എങ്ങനെ പ്രളയത്തെ നേരിടാം; കേരളത്തിനു പഠിക്കാന്‍ ടോക്യോ മാതൃക. ജപ്പാനില്‍നിന്നും നസീ മേലേതില്‍ എഴുതുന്നു
ഇങ്ങനെയൊക്കെയാണെങ്കിലും പ്രളയവും കൊടുങ്കാറ്റുകളും ഭൂകമ്പവുമുള്‍പ്പടെയുള്ള പ്രകൃതി ക്ഷോഭങ്ങള്‍ക്കെതിരെ ലോകത്തില്‍ തന്നെ ഏറ്റവും സജ്ജമായ, ഫലപ്രദമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുള്ള നഗരമാണ് ടോക്യോ. ഇതൊന്നും ഒന്നോ രണ്ടോ ദിവസങ്ങളോ മാസങ്ങളോ കൊണ്ട് ഉണ്ടാക്കിയെടുത്തതല്ല. മറിച്ച് വര്‍ഷങ്ങള്‍ നീണ്ട കഠിനാധ്വാനവും കൃത്യമായ ആസൂത്രണവും അതിനു പിന്നിലുണ്ട്.
അതിമനോഹരമായ ചെറിപ്പൂക്കളുടെയും കിമോണോയുടെയും റോബോട്ടുകളുടെയും മാത്രമല്ല കൂടെക്കൂടെയുള്ള ഭൂകമ്പങ്ങളുടെയും അഗ്‌നിപര്‍വ്വതങ്ങളുടെയും പ്രളയങ്ങളുടെയും കൂടി നാടാണ് ജപ്പാന്‍. ഒരു വര്‍ഷത്തില്‍ 1500 -ല്‍ അധികം ചെറുതും വലുതുമായ ഭൂകമ്പങ്ങള്‍ ഉണ്ടാകാറുണ്ട് ഇവിടെ. തെന്നി നീങ്ങുന്ന നാല് ഭൂപാളികളുടെ മുകളിലായാണ്, പസഫിക് സമുദ്രത്തില്‍ ജപ്പാന്‍ എന്ന ദ്വീപ് രാജ്യത്തിന്റെ സ്ഥാനം. ഭൗമാന്തര്‍ഭാഗത്തു നടക്കുന്ന ടെക്‌ടോണിക് പ്രവര്‍ത്തനങ്ങളുടെ ആകത്തുകയാണ് ഇവിടത്തെ നിരന്തര ഭൂമി കുലുക്കങ്ങളും പുകഞ്ഞു കൊണ്ടിരിക്കുന്ന അഗ്‌നി പര്‍വ്വതങ്ങളും.
undefined
ഇത് കൂടാതെ അതി തീവ്ര മഴയോട് കൂടിയ മുപ്പതോളം കൊടുങ്കാറ്റുകളും, പതിനഞ്ചോളം ടൈഫൂണുകളും, പത്തോളം അതിവേഗത്തിലുള്ള സൂപ്പര്‍ ടൈഫൂണുകളും വര്‍ഷം തോറും സംഭവിക്കാറുണ്ട്. ഭൂമിശാസ്ത്രപരമായി വളരെയധികം അസ്ഥിരമായ, 70 ശതമാനത്തിലധികവും ചെങ്കുത്തായ മലകള്‍ നിറഞ്ഞ ഭൂപ്രകൃതിയാണ് ജപ്പാനിലേത്. കാലാവസ്ഥപരമായി ഉത്തരാര്‍ദ്ധ ഗോളത്തില്‍ സമശീതോഷ്ണ മണ്‍സൂണ്‍ ഏഷ്യയിലാണ് സ്ഥാനം.
ഗ്രെയ്റ്റര്‍ ടോക്യോ ഏരിയയും കേരളവും തമ്മില്‍
നീളത്തില്‍ കടല്‍ തീരവും ഇടയ്ക്കിടെ മലകളുള്ള ഏകദേശം 3 കോടി 80 ലക്ഷം ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ലോകത്തിലെ ഏറ്റവും വലിയ നഗരപ്രദേശമാണ് ഗ്രെയ്റ്റര്‍ ടോക്യോ മേഖല. പ്രദേശം. ഭൂകമ്പങ്ങളും, അഗ്‌നി പര്‍വ്വതങ്ങളും ഒഴിവാക്കിയാല്‍ നീളത്തില്‍ കടല്‍ തീരവും, ഇടയ്ക്കിടെ മലകളുമുള്ള നമ്മുടെ കേരളത്തില്‍ 3 കോടി 50 ലക്ഷം ജനങ്ങളുണ്ട്.
