കൊറോണ ബര്‍ഗര്‍ മുതല്‍ അമേരിക്കന്‍ ദുരന്തം വരെ; എത്ര നോര്‍മലാണിപ്പോള്‍ ലോകം?

By Rasheed KP  |  First Published Apr 14, 2020, 12:26 AM IST

ഒരൊറ്റ വൈറസ് കൊണ്ട് നമ്മുടെ ലോകം ഇങ്ങനെ മാറി. ലോക്ക്ഡൗണ്‍ കുറിപ്പുകള്‍ ഇരുപതാം ദിവസം. കെ. പി റഷീദ് എഴുതുന്നു


 


ലോകത്തെ അനേകം ഭരണകൂടങ്ങള്‍ സമാനമായ പ്രതിസന്ധികളിലൂടെയാണ് കഴിഞ്ഞു പോവുന്നത്. അപ്രതീക്ഷിതമായി വന്ന രോഗം. കൊടുങ്കാറ്റ് പോലെ പടര്‍ന്ന വൈറസ്. ഒരുമിച്ചുനിന്ന് പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ട സമയവും സാഹചര്യവും. സമഗ്രമായ പ്രതിരോധ രീതികള്‍ സ്വീകരിക്കാന്‍ കഴിയാത്തവിധം പക്വതയില്ലാത്ത, കെട്ടുകാഴ്ചകള്‍ കൊണ്ടുമാത്രം കളം പിടിക്കുന്ന ഭരണനേതൃത്വങ്ങള്‍. ഇതെല്ലാം തീര്‍ക്കുന്ന പ്രതിസന്ധി ചെറുതല്ല. ലോകമെങ്ങും കളം പിടിച്ച തീവ്രവലതുപക്ഷ ഭരണാധികാരികളാവട്ടെ, എന്തു മണ്ടത്തരം കാണിച്ചും ജനങ്ങളെ പറ്റിക്കാമെന്ന മട്ടിലാണ്. സത്യം പറയാമല്ലോ, ആളാവാന്‍ മണ്ടത്തരം പറഞ്ഞും കാര്യങ്ങളുടെ ഗുരുതരാവസ്ഥ ഒളിച്ചുവെച്ചും ഞാനുള്ളപ്പോള്‍ പിന്നെന്ത് കൊറോണ എന്ന മട്ടിലുള്ള ഷോ ഓഫിന് മാത്രം ഒരു കുറവുമില്ല.





കഴിഞ്ഞ ദിവസങ്ങളിലൊന്നിലാണ് ആ വാര്‍ത്ത വന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കൊവിഡ് 19 രോഗം ബാധിച്ച് ആശുപത്രിയില്‍ അഡ്മിറ്റായി. ബ്രിട്ടനിലെ കൊറോണ വിരുദ്ധ യുദ്ധത്തിനു നേതൃത്വം നല്‍കേണ്ട ആളാണ്. പ്രധാനമന്ത്രിയാണ്. പുള്ളിക്ക് കൊവിഡ് പോസിറ്റീവായ കാര്യം അതിനും പത്തുദിവസം മുമ്പ് പുറത്തുവന്നിരുന്നു. അന്നേ ഞെട്ടിയ ലോകം, ആശുപത്രി വാസം അറിഞ്ഞതോടെ അക്ഷരാര്‍ത്ഥത്തില്‍ അമ്പരന്നു. കൊവിഡ് രോഗത്തിനെതിരെ പൊരുതിക്കൊണ്ടിരിക്കുന്നതിനിടെ ബ്രിട്ടീഷുകാര്‍ തല പൊക്കി തരിച്ചിരിപ്പായി.

ഞെട്ടലും തരിപ്പുമെല്ലാം അവിടെത്തീര്‍ന്നു. കണ്ടവരെയെല്ലാം കുടുകുടെ ചിരിപ്പിച്ചുകൊണ്ട് ആ വീഡിയോ വരവായി.

എന്താണ് കാര്യം എന്നറിയണ്ടേ? ബ്രിട്ടീഷ് പ്രധാനമന്ത്രി ആശുപത്രിയിലായ വിവരമറിഞ്ഞ്, അദ്ദേഹത്തിന്റെ മുതിര്‍ന്ന ഉപദേഷ്ടാവ് ഡൊമിനിക് കുമിംഗ്‌സ്, ഔദ്യോഗിക വസതികളും കാര്യാലയങ്ങളും സ്ഥിതി ചെയ്യുന്ന ഡൗണിംഗ് സ്ട്രീറ്റില്‍നിന്നും റോഡിലേക്കിറങ്ങി, ഒറ്റ ഓട്ടം വെച്ചു കൊടുത്തു. വെറും ഓട്ടമല്ല, തോളിലൊരു കറുത്ത ബാഗുമിട്ട്, പ്രേതത്തെ കണ്ടതുപോലെ ഓടടാ ഓട്ടം!

ഓട്ടം കൃത്യമായി സ്‌കൈ ന്യൂസിന്റെ ക്യാമറയില്‍ പതിഞ്ഞു. അവിടെ നിന്നത് ടി വി സെറ്റുകളിലേക്കും സോഷ്യല്‍ മീഡിയയിലേക്കും ഒഴുകി. കണ്ടവരെല്ലാം പൊട്ടിച്ചിരിച്ചു. അത് കാണണം എന്നു തോന്നുന്നെങ്കില്‍, ഇതാ കാണൂ.





