ഹിറ്റ്‌ലര്‍ ആവുന്നത് ശ്രമിച്ചിട്ടും തകരാത്തൊരു കോട്ട!

By Nidheesh Nandanam  |  First Published Jan 12, 2021, 6:50 PM IST

ലണ്ടന്‍ വാക്ക്. നിധീഷ് നന്ദനം എഴുതുന്ന കോളം. നരകത്തീമുനമ്പിലേക്ക് ഒരു യാത്ര. 


ഡന്‍കിര്‍ക്കിലെ ബ്രിട്ടീഷ് ഒഴിപ്പിക്കലിന് പിന്നാലെ നാസിപ്പട ഫ്രാന്‍സ് കീഴടക്കി.  'ഓപ്പറേഷന്‍ സീ ലയണ്‍' എന്ന പേരില്‍ ഹിറ്റ്‌ലര്‍ ബ്രിട്ടനെ കീഴടക്കാനുള്ള പദ്ധതിയും തയ്യാറാക്കി.  അതിന്റെ ആദ്യപടിയായി സമുദ്രാനന്തര പീരങ്കികള്‍ ഫ്രാന്‍സിലെ കലായിസില്‍ സ്ഥാപിച്ചു. ഫലമോ അവിടെനിന്നും നിരന്തരം ഷെല്ലുകള്‍ ഡോവറിനെ തേടിയെത്തി. തന്ത്രപ്രധാനമായ ഡോവറിനെ നശിപ്പിക്കുക തന്നെയായിരുന്നു ലക്ഷ്യം. ബ്രിട്ടനും വിട്ടുകൊടുത്തില്ല. 'വിന്നീ' എന്ന് പേരിട്ട ദീര്‍ഘദൂര കോസ്റ്റല്‍ ഗണ്ണിലൂടെ അവരും തിരിച്ചടിച്ചു. രാജ്യങ്ങള്‍ക്കിടയിലെ ദൂരം ലക്ഷ്യസ്ഥാനങ്ങളെ ആക്രമിക്കുന്നതിന് വിഘാതമായതിനാല്‍ സ്ഥിര നിര്‍മ്മിതികളെയാണ് ഷെല്ലുകള്‍ പലപ്പോഴും ലക്ഷ്യം വച്ചത്.

 

Latest Videos

undefined

 

ഇന്നലെകളുടെ ചരിത്രം തേടിയുള്ള ഇന്നത്തെ യാത്ര ഡോവറിലേക്കാണ്. ഇംഗ്ലണ്ടിന്റെ തെക്കു കിഴക്കേയറ്റത്ത് കെന്റ് കൗണ്ടിയിലെ ഒരു ചെറു പട്ടണം. ഇംഗ്ലണ്ടിന്റെ പ്രതിരോധ ഭൂപടത്തിലെ ഏറ്റവും പ്രാധാന്യമേറിയ സ്ഥലം. ഇംഗ്ലണ്ടിലേക്കുള്ള താക്കോലെന്നാണ് പണ്ട് മുതലേ ഡോവറിനെ വിശേഷിപ്പിച്ചു പോരുന്നത്. കാരണം, ഇംഗ്‌ളീഷ് ചാനലിന്റെ ഏറ്റവും വീതി കുറഞ്ഞ ഭാഗമായ ഡോവര്‍ ഇടനാഴിക്കിരുപുറം യൂറോപ്യന്‍ മെയിന്‍ലാന്‍ഡിന്റെ ഭാഗമായ ഫ്രാന്‍സും ബ്രിട്ടനും തമ്മിലുള്ള അകലം വെറും 19 മൈല്‍ മാത്രമാണ്. 

ബ്രിട്ടനെ യൂറോപ്പുമായി ബന്ധിപ്പിക്കുന്ന ലണ്ടന്‍ - പാരീസ് പ്രധാന പാതയില്‍ സാമാന്യം തിരക്കുണ്ട്. ഫോകസ്‌റ്റെണില്‍ നിന്ന് ചാനല്‍ ടണല്‍ വഴി ട്രെയിനിലാണ് ഫ്രാന്‍സിലെ കാലായിസിലേക്കുള്ള വഴി. അതും ഡോവര്‍ കടലിടുക്കിന്റെ അടിയില്‍ കൂടി. ഫോക്‌സ്റ്റെണില്‍ നിന്ന് ഡോവറിലേക്ക് തിരിഞ്ഞാല്‍ പിന്നെ പാതയില്‍ തിരക്കില്ല. ഭൂപ്രകൃതി മധ്യ ദേശത്തിനു നിന്നും കടല്‍ത്തീരത്തോടടുക്കുന്നതിന്റെ ലക്ഷണം കാട്ടിത്തുടങ്ങി. ചെറിയ ചെറിയ കുന്നിറക്കങ്ങളും മലഞ്ചെരിവുകളും താണ്ടി അവയ്ക്കിടയിലൂടെയുള്ള വഴി പതിയെ പതിയെ ചെറുതായി വന്നു. 

