മരണമെത്തുന്ന നേരത്ത് അരികിലിത്തിരി നേരം ഇരിക്കാന്‍, ഇപ്പോള്‍ ആര്‍ക്കുണ്ടാവും ധൈര്യം?

By Rasheed KP  |  First Published Apr 12, 2020, 12:03 AM IST

കൊറോണയ്‌ക്കൊപ്പം എത്തുന്ന മരണങ്ങള്‍. ലോക്ക്ഡൗണ്‍ കുറിപ്പുകള്‍ പതിനെട്ടാം ദിവസം. കെ. പി റഷീദ് എഴുതുന്നു  


ലോകമെങ്ങും ശക്തിപ്പെട്ട തീവ്രവലതു രാഷ്ട്രീയത്തിന്റെ അകക്കാമ്പുകള്‍ തന്നെ ഇളക്കിക്കളയുന്ന ഒന്നാണ് ഇപ്പോള്‍ ലോകത്തിന്റെ പരിഗണനയ്ക്കു മുന്നില്‍ വന്ന 'കൂട്ടക്കുഴിമാടം' എന്ന സാദ്ധ്യത. അത്, മനുഷ്യരെ പല തട്ടുകളിലാക്കി തിരിച്ച്, തലച്ചോറില്‍ വെറിയുടെ വിത്തുകള്‍ പാകുന്ന തീവ്രവലതുപക്ഷ രാഷ്ട്രീയത്തിന്റെ വിരുദ്ധ പക്ഷത്താണ്. തീവ്രവലതുപക്ഷം എപ്പോഴും ഊന്നുന്നത് അപരത്വത്തിലാണ്. അപരന്‍മാരെ കാണിച്ചും അവര്‍ക്കെതിരെ വെറിയും വിദ്വേഷവും വളര്‍ത്തിയുമാണ് അമേരിക്കയിലടക്കം ആ രാഷ്ട്രീയം വേരുപിടിച്ചത്. കുടിയേറ്റക്കാരെയും അപരരായി മുദ്രകുത്തപ്പെട്ട വംശീയ, മത വിഭാഗങ്ങളെയും ശത്രുപക്ഷത്തുനിര്‍ത്തുന്ന ആ ഫാഷിസ്റ്റ് രാഷ്ട്രീയം വേരാഴ്ത്തുന്നത് വംശീയ ശുദ്ധി അടക്കമുള്ള കാര്യങ്ങളിലാണ്. വെറിയിലും പരനിന്ദയിലുമധിഷ്ഠിതമായ ആ  രാഷ്ട്രീയത്തിനെയാണ് സത്യത്തില്‍ കൊറോണക്കാലത്തെ കൂട്ടക്കുഴിമാടങ്ങള്‍ നിലംപരിശാക്കുന്നത്.

 

Latest Videos

undefined

 

റഫീഖ് അഹമ്മദിന്റെ വരികള്‍ പോലെ, മരണമെത്തുന്ന നേരത്ത്, അരികിലിത്തിരി നേരം ഇരിക്കാന്‍ ആരെങ്കിലുമൊക്കെ ഉണ്ടാവുമെന്ന പ്രതീക്ഷ തന്നെയാണ്, ഏതു നാട്ടിലും മനുഷ്യരെ ജീവിപ്പിക്കുന്നത്. അതുപോലൊരാള്‍ തന്നെയായിരുന്നു അമേരിക്കക്കാരിയായ ലു ആന്‍ ദെയ്ഗന്‍. വയസ്സ് 66, 10 വര്‍ഷത്തോളമായി മിഷിഗണിലെ ഒരു നഴ്‌സിംഗ് ഹോമിലാണ് താമസം. ഒറ്റയ്ക്കാണ്, എങ്കിലും ജീവിതത്തോട് അവര്‍ക്ക് ആഴത്തിലുള്ള അടുപ്പമുണ്ടായിരുന്നു. സഹജീവികളില്‍ പ്രതീക്ഷ ഉണ്ടായിരുന്നു. ഇടയ്ക്ക് കാണാന്‍ വരുന്ന അനുജത്തി, പരിചയക്കാര്‍, നഴ്‌സിംഗ് ഹോമിലെ അന്തേവാസികള്‍, സുഹൃത്തുക്കള്‍...അങ്ങനെ ആരെങ്കിലുമൊക്കെ ഉണ്ടാവും ജീവിതാന്ത്യംവരെ എന്നവര്‍ വിശ്വസിച്ചിരുന്നു. അതു ശരിവെക്കുംവിധം, അതേ ആവൃത്തിയില്‍ അവരൊക്കെ ലൂവിനെ സ്‌നേഹിക്കുകയും കൂടെ നില്‍ക്കുകയും ചെയ്യുന്നുമുണ്ട്.

എന്നിട്ടും, മരണമെത്തുന്ന നേരത്ത്, ആ സ്ത്രീക്കൊപ്പം ഉണ്ടായിരുന്നത് കൃത്രിമബുദ്ധിയുണ്ടെങ്കിലും ജീവനില്ലാത്ത ഒരു ചെറിയ പെട്ടിയായിരുന്നു. ആമസോണ്‍ എക്കോ. നമ്മുടെ വാക്കു കേട്ട്് സകലതിനും തുള്ളുന്ന ആ കുഞ്ഞു യന്ത്രം തന്നെ. വാങ്ങിയ കാലം മുതല്‍, അത് ലൂവിന് ഇഷ്ടമായിരുന്നു. ജീവിതത്തിലേക്ക് പാട്ടും ഗെയിമുകളുമൊക്കെ തിരിച്ചുകൊണ്ടു തന്നത് ആ കുഞ്ഞന്‍ യന്ത്രമാണെന്ന് അവര്‍ പറയുമായിരുന്നു. അതു ശരിയുമായിരുന്നു. ജീവിതത്തില്‍ ഉല്ലാസം നിറയ്ക്കുന്ന ചിലതൊക്കെ എക്കോ അവര്‍ക്ക് കൊണ്ടുകൊടുത്തു. എങ്കിലും, ഉല്ലാസങ്ങളുടെ മെഴുകുതിരിവെട്ടങ്ങള്‍ ഊതിക്കെടുത്തി കൊറോണ വൈറസ് അവര്‍ക്കരികിലേക്ക് എത്തുകതന്നെ ചെയ്തു. കൂടെ ഉണ്ടാവുമെന്ന് കരുതിയ ഒരാള്‍ക്കും ഒപ്പമിരിക്കാനാവാത്ത അവസ്ഥ.

