മലയാള ചലച്ചിത്ര സംഗീതത്തില്‍ കണ്ണൂര്‍ രാജന്‍ ചെയ്തത്. പാട്ടുറവകള്‍. പാര്‍വതിയുടെ കോളം തുടരുന്നു.
രാജന്‍ മാഷ് രചിച്ച ഒട്ടുമിക്ക പാട്ടുകളും മെലഡികള്‍ ആയിരുന്നു. മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന മെലഡികള്‍. 'ഇളം മഞ്ഞില്‍ കുളിരുമായൊരു കുയില്‍', 'നാദങ്ങളായ് നീ വരൂ', 'തൂമഞ്ഞിന്‍ തുള്ളി തൂവല്‍ തേടും മിന്നാമിന്നി', ചിത്രം എന്ന സിനിമയിലെ പാട്ടുകള്‍ എല്ലാം ഹിറ്റുകളായിരുന്നു. അദ്ദേഹം തന്നെ കംപോസ് ചെയ്തത് മറ്റുള്ളവരുടെ പേരില്‍ ക്രെഡിറ്റ് പോയിട്ടുള്ള പാട്ടുകളും ഉണ്ടായിട്ടുണ്ടെന്ന് പിന്നീട് അറിഞ്ഞിട്ടുണ്ട്. ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്ത് പ്രതിഭ ഒന്ന് മാത്രം ഉപയോഗിച്ച് ചലച്ചിത്ര ലോകത്ത് എത്തിപ്പെട്ടതാണദ്ദേഹം.
undefined
സംഗീത സംവിധായകന്‍ കണ്ണൂര്‍ രാജന്‍ ഈ ലോകം വിട്ടു പോയിട്ട് 26 വര്‍ഷങ്ങള്‍ പിന്നിടുന്നു. എന്നാല്‍ ഇപ്പോഴും, ഈ കാലത്തും അദ്ദേഹം അണിയിച്ചൊരുക്കിയ പാട്ടുകള്‍ മലയാളി ഉള്ളിടത്തെല്ലാം തുളുമ്പിക്കൊണ്ടേയിരിക്കുന്നുണ്ട്. ഓര്‍മ്മയിലേക്ക് ഇടയ്ക്കിടെ വന്ന് 'ഞാനിവിടെ ഉണ്ടേ' എന്ന് മന്ത്രിക്കുന്ന പാട്ടുകളില്‍ പലതും അദ്ദേഹത്തിന്‍േറതാവുന്നത് അതിനാലാണ്. മലയാളത്തിന്റെ ചലച്ചിത്രസംഗീത ചരിത്രത്തില്‍ ഒരിക്കലും മായ്ക്കാനാവാത്ത വലിയൊരു അടയാളപ്പെടുത്തലായിരുന്നു പ്രതിഭയുടെ തീപ്പൊരി വീണ ആ ഗാനങ്ങള്‍. മരണത്തിനു മുമ്പും അതിനു ശേഷവും അദ്ദേഹത്തിന്റെ ഗാനങ്ങള്‍ അതിന്റെ അര്‍ഹതയോടെ കാലം തിരിച്ചറിഞ്ഞിരുന്നുവോ, തിരിച്ചറിയുന്നുണ്ടോ എന്ന ആലോചനയാണിപ്പോള്‍ ബാക്കിയാവുന്നത്.
രാജന്‍ മാഷ് രചിച്ച ഒട്ടുമിക്ക പാട്ടുകളും മെലഡികള്‍ ആയിരുന്നു. മലയാളികള്‍ ഏറെ ഇഷ്ടപ്പെടുന്ന മെലഡികള്‍. 'ഇളം മഞ്ഞില്‍ കുളിരുമായൊരു കുയില്‍', 'നാദങ്ങളായ് നീ വരൂ', 'തൂമഞ്ഞിന്‍ തുള്ളി തൂവല്‍ തേടും മിന്നാമിന്നി', ചിത്രം എന്ന സിനിമയിലെ പാട്ടുകള്‍ എല്ലാം ഹിറ്റുകളായിരുന്നു. അദ്ദേഹം തന്നെ കംപോസ് ചെയ്തത് മറ്റുള്ളവരുടെ പേരില്‍ ക്രെഡിറ്റ് പോയിട്ടുള്ള പാട്ടുകളും ഉണ്ടായിട്ടുണ്ടെന്ന് പിന്നീട് അറിഞ്ഞിട്ടുണ്ട്. ജീവിതത്തിലെ പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്ത് പ്രതിഭ ഒന്ന് മാത്രം ഉപയോഗിച്ച് ചലച്ചിത്ര ലോകത്ത് എത്തിപ്പെട്ടതാണദ്ദേഹം. അദ്ദേഹത്തെ കുറിച്ച് കൂടുതല്‍ അറിഞ്ഞത് ഒപ്പം ജോലി ചെയ്തിരുന്ന ചിലരുടെ വാക്കുകളിലൂടെ മാത്രമാണ്. അധികമൊന്നും മുന്‍നിരയിലേക്ക് വന്നിട്ടില്ലാത്ത ഗാന രചയിതാക്കളുടെ ഒപ്പവും അദ്ദേഹം പാട്ട് കംപോസ് ചെയ്തിട്ടുണ്ട്. 'ചിത്രം' എന്ന സിനിമയും അതിലെ പാട്ടുകളും വലിയ ജനപ്രീതി നേടിയെടുത്തിട്ടും എന്തുകൊണ്ടോ അതിലെ സംഗീത സംവിധായകന്റെ പേര് അധികമൊന്നും കേട്ടതായി ഓര്‍ക്കുന്നില്ല. അതിന്റെ ഗാനരചയിതാവിനെ അതിലുമേറെ കേട്ടിരുന്നു.
...............................