പിന്നെയൊരു കുന്നിറക്കത്തില്‍ അകലെ കടല്‍ കാണാനായി. യൂറോപ്പിലെ മറ്റിടങ്ങളിലെ പോലെ തന്നെ ചരിത്രങ്ങളുടെ  എല്ലാം പ്രധാന കേന്ദ്രം അവിടുത്തെ കോട്ടകളാണ്. എഴുതിയതും എഴുതപ്പെടാതെ പോയതുമായ അനവധി നിരവധി ചരിത്ര സംഭവങ്ങള്‍ ചേര്‍ത്തടുക്കി നിര്‍മിച്ചവയാണോ ഓരോ കോട്ടകളും എന്ന് തോന്നിപ്പോകും.

22 പൗണ്ട് കൊടുത്ത് ഡോവര്‍ കാസിലില്‍ കയറാം.  'ഇംഗ്ലണ്ടിന്റെ കഥകളിലേക്കുള്ള കാല്‍വെയ്പ്പ് (Step in to the England's Story)' എന്നാണ് ഇംഗ്‌ളീഷ് ഹെറിറ്റേജിന്റെ ടാഗ്ലൈന്‍. അതൊരിക്കലും നിങ്ങളെ നിരാശപ്പെടുത്തില്ല.

ഇംഗ്ലണ്ടിലെ ആയിരത്തഞ്ഞൂറിലധികം വരുന്ന കോട്ടകളില്‍ ഏറ്റവും വലുതിലാണ് ചെന്നെത്തിയിരിക്കുന്നത്. ഡോവര്‍ തുറമുഖത്തിന്റെ നേരെ മുകളിലായി അതി ബൃഹത്തായൊരു കോട്ട സമുച്ചയം. താഴെ നിന്ന് നോക്കിയാല്‍ കോട്ടയുടെ പ്രധാനഭാഗത്തിന്റെ (Keep) തലപ്പൊക്കമേ കാണാനാകൂ. മുകളിലോരോ  തട്ട് കയറി ചെല്ലുമ്പോഴും അടുത്ത അടുക്കുകളിലേക്ക് ചെന്നെത്തും. പിന്നെയും ഒന്ന് വട്ടം കറങ്ങി കയറിയെത്തുമ്പോള്‍  അടുത്ത ഭാഗം. ചിലയിടങ്ങളില്‍ തുരങ്കങ്ങള്‍ ആരംഭിക്കുന്നു. ചിലയിടങ്ങളിലത് അവസാനിക്കുന്നു. ചെന്നുകയറുന്ന ഒരാള്‍ക്കും ഒരെത്തും പിടിയും കിട്ടാത്ത നിര്‍മിതി. ഓരോ അടരുകളിലും (Layers ) കയറിച്ചെന്നാല്‍ മാത്രമേ അവിടത്തെപ്പറ്റി എന്തെങ്കിലും ധാരണകള്‍ രൂപപ്പെടുത്താനാകൂ.

 

 

പതിറ്റാണ്ടുകളുടെ ചോരക്കഥകള്‍ 

ഡോവര്‍ കാസിലിന്റെ ഉത്ഭവത്തിലേക്കൊന്നു ചികഞ്ഞു നോക്കണമെങ്കില്‍ നമ്മള്‍ AD-43ലെ റോമന്‍ ആക്രമണം വരെ പോകണം. ഇംഗ്ലണ്ടിനെ ആക്രമിച്ച റോമക്കാരാണ് ആദ്യം ഡോവറില്‍ താവളമുറപ്പിച്ചത്. അവര്‍ രണ്ടാം നൂറ്റാണ്ടില്‍ പണി തീര്‍ത്ത അഞ്ചു നിലകളും എട്ടു വശങ്ങളുമുള്ള ഇവിടുത്തെ ലൈറ്റ്ഹൗസ് ലോകത്തു ഇന്ന് അവശേഷിക്കുന്ന റോമാസാമ്രാജ്യത്തിന്റെ ചരിത്രശേഷിപ്പുകളില്‍ ഒന്നാണ്.  അതായത് നീണ്ട പതിനെട്ടു നൂറ്റാണ്ടുകള്‍ അതിജീവിച്ച ചരിത്ര സ്മാരകം..

