ഇനി.. ഒരൽപം സമയം നിങ്ങൾ ഒരു ആനയാണ് എന്ന് സങ്കൽപ്പിക്കൂ!! കരയിലെ ഏറ്റവും വലിയ ജീവി. പെരുത്ത ശരീരം, വിശറി ചെവി, കുഞ്ഞിക്കണ്ണ്, നേർത്ത വാല്, നീളൻ തുമ്പിക്കൈ. ചൂട് സഹിക്കാൻ കഴിയാത്തവൻ, ശബ്ദഘോഷങ്ങൾ ഇഷ്ടമില്ലാത്തവൻ. തീയിനെ വല്ലാതെ പേടിക്കുന്നവൻ. സഹ്യന്റെ മകൻ. ഈന്തൽ തളിരും, കാട്ടാർ കുളിരും ആയി സ്വന്തക്കാർക്കൊപ്പം കാട്ടിൽ മേയുന്നവൻ.
ചില നേരം രോഷം വരാറില്ലേ? സങ്കടങ്ങള്‍. പ്രതിഷേധങ്ങള്‍. അമര്‍ഷങ്ങള്‍. മൗനം കുറ്റകരമാണെന്ന് തോന്നുന്ന നേരങ്ങളില്‍, വിഷയങ്ങളില്‍, സംഭവങ്ങളില്‍ ഉള്ളിലുള്ളത് തുറന്നെഴുതൂ. കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ ഫോട്ടോ സഹിതം അയക്കൂ. സബ്ജക്ട് ലൈനില്‍ 'എനിക്കും ചിലത് പറയാനുണ്ട്!' എന്നെഴുതാന്‍ മറക്കരുത്. എഴുതുന്ന ആളുടെ പൂര്‍ണമായ പേര് മലയാളത്തില്‍ എഴുതണം. വ്യക്തിഹത്യ, അസഭ്യങ്ങള്‍, അശ്ലീലപരാമര്‍ശങ്ങള്‍ തുടങ്ങിയവ ഒഴിവാക്കണം.
undefined
ലൈക്ക- നാലാം ക്ലാസിൽ യൂറിക്ക വിജ്ഞാനോത്സവം പരീക്ഷക്ക് പഠിക്കുമ്പോൾ ആണ് ലൈക്ക എന്ന പേര് ആദ്യം കേൾക്കുന്നത്. ശൂന്യാകാശത്തേക്ക് മനുഷ്യൻ വിക്ഷേപിച്ച ആദ്യ ജീവിയായിരുന്നു ലൈക്ക എന്ന നായ്ക്കുട്ടി. മോസ്കോയിലെ തെരുവിൽ നിന്നാണ് റഷ്യൻ ശാസ്ത്രജ്ഞർ ലൈക്കയെ കണ്ടെടുക്കുന്നത്. നിരവധി മാസങ്ങൾ നീണ്ടു നിന്ന തയ്യാറെടുപ്പുകൾക്ക് ഒടുവിൽ 1957 നവംബർ മൂന്നിന് റഷ്യ വിക്ഷേപിച്ച സ്പുട്നിക് 2 -ലെ ഏക യാത്രികയായി ലൈക്ക ഈ ഭൂമിയോട് എന്നെന്നേക്കുമായി യാത്ര പറഞ്ഞു. ഇനി ഒരിക്കലും തിരിച്ചു വരാൻ കഴിയാത്ത യാത്ര. സീറോ ഗ്രാവിറ്റിയോട് ലൈക്കയുടെ ശരീരം എങ്ങനെ പ്രതികരിക്കുന്നു എന്ന് അറിയുവാനുള്ള നിരവധി ഉപകരണങ്ങൾ ലൈക്കയുടെ ദേഹത്ത് ഉണ്ടായിരുന്നു.
