'പ്രായപൂര്‍ത്തിയായ പെണ്‍മക്കളെ ഞങ്ങള്‍ എവിടെ കിടത്തും?'

By Nirmala babu  |  First Published Jul 4, 2019, 2:24 PM IST

കടല്‍ക്ഷോഭത്തില്‍ ഉള്ളതെല്ലാം നഷ്ടപ്പെട്ട് തിരുവനന്തപുരം വലിയതുറ ജി യു പി സ്‌കൂളില്‍ കഴിയുന്ന കുടുംബങ്ങളുടെ ദൈന്യത. നിര്‍മല ബാബുവിന്റെ റിപ്പോര്‍ട്ട്. ഫോട്ടോകള്‍: നിര്‍മല


കൈക്കുഞ്ഞടക്കമുള്ള കുട്ടികളെയും കൊണ്ട് ഭയത്തിലാണ് മത്സ്യത്തൊഴിലാളികള്‍ ഓരോരുത്തരും ജീവിക്കുന്നത്. കടലമ്മ എപ്പോഴാണ് കൊണ്ട് പോകുന്നത് എന്ന് അറിയില്ല. കടല്‍ കലി തുള്ളുമ്പോള്‍ യാതൊരു സുരക്ഷയുമില്ലാതെ തീരത്ത് കഴിയാന്‍ കടപ്പുറത്തുള്ളവര്‍ക്ക് പേടിയാണ്. ഞങ്ങള്‍ക്ക് സുരക്ഷിതത്വം വേണം, കടലെടുക്കാതെ ഞങ്ങളുടെ വീട്ടില്‍ താമസിക്കാന്‍. അധികാരികള്‍ ആ സുരക്ഷ തന്നാല്‍ ഞങ്ങളുടെ വീട്ടില്‍ തന്നെ ഞങ്ങള്‍ താമസിച്ചോളാം- കൊച്ചുതോപ്പ് സ്വദേശി ഷീന പറയുന്നു. ഫോട്ടോകള്‍: നിര്‍മല

Latest Videos

undefined

വീടും കുടുംബവുമായി വലിയ തുറയില്‍ സമാധാനമായി ജീവിച്ചു പോന്ന സരിത എന്ന സ്ത്രീ മൂന്ന് വര്‍ഷമായി ഒരു സ്‌കൂള്‍ ക്ലാസ് മുറിയിലാണ് താമസം. 2012ല്‍, തന്റെ വീട് കടലെടുത്തപ്പോഴാണ് അവര്‍ ക്യാമ്പിലായത്. മൂന്ന് വര്‍ഷം ഒരു ക്യാമ്പില്‍ കഴിഞ്ഞു. അതിനു ശേഷം മൂന്നു വര്‍ഷമായി വലിയതുറ ഗവ. യുപി സ്‌കൂളിലാണ് താമസം. 

തിരുവനന്തപുരം നഗരത്തില്‍നിന്നും അധികം ദൂരമില്ലാത്ത വലിയതുറയിലെ ഈ സ്‌കൂള്‍ സരിതയെപ്പോലെ നിരവധി മനുഷ്യരുടെ വീടു കൂടിയാണിപ്പോള്‍. കടല്‍ക്ഷോഭത്തില്‍ എല്ലാം നഷ്ടപ്പെട്ടവരുടെ അഭയകേന്ദ്രം. സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് ഇവിടെ അഭയം തേടി എത്തിയ കുടുംബങ്ങള്‍. നൂറിലേറെ കുടുംബങ്ങളാണ് ദുരിതാശ്വാസ ക്യാമ്പായി മാറിയ ക്ലാസ് മുറികളില്‍ കഴിയുന്നത്. സരിതയെപ്പോലെ മൂന്ന് വര്‍ഷം മുമ്പ് അഭയം തേടിയവര്‍ മുതല്‍ ഒരാഴ്ചയ്ക്കിടെ കിടപ്പാടം നഷ്ടപ്പെട്ടവരും, കടല്‍ എപ്പോള്‍ ആര്‍ത്തിരമ്പി വരും എന്ന ഭീതിയില്‍ ദിവസങ്ങള്‍ക്ക് മുമ്പേ കയറിവന്നവരുമുണ്ട് ഈ കൂട്ടത്തില്‍.