ആംഗ്ലോ-സാക്സണ്‍ കാലഘട്ടത്തിലെ സിങ്ക് (Cinque - നോര്‍മന്‍ ഫ്രഞ്ച് ഭാഷയില്‍ അഞ്ച് എന്നര്‍ത്ഥം) പോര്‍ട്ടുകളില്‍ ഒന്നായ ഡോവര്‍ 1066ലെ ഹേസ്റ്റിംഗ്സ് യുദ്ധശേഷം വില്യം ദി കോണ്‍ക്വറര്‍ പിടിച്ചടക്കി. സിങ്ക് പോര്‍ട്ടുകള്‍ എന്ന് വിശേഷിപ്പിച്ചിരുന്ന അഞ്ച് തുറമുഖങ്ങളായ ഡോവര്‍, ഹേസ്റ്റിംഗ്സ്, സാന്‍വിച്ച്, ഹൈത്, റോംനി എന്നിവിടങ്ങളില്‍ നിന്നും ഇംഗ്ലണ്ടില്‍ അധികാരം സ്ഥാപിക്കാന്‍ ജേതാവായ വില്യം (William The  Conqueror) ലണ്ടനിലെ പ്രശസ്തമായ വെസ്റ്റ് മിനിസ്റ്റര്‍ അബെയിലേക്ക് മാര്‍ച്ച് ചെയ്തു..

പിന്നീട് നവീന കാലഘട്ടത്തിന്റെ തുടക്കങ്ങളില്‍ പതിനൊന്നാം നൂറ്റാണ്ടില്‍ ഹെന്ററി രണ്ടാമനാണ് ഡോവര്‍ കാസിലിനെ ഒരു കോട്ടയായി രൂപാന്തരപ്പെടുത്തിയത്. അതിനുശേഷം 1216 ല്‍ ഫ്രാന്‍സിലെ ലൂയി എട്ടാമനുമായുള്ള ഒന്നാം ബാരെന്‍സ്  യുദ്ധത്തില്‍ ഈ കോട്ട പ്രധാന പങ്കു വഹിച്ചു.

പതിനാറാം നൂറ്റാണ്ടില്‍ നടന്ന ആംഗ്ലോ ഫ്രഞ്ച് സമുദ്രാന്തര സര്‍വേയില്‍ ഗ്രീനിച്ചിലെ റോയല്‍ മാരിടൈം നിരീക്ഷണാലയത്തിനും പാരീസ് നിരീക്ഷണാലയത്തിനുമിടയില്‍ ത്രികോണമിതി കണക്കിലെ പ്രധാന പോയിന്റ് ആയാണ് ഇവിടം കണക്കാക്കിയിരുന്നത്. കോട്ടയില്‍ നിന്നുള്ള വീക്ഷണ കോണും ഉയരവും കണക്കാക്കി ഇരുപുറമുള്ള മറ്റനേകം സ്ഥലങ്ങളുടെ ദൂരവും സ്ഥാനവും കണക്കുകൂട്ടി. അതിനു ശേഷം ആയിരത്തി എണ്ണൂറുകളിലെ നെപ്പോളിയന്‍ കാലഘട്ടത്തില്‍ കോട്ടയില്‍ വലിയ രീതിയിലുള്ള കൂട്ടിച്ചേര്‍ക്കലുകളും നിര്‍മിതികളും ഉണ്ടായി. ലോകത്തിന്റെ മറ്റുഭാഗങ്ങള്‍  കീഴടക്കി വന്ന നെപ്പോളിയനെ  യൂറോപ്പില്‍ നിന്നും ഇംഗ്‌ളണ്ടിലേക്ക് കടക്കുന്നത് തടയുകയായിരുന്നു ലക്ഷ്യം. ശേഷം രണ്ടാം ലോക മഹായുദ്ധ കാലത്ത് ആകാശത്തു കൂടിയുള്ള ആക്രമണങ്ങളില്‍ നിന്നും രക്ഷ നേടാന്‍ കോട്ടക്കകത്തു നിര്‍മിച്ച ബങ്കറുകള്‍ പലപ്പോഴും ലോകമഹായുദ്ധത്തില്‍ ബ്രിട്ടന്റെ യുദ്ധമുറിയായി മാറി.  ഇംഗ്ലീഷ് അക്ഷരമാലയിലെ ആദ്യത്തെ അഞ്ച് അക്ഷരങ്ങളാല്‍ സൂചിപ്പിക്കപ്പെട്ട ഭൂഗര്‍ഭ അറകള്‍ (A-Annexe, B-Bastion, C-Casemate, D-Dumpy, E-Esplanade) പിന്നീട് യുദ്ധത്തില്‍ സേനാ കമാന്‍ഡിങ്  സെന്ററായും ആശുപത്രിയായുമൊക്കെ ഉപയോഗിക്കപ്പെട്ടു.