സൂചിമുന പോലെ വേദന തൊണ്ടയില്‍ ആഴ്ന്നിറങ്ങുന്ന നേരങ്ങളില്‍ അവര്‍ സമീപത്തുവെച്ച ആ കുഞ്ഞന്‍ പെട്ടിയോടു മാത്രം സംസാരിച്ചു. വേദനയുടെ കയറ്റിറക്കങ്ങള്‍. പ്രതീക്ഷകള്‍. ഓര്‍മ്മകള്‍. എല്ലാം കെടുത്തുന്ന മരണത്തിന്റെ കാറ്റുവരവുകള്‍. എല്ലാം അതു കേട്ടു ഉത്തരങ്ങള്‍ കണ്ടെത്തി. മരണത്തിലേക്കു നടന്നു തുടങ്ങിയ അവസാന നാലു ദിവസങ്ങളില്‍ മാത്രം അവര്‍ 40 തവണ അതിനോട് സംസാരിച്ചു. പതിവില്ലാത്തവിധം ഏകാന്തതയും നിസ്സഹായതയും സങ്കടങ്ങളും കലങ്ങിയ റെക്കോര്‍ഡിംഗുകള്‍.  


''അലക്‌സാ എന്നെ രക്ഷിക്കൂ..''

''സഹിക്കാനാവുന്നില്ല, ഈ വേദന എങ്ങനെയാ ഒന്നു കുറയ്ക്കുക?''

''ഈ വേദന മാറ്റാന്‍ നിനക്കെന്തെങ്കിലും ചെയ്യാനാവുമോ''

ആ ചോദ്യങ്ങള്‍ക്കു പരിഹാരമായി, എക്കോ ഗൂഗിളില്‍ ചൂണ്ടയിട്ടു പിടിച്ച അറിവുകള്‍ അവര്‍ക്കു മുന്നില്‍ വിതറി. ഇടയ്ക്കവര്‍ തന്റെ വിവരം പൊലീസില്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ടു. എക്കോ, അടുത്തുള്ള പൊലീസ് ചെക്കുപോസ്റ്റുമായി അവരെ കണക്ട് ചെയ്തു. അതിനുശേഷം അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റപ്പെട്ട അവര്‍ അവസാനമായി എക്കോയോട് പറഞ്ഞത് ഇങ്ങനെയായിരുന്നു: ''അലക്‌സാ, ഞാന്‍ തീരാന്‍ പോവുകയാണ്''

മരണശേഷം, അവര്‍ക്കടുത്തെത്തിയ അനുജത്തിയാണ് എക്കോയോട് ലു നടത്തിയ സംസാരങ്ങള്‍ കണ്ടെത്തിയത്. കൊവിഡ് കാലത്തെ മനുഷ്യരുടെ അവസാന നിമിഷങ്ങള്‍ ലോകമറിയണമെന്ന ബോധ്യത്തോടെ അവരത് മാധ്യമങ്ങള്‍ക്ക് കൈമാറി.

മറ്റൊരു കാലവും പോലെയല്ല ഇത്. ഏകാകികളുടെ കുഞ്ഞുകുഞ്ഞു തുരുത്തുകളായി മാറിക്കൊണ്ടിരിക്കുന്ന ലോകത്തെ, പിന്നെയും കഷണങ്ങളായി മുറിച്ച് പലയിടങ്ങളില്‍ നടുകയാണ്് കൊവിഡ് കാലം. അതിനാലാണ്, ഒരു യന്ത്രത്തോട് വേദനയും സങ്കടങ്ങളും നിരാശകളും പറഞ്ഞുകൊണ്ടേയിരുന്ന് ലു മരണത്തിലേക്ക് മുറിഞ്ഞുവീഴേണ്ടിവന്നത്. നമ്മുടെ കാലത്തെ മനുഷ്യരെ കാത്തിരിക്കുന്ന ഏകാന്തഭരിതമായ മരണനേരങ്ങളെ ആഴത്തില്‍ അടയാളപ്പെടുത്തുന്നുണ്ട് ലുവിന്റെ ജീവിതവും മരണവും.

 


രണ്ട്

സമാനമായ ഏകാന്തതകളുടെ വിജനമായ വരമ്പുകളിലൂടെ തന്നെയാണ് കൊവിഡ് കാലത്ത് മനുഷ്യരധികവും മരണത്തിന്റെ പെട്ടികളിലേക്ക് പോയത്. മരണങ്ങളൊരുപാട് കൊയ്യാത്ത വൈറസ് എന്ന വിളിപ്പേര് ആദ്യമൊക്കെ സമാധാനം തന്നിരുന്നു. എങ്കിലും ദിവസങ്ങള്‍ കഴിയുന്തോറും, കൊടുങ്കാറ്റ് പോലെ ലോകത്താകെ പടര്‍ന്ന വൈറസ് കൂടുതല്‍ കൂടുതല്‍ മനുഷ്യരുടെ ജീവിതങ്ങളിലേക്ക് മരണത്തിന്റെ നാക്കുനീട്ടുക തന്നെ ചെയ്തു.

ഇതെഴുതുന്ന സമയത്ത് ലോകത്ത് 1,722,306 പേരാണ് കൊവിഡ് ബാധിച്ച് കിടക്കുന്നത്. 104,775 പേര്‍ മരിച്ചു. 2020 ജനുവരി 30 ന് 170 ആയിരുന്ന മരണ സംഖ്യ ഫെബ്രുവരി 15ന് 1775 ആയാണ് വര്‍ദ്ധിച്ചത്. രണ്ടാഴ്ചയ്ക്കകം അത് 3117 ആയി പെരുകി. മാര്‍ച്ചിലെ അവസാന ദിവസം എത്തുമ്പോള്‍ അത് 42313 ആയിരുന്നു. അതു കഴിഞ്ഞ് 10 ദിവസങ്ങള്‍. ഇപ്പോള്‍, മരണം ഒരു ലക്ഷം കവിഞ്ഞു. രോഗം മാത്രമല്ല, മരണവും കൊടുങ്കാറ്റ് പോലെ പടരുകയാണ് എന്നര്‍ത്ഥം. പുതുവര്‍ഷത്തിനൊപ്പം ചൈനയിലെ വുഹാനില്‍ ക്ഷണിക്കാതെ വന്ന കൊറോണ വൈറസിന്റെ പുതിയ അവതാരം നാലു മാസം കൊണ്ട് എവിടെ എത്തി എന്നോര്‍ത്താല്‍ ഈ കലാശക്കളിയുടെ അസാധാരണധൃതിയുടെ പൊരുളറിയാനാവും.

