മനുഷ്യര്‍ മണ്ണിനടിയിലായ ഒരു നാട്; മേപ്പാടി പുത്തുമലയില്‍ ഞാനന്ന് കണ്ടത്

By Dr shinu syamalan  |  First Published Aug 23, 2019, 3:36 PM IST

ഉരുള്‍പൊട്ടലില്‍ സര്‍വ്വതും തകര്‍ന്നടിഞ്ഞ വയനാട് മേപ്പാടിയിലെ പുത്തുമലയില്‍ ദുരിതാശ്വാസപ്രവര്‍ത്തനത്തിനിടെ കണ്ട കാഴ്ചകള്‍, ഇപ്പോഴും ബാക്കിനില്‍ക്കുന്ന ഓര്‍മ്മകള്‍. ഡോ. ഷിനു ശ്യാമളന്‍ എഴുതുന്നു


മേപ്പാടി ആശുപത്രിയില്‍ മുന്‍പ് ജോലി ചെയ്തിരുന്ന മുഹമ്മദാലി ഇക്കയുടെ അനുഭവം മറ്റൊരാള്‍ പറഞ്ഞു. കേട്ടപ്പോള്‍ അതിലേറെ വേദന തോന്നി. അദ്ദേഹത്തിന്റെ കണ്‍മുന്നിലാണ്  മരുമകള്‍ മുങ്ങിത്താണത്. മുങ്ങിത്താഴുന്ന മരുമകളെ കൈകളില്‍ പിടികിട്ടിയെങ്കിലും രക്ഷിക്കാനായില്ല അദ്ദേഹത്തിന്. കരളലിയിപ്പിക്കുന്ന ഒരുപാട് അനുഭവങ്ങള്‍ പുത്തുമലയുടെ മണ്ണിന് പറയുവാനുണ്ട്.

Latest Videos

undefined

രാത്രിയാണ്. വണ്ടികള്‍ വളരെ കുറച്ചു മാത്രമേയുള്ളു. വയനാട് ചുരം കയറുമ്പോള്‍ അങ്ങിങ്ങായി ചില വളവുകളില്‍ മണ്ണ് ഇടിഞ്ഞു കിടക്കുന്നത് കാണാം. ഒരു വശത്തേയ്ക്ക് വലിച്ചിഴച്ചു മുറിച്ചു മാറ്റിയ മരച്ചിലകള്‍.

ഇതിന് മുന്‍പ് പല വട്ടം ചുരം കയറിയിട്ടുണ്ട്. അതിലേറെയും ചുരം കയറിയ യാത്രകള്‍. രണ്ട് വര്‍ഷം മേപ്പാടി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ ജോലി ചെയ്തിരുന്നു. അന്നവിടെയായിരുന്നു താമസം.  അടുപ്പമുള്ള ഒരു പാട് മനുഷ്യരുണ്ടായിരുന്നു അവിടെ. ആശുപത്രിയുമായി ബന്ധപ്പെടുന്നവര്‍. രോഗികളും ആശ്രിതരും. നാട്ടുകാര്‍. മറക്കാനാവാത്ത, പ്രിയപ്പെട്ട ഒരു നാടായിരുന്നു അത്. തേയിലത്തോട്ടങ്ങള്‍. കുന്നുകള്‍. തണുത്ത കാറ്റുള്ള രാപ്പകലുകള്‍. ആ നാടാണ് കഴിഞ്ഞ ദിവസങ്ങളില്‍ ടി വിയില്‍ കണ്ടതെന്ന് ഓര്‍ക്കാനേ കഴിയുന്നുണ്ടായിരുന്നില്ല. അതിമനോഹരമായ ആ നാട് തകര്‍ന്നടിഞ്ഞിരുന്നു. ഞാനറിയുന്ന, എന്നെ അറിയുന്ന മനുഷ്യര്‍ കണ്ടെത്തപ്പെടാന്‍ ആരെയെങ്കിലും കാത്ത് മണ്ണിനടിയിലായിരുന്നു. ഒരു പാടു പേര്‍ ക്യാമ്പുകളിലായിരുന്നു. ആ നാടിന് സാന്ത്വനവും പരിചരണവും വേണമായിരുന്നു. എങ്ങനെയെങ്കിലും അങ്ങോട്ട് പോവണമെന്ന ആഗ്രഹം വല്ലാതെ ഉള്ളില്‍ മുറുകിയപ്പോള്‍ അതിനുള്ള വഴി ആലോചിച്ചു. യാത്ര ബുദ്ധിമുട്ടാണ്, പെരുമഴ തുടരുകയാണ് എന്നായിരുന്നു കിട്ടിയ മറുപടികള്‍. ഒടുവില്‍ മഴയൊന്ന് കുറഞ്ഞപ്പോള്‍ എങ്ങനെയൊക്കെയോ ഇറങ്ങിപ്പുറപ്പെടുകയായിരുന്നു. 