 

 

കോട്ടയ്ക്കുള്ളില്‍ 

 

ഇന്നും പൊതു ജനങ്ങള്‍ക്കായി തുറന്നു കൊടുത്തിരിക്കുന്ന അനക്‌സും കേസ്‌മേറ്റും കാണാന്‍ സാമാന്യം നല്ല തിരക്കുണ്ട്. ബാസ്ടിനിലേക്കുള്ള വഴി നശിച്ചു പോയിരിക്കുന്നു.  ആണവായുധ പ്രയോഗമുണ്ടായാല്‍ രക്ഷപ്പെടാനെന്ന മട്ടില്‍ സജ്ജീകരിച്ച ഡമ്പിയില്‍ ഇപ്പോള്‍ പ്രവേശനമില്ല. അത് പോലെ തന്നെയാണ് എസ്പ്ലനേഡും. രണ്ടാം ലോകമഹായുദ്ധത്തിലെ വ്യോമാക്രമണ കാലത്താണ് ഇവിടം അവസാനമായി ഉപയോഗിച്ചത്.

ചരിത്രം കണ്ടും കേട്ടും  കണ്‍മിഴിച്ചും  കോട്ടയുടെ നടന്നു.  ഓരോ എടുപ്പുകള്‍ കണ്ടും അതിശയിച്ചു. റോമന്‍ ചരിത്ര ശേഷിപ്പായ ലൈറ്റ് ഹൗസിന് അരികെ തന്നെയാണ് സെന്റ് മേരിയുടെ ആംഗ്ലോ-സാക്‌സണ്‍ ചര്‍ച്ച്. മധ്യ കാലഘട്ടത്തില്‍ പണിത ഇവിടം പിന്നീട് നാശോന്മുഖമാവുകയും വിക്ടോറിയന്‍ കാലഘട്ടത്തില്‍ പുനരുദ്ധരിക്കുകയും ചെയ്തതു.

ഡോവറിലെ ഗ്രേറ്റ് ടവര്‍  വില്ല്യം രണ്ടാമന്റെ കൊട്ടാര ജീവിതത്തിന്റെ കഥ പറയും. കൊട്ടാരത്തിനകത്തെ പ്രാര്‍ത്ഥനാ മുറിയും പാറാവു കാവലും മണിയറയുമൊക്കെ നമുക്കിന്നു നടന്നു കാണാം.. അടുത്ത നിലയില്‍ രാജസദസും അലങ്കാരങ്ങളും. ഏറ്റവും മുകളില്‍ നിന്ന് നാലുപാടുമുള്ള വിദൂര ദൃശ്യം. തെളിഞ്ഞ ദിനങ്ങളില്‍ ഇവിടെ നിന്ന് ഫ്രാന്‍സ് കാണാനാകും.