ചൈനയിലെ വുഹാന്‍ മല്‍സ്യ  മാര്‍ക്കറ്റിലെ  ചിലരില്‍ പ്രത്യേക തരം  പനിയും  ശ്വാസം മുട്ടലും കണ്ടെത്തിയത് ഡിസംബര്‍ ആദ്യ വാരമാണ്. ശ്വാസത്തിനായി പിടഞ്ഞ മനുഷ്യരുടെ തൊണ്ടയില്‍ നിന്ന് കുത്തിയെടുത്ത സ്രവങ്ങള്‍, അരികിലെത്തിയ, പുതിയ കൊലയാളിയെക്കുറിച്ച് ലോകത്തോട് പറഞ്ഞു. ഡിസംബര്‍ അവസാനം ശാസ്ത്രജ്ഞര്‍ അത് എന്തെന്ന് തിരിച്ചറിഞ്ഞു. ദിവസങ്ങള്‍ക്കകം രോഗം നിരവധി പേരിലേക്ക് പടരുന്നതായി ചൈന സമ്മതിച്ചു. വുഹാന്‍ നഗരം പൂര്‍ണ്ണമായി അടക്കപ്പെട്ടു. എന്നാല്‍, ആഗോളഗ്രാമത്തിലേക്ക് വിമാനം കയറാന്‍ അതിന് പിന്നെ അധികം സമയമെടുത്തില്ല. ജനുവരി 13 നു ചൈനക്ക് പുറത്ത്, തായ്ലന്‍ഡില്‍ രോഗം കണ്ടെത്തി. അതൊരു മാരകമായ അപകട സിഗ്‌നലായിരുന്നു. എന്നാല്‍, ജലദോഷം പോലെ അത് കടന്നുപോകുമെന്നായിരുന്നു യു എസ് പ്രസിഡന്റ്  ട്രംപിന്റെ ആദ്യ പ്രതികരണം. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുപ്രകാരം ആ അമേരിക്കയില്‍ 496,535 പേരില്‍ ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു. 18,586 പേര്‍ മരിച്ചു. അവിടെ തീര്‍ന്നില്ല, ബ്രെക്‌സിറ്റ് ഇളക്കിവെച്ച യൂറോപ്പിന്റെ നട്ടെല്ല് അതൊടിച്ചു. ഇറ്റലിയുടെയും സ്‌പെയിനിന്റെയും ജര്‍മ്മനിയുടെയും ഫ്രാന്‍സിന്റെയും മണ്ണില്‍ രോഗത്തിന്റെയും മരണത്തിന്റെയും മണംപരന്നു. ഏപ്രില്‍ രണ്ടുവരെയുള്ള കണക്കുപ്രകാരം 16, രാജ്യങ്ങള്‍ക്കു മാത്രമാണ് ഈ മാരക വിപത്തില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കാന്‍ കഴിയുന്നുള്ളൂ.

മഹാമാരിയുടെ തേരോട്ടത്തിനിടെ, ആദ്യം സംഭവിച്ചത് മനുഷ്യരുടെ ഒറ്റപ്പെടലാണ്. ആഗോള ഗ്രാമമായി ചുരുങ്ങിയ ലോകത്തെ, അതിര്‍ത്തികളാല്‍ അടച്ചിടപ്പെട്ട അനേകം തുരുത്തുകളാക്കി മാറ്റി, കൊവിഡ്. ലോകമാകെയുള്ള മനുഷ്യരുമായി സഹവര്‍തിത്വം സാദ്ധ്യമാക്കുന്ന ഇന്റര്‍നെറ്റിന്റെ കാലത്ത് മനുഷ്യരെ അത് വീടുകളില്‍ അടച്ചിട്ടു. സ്വന്തക്കാരില്‍നിന്നുപോലും ആളുകളെ മുറിച്ചുമാറ്റി. വിജനതയുടെ പെരും തുരുത്തുകളായി, രോഗം ബാധിച്ചവര്‍. അതേ ഏകാന്തത തിന്നുതിന്ന്, ആരും കൂട്ടിനില്ലാതെ, ലോകമെങ്ങൂം മനുഷ്യര്‍ മരിച്ചുകൊണ്ടേയിരിക്കുന്നു. അവരുടെ മൃതദേഹങ്ങള്‍ക്കുമുണ്ടായി ഒട്ടും നോര്‍മല്‍ അല്ലാത്ത അവസ്ഥകള്‍. മതാചാര പ്രകാരവും ദേശാചാര പ്രകാരവും സംസ്‌കരിക്കുന്ന നാട്ടുനടപ്പൊക്കെ അതിന്റെ പാട്ടിനുപോയി. രോഗം പകരരുത് എന്ന ഒറ്റവ്യവസ്ഥയില്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പൊടുന്നനെ പൊട്ടിമുളച്ചു. മതമടക്കമുള്ള വൈകാരികതയുടെ പേരില്‍ എന്തിനെയും എതിര്‍ക്കുന്ന മനുഷ്യര്‍ ഒരക്ഷരം മിണ്ടാതെ അതനുസരിച്ച് വിനീതവിധേയരായി. ഇറ്റലിയില്‍ സെമിത്തേരികള്‍ നിറഞ്ഞുകവിഞ്ഞതിനെ തുടര്‍ന്ന്, മൃതദേഹങ്ങള്‍ കൂട്ടമായി ട്രക്കുകളില്‍ കയറ്റി കുഴിമാടങ്ങളില്‍ അടച്ചു. അമേരിക്ക അടക്കമുള്ള രാജ്യങ്ങളില്‍നിന്നു വരുന്ന വാര്‍ത്തകളു അതു തന്നെയാണ്. മരിച്ചാല്‍ പോലും രക്ഷയില്ലാത്ത കാലം. മാഡ്രിഡിന്റെ പ്രാന്തപ്രദേശങ്ങളില്‍ രോഗബാധിതര്‍ക്കായി തെരച്ചില്‍ നടത്തിയ സൈന്യം കണ്ടെത്തിയത് ആരും തിരിഞ്ഞു നോക്കാനില്ലാതെ, വീടുകളിലും ആശുപത്രി പരിസരങ്ങളിലും വൃദ്ധസദനങ്ങളിലും മരിച്ചുകിടന്ന വൃദ്ധരെയാണ്.  വാര്‍ദ്ധക്യ കാലം ചെലവിടാനെത്തുന്ന റിട്ടയര്‍മെന്റ് ഹോമുകളില്‍ വൈറസ് എത്തിയാല്‍ കൂട്ടക്കുരുതി ആയിരിക്കും ഫലമെന്ന മുന്നറിയിപ്പുകള്‍ സത്യമായി പുലരാന്‍ ഒട്ടുംനേരമെടുത്തില്ല.