ഓരോ ക്ലാസിലുമായി മൂന്നിലേറെ കുടുംബങ്ങളാണ് ഇടുങ്ങിയ സൗകര്യങ്ങളില്‍ ദിനരാത്രങ്ങള്‍ കഴിച്ച് കൂട്ടുന്നത്. കുട്ടികളും രോഗികളും പ്രായമായവരും ഉണ്ട്.  കട്ടില്‍, അലമാര, തയ്യല്‍ മെഷീന്‍, ഗ്യാസ് അടുപ്പ്, പാത്രങ്ങള്‍ തുടങ്ങി വീട്ടുപകരണങ്ങളും ദൈവങ്ങളുടെ ഫോട്ടോയും എല്ലാം ക്‌ളാസ് മുറികളുടെ ഓരത്ത് അടക്കി വച്ചിരിക്കുകയാണ്. സ്വകാര്യത എന്നത് അവകാശപ്പെടാനേ കഴിയില്ല. നൂറോളം കുടുംബങ്ങള്‍ക്കായി തീരെ കുറച്ച് ശുചിമുറികള്‍. പ്രായപൂര്‍ത്തിയായ മക്കളുമായി സ്‌കൂള്‍ വരാന്തയില്‍ കിടക്കാന്‍ കഴിയാത്തതിനാല്‍ പലരും മക്കളെ ബന്ധു വീടുകളിലേക്ക് പറഞ്ഞ് വിട്ടിരിക്കുകയാണ്. 

'എത്ര തന്നെ അസൗകര്യങ്ങളുടെങ്കിലും തല ചായ്ക്കാന്‍ ഈ ക്ലാസ് മുറികളെങ്കിലുമുണ്ട്  ഇപ്പോള്‍. നാളെ ഇവിടുന്നും ഇറക്കി വിട്ടാല്‍ ഞങ്ങള്‍ എങ്ങോട്ട് പോകും.' നെഞ്ച് പൊട്ടിയുള്ള ഈ ചോദ്യമാണ് ഈ മനുഷ്യരുടെ ഉള്ളിലിപ്പോള്‍. 

ഞങ്ങള്‍ക്ക് സുരക്ഷിതത്വം ഉറപ്പുതരാനാവുമോ സര്‍ക്കാറേ? 

തിരുവനന്തപുരം ജില്ലയിലെ വലിയതുറ, ചെറിയതുറ, വലിയതോപ്പ്, കൊച്ചുതോപ്പ് എന്നീ മത്സ്യബന്ധനഗ്രാമങ്ങളിലെ ആളുകളാണ് കടല്‍ക്ഷോഭം കാരണം ക്യാമ്പുകളിലേക്ക് ചെക്കേറിയിട്ടുള്ളവരില്‍ ഭൂരിഭാഗവും. വര്‍ഷങ്ങളായി കടല്‍ക്ഷോഭം നേരിടുന്ന മേഖലയായിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് അനുകൂലമായ നടപടികളൊന്നും ഉണ്ടാവുന്നില്ലെന്നും ക്യാംപുകളിലേക്കു മാറിയവര്‍ക്ക് സഹായം ലഭിക്കുന്നില്ലെന്നും ആരോപണമുണ്ട്. കടല്‍ഭിത്തി എന്നത് മാറിമാറി വരുന്ന സര്‍ക്കാര്‍ ഒരിക്കലും നടപ്പിലാക്കാത്ത വാഗ്ദാനമാണെന്ന് തീരദേശവാസികള്‍ ഒന്നടങ്കം പറയുന്നു. കടല്‍ കയറുമ്പോള്‍ ക്യാമ്പില്‍ വരും കടല്‍ ഇറങ്ങുമ്പോള്‍ കൂരയുള്ളവര്‍ തിരിച്ച് പോകും. വര്‍ഷത്തില്‍ മൂന്നും നാലും തവണ സാധനങ്ങളുമായി ആളുകള്‍ ഇങ്ങനെ അലയുന്നത് സര്‍ക്കാര്‍ കാണുന്നില്ലേ എന്നാണ് ഇവര്‍ ചോദിക്കുന്നത്. 

