ലൈവ് ക്യാമറയ്ക്കുമുന്നില്‍ കഴുത്തുമുറിച്ച ഇന്ത്യന്‍ യുവാവിനെ ഫേസ്ബുക്ക് രക്ഷിച്ചതെങ്ങനെ?

By Web Team  |  First Published Jan 8, 2021, 7:28 PM IST

പുതുവര്‍ഷത്തില്‍ പുതിയൊരു കോളം തുടങ്ങുന്നു- ഒറ്റക്കോളം. എത്രയെത്ര വാര്‍ത്തകളാണ് ദിവസവും! അതിനിടയില്‍, ഒറ്റക്കോളത്തിലോ ഒറ്റവരിയിലോ ഒതുങ്ങിപ്പോയ ഒരു വാര്‍ത്ത. അതിന്റെ നാനാര്‍ത്ഥങ്ങള്‍. എം അബ്ദുള്‍ റഷീദ് എഴുതുന്ന കോളം ഇന്നുമുതല്‍.


പൊലീസ് ഡിസിപി റാഷ്മി കരന്ദികറിന് ഒരു ടെലിഫോണ്‍ സന്ദേശം ലഭിച്ചു. യൂറോപ്യന്‍ ദ്വീപായ അയര്‍ലണ്ടില്‍  നിന്നായിരുന്നു ആ സന്ദേശം. കൃത്യമായി പറഞ്ഞാല്‍  ഗ്രാന്‍ഡ് കാനല്‍ സ്‌ക്വയര്‍, ഡബ്ലിന്‍ എന്ന വിലാസമുള്ള ഓഫീസില്‍നിന്ന്. ഫേസ്ബുക്കിന്റെ അയര്‍ലണ്ടിലെ ഓഫീസ് ആയിരുന്നു അത്.  'താങ്കളുടെ നാട്ടില്‍ ഒരു യുവാവ് ആത്മഹത്യക്ക് ശ്രമിക്കുന്നു. അയാളുടെ വിലാസവും മൊബൈല്‍ നമ്പറും ഇതാണ്...'

 

Latest Videos

undefined

 

2021 ജനുവരി 3, ഞായര്‍.

രാത്രി എട്ടു മണി.

ധുലെ, മഹാരാഷ്ട്ര..


ജ്ഞാനേശ്വര്‍ പാട്ടീല്‍ എന്ന 23 കാരന്‍ മരിക്കാന്‍ ഉറപ്പിച്ചത് ആ രാത്രിയിലായിരുന്നു. ലോകത്തെ ബഹുഭൂരിപക്ഷം ആത്മഹത്യാ തീരുമാനങ്ങളുംപോലെ വളരെ സാധാരണമായ ഒരു കാരണമായിരുന്നു അയാള്‍ക്കും പറയാനുണ്ടായിരുന്നത്.

സ്‌നേഹിച്ച  പലരും തന്നെ വഞ്ചിച്ചു. അതിനാല്‍ സ്വയമൊടുങ്ങി ഒരു അന്ത്യപ്രതികാരം.  തന്നെ ചതിച്ച കൂട്ടുകാര്‍ തന്റെ മരണം കാണണമെന്ന് ജ്ഞാനേശ്വര്‍ തീരുമാനിച്ചു. അന്ത്യമുഹൂര്‍ത്തത്തിന്റെ തത്സമയ സംപ്രേക്ഷണത്തിനായി അയാള്‍ മൊബൈല്‍ ഫോണിലെ ഫേസ്ബുക്ക് ലൈവ് ബട്ടന്‍ അമര്‍ത്തി. കണ്ണുതുറന്ന ക്യാമറയ്ക്കു മുന്നിലിരുന്ന് ഒരു ബ്ലേഡിന്റെ നേര്‍ത്ത അരികുകൊണ്ട് അയാള്‍ കഴുത്തിലെ ഞരമ്പുകളില്‍ വരഞ്ഞു!

അതേ രാത്രി, മുംബൈ

സൈബര്‍ പൊലീസിന്റെ ആസ്ഥാനം.

