ഗസല്‍: കേട്ട പാട്ടുകള്‍. കേള്‍ക്കാത്ത കഥകള്‍. പരമ്പര: 'മേരെ ഹം നഫസ് മേരെ ഹംനവാ'
അര്‍ത്ഥം കൃത്യമായി മനസ്സിലാകാത്ത കേള്‍വിക്കാരെപ്പോലും വലിച്ചടുപ്പിക്കുന്ന എന്തോ ഒരു കാല്‍പനികസൗന്ദര്യമുണ്ട് ഗസലുകള്‍ക്ക്. ഗസലുകളെ നെഞ്ചോടുചേര്‍ക്കുന്ന മലയാളികള്‍ക്കായി ഒരു പരമ്പര ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ആരംഭിക്കുന്നു. നമ്മുടെ പ്രിയഗസലുകള്‍, പശ്ചാത്തലം, ഗായകര്‍, കഠിനമായ ഉര്‍ദു വാക്കുകളുടെ അര്‍ത്ഥവിചാരം എന്നിവയാവും ഈ കുറിപ്പുകളില്‍. കൃത്യമായ അര്‍ത്ഥമറിയാതെ കേട്ടുകൊണ്ടിരുന്ന പല പ്രിയ ഗസലുകളെയും ഇനി അവയുടെ കാവ്യ, സംഗീതാംശങ്ങളെ അടുത്തറിഞ്ഞ് കൂടുതല്‍ ആസ്വദിച്ച് കേള്‍ക്കാം. വരൂ, ഗസലുകളുടെ മാസ്മരിക ലോകത്തിലൂടെ നമുക്കൊരു സ്വപ്നസഞ്ചാരമാവാം.
undefined
ഇന്ന് ശകീൽ ബദായുനിയുടെ 'മേരെ ഹം നഫസ് മേരെ ഹംനവാ' എന്ന് തുടങ്ങുന്ന ഗസലാണ്. ബീഗം അക്തർ പാടി അതിപ്രസിദ്ധമായ ഈ ഗസൽ, പ്രണയത്തിലെ തിക്താനുഭവങ്ങളെക്കുറിച്ചുള്ള ഒരു ഭാവഗീതമാണ്. ഈ ഗസൽ പാടുന്നത് മുഴുവൻ അടുപ്പങ്ങൾ നൽകുന്ന വേദനകളെയും വഞ്ചനകളെയും പറ്റിയാണ്. നമ്മളിൽ നിന്ന് അകലം കത്ത് സൂക്ഷിക്കുന്നവരിൽ നിന്ന് ഉണ്ടായേക്കാവുന്ന അക്രമണങ്ങളെപ്പറ്റി നമ്മൾ ബോധവാന്മാരായിരിക്കും. എന്നാൽ, ഏറെ അടുപ്പമുള്ളവർ നമ്മളെ വഞ്ചിച്ചാൽ അത് നമുക്ക് നൽകുക പ്രാണവേദനയായിരിക്കും
അർത്ഥവിചാരം
I
मेरे हम-नफ़स मेरे हम-नवा मुझे दोस्त बन के दग़ा न दे
मैं हूँ दर्द-ए-इश्क़ से जाँ-ब-लब मुझे ज़िंदगी की दुआ न दे
മേരെ ഹംനഫസ് മേരെ ഹംനവാ
മുഝേ ദോസ്ത് ബൻകെ ദഗാ ന ദേ
മേം ഹൂം ദർദ്-എ-ഇഷ്‌ക് സെ ജാൻ വലബ്
മുഝേ സിന്ദഗീ കി ദുവാ ന ദേ.
എന്റെ ശ്വാസനിശ്വാസങ്ങളുടെ
സന്തതസഹചാരീ,
ആത്മാവിന്റെ സ്വരത്തിന് ശ്രുതിചേർക്കുന്നോളേ,
പ്രാണനും പ്രാണനായിരുന്ന് നീയെന്നെ വഞ്ചിക്കരുതേ
പ്രണയക്ഷതങ്ങളാൽ മരണാസന്നനാണ് ഇന്നുഞാൻ
ഇനിയുമെനിക്ക് ദീർഘായുസ്സ് നീ നേരരുതേ..!