ഉപദേശകന്റെ ഓട്ടമറിഞ്ഞിട്ടാണോ എന്നറിയില്ല, ഐസിയുവില്‍ മൂന്ന് രാത്രികള്‍ കഴിഞ്ഞ ശേഷം, സാക്ഷാല്‍ പ്രധാനമന്ത്രി തന്നെ ആശുപത്രി വിട്ടു. ഇനിയുള്ള കുറച്ചു നാളുകള്‍ വസതിയില്‍ ചെലവഴിക്കാനാണ് പരിപാടി. തല്‍ക്കാലം, ഔദ്യോഗിക കാര്യങ്ങളില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കും. എങ്കിലും, തക്കസമയത്തു സംഭവിച്ച ആ ഓട്ടം ഉണ്ടാക്കിയ 'മാനക്കേട്' മറികടക്കാന്‍ പുള്ളിക്കിനി കാലം കുറേ കഴിയേണ്ടിവരും.

ചിരിക്കേണ്ട, നമ്മുടെ നാട്ടിലും അവസ്ഥ വലിയ വ്യത്യാസമൊന്നുമില്ല. സംശയമുണ്ടെങ്കില്‍, മധ്യപ്രദേശിലേക്ക് നോക്കൂ. നാലു ദിവസത്തിനിടെ 23 കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത അവിടെ കൊറോണക്കെതിരെ പട നയിക്കാന്‍ ആളില്ല. മാര്‍ച്ച് 23ന്  കോണ്‍ഗ്രസ് മന്ത്രിസഭയെ അട്ടിമറിച്ച് താഴെയിട്ട് മുഖ്യമന്ത്രിയായ ശേഷം ബി ജെ. പി നേതാവ് ശിവരാജ് സിങ് ചൗഹാന് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. പിറ്റേന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. മന്ത്രിസഭ ഇല്ലാത്തതിനാല്‍, ആരോഗ്യവകുപ്പ് ഭരിക്കാന്‍ ആളില്ല. പകരം അതു ഭരിച്ചുകൊണ്ടിരുന്ന ആരോഗ്യ വകുപ്പ് സെക്രട്ടറി ഉള്‍പ്പെടെ 70 ഉന്നത ഉദ്യോഗസ്ഥര്‍ കൊവിഡ് ബാധിച്ച് കിടപ്പിലാണ്. അവരെ നോക്കേണ്ട മുഖ്യമന്ത്രിയാകട്ടെ ഐസോലേഷനിലും.

സങ്കല്‍പ്പിക്കാന്‍ കഴിയുന്നുണ്ടോ ആ അവസ്ഥ. മുമ്പൊരിക്കലും മധ്യപ്രദേശോ രാജ്യം തന്നെയും അഭിമുഖീകരിക്കാത്ത അസാധാരണ സാഹചര്യം. ബ്രിട്ടനിലെ കാര്യവും കണക്കാണ്. നാഥന്‍ ആശുപത്രിയില്‍. പകരം നില്‍ക്കേണ്ടവര്‍ ഓട്ടത്തില്‍. നാം അംഗീകരിച്ചാലും ഇല്ലെങ്കിലും ഇത്രനാള്‍ ജീവിച്ച ജീവിതമല്ല ഇത്. നാടോ നാട്ടുകാരോ അവസ്ഥകളോ പഴയതുപോലല്ല. നിര്‍ണായക സാഹചര്യത്തില്‍ ജനത ഒറ്റയ്ക്കാവുന്ന അവസ്ഥ. പടരുന്ന രോഗങ്ങള്‍ക്കും മരണങ്ങള്‍ക്കും മുന്നില്‍ വിറങ്ങലിച്ച്, അതാത് ഇടങ്ങളില്‍ ലോക്ക്ഡൗണിലാവുന്ന സാഹചര്യം.

ലോകത്തെ അനേകം ഭരണകൂടങ്ങള്‍ സമാനമായ പ്രതിസന്ധികളിലൂടെയാണ് കഴിഞ്ഞു പോവുന്നത്. അപ്രതീക്ഷിതമായി വന്ന രോഗം. കൊടുങ്കാറ്റ് പോലെ പടര്‍ന്ന വൈറസ്. ഒരുമിച്ചുനിന്ന് പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ട സമയവും സാഹചര്യവും. സമഗ്രമായ പ്രതിരോധ രീതികള്‍ സ്വീകരിക്കാന്‍ കഴിയാത്തവിധം പക്വതയില്ലാത്ത, കെട്ടുകാഴ്ചകള്‍ കൊണ്ടുമാത്രം കളം പിടിക്കുന്ന ഭരണനേതൃത്വങ്ങള്‍. ഇതെല്ലാം തീര്‍ക്കുന്ന പ്രതിസന്ധി ചെറുതല്ല. ലോകമെങ്ങും കളം പിടിച്ച തീവ്രവലതുപക്ഷ ഭരണാധികാരികളാവട്ടെ, എന്തു മണ്ടത്തരം കാണിച്ചും ജനങ്ങളെ പറ്റിക്കാമെന്ന മട്ടിലാണ്. സത്യം പറയാമല്ലോ, ആളാവാന്‍ മണ്ടത്തരം പറഞ്ഞും കാര്യങ്ങളുടെ ഗുരുതരാവസ്ഥ ഒളിച്ചുവെച്ചും ഞാനുള്ളപ്പോള്‍ പിന്നെന്ത് കൊറോണ എന്ന മട്ടിലുള്ള ഷോ ഓഫിന് മാത്രം ഒരു കുറവുമില്ല.