അന്ന്, മുന്‍പൊന്നും ചുരം കയറുമ്പോളില്ലാത്ത ഒരു ഭയം ഞാനറിയാതെ തന്നെ എന്റെ കണ്ണുകളെയും കാതുകളെയും കൂര്‍പ്പിച്ചു വെച്ചു. മുന്നിലേയ്ക്കാഞ്ഞു കാറിലിരുന്നു. ഓരോ ഹെയര്‍പിന്‍ വളവ് കഴിയുമ്പോഴും അശുഭകരമായ ഒന്നും സംഭവിച്ചില്ലലോ എന്ന് ആശ്വസിച്ചു.

............................................................................................................

 

പോകുന്ന വഴിയില്‍ ഇരുവശവും മണ്ണിടിഞ്ഞു പുഴയിലേക്ക് ഒലിച്ചു പോയിട്ടുണ്ട്. ഭയം തോന്നി. ഒരു നിമിഷം ഭര്‍ത്താവിനെയും മകളെയും ഓര്‍ത്തു പോയി.

ചുരം കയറി കഴിയുമ്പോള്‍ 'Welcome to wayanad'  എന്ന ബോര്‍ഡ് കണ്ടതും എന്തെന്നില്ലാത്ത ഒരു സന്തോഷം മനസ്സില്‍ അനുഭവിച്ചു. ആദ്യമായി ആ ബോര്‍ഡിന്റെ ഒരു ചിത്രം എടുത്തു. ഇതുവരെ മനസ്സില്‍ പതിയാത്ത ചുരത്തിലെ പല വളവും, തിരിവും അതിസൂക്ഷ്മമായി മനസ്സില്‍ പതിഞ്ഞു കൊണ്ടേയിരുന്നു.

അവിടെ നിന്ന് വീണ്ടും യാത്ര ചെയ്യേണ്ടതുണ്ട്. മേപ്പാടി മലബാര്‍ ലോഡ്ജിലാണ് താമസം. രാത്രി പതിനൊന്ന് മണിയായിട്ടുണ്ടാകും അവിടെയെത്തി. മഴ ചാറുന്നുണ്ട്. മഴയെ ആഴത്തില്‍ സ്‌നേഹിച്ച മനസ്സ് എപ്പോഴോ എവിടെയോ വെച്ചു മഴയെ വെറുത്തു തുടങ്ങിയിരുന്നു.

മുറിയിലെത്തി മൂടിപ്പുതച്ചു കിടന്നപ്പോഴും ജനലഴികളിലൂടെ അവള്‍ ആരോടോ വാശി തീര്‍ക്കുന്നത് കേള്‍ക്കാം. അവള്‍ ആര്‍ത്തു പെയ്തുകൊണ്ടേയിരുന്നു. തണുപ്പുണ്ട്. ആറു മണിക്കൂര്‍ യാത്രയുടെ ക്ഷീണവും പേറി കിടന്നതും ഉറങ്ങി പോയിരുന്നു.

............................................................................................................

 

ഒരു മലയുടെ മുകളില്‍ നിന്ന് താഴെ വരെ ഇല്ലാതായിരിക്കുന്നു. ഒരു വശത്ത് ഒരു വീടിന്റെ മുറിഞ്ഞ പാതി മാത്രം കാണാം.

പിറ്റേന്ന് രാവിലെ മേപ്പാടിയില്‍ നിന്ന് പുത്തുമല ലക്ഷ്യമാക്കി സഞ്ചരിച്ചു. മേപ്പാടി പഴയ മേപ്പാടി തന്നെ. കടകളൊക്കെ തുറക്കുന്നുണ്ട്. ഇരുവശങ്ങളിലായി ആളുകള്‍ ഉണ്ട്. പുത്തുമലയിലേക്ക് അടുക്കും തോറും വഴികള്‍ ദുര്‍ഘടമായിക്കൊണ്ടേയിരുന്നു. അവിടെ നിന്ന് വലത്തേയ്ക്ക് തിരിഞ്ഞു യാത്ര തുടര്‍ന്നു. മീനാക്ഷി എന്ന സ്ഥലത്തു കുറച്ചു വണ്ടികള്‍ ഒതുക്കി നിര്‍ത്തിയിട്ടുണ്ട്. അവിടെ കാര്‍ ഒതുക്കി നിര്‍ത്തിയപ്പോള്‍ രാഘവേട്ടനെ കണ്ടു. അദ്ദേഹം ഒരു ജീപ്പിന് കൈകാണിച്ചു നിര്‍ത്തി.

