ഒപ്പം, കൊറോണ ലോക്ക്ഡൗണിന് മുൻപ് നാട്ടിൽ വന്ന് തിരിച്ചുപോകാനാകാതെ കഴിയുന്ന പ്രവാസികളുടെ കാര്യത്തിൽ കൂടി തീർപ്പുണ്ടാകണമെന്നാണ് വിനീതമായ അപേക്ഷ.
കൊറോണക്കാലം-ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മലയാളികളുടെ കൊവിഡ് 19 അനുഭവങ്ങള്‍. വീട്, ആശുപത്രി, ഓഫീസ്, തെരുവ്...കഴിയുന്ന ഇടങ്ങള്‍ ഏതുമാവട്ടെ, നിങ്ങളുടെ അനുഭവങ്ങള്‍ എഴുതി ഒരു ഫോട്ടോയ്‌ക്കൊപ്പം submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. മെയില്‍ അയക്കുമ്പോള്‍ സബ്ജക്ട് ലൈനില്‍ കൊറോണക്കാലം എന്നെഴുതണം.
undefined
ചെകുത്താനും കടലിനുമിടയിൽപ്പെട്ട പ്രവാസികൾക്ക് വേണ്ടി ഒരപേക്ഷ...
കൊറോണ പ്രതിസന്ധി കാരണം വലയുന്ന പ്രവാസികളെ എത്രയും വേഗം നാട്ടിൽ തിരിച്ചെത്തിക്കണമെന്ന ആവശ്യത്തോടൊപ്പം തന്നെ ചേർത്തുവയ്‌ക്കേണ്ട മറ്റൊരു വിഷയം ഓർമ്മിപ്പിക്കാനാണ് ഈ കുറിപ്പ്.
ആദ്യമേ പറയട്ടെ, പ്രവാസികളെ നാട്ടിൽ എത്തിക്കുന്നതിന് തന്നെയാണ് ഇപ്പോൾ മുൻഗണന നൽകേണ്ടത്. തൊഴിൽ നഷ്‍ടമായി വലയുന്ന, അസുഖങ്ങൾക്ക് മരുന്നുപോലും ലഭിക്കാതെ ബുദ്ധിമുട്ടുന്ന പ്രവാസികളെ ഇനിയും വൈകാതെ നാട്ടിൽ തിരിച്ചെത്തിക്കാനുള്ള നടപടികൾ വേണം.
ഒപ്പം, കൊറോണ ലോക്ക്ഡൗണിന് മുൻപ് നാട്ടിൽ വന്ന് തിരിച്ചുപോകാനാകാതെ കഴിയുന്ന പ്രവാസികളുടെ കാര്യത്തിൽ കൂടി തീർപ്പുണ്ടാകണമെന്നാണ് വിനീതമായ അപേക്ഷ. ഔദ്യോഗിക ആവശ്യങ്ങൾക്കും അവധിക്കും വ്യക്തിപരമായ ആവശ്യങ്ങൾ നിറവേറ്റാനുമൊക്കെയായി നാട്ടിൽ എത്തിയ നിരവധി പ്രവാസികളുണ്ട്. യുഎഇ -യിലെ കാര്യം എടുത്താൽ അവിടെ പൊതുജീവിതം നിയന്ത്രണങ്ങൾക്ക് വിധേയമായി പുനഃസ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ദുബായിൽ ഓഫീസുകളും വാണിജ്യകേന്ദ്രങ്ങളുമൊക്കെ പ്രവർത്തിക്കുന്നു. അബുദാബിയിൽ നിയന്ത്രങ്ങളിൽ ഇളവ് വന്നു തുടങ്ങി. ഒരു എമിറേറ്റിൽ നിന്ന് മറ്റൊന്നിലേക്കുള്ള യാത്രയ്ക്ക് കർശന ഉപാധികളുണ്ട്.
യുഎഇയിൽ തൊഴിലെടുക്കുന്ന- ഭാഗ്യം കൊണ്ട് ഇതുവരെയും തൊഴിൽ നഷ്‍ടമാകാത്ത നിരവധിപേർ തിരിച്ചുപോകാൻ മാർഗമില്ലാതെ നാട്ടിൽ തുടരുന്നു. എന്‍റെ തന്നെ അവസ്ഥ പറയാം.
