ലോകത്ത് ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെട്ട കോട്ട. ലണ്ടന്‍ വാക്ക്. നിധീഷ് നന്ദനം എഴുതുന്ന കോളം തുടരുന്നു
ലോകത്ത് ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെട്ട കോട്ടയേതെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് എഡിന്‍ബറക്കോട്ട.. ആക്രമണങ്ങളുടെയും അധിനിവേശങ്ങളുടെയും വേലിയേറ്റങ്ങള്‍ കണ്ട കോട്ട. ഈ നഗരത്തിന്റെ വളര്‍ച്ചയും ഇടര്‍ച്ചയും അതു കണ്ടു. സൂര്യനസ്തമിക്കാത്ത സാമ്രാജ്യമായി ലോകമെങ്ങും പടരും മുന്‍പേയുള്ള ബ്രിട്ടന്റെ ചരിത്രം പലയടരുകളായി ഈ കോട്ടയില്‍ നിന്ന് വായിച്ചെടുക്കാം.
undefined
അധികാരത്തിന്റെ കൊടിയടയാളം ആദ്യമുയരേണ്ടത് കോട്ടകളിലാണെന്ന് ആദ്യം തിരിച്ചറിഞ്ഞ നഗരമാണ് എഡിന്‍ബറ. അധികാരമുറപ്പിക്കുന്നതിന്റെ ആണിക്കല്ലാവേണ്ടത് കോട്ടയാണെന്നും ആ നഗരം പണ്ടേക്കുപണ്ടേ കണ്ടറിഞ്ഞു.
ഡേവിഡിയന്‍ വിപ്ലവമെന്നു പേരുകേട്ട ഡേവിഡ് ഒന്നാമന്റെ ഭരണപരിഷ്‌കാരങ്ങളാണ് പന്ത്രണ്ടാം നൂറ്റാണ്ടില്‍ എഡിന്‍ബറയിലെ കുന്നിന്‍ മുകളില്‍ ഒരു കോട്ടയൊരുക്കുന്നതിന് നാന്ദി കുറിച്ചത്. അപസര്‍പ്പക കഥകളിലെ കോട്ടകളോട് കിടപിടിക്കും വിധമുള്ള ആകാരം. ചെങ്കുത്തായൊരു കുന്നിന്‍ മുകളില്‍ പത്താള്‍ പൊക്കത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന കല്‍മതിലകത്ത് ആര്‍ക്കും കണ്ടാല്‍ ഭീതിയേകുന്നൊരു ഊക്കന്‍ കോട്ട.
കോട്ടയിലേക്കുള്ള കല്‍ക്കെട്ടുകള്‍ കയറുമ്പോള്‍ നൂറ്റാണ്ടുകളായി ഇവിടെ അന്തിയുറങ്ങുന്ന രാജകഥകള്‍ നിങ്ങളെ തേടിയെത്തും. സൈനിക നീക്കങ്ങളുടെ കുതിരക്കുളമ്പടിയൊച്ചകള്‍ കാതില്‍ വന്നടിക്കും. തടവുകാരുടെ രോദനങ്ങള്‍ കാറ്റിനൊപ്പം നിങ്ങളെ കടന്നു പോകും. ഓരോ പടികയറുമ്പോളും ഓര്‍ക്കുക, നിങ്ങള്‍ പിന്തുടരുന്നത് സാമ്രാജ്യങ്ങള്‍ അടക്കി ഭരിച്ചൊരു രാജാവിന്റെയോ രാജ്ഞിയുടെയോ പാദമുദ്രയാവാം. അല്ലെങ്കില്‍ രാജ്യത്തെ സേവിച്ചൊരു പട്ടാളക്കാരന്റെ കാലടി. അതുമല്ലെങ്കില്‍ രാജ്യം കീഴടക്കാനിറങ്ങിപ്പുറപ്പെട്ട ഏതോ പോരാളിയുടെ ശ്വാസഗതി.
ലോകത്ത് ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെട്ട കോട്ടയേതെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് എഡിന്‍ബറക്കോട്ട.. ആക്രമണങ്ങളുടെയും അധിനിവേശങ്ങളുടെയും വേലിയേറ്റങ്ങള്‍ കണ്ട കോട്ട. ഈ നഗരത്തിന്റെ വളര്‍ച്ചയും ഇടര്‍ച്ചയും അതു കണ്ടു. സൂര്യനസ്തമിക്കാത്ത സാമ്രാജ്യമായി ലോകമെങ്ങും പടരും മുന്‍പേയുള്ള ബ്രിട്ടന്റെ ചരിത്രം പലയടരുകളായി ഈ കോട്ടയില്‍ നിന്ന് വായിച്ചെടുക്കാം.