ഗ്രേറ്റ് ടവറിന് ചുറ്റുമുള്ള കെട്ടിടങ്ങളിലാണ് വെയില്‍സ് രാജകുമാരന്റെ റോയല്‍ റെജിമെന്റ് മ്യൂസിയവും ബ്രിട്ടീഷ് രാജ്ഞ്ഞിയുടെ ക്വീന്‍സ് റെജിമെന്റ് മ്യൂസിയവും. ബ്രിട്ടനിലെ സേന വിഭാഗങ്ങളെ കുറിച്ചും അവയിലെ പദവികളെയും ചിട്ടവട്ടങ്ങളെ കുറിച്ചും സാമാന്യം മികച്ചൊരു ധാരണ നല്‍കാന്‍ പ്രാപ്തിയുള്ളതാണ് ഈ രണ്ടു മ്യൂസിയങ്ങളും. നേട്ടങ്ങളും സേനാ പതക്കങ്ങളും ഒക്കെ ഇവിടെ ഭംഗിയായി പ്രദര്‍ശിപ്പിച്ചിരിക്കുന്നു. മ്യൂസിയത്തില്‍ നിന്നിറങ്ങി ടണല്‍ വഴി കോട്ടയുടെ മറ്റൊരിടത്തിറങ്ങി.

 

 

ഓപ്പറേഷന്‍ ഡൈനാമോ

തിരക്ക് കാരണം രാവിലെ മാറ്റിവച്ച ഏറ്റവും പ്രധാനപ്പെട്ടൊരിടമുണ്ട്.  ഭൂഗര്‍ഭ അറയിലെ ഓപ്പറേഷന്‍ ഡൈനാമോയെ കുറിച്ചുള്ള വിവരണം. വരിയില്‍ കാത്തുകാത്തു നിന്ന് ഏറ്റവും ഒടുവിലത്തെ ഷോയില്‍ കയറിപ്പറ്റി. യുദ്ധമുറികളൊന്നില്‍ നിന്ന് ആദ്യം കേട്ട റേഡിയോ സന്ദേശത്തില്‍ പ്രധാനമന്ത്രിയായ വിന്‍സ്റ്റന്‍ ചര്‍ച്ചില്‍ ഇങ്ങനെ പറയുന്നു. 'നമ്മള്‍ അസാധാരണമായൊരു സൈനിക ദുരന്തത്തില്‍ അകപ്പെട്ടിരിക്കുന്നു..'. 

ഓപ്പറേഷന്‍ ഡൈനാമോ എന്ന സൈനിക നീക്കം അവിടെ തുടങ്ങുന്നു.. വിശദീകരണത്തോടൊപ്പം ഭൂഗര്‍ഭ അറയിലൂടെ നമ്മള്‍ സഞ്ചരിക്കുന്നത് ലോകം കണ്ട ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനത്തിലൊന്നിന്റെ ഒറിജിനല്‍ വീഡിയോ ക്ലിപ്പിനൊപ്പമാണ്. ആക്രമണങ്ങളുടെ വേലിയേറ്റങ്ങള്‍ക്കൊടുവില്‍ രക്ഷപ്പെട്ടുവന്ന ബ്രിട്ടീഷ് സൈനികര്‍ ഡോവര്‍ ക്ലിഫിന്റെ പടികള്‍ കയറുന്നതോടു കൂടി 'ഓപ്പറേഷന്‍ ഡൈനാമോ' അവസാനിക്കുന്നു.  ഇതിനിടയില്‍ കാഴ്ചക്കാര്‍ കടന്നു പോവുന്നത് അന്ന് കാര്യങ്ങള്‍ നിയന്ത്രിച്ച സൈന്യത്തിന്റെ യുദ്ധമുറിയിലൂടെയും ടെലഫോണ്‍ എക്‌സ്‌ചേഞ്ചിലൂടെയും കണ്‍ട്രോള്‍ റൂമിലൂടെയും ഒക്കെയാണ്. ഒടുവില്‍ ഡോവറിലെ വൈറ്റ് ക്ലിഫില്‍ അവസാനിക്കുന്ന തുരങ്കത്തിലൂടെ പുറത്തെത്തുമ്പോള്‍ 'അതിജീവനമാണ് വിജയം' എന്ന് ആരും പറഞ്ഞുപോകും..

