെയും പിന്നെയും ലണ്ടന്‍ യാത്രകളെ ഗ്രീനിച്ചിലേക്ക് കൊണ്ടുചെന്നെത്തിക്കുന്നത്.

ആ ട്രെയിനില്‍ കയറുമ്പോഴേ കൊച്ചുകുട്ടിയുടെ കൗതുകം കണ്ണുകളില്‍ നിറച്ച് ആദ്യം കാണുന്ന സൈഡ് സീറ്റിലേക്ക് ഞാന്‍ ഒതുങ്ങിക്കൂടും.. തീവണ്ടിയുടെ വലിയ കണ്ണാടി ജാലകത്തിലൂടെ പുറത്തെ കണ്ണാടിക്കൂടുകളിലേക്ക് കണ്ണ് പായിക്കും. എന്തൊക്കെത്തരം കെട്ടിടങ്ങള്‍! ഓരോന്നിനും ഓരോ രൂപങ്ങള്‍. ആകൃതികള്‍, ആകാശ വലിപ്പങ്ങള്‍.

ഡോക്ലാന്റ് ലൈറ്റ് റെയില്‍വേ എന്നതിന്റെ ചുരുക്കെഴുത്താണ് DLR. ഐല്‍ ഓഫ് ഡോഗ് (Isle of Dog) എന്ന ലണ്ടന്‍ പ്രാന്തപ്രദേശത്തെ തുറമുഖ ദ്വീപിലൂടെ കടന്നുപോകുന്ന ലൈറ്റ് മെട്രോ ആണിത്. ഒരു കാലത്ത് ഇന്ത്യന്‍ ഉപഭൂഖണ്ഡങ്ങളിലെ ചരക്കുകളാല്‍ സമൃദ്ധമായിരുന്നതും ഇന്ത്യ ഡോക്സ് തുറമുഖം ഇവിടെയാണ്. ഇന്നത് മൃതപ്രായാവസ്ഥയിലാണ്. തേംസ് നദിയുടെ മുകളിലുള്ള ഇന്ത്യ ഡോക്സ് സ്റ്റേഷന്‍ കഴിഞ്ഞാല്‍ പിന്നെ എനിക്കിറങ്ങേണ്ട 'കട്ടിസാര്‍ക് ഫോര്‍ ഗ്രീന്‍വിച്ച് മാരിടൈം' എന്ന സ്‌റ്റേഷനിലേക്ക് അധികം ദൂരമില്ല. 

സ്‌റ്റേഷന്റെ പുറത്തേക്കുള്ള വഴികള്‍ തന്നെ ബ്രിട്ടന്റെ നാവിക ചരിത്രത്തില്‍ ഈ സ്ഥലത്തിന്റെ പ്രാധാന്യം പറഞ്ഞു തരും. പുരാതന കാലം മുതല്‍ ബ്രിട്ടനിലെ കടല്‍ നാവിക ഗതിനിര്‍ണയ സംവിധാനങ്ങളുടെ തലസ്ഥാനം ആയിരുന്നു ഗ്രീനിച്ച്. പുരാതന റോമാക്കാര്‍ ബ്രിട്ടനില്‍ കപ്പലിറങ്ങിയ ഇടം.  ഗ്രീനിച്ചിലെത്താന്‍ പ്രധാനമായും രണ്ടു മാര്‍ഗങ്ങളാണുള്ളത്. ഒന്നുകില്‍ ട്രെയിനില്‍ കട്ടിസാര്‍ക്കിലെത്തുക, അല്ലെങ്കില്‍ തേംസിലൂടെ ബോട്ടുമാര്‍ഗം കട്ടിസാര്‍ക്ക് പിയറില്‍ എത്തിച്ചേരുക. 