Read more: രണ്ടരപ്പതിറ്റാണ്ടിനിപ്പുറം ആമേന്‍ എങ്ങനെയാണ് കാതോടു കാതോരത്തിന്റെ തുടര്‍ച്ചയാവുന്നത്?
കണ്ണൂര്‍ രാജന്‍
പ്രതിഭയുള്ള സംഗീതസംവിധായകര്‍ അനേകരുണ്ട്. ആ പ്രതിഭ പൂര്‍ണ്ണമായും പുറത്തുവരുംവിധമുള്ള ഗാനങ്ങള്‍ പക്ഷെ അപൂര്‍വ്വമായേ സൃഷ്ടിക്കപ്പെടുന്നുണ്ടാവൂ. ഏതൊരു കംപോസറുടെയും സൃഷ്ടികള്‍ അരിച്ചരിച്ച് എടുത്തു നോക്കിയാല്‍ ചുരുക്കം മാസ്റ്റര്‍പീസ് ഒക്കെയേ ഉണ്ടാവൂ. രാജന്‍ മാഷ് സംഗീത സംവിധാനം ചെയ്ത ചില ഗാനങ്ങളെടുത്ത് അവയിലൂടെ അദ്ദേഹത്തിന്റെ പ്രതിഭയെ, മൗലികങ്ങളായ ചില അടയാളങ്ങളെ കണ്ടെത്താനുള്ള ഒരു ശ്രമമാണിത്. ഇതിലെ നിരീക്ഷണങ്ങള്‍ തീര്‍ത്തും വ്യക്തിപരമായ ആസ്വാദനത്തിലൂടെ വന്നു ചേര്‍ന്നവയാണ്. ആധികാരികതയുടെ ശബ്ദം ഈ എഴുത്തിനില്ല.
കണ്ണൂര്‍ രാജന്‍ കമല്‍ഹാസനൊപ്പം
രാജന്‍ മാഷിന്റെ പാട്ടുകളില്‍ ആദ്യം തന്നെ എടുത്ത് പറയാവുന്ന ഒരു പ്രത്യേകത, പാട്ടിലുടനീളം ഓര്‍ണമെന്റല്‍ ആയി പ്രവര്‍ത്തിക്കുന്ന 'സംഗതികളുടെ' ചില പ്രത്യേകതയുള്ള പ്രയോഗവഴികളാണ്. എല്ലാ ഗാനങ്ങള്‍ക്കും സംഗതികള്‍ സ്വാഭാവികമായും ഉണ്ടാകില്ലേ? ഉണ്ടാകും. പക്ഷെ രാജന്‍ മാഷിന്റെ പാട്ടുകള്‍ പരിശോധിക്കുമ്പോള്‍, ഇതുപോലെ സംഗതികളാല്‍ അരികും മൂലയും വെട്ടിത്തിളങ്ങുന്ന ഗാനങ്ങള്‍ ഉണ്ടായിവരുന്നതില്‍ ചില സവിശേഷതകള്‍ ഉണ്ട്.
ഒരേ അച്ചുകളില്‍ വാര്‍ത്തെടുത്ത ഒരുപാട് 'സൂപ്പര്‍ ഹിറ്റുകള്‍' ഒരേ സമയത്ത് തന്നിട്ടില്ല അദ്ദേഹം. ഉള്ളിലെ തീപ്പൊരി വന്നു തട്ടുമ്പോള്‍ സൃഷ്ടിക്കപ്പെട്ടത് എന്ന് തോന്നുന്ന, അസാധാരണ പ്രയോഗവഴികളിലൂടെ തിളങ്ങുന്ന, ചില പാട്ടുകള്‍ എടുത്തുനോക്കിയാല്‍ അദ്ദേഹത്തിന്റെ സ്വന്തമായ ചില കയ്യൊപ്പുകള്‍ കണ്ടെടുക്കാനാവും. അദ്ദേഹത്തിന്റെ ഗാനങ്ങളുടെ പ്രത്യേകതകള്‍ കൃത്യമായി പരിശോധിക്കാന്‍ മൂന്നു കാലയളവുകളില്‍ ഉള്ള രണ്ട്, മൂന്ന് പാട്ടുകള്‍ എടുത്തിട്ടുണ്ട് -തല്‍ക്കാലം. (ഈ മൂന്നു പാട്ടുകള്‍ തന്നെ തിരഞ്ഞെടുക്കാന്‍ പ്രത്യേകിച്ച് മാനദണ്ഡങ്ങള്‍ ഒന്നും ഇല്ല, മൂന്നും മൂന്ന് കാലയളവിലെ പാട്ടുകളാണ് എന്നതൊഴിച്ചാല്‍).
വീണ പാടുമീണമായി...
മാഷിന്റെ മാസ്റ്റര്‍പീസ് എന്ന് നിസ്സംശയം പറയാവുന്ന ഒരു പാട്ടാണ്, 'വാര്‍ദ്ധക്യപുരാണം' എന്ന സിനിമയില്‍ കെ.എസ് ചിത്ര പാടിയ 'വീണ പാടുമീണമായി (1995)'' എന്ന ഗാനം. മാഷ് അതുവരെ ചെയ്ത പാട്ടുകളുടെ ഒരാകത്തുക ആണീ പാട്ടെന്നു തോന്നും. അദ്ദേഹത്തിന്റെ സ്വന്തമായ ചില 'മുദ്രകള്‍' ഈ പാട്ടില്‍ തന്നെയുണ്ട്. എന്നാല്‍ വേദികളില്‍നിന്ന് വേദികളിലേക്ക് ഉല്‍സവം പോലെ പടര്‍ന്നിട്ടില്ലാത്ത ഒരു ഗാനം കൂടിയായിരുന്നു അത്.