ടോക്യോ ഏരിയയിലെ വാര്‍ഷിക വര്‍ഷപാതം 1,530 മില്ലിമീറ്റര്‍ ആണ്. പക്ഷേ ആശ്ചര്യജനകമായ ഒരു വസ്തുത, കേരളത്തില്‍ ഒരു വര്‍ഷത്തില്‍ പെയ്യുന്ന മഴയളവ് 3107 മില്ലിമീറ്ററോളം വരും, രണ്ടുമടങ്ങ് കൂടുതല്‍. രണ്ടിടങ്ങളിലും ജനസംഖ്യയില്‍ 70 % ശതമാനവും സമുദ്ര-നദീതട നിരപ്പിന് താഴെയോ തത്തുല്യമോ ആയ പ്രദേശങ്ങളിലോ , മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുള്ള താഴ്‌വാര പ്രദേശങ്ങളിലോ ആണ് ജീവിക്കുന്നത്. .
ടോക്യോ ഏരിയ ആസൂത്രണം ചെയ്ത് നിര്‍മ്മിക്കപ്പെട്ട ഒരു നഗരമല്ല, മറിച്ച് പതിയെപ്പതിയെ ആളുകളും കെട്ടിടങ്ങളും പടര്‍ന്ന് പന്തലിച്ചുണ്ടായതാണ്. അത് കൊണ്ട് തന്നെ അംബര ചുംബികളായ ഭീമന്‍ കെട്ടിടങ്ങള്‍ക്കിടയ്ക്ക് കാണാം, ചില തീരെ ചെറിയ തുരുത്തുകളും കുഞ്ഞന്‍ വീടുകളും, അഞ്ചും ആറും നിലകളായി നിര്‍മ്മിച്ച വീതി കുറഞ്ഞ റോഡുകളും .
എട്ട് പ്രധാന നദികളും നിരവധി ചെറു തോടുകളും കനാലുകളും തൊട്ടടുത്ത് കടലുമുള്ള, വെള്ളപ്പൊക്ക സാധ്യത വളരെയധികം കൂടിയ, ജനങ്ങള്‍ തിങ്ങി നിറഞ്ഞു താമസിക്കുന്ന എക്കല്‍പ്രദേശമാണ് ടോക്യോ. മഴ പെയ്തില്ലെങ്കില്‍ പോലും ഭൂകമ്പമോ കൊടുങ്കാറ്റോ മൂലമോ, എന്തിന് നഗരത്തിലെ മലിന ജലനിര്‍ഗ്ഗമന സംവിധാനം തകരാറിലായാല്‍ പോലും പ്രളയ സാധ്യതയുള്ള പ്രദേശമാണ്.
ഇങ്ങനെയൊക്കെയാണെങ്കിലും പ്രളയവും കൊടുങ്കാറ്റുകളും ഭൂകമ്പവുമുള്‍പ്പടെയുള്ള പ്രകൃതി ക്ഷോഭങ്ങള്‍ക്കെതിരെ ലോകത്തില്‍ തന്നെ ഏറ്റവും സജ്ജമായ, ഫലപ്രദമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുള്ള നഗരമാണ് ടോക്യോ. ഇതൊന്നും ഒന്നോ രണ്ടോ ദിവസങ്ങളോ മാസങ്ങളോ കൊണ്ട് ഉണ്ടാക്കിയെടുത്തതല്ല. മറിച്ച് വര്‍ഷങ്ങള്‍ നീണ്ട കഠിനാധ്വാനവും കൃത്യമായ ആസൂത്രണവും അതിനു പിന്നിലുണ്ട്.
തയ്യാറാക്കിയത്: നസീ മേലേതില്‍
ഭൂഗര്‍ഭ പ്രളയ സംരക്ഷണ സംവിധാനം
പ്രളയ നിവാരണം ലക്ഷ്യമാക്കി വര്‍ഷങ്ങളെടുത്ത് നിര്‍മ്മിച്ച ലോകത്തിലെ തന്നെ അത്യപൂര്‍വ്വമായ ഗ്രീന്‍-ഗ്രേ അടിസ്ഥാന സൗകര്യങ്ങളും നിര്‍മ്മാണവും ഇവിടത്തെ പ്രത്യേകതയാണ്.