തെക്കുവശത്തുള്ള പടിക്കെട്ടു കയറിച്ചെന്നാല്‍ കോട്ടമൈതാനമായി. അവിടെയാണ് ടിക്കറ്റ് കൗണ്ടര്‍. ടിക്കറ്റു വാങ്ങി ദേഹപരിശോധന കഴിഞ്ഞാല്‍ ഭീമാകാരന്‍ കോട്ട വാതിലില്‍ കൂടി അകത്തു കയറാം. കരിങ്കല്ലു പാകിയ വഴിയില്‍ വലത്തോട്ടു തിരിഞ്ഞു നടന്നാല്‍ ഹാഫ് മൂണ്‍ ബാറ്ററി (ബാറ്ററി എന്നാല്‍ ആയുധപ്പുര എന്നര്‍ത്ഥം)എന്നറിയപ്പെടുന്ന കോട്ടമുറ്റത്തെത്താം..
ഇവിടുന്നു നോക്കിയാല്‍ എഡിന്‍ബറ നഗരത്തിന്റെ മനോഹരമായ ആകാശദൃശ്യം. അകലെ ഫോര്‍ത്ത് ഓഫ് ഫിര്‍ത്ത് എന്ന കടലിടനാഴിയും അതിനപ്പുറം സ്‌കോട്‌ലാന്റ് ഹൈലാന്‍ഡ്സും ആണ്. കിഴക്ക് ഇനിയുമുയരെ കാണുന്ന മലഞ്ചെരിവാണ് ആര്‍തര്‍ സീറ്റ്. ഹിമയുഗത്തിലൊരു ഭീമന്‍ അഗ്‌നിപര്‍വത സ്‌ഫോടനഫലമായി ആര്‍തര്‍ സീറ്റില്‍ നിന്നും വേര്‍പ്പെട്ടു പോന്നതാണ് ഇന്ന് നാം നില്‍ക്കുന്ന കാസില്‍ റോക്ക്. അന്ന് ലാവയൊഴുകിപ്പരന്നുണ്ടായ ഇടനാഴിയാണ് പില്‍ക്കാലത്ത് കോട്ടയില്‍ നിന്ന് ഹോളിറൂഡ് കൊട്ടാരത്തിലേക്കുള്ള രാജപാത (Royal Mile) യായി മാറിയതും അതിനിരുപുറം ഈ നഗരം ഇത്രമേല്‍ വളര്‍ന്നതും.
ഇത്രയും പറഞ്ഞു തീര്‍ത്ത് ഗൈഡ് അടുത്ത പോയന്റിലേക്ക് ക്ഷണിച്ചു. കോട്ടവിടവിലൂടെ കടലിലേക്ക് കണ്ണുനട്ടിരിക്കുന്ന കൂറ്റന്‍ പീരങ്കികള്‍ക്കപ്പുറം മില്‍മൗണ്ട് ബാറ്ററിക്കരികിലുള്ള ഒരുമണി പീരങ്കിക്കരികിലേക്കായിരുന്നു അത്. ദേശീയ അവധി ദിനങ്ങളായ ഞായറും ദുഃഖവെള്ളിയുമൊഴിച്ചുള്ള എല്ലാ ദിവസങ്ങളിലും നഗരവാസികളെ സമയമറിയിച്ചു കൊണ്ട് ഉച്ചയ്ക്ക് കൃത്യം ഒരുമണിക്ക് ഈ പീരങ്കിയില്‍ വെടിമുഴങ്ങും. അത് കാണാന്‍ ദിനവും ഇവിടെ ആള് കൂടും.
നൂറ്റാണ്ടുകളോളം രാജവസതിയായിരുന്നു എഡിന്‍ബറക്കോട്ട. 1093 -ല്‍ മാര്‍ഗരറ്റ് രാജ്ഞി ഇവിടെ കാലം ചെയ്തു. പിന്നീട് വിശുദ്ധയായി മാറിയ സെയിന്റ് മാര്‍ഗരറ്റിന്റെ പേരില്‍ മകനായ ഡേവിഡ് രാജാവ് ഇവിടെയൊരു ചാപ്പല്‍ പണിതു. അതാണ് എഡിന്‍ബറക്കോട്ടയിലെ ഏറ്റവും പഴക്കമേറിയ നിര്‍മ്മിതി. രാജകീയ വിരുന്നുകാര്‍ക്ക് ഗ്രേറ്റ് ഹാളും രാജസഭയും നിര്‍മ്മിച്ച ജെയിംസ് നാലാമന് പക്ഷെ അധികകാലം അധികാരത്തില്‍ തുടരാനായില്ല. സ്വന്തം അളിയനായ ഇംഗ്ലണ്ടിലെ ഹെന്റി എട്ടാമനുമായുള്ള ഫ്‌ലോഡന്‍ യുദ്ധത്തില്‍ അദ്ദേഹം ജീവന്‍ വെടിഞ്ഞു. പിന്നീട് രാജാവായ ജെയിംസ് അഞ്ചാമന്‍ പതിനേഴു മാസം പ്രായമുള്ളപ്പോള്‍ അധികാരത്തിലെത്തുകയും അടുത്ത രാജ്യാവകാശിയായ മകള്‍ സ്‌കോട്‌ലാന്റിലെ മേരി (Mary of scotlant) ജനിച്ച് അഞ്ചാം ദിവസം യുദ്ധത്തില്‍ മരിക്കുകയും ചെയ്തു.
