സ്‌കൂളും പ്ലേസ്‌കൂളും ഒക്കെ അടഞ്ഞുപോയ കൊവിഡിന്റെ കാലത്ത് നിങ്ങളുടെ കുട്ടികള്‍ എങ്ങനെയാണ് കഴിയുന്നത്. തങ്കം തോമസ് എഴുതുന്നു
സ്‌കൂളും പ്ലേസ്‌കൂളും ഒക്കെ അടഞ്ഞുപോയ കൊവിഡിന്റെ കാലത്ത് നിങ്ങളുടെ കുട്ടികള്‍ എങ്ങനെയാണ് കഴിയുന്നത്? അവരുടെ ലോകം കൂടുതല്‍ ഇടുങ്ങിപ്പോയോ? അതോ, ഇന്റര്‍നെറ്റിലൂടെ അവര്‍ കൂടുതലായി ലോകത്തെ അറിയുന്നുണ്ടോ? നിങ്ങളുടെ അനുഭവങ്ങള്‍ വിശദമായി എഴുതി ഞങ്ങള്‍ക്ക് അയക്കൂ. ഒപ്പം, കുട്ടികളുടെയും നിങ്ങളുടെയും ഫോട്ടോകളും വിലാസവും. സബ്ജക്ട് ലൈനില്‍ ലോക്ക്ഡൗണ്‍ കുട്ടികള്‍ എന്നെഴുതണം. വിലാസം: submissions@asianetnews.in
undefined
പതിവിലുമല്‍പം നീണ്ടൊരു അവധിക്കാലം കഴിഞ്ഞ് നാട്ടില്‍നിന്ന് ജെറമായക്കൊപ്പം ഞാന്‍ ദോഹയിലെത്തി അടുത്ത ദിവസമാണ് ലോകം ലോക്ക്ഡൗണിന്റെ പിടിയിലമര്‍ന്നത്. അന്ന് ഞങ്ങള്‍ ദോഹയിലെ പഴയ എയര്‍പോര്‍ട്ടിന് സമീപത്ത് മുഗ്ലീന എന്ന സ്ഥലത്താണ് താമസിച്ചിരുന്നത്. ജോണ്‍ ഒറ്റയ്ക്കായിരുന്നപ്പോള്‍ എടുത്ത ഫ്‌ളാറ്റാണ്, ട്രൂത്ത് അപ്പാര്‍ട്ട്‌മെന്റിലെ 303. രണ്ട് മുറികളും ഹാളും കിച്ചണും, ഒറ്റമുറി ഫ്‌ലാറ്റിന്റെ പ്ലാനില്‍ ബില്‍ഡര്‍ മാറ്റം വരുത്തി രണ്ട് ബെഡ്‌റൂം ആക്കിയിരിക്കുകയാണ്. പകല്‍ പോലും ഹാളില്‍ വെട്ടം കയറില്ല, കിച്ചണിലും ഹാളിലും എപ്പോഴും ലൈറ്റ് വേണം. പ്രവാസത്തിന്റെ ആദ്യഘട്ടത്തില്‍ എനിക്ക് അതൊരു പ്രശ്‌നമായിരുന്നില്ല, ഞാനൊരു ഹിമക്കരടിയെ പോലെ ജോണ്‍ ഓഫീസില്‍ നിന്ന് വരുവോളം ഉറങ്ങും.
ലോക്ക്ഡൗണിന് മുന്‍പ് വരെ ജെറമായയും ആ ഫ്‌ളാറ്റില്‍ സന്തോഷത്തോടെയാണ് കഴിഞ്ഞത്. ഞങ്ങളെന്നും വൈകീട്ട് ഇവിടെയുള്ള അല്‍ബിദാ പാര്‍ക്കില്‍ നടക്കാന്‍ പോകും. അടുത്ത ഫ്‌ളാറ്റില്‍ ഡല്‍ഹിക്കാരായ സുനിലും നീലവും അവരുടെ കുഞ്ഞുങ്ങള്‍ തനായയും ഷനായയും ആണ് ഉള്ളത്. എനിക്ക് കത്തിവയ്ക്കാന്‍ നീലവും, ജെറമിക്ക് കളിക്കാന്‍ തനായയും , ഷാനു അന്ന് കുഞ്ഞുവാവയാണ്.