 

മൂന്ന്

കൊവിഡ് രോഗത്തെ തുടര്‍ന്ന് ബാധിച്ചു മരിച്ചവര്‍ക്കു മാത്രമായിരുന്നില്ല ഈ അവസ്ഥ. മറ്റു പല കാരണങ്ങളാല്‍ മരണപ്പെട്ടവരും പെട്ടു. ലോക്ക്ഡൗണിലായ ലോകത്തിന് ആരുടെയും അന്ത്യ ശുശ്രൂഷകള്‍ക്കായി പുറത്തിറങ്ങാന്‍ കഴിയുമായിരുന്നില്ല. സാമൂഹ്യ അകലം പാലിച്ച് അവരവരുടെയും മറ്റുള്ളവരുടെയും ജീവിതം രക്ഷിച്ചെടുക്കാന്‍ കിണഞ്ഞു ശ്രമിക്കുന്നതിനിടെ, ആര്‍ക്കാണ്, മരണവുമായി ബന്ധപ്പെട്ട വൈകാരികതകളില്‍ ചെന്നടിയാനാവുക? ലോക്ക്ഡൗണിന്റെ ആദ്യ നാളുകളില്‍ കേരളത്തിലുണ്ടായ ഒരു മരണം അക്കാര്യം വ്യക്തമാക്കുന്നുണ്ട്. മറ്റെന്തോ അസുഖമായി മരിച്ച സ്ത്രീയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് പോവേണ്ട എന്ന് ഭര്‍ത്താവ് തീരുമാനിച്ചു. മറ്റൊരു നഗരത്തിലായിരുന്ന സ്ത്രീയുടെ അന്ത്യ കര്‍മ്മങ്ങള്‍. അതിനായി, ഒരു മകന്‍ മാത്രമെത്തി. സാമൂഹ്യ അകലം എന്ന ലക്ഷ്യവുമായി ബന്ധപ്പെട്ട് അത് വാര്‍ത്തയായി. ആളുമാരവവും നിറഞ്ഞ നമ്മുടെ അന്ത്യകര്‍മ്മങ്ങളുടെയെല്ലാം സ്വഭാവം ആകെ മാറിമറിഞ്ഞെന്ന് പറയുന്നുണ്ട്, പൊതു ആയതും അല്ലാത്തതുമായ ശ്മശാനങ്ങള്‍ .

സാധാരണക്കാര്‍ മാത്രമല്ല, ആളറിയുന്ന, ആളുകള്‍ ആരാധിക്കുന്ന, നാടിന്റെ നഷ്ടമെന്ന് ഉറപ്പായും പറയാനാവുന്ന സെലിബ്രിറ്റികളുടെ കാര്യത്തിലുമുണ്ടായി ഈ അവസ്ഥ. ആയിരക്കണക്കിനാളുകളുടെ സാന്നിധ്യത്തില്‍ നടന്നിരുന്ന പ്രശസ്തരുടെ അന്ത്യ കര്‍മ്മങ്ങള്‍ ഏറ്റവുമടുത്ത നാലോ അഞ്ചോ  ബന്ധുക്കളുടെ സാന്നിധ്യത്തിലേക്ക് ചുരുങ്ങി. ആളൊഴുകുന്ന പൊതുദര്‍ശന ചടങ്ങുകള്‍ ഇല്ലാതായി. അപ്രതീക്ഷിത മരണങ്ങള്‍ തീര്‍ക്കുന്ന രാപ്പകല്‍ കവറേജുകളില്‍നിന്നും ദൃശ്യമാധ്യമങ്ങളടക്കം മാറിനിന്നു. മരണം ആരുടേതായാലും ഏറ്റവും സ്വകാര്യമായ ഒന്നാണെന്ന് ഒരു വൈറസ് ലോകത്തെ പഠിപ്പിക്കുകയായിരുന്നു.

കേരളത്തില്‍ മാത്രം ഈ കാലയളവില്‍ വിടവാങ്ങിയത്, നാമെല്ലാം ഇഷ്ടപ്പെടുന്ന നിരവധി പ്രശസ്തരായിരുന്നു. എം കെ അര്‍ജുനന്‍ മാസ്റ്റര്‍, നടന്‍ ശശി കലിംഗ, നോവലിസ്റ്റ് ഇ ഹരികുമാര്‍, ഡോ. പുതുശ്ശേരി രാമചന്ദ്രന്‍, ചിത്രകാരന്‍ കെ പ്രഭാകരന്‍, ഫുട്‌ബോള്‍ താരം ഡെംപോ ഉസ്മാന്‍ എന്നിങ്ങനെ അനേകം പേര്‍. നോര്‍മല്‍ എന്നു നമ്മള്‍ വിളിച്ചുപോന്ന ജീവിത സാഹചര്യങ്ങളിലായിരുന്നെങ്കില്‍, ഇവരുടെയെല്ലാം മരണങ്ങളെല്ലാം വലിയ വാര്‍ത്തകളാവേണ്ടതാണ്. സംസ്‌കാര ചടങ്ങുകള്‍, ആയിരങ്ങള്‍ ഒത്തുചേരുന്ന വലിയ പരിപാടികളും. എന്നാല്‍, കൊവിഡ് കാലം അതിന്റെയെല്ലാം അലകും  പിടിയും മാറ്റിവരച്ചു. പ്രിയപ്പെട്ട മനുഷ്യരെ അവസാനമായി ഒന്നു കാണാന്‍ പോലുമാവാത്ത പൊറുതികേടുകളിലേക്ക് നിസ്സഹായരായി വീണുപോയി, നമ്മള്‍.