പൊലീസ് ഡിസിപി റാഷ്മി കരന്ദികറിന് ഒരു ടെലിഫോണ്‍ സന്ദേശം ലഭിച്ചു. യൂറോപ്യന്‍ ദ്വീപായ അയര്‍ലണ്ടില്‍  നിന്നായിരുന്നു ആ സന്ദേശം. കൃത്യമായി പറഞ്ഞാല്‍  ഗ്രാന്‍ഡ് കാനല്‍ സ്‌ക്വയര്‍, ഡബ്ലിന്‍ എന്ന വിലാസമുള്ള ഓഫീസില്‍നിന്ന്. ഫേസ്ബുക്കിന്റെ അയര്‍ലണ്ടിലെ ഓഫീസ് ആയിരുന്നു അത്.  'താങ്കളുടെ നാട്ടില്‍ ഒരു യുവാവ് ആത്മഹത്യക്ക് ശ്രമിക്കുന്നു. അയാളുടെ വിലാസവും മൊബൈല്‍ നമ്പറും ഇതാണ്...'

മുംബൈ നഗരത്തില്‍നിന്ന് 320 കിലോമീറ്റര്‍ അകലെയായിരുന്നു ജ്ഞാനേശ്വറിന്റെ ആത്മഹത്യാ ശ്രമം. അതുകൊണ്ടുതന്നെ ഡിസിപി റാഷ്മി കരന്ദികര്‍ പ്രാദേശിക പൊലീസ് സ്റ്റേഷനിലേക്ക് അടിയന്തിര സന്ദേശം നല്‍കി. പൊലീസ് സംഘം തേടിയെത്തുമ്പോള്‍ ചോരയില്‍ മുങ്ങി കിടക്കുകയായിരുന്നു ജ്ഞാനേശ്വര്‍. വിറയ്ക്കുന്ന കൈകള്‍കൊണ്ട് കഴുത്തിലെ ഞരമ്പുകള്‍ മുറിയ്ക്കാന്‍ പലതവണ ശ്രമിച്ചതിന്റെ പരിക്കുകള്‍ ഉണ്ടായിട്ടും അയാള്‍ക്ക് ബോധമുണ്ടായിരുന്നു.

പൊലീസ് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചതിനാല്‍ ആ ജീവന്‍ നഷ്ടമായില്ല.

മുംബൈ പൊലീസിന് അയര്‍ലണ്ടില്‍നിന്ന് ഫേസ്ബുക്ക് നല്‍കിയ അറിയിപ്പിലൂടെ ഒരാളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞ ഈ സംഭവം മലയാള മാധ്യമങ്ങളില്‍ അടക്കം വളരെ ചെറിയൊരു വാര്‍ത്തയായി. പക്ഷേ വാര്‍ത്തകളിലൊന്നും ഒരു വിവരം മാത്രം ഉണ്ടായിരുന്നില്ല. ഓരോ സെക്കന്റിലും അപ്‌ലോഡ് ആകുന്ന കോടിക്കണക്കിന് എഫ്ബി ലൈവുകളില്‍ നിന്ന് ഒരാളുടെ ആത്മഹത്യാശ്രമം എങ്ങനെയാണ് ഫേസ്ബുക്ക് തിരിച്ചറിഞ്ഞത്?

 

2019 മാര്‍ച്ച് 15

ക്രൈസ്റ്റ് ചര്‍ച്, ന്യൂസീലന്‍ഡ്


ബ്രന്റന്‍ ടാറണ്ട് എന്ന വംശീയ ഭീകരന്‍ രണ്ടു മുസ്ലിം ആരാധനാലയങ്ങളിലേക്ക് നിറത്തോക്കുകളുമായി എത്തി നിരപരാധികളെ വെടിവെച്ചിടുമ്പോഴും അത് ഫേസ്ബുക്കില്‍ ലൈവ് നല്‍കിയിരുന്നു. ഒരു മലയാളി പെണ്കുട്ടിയടക്കം 51 മനുഷ്യര്‍ പിടഞ്ഞുമരിക്കുന്ന ആ ദൃശ്യങ്ങള്‍ ഫേസ്ബുക്കിന്റെ ലൈവ് രീതിയുടെ ധാര്‍മികതയെക്കുറിച്ചു ഏറെ ചോദ്യങ്ങള്‍ ഉയര്‍ത്തി.