സ്റ്റേഷനില്‍ നിന്നിറങ്ങി വലത്തോട്ട് തിരിഞ്ഞാല്‍ തേംസ് കരയില്‍ പഴയൊരു പായ്ക്കപ്പല്‍ കാണാം. അതാണ് 'കട്ടിസാര്‍ക്' ആദ്യമൊക്കെ ആ പേര് കേള്‍ക്കുമ്പോള്‍ 'കുട്ടിസ്രാങ്ക്' എന്ന വാക്കാണ് ഓര്‍മ്മവരിക. പക്ഷെ കട്ടിസാര്‍ക് എന്ന് അക്ഷരം തെറ്റാതെ വിളിക്കേണ്ട ഈ പായ്ക്കപ്പലിന് ബ്രിട്ടന്റെ നാവിക ചരിത്രത്തില്‍ അനിഷേധ്യ സ്ഥാനമാണുള്ളത്.  കാരണം അക്കാലത്തു ചൈനയിലെ തേയില ലണ്ടന്‍ മാര്‍ക്കറ്റുകളിലെത്തിക്കുന്ന വേഗരാജാവായിരുന്നു ഈ പായ്ക്കപ്പല്‍. സൂയസ് കനാലും ആവി എന്‍ജിനുകളും അവതരിക്കും മുന്‍പേ അറ്റ്‌ലാന്റിക്കിലെയും ഇന്ത്യന്‍ മഹാസമുദ്രത്തിലെയും അലകളെ കീറിമുറിച്ചുകൊണ്ട് ചൈനയില്‍ നിന്ന് തേയിലയുമായും ആസ്ട്രേലിയയില്‍ നിന്ന് കമ്പിളിയുമായും പലകുറി ലണ്ടനിലെത്തിയ വമ്പന്‍. റോബര്‍ട് ബേണ്‍സ് എന്ന സ്‌കോട്ടിഷ് കവിയുടെ 'തമോ ഷാന്റര്‍' എന്ന കവിതയില്‍ ഷാന്റര്‍ തന്റെ കുതിരയായ 'മെഗ്ഗു'മായി നദി കടക്കും മുന്‍പ്, അവിടെ കുതിച്ചെത്തി മെഗ്ഗിന്റെ വാല്‍ അപഹരിച്ച ദുര്‍മന്ത്രവാദിനിയായ  'നാനീ-ഡീ'യുടെ അപരനാമമാണ് കട്ടിസാര്‍ക്ക്. കപ്പലിന്റെ അമരത്ത് തന്നെ കയ്യില്‍ കുതിരവാലുമായി പറക്കുന്ന നാനീ-ഡീയുടെ ശില്പമുണ്ട്. ഇനിയൊരു കടല്‍യാത്രയ്ക്ക് ബാല്യമില്ലാത്ത കട്ടിസാര്‍ക് ഇന്നൊരു മ്യൂസിയം ആണ്. ടിക്കറ്റെടുത്ത് അകത്തുകയറിയാല്‍ കട്ടിസാര്‍ക്കിന്റെ ചരിത്രമറിയാം. പായ്ക്കപ്പലിന്റെ പ്രവര്‍ത്തനം കാണാം.

 

 

ഗ്രീനിച്ചിലെ നാഷണല്‍ മാരിടൈം മ്യൂസിയമാണ് അടുത്ത ലക്ഷ്യം. അതിന് ഗ്രീനിച്ച് തെരുവുകളില്‍ കൂടി അല്‍പദൂരം നടക്കണം. ഗ്രീനിച്ച് മാര്‍ക്കറ്റില്‍ വിവിധതരം കരകൗശല വസ്തുക്കള്‍, തുണിത്തരങ്ങള്‍, ബ്രസീലിലെയും പോര്‍ചുഗലിലെയും മധുര പലഹാരങ്ങള്‍ തുടങ്ങിയവ കാണാം.  അക്കൂട്ടത്തില്‍ ആണ് 'ചൂറോസ്' എന്ന പലഹാരം കണ്ടത്.  പോര്‍ച്ചുഗീസുകാരന്‍ ആണ് കക്ഷി.  ചൂറോസിന്റെ മഹത്വം വിളമ്പിയ ബ്രസീലുകാരികള്‍ ചൂടോടെ രണ്ടു ചൂറോസും കയ്യില്‍ തന്നു.  കറുവാപ്പട്ടപ്പൊടിയും പഞ്ചസാരയും പുറമെയും 'ഡള്‍സ്-ഡി-ലെഷെ' സോസ് അകത്തും നിറച്ച ചുറോസിന് അപാര രുചി ആയിരുന്നു. 