രണ്ട്

മനസ്സിലാവാത്തവര്‍ അമേരിക്കയിലേക്ക് ഒന്നു കഴുത്തു തിരിക്കൂ. അവിടെയിപ്പോള്‍ വിഡ്ഡിത്തങ്ങളുടെ കൂടി സീസണാണ്. ശത്രു, രോഗാണുക്കളോ അന്യഗ്രഹജീവിയോ പറക്കും തളികയോ എന്തുമാവട്ടെ, അതിനെ തവിടുപൊടിയാക്കുന്ന രാജ്യമാണ് അമേരിക്ക എന്ന ഹോളിവുഡ് സിദ്ധാന്തങ്ങളൊക്കെ പവനായി, ശവമായി. കൊടുങ്കാറ്റ് പോലെ പടര്‍ന്ന വൈറസിന്റെ മുന്നില്‍ അമേരിക്കയുടെ അന്തംവിട്ട നില്‍പ്പിന് ഇപ്പോഴും ശമനമായിട്ടില്ല. ഇത്തരമൊരു ഭീഷണി ലോകത്തെ വിഴുങ്ങുമ്പോള്‍  രാജ്യാന്തര സമൂഹത്തെ ഒന്നിപ്പിച്ച് മുന്നോട്ടുകൊണ്ടുപോവേണ്ട ബാധ്യതയും മുന്നനുഭവങ്ങളുമുള്ള അമേരിക്ക എല്ലാറ്റില്‍ നിന്നും പുറകോട്ടു പോയി. അതിനു മുന്നില്‍ നില്‍ക്കേണ്ട പ്രസിഡന്റാവട്ടെ, വിവരക്കേടുകള്‍ വിളിച്ചുപറഞ്ഞും യഥാസമയം ചെയ്യേണ്ട പ്രതിരോധ നടപടികളില്‍നിന്നു വിട്ടുനിന്നും സ്വന്തം ജനതയെ കൊലയ്ക്കു കൊടുക്കുന്നു. അക്ഷരാര്‍ത്ഥത്തില്‍ വിചിത്രമായ സാഹചര്യം.

കൊവിഡ് പ്രതിരോധത്തില്‍ ട്രംപ് എന്താണ് ചെയ്യുന്നതെന്ന് അറിയാന്‍ അദ്ദേഹത്തിന്റെ ട്വീറ്റുകളോ വാര്‍ത്താ സമ്മേളനങ്ങളോ കണ്ടാല്‍ മതി.  വായില്‍ത്തോന്നിയതാണ് ട്രംപിനിപ്പോഴും പാട്ട്. അതറിയാന്‍, ഒപ്പം ഇരിക്കാറുള്ള ആരോഗ്യ ഉപദേശകന്‍ അന്തോണി ഫൗസിയെ നോക്കിയാല്‍ മതി. കൊവിഡ് പ്രതിരോധത്തിന് നേതൃത്വം നല്‍കുന്ന സര്‍വ്വാദരണീയനായ ഈ വൈദ്യശാസ്ത്രപ്രതിഭ  മിക്ക സമയത്തും തലയില്‍ കൈവെച്ചിരിക്കുന്നത് കാണാം. വേദിയില്‍ വെച്ച് പരസ്യമായി പലപ്പോഴും ട്രംപിനെ തിരുത്തുന്നതും.

അവിടെ തീരുന്നില്ല തിരുത്തല്‍, പ്രസിഡന്റിനെതിരെ ന്യൂയോര്‍ക്ക് ടൈംസ് ഉയര്‍ത്തിയ ഗുരുതര ആരോപണങ്ങളില്‍ ചിലത് പരസ്യമായി ശരിവെക്കുകയും ചെയ്തു അദ്ദേഹം. ഡോ. അന്തോണി ഫൗസ് അരികിലുള്ളതു കൊണ്ടുമാത്രം വന്‍ നാണക്കേടുകളില്‍നിന്ന് പൊടിക്കുരക്ഷപ്പെട്ടുപോരുന്ന ട്രംപ് ഇപ്പോള്‍ അരിശം കേറി ഡോ. ഫൗസിനെ പുറത്താക്കാനുള്ള പരിപാടികളിലാണ്. നേരത്തെ പ്രതിരോധ നടപടികള്‍ സ്വീകരിച്ചിരുന്നുവെങ്കില്‍ ഒരു പാട് ജീവനുകള്‍ രക്ഷിക്കാമായിരുന്നു എന്ന് ഡോ. ഫൗസ് തുറന്നു പറഞ്ഞതാണ് ട്രംപിനെ അരിശം പിടിപ്പിച്ചത്. കൊവിഡ് പ്രതിരോധത്തിന് അടിയന്തിര നടപടി വേണമെന്ന് ആവശ്യപ്പെട്ട് സാമ്പത്തിക ഉപദേഷ്ടാവ് പീറ്റര്‍ നവാരോ നല്‍കിയ മുന്നറിയിപ്പുകള്‍ ട്രംപ് അവഗണിച്ചതായി പുറത്തുവന്നിരുന്നു. സാമൂഹ്യ അകലം പാലിക്കുന്നതടക്കമുള്ള നടപടികള്‍ വേണമെന്ന് വളരെ നേരത്തെ മുന്നറിയിപ്പ് നല്‍കിയെങ്കിലും പ്രസിഡന്റ് അവഗണിക്കുകയായിരുന്നുവെന്ന് ഡോ. അന്തോണി ഫൗസും പറഞ്ഞിരുന്നു.