ഡോക്ടറാണെന്ന് പറഞ്ഞപ്പോള്‍ അവരോടൊപ്പം കയറി ചെളിയും മണ്ണും നിറഞ്ഞ വഴിയിലൂടെ യാത്ര തുടര്‍ന്നു. വണ്ടിയില്‍ അപരിചിതരായ ഒരു ചെറുപ്പക്കാരനും, വൃദ്ധനുമുണ്ടായിരുന്നു. 'കാറില്‍ അങ്ങോട്ട് പോകണ്ട മോളെ.അത് നന്നായി വഴിയൊന്നുമില്ല അങ്ങോട്ട്.' -ആ വൃദ്ധന്‍ പറഞ്ഞു. വണ്ടിയിടയ്ക്കിടയ്ക്ക് നിര്‍ത്തുന്നുണ്ട്.

ചെളിയിലേയ്ക്ക് ഇറങ്ങി ഹിറ്റാച്ചികള്‍ നിലം ഉഴുതു തിരയുന്നുണ്ട്. മഞ്ഞയും ഓറഞ്ചും വസ്ത്രം ധരിച്ച രക്ഷാ പ്രവര്‍ത്തകരും, കുട ചൂടി വഴിയില്‍ നില്‍ക്കുന്ന കാക്കിധാരികളുമൊക്കെ തിടുക്കത്തിലായിരുന്നു. മരങ്ങള്‍ പിടിച്ചു പൊക്കി മാറ്റുന്ന ആളുകള്‍. ഇരു വശങ്ങളിലായി ഉരുള്‍പൊട്ടലില്‍ നാശമായ വഴികള്‍. ജീപ്പിലിരുന്ന് താടിയ്ക്ക് കൈകൊടുത്തു ആ കാഴ്ചകള്‍ കാണുമ്പോള്‍ അതിന് മുന്‍പ് ഞാന്‍ കണ്ട പുത്തുമലയിലെ വീടോ അമ്പലമോ, പള്ളിയോ ഒന്നുമവിടെ ഉണ്ടായിരുന്നില്ല. ഒരു മലയുടെ മുകളില്‍ നിന്ന് താഴെ വരെ ഇല്ലാതായിരിക്കുന്നു. ഒരു വശത്ത് ഒരു വീടിന്റെ മുറിഞ്ഞ പാതി മാത്രം കാണാം.

മഴ പെയ്യുന്നുണ്ട്. ഒരു തരം മരവിപ്പ് അനുഭവിച്ചു. അവിടെയുണ്ടായിരുന്ന മനുഷ്യര്‍ അനുഭവിച്ച വേദന ഓര്‍ത്തു. വണ്ടിയില്‍ നിന്ന് ഇറങ്ങി കുടയും ചൂടി ആ ദൃശ്യങ്ങള്‍ നോക്കി കാണുമ്പോള്‍ ഞാനും അവരില്‍ ഒരാളായി മാറിയിരുന്നു.

............................................................................................................

 

ബസ് സ്റ്റാന്‍ഡ് ഒരു ചെറിയ മെഡിക്കല്‍ ക്യാമ്പാക്കി മാറ്റിയിരിക്കുന്നു. ഒരു വശത്തു ചായയും പലഹാരവും കൊടുക്കുന്നു.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വയനാട് സബ് കളക്ടര്‍ ഉമേഷ് കേശവന്‍
 

ബസ് സ്റ്റാന്‍ഡ് ഒരു ചെറിയ മെഡിക്കല്‍ ക്യാമ്പാക്കി മാറ്റിയിരിക്കുന്നു. ഒരു വശത്തു ചായയും പലഹാരവും കൊടുക്കുന്നു. സുപരിചിതരായ കുറച്ചു പേരെ അവിടെ കണ്ടു. മുന്‍പ് മേപ്പാടിയില്‍ ജോലി ചെയ്തപ്പോള്‍ പരിചയപ്പെട്ടവര്‍.

അട്ട കടിച്ചു ചോര ഒഴുകി കുറച്ചു പേര്‍ വരുന്നു. മറ്റ് ചിലര്‍ കാലുകളിലും കൈകളിലും മുറിവ്, നെഞ്ചെരിച്ചില്‍ തുടങ്ങിയവക്ക് മരുന്ന് വാങ്ങുന്നു. എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ എല്ലാവരും കഴിക്കുന്നെന് ഉറപ്പ് വരുത്തുന്നു.