മാർച്ച് എട്ടിന് ഔദ്യോഗിക ആവശ്യങ്ങൾക്കായി പത്തു ദിവസത്തേക്കാണ് നാട്ടിൽ വന്നത്. മാർച്ച് ഇരുപതാം തീയതി രാവിലത്തെ വിമാനത്തിൽ അബുദാബിക്ക് മടങ്ങാനുള്ള ടിക്കറ്റും എടുത്തിരുന്നു. എന്നാൽ, പത്തൊൻപതാം തീയതി ലോക്ക്ഡൗൺ പ്രഖ്യാപിച്ചു, തിരിച്ചുപോക്ക് മുടങ്ങി. മൂന്നു മാസത്തിലേറെയായി ഇപ്പോൾ നാട്ടിൽ. ലോക്ക്ഡൗൺ ആയതിനാൽ സ്വാഭാവികമായും നാട്ടിൽ തുടരുകയല്ലാതെ മറ്റു വഴികൾ ഇല്ലായിരുന്നുവെന്ന യാഥാർഥ്യം പൂർണ്ണമായും ഉൾക്കൊള്ളുന്നു. എന്നാൽ, ഇനിയും തിരിച്ചുപോകാൻ ആയില്ലെങ്കിൽ ഇതുവരെയും നഷ്‍ടമാകാതിരുന്ന ആ ജോലിയിൽ തുടരാനുള്ള ഭാഗ്യം ഉണ്ടാകുമോ എന്നറിയില്ല.
എന്‍റെ ജോലിയുടെ സ്വഭാവം ഓഫീസിലും ഫീൽഡിലുമായി നേരിട്ട് ചെന്ന് ചെയ്യേണ്ടതാണ്. ഓൺലൈനിലൂടെ സാധ്യമായ, പരിമിത അളവിലുള്ള കാര്യങ്ങൾ നാട്ടിൽ കഴിയുന്ന ഈ കാലയളവിൽ ചെയ്‍തിരുന്നു. എങ്കിലും വലിയൊരളവിൽ കാര്യങ്ങൾ പത്തോളം സഹപ്രവർത്തകരുള്ള ഇടത്തരം സ്ഥാപനത്തിൽ എന്റെ അഭാവത്തിൽ മുടങ്ങിക്കിടക്കുന്നു. കമ്പനിയുടെ ലൈസൻസ് സംബന്ധമായ കാര്യങ്ങൾ തയ്യാറാക്കൽ, മറ്റു മൂന്നുപേരുടെ വിസ ലഭ്യമാക്കാനുള്ള നടപടികൾ ഏകോപിപ്പിക്കൽ എന്നിവയൊക്കെ ഞാൻ എത്തി ചെയ്യേണ്ട കമ്പനിക്കാര്യങ്ങളാണ്.
എന്ന് മടങ്ങാൻ ആകുമെന്ന് ദിനമെണ്ണി കഴിയുമ്പോൾ മറ്റൊരു ഭീഷണികൂടിയുണ്ട് മുന്നിൽ. വിസാകാലാവധി അവസാനിക്കാനിരിക്കുകയാണ് ജൂലൈയിൽ. അവശേഷിക്കുന്നത് ഏതാനും ആഴ്‍ചകൾ. ജോലി പോയാൽ പോകട്ടെ എന്ന് നെടുവീർപ്പിട്ട് നാട്ടിൽ തുടരാൻ ആകും മട്ടിലല്ല കാര്യങ്ങൾ. കാരണം ഇനി എന്താകും എന്ന ചോദ്യം വല്ലാത്ത അസ്വസ്ഥതയും ആശങ്കയുമാണ് സൃഷ്‍ടിക്കുന്നത്.
എന്റെ സുഹൃത്തുക്കളിൽ ചിലരും ഇതേ അവസ്ഥയിലൂടെ കടന്നുപോകുന്നതായി നേരിട്ട് അറിയാം. കേരളത്തിനകത്തും പുറത്തും ഇത്തരത്തിൽ നിരവധി പ്രവാസികൾ ഉണ്ടാകും. അതുകൊണ്ട് അവരിൽ തൊഴിലെടുക്കുന്ന വിദേശ രാജ്യത്തേക്ക്- യുഎഇ പോലെ നിലവിൽ നിയന്ത്രണങ്ങൾ നീങ്ങിയ ഇടങ്ങളിലേക്കെങ്കിലും- തിരിച്ചുപോകാൻ സൗകര്യമൊരുക്കണം. വന്ദേ ഭാരത് മിഷനിൽ ഉൾപ്പെടുത്തി ഇങ്ങനെയുള്ളവരെ തിരികെ കൊണ്ടുപോകാൻ സർക്കാരുകൾ ശ്രമിക്കണം. ഇതിനായി എംബസികളും കേന്ദ്ര സംസ്ഥാന സർക്കാരുകളും ഇടപെടണമെന്ന് കുറെയേറെ പ്രവാസികൾക്ക് വേണ്ടി അവരിൽ ഒരാളെന്ന നിലയിൽ അപേക്ഷിക്കുന്നു. (ആരെങ്കിലുമൊക്കെ കേൾക്കും ഈ അപേക്ഷ എന്ന പ്രതീക്ഷിയിലാണ് ഈ കുറിപ്പ്). തൊഴിൽ നഷ്ടപ്പെടാത്തവരുടെ തൊഴിൽ സംരക്ഷിക്കാനെങ്കിലും അങ്ങനെയൊരു ഇടപെടൽ സഹായകരമാകും.