മാഷ് പാട്ട് പഠിപ്പിക്കുന്നത് തന്നെ സ്വയം പാടി ആസ്വദിച്ചു കൊണ്ടായിരുന്നുവെന്ന് കെ.എസ് ചിത്ര ഓര്‍മ്മിക്കുന്നുണ്ട്. മനോധര്‍മ്മത്തിനുള്ള സ്വാതന്ത്ര്യം ധാരാളം അനുവദിച്ചിരുന്ന കലാകാരന്‍ ആയിരുന്നു അദ്ദേഹമെന്നും പറയുന്നുണ്ട്, ചിത്ര. ആ പറഞ്ഞത് അക്ഷരം പ്രതി ശരി വെക്കുന്നതാണ് ഈ ഗാനം. ആദ്യം പാടി തൃപ്തി വരാതെ ചിത്ര മാഷോട് ചോദിച്ച് വീണ്ടും രണ്ടാമത് പാടി, അതില്‍ തൃപ്തി വന്ന വേര്‍ഷന്‍ ആണത്രേ അവസാന ടെയ്ക്ക് ആയി തിരഞ്ഞെടുത്തത്. ആ പാട്ടിന്റെ ഓരോ വരികളെയും അത്രയേറെ ഓമനിച്ച് വീണ്ടും വീണ്ടും ഭംഗി കൂട്ടുന്നുണ്ട് ചിത്ര.
ഹിന്ദുസ്ഥാനി സംഗീതത്തിലെ 'പട്ദീപ്' എന്ന രാഗത്തിന്റെ ചില സ്വഭാവവിശേഷങ്ങള്‍ ധാരാളം വന്നുപോകുന്ന ഈ ഗാനത്തിന്റെ ഈണം തുടക്കം മുതല്‍ തന്നെ പ്രവചനാതീതമായ സഞ്ചാരങ്ങളിലൂടെയാണ് മുന്നോട്ട് പോകുന്നത്. രാഗമേതെന്നു പോലും അപ്രസക്തമാക്കി കൊണ്ടാണതിന്റെ മുന്നേറ്റം. ഈ ഗാനം മുഴുവന്‍ നിലനില്‍ക്കുന്നത് തന്നെ, അതിനെയിങ്ങനെ കേള്‍ക്കാന്‍ പാകത്തില്‍, വരികളെ ഓരോന്നിനെയും ശ്രുതിയില്‍ ഉയര്‍ത്തിയും താഴ്ത്തിയും, അസ്ഥിവാരത്തില്‍ ഘടിപ്പിച്ചിട്ടുള്ള സ്പ്രിങ് ഗ്രിപ്പറുകളില്‍ ആണെന്ന് തോന്നിപ്പോവും. പാടുമ്പോള്‍ താളം കൈവിട്ടു പോകാതെ, സംഗതികള്‍ വഴുക്കാതെ, ലയം നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ ആവശ്യത്തില്‍ കൂടുതല്‍ തൊണ്ടയുടെ 'ഗ്രിപ്' അനിവാര്യമാകുന്ന സങ്കീര്‍ണ്ണത ഉണ്ട് ഈ ഗാനത്തിന്.
മണല്‍ തരികള്‍ പോലെ അതിസൂക്ഷ്മങ്ങളായവയും, മുത്തുമണികള്‍ പോലെ പെറുക്കിയെടുക്കാവുന്നതും ആയ, വേഗങ്ങളില്‍, പല വലുപ്പങ്ങളില്‍ ഉള്ള സംഗതികളെ ഈ ഗാനത്തില്‍ നിന്നും തിരഞ്ഞെടുക്കാനാവും. സംഗതികളെ അതിന്റെ വേണ്ട അളവില്‍ നിയന്ത്രിച്ചും, വിപുലപ്പെടുത്തിയുമൊക്കെ അതിസൂക്ഷ്മതയോടെ പ്രയോഗിക്കുന്നതില്‍ സമര്‍ത്ഥയായ ചിത്ര ഈ ഗാനത്തിന്റെ ഓരോ മുക്കും മൂലയുംനീട്ടിയും കുറുക്കിയും ഉള്ള സംഗതികളിലൂടെ നമുക്ക് തൊട്ടുകാണിച്ചു തരുന്നുണ്ട്.
സംഗതികളുടെ കാര്യമെടുത്താല്‍, മണല്‍ത്തരികള്‍ വാരിവിതറുന്ന പോലെയുള്ള അതിസൂക്ഷ്മങ്ങളായ ശ്രുതികള്‍ ചേര്‍ന്ന മനോഹരമായ സംഗതികളുടെ സഞ്ചയം കൂടുതല്‍ കേള്‍ക്കാം. ഇത് മാഷിന്റെ പ്രത്യേകത തന്നെയാണ്. അവയുടെ വേഗം വളരെ കൂടുതല്‍ ആയിരിക്കും. "ബൃഗശാരീരങ്ങള്‍ക്ക്" അനുയോജ്യമായ തരത്തില്‍ പാട്ടിനോട് ചേര്‍ന്ന് പോകുന്നവയുമായിരിക്കും അവ. സംഗതികള്‍ തീരെ ഇല്ലാത്ത പാട്ടുകളും അദ്ദേഹം ചെയ്തിട്ടുണ്ട്, എന്നാല്‍ അവയില്‍ അദ്ദേഹം കൊടുക്കുന്ന ഫോക്കസ് മറ്റൊരു ദിശയിലേക്കാണ്.