സാധാരണക്കാരനായ ഒരാളെപ്പോലെ ചിരിച്ചു കൊണ്ട് കുടയും ചൂടി ഒരാള്‍ വന്നു. ഡി പി എം ഡോ. അഭിലാഷ് അദ്ദേഹത്തെ പരിചയപ്പെടുത്തി തന്നു. സബ് കലക്ടര്‍ ഉമേഷ്.

............................................................................................................

 

ചെളിയിലേയ്ക്ക് ഇറങ്ങി ഹിറ്റാച്ചികള്‍ നിലം ഉഴുതു തിരയുന്നുണ്ട്. മഞ്ഞയും ഓറഞ്ചും വസ്ത്രം ധരിച്ച രക്ഷാ പ്രവര്‍ത്തകരും, കുട ചൂടി വഴിയില്‍ നില്‍ക്കുന്ന കാക്കിധാരികളുമൊക്കെ തിടുക്കത്തിലായിരുന്നു.

ഉപ്പ് മാവ്, കുപ്പി വെള്ളം, മരുന്നുകള്‍, സ്റ്റവ്, ഗ്യാസ്, ബിസ്‌ക്കറ്റ് പൊതികള്‍ ഇവയൊക്കെ ക്യാമ്പിലുണ്ട്. തൊട്ട് സൈഡിലായി ഹംസക്കയുടെ ചെറിയ കടയുണ്ട് . അദേഹത്തെയും കാണാതെപോയെന്ന് പറഞ്ഞു കേട്ടു.

ഗ്യാസ് കുറ്റി എവിടെ നിന്നാണ് കിട്ടിയതെന്ന് കുശലം ചോദിച്ചപ്പോള്‍ വീടുകളില്‍ നിന്ന് ഒഴുകി വന്നെന്ന് കൂടെയുള്ളവര്‍ പറഞ്ഞു. ആദ്യം വെറുതെ പറഞ്ഞതാണെന് കരുതി. പക്ഷെ അത് സത്യമായിരുന്നു. ഗ്യാസ് കുറ്റി, പാത്രങ്ങള്‍, അലമാരി, തുണികള്‍ ഇവയെല്ലാം അനാഥ പ്രേതങ്ങളെ പോലെ ഒഴുകി എവിടെയൊക്കെയോ എത്തിപ്പെട്ടിരിക്കുന്നു.

ഒരു അലമാരി ഒരു കുഴപ്പവുമില്ലാതെ കിട്ടിയെന്നും അത് തുറന്നപ്പോള്‍ അതില്‍ ഒരു ലക്ഷം രൂപയോളം കിട്ടിയെന്നും കേട്ടറിഞ്ഞു. മുന്‍പ് മേപ്പാടി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ ഞാന്‍ ജോലി ചെയ്തിട്ടുണ്ട്. അതുകൊണ്ട് ആ നാടും കുറെ പേരെയും നല്ല പരിചയം ഉണ്ട്. ആശ വര്‍ക്കറുടെ വീടും ഈ ഭാഗത്താണ്. വെള്ളം കയറിയപ്പോള്‍ അവരെല്ലാവരും ക്യാമ്പില്‍ മാറി. ഡ്യൂട്ടിക്ക് അവരും എന്റെയൊപ്പം ഉണ്ടായിരുന്നു.

ഒഴുക്കില്‍ നഷ്ടപ്പെട്ട പലരെയും അവര്‍ക്ക് അറിയാം. അവരില്‍ ഒരു അമ്മ തന്റെ മകളുടെ കോളേജ് ഫീസ് കൊണ്ടു കൊടുത്തിട്ട് അവരോട് പറഞ്ഞു 'ഇത് കയ്യില്‍ വെച്ചോളൂ, മോള് വരുമ്പോള്‍ കൊടുക്കണം. എന്റെ കൈയ്യിലിരുന്നാല്‍ ചിലപ്പോള്‍ കൊടുക്കാന്‍ പറ്റിയില്ലെങ്കിലോ'.

അവര്‍ മുന്‍പൊന്നും ഇത്തരം ഒരവസ്ഥയില്‍ ചെന്നുപെട്ടിരിക്കാനിടയില്ല.  ആ അമ്മ മരിച്ചു പോയി. മകള്‍ രക്ഷപെട്ടു. മനസ്സിനെ പിടിച്ചു കുലുക്കിയ അനുഭവങ്ങള്‍ പല രാത്രികളിലും ഉറക്കം കെടുത്തുന്നു.

............................................................................................................