വളര്‍ന്നപ്പോള്‍ ഫ്രാന്‍സ് രാജകുമാരനെ വിവാഹം ചെയ്യുക വഴി ഫ്രാന്‍സിന്റെ കൂടി രാജ്ഞിയായി മാറിയ മേരി, അടുത്ത രാജ്യാവകാശിയായ (പില്‍ക്കാലത്ത് ഗ്രേറ്റ് ബ്രിട്ടന്റെ ആദ്യത്തെ രാജാവ്) ജെയിംസ് ആറാമന് ജന്മം നല്‍കിയതും ഇതേ കോട്ടയിലാണ്.. 1603 ല്‍ ഇംഗ്ലണ്ടിന്റെയും അയര്‍ലന്റിന്റെയും രാജ്ഞിയായിരുന്ന ക്വീന്‍ എലിസബത്ത് മരിച്ചതോടു കൂടി ജെയിംസ് ആറാമന്‍ (ഇംഗ്ലണ്ടില്‍ ജെയിംസ് ഒന്നാമന്‍) ഗ്രേറ്റ് ബ്രിട്ടന്റെ ആകമാനം രാജാവായി തീരുകയും രാജ്യത്തിന്റെ ഭരണസിരാകേന്ദ്രം ഇവിടെ നിന്ന് ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റര്‍ അബ്ബെയിലേക്ക് മാറുകയും ചെയ്തു. പിന്നീടങ്ങോട്ട് എഡിന്‍ബറക്കോട്ട മുഖ്യമായും സൈനിക ആവശ്യങ്ങള്‍ക്കായാണ് ഉപയോഗിക്കപ്പെട്ടത്..
കോട്ടയില്‍ ഏറ്റവുമധികം തിരക്കനുഭവപ്പെടുന്നത് ക്രൗണ്‍ റൂമിലാണ്. ഇവിടെ ചിത്രങ്ങളെടുക്കാന്‍ അനുവാദമില്ല. കാരണം സ്‌കോട്‌ലാന്റിലെ ഏറ്റവും മൂല്യമുള്ള വസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്നതിവിടെ ആണ്. സ്‌കോട്ടിഷ് രാജകിരീടം ആണ് ഏറ്റവും മുഖ്യം. ബ്രിട്ടനിലെ ഏറ്റവും പഴക്കമേറിയ രാജകിരീടം. മുന്തിയ ഇനം ചെമ്പട്ടു തുണിയില്‍ സ്വര്‍ണവും വെള്ളിയും അമൂല്യയിനം രത്നങ്ങളും ചേര്‍ത്തുണ്ടാക്കിയ കിരീടമാണ്. പുരാണകഥയിലെ രാജാക്കന്മാരുടെ കഥകളില്‍ മാത്രം സങ്കല്പിച്ചു പോന്നിട്ടുള്ള ഇത്തരത്തിലൊന്നു ജീവിതത്തിലാദ്യമായി കാണുകയാണ്. എത്രയെത്ര സിംഹാസനാധിപന്മാര്‍ക്ക് തലയെടുപ്പ് നല്‍കിയ കിരീടമാണിത്. ഇതിന്റെ കൂടെ രാജാവിന്റെ വാളും വസ്ത്രങ്ങളുമുണ്ട്.. പിന്നെയുള്ള പ്രധാന വസ്തു രാജശിലയാണ ്(Dynasty stone). സ്‌കോട്ടിഷ് രാജാക്കന്മാരെ വാഴിക്കുന്നത് ഈ കല്ലിലിരുത്തിയാണ്.