വിക്ഷേപിച്ച് ഏതാനും മണിക്കൂറുകൾക്കകം ശൂന്യകാശ യാനത്തിലെ താപനിയന്ത്രണ സംവിധാനം തകരാറിൽ ആയി. റോക്കറ്റിനുള്ളിൽ ചൂട് ക്രമാതീതമായി ഉയർന്നു. അങ്ങനെ ഭൂമിയിൽ നിന്നും അനേകായിരം കിലോമീറ്ററുകൾ ഉയരത്തിൽ-തനിച്ച്, പേടിച്ച്, ഓടി രക്ഷപ്പെടാൻ ഒരിടവും ഇല്ലാതെ ലൈക്ക അന്ത്യശ്വാസം വലിച്ചു. അവളുമായി ആ ബഹിരാകാശ വാഹനം ദിവസങ്ങളോളം ശൂന്യാകാശത്ത് ചുറ്റിത്തിരിഞ്ഞു.162 ദിവസങ്ങൾക്കു ശേഷം ഭൂമിയുടെ അന്തരീക്ഷത്തിൽ തിരിച്ചു പ്രവേശിച്ച സ്പുട്നിക് കത്തി എരിഞ്ഞു- ലൈക്കയുടെ ജീവനറ്റ ശരീരത്തോടൊപ്പം. ഭൂമിയുടെ അതിരുകൾ ഭേദിച്ച്, സൗരയൂഥത്തെ കീഴടക്കാൻ ഉള്ള മനുഷ്യന്റെ മോഹത്തിന്റെ ആദ്യത്തെ ബലിയായിരുന്നു ലൈക്ക. വലിയ നേട്ടങ്ങളും,വിജയങ്ങളും സ്വന്തം ആക്കാൻ വേണ്ടി നടത്തേണ്ടി വരുന്ന അനിവാര്യമായ ചില ഒത്തുതീർപ്പുകൾ എന്നു ന്യായീകരിക്കാമെങ്കിലും..
ഇനി.. ഒരൽപം സമയം നിങ്ങൾ ഒരു ആനയാണ് എന്ന് സങ്കൽപ്പിക്കൂ!! കരയിലെ ഏറ്റവും വലിയ ജീവി. പെരുത്ത ശരീരം, വിശറി ചെവി, കുഞ്ഞിക്കണ്ണ്, നേർത്ത വാല്, നീളൻ തുമ്പിക്കൈ. ചൂട് സഹിക്കാൻ കഴിയാത്തവൻ, ശബ്ദഘോഷങ്ങൾ ഇഷ്ടമില്ലാത്തവൻ. തീയിനെ വല്ലാതെ പേടിക്കുന്നവൻ. സഹ്യന്റെ മകൻ. ഈന്തൽ തളിരും, കാട്ടാർ കുളിരും ആയി സ്വന്തക്കാർക്കൊപ്പം കാട്ടിൽ മേയുന്നവൻ. അസാധാരണ സ്നേഹബന്ധങ്ങൾ ഉള്ള ആനക്കൂട്ടത്തിലെ അംഗം. കൂർത്ത ബുദ്ധിയും, ഓർമയും ഉള്ളവൻ.
നിങ്ങളെ ഒരു ലോറിയിൽ തീർത്ത മരക്കൂടിൽ ബന്ധിച്ചിരിക്കുകയാണ്. വലിയ ശരീരം ചെറുതായി പോലും ഒന്ന് അനക്കാൻ നിങ്ങൾക്ക് കഴിയില്ല. നാലു കാലിലും ചങ്ങല, ദേഹം ചുറ്റി വടം. വണ്ടി വേഗത്തിൽ പാഞ്ഞു പോകുന്നു (ഗജരാജ വടിവിൽ, മന്ദഗതിയിൽ നടക്കാൻ ഇഷ്ടപ്പെടുന്നവരാണ് നിങ്ങൾ). തിരക്കുള്ള നിരത്തുകൾ, ഗതാഗത കുരുക്കുകൾ, ഉച്ചത്തിലുള്ള അനവധി ശബ്ദങ്ങൾ (നേർത്ത ശബ്ദങ്ങൾ പോലും പിടിച്ചെടുക്കാൻ ശേഷിയുള്ള ആനചെവിക്കുള്ളിൽ ഓരോ ശബ്ദവും ഓരോ സ്ഫോടനം ആണ്).
40 ഡിഗ്രിയോട് അടുക്കുന്ന കൊടും ചൂട്. സൂര്യാഘാത ഭീഷണി മൂലം മനുഷ്യരുടെ ജോലി സമയം വരെ പുനക്രമീകരിച്ചിട്ടുണ്ട്. ചൂട് താങ്ങാൻ കഴിയാത്ത ,പൊടിയിലും, ജലത്തിലും സദാ നീരാടാൻ ഇഷ്ട്ടപ്പെടുന്ന നിങ്ങൾ മണിക്കൂറുകൾ ഒരു തുള്ളി വെള്ളം കൂടി കുടിക്കാൻ പറ്റാതെ, സ്വദേഹം ഇച്ഛക്കൊപ്പം ഒന്ന് അനക്കാൻ കൂടി പറ്റാതെ അതിവേഗം ചലിക്കുന്ന ഒരു വാഹനത്തിൽ തനിച്ച്, ഭയന്ന്, നിസ്സഹായരായി നിൽക്കുകയാണ്.