 

രക്ഷാപ്രവര്‍ത്തകനായ ഒരു സാധാരണ മനുഷ്യന്‍ ചിരിച്ചു കൊണ്ട് കുടയും ചൂടി വന്നു.  സബ് കലക്ടര്‍ ഉമേഷ്.

വയനാട് സബ് കളക്ടര്‍ ഉമേഷ് കേശവനാപ്പം ഡോ. ഷിനു
 

മേപ്പാടി ആശുപത്രിയില്‍ മുന്‍പ് ജോലി ചെയ്തിരുന്ന മുഹമ്മദാലി ഇക്കയുടെ അനുഭവം മറ്റൊരാള്‍ പറഞ്ഞു. കേട്ടപ്പോള്‍ അതിലേറെ വേദന തോന്നി. അദ്ദേഹത്തിന്റെ കണ്‍മുന്നിലാണ്  മരുമകള്‍ മുങ്ങിത്താണത്. മുങ്ങിത്താഴുന്ന മരുമകളെ കൈകളില്‍ പിടികിട്ടിയെങ്കിലും രക്ഷിക്കാനായില്ല അദ്ദേഹത്തിന്. കരളലിയിപ്പിക്കുന്ന ഒരുപാട് അനുഭവങ്ങള്‍ പുത്തുമലയുടെ മണ്ണിന് പറയുവാനുണ്ട്.

പുത്തുമലയില്‍ നിന്ന് നാലഞ്ച് കിലോമീറ്റര്‍ അകലെ അട്ടമലയില്‍ ഒരു ആദിവാസി കുടുംബത്തിലെ ഇരുപത് പേരോളം ക്യാമ്പുകളില്‍ മാറുവാന്‍ തയ്യാറായിരുന്നില്ല. കാടുമായി അത്ര ഇണങ്ങി കഴിയുന്ന മനുഷ്യരാണവര്‍. അവിടെ ഒരു ഒന്നര വയസ്സുള്ള കുട്ടിക്ക് വയറിളക്കമുണ്ടെന്നും പോയി നോക്കണമെന്നും ഡി പി എം ഡോ. അഭിലാഷ് നിര്‍ദ്ദേശിച്ചു. അവിടെയ്ക്ക് തിരിച്ചു. ഷീബ സിസ്റ്ററും, ഫോറസ്റ്റ് ഓഫീസര്‍മാരും കൂടെയുണ്ട്.

പോകുന്ന വഴിയില്‍ ഇരുവശവും മണ്ണിടിഞ്ഞു പുഴയിലേക്ക് ഒലിച്ചു പോയിട്ടുണ്ട്. ഭയം തോന്നി. ഒരു നിമിഷം ഭര്‍ത്താവിനെയും മകളെയും ഓര്‍ത്തു പോയി. മണ്ണിടിയരുതെ, മഴ പെയ്യരുതെ എന്നു തീവ്രമായി ആഗ്രഹിച്ചു. പ്രാര്‍ത്ഥിച്ചു. 

അട്ടമലയുടെ മരുവശത്തു നിലമ്പൂരാണെന്ന് ഫോറസ്‌റ് ഓഫീസര്‍ പറഞ്ഞു. ഇന്നലെയും അവര്‍ പോയി കാണാതായ ആളുകളെ തെരഞ്ഞിരുന്നു എന്നു ഗാര്‍ഡ് പറഞ്ഞു. ദുരന്തത്തില്‍പ്പെട്ടവരെ ചേര്‍ത്തു പിടിക്കുന്ന ആ ഓഫിസറോട് ബഹുമാനം തോന്നി. വഴിയിലാകെ അങ്ങിങ്ങായി മണ്ണിടഞ്ഞ ഭാഗങ്ങള്‍ കാണാം. ഇതുപോലെ ഭീതിജനകമായ യാത്ര മുന്‍പ് ചെയ്തിട്ടില്ല.

............................................................................................................

 

അട്ടമലയിലെത്തി. ഓടിട്ട ഒരു വീട്. ചെറിയ മുറി. മൂലയിലായി എല്ലാവരും നിശ്ശബ്ദരായി ഇരിക്കുന്നു. ആറോ ഏഴോ കുട്ടികളുണ്ട്.