കവി തന്റെ ആത്മസുഹൃത്തിനെ അഭിസംബോധന ചെയ്യുന്നത് ഹംനഫസ്, ഹംനവാ എന്നിങ്ങനെ രണ്ടു പേരുകളാലാണ്. നഫസ് എന്ന് പറഞ്ഞാൽ ശ്വാസം. അപ്പോൾ ഹം നഫസ് എന്നാൽ, എന്റെ ജീവശ്വാസത്തോട് ചേർന്നിരിക്കുന്നവൾ എന്ന്. അഥവാ കവിയോട് അത്രമേൽ അടുപ്പമുള്ളവൾ എന്നർത്ഥം. നവാ എന്നുവെച്ചാൽ ശബ്ദം. സ്വരം. ഹം നവാ എന്നുവെച്ചാൽ സ്വരത്തോട് സ്വരം ചേർക്കുന്ന ഒരാൾ. അതായത്. അഭിപ്രായങ്ങളിൽ ഐക്യമുള്ളയാൾ. അല്ലെങ്കിൽ ഒരേ തരംഗദൈർഘ്യത്തിലുള്ളയാൾ. എന്റെ സുഹൃത്തായിരുന്നുകൊണ്ട് നീ എന്നെ വഞ്ചിക്കരുതേ എന്നാണ് കവി പറയുന്നത്. പ്രണയം നൽകിയ ക്ഷതങ്ങൾ കൊണ്ടുതന്നെ പ്രാണൻ പോകുന്ന വേദന അനുഭവിച്ചുകൊണ്ടിരിക്കുന്ന തനിക്ക് ദീർഘായുസ്സ് നേരരുതേ എന്നും.
കഠിനപദങ്ങൾ:
ഹംനഫസ് : ആത്മമിത്രം
ഹംനവാ: പ്രിയസ്നേഹിതൻ
ദഗാ ദേനാ : വഞ്ചിക്കുക
ദർദ്-എ-ഇഷ്‌ക്: പ്രണയം നിമിത്തമുള്ള വേദന
ജാൻ-വ-ലബ്: പ്രാണനഷ്ടത്തിന്റെ വക്കിൽ
സിന്ദഗീ കി ദുവാ: ദീര്‍ഘായുസ്സ്
II
मेरे दाग़-ए-दिल से है रौशनी इसी रौशनी से है ज़िंदगी
मुझे डर है ऐ मिरे चारा-गर ये चराग़ तू ही बुझा न दे
മേരെ ദാഗ് -എ-ദിൽ സെ ഹേ റോഷ്‌നി
ഇസീ റോഷ്‌നി സെ ഹേ സിന്ദഗി
മുഝേ ഡർ ഹേ ഏ മേരെ ചാരഗർ
യെ ചരാഗ് തൂ ഹി ബുഝാ ന ദേ
ചങ്കിലെ മുറിവുകളാണ്
എന്റെ ജീവിതത്തിലെ വെളിച്ചം
എന്നെ സുഖപ്പെടുത്തുന്നവളേ
എന്റെ ഭയം, ഈ വിളക്ക് നീ തന്നെ
ഊതിക്കെടുത്തുമോ എന്നതുമാത്രമാണ്.
പിന്നെ കവി പാടുന്നത് തനിക്ക് ജീവിതത്തിൽ തിരിച്ചറിവുകൾ സമ്മാനിച്ച, ജീവിതത്തിൽ ഒരു ചെറുചെരാതിന്റെ വെട്ടം കെടാതെ കാക്കുന്ന, പ്രണയക്ഷതങ്ങളെപ്പറ്റിയാണ്. ഒരുപാട് കഷ്ടപ്പെട്ട്‌ഞാൻ നേടിയ ആ വെളിച്ചം നീ ഊതിക്കെടുത്തരുതേ എന്നാണ് കവി സ്നേഹിതയോട് പറയുന്നത്.
കഠിനപദങ്ങൾ :
ദാഗ് -എ-ദിൽ: ഹൃദയത്തിലെ മുറിവുകൾ
ചാരഗർ: സുഖപ്പെടുത്തുന്നവൾ
III
मुझे छोड़ दे मिरे हाल पर तिरा क्या भरोसा है चारा-गर
ये तिरी नवाज़िश-ए-मुख़्तसर मिरा दर्द और बढ़ा न दे
മുഝേ ഛോഡ് ദേ മേരെ ഹാൽ പർ
തേരാ ക്യാ ഭരോസാ ഹേ ചാരഗർ
യെ തേരീ നവാസിഷേ മുഖ്‌തസര്‍,
മേരെ ദർദ് ഓർ ബഢാ ന ദേ
എന്നെ എന്റെ അവസ്ഥയിൽ
ഒന്ന് വെറുതെ വിടാമോ?
നിന്നെ ഞാൻ എങ്ങനെ വിശ്വസിക്കും
എന്നെ സുഖപ്പെടുത്താനിറങ്ങിയവളേ?