കൈക്കുഞ്ഞടക്കമുള്ള കുട്ടികളെയും കൊണ്ട് ഭയത്തിലാണ് മത്സ്യത്തൊഴിലാളികള്‍ ഓരോരുത്തരും ജീവിക്കുന്നത്. കടലമ്മ എപ്പോഴാണ് കൊണ്ട് പോകുന്നത് എന്ന് അറിയില്ല. കടല്‍ കലി തുള്ളുമ്പോള്‍ യാതൊരു സുരക്ഷയുമില്ലാതെ തീരത്ത് കഴിയാന്‍ കടപ്പുറത്തുള്ളവര്‍ക്ക് പേടിയാണ്. ഞങ്ങള്‍ക്ക് സുരക്ഷിതത്വം വേണം, കടലെടുക്കാതെ ഞങ്ങളുടെ വീട്ടില്‍ താമസിക്കാന്‍. അധികാരികള്‍ ആ സുരക്ഷ തന്നാല്‍ ഞങ്ങളുടെ വീട്ടില്‍ തന്നെ ഞങ്ങള്‍ താമസിച്ചോളാം.- കൊച്ചുതോപ്പ് സ്വദേശി പറയുന്നു.

പ്രായപൂര്‍ത്തിയായ പെണ്‍മക്കളെ എവിടെ കിടത്തും?

വീട് മുഴുവനായും ഭാഗികമായും തകര്‍ന്നവരും, എപ്പോള്‍ കടല്‍ എടുത്ത് കൊണ്ട് പോകും എന്ന ഭീതിയില്‍ എത്തിയവരുമാണ് ക്യാമ്പിലുള്ളത്. അസൗകര്യങ്ങള്‍ക്ക് നടുവിലാണ് 100 ലേറെ കുടുംബങ്ങളും താമസം. ഒരു ഹാളില്‍ 50 ലേറെ കുടുംബങ്ങള്‍ തിങ്ങി ഞെരുങ്ങി കഴിയുന്നു. അതിനിടയില്‍ ഭക്ഷണം പാകം ചെയ്യാന്‍ പോലും സൗകര്യമില്ല. ക്യാംപിലെത്തിക്കുന്നവര്‍ പിന്നീട് എന്തായെന്ന് അധികൃതര്‍ തിരക്കുന്നില്ലെന്നാണ് ഇവരുടെ പരാതി.

ഒരു സന്നദ്ധ സംഘടന മുന്‍പ് ഭക്ഷണമെത്തിച്ചിരുന്നു. അടുത്തിടെ അതും നിലച്ചു. ഇപ്പോള്‍ ക്യാംപില്‍ തന്നെ ഭക്ഷണം തയാറാക്കുകയാണ്. നഗരസഭയുടെ മൊബൈല്‍ ടോയ്‌ലറ്റ് ക്യാംപില്‍ അനുവദിച്ചിട്ടുണ്ടെങ്കിലും അംഗസംഖ്യ കൂടിയതോടെ ശുചിമുറി ഉള്‍പ്പെടെയുള്ള പല കാര്യങ്ങളില്‍ അസൗകര്യം നേരിടുന്നുണ്ട്. പല തവണ പരാതി പറഞ്ഞിട്ടും ജനപ്രതിനിധികള്‍ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് പരാതി.  

പല മുറികളിലും വെട്ടമില്ല, ഫാന്‍ ഇല്ല. രാത്രിയായാല്‍ കൊതുക് ശല്യവും ചൂടും കാരണം ഉറങ്ങാനാവില്ലെന്ന് ഇവര്‍ പരാതി പറയുന്നു. മഴ പെയ്താല്‍ ക്ലാസ് മുറികളിലും കിടക്കാന്‍ പറ്റാത്ത അവസ്ഥയാണ് ഇവിടെ. മഴ പെയ്താല്‍ ക്ലാസ് മുറിയിലെ ഓടില്‍ നിന്ന് വെള്ളം ചോര്‍ന്ന് ഒലിക്കും, മഴത്തുള്ളികള്‍ വീണ ചോറ് വരെ നിവൃത്തിയില്ലാതെ കഴിച്ചിട്ടുണ്ടെന്ന് മൂന്ന് വര്‍ഷമായി സ്‌കൂളില്‍ താമസിക്കുന്ന ലൂര്‍ദ് പറയുന്നു.