ഇവിടെ മാത്രമല്ല, ആഗോള തലത്തിലുമുണ്ടായി ഈ അവസ്ഥ. ലോകപ്രശസ്തരായ നൂറു കണക്കിനാളുകളാണ് ഈ കാലയളവില്‍ വിട്ടുപിരിഞ്ഞത്. സാധാരണ നിലയ്ക്ക് വലിയ വാര്‍ത്തയാവേണ്ട മരണങ്ങള്‍. എന്നാല്‍, കൊവിഡ് വാര്‍ത്തകളുടെ  ബാഹുല്യത്തിനകത്ത് ഒതുങ്ങിപ്പോവുകയായിരുന്നു അവ. അവരവരുടെ ഇടങ്ങളില്‍പ്പോലും ആരുമാരും സാക്ഷ്യം വഹിക്കാത്ത അന്ത്യയാത്രകളായി അവ മാറി. വിഖ്യാത സംഗീതജ്ഞന്‍ കെന്നി റോജേഴ്‌സ്, ബില്‍ ക്ലിന്റന്റെ പടിയിറക്കത്തിനു കാരണമായ മോണിക്ക ലെവിന്‍സ്‌കി സംഭവം പുറത്തുകൊണ്ടുവന്ന ലിന്‍ഡ ്രടിപ്, ജെയിംസ് ബോണ്ട് താരം ഓണര്‍ ബ്ലാക്മാന്‍, ക്രിക്കറ്റിലെ മഴ നിയമമായ ഡെക്‌വര്‍ത് ലൂയിസ് നിയമത്തിന്റെ ഉപജ്ഞാതാക്കളിലൊരാളായ ടോണി ലൂയിസ്, സംഗീതജ്ഞന്‍ ഡോഡിഫി, ചലച്ചിത്രകാരന്‍ ടെറന്‍സ് മാക്‌നല്ലി, ഹാസ്യകലാകാരന്‍ കെന്‍ ഷിമുറ, ഗായകന്‍ ബില്‍ വിതേഴസ്, ഗ്രാമി ജേതാവ് ആദം ഷ്‌ലേസിംഗര്‍, സാക്‌സഫോണ്‍ പ്രതിഭ മനു ദിബാംഗോ,  സംഗീതജ്ഞന്‍ ജോണ്‍ പ്രൈന്‍ എന്നിങ്ങനെ എത്രയോ പേര്‍ വിടപറഞ്ഞു.  ഇവരില്‍ ചിലരെ കൊവിഡ് 19 കൊണ്ടുപോയതാണ്. മറ്റു ചിലര്‍ മരിച്ചത് വ്യത്യസ്ത കാരണങ്ങളാലും.

ലോകത്ത് ഏറ്റവുമധികം പേര്‍ മരിക്കുന്ന കാരണങ്ങളിലൊന്ന് വാഹനാപകടങ്ങളാണ്. വാഹനങ്ങളെല്ലാം കട്ടപ്പുറത്തായ ലോക്ക്ഡൗണ്‍ കാലത്ത് അതിനുമുണ്ടായിരുന്നില്ല ഇടം. ആളൊഴിഞ്ഞ റോഡിലൂടെ ആരെ ഓടിത്തോല്‍പ്പിക്കാനാണ്? പൊലീസിന്റെ സൂക്ഷ്മനിരീക്ഷണത്തിലായ പാതകളില്‍ ആര്‍ക്കാവും അപകടകരമാം വിധം വണ്ടിയോടിക്കുവാന്‍?

 

"

 

നാല്

1947-ലാണ് ആല്‍ബര്‍ കാമുവിന്റെ പ്ലേഗ് എന്ന നോവല്‍  പുറത്തിറങ്ങിയത്. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ അതേ പ്രായമുള്ള നോവല്‍. മറ്റൊരു സാഹചര്യത്തില്‍ പിറന്ന ആ നോവല്‍ വീണ്ടും ലോകം അമ്പരപ്പോടെ വായിച്ച കാലമായിരുന്നു ഇത്. അള്‍ജീരിയയിലെ ഒറാന്‍ നഗരത്തെ വിഴുങ്ങിയ പ്ലേഗിന്റെ കഥ കൊറോണക്കാലത്തെ വായിക്കാന്‍ പറ്റിയ കണ്ണടയായിരുന്നു. 'ഇതൊന്നും വലിയ ഇഷ്യൂ ആക്കണ്ട' എന്ന് ലോകത്തോട് ആദ്യം മൊഴിഞ്ഞ ചൈനീസ് ഭരണകൂടത്തെയും 'മാസ്‌കിടാന്‍ എന്റെ പട്ടിവരുമെന്ന്' ഇപ്പോഴും വീമ്പിളക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയുമെല്ലാം മനസ്സിലാക്കാനുള്ള ഭാഷ, കാമുവിന്റെ നോവല്‍ പുതിയ കാലത്തിനു നല്‍കി. മഹാമാരിയെ ചെറുക്കാന്‍ മനുഷ്യര്‍ പോയൊളിച്ച ഐസൊലേഷന്‍ ക്യാമ്പുകള്‍ സത്യത്തില്‍ എന്താണെന്ന് ആ നോവല്‍ വിളിച്ചു പറഞ്ഞു. എത്രകാലത്തേക്കെന്നോ എന്തിനെന്നോ ഉറപ്പില്ലാത്ത ശിക്ഷകളുമായി കഴിയുന്നവരുടെ തടവറകളാണ് അതെന്ന്, പ്ലേഗ്കാലത്തെ മുന്‍നിര്‍ത്തി ലോകം ഉറക്കെ വായിച്ചു. ഒരൊറ്റ വൈറസിന് മാറ്റാനാവുന്ന മൂല്യങ്ങളുടെ കുടുകളിലിരുന്നാണ് നമ്മളിത്രനാളും ജീവിതത്തെ വിശകലനം ചെയ്തുകൊണ്ടിരുന്നതെന്ന് ഞെട്ടലോടെ അതോര്‍മ്മിപ്പിച്ചു.

''പലരും കരുതിയത് മഹാമാരി ഉടനെ ഇല്ലാതാവുമെന്നും അവരും കുടുംബങ്ങളും രക്ഷപ്പെടുമെന്നുമാണ്. അതിനാല്‍, സ്വന്തം ജീവിത ക്രമങ്ങളില്‍ ഒരു മാറ്റവും വരുത്താന്‍ ആരും തയ്യാറായില്ല. വന്നതുപോലെ അപ്രതീക്ഷിതമായി തിരിച്ചുപോവുന്ന ഒട്ടും സ്വീകാര്യനല്ലാത്ത അതിഥിയായാണ് പ്ലേഗിനെ അവര്‍ കണ്ടത്.''-ലോക്ക്ഡൗണിലിരിക്കുമ്പോള്‍ നമുക്ക് നമ്മളെത്തന്നെ കാണിച്ചു തന്നു, പ്ലേഗിലെ ഈ വാചകങ്ങള്‍.  