കീപ്പെന്നു വിളിക്കുന്ന കോട്ടയുടെ ഏറ്റവും പ്രധാന ഭാഗം ഇന്ന് യുദ്ധ സ്മാരകമാണ്. ഇംഗ്ലണ്ടിന്റെ ദേശീയ മൃഗമായ സിംഹവും സ്‌കോട്‌ലാന്റിന്റെ യൂണികോണും ഇടം വലം കൊത്തിവച്ചിട്ടുള്ള കവാടത്തിലൂടെ അകത്തു ചെന്നാല്‍ ഒന്നും രണ്ടും ലോക മഹാ യുദ്ധങ്ങളില്‍ ജീവന്‍ വെടിഞ്ഞ സൈനികര്‍ക്കുള്ള ഓര്‍മ്മപ്പുസ്തകങ്ങള്‍ കാണാം.. അക്ഷരമാലാക്രമത്തില്‍ ഓരോ സൈനികന്റെയും പേരും അഡ്രസ്സും എഴുതിച്ചേര്‍ത്തിരിക്കുന്ന ആ പുസ്തകത്തില്‍ ഉറ്റവരുടെ പേര് തിരയുന്ന ഒത്തിരി പേരെ കണ്ടു.
ഇനി ഗ്രേറ്റ് ഹാളിലേക്ക്. അവിടെ യുദ്ധോപകരണ മ്യൂസിയമാണ്. രാജകീയ വിരുന്നു സല്‍ക്കാരങ്ങള്‍ക്കും രാജസഭയ്ക്കുമായി നിര്‍മ്മിക്കപ്പെട്ടിട്ടുള്ള ഇവിടുത്തെ ചുമരുകളൊക്കെയും പലതരം വാളും പരിചയും പടച്ചട്ടയും മുഖാവരണങ്ങളും കൊണ്ട് അലങ്കരിക്കപ്പെട്ടിരിക്കുന്നു.. ഓരോ കാലഘട്ടത്തിലെയും ആംഗ്ലോ സ്‌കോട്ടിഷ് രാജാക്കന്മാരുടെ ആയുധശേഖരം ഇവിടെ കാണാം.
ഇനിയുള്ളത് സ്‌കോട് സൈന്യത്തിന്റെ റോയല്‍ റെജിമെന്റ് മ്യൂസിയം ആണ്. അവിടെ സ്‌കോട്ടിഷ് സൈന്യത്തിന്റെ പദവികളും ബാഡ്ജുകളും സൈനിക വേഷങ്ങളും കാണാം.
അത് കഴിഞ്ഞാല്‍ കോട്ടയ്ക്കകത്തെ ജയിലറകളിലേക്ക് പോകാം. അവിടെ ജയില്‍ നാളുകളിലെ ജീവിതങ്ങള്‍ അതേപോലെ പുനഃസൃഷ്ടിച്ചു വച്ചിരിക്കുന്നു. ജയില്‍ പുള്ളികളുടെ ഭക്ഷണശാലയും ഉറക്കറയും മാത്രമല്ല, അക്കാലയളവിലെ അവരുടെ മനോ വ്യാപാരങ്ങള്‍ വ്യക്തമാക്കുന്ന വാതിലുകളിലെയും ജനലുകളിലെയും അടയാളപ്പെടുത്തലുകളും കാണാം. അതോടൊപ്പം ചിഹ്നശാസ്ത്രകാരന്മാര്‍ അവ അപഗ്രഥിച്ചു തയ്യാറാക്കിയ കുറിപ്പുകളും.
പിന്നെയുള്ളത് നാഷണല്‍ വാര്‍ മ്യൂസിയമാണ്.. അവിടെ ഒന്നും രണ്ടും ലോകമഹായുദ്ധങ്ങളിലെ സ്‌കോട്ടിഷ് സംഭാവനകളെ കുറിച്ചുള്ള വിവരണങ്ങളുണ്ട്.. അതിന്റെ മുറ്റത്ത് ഫീല്‍ഡ് മാര്‍ഷല്‍ ഡഗ്ലസ് ഹെയ്ഗിന്റെ കുതിരമേലിരിക്കുന്ന കൂറ്റന്‍ പ്രതിമ. തൊട്ടടുത്തുള്ള വ്യൂ പോയിന്റില്‍ പോയി നിന്നാല്‍ എഡിന്‍ബറയുടെ പനോരമ ദൃശ്യം. അങ്ങകലെ മറെ ഫീല്‍ഡ് ഫുട്‌ബോള്‍ സ്റ്റേഡിയം.
കോട്ടയ്ക്കകത്തെ തിരക്കൊഴിയുകയാണ്. സൂര്യന്‍ പടിഞ്ഞാറേ കടലില്‍ അസ്തമയത്തോടടുക്കുന്നു. ഇനി പളുങ്കുപാത്രത്തില്‍ സ്‌കോച്ച് വിസ്‌കികളൊഴുകുന്ന ആഘോഷരാവാണ്. എഡിന്‍ബറ അതിന്റെ സ്വതസിദ്ധമായ ആലസ്യം വിട്ടുണരുകയായി..