അട്ടമലയിലെത്തി. മഴ ചാറുന്നുണ്ട്. കാലുകള്‍ ഒന്ന് തെന്നി. സിസ്റ്റര്‍ കൈപിടിച്ചു കൂടെ നടന്നു. ഓടിട്ട ഒരു വീട്. ചെറിയ മുറി. മൂലയിലായി എല്ലാവരും നിശ്ശബ്ദരായി ഇരിക്കുന്നു. ആറോ ഏഴോ കുട്ടികളുണ്ട്. രണ്ടു പെണ്‍കുട്ടികള്‍ ചുവരില്‍ ചാരി നില്‍ക്കുന്നു. വയ്യാത്ത കുട്ടിയെ മാറോട് ചേര്‍ത്തു അമ്മയിരിക്കുന്നു.

പരിശോധിച്ചപ്പോള്‍ പനിയില്ല. മൂന്ന് വട്ടം വയറിളകിപ്പോയെന്ന് അറിഞ്ഞു. അവശ്യ മരുന്നുകള്‍ നല്‍കി അവ ഉപയോഗിക്കേണ്ട വിധവും പല വട്ടം ആവര്‍ത്തിച്ചു പറഞ്ഞു കൊടുത്ത ശേഷം ഞങ്ങള്‍ അവിടുന്ന് തിരിക്കുവാനായി വണ്ടിയില്‍ കയറി.

അപ്പോള്‍ രണ്ടു വണ്ടികള്‍ ആ വഴി വന്നു. സ്വകാര്യ വാഹനങ്ങള്‍ ഒന്നും ഈ സമയത്ത് അങ്ങോട്ടേക്ക് വരാറില്ല. ആകാംക്ഷാഭരിതരായി വണ്ടി നിര്‍ത്തി ഞങ്ങള്‍ ഇറങ്ങി. ആലപ്പുഴയില്‍ നിന്ന് വന്ന ഒരു പറ്റം ചെറുപ്പക്കാര്‍. അവരെയോര്‍ത്തു അഭിമാനം തോന്നി. ഉള്‍പ്രദേശങ്ങളില്‍ ആര്‍ക്കെങ്കിലും സഹായം ആവശ്യമുണ്ടാകും എന്ന് അറിഞ്ഞ് വന്നവര്‍.

മനസ്സും കണ്ണും നിറഞ്ഞു. രാവിലെ ഒന്‍പത് മണിക്ക് ക്യാമ്പില്‍ എത്തിയതാണ്. മൂത്രമൊഴിക്കാന്‍ പറ്റിയിട്ടില്ല. മണി ഒന്നായി. പോകുന്ന വഴി ഏതെങ്കിലും വീട്ടില്‍ നിര്‍ത്തി കാര്യം പറയാം എന്നു തീരുമാനിച്ചു. പോകുന്ന വഴിയില്‍ ഒരു വീട്ടിലെത്തി കാര്യം അറിയിച്ചപ്പോള്‍ അവര്‍ സന്തോഷത്തോടെ ഞങ്ങളെ സ്വീകരിച്ചു. കറന്റ്  പോയിട്ട് ഒരാഴ്ചയായെന്നും, ഏതുപോലെയൊരു അവസ്ഥ നാട്ടില്‍ കണ്ടിട്ടില്ലെന്നും ആ അമ്മയും അച്ഛനും പറഞ്ഞു. മൂത്രമൊഴിച്ച ആശ്വാസത്തോടെ സിസ്റ്ററും ഞാനും നന്ദി പറഞ്ഞപ്പോള്‍, നന്ദിയൊന്നും പറയേണ്ട, നിങ്ങളോട് ഈ നാടും നാട്ടുകാരും കടപ്പെട്ടിരിക്കുന്നു എന്ന് ആ അമ്മ. നെഞ്ചില്‍ തട്ടിയ വാക്കുകള്‍.

വീണ്ടും യാത്ര തിരിച്ചു ക്യാമ്പിലെത്തി. ചൂട് ചായ കിട്ടി. ഭക്ഷണത്തിന് ഒരു ക്ഷാമവും ഇല്ല. ഓരോ കൂട്ടായ്മകള്‍ അവിടെ സമയത്തു ഭക്ഷണം എത്തിച്ചു കൊണ്ടേയിരുന്നു.

............................................................................................................

അതാരാണെന്ന് മനസ്സിലായോ? കഴിഞ്ഞ വര്‍ഷം 2018 ലെ വെള്ളപ്പൊക്കത്തില്‍ ചെറുതോണി പാലത്തിലൂടെ ഒരു കുഞ്ഞിനെയും എടുത്തുകൊണ്ട് ഓടിയ കനയ്യ കുമാര്‍. അതാണ് അദ്ദേഹം'.