മാര്‍ക്കറ്റ് കടന്ന് അല്‍പം കൂടി മുന്നോട്ടു പോകുമ്പോള്‍ ഉള്ള കടയുടെ പേര് നിങ്ങളെ അമ്പരപ്പിക്കും.. 'ഫസ്റ്റ് ഷോപ് ഇന്‍ ദി വേള്‍ഡ് 00.00.4' W ' ഭൂമിയെ കിഴക്ക് -പടിഞ്ഞാറ് വേര്‍തിരിക്കുന്ന പ്രൈം മരിഡിയന്‍ കഴിഞ്ഞാല്‍ ആദ്യത്തെ കട.  അതുകഴിഞ്ഞു അല്‍പദൂരം നടന്നാല്‍ നാഷണല്‍ മാരി ടൈം മ്യൂസിയത്തിന്റെ കവാടമായി. ലോകം കീഴടക്കാന്‍ ഇറങ്ങിയ നെപ്പോളിയന്റെ സൈന്യത്തെ ട്രഫാല്‍ഗര്‍ മുനമ്പിലെ നാവിക യുദ്ധത്തില്‍ തുരത്തിയ 'എച്ച് എം എസ് വിക്ടറി' എന്ന നെല്‍സന്റെ പടക്കപ്പലിനെ 'സ്ഫടികക്കുപ്പിക്കുള്ളിലെ കപ്പല്‍' (Ship in a  bottle) എന്ന രൂപത്തില്‍ കാണാം. 'അസാധ്യം' എന്നതിനെ നിര്‍വചിക്കുന്ന നിര്‍മ്മിതിയാണിത്.. കടലില്‍ ബ്രിട്ടന്റെ അപ്രമാദിത്യത്തിനു തുടക്കമിട്ട, നെപ്പോളിയന്റെ ഫ്രഞ്ച്- സ്പാനിഷ് സൈന്യത്തിനെതിരെയുള്ള ബ്രിട്ടന്റെ നാവിക വിജയത്തെ ഓര്‍മ്മപ്പെടുത്താന്‍ ഇതില്‍പ്പരം മികച്ച മാതൃകകളുണ്ടോ?

 

 

ബ്രിട്ടനിലെയും ഐക്യ നാടുകളിലെയും കലാ-സാംസ്‌കാരിക-സാമൂഹ്യ-രാഷ്ട്രീയ-നാവിക ചരിത്രങ്ങളുടെ സംഗമ ഭൂമിയാണ് നാഷണല്‍ മാരിടൈം മ്യൂസിയം. ബ്രിട്ടന്‍ എങ്ങനെ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അധിപരായി എന്ന കഥ വള്ളി പുള്ളി വിടാതെ ഈ മ്യൂസിയം പറഞ്ഞു തരും. വെറും കൗതുകത്തിന് തുടങ്ങിയ നാവിക സഞ്ചാരങ്ങള്‍ എങ്ങനെ അധികാരത്തിന്റെയും സമ്പത്തിന്റെയും ഉറവിടങ്ങളായി മാറി എന്ന രഹസ്യം ഇവിടുത്തെ ചുവരെഴുത്തുകളില്‍ വായിക്കാം. ചില്ലിട്ട മേല്‍ക്കൂരയ്ക്ക് താഴെയുള്ള വിശാലമായ നടുമുറ്റത്ത് ലോകത്തിന്റെ ഭൂപടം വരച്ചിട്ടിരിക്കുന്നു. അതിലെങ്ങും ഇംഗ്ലീഷ് നാവികരുടെ യാത്രാപഥങ്ങള്‍ തലങ്ങും വിലങ്ങും കോറിയിട്ടിരിക്കുന്നു.

നടുമുറ്റത്തിന് നാലുപാടുമുള്ള കെട്ടിടങ്ങളില്‍ ലോകത്തിന്റെ നാനാ ദിക്കിലേക്കും ഇംഗ്ലീഷുകാര്‍ നടത്തിയ നാവിക സഞ്ചാരത്തിന്റെ ചരിത്രമാണ്. നടുവിലൊരുക്കിയ കൂറ്റന്‍ കപ്പലിന്റെ മുകള്‍ത്തട്ടൊരു കോഫീ ഷോപ്പാണ്. മ്യൂസിയത്തിന്റെ അവിടവിടങ്ങളില്‍ കപ്പലിന്റെ പ്രവര്‍ത്തനം വിശദീകരിക്കുന്ന ഇന്‍സ്റ്റലേഷനുകള്‍. പുരാതനകാലം മുതല്‍ ഇക്കാലം വരെയുള്ള വരെയുള്ള കപ്പലുകളുടെ മാതൃകകള്‍, വിവിധ തരം കപ്പലുകളുടെ വ്യത്യാസങ്ങള്‍, പടക്കപ്പലിലെ ഉപകരണങ്ങള്‍, പഴയകാല ഗതി നിര്‍ണയ സംവിധാനങ്ങള്‍, സമയ സൂചികകള്‍, ലോകം ചുറ്റിയ കപ്പല്‍ യാത്രികര്‍, കപ്പല്‍പാതകള്‍. 