ആണും പെണ്ണുമായി പല പ്രായക്കാരുണ്ട് ഈ കൂട്ടത്തില്‍. ഒരു മറയുമില്ലാതെ പ്രായപൂര്‍ത്തിയായ പെണ്‍മക്കളെ എവിടെ കിടത്തും? ഇവിടെ സൗകര്യമില്ലാത്തതു കൊണ്ടു മാത്രമാണു വീടുപേക്ഷിച്ചു വരാന്‍ പലരും മടിക്കുന്നത്.- ക്യാംപിലെ താമസക്കാര്‍ പറയുന്നു. 

കടലിന്റെ കോപം തീര്‍ന്നാല്‍ ക്യാംപ് പിരിച്ച് വിടും. വീട് നഷ്ടപ്പെട്ടവര്‍ അന്നേരം എങ്ങോട്ട് പോകും? വലിയതുറ സ്‌കൂളിലെ ദുരിതാശ്വാസ കാംപ്യിലെ അന്തേവാസിയായ രാജേഷിന് നിര്‍മ്മാണം പൂര്‍ത്തിയായി ഒരു വര്‍ഷം തികയുന്നതിന് മുമ്പാണ് വീട് നഷ്ടപ്പെട്ടത്. 

'11 മാസമായിട്ടൊള്ളൂ വീട് കെട്ടിയിട്ട്, എല്ലാം തവിട് പൊടിയായിട്ട് കിടക്കുകയാണ്. രാവിലെ പോയി നോക്കി, ഉച്ചയായിപ്പോഴെക്കും വീട് ഇടിഞ്ഞ് പോയി. ആ സമയത്ത് ഞങ്ങളുണ്ടായിരുന്നെങ്കില്‍ ജീവനും കടല്‍ കൊണ്ടു പോകുമായിരുന്നു'- രാജേഷ് പറയുന്നു

ആര്‍ത്തിരമ്പി വന്ന കടല്‍ വീടോടെ എല്ലാം കൊണ്ട് പോയി, കടല്‍ തിരിച്ച് പോയാലും ഞങ്ങള്‍ക്ക് ഇനി പോകാന്‍ ഒരിടമില്ല. എല്ലാം കടല്‍ കൊണ്ടുപോയി. സര്‍ക്കാര്‍ എന്തെങ്കിലും ചെയ്ത് തരാതെ ഇവിടുന്ന് ഇറങ്ങില്ലെന്ന് ക്യാംപിലെ അന്തേവാസിയായ തേസ്യ പറയുന്നു. 

എവിടെപ്പോയി ജനപ്രതിനിധികള്‍? 

ഓരോ തിര അടിക്കുമ്പോഴും തീരദേശത്തെ വീടുകള്‍ കൂട്ടത്തോടെ ഇടിഞ്ഞ് പോവുകയാണ്. ആളുകളെ ക്യാമ്പില്‍ എത്തിച്ചാല്‍ പിന്നെ അധികാരികള്‍ തിരിഞ്ഞ് നോക്കാറില്ലെന്നാണ് ആക്ഷേപം. ജനപ്രതിനിധികളോ കളക്ടറോ ഒരു തവണ പോലും ക്യാമ്പ സന്ദര്‍ശിച്ചിട്ടില്ലെന്നും ആരോപണം ഉയരുന്നുണ്ട്. സന്നദ്ധ സംഘടനകളാണ് ഇടയ്ക്ക് ഭക്ഷണമോ മറ്റോ എത്തിക്കുക. വോട്ട് ചെയ്ത് ജയിപ്പിച്ച ജനപ്രതിനിധികള്‍ എവിടെയെന്നാണ് ഇവരുടെ ചോദ്യം.