നിന്റെയീ ലഘുപരിചരണം
എന്റെ വേദന ഇനിയും ഏറ്റിയാലോ ?
തന്നെ തന്റെ പരിതാപാവസ്ഥയിൽ താനെന്ന വിട്ടുകൂടേ എന്നാണ് കവി ചോദിക്കുന്നത്. തനിക്ക് വലിയ വിഷമമാണ് എന്നതൊക്കെ ശരിതന്നെ, പക്ഷേ, എന്നുവെച്ച് തന്റെ അരികിൽ വന്ന് സഹതാപത്തിന്റെ പുറത്ത് നിമിഷനേരത്തേക്ക് ഒരു അടുപ്പം കാണിച്ച്, വീണ്ടും ഏകാന്തതയിലേക്ക് തള്ളിയിട്ട് പോയാൽ അത് തന്റെ വേദന വീണ്ടും ഇരട്ടിപ്പിക്കുകയെല്ലേ ചെയ്യുക എന്ന് കവി ന്യായമായും സംശയിക്കുന്നു. സുഖപ്പെടുത്താം എന്ന് വാഗ്ദാനം തരുന്നവൾ തന്നെ തന്റെ നോവ് വർദ്ധിപ്പിക്കുമെന്നും.
കഠിനപദങ്ങൾ
നവാസിഷേ മുഖ്‌തസര്‍: സഹാനുഭൂതി
IV
मेरा अज़्म इतना बुलंद है कि पराए शो'लों का डर नहीं
मुझे ख़ौफ़ आतिश-ए-गुल से है ये कहीं चमन को जला न दे
മേരാ അസ്‌മ് ഇത്‌നാ ബുലന്ദ് ഹേ
കെ പരായെ ശോലോം കാം ഡർ നഹി
മുഝേ ഖോഫ് ആതിഷെ ഗുൽ സെ ഹേ
യെ കഹി ചമൻ കോ ജലാ നാ ദേ
ഉള്ളുറപ്പ് എനിക്ക് വേണ്ടുവോളമുണ്ട്,
അതുകൊണ്ട് പുറത്തുനിന്നാളുന്ന
ഒരു തീജ്വാലയെയും ഞാൻ ഭയക്കുന്നുമില്ല.
എനിക്ക് പേടി ഈ പൂക്കളുടെ
തിരിനാളങ്ങളെ മാത്രമാണ്
ഈ ഉദ്യാനത്തെത്തന്നെ
അതെരിച്ചുകളഞ്ഞാലോ
എന്നുമാത്രമാണ്
എനിക്ക് ശത്രുക്കളെപ്പറ്റി ഒരു പേടിയുമില്ല. അവരിൽ നിന്ന് വന്നേക്കാവുന്ന ഏതൊരാക്രമണത്തെയും നേരിടാൻ വേണ്ട ഉള്ളുറപ്പെനിക്കുണ്ടുതാനും. എന്നാൽ, ഞാൻ ഭയക്കുന്നത് എന്റെ സ്നേഹിതരിൽ നിന്ന് അപ്രതീക്ഷിതമായി വന്നേക്കാവുന്ന അക്രമണങ്ങളെയാണ്. അത് നേരിടേണ്ടി വരിക ഒട്ടും ഓർക്കാതിരിക്കുമ്പോഴാണ്. അതുകൊണ്ടുതന്നെ, പലപ്പോഴും അടിപതറിപ്പോവാറുണ്ടുതാനും.
കഠിനപദങ്ങൾ :
അസ്‌മ്: ഉള്ളുറപ്പ്
ബുലന്ദ്: ശക്തം
പരായെ: അന്യമായ, പുറത്തുനിന്നുള്ള
ശോലേ: തീജ്വാലകൾ
ഖോഫ്: ഭയം
ആതിഷെ ഗുൽ: പൂവിൽ നിന്നുതിരുന്ന നാളങ്ങൾ
ചമൻ: ഉദ്യാനം
V
वो उठे हैं ले के ख़ुम-ओ-सुबू अरे ओ 'शकील' कहाँ है तू
तिरा जाम लेने को बज़्म में कोई और हाथ बढ़ा न दे
വോ ഉഠേ ഹേ ലേകെ ഖുമോ സുബു
അരെ ഓ ശകീൽ കഹാം ഹേ തൂ
തേരാ ജാമ് ലേനേ കോ ബസ്മ് മേം
കോയി ഓർ ഹാഥ് ബഠാ ന ദേ
മധുപാത്രവും മദിനാചഷകങ്ങളുമായേന്തിക്കൊണ്ട്
അവർ അരികിൽ വന്നിരിക്കയാണ്,
നീ എവിടെയാണ് 'ശകീൽ'?