വെറും 200 പേര്‍ മാത്രമായിരുന്നു ആ കൂട്ടക്കൊല ലൈവില്‍ കണ്ടത് എന്നൊരു വിശദീകരണം പിന്നീട് ഫേസ്ബുക്കില്‍നിന്ന് ഉണ്ടായി. ഞെട്ടിക്കുന്ന വസ്തുത ആ 200 പേരില്‍ ഒരാള്‍പോലും ആ വെടിവെപ്പ് അവസാനിക്കുംവരെ അത് പോലീസിനെ വിളിച്ചറിയിക്കാന്‍ തയാറായില്ല എന്നതായിരുന്നു! വയലന്‍സ്  ആസ്വാദ്യകരമായ ഒരു 'ലൈവ് ഇവന്റ്' ആകുന്ന ഞെട്ടിക്കുന്ന മാനസികാവസ്ഥയുടെ വെളിപ്പെടുത്തലായി ക്രൈസ്റ്റ് ചര്‍ച്ച് കൂട്ടക്കൊല. ഫേസ്ബുക്ക് എത്ര തടഞ്ഞിട്ടും ലോകമെങ്ങും കോടിക്കണക്കിന് മനുഷ്യര്‍ ആ ദൃശ്യങ്ങള്‍ കണ്ടു, കൈമാറി.

ഫേസ്ബുക്ക് പിന്നീട് ഒരു കുറ്റസമ്മതം നടത്തി. ഏതൊരു മനുഷ്യന്റെയും രക്തം ഉറഞ്ഞുപോകുന്ന ആ കൂട്ടക്കൊല ലൈവ് സ്ട്രീം ചെയ്യപ്പെട്ടിരുന്നു എന്ന കാര്യം ഫേസ്ബുക്ക് അധികൃതര്‍ അറിഞ്ഞത് അത് നടന്ന് 12 മിനിറ്റിനു ശേഷമാണ്.  ആ ഭീകര കൃത്യം തിരിച്ചറിയാന്‍ ഫേസ്ബുക്കിന്റെ ഒരു നിര്‍മിതബുദ്ധി സംവിധാനങ്ങള്‍ക്കും കഴിഞ്ഞില്ല.

 


 

ഭീകരത തത്സമയം

2016 ല്‍ ഫേസ്ബുക്ക് ലൈവ് സ്ട്രീം സംവിധാനം കൊണ്ടുവന്ന ശേഷം നൂറു കണക്കിന് പാതകങ്ങള്‍ ലൈവ് സ്ട്രീമിംഗ് ചെയ്യപ്പെട്ടിട്ടുണ്ട്. 2017 ജനുവരിയില്‍ സ്വീഡനില്‍ മൂന്നു പേര്‍  സ്ത്രീയെ ബലാല്‍സംഗം ചെയ്യുന്നത് ലൈവ് സ്ട്രീം ചെയ്യപ്പെട്ടു. ദിവസങ്ങള്‍ക്കു ശേഷം ഭിന്നശേഷിക്കാരനെ ക്രൂരമായി ഒരു സംഘം ആക്രമിക്കുന്നത് അമേരിക്കയില്‍ ലൈവ് സ്ട്രീം ചെയ്യപ്പെട്ടു. അങ്ങനെ ഒട്ടേറെ സംഭവങ്ങള്‍. ഫേസ്ബുക്കില്‍ തത്സമയം നടന്ന ആത്മഹത്യകള്‍ അനവധിയാണ്.