ആഫ്രിക്കയും അന്റാര്‍ട്ടിക്കയും കഴിഞ്ഞു ഏഷ്യയിലേക്ക് കടന്നപ്പോള്‍ പരിചിതമായൊരു എണ്ണഛായാചിത്രം - വാസ്‌കോ ഡി ഗാമ. 1497 -ല്‍ ഗുഡ് ഹോപ് മുനമ്പ് വഴി ഏഷ്യയിലെത്തിയ ആദ്യ നാവികന്‍. അടിയില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു. '1499 -ല്‍ ഒരു കപ്പല്‍ സുഗന്ധ വ്യഞ്ജനങ്ങളുമായി തിരികെയെത്തി. യാത്ര വിജയമായിരുന്നു. 600 ശതമാനം ലാഭവും.'

അതേ, ഗാമ അന്ന് കണ്ടെത്തിയത് ഒരക്ഷയ ഖനിയായിരുന്നു. കാതങ്ങള്‍ താണ്ടി ഇതുവരെ കാണാത്ത ഒരു രാജ്യത്ത് എത്തിച്ചേരുക. രണ്ടു വര്‍ഷം നീണ്ട യാത്രയുടെ ഒടുക്കം ചിലവിന്റെ ആറിരട്ടി ലാഭവുമായി തിരികെപ്പോരുക. യൂറോപ്പിലാകെ വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു. അങ്ങനെ പതിനഞ്ചാം നൂറ്റാണ്ടില്‍ ഈസ്റ്റ ഇന്ത്യ എന്നത് യൂറോപ്പിനെ കൊതിപ്പിക്കുന്നൊരു പേരായി മാറി. ഈസ്‌റ് ഇന്ത്യ എന്നത് ഇന്‍ഡോനേഷ്യ , ബ്രൂണെ, മലേഷ്യ തുടങ്ങിയ ദ്വീപ് വിഭാഗം ആയിരുന്നെങ്കിലും ഈസ്റ്റ് ഇന്ത്യ കമ്പനി ആരംഭിച്ചത് മുതല്‍ അത് ഇന്ത്യന്‍ ഉപഭൂഖണ്ഡവും വടക്ക് കിഴക്കന്‍ ഏഷ്യയും അടങ്ങിയ ഭൂവിഭാഗമായി കണക്കാക്കപ്പെട്ടു.

 

 

1600 -ല്‍ ഒന്നാം എലിസബത്ത് രാജ്ഞി ലണ്ടനിലെ ഒരു കൂട്ടം വ്യാപാരികള്‍ക്ക് ഇന്ത്യയിലും ഇന്തോനേഷ്യയിലും നിന്ന് കുരുമുളകും സുഗന്ധവ്യഞ്ജനങ്ങളും വാങ്ങി വ്യാപാരം നടത്താന്‍ അനുമതി കൊടുക്കുകയും അതിനായി ഒരു ചെറിയ കമ്പനി 'ദി ഗവര്‍ണര്‍ ആന്‍ഡ് കമ്പനി ഓഫ് മര്‍ച്ചന്റ്സ് ഓഫ് ലണ്ടന്‍ ട്രേഡിങ്ങ് ഇന്‍ടു ദി ഈസ്റ്റ് ഇന്‍ഡീസ്' എന്ന പേരില്‍ ആരംഭിക്കുകയും ചെയ്തു.  അതിന്റെ വിവരണത്തിന് അടിയില്‍ ഇങ്ങനെ കുറിച്ചിരിക്കുന്നു. 'ചെറുകൂട്ടം വ്യാപാരികളുടെ ഈ സംരംഭം ലോകക്രമത്തെ മാറ്റിമറിച്ചൊരു കമ്പനിക്ക് അടിത്തറയിട്ടു.'

'ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഉദയം' എന്ന തലക്കെട്ടില്‍ അടുത്ത ചുവരെഴുത്ത് ഇങ്ങനെ വായിക്കാം. ആദ്യകാലത്ത് അതി ഭീമമായ ലാഭമാണ് ഈ കമ്പനികള്‍ നേടിയെടുത്തതെങ്കിലും പിന്നീട് കൊണ്ടുവരുന്ന ചരക്കുകള്‍ വിറ്റഴിക്കാന്‍ പാടുപെട്ടു. യൂറോപ്പിലെ യുദ്ധങ്ങളും ശത്രുതകളും പണത്തിന്റെ ലഭ്യതയും ഒക്കെ പ്രശ്‌നമായെങ്കിലും 1700 -കളിലേക്കെത്തുമ്പോഴേക്കും ഇത് ബ്രിട്ടന്റെ രാഷ്ട്രീയത്തില്‍ ചലനങ്ങളുണ്ടാകാവുന്ന വലിയൊരു പ്രസ്ഥാനമായി മാറുകയും ബ്രിട്ടന്റെ സാമ്പത്തിക രംഗത്ത് സുപ്രധാന കണ്ണിയാകുകയും ചെയ്തു. ലണ്ടന്‍ നഗരമധ്യത്തിലെ ലീഡന്‍ഹാളില്‍ സ്ഥിതി ചെയ്യപ്പെട്ട ഈ പ്രസ്ഥാനം 'മഹത്തായ ഈസ്റ്റ് ഇന്ത്യന്‍ കമ്പനി' എന്നറിയപ്പെട്ടു. റോബര്‍ട്ട് ഈസ്‌റ്വിക് എന്ന ക്യാപ്റ്റന്‍ 1820 ല്‍ ഇങ്ങനെ എഴുതി- 'ലീഡന്‍ഹാളില്‍ നിന്ന് നിയന്ത്രിക്കാത്തൊരു കപ്പലും കടലില്‍ കാണാനില്ല..' അത്രയ്ക്കായിരുന്നു അക്കാലത്ത് കമ്പനിയുടെ സ്വാധീനം.

1688 -ല്‍ കമ്പനിയില്‍ മുതല്‍മുടക്കിയ ജോഷ്വാ ചൈല്‍ഡിന്റെ 'Profit and power must go together' എന്ന വാചകങ്ങളില്‍ കാണാം ബ്രിട്ടന്റെ ഇന്ത്യയോടുള്ള അധികാരമോഹത്തിന്റെ അടയാളങ്ങള്‍.  'ഞാന്‍ മുടക്കിയ 250 പൗണ്ട് 25 വര്‍ഷത്തിന് ശേഷം എനിക്ക് നല്‍കിയത് അതിഭീമമായ ആധിപത്യം ആണ്. ദൈവത്തിന് സ്തുതി'-അക്കാലത്തെ മറ്റൊരു നിക്ഷേപകന്റെ വാചകമാണ്.

'ഏഷ്യന്‍ വ്യാപാരവും ബ്രിട്ടന്റെ ജീവിതവും' എന്ന തലക്കെട്ടില്‍ ബ്രിട്ടന്റെ ജീവിത ശൈലിയില്‍ ഇന്ത്യന്‍ വസ്ത്രങ്ങളും ചൈനീസ് തേയിലയും ചെലുത്തിയ സ്വാധീനം വിവരിക്കുന്നു. ഇവ രണ്ടും നല്‍കിയ അതിസമ്പത്ത് പല രംഗത്തും ബ്രിട്ടനെ മുന്നോട്ടു നയിച്ചു. തുണി വ്യവസായത്തില്‍ വന്‍ ലാഭം നേടിയ കമ്പനി പതുക്കെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടപെടാന്‍ തുടങ്ങി. 1757 -ല്‍ പ്ലാസി യുദ്ധത്തില്‍ ബംഗാള്‍ നവാബായ സിറാജ് ഉദ് ദൗളയെ റോബര്‍ട്ട് ക്ലൈവിന്റെ കമ്പനിപ്പട തോല്‍പ്പിച്ചു. ഇതൊരു നാഴികക്കല്ലായിരുന്നു. അതി സമ്പന്നമായിരുന്ന ബംഗാളിന്റെ ഉടമസ്ഥാവകാശവും ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ കരം പിരിക്കാനുള്ള അവകാശവും ഇതോടെ ബ്രിട്ടീഷുകാരുടെ അധീനതയിലായി. ഒരു വലിയ സാമ്രാജ്യത്തിലേക്കുള്ള യാത്രയുടെ ചെറിയ തുടക്കമായിരുന്നു അത്.