നിന്റെ ചഷകമേറ്റു വാങ്ങാൻ
ഈ സഭയിൽ മറ്റാരെങ്കിലും
കൈ നീട്ടാതിരിക്കട്ടെ..!
കഠിനപദങ്ങൾ :
ഖുമോ സുബു: മധുപാത്രവും മദിരാ ചഷകവും
ശകീൽ: കവിയുടെ പേര്
ജാമ്: ചഷകം
ബസ്മ്: മദ്യപാന സഭ
കവി പരിചയം
1916 -ൽ ഉത്തർ പ്രദേശിലെ ബദായൂൻ എന്ന സ്ഥലത്താണ് ഷക്കീൽ ബദായുനിയുടെ ജനനം. അച്ഛൻ മുഹമ്മദ് ജമാൽ അഹമ്മദും 'അമ്മ ഷൊഖ്താ കാദിരിയും നന്നേ ചെറുപ്പം മുതൽ തന്നെ ഷക്കീലിനെ അറബി, ഉറുദു, പേർഷ്യൻ ഭാഷകൾ അഭ്യസിപ്പിച്ചു. 1936 -ൽ അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിൽ ബിരുദപഠനത്തിനു ചേർന്നു. കോഴ്സ് പൂർത്തിയാക്കിയപാടെ ദില്ലിയിൽ സപ്ലൈ ഓഫീസറായി നിയമനം ലഭിച്ചെങ്കിലും, മുഷായിരകളിൽ പങ്കെടുക്കുന്നത് തുടർന്നു. അതിനിടെ ബാല്യകാല സഖിയായി സല്മയുമായുള്ള വിവാഹം.
1944 -ൽ ഹിന്ദി ചലച്ചിത്രങ്ങൾക്ക് ഗാനങ്ങൾ രചിക്കാനൊരുമ്പെട്ട് മുംബൈയിലേക്ക് കുടിയേറുന്നു. നൗഷാദ്, ഹേമന്ത് കുമാർ, എസ് ഡി ബർമൻ, ബോംബെ രവി തുടങ്ങിയ സംഗീതസംവിധായകർക്കുവേണ്ടി ദുലാരി, ബൈജു ബാവ്‌റ, മദർ ഇന്ത്യ, മുഗൾ എ ആസം, ഗംഗാ ജെമുനാ, മേരെ മെഹെബൂബ്, സാഹിബ് ബീബി ഓർ ഗുലാം, ചൗധ്വി കി ചാന്ദ് തുടങ്ങിയ നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് പാട്ടെഴുതി അദ്ദേഹം. 1970-ൽ പ്രമേഹം മൂർച്ഛിച്ച്, തന്റെ അമ്പത്തിമൂന്നാമത്തെ വയസ്സിൽ മരണപ്പെടുകയായിരുന്നു ഷക്കീൽ. തപാൽ വകുപ്പ് ഇദ്ദേഹത്തിന്റെ ബഹുമാനാർത്ഥം ഒരു പോസ്റ്റൽ സ്റ്റാമ്പും പുറത്തിറക്കിയിട്ടുണ്ട്.
രാഗവിസ്താരം
ദർബാരി രാഗത്തെ അടിസ്ഥാനപ്പെടുത്തിയാണ് ബീഗം അക്തർ ഈ ഗസൽ ചിട്ടപ്പെടുത്തിയിട്ടുള്ളത്. ബീഗം അക്തറിന്റെ ആലാപനത്തിനു പുറമെ ഫരീദാ ഖാനത്തിന്റെ മനോഹരമായ ഒരു ആഖ്യാനം കൂടി ഈ ഗസലിനുണ്ട്. അതും ബീഗം അക്തറിന്റേതുപോലെ തന്നെ അതിപ്രസിദ്ധമായ ഒന്നാണ്.
ബീഗം അക്തറിന്റെ ആലാപനം
ഫരീദാ ഖാനത്തിന്റെ ആലാപനം
ഗസലറിവ് പരമ്പരയില്‍ ഇതുവരെ:
1. ചുപ്‌കേ ചുപ്‌കേ രാത് ദിൻ...
3. വോ ജോ ഹം മേം തും മേം കരാർ ഥാ
4. യേ ദില്‍ യേ പാഗല്‍ ദില്‍ മേരാ