''വീണപാടുമീണമായി..'' എന്ന ഗാനത്തിന്റെ മറ്റൊരു പ്രത്യേകത, അതിന്റെ തുടക്കം അവരോഹണക്രമത്തില്‍ ആണ് എന്നതാണ്. മന്ദ്രസ്ഥായിയിലേയ്ക്ക് അവരോഹണക്രമത്തില്‍ ഒരു പാട്ടിന്റെ തുടക്കം തന്നെ വരുന്നത് ഒരല്‍പം വെല്ലുവിളിയാണ്. പാട്ടിന്റെ തുടക്കഭാഗം പാട്ടിന്റെ ഘടനയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരിടമാണ്. ഏറ്റവും തെളിച്ചത്തില്‍ വരേണ്ട ഭാഗം. സാധാരണ ആരോഹണക്രമത്തില്‍ മുകളിലേക്ക് സഞ്ചരിക്കാനുള്ള ഏറ്റവും സൗകര്യപ്രദമായ പ്രവണതയ്ക്ക് വിപരീതമായി അത് തുടക്കത്തില്‍ തന്നെ താഴോട്ട് അവരോഹണക്രമത്തില്‍ സഞ്ചരിക്കുന്നു. അതായത് വലതുകൈയ്ക്ക് സ്വാധീനമുള്ളവര്‍ക്ക് ഇടതു കൈ കൊണ്ട് പ്രവര്‍ത്തിക്കുമ്പോള്‍, അല്ലെങ്കില്‍ മറിച്ചോ, ഉണ്ടാകുന്ന പോലെയുള്ള ചെറിയൊരു സ്വാധീനമില്ലായ്മ. ചൂഴ്ന്നു നോക്കിയാല്‍, തൊണ്ടയുടെ പ്രൊഫഷണലിസം കൂടി ആവശ്യപ്പെടുന്ന സ്ഥിതിവിശേഷം കൂടിയാണത്. കൂടാതെ തുടക്കത്തിലേ ആദ്യ അക്ഷരത്തില്‍ തന്നെ ഒരു 'പൊട്ടു സംഗതിയും' (വീണ എന്ന വാക്കിലെ 'വീ' എന്ന അക്ഷരത്തിലെ) ചേര്‍ത്തിട്ടുണ്ട്. ഇവിടെയാണ് ആദ്യം സൂചിപ്പിച്ച ഗ്രിപ്പിന്റെ ആവശ്യകത വരുന്നത്. പിന്നീടങ്ങോട്ട് സംഗതികളുടെ പെരുമഴയാണ്.
ഈ ഗാനത്തിലേയ്ക്ക് ഗായികയുടെ സംഭാവനകള്‍ ധാരാളം ഉണ്ടാവാമെങ്കിലും ഗാനരചയിതാവിന്റെ 'മുദ്രകള്‍' മാഞ്ഞുപോകുന്നില്ല. അത് കെ.ജെ.യേശുദാസ് പാടിയ വേര്‍ഷന്‍ കേട്ടുനോക്കിയാല്‍ അറിയാനാവും. 'ദേവീ ക്ഷേത്രനടയില്‍..' എന്ന പാട്ടിന്റെ തുടക്കവും ഇതുപോലെ നല്ല ഗ്രിപ് ആവശ്യപ്പെടുന്ന മറ്റൊരു ഗാനമാണ്.
പാട്ടിന്റെ ഭാവത്തിന് അനുയോജ്യമായ നോട്ടുകളില്‍ ഊന്നുക, നീട്ടുക, ആവര്‍ത്തിക്കുക എന്ന കൃത്യതയാണ് മാഷിന്റെ സംഗീതരചനകളിലെ മറ്റൊരു സവിശേഷത. സാധാരണമട്ടില്‍ കുറേ സംഗതികള്‍ വന്നു നിറയുമ്പോഴും ആ ഗാനങ്ങളെ മറ്റുള്ള പാട്ടുകളില്‍ നിന്നും വേര്‍തിരിച്ച് നിര്‍ത്തുന്ന മറ്റൊരു പ്രത്യേകതയായി ഇതിനെ പറയാം. ഈ ഗാനത്തില്‍ തന്നെ ആദ്യത്തെ നോട് (മന്ദ്രസ്ഥായി) തീവ്ര നിഷാദത്തില്‍ നിന്നാണ് തുടങ്ങുന്നത്. മന്ദ്രസ്ഥായി 'നി' യില്‍ നിന്നും മദ്ധ്യ 'നീ'യെ കേന്ദ്രീകരിച്ച് കൊണ്ടുള്ള ഒരു സ്പാന്‍ ആണ് ഈ പാട്ടിന്റെ ടോട്ടാലിറ്റി. അനുപല്ലവികളില്‍ അത് താര ഷഡ്ജത്തെ തൊട്ടുവരുന്നെന്നു മാത്രം.
ഒരു പ്രത്യേക രാഗത്തിന്റെ ചട്ടക്കൂട്ടില്‍ ഒതുങ്ങാതെ, ചില ഇടങ്ങളില്‍ ഗൗരിമനോഹരി രാഗത്തിലൂടൊക്കെ പോയി വന്ന്, ചിലപ്പോള്‍ ആ 'രാഗ'ത്തിന്റെ ഫ്രെയിമില്‍ ഒരു ഫോറിന്‍ നോട് ഒക്കെ തൊട്ടുവന്ന്, മനോഹരമായ, നവീനമായ ഒരു പരിചരണരീതി. പരമാവധി സംഗതികളെ കൊണ്ട് ഗാനം നിറക്കുക എന്നതിനേക്കാള്‍, ഫിക്‌സ് ചെയ്തിരിക്കുന്ന ചില നോട്ടുകള്‍ക്ക് പ്രത്യേകം ഊന്നല്‍ കൊടുത്ത്, അതിനനുസരിച്ച് അഴക് കൂട്ടാനായി മാത്രം സംഗതികളെ വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്തുക എന്നതാണ് അദ്ദേഹം കൈകൊണ്ടിട്ടുള്ള വഴി എന്ന് പറയാം. ഈയൊരു പരിചരണ രീതി മറ്റു ചില പാട്ടുകളിലും അദ്ദേഹം പ്രയോഗിച്ചിട്ടുണ്ട്.