ബ്ലോക്കേഡ് വന്നതോടെ ഞങ്ങളുടെ ഫ്‌ളാറ്റില്‍ താമസിച്ചിരുന്ന പലരും ജോലി നഷ്ടമായി ജന്മനാട്ടിലേക്ക് മടങ്ങുകയോ, വാടക കുറവുള്ള മറ്റിടങ്ങളിലേക്ക് മാറുകയോ ചെയ്തതോടെ ഞങ്ങളുടെ ബില്‍ഡിങ്ങിലെ മിക്ക ഫ്‌ളാറ്റുകളും ഒഴിഞ്ഞു കിടക്കുകയായിരുന്നു. കുരുത്തംകെട്ട ഞങ്ങള്‍, അപ്പച്ചന്‍ എന്ന് വിളിക്കുന്ന ഒരു ഈജിപ്ഷ്യന്‍ ചേട്ടനും (പുള്ളിക്ക് 45 വയസ്സേ ഉള്ളൂ, പക്ഷെ പഞ്ഞിക്കെട്ടുപോലെ നരച്ച തല ചായം തേക്കാതെ നടക്കുകയാണ് കക്ഷി) നമ്മളെ കണ്ടാല്‍ ചിരിക്കാന്‍ പോലും മടിക്കുന്ന ഒരു ഈജിപ്ഷ്യന്‍ ഫാമിലിയും ആയിരുന്നു ഉണ്ടായിരുന്നത്. ലോക്ക്ഡൗണ്‍ തുടങ്ങി ആദ്യ ആഴ്ച തന്നെ നീലവും സുനിലും വക്രയിലേക്കും, ഈജിപ്ഷ്യന്‍ ചേട്ടന്‍ ദോഹയിലെ മറ്റൊരു ഫ്‌ളാറ്റിലേക്കും താമസം മാറി, അതോടെ ഞങ്ങള്‍ തീര്‍ത്തും ഒറ്റപ്പെട്ടു.
നാട്ടില്‍ നിന്നെത്തി രണ്ടു ദിവസം കഴിഞ്ഞ് ജെറമായക്ക് പനി തുടങ്ങി, കാലാവസ്ഥാ മാറ്റമാണ്, പക്ഷെ അല്‍ അഹ്‌ലിയില്‍ ട്രാവല്‍ ഹിസ്റ്ററി പറഞ്ഞപ്പോള്‍ വിശദമായി ചെക്ക് ചെയ്തു. ആശുപത്രികള്‍ വലിയ ഇഷ്ടമാണ് കുഞ്ഞുമനുഷ്യന്, ഇത്ര പക്വത വന്ന ഒരു രോഗിയെ ഞാന്‍ വേറെ കണ്ടിട്ടില്ല. എന്തായാലും ദൈവമേ കൊറോണയാണോന്ന് വെറുതെ പേടിച്ചു.
കമ്പനികള്‍ എല്ലാം വര്‍ക്ക് ഫ്രം ഹോമായി. ജെറമി അച്ചാച്ചന്റെ മടിയില്‍ നിന്ന് ഇറങ്ങാതായി. അവനെ മടിയില്‍ ഇരുത്തി ജോണ്‍ ജോലി ചെയ്തു.
പാര്‍ക്കുകളും മാളുകളും ഈ മരുഭൂമി ജീവിതത്തിലെ പച്ചതുരുത്തുകളാണ്, പക്ഷെ കൊറോണ അവയെല്ലാം മാറ്റിമറിച്ചു. കുഞ്ഞുമായി കാറില്‍ കറങ്ങുകയല്ലാതെ മറ്റൊരു മാര്‍ഗ്ഗമില്ലാത്ത അവസ്ഥ. ക്രമേണ ജെറമായ പകലുറങ്ങാതെ ആയി, ചിലപ്പോഴെല്ലാം ഭിത്തിയില്‍ തലയിട്ട് ഇടിച്ചു. ഭയങ്കര ദേഷ്യവും കരച്ചിലും, ഞങ്ങളും ഭയന്നുപോയി.