ലൈവ് സ്ട്രീമിലെ ഈ ചോരക്കഥകള്‍ ലോകമെങ്ങും ഫേസ്ബുക്കിനെ നിയമക്കുരുക്കിലും പ്രതിക്കൂട്ടിലുമാക്കി. ചില പരിഹാര നടപടികള്‍ക്ക് മാര്‍ക്ക് സുക്കര്‍ബര്‍ഗ് നിര്‍ബന്ധിതനായി. 2017 ന് ശേഷം മൂവായിരത്തിലേറെ ജീവനക്കാരെ ലൈവ് ദൃശ്യങ്ങളുടെ അവലോകനത്തിനായി ഫേസ്ബുക്ക് നിയമിച്ചു. ഹിംസയെ അതിവേഗം തിരിച്ചറിയാനും അത് റിപ്പോര്‍ട്ട് ചെയ്യാനും കഴിയും വിധം ഫേസ്ബുക്കിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനങ്ങളിലും മാറ്റങ്ങള്‍ ഉണ്ടായി. ക്രൈസ്റ്റ് ചര്‍ച്ച് കൂട്ടക്കൊല കൂടി നടന്നതോടെ കൂടുതല്‍ നടപടികള്‍ ഫേസ്ബുക്ക് പ്രഖ്യാപിച്ചു.

 


പകയുടെ കച്ചവടം

 

തുടക്കത്തില്‍ പറഞ്ഞ മുംബൈ സംഭവത്തിലേക്ക് വരാം. മുംബൈ പൊലീസിന് ലഭിച്ച ആ ഫോണ്‍ സന്ദേശം ഒരുപക്ഷേ അപകട സാധ്യത തിരിച്ചറിഞ്ഞ ഒരു കംപ്യുട്ടറിന്റേതാകാം. ആ ജോലിക്ക് നിയോഗിക്കപ്പെട്ട ഒരു ജീവനക്കാരന്‍േറതുമാകാം. രണ്ടായാലും  ഇന്‍ഡ്യയില്‍ ഇത്തരമൊരു രക്ഷിക്കല്‍ സംഭവം ആദ്യത്തേതാണ്. പകയെ, വിദ്വേഷത്തെ, ഹിംസയെ, വിനാശത്തെ മുന്‍കൂട്ടി കണ്ടു തടയുന്ന ഒരു തിരുത്തല്‍ സംവിധാനം ഇന്ന് ഫേസ്ബുക്കിന് അടക്കം സാമൂഹിക മാധ്യമ ഭീമന്മാര്‍ക്ക് എല്ലാം ആവശ്യമായിരിക്കുന്നു. അത് സ്വീകരിയ്ക്കാന്‍ അവര്‍ നിര്‍ബന്ധിതരാകുന്നു എന്നു പറയുന്നതാകും ശരി.

ഇത്ര കാലവും ചെയ്യേണ്ടത് പലതും ഏറെ വൈകിയാണ് അവര്‍ ചെയ്തിരുന്നത്. കാരണം, പകയിലും വിദ്വേഷത്തിലും അതിന്റെ പ്രചാരണത്തിലുമാണ് ഫേസ്ബുക്കിന്റെ അടക്കം ലാഭവഴികള്‍ ചെന്നെത്തുന്നത്. അത് ഇന്ന് ലോകം തിരിച്ചറിയുന്നുണ്ട്. സംവാദമല്ല, പകയാണ് ഷെയര്‍ ചെയ്യപ്പെടുന്നതില്‍ ഏറെയും. വിദ്വേഷത്തിനാണ് ലൈക്ക് കൂടുതല്‍. വംശീയതയ്ക്കാണ് ഫോളോവേഴ്സ് കൂടുതല്‍. അതുകൊണ്ടുതന്നെയാണ് വിമര്‍ശനങ്ങള്‍ ഉയരുന്നതും.

'ലാഭം നേടാനുള്ള വിദ്വേഷം അവസാനിപ്പിക്കുക' ('Stop Hate for Profit')  എന്ന പേരില്‍ പൗരാവകാശ സംഘടനകള്‍ നടത്തിയ കാമ്പയിന്‍ കഴിഞ്ഞ വര്‍ഷം ഫേസ്ബുക്കിന് ഉണ്ടാക്കിയ തലവേദന ചെറുതല്ല.  