ജീവിതത്തിന്റെ നിരര്‍ത്ഥകതയെക്കുറിച്ചും മനുഷ്യര്‍ അനുദിനം മുറിച്ചുകടക്കുന്ന സ്വത്വപ്രതിസന്ധികളെക്കുറിച്ചും ആഴത്തില്‍ ആലോചിച്ച ഒരു കാലത്തിന്റെ പ്രതിനിധിയായിരുന്നു ആ നോവല്‍. കൊറോണക്കാലം സത്യത്തില്‍ മനുഷ്യരെ കൊണ്ടുപോയത്, ഒരിക്കല്‍ ലോകം കൈയൊഴിഞ്ഞ അതുപോലെ ഒരവസ്ഥയിലേക്കാണെന്നു വേണം മനസ്സിലാക്കാന്‍. സോഷ്യല്‍ മീഡിയയില്‍ നാം പൊഴിക്കുന്ന ദാര്‍ശനിക ചിന്തകളുടെ അന്തംവിടലുകള്‍ ഒന്നോര്‍മ്മിച്ചാല്‍ ഇക്കാര്യം മനസ്സിലാവും. ജീവിതത്തിന്റെ എല്ലാ കെട്ടുപാടുകളും അഴിച്ച്, ആത്മഹത്യയിലേക്ക് നടന്നുപോകുന്ന കൊവിഡ് കാലത്തെ മനുഷ്യരുടെ എണ്ണവും ഇക്കാര്യം ബോധ്യപ്പെടുത്തും. സമ്പദ്‌വ്യവസ്ഥയെ പിടിച്ചുകുലുക്കുമെന്ന് സംശയമില്ലാതെ ലോകം ഉറപ്പിച്ച കൊറോണ പ്രതിസന്ധിയുടെ ആദ്യ കാലത്ത്,  ആദ്യമേ ആത്മാഹുതിയിലേക്ക് വിടവാങ്ങിയവരില്‍ ഒരു ധനമന്ത്രിയുണ്ടായിരുന്നു. ജര്‍മനിയിലെ ഹെസെ സംസ്ഥാനത്തെ ധനകാര്യ മന്ത്രി തോമസ് ഷോഫര്‍. ചാന്‍സലര്‍ അംഗല മെര്‍ക്കലിന്റെ പാര്‍ട്ടിയുടെ പ്രമുഖ നേതാവ്. കോവിഡ് പ്രതിസന്ധി സമ്പദ് വ്യവസ്ഥയ്ക്കും രാജ്യത്തിനുമേല്‍പ്പിക്കുന്ന ആഘാതങ്ങളെക്കുറിച്ചുള്ള ആധികളാണ് അദ്ദേഹത്തിന്റെ ജീവനെടുത്തത്.

കൊവിഡ് ബാധിച്ചതാണെന്ന സംശയത്താല്‍,  അമ്മയുടെ ശവക്കല്ലറയ്ക്കു തൊട്ടടുത്ത മരത്തില്‍ തൂങ്ങിയാടിയ ഹൈദരാബാദുകാരന്‍ കെ ബാലകൃഷ്ണയാണ് കൊറോണക്കാലത്തെ ആത്മഹത്യയുടെ തുടക്കക്കാരന്‍. കൊറോണക്കാലത്തെ ആതമഹത്യകളെക്കുറിച്ച് സയന്റിഫിക് അമേരിക്കന്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ച അഡ്രിയാന പനായിയുടെ കുറിപ്പ് ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്. പനിയ്ക്കും കൊവിഡിനുമിടയിലുള്ള നേരിയ ലക്ഷണക്കേടുകളെക്കുറിച്ച് ആലോചിച്ച് ആധികയറിയാണ് ബാലകൃഷ്ണ ജീവനൊടുക്കിയത്.  സമാനമായ ആധികളില്‍ മരണത്തിന് പിടികൊടുക്കാന്‍ തയ്യാറായ അനേകം മനുഷ്യര്‍ക്ക് വഴി കാണിച്ചുകൊടുക്കുകയായിരുന്നു ബാലകൃഷ്്ണ എന്നാണ് കുറിപ്പിലെ നിഗമനം.  

രോഗമോ രോഗലക്ഷണളോ ഇല്ലാതെ തന്നെ, ആത്മഹത്യയിലേക്ക് നടന്നുപോയ ബ്രിട്ടനില്‍നിന്നുള്ള ഒരു 19 കാരിയുടെ മരണവും കുറിപ്പില്‍ എടുത്തു പറയുന്നു. ലോക്ക്ഡൗണും ഐസോലേഷനുമായിരുന്നു അവളില്‍ ആധി വളര്‍ത്തിയത്. ആത്മഹത്യ ചെയ്ത രണ്ടു ഇറ്റാലിയന്‍ ആരോഗ്യപ്രവര്‍ത്തകരുടെ കാര്യവും ഇതോടൊപ്പം ആഡ്രിയാന പരിശോധിക്കുന്നു. രോഗത്തിനും മരണങ്ങള്‍ക്കുമൊപ്പം കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍പ്പെട്ടുപോയ ദിവസങ്ങളാണ് അവരുടെ ജീവനെടുത്തത്. കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്കിയിലെ ജോലി. മറ്റു മനുഷ്യരെക്കുറിച്ചുള്ള വ്യാധി. ആ വഴിക്കു വന്നതാണ് ആ മരണങ്ങള്‍. ലോകമെങ്ങും നിന്നു വരുന്ന വാര്‍ത്തകള്‍ കൊവിഡ് കാലത്തിന്റെ ആത്മഹത്യാ മുനമ്പുകള്‍ വെളിച്ചത്തു കൊണ്ടുവരുന്നുണ്ട്. കേരളത്തില്‍ നാം കണ്ട ആത്മഹത്യകളില്‍ പലതും മദ്യം കിട്ടാത്തതു കൊണ്ടുള്ള മനപ്രയാസങ്ങളിലായിരുന്നു. മദ്യാസക്തി കൊണ്ട് ലോകത്തെ അമ്പരപ്പിച്ച കേരളത്തിന് പറ്റിയ കാരണം. ലോക്ക്ഡൗണ്‍ കാരണം മദ്യം കിട്ടാതെ ജീവനാടുക്കിയ കൊല്ലത്തെ പൂജാരിയും ലോഷന്‍ കുടിച്ചു മരിച്ച ബാര്‍ബര്‍ ഷോപ്പ് ജീവനക്കാരനുമെല്ലാം പങ്കുവെയ്ക്കുന്നത്, ഇക്കാലത്തിന്റെ നോര്‍മല്‍ അല്ലാത്ത സമ്മര്‍ദ്ദങ്ങള്‍ തന്നെയാണ്.