ജെറമായയുടെ ഇവിടുത്തെ ഡോക്ടര്‍ ഈജിപ്റ്റുകാരനായ ഡോ ഇഹാബാണ്, 60 വയസിലേറെ പ്രായമുണ്ട്. കൊറോണ കാരണം കാണാന്‍ പറ്റില്ല. ഹോസ്പിറ്റലുകളിലെ ഒപി എല്ലാം അടച്ചിരുന്നു. ആ നേരത്ത് എനിക്കു കിട്ടിയ പിടിവള്ളിയാണ്, കാരിത്താസ് ആശുപത്രിയിലെ പീഡിയാട്രീഷന്‍ ഡോ.സുനു ജോണ്‍. ഡോക്ടര്‍ തിരുവനന്തപുരത്ത് ഞങ്ങളുടെ അയല്‍വാസിയാണ്. ഫളാറ്റിലെ സാഹചര്യങ്ങളൊക്കെ വിവരിച്ചപ്പോള്‍ ഡോക്ടര്‍ പറഞ്ഞു കുഞ്ഞിനെ കഴിയുന്നതും പുറത്ത് കൊണ്ടു പോകണം, സ്‌ട്രെസ് കൊണ്ടാണ് കുഞ്ഞ് തലയിട്ട് ഇടിക്കുന്നത് എന്ന്. ഒട്ടും തന്നെ സ്‌ക്രീന്‍ടൈം നല്‍കാത്ത കുട്ടിയാണ് ജെറമായ. ടിവിയില്‍ നിന്ന് പരമാവധി അകറ്റി നിര്‍ത്തി, പുറംലോകത്തെ കാഴ്ചകള്‍ കാണട്ടേ എന്നായിരുന്നു ചിന്ത. കോവിഡ്-19 ആ തീരുമാനത്തെയും മാറ്റിമറിച്ചു.
നമുക്കൊരു പ്രശ്‌നമുണ്ട്, ശാരീരിക ആരോഗ്യത്തിന് നല്‍കുന്ന പ്രാധാന്യം മാനസികാരോഗ്യത്തിന് നമ്മള്‍ നല്‍കാറില്ല. ദോഹയിലെ അമ്മമാരുടെ ഒരു കൂട്ടായ്മയുണ്ട് ഫേസ്ബുക്കില്‍, പോസിറ്റീവ് ബര്‍ത്തിങ് ഗ്രൂപ്പ്. അവിടെ ചില യൂറോപ്യന്‍മാരായ അമ്മമാരാണ് കുട്ടികളെ ഇങ്ങനെ അടച്ചിട്ടാല്‍ അവരുടെ മാനസികവളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും എന്ന ആകുലത പങ്കുവച്ചത്. അത് ശരിയെന്ന് ബോധ്യപ്പെട്ടതു കൊണ്ട്, ഞങ്ങള്‍ ബാല്‍ക്കണിയും വെളിച്ചവും ഉള്ള മറ്റൊരിടത്തേക്ക് താമസം മാറ്റി.
ആദ്യമാസം തന്നെ കുഞ്ഞില്‍ പ്രകടമായ മാറ്റം വന്നു. പകുതിയിലേറെ സമയവും അവന്‍ ബാല്‍ക്കണിയില്‍ ചിലവഴിച്ചു. ഞങ്ങള്‍ നട്ടുപിടിപ്പിച്ച ചെടികളോടും തണല്‍ തേടി എത്തുന്ന പ്രാവുകളോടും കിന്നാരം പറഞ്ഞു. ടിവിയൊക്കെ അരമണിക്കൂര്‍ കണ്ടാലായി. ചെടിക്ക് വെള്ളമൊഴിക്കാന്‍ അവനേയും കൂടെ കൂട്ടി.