പീലിയേഴും വീശി വാ...
ഇനി നമ്മള്‍ പരിശോധിക്കുന്നത് 'പൂവിനു പുതിയ പൂന്തെന്നല്‍' എന്ന ചലച്ചിത്രത്തിലെ ''പീലിയേഴും വീശി വാ (1985)'' എന്ന ഗാനമാണ്. ഇതും അവരോഹണക്രമത്തില്‍ തന്നെ ആരംഭിക്കുന്നു. എന്നാല്‍ ഈ പാട്ടില്‍ ഒരുപാട് സംഗതികളെ കേള്‍ക്കുകയേ ഇല്ല. പകരം അതിലെ ഫോക്കസ്, ഭാവത്തിനു ഊന്നല്‍ കൊടുക്കുന്ന ചില പ്രത്യേക നോട്ടുകള്‍ക്കു മാത്രമാണ്. അവയെ കേന്ദ്രീകരിച്ചാണ് പാട്ട് വികസിച്ച് വരുന്നതും. അതില്‍ സ, പ തുടങ്ങിയ ആധാര ശ്രുതിയായി നില്‍ക്കുന്ന നോട്ടുകള്‍ പോലും പ്രസക്തമല്ല. എവിടെ തുടങ്ങുന്നു, എവിടെ ചെന്നവസാനിക്കുന്നു എന്നറിയാതെ, അപരിചിതമായൊരു വഴിയില്‍ സ്ഥലവിഭ്രമം വന്ന പോലെ സ്തബ്ധരായി നില്‍ക്കുന്ന നമുക്ക് പുതിയ വഴികള്‍ കാണിച്ച് തരുന്നു, ഈ പാട്ട്.
സ്ഥായികളില്‍ പരസ്പര പൂരകങ്ങളായി, മുഖാമുഖം നില്‍ക്കുന്ന സ്വരസഞ്ചയങ്ങളെ അദ്ദേഹം അനുപല്ലവി, ചരണത്തിന്റെ ഒടുക്കം എന്നിവിടങ്ങളില്‍ മനോഹരമായി ചേര്‍ത്തുവെച്ചിട്ടുണ്ട്. പാട്ട് അവസാനിക്കുന്നിടത്ത് അദ്ദേഹം 'പീലി വീശിവരുന്ന സ്വരരാഗ മയൂരം' എന്ന ഒരു ഇമേജ്, ശക്തമായ ഒരു കോറസിന്റെ പിന്‍ബലത്തോട് കൂടി കൂട്ടിയിണക്കുന്നുണ്ട്. ഗാനത്തിലെ ഏറ്റവും മനോഹരമായ ഒരു ഭാഗം കൂടിയാണത്. സ്വരസ്ഥാനങ്ങള്‍ ഒക്കെ കൂട്ടിവെച്ചു ചേര്‍ത്തുനോക്കിയാല്‍ ഏകദേശം നഠഭൈരവി സ്‌കെയിലിനോട് ചേര്‍ത്തു വെയ്ക്കാമെങ്കിലും ഈ ഗാനത്തിന്റെ മൂഡ് അദ്ദേഹം സൃഷ്ടിച്ചെടുത്തിരിക്കുന്നത് തീര്‍ത്തും മറ്റൊരു സംഗീത വീക്ഷണത്തിലൂടെ ആണ്.
വാക്കുകള്‍ കുറഞ്ഞ, ചെറിയ വരികള്‍ അടങ്ങുന്ന പാട്ടുകളെ ഏറ്റവും ലളിതവും, അതേസമയം ഒരാശയത്തെ അടിസ്ഥാനപ്പെടുത്തി അദ്ദേഹം നിഷ്പ്രയാസം മിഴിവേറിയതുമാക്കി മാറ്റുന്നു. മിതത്വമാണ് അദ്ദേഹത്തിന്റെ സംഗീതത്തിന്റെ മറ്റൊരു സവിശേഷത. സംഗീതത്തില്‍ അവഗാഹമുണ്ടായിട്ടും, സംഗതികളെ വളരെയധികം ഉപയോഗപ്പെടുത്തിയിട്ടും സങ്കീര്‍ണ്ണമായ ഗമകങ്ങളോ, ആവേശം കൊള്ളിക്കുന്ന ശാസ്ത്രീയ രാഗങ്ങളോ ആയിരുന്നില്ല അദ്ദേഹത്തിന്റെ സൃഷ്ടികേന്ദ്രം. ഒരുപോലെ, ട്യൂണുകള്‍ കൊണ്ട് ലളിതവും എന്നാല്‍ ഘടന കൊണ്ട് സൃഷ്ട്യുന്മുഖവുമായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നു അവയെല്ലാം.
നിമിഷം, സുവര്‍ണ്ണ നിമിഷം...