''ക്യാംപിലെത്തിക്കുന്നവര്‍ക്ക് പിന്നീട് എന്ത് സംഭവിച്ചു എന്ന് ആരും തിരക്കുന്നില്ല. ഓരോ ട്രസ്റ്റുകാര്‍ വന്ന് എന്തെങ്കിലും ചെയ്‌തെങ്കിലേ ഉള്ളൂ. അവര്‍ ഞങ്ങള്‍ക്ക് ആരാണ് ? അവരെ അല്ലല്ലോ ഞങ്ങള്‍ വോട്ട് ചെയ്ത് ജയിപ്പിച്ചത്. സര്‍ക്കാരിനെ അല്ലേ  ഞങ്ങള്‍ തലസ്ഥാനത്ത് ഇരുത്തിയിരിക്കുന്നത്. കഷ്ടപ്പെടുന്ന ജനതയ്ക്ക് സര്‍ക്കാര്‍ അല്ലേ എന്തെങ്കിലും ചെയ്ത് തരേണ്ടത്? ഞങ്ങളുടെ കഷ്ടതകള്‍ അറിയേണ്ടവര്‍ മുറിക്കുള്ളില്‍ അടച്ചിരുന്നാല്‍ അതൊക്കെ ആരറിയാനാണ്?'' - വലിയതുറ സ്വദേശി സരിത ചോദിക്കുന്നു.

തലചായ്ക്കാന്‍ ഒരു ഇടം തരുമോ?

നാല് മാസമായി ക്യാമ്പില്‍ വന്നിട്ട്, വീട് മുഴുവനും ഇടിഞ്ഞ് പോയി. അരിയോ വസ്ത്രമോ അല്ല, ഞങ്ങള്‍ക്ക് വേണ്ടത് ഒരു ഭവനമാണ്. ഒരു നിവര്‍ത്തിയുമില്ലാഞ്ഞിട്ടാണ് ഇവിടെ കിടക്കുന്നത്. വാടകയ്ക്ക് പോകാനുള്ള സമ്പാദ്യമില്ല. 50000 രൂപ ഒക്കെയാണ് അഡ്വാന്‍സ് ചോദിക്കുന്നത് എവിടെ നിന്ന് എടുത്ത് കൊടുക്കാനാണ്.? സര്‍ക്കാര്‍ എന്തെിലും ചെയ്ത് തരണമെന്ന് - തേസ്യ അഭ്യര്‍ത്ഥിക്കുന്നു.

2012ല്‍ മുമ്പ് വീട് പോയതാണ് സരിതയ്ക്ക്. 'സ്‌കൂളില്‍ ചേച്ചിക്കും എനിക്കും കൂടി ഒരു വീടാണ് അനുവദിച്ചത്. രണ്ട് മുറിയില്‍ എങ്ങനെ 12 പേര്‍ താമസിക്കും എന്നാണ് അവരുടെ ചോദ്യം.

സര്‍ക്കാര്‍ നിര്‍മിച്ച ഫ്‌ളാറ്റിന്റെ ടൊക്കണ്‍ നമ്പര്‍ വരെ കിട്ടി. പിന്നെ എന്തോ തടസമുണ്ട് എന്ന് പറഞ്ഞ് അത് തിരിച്ച് വാങ്ങി. എല്ലാ രേഖകളും ഉണ്ട് എന്ന് പറഞ്ഞപ്പോള്‍, ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത് ഒരു ഫ്‌ളാറ്റാണ്. ഒപ്പിട്ട് രണ്ടുപേരും വാങ്ങിക്കൂ പിന്നീട് ശരിയാക്കാം എന്ന് അധികാരികള്‍ പറഞ്ഞു. 

'എന്റെ ഭര്‍ത്താവ് മരിച്ചു പോയതാണ്. പഠിക്കുന്ന രണ്ട് കുട്ടികളാണ് എനിക്ക്, ആണ്‍മക്കള്‍ ഉള്ളവര്‍ക്ക് വീട് തരില്ലെന്നാണ് അധികാരികള്‍ പറയുന്നത്. എന്റെ മക്കള്‍ എന്ന് ജോലി കിട്ടി എന്നെ നോക്കാനാണ്.? എല്ലാ രേഖകളും ഞങ്ങളുടെ പക്കലുണ്ട്. എന്ന് ഒരു ഭവനം തരുന്നോ അന്നേ ഇവിടുന്ന് ഇറഞ്ഞൂ. ഇവിടുന്ന് പോകാന്‍ ഞങ്ങള്‍ക്ക് ഒരിടമില്ല. ഞങ്ങള്‍ ചത്താലും ഇവിടെ കിടന്നേ ചാകുകയോള്ളൂ'-ലൂര്‍ദ് എന്ന മല്‍സ്യത്തൊഴിലാളി പറയുന്നു.

