വീട്ടുമുറ്റത്തെ കൊച്ചുപൂന്തോട്ടങ്ങൾ വെറും കാഴ്‍ചയ്ക്ക് മാത്രമല്ല!

By Gopika Suresh  |  First Published Mar 21, 2020, 12:51 PM IST

സ്ഥലം കുറയുംതോറും കെട്ടിടങ്ങൾ മുകളിലേക്ക് കെട്ടിപ്പൊക്കുംതോറും ഭൂമിയിൽ നിന്നും വരുന്ന റേഡിയേഷൻ പുറത്തുപോകാൻ സാധിക്കാതെ കുടുങ്ങിക്കിടക്കുമ്പോൾ ചൂട് വർധിക്കാൻ കാരണമാകുന്നു. അതുപോലെ തന്നെ നഗരപ്രദേശങ്ങളിലെ ഈ വർദ്ധിച്ചുവരുന്ന താപനില പലരീതിയിലും ആഗോളതാപനത്തിനും സംഭാവന നൽകുന്നു.


വീട്ടുമുറ്റത്തു നമ്മൾ നട്ടുവളർത്തുന്ന ഭൂമിയുടെ ഓജസ്സിനെക്കുറിച്ച് വളരെ ഗൗരവവും പ്രാധാന്യമുള്ളതുമായ ഒരു പഠനവുമായി എത്തുകയാണ് ഓസ്‌ട്രേലിയയിലെ സെന്റർ ഫോർ സ്‍മാർട്ട് ഗ്രീൻ സിറ്റിയിലെ ഗവേഷകർ.

Latest Videos

undefined

"ഒരു തൈ നടാം നമുക്കമ്മയ്ക്കു വേണ്ടി
ഒരു തൈ നടാം കൊച്ചുമക്കൾക്കു വേണ്ടി
ഒരു തൈ നടാം നൂറു കിളികൾക്കു വേണ്ടി
ഒരു തൈ നടാം നല്ല നാളേയ്ക്കു വേണ്ടി"

മലയാളികളുടെ പ്രിയ കവയത്രി സുഗതകുമാരിയുടെ വരികൾ.  ഭൂമിയുടെ പ്രതീക്ഷയാണ് മരങ്ങൾ, കാവുകൾ തുടങ്ങി അനേകം വരുന്ന സസ്യജാലങ്ങൾ. നാളേക്ക് വേണ്ടിയുള്ള കരുതലാണ് ഇന്ന് മണ്ണിൽ കുഴിച്ചിടുന്ന ഓരോ വിത്തുകളും. വീടിന്റെ മുറ്റത്ത്  നിറഞ്ഞുനിൽക്കുന്ന പച്ചപ്പ് എത്രമാത്രം മനസ്സ്  കുളിർപ്പിക്കുന്ന കാഴ്‍ചയാണ്. പൂമ്പാറ്റകളും കിളികളും പാറിനടക്കുമ്പോൾ നാമൊരുക്കുന്നത് നശിച്ചുകൊണ്ടിരിക്കുന്ന പ്രകൃതിക്ക് വിശ്രമിക്കാനുള്ള ഒരിടമാണ്. 

എന്നാൽ, ഈ വീട്ടുമുറ്റത്തു നമ്മൾ നട്ടുവളർത്തുന്ന ഭൂമിയുടെ ഓജസ്സിനെക്കുറിച്ച് വളരെ ഗൗരവവും പ്രാധാന്യമുള്ളതുമായ ഒരു പഠനവുമായി എത്തുകയാണ് ഓസ്‌ട്രേലിയയിലെ സെന്റർ ഫോർ സ്‍മാർട്ട് ഗ്രീൻ സിറ്റിയിലെ ഗവേഷകർ.