കൊവിഡ്പ്രതിരോധത്തെ ഭരണകൂടം അലസമായി നേരിട്ടതിന്റെ വില കൊടുക്കുകയാണ് ഇന്ന് അമേരിക്ക. ജനങ്ങളെ സമാധാനിപ്പിക്കാനല്ല, കളിപറഞ്ഞ് രസിക്കാനാണ് ട്രംപ് ഇന്നാളുകളിലും മെനക്കെട്ടത്. 'കൊറോണയോ,  അതൊന്നുംഅമേരിക്കയ്ക്ക് പ്രശ്നമേയല്ല എന്നായിരുന്നു ആദ്യമേ ഡയലോഗ്.  അതു കഴിഞ്ഞ് കുറ്റം ചൈനയ്ക്കു മേല്‍ ചാര്‍ത്തി. പിന്നെ വിവിധ സ്‌റ്റേുകള്‍ക്കു നേരെ തിരിഞ്ഞു. മലേറിയ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്സി ക്ലോറോക്വിന്‍ എന്ന മരുന്ന് ഫലപ്രദമാണെന്ന പ്രസ്താവനയ്ക്കു പിന്നിലുള്ള ട്രംപിന്റെ സാമ്പത്തിക താല്‍പര്യങ്ങള്‍ പുറത്തുവന്നു.  അതിനിടെ, ചൈനയോട് പക്ഷപാതം കാണിക്കുന്നതിനാല്‍ ലോകാരോഗ്യ സംഘടനയ്ക്ക് കാശ് കൊടുക്കുന്നത് നിര്‍ത്തിയതായി പുള്ളി ഭീഷണി മുഴക്കി. കൊറോണ മരുന്നു കണ്ടുപിടിക്കാന്‍ ശ്രമിക്കുന്ന ജര്‍മ്മന്‍ ശാസ്ത്രജ്ഞര്‍ക്ക് ട്രംപ് വന്‍ തുക വാഗ്ദാനം ചെയ്തത വിവരം ഇതിനിടെ പുറത്തുവന്നു. മരുന്ന് അമേരിക്കയ്ക്കു മാത്രമായി ലഭിക്കാനുള്ള നീക്കമാണ് ട്രംപ് നടത്തിയതെന്ന് ജര്‍മ്മന്‍ സര്‍ക്കാര്‍  തന്നെ പുറത്തുപറഞ്ഞു.

ഇതിന്റെയൊക്കെ അങ്ങേയറ്റമായിരുന്നു പാവം മാസ്‌കിനോടുള്ള ട്രംപിന്റെ നിലപാട്. പൊതു ഇടങ്ങളില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന സ്വന്തം ഭരണകൂടത്തിന്റെ നിലപാടിനെ പരസ്യമായി ട്രോളുകയായിരുന്നു ട്രംപ്. സെന്‍േറഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ ഇതു സംബന്ധിച്ച് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചതിനു പിന്നാലെയാണ് ട്രംപിന്റെ പരസ്യ പ്രതികരണം വന്നത്. ട്രംപ് പറഞ്ഞു: 'അവരങ്ങനെ പലതും പറയും. അതും ഇട്ട് നടക്കാന്‍ എന്നെ കിട്ടില്ല'

നോക്കൂ, ഇങ്ങനെയായിരുന്നോ നിങ്ങളറിയുന്ന അമേരിക്ക? അല്ല എന്നുറപ്പ്. ഇത്ര ദുര്‍ബലമായ നിലയില്‍ ഒരമേരിക്കന്‍ ഭരണകൂടത്തെയും കണ്ടിട്ടില്ല ലോകം. സംശയമുള്ളവര്‍ അമേരിക്കന്‍ പൊലീസിനെ നോക്കൂ. അലമ്പുണ്ടാക്കരുത് എന്ന് ക്രിമിനലുകളോട് അഭ്യര്‍ത്ഥിച്ച് നടക്കുകയാണിപ്പോള്‍ അവിടത്തെ പേരുകേട്ട പൊലീസ് സംവിധാനങ്ങള്‍. കൊറോണ പ്രമാണിച്ച് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ എല്ലാ കുറ്റകൃത്യങ്ങളും അവസാനിപ്പിക്കണമെന്നാണ് അഭ്യര്‍ഥന. സാള്‍ട്ട് ലേക്ക് ഓഹിയോ, വിസ്‌കോന്‍സിന്‍, കെന്റകി, വാഷിങ്ടണ്‍-എല്ലാ ഇടങ്ങളിലെയും പൊലീസിന് ഇതുതന്നെയാണ് പണി.  പ്രിയപ്പെട്ട കുറ്റവാളികളേ, താല്‍കാലികമായി കുറ്റകൃത്യങ്ങള്‍ നിര്‍ത്തിവെച്ച് ഞങ്ങളോട് സഹകരിക്കണം എന്ന നിലപാട്.
 

ಇಂದು ಸಿಟಿ ರೌಂಡ್ಸ ನಡೆಸಿ ಹಲವು ಪ್ರದೇಶಗಳಿಗೆ ಭೇಟಿ ನೀಡಿ ಪರಿಶೀಲನೆ ನಡೆಸಲಾಯಿತು. ಈ ಸಂದರ್ಭದಲ್ಲಿ ಹೊಸೂರು ಗಡಿ ಭಾಗದಲ್ಲಿ ತಮಿಳುನಾಡಿನ ಪೋಲಿಸರು ಕರ್ನಾಟಕದ ಗಡಿಯ ಒಳ ಭಾಗದಲ್ಲಿ ಬ್ಯಾರಿಕೇಡ್ ಹಾಕಿದ್ದನ್ನು ಗಮನಿಸಿ ತಕ್ಷಣ ಅದನ್ನು ತೆರೆವುಗೊಳಿಸುವಂತೆ ಬೆಂಗಳೂರು ಗ್ರಾಮಾಂತರ ಎಸ್.ಪಿ ಅವರಿಗೆ ಕರೆ ಮಾಡಿ ಸೂಚಿಸಲಾಯಿತು. pic.twitter.com/N3miZbXOiu

— Basavaraj S Bommai (@BSBommai)


മൂന്ന്

ഇന്ത്യയിലും പൊലീസുകാര്‍ കൊറോണയ്ക്ക് പിന്നാലെയാണ്. കൊേറാണയുടെ ആകൃതിയുള്ള മുഖംമൂടി ധരിക്കുക, ലോക്ക്ഡൗണ്‍ ലംഘിക്കുന്നവരെ ശിക്ഷിക്കുക എന്നിങ്ങനെ പല പരിപാടികള്‍. അതിനിടെയായിരുന്നു ആ കോമഡി ഷോ.