കനയ്യ കുമാര്‍

 

'മാഡം, അതാരാണെന്ന് മനസ്സിലായോ? കഴിഞ്ഞ വര്‍ഷം 2018 ലെ വെള്ളപ്പൊക്കത്തില്‍ ചെറുതോണി പാലത്തിലൂടെ ഒരു കുഞ്ഞിനെയും എടുത്തുകൊണ്ട് ഓടിയ കനയ്യ കുമാര്‍. അതാണ് അദ്ദേഹം'. ഓറഞ്ച് തൊപ്പിയും വെച്ചു ചായ കുടിക്കുന്ന രക്ഷാപ്രവര്‍ത്തകനെ ഒരാള്‍ കാണിച്ചുതന്നു. ഞാനദ്ദേഹത്തെ കണ്‍കുളിര്‍കെ കണ്ടു. ഒരിക്കലും കാണുമെന്ന് പ്രതീക്ഷിക്കാതിരുന്ന ഒരാള്‍. സ്‌നേഹത്തോടെ ഞങ്ങളോട് അദ്ദേഹം സംസാരിച്ചു. എല്ലാവരും ചേര്‍ന്ന് ഒരു ചിത്രവും എടുത്തു. മനസ്സിലും ക്യാമറയിലും ഒരുപോലെ അത് പതിഞ്ഞു.

മരുന്നുകളും മറ്റും വാങ്ങി. ഭക്ഷണം കഴിച്ചു. രക്ഷാപ്രവര്‍ത്തനം തുടര്‍ന്ന് കൊണ്ടേയിരുന്നു. ബസ് സ്റ്റാന്റിന്റെ പഴുതിലൂടെ ഹിറ്റാച്ചികള്‍ ഇപ്പോഴും നിലം ഉഴുതു മറിക്കുന്നുണ്ട്. പക്ഷെ വിഫലം. ഇന്ന് ആരെയും കണ്ടെത്തുവാനായില്ല.

തിരികെ ലോഡ്ജിലേയ്ക്ക് മടങ്ങി. ചൂട് വെള്ളത്തില്‍ കുളിച്ചു. ഒന്ന് ഉറങ്ങണമെന്ന് തോന്നിയ രാത്രി. ലൈവ് വരുമോയെന്ന് ഒരു വാര്‍ത്താ ചാനലില്‍നിന്ന് അന്വേഷിച്ചു. ഇവിടെ നടക്കുന്ന കാര്യം അനുഭവങ്ങള്‍ ലോകം അറിയണമെന്ന് തോന്നി. ലൈവില്‍ ഇരുന്നു. അതിനുശേഷം വന്ന് കിടന്നതും ഉറങ്ങിയതുമേ ഓര്‍മ്മയുള്ളൂ.

നേരം പുലര്‍ന്നു. അലാറം മുഴങ്ങിയപ്പോള്‍ തയ്യാറായി പഞ്ചായത്തു മെമ്പറെ കണ്ടു. അവിടെയുള്ള എല്ലാം നഷ്ടപ്പെട്ടവര്‍ക്കും രോഗികള്‍ക്കും കിഡ്‌നി ഡയാലിസിസ് ചെയ്യുന്നവര്‍ക്കുമെല്ലാം എന്തെങ്കിലും ചെയേണ്ടതുണ്ട്. ഒരു പത്തുപേരെയെങ്കിലും സഹായിക്കാനാവണം.  കഴിയുന്നപോലെ ഒരു തുകയുടെ ചെക്ക് എഴുതി അവര്‍ക്ക് കൊടുത്തു. അവരില്‍ ഒരു ഉമ്മ ചേര്‍ത്തു പിടിച്ചപ്പോള്‍ അറിയാതെന്റെ കണ്ണുകളും നിറഞ്ഞു. 'എന്റെ മോളെ, എനിക്ക് എല്ലാം നഷ്ടടപ്പെട്ടു.എനിക്കിനി ഒന്നുമില്ല. ഞാനിനി എന്ത് ചെയ്യും. നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ മരണം വരെ പ്രാര്‍ത്ഥിക്കും'- അവര്‍ പറഞ്ഞു കരഞ്ഞു. 'എല്ലാം ശരിയാകും ഉമ്മ. കരയാതെ. ഞങ്ങളൊക്കെ ഇവിടെയുണ്ട്'-മറ്റൊന്നും പറയാനുണ്ടായിരുന്നില്ല. 

............................................................................................................