 

 

അഞ്ച്

ഈ ദിവസം ലോകത്തെ ഞെട്ടിച്ച വാര്‍ത്ത കൂട്ടക്കുഴിമാടങ്ങളുടേതാണ്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് അഫ്ഗാനിസ്ഥാനിലും ഇറാഖിലുമെല്ലാം കണ്ടെത്തിയ കൂട്ടക്കുഴിമാടങ്ങളെ അതോര്‍മ്മിപ്പിക്കുന്നു.  അമേരിക്കന്‍ അധിനിവേശങ്ങളുടെ തുടര്‍ച്ചയായിരുന്നു അവ. ആ വലിയ കുഴികളിലുള്ള മനുഷ്യരെ അമേരിക്കന്‍ സൈന്യം കൊന്ന് കൂട്ടമായി കുഴിച്ചു മൂടിയതാണ്  എന്നായിരുന്നു ആരോപണം.

ഇന്നത്തെ വാര്‍ത്തയും അമേരിക്കയുമായി ബന്ധപ്പെട്ടതാണ്. എന്നാല്‍, അത് അമേരിക്ക നടത്തിയ കൂട്ടക്കൊലകളുമായി ബന്ധപ്പെട്ടതല്ല. കൊറോണക്കാലവുമായി ബന്ധപ്പെട്ടതാണ്. കൊവിഡ് രോഗത്തെ തുടര്‍ന്ന് മരിക്കുന്നവരെ കൂട്ടമായി അടക്കം ചെയ്യാന്‍ ന്യൂയോര്‍ക്ക് നഗര പ്രാന്തത്തിലുള്ള ഹാര്‍ട് എന്ന ചെറുദ്വീപില്‍ വലിയ കിടങ്ങുകള്‍ കുഴിക്കുന്ന വാര്‍ത്തയാണ് പുറത്തുവന്നത്. ന്യൂയോര്‍ക്കിലെ ശ്മശാനങ്ങളില്‍ സ്ഥലമില്ല. അങ്ങനെയാണ് കൂട്ടക്കുഴിമാടങ്ങള്‍  പരിഗണനയ്്ക്കു വന്നത്. 19ാം നൂറ്റാണ്ട് മുതല്‍ അവകാശികളില്ലാത്ത, ദരിദ്രരായ മനുഷ്യരെ സംസ്‌കരിക്കാന്‍ ഉപയോഗിച്ചുകൊണ്ടിരുന്ന, ആള്‍പ്പാര്‍പ്പില്ലാത്ത, സഞ്ചാരികള്‍ക്ക് പ്രവേശനം ഇല്ലാത്ത ഹാര്‍ട്ട് ദ്വീപിലേക്ക് പൈന്‍ തടികള്‍ കൊണ്ടുണ്ടാക്കിയ ശവപ്പെട്ടികളുമായി അമേരിക്കന്‍ ട്രക്കുകള്‍ ഇരമ്പിച്ചെന്നത് അതുകൊണ്ടാണ്.

വസൂരിക്കാലത്തൊക്കെ, നാമേറെ കേട്ടതാണ് കൂട്ടക്കുഴിമാടങ്ങളുടെ കാര്യം. പിന്നെയാ അഫ്ഗാന്‍, ഇറാഖ് അധിനിവേശ കാലത്തും. അതു കഴിഞ്ഞാണിപ്പോള്‍ ഹാര്‍ട്ട് ദ്വീപിലെ കൂട്ടക്കുഴിമാടങ്ങള്‍. അമേരിക്കയെ സംബന്ധിച്ചിടത്തോളും സമാനതകളില്ലാത്ത ചരിത്രാനുഭവമാണ് അത്. സ്വന്തം ജനങ്ങളെ കൂട്ടമായി അടക്കം ചെയ്യേണ്ടി വരുന്ന നിസ്സഹായത. നാളെ ലോകത്തിന്റെ മറ്റിടങ്ങളിലേക്കും വ്യാപിക്കാന്‍ സാദ്ധ്യതയുള്ള ഒന്ന്. കൊറോണ അഴിഞ്ഞാടുന്ന ഇക്കാലത്തെ മാനുഷികാവസ്ഥകളെ പലതലങ്ങളില്‍ വിശദീകരിക്കുന്നുണ്ട് അത്.

രാഷ്ട്രീയമാണ് അതുയര്‍ത്തുന്ന ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിവ്. ലോകമെങ്ങും ശക്തിപ്പെട്ട തീവ്രവലതു രാഷ്ട്രീയത്തിന്റെ അകക്കാമ്പുകള്‍ തന്നെ ഇളക്കിക്കളയുന്ന ഒന്നാണ് ഇപ്പോള്‍ ലോകത്തിന്റെ പരിഗണനയ്ക്കു മുന്നില്‍ വന്ന 'കൂട്ടക്കുഴിമാടം' എന്ന സാദ്ധ്യത. അത്, മനുഷ്യരെ പല തട്ടുകളിലാക്കി തിരിച്ച്, തലച്ചോറില്‍ വെറിയുടെ വിത്തുകള്‍ പാകുന്ന തീവ്രവലതുപക്ഷ രാഷ്ട്രീയത്തിന്റെ വിരുദ്ധ പക്ഷത്താണ്. തീവ്രവലതുപക്ഷം എപ്പോഴും ഊന്നുന്നത് അപരത്വത്തിലാണ്. അപരന്‍മാരെ കാണിച്ചും അവര്‍ക്കെതിരെ വെറിയും വിദ്വേഷവും വളര്‍ത്തിയുമാണ് അമേരിക്കയിലടക്കം ആ രാഷ്ട്രീയം വേരുപിടിച്ചത്. കുടിയേറ്റക്കാരെയും അപരരായി മുദ്രകുത്തപ്പെട്ട വംശീയ, മത വിഭാഗങ്ങളെയും ശത്രുപക്ഷത്തുനിര്‍ത്തുന്ന ആ ഫാഷിസ്റ്റ് രാഷ്ട്രീയം വേരാഴ്ത്തുന്നത് വംശീയ ശുദ്ധി അടക്കമുള്ള കാര്യങ്ങളിലാണ്. വെറിയിലും പരനിന്ദയിലുമധിഷ്ഠിതമായ ആ  രാഷ്ട്രീയത്തിനെയാണ് സത്യത്തില്‍ കൊറോണക്കാലത്തെ കൂട്ടക്കുഴിമാടങ്ങള്‍ നിലംപരിശാക്കുന്നത്.