പണി പറ്റിയത് തമിഴ്‌നാട് പൊലീസിനാണ്. അതിര്‍ത്തി മാറിയതറിയാതെ, അവര്‍ കര്‍ണാടക പരിധിയില്‍ കടന്നുകയറി കൊവിഡ് പരിശോധന നടത്തി. തങ്ങളുടേതല്ലാത്ത പരിധിയില്‍ കയറി ബാരിക്കേഡ് സ്ഥാപിക്കുക മാത്രമല്ല, കര്‍ണാടകയിലെ പൊലീസ് മന്ത്രിയുടെ കാറു തടഞ്ഞ് തിരിച്ചറിയല്‍ കാര്‍ഡും ചോദിച്ചു, തമിഴകത്തെ ഏമാന്‍മാര്‍.  

കര്‍ണാടക-തമിഴ് നാട് അതിര്‍ത്തിയിലെ അട്ടിബെലെ ചെക്ക് പോസ്റ്റിന് സമീപത്താണ് സംഭവം. ലോക്ക് ഡൗണ്‍ ലംഘനം പരിശോധിക്കാന്‍ എത്തിയ കര്‍ണാടക ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈയെയാണ് തമിഴ്‌നാടു പൊലീസ് തടഞ്ഞുനിര്‍ത്തിയത്. തന്റെ കാട്ടില്‍ ഇതേതാ മറ്റൊരു സിംഹം എന്നമ്പരന്ന മന്ത്രി ഉടനെ ബാംഗ്ലൂര്‍ റൂറല്‍ എസ്പിയെ വിളിച്ചു. വൈകിയില്ല, കര്‍ണാടക പൊലീസ് വന്നു. തമിഴ്‌നാട് പൊലീസ് ബാരിക്കേഡും പറിച്ച് അതിര്‍ത്തി കടന്നു.

വെറും അബദ്ധം പറ്റിയതാണ് ഇതെന്നു കരുതാം. എന്നാല്‍, ഇത്തരം വിചിത്രമായ, കണ്ടോ കേട്ടാേ പരിചയമില്ലാത്ത അനേകം സംഭവങ്ങളിലൂടെയാണ് നാമിപ്പോള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.

അതിെലാന്നാണ് ജയ്പൂര്‍ പൊലീസിന്റെ ഭീഷണി. ലോക്ക്ഡൗണ്‍ ലംഘിച്ചാല്‍ ലോക്കപ്പിലിട്ട് പാട്ടുകേള്‍പ്പിക്കും എന്നാണ് അവരുടെ ഭീഷണി. ചുമ്മാ പറയുന്നതല്ല, ഒഫീഷ്യല്‍ ഹാന്‍ഡിലില്‍ ട്വീറ്റ് ചെയ്തതാണ്. എ ആര്‍ റഹ്മാന്റെ പ്രശസ്തമായ മസാക്കലി 2.0 എന്ന പാട്ടിന്റെ റീ മിക്‌സ്ആയിരിക്കും പ്രതികള്‍ സഹിക്കേണ്ടി വരിക. സാമൂഹ്യ അകലത്തെക്കുറിച്ചും കൊവിഡ് പ്രതിരോധത്തെക്കുറിച്ചുമുള്ള ചില വരികള്‍ എഴുതി ഈണത്തിനോട് ഘടിപ്പിച്ചാണ് പൊലീസ് ഇത്ര കടുപ്പമുള്ള ആയുധം ഉണ്ടാക്കിയത്.





പാട്ടുകൊണ്ടുള്ള വെടിവെപ്പായിരുന്നു ജപ്പാനീസ് സോഷ്യല്‍ മീഡിയാ താരം പികോതാരോയും നടത്തിയത്. തന്നെ പ്രശസ്തനാക്കിയ 'പെന്‍ പൈനാപ്പിള്‍ ആപ്പിള്‍ പെന്‍' എന്ന കുപ്രസിദ്ധമായ പാട്ടിന്റെ അലകുംപിടിയും മാറ്റി കൊറോണ പ്രതിരോധത്തിനു പാട്ടുണ്ടാക്കുകയായിരുന്നു പുള്ളി. കൈ കഴുകി കൊറോണയെ തോല്‍പ്പിക്കാമെന്ന പാട്ട്, സോഷ്യല്‍ മീഡിയയില്‍ ട്രെന്റിംഗ് ആയിരുന്നു.

കൊറോണ എന്ന പേരിട്ടാല്‍ എന്തും കച്ചവടമാക്കാം എന്ന് തിരിച്ചറിഞ്ഞ കാലം കൂടിയായിരുന്നു ഇത്. അങ്ങനെയാണ് വിയറ്റ്‌നാമിലെ ഹാനോയിയിലുള്ള ഒരു ഷെഫ് കൊറോണ ബര്‍ഗര്‍ ഉണ്ടാക്കി വിറ്റത്്. കൊറോണയുടെ ആകൃതിയിലുള്ള ബര്‍ഗര്‍ ഇറക്കാന്‍ ഹോങ് തുംഗ് എന്ന ഷെഫ് പറയുന്ന കാരണം കൂടി കേള്‍ക്കണം: 'എന്തിനെ പേടിയുണ്ടെങ്കിലും തിന്നാല്‍ അതങ്ങ് മാറും'

അതേ ആശയമായിരുന്നു അല്‍പ്പം കടന്ന മട്ടില്‍ ഹൈദരാബാദിലെ റോഡിലൂടെ ഒരു ദിവസം ഉരുണ്ടു പോയത്. കൊറോണ വൈറസിന്റെ ആകൃതിയിലുള്ള കാര്‍.  ബോധവല്‍ക്കരണം തന്നെയാണ് ഉദ്ദേശ്യമെന്നാണ് അതുണ്ടാക്കിയ ഹൈദരാബാദിലെ കെ സുധാകര്‍ പറയുന്നത്.

കഥകള്‍ തീരുന്നില്ല. റായ്പൂരിലെ ദമ്പതികള്‍ ഇക്കഴിഞ്ഞ ദിവസം പിറന്ന ഇരട്ടക്കുട്ടികള്‍ക്കിട്ട പേര് കേള്‍ക്കണോ? ഒന്നിന് കൊറോണ, മറ്റേതിന് കൊവിഡ്. 'പ്രസവം അവിസ്മരണീയമാക്കാനാണ് ഈ പേരിടല്‍ 'എന്നാണ് കുട്ടികളുടെ അപ്പന്‍ ആണയിടുന്നത്.