മൂന്നാമതായി നാം പരിശോധിക്കുന്നത് 'എന്റെ അമ്മു, നിന്റെ തുളസി, അവരുടെ ചക്കി' എന്ന സിനിമയിലെ ''നിമിഷം, സുവര്‍ണ്ണ നിമിഷം... (1985)'' എന്ന ഗാനമാണ്. ചിത്ര പാടിയതാണ് ഇത്. മണല്‍ത്തരികള്‍ പോലെ അതിസൂക്ഷ്മങ്ങളായ ധാരാളം സംഗതികള്‍ ഈ പാട്ടില്‍ വന്നുപോകുന്നുണ്ട്. ഇതിനു മുമ്പ് സൂചിപ്പിച്ച, മാഷിന്റെ ചില പ്രത്യേകതകളെ ഈ പാട്ടിലും കേള്‍ക്കാനാവും. അവരോഹണ ക്രമത്തില്‍ താഴേയ്ക്ക് സഞ്ചരിക്കുന്ന ഒരു ക്രമം ഇതിന്റെ തുടക്കത്തിലുമുണ്ട്. അതും മന്ത്രസ്ഥായിയില്‍ തന്നെ. തീവ്ര സ്വരത്തില്‍ നീട്ടി നിര്‍ത്തുന്ന സ്വഭാവം ഈ പാട്ടിലും വ്യക്തമാണ്. പല്ലവിയിലെ തുടക്കം തന്നെ തീവ്ര 'നീ' യില്‍ നീട്ടിപ്പാടുന്നുണ്ട്. വളരെ ശ്രദ്ധയോടെ ഓരോ നോട്ടിലും തൊട്ടുതൊട്ടു സഞ്ചരിച്ചു പോകുന്നതോടൊപ്പം സൂക്ഷ്മങ്ങളായ സംഗതികളെയും അദ്ദേഹം സന്നിവേശിപ്പിച്ചിട്ടുണ്ട്. ചരണങ്ങള്‍ രണ്ടും വളരെ കൗതുകം ഉണര്‍ത്തുന്ന തരത്തിലാണ് അദ്ദേഹം കംപോസ് ചെയ്തത്. ചരണങ്ങളുടെ ആദ്യ വരി രണ്ടാമത് ആവര്‍ത്തിച്ച് പാടുമ്പോള്‍ ചെറിയ ഒരു വേരിയേഷന്‍ കൊടുത്തിട്ടുണ്ട്. ആ ഗാനത്തിന്റെ മൂഡ് മുഴുവനായും കൊണ്ടുവരത്തക്കവിധം അതിനെ ആലോചനാപൂര്‍വ്വം ചിട്ടപ്പെടുത്തിയിരിക്കുന്നു. ചരണങ്ങള്‍ രണ്ടും അവസാനിക്കുന്നത് അങ്ങേയറ്റം വൈകാരികതയോടെയാണ്. ഇവിടെ ഫോക്കസ് പാട്ടിന്റെ മൂഡിനാണ്, സംഗതികള്‍ക്കോ സങ്കീര്‍ണ്ണപ്രയോഗങ്ങള്‍ക്കോ അല്ല. മിതത്വം എന്ന മാഷിന്റെ സവിശേഷത ഇവിടെയും യോജിക്കുന്നു. തുടക്കത്തിലെ ആലാപനം ഹംസദ്ധ്വനി മട്ടിലാണ്. പിന്നീട് പലപ്പോഴായി പശ്ചാത്തലത്തില്‍ മാണ്ഡ് തുടങ്ങിയ പല രാഗങ്ങളൂടേയും മിശ്രണം. കേള്‍ക്കുന്തോറും അഴക് കൂടിവരുന്ന ഒരു ട്യൂണ്‍ ആണ് അദ്ദേഹം ഈ ഗാനത്തിനു വേണ്ടി കമ്പോസ് ചെയ്തത്.
നാല് പതിറ്റാണ്ട് മുമ്പ് രാജന്‍ മാഷ് സംഗീതം ചെയ്ത ഒരു പാട്ട് കേട്ടാല്‍, മുകളില്‍ പറഞ്ഞ പല പ്രത്യേകതകളും അന്നേ ഉണ്ടായിരുന്നെന്ന് മനസ്സിലാക്കാനാവും. 1975 -ലിറങ്ങിയ 'അഭിനന്ദനം' എന്ന സിനിമയിലെ ''എന്തിനെന്നെ വിളിച്ചു നീ വീണ്ടും'' എന്ന പാട്ടാണ് അത്.
അവരോഹണ ക്രമത്തില്‍ താഴോട്ടാണ് ഈ പാട്ടിന്റെയും സഞ്ചാരം തുടങ്ങുന്നത്. പക്ഷേ താരസ്ഥായിയിലാണെന്നു മാത്രം. ശ്രീകുമാരന്‍ തമ്പിയുടെ ഹൃദ്യമായ വരികള്‍. മൂന്ന് ചരണങ്ങള്‍ ഉണ്ടിതില്‍. പല്ലവി ഒരൊറ്റവരിയില്‍ തീരുന്നു, അതിനൊത്ത ട്യൂണില്‍, സംഗതികള്‍ അധികം വന്നുപോകാത്ത ഘടനയാണ് പാട്ടിന്. എന്നാല്‍ പല്ലവിയില്‍ ആലങ്കാരികമായി വരുന്ന ചെറിയ സംഗതി 'സുഗന്ധമേ' എന്ന വാക്കിനു കൊടുത്തിട്ടുണ്ട്. ചരണങ്ങള്‍ മൂന്നു സെറ്റായി അടുക്കിവെച്ചാണ് താഴെ നിന്നും മേല്‍ സ്ഥായിയിലേയ്ക്ക് വികസിക്കുന്നത്. ഈ പാട്ടുകളൊക്കയും സ്‌കെയിലില്‍, മദ്ധ്യസ്ഥായിയില്‍ മിതമായ സഞ്ചാരമേ നടത്തുന്നുള്ളു എന്നത് എടുത്തു പറയേണ്ടതാണ്.
..................................