മൃതദേഹങ്ങള്‍ മാത്രമേ അവിടെയുള്ളൂ. കുടിയേറ്റക്കാരനോ കത്തോലിക്കനോ വംശീയഅപരനോ അവിടെ വിഷയമേയല്ല. മതവും ജാതിയും വംശവും വര്‍ണ്ണവും വര്‍ഗവും പ്രസക്തമല്ലാത്ത ഒരിടം. എത്രയും വേഗം, പരമാവധി ആളുകളെ അടക്കം ചെയ്യുക എന്നതു മാത്രമാണ് അവിടെ പ്ര്‌സക്തം. ന്യൂയോര്‍ക്കിലെ ഹാര്‍ട്ട് ദ്വീപിലേക്ക് ഫ്രീസര്‍ ഘടിപ്പിച്ച ട്രക്കുകളില്‍ എത്തുന്ന മൃതദേഹങ്ങള്‍ക്കെല്ലാം ബാധകമാവുന്നത് ആ ഒരൊറ്റ കാര്യമാണ്. അതിനാല്‍, അമേരിക്കന്‍ വംശവെറിയന്‍മാരും അറബികളും കുടിയേറ്റക്കാരും ഏഷ്യക്കാരുമെല്ലാം അവിടത്തെ കിടങ്ങുകളില്‍ തലങ്ങൂം വിലങ്ങൂം കിടക്കേണ്ടി വരും. ലോകത്തിന്റെ ജാതകം മാറ്റിയെഴുതാന്‍ കച്ചകെട്ടിയിറങ്ങിയ, തീവ്രവലതു രാഷ്ട്രീയം പറയുന്ന ഒരു സംഘം ഭരണാധികാരികള്‍ ഉയര്‍ത്തുന്ന നിലപാടുകളെ തന്നെയാണ്, അങ്ങനെ നോക്കുമ്പോള്‍, കൂട്ടക്കുഴിമാടങ്ങള്‍ എന്ന സങ്കല്‍പ്പം ചോദ്യം ചെയ്യുന്നത്. നാളെ ഒന്നിച്ച് ഒരേ കുഴിയില്‍ അടക്കം െചയ്യപ്പെടേണ്ടവര്‍ എന്ന ബോധ്യത്തിനിടയില്‍ ഏതു ഫാഷിസ്റ്റിനാണ് അവരുടെ വിഭാഗീയതയുടെ കൊടിക്കൂറ നാട്ടാനാവുക?

 

ലോക്ക് ഡൗണ്‍ ദിനക്കുറിപ്പുകള്‍ 

ആദ്യ ദിവസം:'എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ.

രണ്ടാം ദിവസം: കാസര്‍ഗോട്ടെ നാസ, ചാലക്കുടിക്കാരി യുനെസ്‌കോ

മൂന്നാം ദിവസം: ഭാര്യയെ 'കൊറോണ വൈറസ്' ആക്കുന്ന 'തമാശകള്‍' എന്തുകൊണ്ടാവും?

നാലാം ദിവസം: വീട്ടിലടഞ്ഞുപോയ വാര്‍ദ്ധക്യങ്ങളോട് നാം ഏതുഭാഷയില്‍ സംസാരിക്കും?

അഞ്ചാം ദിവസം: ലോക്ക്ഡൗണ്‍ ഭയക്കാതെ ആ അതിഥി തൊഴിലാളികള്‍ എന്തിനാവും തെരുവിലിറങ്ങിയത്?

ആറാം ദിവസം: ലിപ് ലോക് ചുംബനങ്ങള്‍ക്ക് വിട, ഫ്ലൈയിംഗ് കിസിന് സ്വാഗതം!

ഏഴാം ദിവസം: ഈ സമയത്ത് ഫേസ്ബുക്കില്‍ ഫോട്ടോ കുത്തിപ്പൊക്കാമോ?

എട്ടാം ദിവസം: എന്നിട്ടും എന്തിനാവും അവര്‍ നിസാമുദ്ദീന്‍ മര്‍ക്കസില്‍ തിങ്ങിക്കൂടിയത്?

ഒമ്പതാം ദിവസം: കേരളമേ, കൊറോണ ഒരു പ്രവാസിയല്ല!

പത്താം ദിവസം:കുന്ദംകുളത്തെ പറക്കുന്ന കള്ളന്‍: നേരെത്ര, നുണയെത്ര?

പതിനൊന്നാം ദിവസം: നമ്മള്‍ ഉണ്ടുറങ്ങുന്ന ബിഗ് ബോസ് വീടുകള്‍

പന്ത്രണ്ടാം ദിവസം: പൂ പോലുള്ള കുട്ടികള്‍, പുല്ലുതിന്നുന്ന കുട്ടികള്‍

പതിമൂന്നാം ദിവസം: മരിച്ചില്ലായിരുന്നുവെങ്കില്‍ ഈ ലോക്ക്ഡൗണ്‍ കാലത്ത് കെ. എം ബഷീര്‍ എന്ത് ചെയ്യുകയാവും?

പതിനാലാം ദിവസം: അടുക്കള ഒരത്ഭുത ലോകമാണ്, കേരളവും! 

പതിനഞ്ചാം ദിവസം: യോദ്ധാവോ മാലാഖയോ അല്ലാത്ത ഈ നഴ്‌സുമാരുടെ ചോരയ്ക്ക് നമ്മളെത്ര വിലയിടും?

പതിനാറാം ദിവസം: ആരെയാണ് മനുഷ്യരെ നിങ്ങള്‍ പറ്റിക്കുന്നത്, ഭൂമിയെയോ?

പതിനേഴാം ദിവസം: തല്ലുന്ന പൊലീസ്, തലോടുന്ന പൊലീസ്; കരയുന്ന പൊലീസ്, ചിരിക്കുന്ന പൊലീസ്.

 

click me!