അക്കാലത്ത് 'മെയ്ഡ് ഇന്‍ ഇന്ത്യ' എന്നത് ഒരു ഭ്രമമായി മാറി യൂറോപ്യര്‍ക്ക്. എത്ര തുക കൊടുത്തും ഇന്ത്യന്‍ തുണിത്തരങ്ങള്‍ വാങ്ങാന്‍ ആളുകള്‍ മത്സരിച്ചു. കൈത്തറിയില്‍ അതി വിദഗ്ദരായ ഇന്ത്യന്‍ തൊഴിലാളികള്‍ നെയ്ത വസ്ത്രങ്ങള്‍ ചൂടപ്പം പോലെ വിറ്റു പോയി. 1800 -കളിലെ വ്യാവസായിക വിപ്ലവത്തില്‍ ഇന്ത്യന്‍ രീതിയില്‍ ഉള്ള കോട്ടനുകള്‍ ഉണ്ടാക്കുന്ന അനേകം വ്യവസായശാലകള്‍ സ്ഥാപിക്കപ്പെട്ടതോടെ ആളുകള്‍ വിലകുറഞ്ഞ അത്തരം വസ്ത്രങ്ങളിലേക്ക് മാറി.

ഇന്ത്യന്‍ ഉരുപ്പടികളിടെ വിപണനത്തില്‍ ലണ്ടന്‍ മാര്‍ക്കറ്റിലെ മാത്രം ലാഭം താഴെ പറയും വിധമായിരുന്നു: 46500 പൗണ്ടിന് വാങ്ങിയ തുണിത്തരങ്ങള്‍ വിറ്റത് 311000 പൗണ്ടിന്. അതിന്റെ ലാഭം കണക്കുകൂട്ടിയാല്‍ ഇന്നത്തെ മൂല്യം 390 കോടി രൂപ. 8 ലക്ഷം പൗണ്ട് (അളവ്) കുരുമുളക് 400 വര്‍ഷം മുന്‍പ് കൊണ്ടുവന്നു വിറ്റത് 73000 പൗണ്ടിന്. അതിന്റെ ലാഭം ഇന്നത്തെ 100 കോടി രൂപ. 1803 ല്‍ മാത്രം കൊണ്ടുവന്ന ചായയുടെ ലാഭം 208 കോടി രൂപ. അങ്ങനെ ഇത്തരത്തില്‍ കമ്പനി ഇന്ത്യയില്‍ നിന്നു കൊണ്ടുപോയ ചരക്കുകളുടെ ആകെ ലാഭം നമുക്ക് കണക്കുകൂട്ടി എടുക്കാവുന്നതിലും അപ്പുറത്താണ്.

 

 