ആഗോളതാപനം മൂലമുണ്ടായ ഈ കടുത്ത ചൂട് നമുക്ക് താങ്ങാവുന്നതിലേറെയായി തോന്നാറില്ലേ, ചിലപ്പോളെങ്കിലും? ഡോ. അലെസ്സാൻഡ്രോ ഓസോളയുടെ നേതൃത്വത്തിൽ നടന്ന പഠനം ചൂണ്ടിക്കാട്ടുന്നത് വീട്ടുമുറ്റത്തെ ഉദ്യാനങ്ങൾ വെറും കാഴ്‍ചയ്ക്ക് മാത്രമല്ലെന്നാണ്.‌ കടുത്ത ചൂടിൽ നഗരപ്രദേശത്തെ താപനില കുറയ്ക്കുന്നതിന് നഗരവാസികളുടെ വീട്ടുമുറ്റങ്ങളിലെ സസ്യജാലങ്ങൾക്ക് വളരെയധികം പ്രാധാന്യമുണ്ടെന്നാണ് പഠനത്തിലെ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നത്.

എന്തുകൊണ്ടാണ് നഗരങ്ങളിൽ ചൂട് കൂടുതൽ

ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ചു നഗരങ്ങളിലെ ചൂട് കൂടുതലാണ്, കൂടാതെ ദിനംപ്രതി ചൂട് കൂടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.  ഈ വ്യത്യാസത്തിന് പിന്നിൽ നിരവധി കാരണങ്ങളുണ്ട്. നഗരങ്ങളിൽ, വീടുകളും കടകളും വ്യാവസായിക സ്ഥാപനങ്ങളുമായി കെട്ടിടങ്ങൾ ഒരുപാട് കൂടുതലായത് മൂലം കെട്ടിടങ്ങൾ തമ്മിലുള്ള അകലം കുറവാണ്. അസ്ഫാൾട്ട്, സ്റ്റീൽ, ഇഷ്ടിക,കോൺക്രീറ്റ് തുടങ്ങിയ കെട്ടിട നിർമ്മാണ സാമഗ്രികൾ കൂടുതലും ഇരുണ്ടനിറത്തിൽ ഉള്ളവയാണ്, അവ കൂടുതൽ താപം ആഗിരണം ചെയ്യുന്നു. പല ആധുനിക കെട്ടിട നിർമ്മാണ സാമഗ്രികൾക്കും വായുവിനും ജലത്തിനും അകത്തുകടക്കാൻ പറ്റാത്ത രീതിയിലുള്ള പ്രതലങ്ങളാണ്. വെള്ളത്തിനു ചെറിയരീതിയിൽ അകത്തുകടക്കുകയും അവ ബാഷ്‍പീകരിക്കപ്പെടുകയും ചെയ്‍താലേ പ്രതലം തണുക്കുകയുള്ളൂ. ഫാക്ടറികളിൽ നിന്നും വാഹനങ്ങളിൽ നിന്നും പുറംതള്ളപ്പെടുന്ന ചൂടുംപുകയും നഗരങ്ങളിലെ ചൂടിന്റെ വലിയൊരു വിഭാഗം സംഭാവന ചെയ്യുന്നു. കൂടാതെ ദിനംപ്രതി  ജനങ്ങൾ എരിച്ചുകളയുന്ന ഊർജ്ജവും ചൂടുകൂടുന്നതിന്റെ മറ്റൊരു പങ്കുകാരാണ്.

അപ്പോൾ ജനങ്ങൾ തിങ്ങിപ്പാർക്കുക കൂടി ചെയ്‍താലോ? സ്ഥലം കുറയുംതോറും കെട്ടിടങ്ങൾ മുകളിലേക്ക് കെട്ടിപ്പൊക്കുംതോറും ഭൂമിയിൽ നിന്നും വരുന്ന റേഡിയേഷൻ പുറത്തുപോകാൻ സാധിക്കാതെ കുടുങ്ങിക്കിടക്കുമ്പോൾ ചൂട് വർധിക്കാൻ കാരണമാകുന്നു. അതുപോലെ തന്നെ നഗരപ്രദേശങ്ങളിലെ ഈ വർദ്ധിച്ചുവരുന്ന താപനില പലരീതിയിലും ആഗോളതാപനത്തിനും സംഭാവന നൽകുന്നു.