Read more: കുമ്പളങ്ങി നൈറ്റ്സിലെ 'ചെരാതുകള്‍' വീണ്ടും കേള്‍ക്കുമ്പോള്‍
കണ്ണൂര്‍ രാജന്‍ യേശുദാസിനൊപ്പം
മെലഡിക്കപ്പുറം
എന്നാല്‍ അദ്ദേഹം മെലഡികള്‍ മാത്രമല്ല ചെയ്തിട്ടുള്ളത്. ക്ലാസിക്കല്‍ /സെമി ക്ലാസ്സിക്കല്‍ ശൈലിയില്‍ ഉള്ള പാട്ടുകളും അദ്ദേഹം രചിച്ചിട്ടുണ്ട്. പക്ഷെ പൊതുവേ പറയുമ്പോള്‍, എല്ലാ പാട്ടുകളും അങ്ങിനെ ശാസ്ത്രീയാധിഷ്ഠിതമായിരുന്നില്ല എന്നുകാണാം. സ്വന്തമായ പാത തേടിയുള്ള അന്വേഷണാത്മകമായ യാത്ര കൂടിയായിരുന്നു അദ്ദേഹത്തിനു സംഗീതം. അതുകൊണ്ട് തന്നെ പ്രവചനാതീതമായ ചില സഞ്ചാരസവിശേഷതകളുണ്ട് അദ്ദേഹത്തിന്റെ സംഗീതത്തിന്.
ഹംസദ്ധ്വനി രാഗത്തില്‍ അദ്ദേഹം നാല് പാട്ടോളം ചെയ്തിട്ടുണ്ട്. 'കന്യാകുമാരിയില്‍ ഒരു യാത്ര' എന്ന സിനിമയില്‍ വെസ്‌റ്റേണ്‍ ഇടകലര്‍ന്ന ഒരു ഗാനമുണ്ട്. 'അക്കരെ നിന്നൊരു മാരന്‍' എന്ന സിനിമയില്‍ നര്‍മ്മപ്രധാനമായ ഒരു പാട്ടമുണ്ട്. കണ്ണനീ ഭൂമിയില്‍ എന്ന് തുടങ്ങുന്ന ആ ഗാനം പാടിയത് മലയാളഗാനങ്ങളിലെ എക്കാലത്തെയും തീവ്ര പ്രണയവിരഹശബ്ദമായ ബ്രഹ്മാനന്ദന്‍ ആണെന്നത് അവിശ്വസനീയമായി തോന്നിയേക്കാം. 'വല്ലാത്തോരു യോഗം' എന്ന് തുടങ്ങുന്ന മറ്റൊരു നര്‍മ്മപ്രധാനമായ പാട്ട് അദ്ദേഹത്തിന് വേണ്ടി പാടിയത് എസ്.പി.ബാലസുബ്രഹ്മണ്യം ആയിരുന്നു.
അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ഒട്ടുമിക്കതും യേശുദാസ് തന്നെയാണ് പാടിയിരിക്കുന്നതെങ്കിലും പല സുപ്രധാന ഗാനങ്ങളിലും കെ.എസ് ചിത്രയുടെ സാന്നിദ്ധ്യം എടുത്തുപറയേണ്ടതാണ്. ഇവിടെ പ്രത്യേകമായി പറഞ്ഞ മൂന്നു പാട്ടുകളും പ്രധാനമായി ചിത്ര തന്നെയാണ് പാടിയിരിക്കുന്നത്. സിനിമയിലും ചിത്രയുടെ ശബ്ദത്തില്‍ തന്നെയാണ് സന്ദര്‍ഭങ്ങളും. എസ. ജാനകി, പി.സുശീല, വാണി ജയറാം തുടങ്ങിയ ഗായികമാരാണ് കൂടുതലായും അദ്ദേഹത്തിനായി പാടിയത്. 'ശങ്കരധ്യാനപ്രകാരം ജപിച്ചു ഞാന്‍..' എന്ന, ആഭോഗിയെ അടിസ്ഥാനപ്പെടുത്തിയ പാട്ട് വലിയ ജനപ്രീതി നേടിയെടുത്ത ഗാനമായിരുന്നു. സംഗീതത്തില്‍ വലിയ അവഗാഹം ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ സഹായികളായി ഇന്നത്തെ പല മുന്‍നിര സംഗീത സംവിധായകരും പ്രവര്‍ത്തിച്ചിട്ടുണ്ട്.
.......................
Read more: 'മാരവൈരി രമണി': കാമത്തിനും പ്രണയത്തിനുമിടയില്‍
കണ്ണൂർ രാജൻ, ഗുണസിങ്, എസ്. രാജേന്ദ്ര ബാബു എന്നിവർ റെക്കോഡിങ്ങിനിടയില്‍
ലാളിത്യത്തിന്റെ മറുകര
സാങ്കേതികമായും, സംഗീതപരമായും ഒക്കെ മലയാളഗാനങ്ങള്‍ എണ്‍പതുകളോടെ കുറെയേറെ മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ഓര്‍ക്കസ്ട്രേസെഷനില്‍ ഒരു പാടു മാറ്റങ്ങള്‍ വന്നു. തൊണ്ണൂറുകള്‍ സാങ്കേതികമായി വളരെയേറെ മുന്നേറിയ കാലഘട്ടമായിരുന്നു. അത്തരം മാറ്റങ്ങള്‍ സ്വാഭാവികമായും രാജന്‍ മാഷിന്റെ പാട്ടുകളിലും നമുക്ക് കേള്‍ക്കാനാവും. വയലിന്റെ ഉപയോഗം എണ്പതുകള്‍ക്കു ശേഷമുള്ള പാട്ടുകളില്‍ മിക്കതിലും കൂടുതലാണ്. അതിന്റെ പാരമ്യമാണ് ''വീണ പാടുമീണമായി'' എന്ന പാട്ട്. വയലിന്റെ വലിയ തോതിലുള്ള ബാക്കപ് ഈ ഗാനത്തിലുടനീളമുണ്ട്. ചിത്രം എന്ന സിനിമയിലെ ''ദൂരെ കിഴക്കു ദിക്കില്‍..'' എന്ന പാട്ടിലും പശ്ചാത്തലത്തിലുള്ള വയലിന്റെ ഉപയോഗം ആ പാട്ടിനെ വല്ലാതെ ആകര്‍ഷകമാക്കുന്നുണ്ട്.