വീട് ഉള്ളവര്‍ക്കും ലിസ്റ്റില്‍ പേര് ഇല്ലാത്തവര്‍ക്കും ഫ്‌ളാറ്റ് കൊടുത്തിട്ടുണ്ടെന്നും ആരോപണം ഉയരുന്നത്. അര്‍ഹതപ്പെട്ടവര്‍ എങ്ങോട്ട് പോണം എന്നാണ് ഇവര്‍ സര്‍ക്കാരിനോട് ചോദിക്കുന്നത്. 

'മത്സ്യത്തൊഴിലാളി അല്ല എന്നാണ് ഉദ്യോഗസ്ഥര്‍ ആദ്യം പറഞ്ഞത്. രേഖകളെല്ലാം കാണിച്ചു എന്നിട്ടും ഞങ്ങള്‍ക്ക് ഒരു സഹായവും ഇതുവരെ കിട്ടിയില്ല. പണമോ ഫ്‌ളാറ്റോ ഒന്നും കിട്ടിയില്ലെങ്കിലും വേണ്ടില്ല. സര്‍ക്കാര്‍ ഒന്നോ രണ്ടോ സെന്റ് സ്ഥലം വാങ്ങി തന്നാല്‍ മതി. ഒരു ചെറ്റ കുടില്ലെങ്കിലും വച്ച് ഞങ്ങള്‍ കഴിഞ്ഞോളാം. അര്‍ഹതപ്പെട്ടവര്‍ക്ക് എന്തെങ്കിലും ചെയ്ത് തരൂ' - സരിത പറയുന്നു.

പഠനവും അവതാളത്തില്‍

സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് അന്തേവാസികളായ കുടംബങ്ങളുടെ എണ്ണം. കടല്‍ക്ഷോഭം തുടര്‍ന്നാല്‍ കൂടുതല്‍ മുറികള്‍ ഇനിയും ക്യാംപിനായി വിട്ടുകൊടുക്കേണ്ടി വരും. ക്യാംപ് കാരണം കുട്ടികളുടെ പഠനം അവതാളത്തിലാണെന്ന് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ശ്രീകല പറയുന്നു. ക്യാംപ് സ്‌കൂളിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും കുട്ടികളുടെ കൊഴിഞ്ഞുപോക്ക് കൂടുകയാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു.  

ക്ലാസ് മുറികളില്‍ ആളുകള്‍ താമസിക്കുന്നത് കൊണ്ട് പല ക്ലാസുകളെയും ഒരുമിച്ചിരുത്തിയാണ് പഠിപ്പിക്കുന്നത്. ക്യാംപ് നടക്കുന്നത് കൊണ്ട് പല മതാപിതാക്കള്‍ക്കും കുട്ടികളെ സ്‌കൂളില്‍ അയക്കാന്‍ മടിയാണ്. കുറെ കുട്ടികള്‍ ടിസി വാങ്ങി പോയി. 100 ഓളം കുട്ടികള്‍ ഉണ്ടായിരുന്ന സ്‌കൂളില്‍ ഇപ്പോള്‍ 60 കുട്ടികള്‍ മാത്രമാണ് ഉള്ളത്.   ഹെഡ്മിസ്ട്രസ് പറയുന്നു

ഇതേ സ്‌കൂളിലെ ആറ് വിദ്യാര്‍ഥികളാണ് ഇവിടെത്തന്നെ ക്യാംപില്‍ കഴിയുന്നത്. ക്യാംപ് കുട്ടികളുടെ വിദ്യാഭ്യാസം തടസപ്പെടുന്നുണ്ടെന്ന് ഇവിടുത്തെ താമസക്കാരും സമ്മതിക്കുന്നു. പക്ഷേ ഞങ്ങള്‍ ഇവിടെ നിന്ന് എങ്ങോട്ട് പോകും എന്നാണ് അന്തേവാസികള്‍ ചോദിക്കുന്നത്. 'ഞങ്ങളുടെ മക്കളെ പോലുള്ള മക്കളാണ് ഇവിടെ പഠിക്കുന്നത്. അവരുടെ ഭാവി തകര്‍ക്കാന്‍ ഞങ്ങള്‍ക്ക് ആഗ്രഹമില്ല. പക്ഷേ ഞങ്ങള്‍ എങ്ങോട്ട് പോകും' ഇവര്‍ ചോദിക്കുന്നു.

click me!