നാല്

ഇപ്പറഞ്ഞതെല്ലാം മനുഷ്യരുടെ കാര്യമാണ്. അവിടെ തീരുന്നില്ല, കൊറോണക്കാലത്തെ കാര്യങ്ങള്‍. നമുക്കു ചുറ്റുമുള്ള മൃഗങ്ങളുടെ ജീവിതവും ഒട്ടും നോര്‍മലല്ല. റോഡുകളില്‍ അലഞ്ഞു നടക്കുന്ന പട്ടികളെ ഒന്ന് ശ്രദ്ധിച്ചാലറിയാം കാര്യം. അവരാകെ അങ്കലാപ്പിലാണ്. മനുഷ്യരെ കാണാനേയില്ല. അവരുടെ വാഹനങ്ങള്‍. ഹോട്ടലുകളില്‍നിന്ന് വെറുതെ കളയുന്ന ഭക്ഷണാവശിഷ്ടങ്ങള്‍. ഇതൊന്നുമില്ലാത്ത ലോകം അവയെയും അമ്പരപ്പിച്ചിട്ടുണ്ട്. കൊറോണയോ ലോക്ക്ഡൗണോ അറിയാത്ത പാവം പട്ടികള്‍, എന്നാല്‍, അമ്പരപ്പിനപ്പുറം വലിയൊരു പ്രശ്‌നം കൂടി അഭിമുഖീകരിക്കുന്നുണ്ട്-ഭക്ഷണം. പൊതുഭക്ഷണ ശാലകള്‍ ഇല്ലാതായതോടെ തെരുവുകളില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ ഇല്ലാതായി. അറവു മാലിന്യങ്ങളും കുറഞ്ഞു. ഭക്ഷണം കിട്ടാതാവുന്ന പട്ടികള്‍, അക്രമാസക്തരായി, തൊട്ടുമുന്നില്‍ കാണുന്ന മനുഷ്യരെ ആക്രമിക്കാന്‍ സാദ്ധ്യതയുണ്ട് എന്നാണ് പറയുന്നത്. അതിനാലാണ്, തെരുവു പട്ടികളുടെ കാര്യം സാക്ഷാല്‍ മുഖ്യമന്ത്രി തന്നെ ഓര്‍മ്മിപ്പിച്ചത്. പൊലീസ് മുന്‍കൈയെടുത്ത് പലയിടങ്ങളിലും പട്ടികള്‍ക്ക് കൂടി ഭക്ഷണം നല്‍കുന്നത്.

അപ്പോള്‍ പൂച്ചകളോ? അവരുടെ കാര്യത്തില്‍ ഇടപെട്ടത് സാക്ഷാല്‍ കേരള ഹൈക്കോടതി തന്നെയായിരുന്നു. വീടുകളില്‍ 'പൂച്ചദുരന്തം' സംഭവിക്കരുതെന്നാണ് കോടതി പറഞ്ഞത്. പൂച്ചയ്ക്ക് ഭക്ഷണം വാങ്ങാനുള്ള യാത്രക്ക് പൊലീസ് പാസ് നിഷേധിച്ചതിനെ തുടര്‍ന്ന് കൊച്ചിയിലെ ഒരാളാണ് കോടതിയെ സമീപിച്ചത്. പൂച്ചകളെ പട്ടിണിക്കിടേണ്ട കാര്യമില്ലെന്ന് ജസ്റ്റിസുമാരായ  എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ഷാജി പി ചാലി എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. പൂച്ചയ്ക്ക് ഭക്ഷണം വാങ്ങാന്‍ പൊലീസിന്റെ അനുമതി വേണ്ടെന്നും  സത്യവാങ്മൂലവും, കോടതി വിധിയും കാണിച്ച് യാത്ര ചെയ്യാമെന്നും കോടതി വ്യക്തമാക്കി.

അന്നേരത്ത്, ബ്രിട്ടനിലെ നോര്‍ത്ത് വെയില്‍സില്‍ രസകരമായ ചില കാര്യങ്ങള്‍ നടക്കുകയായിരുന്നു. ലോക്ക്ഡൗണ്‍ കാരണം ആളില്ലാതായ  റോഡുകള്‍ ചെമ്മരിയാടുകള്‍ കൈയടക്കി. ഒപ്പം, സമീപത്തെ, ഉഗ്രനൊരു റിസോര്‍ട്ടും. ലാന്‍ഡുഡ്‌നോയിലെ അലക്‌സാന്ദ്ര റിസോര്‍ട്ട്. സമീപത്തെ കുന്നിന്‍ ചെരുവില്‍ കഴിയുന്ന കശ്മീരി ചെമ്മരിയാടുകള്‍ കൂട്ടമായി വന്ന് റിസോര്‍ട്ടില്‍ അണിനിരന്നു. ലോക്ക്ഡൗണ്‍ കാരണം ആളില്ലാതായ റിസോര്‍ട്ടിലെ പൂന്തോട്ടങ്ങളിലുള്ള ഇലകളും പൂക്കളുമെല്ലാം ആടുകള്‍ വയറുനിറയെ തിന്നു. അതും കഴിഞ്ഞ് മനോഹരമായ പുല്‍ത്തകിടികളിലും വരാന്തകളിലും കാര്‍ പാര്‍ക്കിംഗ് സ്ഥലങ്ങളിലും അവ വിശ്രമജീവിതം തുടങ്ങി. മൂന്നാലു ദിവസമായി റിസോര്‍ട്ടില്‍ മൃഗാധിപത്യമാണ്. ഭൂമിയുടെ അവകാശികളായ ചെമ്മരിയാടുകളുടെ ലോക്ക്ഡൗണ്‍ ജീവിത ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍ വന്നു കഴിഞ്ഞു.