നിങ്ങളുടെ ഉള്ളിൽ ഒരു വലിയ കരച്ചിൽ ഉണ്ടാകുമോ? കണ്ണീരുണ്ടാകുമോ? കാട്ടിലെ സ്വൈര വിഹാരത്തിനിടെ അറിയാതെ വാരിക്കുഴിയിൽ പതിച്ച നിമിഷത്തെ നിങ്ങൾ ശപിക്കുമോ? ചട്ടം പഠിപ്പിക്കലിനിടെ കൂർത്ത വാരികോലും, തോട്ടിയും ഉണങ്ങാത്ത വ്രണങ്ങൾ സൃഷ്ട്ടിച്ച മഹാ പീഡയുടെ കറുത്ത ദിനങ്ങൾ നിങ്ങൾ ഓർക്കുമോ? മരണം എത്രയോ ഭേദം എന്ന ഭാഷയില്ലാത്ത വിചാരം നിങ്ങളിൽ എത്ര വട്ടം ഉണർന്ന് കേണിട്ടുണ്ടാകും??
ഇണക്കി, മെരുക്കിയ കൊമ്പൻ ആയി ഉത്സവപറമ്പിൽ മസ്തകം ഉയർത്തി നിൽക്കുമ്പോഴും വനസ്ഥലിയുടെ കുളിരാർന്ന ഓർമകൾ കാട്ടുതീ പോലെ നിങ്ങളിൽ കത്തില്ലേ?? ഗംഭീരമാർന്ന പേരും, പേരിനോട് ചേർന്ന് അനവധി വാഴ്ത്തുമൊഴികളും, ആരാധകരും, സ്തുതി പാഠകരും ഒക്കെ സദാ കൂടെ ഉണ്ടാകുമ്പോഴും... ഇടുങ്ങിയ വഴിയിൽ, കൊടും ചൂടിൽ, വാദ്യവും, വെടിയും ചേർന്ന് കാതിനുള്ളിൽ തീർക്കുന്ന പ്രകമ്പനം സഹിക്കാൻ പറ്റാതെ ആകുമ്പോൾ, നിസ്സഹായതയുടെ പാരമ്യത്തിൽ ക്രോധം കൂടുന്നത് തെറ്റെന്ന് തോന്നുമോ?
നല്ലതാണ് മനുഷ്യരെ, നല്ലതാണ്.... തരുവായും, മൃഗമായും ഇടയ്ക്ക് ഒക്കെ ഒന്ന് സങ്കൽപ്പിച്ചു നോക്കുന്നത് നല്ലതാണ്. ശ്വാന വേദനകളും, ആനവേദനകളും ഒക്കെ എന്ത് എന്ന് സങ്കൽപ്പത്തിൽ എങ്കിലും ഒന്ന് അറിയുന്നത് നല്ലതാണ്. അപ്പോൾ, അടുത്ത തവണ വിരൽ തുമ്പ് ഒന്ന് ചെറുതായി പൊള്ളുമ്പോൾ നിങ്ങൾ പരാതി പറയില്ല, ദേഹം ഒന്നു വേദനിക്കുമ്പോൾ വൈദ്യനെ തേടി ഓടില്ല. അലോസരം ഉണ്ടാക്കുന്ന ശബ്ദങ്ങളെ ചൊല്ലി അസഹ്യരാവുകയില്ല. ഇടയ്ക്ക് ഒന്ന് ഒറ്റയ്ക്ക് ആകുമ്പോൾ, മനസൊന്നു പൊള്ളുമ്പോൾ സ്വയം ശപിക്കില്ല, ആത്മഹത്യ ചെയ്യാൻ കയറും, വിഷവും തിരയില്ല. ആനയോളം പോന്ന വേദനകൾ താങ്ങി നടക്കുന്നവർ ഭൂമിയിൽ വേറെയുണ്ട്. നിശ്ശബ്ദർ, കലാപങ്ങൾക്ക് ഒരുങ്ങാൻ ഒട്ടുമേ അറിയാത്തവർ.