ഒരു ഉമ്മ ചേര്‍ത്തു പിടിച്ചപ്പോള്‍ അറിയാതെന്റെ കണ്ണുകളും നിറഞ്ഞു. 'എന്റെ മോളെ, എനിക്ക് എല്ലാം നഷ്ടടപ്പെട്ടു.എനിക്കിനി ഒന്നുമില്ല. ഞാനിനി എന്ത് ചെയ്യും

ചേര്‍ത്തു പിടിച്ചു ആശ്വസിപ്പിക്കുവാന്‍ ഇവിടെ ഒരുപാട് പേരുണ്ട്. നമ്മളുമുണ്ടാകണം. ശേഷം അവിടെ നിന്ന് സബ് കലക്ടറുടെ നിര്‍ദ്ദേശം പ്രകാരം പുത്തുമലയിലേക്ക് തിരിച്ചു. കുറച്ചു വണ്ടികളുണ്ട്. ഞങ്ങളുടെ പഴയ ഡി പി എം ബിജോയ് സാറും, ജില്ലാ പഞ്ചായത്തു പ്രസിഡന്റും, മന്ത്രി ശൈലജ ടീച്ചറുമൊക്കെ ഉണ്ട്.  തൃശ്ശൂരില്‍ നിന്ന് വന്നതാണെന്ന് പറഞ്ഞപ്പോള്‍ മന്ത്രിക്ക് വളരെ സന്തോഷമായി. വീണ്ടും ക്യാമ്പും രക്ഷാപ്രവര്‍ത്തനവും മെഡിക്കല്‍ ക്യാമ്പും. എല്ലാമിപ്പോള്‍ സുസജ്ജമായി നടക്കുന്നുണ്ട്.

മകളവിടെ തൃശ്ശൂരില്‍ എന്നെ അന്വേഷിക്കുന്നുണ്ടാവുമോ എന്ന ചിന്ത ഇടയ്ക്ക് മനസ്സില്‍ തട്ടി. രാത്രിയില്‍ എന്നെ കാണാതെ അവള്‍ ഉറങ്ങിയിട്ടുണ്ടാകുമോ? അറിയില്ല. ഞാന്‍ വിളിച്ചില്ല. വിളിച്ചാല്‍ അവള്‍ എന്നെ കാണണമെന്ന് പറഞ്ഞു വാശി പിടിച്ചാലോ. എന്നെക്കാളും കരുത്തുള്ളവളാണ് അവളെന്ന് തോന്നി.

നല്ലവരായ ഒരുപാട് മനുഷ്യരെ അവിടെ പരിചയപ്പെട്ടു. ഒരാഴ്ചയായി അവിടെ തന്നെ നാടും വീടും വിട്ട് വന്ന മനുഷ്യര്‍. ഡാമി, സിബി, തഹസില്‍ദാര്‍, പഞ്ചായത്ത് പ്രസിഡന്റ്, നല്ലവരായ ഒരുപാട് നാട്ടുകാര്‍. 

ഉരുള്‍ പൊട്ടല്‍ ഭീഷണിയെ തുടര്‍ന്ന് പഞ്ചായത്തു മെമ്പര്‍ പുത്തുമലയിലെ ആളുകളെ ക്യാമ്പുകളിലേക്ക് ഒഴിപ്പിച്ചെങ്കിലും ചിലര്‍ തിരികെ ചെന്നു. വളര്‍ത്തുമൃഗങ്ങള്‍ക്ക് തീറ്റ കൊടുക്കുവാനും, സാധനങ്ങള്‍ എടുക്കുവാനും ചെന്ന അവരില്‍ ചിലരെയാണ് നാടിന് നഷ്ടപ്പെട്ടത്. ഇതൊരു പാഠമാണ്. ഒരിക്കലും അധികാരികളുടെ വാക്കുകള്‍ മറന്ന് നാം തിരികെ വീടുകളിലേക്ക് പോകരുത്. ആര്‍ക്കും മരണത്തെ തടുക്കുവാന്‍ സാധിക്കില്ല. പക്ഷെ നമുക്ക് ഒഴിവാക്കുവാന്‍ പറ്റുന്നതിനെ നാം ഒഴിവാക്കുക.

മടങ്ങി പോകണമെന്ന് ഒരാഗ്രഹവും ഇല്ലായിരുന്നു. ക്ലാസുകള്‍ മുടങ്ങി, മകള്‍ നാട്ടില്‍ ഒറ്റയ്ക്കാണ്. ഇവയൊക്കെ ഓര്‍ത്ത് നാലാം ദിവസം തിരികെ മടങ്ങേണ്ടി വന്നു. അന്നേരം ഉള്ളില്‍ ആ മനുഷ്യര്‍ മാത്രമായിരുന്നു. തകര്‍ന്നടിഞ്ഞ ആ നാടിനെ കരകയറ്റണേ എന്ന പ്രാര്‍ത്ഥന മാത്രമായിരുന്നു. 

click me!