വയനാട്ടില്‍, ആനത്താരകള്‍ക്കു വേണ്ടിയുള്ള 'കാട് അടച്ചുപൂട്ടലില്‍'  തീരുമാനം ആയില്ലെങ്കിലും മനുഷ്യരുടെയും വണ്ടികളുടെയും ഉപദ്രവം ഇല്ലാതായതോടെ, ദേശീയ പാത അടക്കം ആനകളുടെ സൈ്വര്യവിഹാര കേന്ദ്രങ്ങളായി. കാടിനോടു ചേര്‍ന്ന പ്രദേശങ്ങളിലേക്ക് ആരെയും ഭയക്കാതെ സ്വച്ഛന്ദം ഇറങ്ങിവരികയാണ്, കാടിന്റെ മക്കള്‍. അതും മടുത്ത് ചിലരിറങ്ങി സമീപ പ്രദേശങ്ങളിലേക്കും പോവുന്നുണ്ട്. കോഴിക്കോട് ജില്ലയിലെ മേപ്പയ്യൂര്‍ അങ്ങാടിയില്‍ 'ആരുണ്ടിവിടെ കാണട്ടെ' എന്ന മട്ടില്‍ നടക്കുന്ന ഉഗ്രനൊരു പുള്ളിവെരുകിന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

അഞ്ച്  
സത്യത്തില്‍ എന്തൊക്കെയാണ് ഈ കണ്ടുകൊണ്ടിരിക്കുന്നത്? സാധാരണം എന്നു നമ്മള്‍ കരുതിയ അവസ്ഥകളില്‍നിന്ന് ജീവിതം മറ്റെങ്ങോട്ടാണ് പോയിക്കൊണ്ടിരിക്കുന്നത്. എല്ലാ കാലത്തുമുള്ളത് എന്ന് വിശ്വസിച്ച്, ആഘോഷിച്ച നമ്മുടെ ജീവിതരീതികള്‍, വിശ്വാസങ്ങള്‍, ധാരണകള്‍, ആചാരാനുഷ്ഠാനങ്ങള്‍. എല്ലാം ഒരു കുഞ്ഞന്‍ വൈറസ് എടുത്തു ദൂരെക്കളയുകയാണ്. പകരം പുതിയ ചിലത് അവിടെ എടുത്തുവെയ്ക്കുന്നു.  ഇത്ര കാലവും നോര്‍മല്‍ എന്നു കരുതിയ കാര്യങ്ങളല്ല പുതിയ നോര്‍മല്‍ അവസ്ഥ. ഭരണാധികാരികളായാലും സര്‍ക്കാര്‍ ഏജന്‍സികളായാലും കോടതികളായാലും മനുഷ്യരോ മൃഗങ്ങളോ ആയാലും ഇത്രകാലവുമില്ലാത്ത ചിലതാണ്.

അതിനാലാവണം, ഫിനാന്‍ഷ്യല്‍ ടൈംസിലെഴുതിയ ലേഖനത്തില്‍, അരുന്ധതിറോയി കൊറോണക്കാലത്തെ ഇങ്ങെന അടയാളപ്പെടുത്തുന്നത്.  ''ഒരത്ഭുതം സംഭവിക്കുന്നതിനായി സ്വകാര്യമായിട്ടെങ്കില്‍പോലും പ്രാര്‍ഥിക്കാത്ത ഏതു ശാസ്ത്രജ്ഞനാണ് ഇപ്പോള്‍ ഉള്ളത്?  സ്വകാര്യമായിട്ടെങ്കിലും ശാസ്ത്രത്തിന് കീഴൊതുങ്ങാത്ത ഏതു പുരോഹിതനാണ് ഇന്നുള്ളത്?''

അതെ, അതുതന്നെയാണ് കാര്യം. നമുക്കു ചുറ്റും കാര്യങ്ങള്‍ പഴയതുപോലെയേ അല്ല. നമ്മുടെ ലോകക്രമങ്ങള്‍ അടിമുടി മാറിക്കൊണ്ടിരിക്കുകയാണ്. ചോദ്യം ചെയ്യാതെ, നാം അംഗീകരിച്ചുപോന്നിരുന്ന വിശ്വാസങ്ങള്‍, ധാരണകള്‍. എല്ലാം മാറുകയാണ്.  ഴാക് ദെറിദ സൂചിപ്പിക്കുന്നതുപോലെ, നമ്മുടെ ബോധ്യങ്ങളെ, അര്‍ത്ഥങ്ങളെ അട്ടിമറിച്ചുകൊണ്ടിരിക്കുന്ന ഒരു ഭൂചലനമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. അതാണ് കൊറോണ വൈറസ്. ലോകം പല അടരുകളിലായി അടുക്കിവെച്ച ക്രമങ്ങളെയെല്ലാം അതു മാറ്റിമറിച്ചിടുന്നു. അനുഭവതലത്തില്‍, അത്തരം ഒരു കടലിളക്കമാണ്, കൊറോണക്കാലം നമ്മുടെയെല്ലാം ജീവിതങ്ങള്‍ക്കു നേരെ കൊണ്ടുവരുന്നത്.   