ഇതിനിടെ കൊറോണക്കേസുകളുടെ എണ്ണം കുറഞ്ഞതോടെ ദോഹയില്‍ ചെറിയ ഇളവുകള്‍ നല്‍കി. അതോടെ ഞങ്ങള്‍ യാത്രകള്‍ പുനരാരംഭിച്ചു. ആള്‍ത്തിരക്കില്ലാത്ത ബീച്ചുകളിലും, പാര്‍ക്കുകളിലും പോയി.ജെറമി അവിടയെല്ലാം ഓടിനടന്നു കളിച്ചു. അല്‍ഖോറെന്ന ഖത്തറിലെ മനോഹര സ്ഥലത്ത് സ്റ്റെക്കേഷനു പോയി. അവിടെ പൂളിലും ബീച്ചിലുമെല്ലാം തിമര്‍ത്തു കളിച്ചു. പുതിയ ഫ്‌ളാറ്റിന് പ്ലേ ഏരിയാ ഉള്ളതുകൊണ്ട് അവിടെയുള്ള കുട്ടിക്കൂട്ടവുമായി കൂട്ടുകൂടാനും കളിക്കാനും വൈകുന്നേരങ്ങളില്‍ ഞങ്ങളിറങ്ങി.
ജെറമി ഇക്കാലത്ത് ഒരുപാട് പുതിയ കാര്യങ്ങള്‍ പഠിച്ചു, ബീച്ചുകള്‍ ധാരാളമുളള ഖത്തറില്‍, കടലും കടലിലെ ജീവികളുമെല്ലാം എന്റെ രണ്ടരവയസുകാരന് സുപരിചിതമായി. സെക്രീത്ത് ബീച്ചില്‍ ടെന്റടിച്ച് കിടക്കാന്‍ പദ്ധതിയിട്ടത് ഞങ്ങളാണെങ്കിലും അവനാണ് ആ ബീച്ച് ദിനം നന്നായി ആസ്വദിച്ചത്.
സാമൂഹ്യജീവിതത്തിന്റെ അഭാവമായിരുന്നു ഞങ്ങള്‍ നേരിട്ട അടുത്ത വെല്ലുവിളി, ഞങ്ങളെ രണ്ടു പേരെ മാത്രം കാണുന്ന കുട്ടി എത്രത്തോളം സാമൂഹ്യജീവിതത്തിന്റെ പാഠങ്ങള്‍ മനസിലാക്കുമെന്ന ആധിു. സമപ്രായക്കാരായ കുട്ടികളുടെ കൂടെ കളിക്കുന്നതിനേക്കാള്‍ ഒറ്റയ്ക്ക് കളിക്കുന്നതിനാണ് ജെറമി അന്ന് ഇഷ്ടപ്പെട്ടിരുന്നത്. പിന്നെ ഞങ്ങള്‍ സുഹൃത്തുക്കളുടെ വീടുകളില്‍ ആഴ്ചയില്‍ ഒരിക്കല്‍ സന്ദര്‍ശനം നടത്തി, അല്ലെങ്കില്‍ അവര്‍ ഞങ്ങളെ സന്ദര്‍ശിച്ചു. ജോണിന്റെ സഹപ്രവര്‍ത്തകന്‍ അനീഷും ഭാര്യ അഞ്ജനയും ഞങ്ങളുടെ അടുത്ത സുഹൃത്തുക്കളാണ്. അവരുടെ വീട്ടില്‍ ജെറമിയുടെ സ്വന്തം നന്ദുചേട്ടനും, ഉണ്ണിക്കുട്ടനുമുണ്ട്, പിന്നെ ഇടയ്ക്ക് അവന്റെ പ്രിയപ്പെട്ട തനായയും ഷനായുമായും കളിക്കാന്‍ പോകും. പക്ഷെ ഒരുമിച്ച് കളി മിക്കപ്പോഴും നടന്നില്ല. ഓരോരുത്തര്‍ ഓരോ കളിപ്പാട്ടവുമായി ഒറ്റയ്ക്ക് കളിക്കും. കണ്ടുകണ്ട് ശരിയാകുമെന്ന് പ്രതീക്ഷിച്ചു.