കണക്കുകളില്‍ അന്ധാളിച്ചു മുന്നോട്ട് നടക്കുമ്പോള്‍ ആണ് നമ്മുടെ ഏലവും ജാതിക്കയും കുരുമുളകും കാഴ്ചക്കാര്‍ക്ക് മണത്തു നോക്കാന്‍ പാകത്തിന് പാത്രത്തില്‍ ഇട്ടു പ്രദര്‍ശിപ്പിച്ചിരിക്കുന്നത് കണ്ടത്.  ഇനിയും മുന്നോട്ട് നടക്കുമ്പോള്‍ കുടയൊക്കെ ചൂടിയ വലിയ ഒരു പ്രതിമ. റോക്ക് എന്ന ആനറാഞ്ചിപ്പക്ഷിയുടെ മുകളില്‍പറക്കുന്ന ടിപ്പു സുല്‍ത്താന്‍.  'കമ്പനിയുടെ ശത്രു' എന്ന പേരില്‍ ചെറു വിവരണവുമുണ്ട്. നാലു വര്‍ഷം കമ്പനിയോട് നേരിട്ട് യുദ്ധം നയിക്കുകയും 1799 -ല്‍ യുദ്ധത്തില്‍ വധിക്കപ്പെടുകയും ചെയ്തു, ടിപ്പു. അന്ന് ടിപ്പുവിന്റെ സ്വത്തായ ഒരു മില്യണ്‍ പൗണ്ട് ആണ് കമ്പനി കണ്ടുകെട്ടിയത്. അത് ഇന്നത്തെ 70 മില്യണ്‍ പൗണ്ട്  (700 കോടി രൂപയോളം വരും). ടിപ്പുവിനെതിരായ വിജയം കമ്പനിയുടെ ഇന്ത്യയിലെ അവസാന എതിരാളിയെയും ഇല്ലാതാക്കി.  ടിപ്പുവിന്റെ മരണശേഷം 1829 -ല്‍ ബോംബെ യാര്‍ഡില്‍ നിന്നും ബ്രിട്ടന്‍ പുറത്തിറക്കിയ ആധുനിക യുദ്ധക്കപ്പലിന് 'HMS സെരിംഗപട്ടണം' എന്ന പേര് നല്‍കി.. (ടിപ്പുവിന്റെ മൈസൂരിലെ ആസ്ഥാനം ആയിരുന്നു ശ്രീരംഗപട്ടണം). 'ക്രൂരതകള്‍ ആവര്‍ത്തിക്കാന്‍ ടിപ്പുവെന്ന പട്ടി ഇനിയില്ല'- എന്ന ആനി ബര്‍ണാഡിന്റെ ഡയറിക്കുറിപ്പ് ഈ പ്രതിമയുടെ ഒരു വശത്തും 'കവിയും കലാകാരനും ദേശസ്‌നേഹിയുമായ ഭരണാധികാരി ആയിരുന്നു ടിപ്പു' എന്ന് മറുവശത്തും ഇംഗ്ളീഷുകാര്‍ എഴുതി. കൂടാതെ പ്രദേശത്തു വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിച്ച, ഹിന്ദു രാജ്യം ഭരിച്ച മുസ്ലിം രാജാവ്' എന്ന വിശേഷണവുമുണ്ട്. എന്തുതന്നെയായാലും ബ്രിട്ടന്‍ ടിപ്പുവിന് എത്രത്തോളം പ്രാധാന്യം നല്‍കിയിരുന്നുവെന്നു ഈ ഗാലറിയിലെ കാഴ്ചകള്‍ പറഞ്ഞു തരും.

1800 -കളുടെ മധ്യത്തോടെ ഇന്ത്യയുടെ ഭൂരിഭാഗം ഭൂപ്രദേശങ്ങളും കമ്പനിയുടെ നിയന്ത്രണത്തിലായി. കമ്പനിയുടെ ഭരണവും അവയുടെ പ്രവര്‍ത്തന രീതികളും പിന്നീട് ബ്രിട്ടനിലും ഇന്ത്യയില്‍ പരക്കെയും വിമര്‍ശനവിധേയമായി. 1857- ലെ വിപ്ലവനീക്കം (നമ്മുടെ ഒന്നാം സ്വാതന്ത്ര്യ സമരം) കമ്പനിയെ ബുദ്ധിമുട്ടിലാക്കുകയും 1858 -ല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ കമ്പനി പിരിച്ചു വിട്ട് അധികാരം നേരിട്ട് ഏറ്റെടുക്കുകയും ചെയ്തു.
ഇന്ത്യയാല്‍ ധനികമായി തീര്‍ന്നൊരു രാജ്യം ഇന്ത്യയെ എത്രമേല്‍ വിലമതിക്കുന്നുണ്ടെന്ന് ഈ ഒരൊറ്റ മ്യൂസിയം ഉത്തരം തരും.

തിരിച്ചിറങ്ങുമ്പോള്‍ വഴിയില്‍ കണ്ട മ്യൂസിയം സൂക്ഷിപ്പുകാരന്‍ പറഞ്ഞതും മറ്റൊന്നല്ല-'ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികളെ ഞങ്ങള്‍ അത്രമേല്‍ ബഹുമാനിക്കുന്നു'. ഈ സമ്പന്നതയ്ക്ക് ഞങ്ങള്‍ നിങ്ങളുടെ പൂര്‍വികരോട് കടപ്പെട്ടിരിക്കുന്നുവെന്നാണ് അവര്‍ പറയാതെ പറഞ്ഞു വെയ്ക്കുന്നത്. 

 


ലണ്ടന്‍ വാക്ക്: മുഴുവന്‍ കുറിപ്പുകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം
 

click me!