ലളിതഗാനങ്ങള്‍ എന്നു പേരിട്ടു വിളിക്കുമ്പോള്‍, ഇന്ത്യന്‍ സംഗീതപരിതസ്ഥിതിയില്‍ അതിന്റെ നേരര്‍ത്ഥം വരുന്നത് ഗമകപ്രധാനങ്ങളായ, കര്‍ണ്ണാടക ശാസ്ത്രീയ സംഗീതമല്ലാത്തത് എന്നൊരര്‍ത്ഥത്തില്‍ തന്നെയാവണം. ഘടനയിലും, കവിതയിലും, സംഗീതത്തിലും 'ലളിതമായവ' (light) എന്ന അര്‍ത്ഥത്തില്‍ ചിട്ടപ്പെടുത്തിയ സിനിമാ സംഗീതം മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്നു എന്നത് വാസ്തവമാണു. പക്ഷേ പിന്നീട് അവ വികസിച്ചു വരുന്തോറും, കവിതയിലും സംഗീതത്തിലും ഉള്ള സങ്കീര്‍ണ്ണതകളും (complexity) കൂടിവന്നുകൊണ്ടേയിരുന്നു. ഒരു ഘട്ടത്തില്‍ മിക്കവാറും അത് കര്‍ണ്ണാടക സംഗീത രാഗങ്ങളില്‍ അധിഷ്ഠിതമായിരുന്നു. (എം.എസ് ബാബുരാജിനെ മാറ്റി നിര്‍ത്തിയാല്‍ ) മനോധര്‍മ്മങ്ങള്‍ക്ക് അധികം പ്രവര്‍ത്തിയ്ക്കാനില്ലാത്ത വിധത്തില്‍ പാട്ടിനെ കൃത്യമായ ഘടനയില്‍ പാടണമെന്ന നിശിതവഴികള്‍ പല സംഗീത രചയിതാക്കളും പിന്തുടര്‍ന്നു. സെമി ക്ലാസിക്കല്‍ എന്ന ശാഖ തന്നെ വികസിച്ചു വന്നു.
ഇതിനു രണ്ടിനും മദ്ധ്യേ എടുത്തു വെയ്ക്കാവുന്നതാണ് കണ്ണൂര്‍ രാജന്റെ പാട്ടുകള്‍. ഒരേ സമയം ലളിതവും സങ്കീര്‍ണ്ണവും അദ്ദേഹം ചെയ്തു. 'കര്‍ണ്ണാടക സംഗീതേതര ഗാനങ്ങള്‍' എന്നതിനു ചൂണ്ടിക്കാണിക്കാവുന്ന ആ തലമുറയിലെ ഏറ്റവും ഉചിതമായ ഉദാഹരണങ്ങള്‍ തന്നെയാണ് അവ. ശാസ്ത്രീയതയോ, ശാസ്ത്രീയ രാഗ, ഭാവരസങ്ങളുടെ പ്രകടനപരതയെക്കാള്‍ അദ്ദേഹത്തിന്റെ സംഗീത രചനകളില്‍ ഏറി നിന്നിരുന്നത് ഗാനത്തിനദ്ദേഹം സൃഷ്ടിച്ചെടുത്തിരുന്ന 'മൂഡ്' (വൈകാരികനില) ആയിരുന്നു. അദ്ദേഹത്തിന്റെ ഗാനങ്ങളെ സംബന്ധിച്ചിടത്തോളം 'ഭാവം' എന്നതിനേക്കാള്‍ ചേരുന്നത് 'മൂഡ്' (mood) എന്ന പ്രയോഗം തന്നെയാണ്. അതിനനുസരിച്ച് ഗാനങ്ങളുടെ ഒച്ച (pitch) കൂടിയും കുറഞ്ഞുമൊക്കെ വ്യത്യാസപ്പെട്ടിരുന്നു. മൂഡിനനുസരിച്ച് പാട്ടുകള്‍ രാഗങ്ങളുടെ ചട്ടക്കൂടുകളില്‍ നിന്നും സ്വതന്ത്രമായി പറന്നു പോയിരുന്നു. മനോധര്‍മ്മപെട്ടിരുന്നു...
എങ്ങിനെ നോക്കിയാലും, രാജന്‍ മാഷും അദ്ദേഹത്തിന്റെ ഗാനങ്ങളും 'മെലഡികള്‍' എന്ന ഒറ്റ സംജ്ഞയില്‍ ഒതുങ്ങാതെ എന്നും തിളങ്ങുന്ന നക്ഷത്രക്കല്ലുകള്‍ആയി മലയാളസിനിമാഗാനശാഖയില്‍ തുടരുക തന്നെ ചെയ്യും. സിനിമാ രംഗത്ത് പ്രവര്‍ത്തിച്ചതിനു പുറമേ രാജന്‍ മാഷ് നാടക രംഗത്തും സംഗീത രചനകള്‍ നടത്തിയിരുന്ന കഴിവുകളും, ഭാവനകളും കൊണ്ട് തികഞ്ഞ ഒരു സംഗീതജ്ഞനായിരുന്നു രാജന്‍ മാഷ്. മാഷിനെ കൂടുതലറിയാന്‍ ആ ഗാനങ്ങളിലൂടെ നമ്മള്‍ കുറച്ചുകൂടി സൂക്ഷ്മതയോടെ സഞ്ചരിക്കേണ്ടതുണ്ട്. അതിന്, മെലഡിക്കും ഭാവത്തിനും ആ വാക്കുകളുടെ സാധാരണ ഉപയോഗങ്ങള്‍ക്കും അപ്പുറത്തേക്ക് നമ്മള്‍ കണ്ണും കാതും തുറക്കേണ്ടതാണ്.