 


പുതിയ പതിറ്റാണ്ട്

 

കൂടുതല്‍ കാര്യങ്ങളില്‍ സ്വയം തിരുത്താന്‍ ഫേസ്ബുക്ക് അടക്കം നിര്‍ബന്ധിതമാകുന്ന പതിറ്റാണ്ടാകും ഇത് എന്നു കരുതാം. എതിരാളിയെ തെറിവിളിക്കുമ്പോള്‍, അശ്ലീലം പറയുമ്പോള്‍ ഉടനത്  വിലക്കുന്ന ഫേസ്ബുക്ക്. ഭീകരന്‍ ആയുധമൊരുക്കുമ്പോള്‍ തന്നെ തിരിച്ചറിഞ്ഞു അറിയിക്കുന്ന നിര്‍മിതബുദ്ധി. വയലന്‍സ് പോസ്റ്റ് ചെയ്യപ്പെടണം എന്നില്ല, അതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങുമ്പോള്‍ തന്നെ മണത്തറിയുന്ന ഫേസ്ബുക്ക്. ഇതൊക്കെ യാഥാര്‍ഥ്യമായിക്കൂടാ എന്നില്ല.

ഈ നൂറ്റാണ്ടിന്റെ ആദ്യ പതിറ്റാണ്ടില്‍ സാമൂഹിക മാധ്യമങ്ങളുടെ ഉദയം നമ്മള്‍ കണ്ടു. രണ്ടാം പതിറ്റാണ്ടില്‍ വ്യാപനവും അതിന്റെ ഗുണവും ദോഷവും കണ്ടു. സാമൂഹികമാധ്യമങ്ങളുടെ മറ്റൊരു പതിറ്റാണ്ട് തുടങ്ങുകയാണ്. ഇത് അനിവാര്യമായ സ്വയം തിരുത്തലുകള്‍ക്ക് നിര്‍ബന്ധിതമാകുന്ന പതിറ്റാണ്ടാകും. ആ തിരുത്തിന്റെ ചെറിയ അടയാളമാണ് ജ്ഞാനേശ്വര്‍ പാട്ടീലിന്റെ മുറിപ്പാടുള്ള കഴുത്ത്!

 

എം അബ്ദുല്‍ റഷീദ് എഴുതിയ മറ്റ് കുറിപ്പുകള്‍

ഐസിസ് ഭീകരര്‍ കഴുത്തില്‍ കത്തിപായിക്കുമ്പോള്‍ ആ വൃദ്ധവൈദികന്‍ എന്താവും പ്രാര്‍ത്ഥിച്ചിട്ടുണ്ടാവുക? 

ആ പൂമരങ്ങള്‍ കാമ്പസില്‍ ഇപ്പോഴും ബാക്കിയെങ്കില്‍ അത് വെട്ടി തീയിടണം!

സിന്ധുവിനെ തോല്‍പ്പിച്ച കരോലിന മാരിന് ഒരു മലയാളിയുടെ തുറന്ന കത്ത് 

തുണിയുടുക്കാത്ത സന്യാസിയും നാണമേയില്ലാത്ത നമ്മളും

ഒരു കുഞ്ഞും വരയ്ക്കരുതാത്ത ചിത്രം!

നന്‍മ ഒരു വാക്കല്ല, ഈ മനുഷ്യനാണ്! 

അമ്മമാരുടെ ക്രിസ്മസ് 

ചരമപേജില്‍ കാണാനാവാത്ത മരണങ്ങള്‍! 

പടച്ചോനൊരു കത്ത്

ക്രിസ്തുവിന്റെ മൗനം; ഗാന്ധിയുടെയും!

അവള്‍ക്കു കൈയ്യടിക്കുന്നവര്‍ സ്വന്തം അടുക്കളയിലേക്കും നോക്കൂ 

നിങ്ങളെത്ര തെറി വിളിച്ചാലും ഞങ്ങള്‍ക്കീ വാര്‍ത്തകള്‍ കൊടുക്കാതിരിക്കാനാവില്ല

ഒറ്റയമ്മമാര്‍ നടന്നുമറയുന്ന കടല്‍! 

അമ്മമാരേ, ഈ ഉത്തരവാദിത്ത  ചര്‍ച്ചയില്‍ അച്ഛന്‍ എവിടെയാണ്?

സിപിഎം സമ്മേളനം ഉത്തരം തരേണ്ട ചോദ്യങ്ങള്‍

രാഷ്ട്രീയ ആയുധമായി മാറിയ കൊവിഡ് വാക്‌സിന്‍  എത്രമാത്രം സുരക്ഷിതമാണ്?

click me!