പരിധിയില്‍ കൂടുതല്‍ മഴ പെയ്താല്‍ അധികം വരുന്ന മഴവെള്ളം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഭൂഗര്‍ഭ ചാലുകള്‍ വഴി സംഭരിച്ച് നദികളില്‍ കൊണ്ട് പോയി ഒഴുക്കും. എല്ലാ പുഴകളെയും തമ്മില്‍ ബന്ധിപ്പിച്ചിട്ടുണ്ട്. കൂടാതെ വലിയ നദികള്‍ക്ക് രണ്ടു വശവും 4 മീറ്ററോളം ഉയരത്തില്‍ കോണ്‍ക്രീറ്റ് തടയണകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. നദികളില്‍ ഒരു പരിധിയില്‍ കൂടുതല്‍ ജലം നിറഞ്ഞാല്‍ അത് തിരിച്ചു വിട്ട് ശേഖരിച്ചു വെയ്ക്കാനായി 2000 കോടി ലിറ്ററിലധികം വെള്ളം സംഭരിച്ചു വെക്കാവുന്ന ഭീമന്‍ ഭൂഗര്‍ഭ ടാങ്കും അഞ്ച് ജലസംഭരണികളും ഉണ്ട്. ഇനി ഇവയൊക്കെ നിറഞ്ഞാല്‍ വെള്ളം ഒഴുക്കി വിടാനായി കൃത്രിമമായി നിര്‍മ്മിച്ച വിശാലമായ കായല്‍ നിലങ്ങളുമുണ്ട്.
അങ്ങനെ ആറ് ഭീമന്‍ സംഭരണികള്‍, 6.4 കിലോമീറ്ററിലധികം നീളമുള്ള ഗുഹ തുരങ്കങ്ങള്‍ എന്നിവ ലോകത്തിലെ ഏറ്റവും വലിയ മഹാനഗരത്തിന് താഴെയാണ്.
ഭൂഗര്‍ഭ ജലസംഭരണിയുടെ ഉള്‍വശം
മുന്‍കരുതലുകള്‍, നിര്‍മ്മാര്‍ജ്ജനം
ദുരന്ത നിവാരണവും മുന്‍കരുതലുകളും ഇവിടത്തെ ജീവിത രീതി തന്നെയാണ്. വ്യാപകമായ ബോധവല്‍ക്കരണം, വ്യക്തിപരമായ അവബോധം, ദുരന്ത നിര്‍മ്മാര്‍ജ്ജനം മുന്നില്‍ കണ്ടുള്ള അടിസ്ഥാന സൗകര്യ നിര്‍മ്മാണവും അതുമായി ബന്ധപ്പെട്ട സജ്ജീകരണങ്ങളും, വ്യക്തികളും ഭരണകൂടവും കൈകോര്‍ത്തു നടത്തുന്ന മുന്‍കരുതലുകള്‍ ഇതൊക്കെയാണ് പ്രത്യേകതകള്‍.
സമയാസമയങ്ങളില്‍ എല്ലാ വീടുകളിലേക്കും ലോക്കല്‍ സര്‍ക്കാര്‍ ഓഫീസില്‍ നിന്നും പ്രളയ സാധ്യതാ ഭൂപടവും അതിജീവന ഗൈഡും നല്‍കും. എല്ലാ വിധത്തിലുള്ള വിവരങ്ങളും നിര്‍ദ്ദേശങ്ങളും വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട് ഇതില്‍.
പാതയോരങ്ങളില്‍ സുരക്ഷാ കേന്ദ്രങ്ങളിലേക്കുള്ള ദൂരവും ദിശാ സൂചികയും നല്‍കും. നഴ്സറി സ്‌കൂളുകളില്‍ തൊട്ട് എല്ലാവര്‍ക്കും തൊട്ടടുത്തുള്ളതോ നിയുക്തമോ ആയ സുരക്ഷാ കേന്ദ്രങ്ങളുടെ വിവരങ്ങള്‍ മുന്‍കൂട്ടി അറിയാം.
പ്രാദേശിക സര്‍ക്കാര്‍ സംവിധാനങ്ങള്‍ വീടുകളില്‍ സമയാസമയങ്ങളില്‍ വിതരണം ചെയ്യുന്ന പ്രളയ സാധ്യതാ ഭൂപടവും അതിജീവന ഗൈഡും.
പ്രാദേശിക സര്‍ക്കാര്‍ സംവിധാനങ്ങള്‍ വിതരണം ചെയ്യുന്ന പ്രളയ സാധ്യതാ ഭൂപടവും അതിജീവന ഗൈഡും.
മൊബൈല്‍ ഫോണ്‍, ടെലിവിഷന്‍, റേഡിയോ, ഓരോ വീടുകളിലെയും ബെല്‍ സിസ്റ്റം എന്നിവ സംയോജിപ്പിച്ച് കാലാവസ്ഥാ പ്രവചനങ്ങള്‍, ജാഗ്രതാ-സുരക്ഷാ-പാലയന നിര്‍ദ്ദേശങ്ങള്‍ മുതലായവ നല്‍കും
ഒരു വലിയ ദുരന്തം വന്നാല്‍ ഒരു പക്ഷെ സഹായമെത്താന്‍ നിരവധി ദിനങ്ങള്‍ തന്നെ എടുത്തെന്നു വരാം. ഓരോ വീട്ടിലും സ്‌കൂളുകളിലും ഓഫീസുകളിലും ഒക്കെ എമര്‍ജന്‍സി കിറ്റുകള്‍ തയ്യാറാക്കും.