വീട്ടുമുറ്റങ്ങളും നാഗരിക താപനിലയും 

ഓസ്‌ട്രേലിയയിലെ ആഡലൈഡ് എന്ന നഗരം... നമ്മുടെ കേരളത്തിനെ പോലെത്തന്നെ വേനൽക്കാലത്തു തീവ്രമായ ചൂടിൽ വേവുന്നു. പലപ്പോളും ഉഷ്‌ണതരംഗങ്ങളുമുണ്ടാകുന്നു... ഹരിത നിർമ്മാണ പ്രവർത്തനങ്ങൾ, കാടുകൾ ഉണ്ടാക്കൽ, പ്രകൃതിക്കിണങ്ങുന്ന രീതിയിലുള്ള മറ്റു പല ചിലവുകുറഞ്ഞ വഴികൾ തുടങ്ങിയവ ആലോചിക്കുന്ന ഒരുകൂട്ടം വിദഗ്ദ്ധരവിടെയുണ്ട്. നാം ആദ്യമറിയേണ്ടത് നഗരത്തിലെ മരങ്ങളും വീട്ടുമുറ്റത്തെ സസ്യങ്ങളും ഈ ചൂടുകുറക്കാൻ എത്രമാത്രം സംഭാവന നൽകുന്നു എന്നതാണ്. ഇത് കണ്ടുപിടിക്കുന്നതിനു വേണ്ടിയാണ് അലെസ്സാൻഡ്രോ ഓസോളയുടെ നേതൃത്വത്തിൽ ആഡലൈഡ് നഗരത്തിൽ ഈ പഠനം നടത്തിയത്. 

പഠനത്തിൽ കണ്ടെത്തിയത് ഇതാണ്: വീട്ടുവളപ്പിലെ തോട്ടങ്ങളും ഉദ്യാനങ്ങളും നഗരത്തിന്റെ ഏകദേശം 20% മാത്രമേ ഉള്ളുവെങ്കിലും, നിവാസികളുടെ തോട്ടങ്ങളിൽ 40 ശതമാനത്തിലേറെ മരങ്ങളും 30 ശതമാനം പുല്ലുകളും മറ്റുമടങ്ങിയ സസ്യജാലങ്ങളാണ്.‌ ഇത്തരത്തിൽ വീട്ടുതോട്ടങ്ങൾ ഉള്ള പ്രദേശങ്ങളിൽ തോട്ടങ്ങളില്ലാത്ത പ്രദേശങ്ങളെക്കാൾ ഏതാനും ഡിഗ്രി സെൽഷിയസ് ചൂട് കുറവുണ്ട്. ഈ അടുക്കളത്തോട്ടങ്ങൾ പകൽസമയത്തെ അസാമാന്യ ചൂട് കുറയ്ക്കുന്നതിൽ വലിയ പങ്കു വഹിക്കുന്നു. 

ചൂടുകൂടിയ കാലഘട്ടങ്ങളിൽ ചൂടുകുറക്കുന്നതിനു വേണ്ടി ഈ അടുക്കളത്തോട്ടങ്ങളും വീട്ടുമുറ്റത്തെ ഉദ്യാനങ്ങളും വഹിക്കുന്ന പങ്ക് വളരെ വലുതാണന്ന് പഠനം വിലയിരുത്തുന്നു. ആസ്ട്രേലിയയിലെ ഈ പഠനത്തിലെ നിർദ്ദേശങ്ങൾ നമുക്കും ഏറ്റെടുക്കാം. ഇവിടെയും ഈ ലക്ഷ്യം മനസ്സിൽ കണ്ടുകൊണ്ടു തന്നെ വളർത്താം  അടുക്കളത്തോട്ടങ്ങളും, വീട്ടുമുറ്റത്തെ ഉദ്യാനങ്ങളും.‌ സ്ഥലമില്ലാത്തവർക്ക് ടെറസിലെ കൃഷിയും മറ്റുമാവാം.

click me!