2021 ഏപ്രിലോടെ കൊറോണക്കേസുകള്‍ വീണ്ടും കൂടിയ പശ്ചാത്തലത്തില്‍ ദോഹയില്‍ വീണ്ടും 12 വയസില്‍ താഴെയുള്ള കുട്ടികളെ പാര്‍ക്കുകളിലും മാളുകളിലും കൊണ്ടുപോകാന്‍ പാടില്ലെന്ന് നിയമം വന്നു. ഫ്‌ലാറ്റിലെ പ്ലേ ഏരിയായും അടച്ചു. കുട്ടികളെല്ലാം വീണ്ടും വീടുകള്‍ക്കുള്ളില്‍ കുടുങ്ങി.
പക്ഷെ ആദ്യ ലോക്ക്ഡൗണിന്റെ അത്ര പ്രശ്‌നം ഇക്കുറി ഉണ്ടായില്ല. ഖത്തറിന്റെ ഭൂപടത്തിലെ ബീച്ചുകള്‍ അടയാളപ്പെടുത്തി ഞങ്ങള്‍ വൈകുന്നേരങ്ങളില്‍ അങ്ങോട്ട് വച്ചുപിടിച്ചു. വെള്ളത്തില്‍ കളിച്ചു, ബര്‍വാ വില്ലേജെന്ന ചെറിയ ടൗണ്‍ഷിപ്പില്‍ ജെറമിക്കൊപ്പം നടക്കാന്‍ പോയി. ഇടയ്ക്ക് ഒരു മണിക്കൂര്‍ ടിവി കാണിച്ചു. മാഷയും, പെപ്പാ പിഗ്ഗും ഒക്കെ ജെറമിയുടെ ഭാഷാധ്യാപകരായി, കാത്തുവും പൂപ്പിയും മലയാളം പഠിപ്പിച്ചു.
ആ രണ്ടു മാസം പെട്ടെന്ന് പോയി, കേസുകള്‍ 200-ല്‍ താഴെയായതോടെ ഇവിടെ നഴ്‌സറികള്‍ ഇപ്പോള്‍ തുറന്നിട്ടുണ്ട്, മാളുകളും പാര്‍ക്കുകളുമെല്ലാം തുറന്നു. സാമൂഹിക അകലവും മാസ്‌കും ഉണ്ടെന്നതൊഴിച്ചാല്‍ ജീവിതം പഴയതുപോലെയായി.
മറ്റു കുട്ടികളുമായി കളിക്കാനും കൂട്ടുകൂടാനും ഞങ്ങള്‍ ജെറമിയെ ഡേകെയറില്‍ വിട്ടു. ന്യൂമൂണ്‍ നഴ്‌സറിയില്‍ അവന്റെ പ്രിയപ്പെട്ട അന്ന ടീച്ചറിനും ട്രിഷ ആന്റിക്കും ഒപ്പം അവന്‍ സന്തുഷ്ടനാണ്. ടിയാരയും ദീനും, ഇമാദും അടങ്ങിയ കുട്ടിക്കൂട്ടത്തിന്റെയൊപ്പം അവനും പഠിക്കുന്നുണ്ട്, പങ്കുവയ്ക്കലിന്റെ ആദ്യപാഠങ്ങള്‍.
വലിയ പെരുന്നാള്‍ അവധിദിനങ്ങളില്‍ വീട്ടിലിരുന്നപ്പോള്‍ അവന്‍ ഞങ്ങളോട് പറഞ്ഞു, സ്‌കൂളില്‍ പോകണം, ചെറിയ മനുഷ്യന് അവന്റെ ആകാശങ്ങളും അവകാശങ്ങളും നിഷേധിക്കാന്‍ കൊറോണയ്ക്ക് പോലും ഞങ്ങള്‍ അവസരം കൊടുത്തില്ലല്ലോ എന്നോര്‍ത്ത് അഭിമാനമുണ്ട്.