ഓരോ വ്യക്തിക്കും ഓഫീസുകളിലും സ്‌കൂളുകളിലും ഓരോ സീറ്റിലും ഭാരമുള്ള വസ്തുക്കള്‍ തകര്‍ന്നു വീണുണ്ടാകുന്ന അപകടങ്ങളില്‍ നിന്നും രക്ഷപ്പെടാനുള്ള പ്രൊട്ടക്ഷന്‍ ഹെല്‍മെറ്റ്, പ്രളയമുണ്ടാകുമ്പോള്‍ വെള്ളത്തില്‍ പൊങ്ങിക്കിടക്കാവുന്ന തരത്തില്‍ ഊതിവീര്‍പ്പിക്കാവുന്ന കൈകളില്ലാത്ത ജീവരക്ഷോപാധിയായ ലൈഫ് ജാക്കറ്റ് എന്നിവ ഉണ്ടായിരിക്കും.
സ്‌കൂളുകളിലും ഓഫീസുകളിലും പൊതു ജനങ്ങള്‍ക്കായുള്ള ജാഗ്രതാ നിര്‍ദ്ദേശങ്ങളും, മൂന്നു മാസത്തിലൊരിക്കലുള്ള സുരക്ഷാ പരിശീലനവുമൊക്കെ ജാപ്പനീസ് ജീവിതത്തിന്റെ ഭാഗമാണ്.
വിട്ടുവീഴ്ചയില്ലാത്ത മാലിന്യ ശേഖരണവും സംസ്‌കരണവും, കര്‍ശനമായ കെട്ടിട ഗതാഗത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, റഡാര്‍ വച്ചുള്ള ഡാറ്റാ ശേഖരണം , കംപ്യൂട്ടര്‍ വത്കരണം എല്ലാം ഉണ്ട് .
ഇത് കൂടാതെ നദീ-ലാന്‍ഡ്-ഗതാഗത-ടൂറിസം ഭരണ വകുപ്പുകള്‍ ഇവിടെ സംയോജിച്ചാണ് പ്രവര്‍ത്തിക്കുന്നത്. നദീ നിയമം, പ്രളയ നിര്‍മ്മാര്‍ജ്ജന നിയമം, അടിസ്ഥാന ദുരന്ത നിവാരണ നിയമം എന്നിങ്ങനെ ഫലപ്രദമായ നിയമങ്ങള്‍ ഓരോ പൗരന്റെയും അവകാശമാണ്.
നിലവിലുള്ള ദുരന്ത നിവാരണ വ്യവസ്ഥകളുടെ കുറവുകള്‍ കണ്ടെത്തി ഓരോ കൊല്ലവും കൂടുതല്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ പ്രയോഗത്തില്‍ വരുത്താനുള്ള ശ്രമത്തിലാണ് ജപ്പാന്‍.
ഇനിയെന്ത്?
ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്ക് മുമ്പില്ലാത്ത വിധം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുകയാണ്. ഈ വിധത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന പ്രകൃതി ദുരന്തങ്ങളില്‍ നിന്നും രക്ഷ നേടാന്‍ ഫലപ്രദമായ പ്രതിരോധ പരിപാടികള്‍ നടപ്പിലാക്കുന്നതില്‍ നിന്നും ഒരു പ്രദേശത്തിനും ഒഴിഞ്ഞു മാറാന്‍ സാധ്യമല്ല. പ്രകൃതിയെയും അടുത്ത തലമുറയെയും ഓര്‍ത്തു കൊണ്ടുള്ള അടിസ്ഥാന വികസന ആസൂത്രണവും, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും, ദുരന്ത നിവാരണ പരിശ്രമങ്ങളും ഒക്കെ തുടങ്ങാന്‍ കേരളീയര്‍ ഇനിയും വൈകിക്കൂടാ.
ആരോഗ്യ വിദ്യാഭ്യാസ രംഗങ്ങള്‍ ഉള്‍പ്പടെ ഇന്ത്യയില്‍ തന്നെ ഏറ്റവും മെച്ചപ്പെട്ട ജീവിത സൂചികയുള്ള കേരളത്തിന് ഈ ലക്ഷ്യവും നേടിയെടുക്കാന്‍ കഴിയും.സാധാരണക്കാരുള്‍പ്പടെ നടത്തുന്ന ചെറിയ ചുവടു വെപ്പുകളായിരിക്കും ഭാവിയില്‍ മെച്ചപ്പെട്ട ഒരു പ്രളയ നിവാരണ വ്യവസ്ഥിതിയുടെ നട്ടെല്ലാവാന്‍ പോകുന്നത്.
വിവരങ്ങള്‍ക്ക് അവലംബം: ടോക്യോ ഗവണ്‍മെന്റ്