നോര്‍മല്‍ അവസ്ഥകളില്‍ വരുന്ന മാറ്റങ്ങളെ വിശദീകരിക്കാന്‍, മുമ്പെവിടെയോ വായിച്ച ഒരുദാഹരണം ഉപയോഗിക്കാം. ആ ഉദാഹരണത്തില്‍, ഒരു കുളമുണ്ട്. അതിലെ വെള്ളത്തിനകത്ത് കുറച്ചു തീപ്പെട്ടിക്കോലുകള്‍ പൊങ്ങിക്കിടക്കും വിധം നാം വിന്യസിക്കുന്നു. ആ തീപ്പെട്ടിക്കോലുകള്‍ ഇപ്പോള്‍ പൊങ്ങിക്കിടക്കുകയാണ്. സവിശേഷമായ വിന്യാസം അതിന് പ്രത്യേക അര്‍ത്ഥങ്ങള്‍ നല്‍കുന്നു. അതായത്, നിയതമായ ചില അര്‍ത്ഥങ്ങള്‍ അതിനു കൈവരുന്നു. എന്നാല്‍, പൊടുന്നനെ, ആ ജലോപരിതലത്തിലേക്ക്  ഒരു വലിയ കല്ല് വന്നു വീഴുമ്പോള്‍ എന്തു സംഭവിക്കും? അത് കലങ്ങി മറിയും. ആ തീപ്പെട്ടിക്കോലുകള്‍ പുനര്‍വിന്യസിക്കപ്പെടും. അര്‍ത്ഥങ്ങള്‍ അടിമുടി മാറും.  

സാമൂഹികമായ ഇളക്കമാണത്. ദാര്‍ശനികനായ മിഷേല്‍ ഫൂക്കോയുടെ ഭാഷയില്‍, ഒരു പുതിയ ഒരു വ്യവഹാരത്തിന്റെ തുടക്കം. കൊറോണക്കാലത്ത്, ലോകവും കാലവും സാക്ഷ്യം വഹിക്കുന്നത് അത്തരം ഇളക്കങ്ങള്‍ക്കു തന്നെയാണ്.

ആ ഇളക്കത്തില്‍, ആ ഭൂചലനത്തില്‍, അര്‍ത്ഥവത്തായ ചിലതിന് അര്‍ത്ഥമില്ലാത്തതാവുന്നു. അര്‍ത്ഥരഹിതമായ ചിലതിന് പുതിയ അര്‍ത്ഥങ്ങള്‍ കൈവരുന്നു. കൊറോണക്കാലം മാറ്റിമറിക്കുന്നത് നോര്‍മ്മല്‍ എന്ന മട്ടില്‍ നാം ചിന്തിച്ചുവെച്ച കാര്യങ്ങളൊക്കെ തന്നെയാണ്.

 

Latest Videos

undefined

ലോക്ക് ഡൗണ്‍ ദിനക്കുറിപ്പുകള്‍ 

ആദ്യ ദിവസം: 'എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ.

രണ്ടാം ദിവസം: കാസര്‍ഗോട്ടെ നാസ, ചാലക്കുടിക്കാരി യുനെസ്‌കോ

മൂന്നാം ദിവസം: ഭാര്യയെ 'കൊറോണ വൈറസ്' ആക്കുന്ന 'തമാശകള്‍' എന്തുകൊണ്ടാവും?

നാലാം ദിവസം: വീട്ടിലടഞ്ഞുപോയ വാര്‍ദ്ധക്യങ്ങളോട് നാം ഏതുഭാഷയില്‍ സംസാരിക്കും?

അഞ്ചാം ദിവസം: ലോക്ക്ഡൗണ്‍ ഭയക്കാതെ ആ അതിഥി തൊഴിലാളികള്‍ എന്തിനാവും തെരുവിലിറങ്ങിയത്?

ആറാം ദിവസം:

ഏഴാം ദിവസം: ഈ സമയത്ത് ഫേസ്ബുക്കില്‍ ഫോട്ടോ കുത്തിപ്പൊക്കാമോ?

എട്ടാം ദിവസം: എന്നിട്ടും എന്തിനാവും അവര്‍ നിസാമുദ്ദീന്‍ മര്‍ക്കസില്‍ തിങ്ങിക്കൂടിയത്?

ഒമ്പതാം ദിവസം: കേരളമേ, കൊറോണ ഒരു പ്രവാസിയല്ല!

പത്താം ദിവസം:കുന്ദംകുളത്തെ പറക്കുന്ന കള്ളന്‍: നേരെത്ര, നുണയെത്ര?

പതിനൊന്നാം ദിവസം: നമ്മള്‍ ഉണ്ടുറങ്ങുന്ന ബിഗ് ബോസ് വീടുകള്‍

പന്ത്രണ്ടാം ദിവസം: പൂ പോലുള്ള കുട്ടികള്‍, പുല്ലുതിന്നുന്ന കുട്ടികള്‍

പതിമൂന്നാം ദിവസം: മരിച്ചില്ലായിരുന്നുവെങ്കില്‍ ഈ ലോക്ക്ഡൗണ്‍ കാലത്ത് കെ. എം ബഷീര്‍ എന്ത് ചെയ്യുകയാവും?

പതിനാലാം ദിവസം: അടുക്കള ഒരത്ഭുത ലോകമാണ്, കേരളവും! 

പതിനഞ്ചാം ദിവസം: യോദ്ധാവോ മാലാഖയോ അല്ലാത്ത ഈ നഴ്‌സുമാരുടെ ചോരയ്ക്ക് നമ്മളെത്ര വിലയിടും?

പതിനാറാം ദിവസം: ആരെയാണ് മനുഷ്യരെ നിങ്ങള്‍ പറ്റിക്കുന്നത്, ഭൂമിയെയോ?

പതിനേഴാം ദിവസം: തല്ലുന്ന പൊലീസ്, തലോടുന്ന പൊലീസ്; കരയുന്ന പൊലീസ്, ചിരിക്കുന്ന പൊലീസ്. പതിനെട്ടാം ദിവസം: മരണമെത്തുന്ന നേരത്ത് അരികിലിത്തിരി നേരം ഇരിക്കാന്‍, ഇപ്പോള്‍ ആര്‍ക്കുണ്ടാവും ധൈര്യം?

പത്തൊമ്പതാം ദിവസം: ലോക്ക്ഡൗണ്‍ നീളുമ്പോള്‍ ഈ മനുഷ്യര്‍ എന്ത് ചെയ്യും?

click me!