'ഓപ്പറേഷന്‍ ഡൈനാമോ' ഡോവറിനെ സംബന്ധിച്ച് ഒരു വലിയ തുടക്കമായിരുന്നു. ഡന്‍കിര്‍ക്കിലെ ബ്രിട്ടീഷ് ഒഴിപ്പിക്കലിന് പിന്നാലെ നാസിപ്പട ഫ്രാന്‍സ് കീഴടക്കി.  'ഓപ്പറേഷന്‍ സീ ലയണ്‍' എന്ന പേരില്‍ ഹിറ്റ്‌ലര്‍ ബ്രിട്ടനെ കീഴടക്കാനുള്ള പദ്ധതിയും തയ്യാറാക്കി.  അതിന്റെ ആദ്യപടിയായി സമുദ്രാനന്തര പീരങ്കികള്‍ ഫ്രാന്‍സിലെ കലായിസില്‍ സ്ഥാപിച്ചു. ഫലമോ അവിടെനിന്നും നിരന്തരം ഷെല്ലുകള്‍ ഡോവറിനെ തേടിയെത്തി. തന്ത്രപ്രധാനമായ ഡോവറിനെ നശിപ്പിക്കുക തന്നെയായിരുന്നു ലക്ഷ്യം. ബ്രിട്ടനും വിട്ടുകൊടുത്തില്ല. 'വിന്നീ' എന്ന് പേരിട്ട ദീര്‍ഘദൂര കോസ്റ്റല്‍ ഗണ്ണിലൂടെ അവരും തിരിച്ചടിച്ചു. രാജ്യങ്ങള്‍ക്കിടയിലെ ദൂരം ലക്ഷ്യസ്ഥാനങ്ങളെ ആക്രമിക്കുന്നതിന് വിഘാതമായതിനാല്‍ സ്ഥിര നിര്‍മ്മിതികളെയാണ് ഷെല്ലുകള്‍ പലപ്പോഴും ലക്ഷ്യം വച്ചത്.

 മാത്രമല്ല ഡോവര്‍ കടലിടുക്കില്‍ കൂടിയുള്ള ബ്രിട്ടന്റെ ചരക്കു നീക്കത്തെയും ഈ ഷെല്ലാക്രമണം താറുമാറാക്കി. നിരവധി ചരക്കുകപ്പലുകള്‍ മുങ്ങുകയും അനവധിപ്പേര്‍ക്ക് ജീവഹാനി ഉണ്ടാവുകയും ചെയ്തു. വിന്നിക്ക് പുറമെ 'ദ ഫൂ' എന്ന് പേരുള്ള രണ്ടാമതൊരു ഗണ്‍ കൂടി സ്ഥാപിച്ചു ബ്രിട്ടന്‍ പോരാട്ടം കടുപ്പിച്ചെങ്കിലും ദിവസവും മൂന്നോ നാലോ ഷെല്ലുകളെന്ന കണക്കെ നാലുവര്‍ഷം കൊണ്ട് പതിനായിരത്തിലേറെ ഷെല്ലുകളാണ് ഡോവറിനെ തേടിയെത്തിയത്.  ഈ ആക്രമണത്തില്‍ നാശോന്മുഖമായ ഡോവര്‍ പട്ടണം Hell Fire Corner - നരകത്തീമുനമ്പ് എന്നറിയപ്പെട്ടു. ഒടുവില്‍, 1944 സെപ്റ്റംബര്‍ 24ന് ആംഗ്ലോ-കനേഡിയന്‍ ഓപ്പറേഷന്‍ കലായിസ് പിടിച്ചെടുക്കും വരെ ഇത് തുടര്‍ന്നു. ഡോവറില്‍ ബ്രിട്ടന്‍ നടത്തിയ ഈ ചെറുത്തുനില്‍പ്പ് ബ്രിട്ടന്‍ പിടിക്കാന്‍ ഉള്ള ഹിറ്റ്‌ലറുടെ സ്വപ്നപദ്ധതിയായ ഓപ്പറേഷന്‍ സീ ലയണിനെ ഇല്ലാതാക്കിക്കളഞ്ഞു..

 

 

സെയ്ന്റ് മാര്‍ഗരറ്റ് ക്ലിഫ് 

കോട്ട പിന്നെയും പിന്നെയും കഥകള്‍ പറയുകയാണ്.  പണ്ടെന്നോ ചരിത്രക്ലാസുകളില്‍ കേട്ടു മറന്ന ലോകമഹാ യുദ്ധങ്ങളുടെ കാര്യകാരണങ്ങള്‍ വീണ്ടും വീണ്ടും അത് ഓര്‍മ്മപ്പെടുത്തുന്നു. കാതില്‍ വെടിയൊച്ചകള്‍. ബോംബിങ്ങില്‍ തകര്‍ന്ന അനേകം കപ്പലുകളുടെ പ്രേതങ്ങള്‍ ഈ കടലിന്റെ ആഴങ്ങളില്‍ ഒളിച്ചു കിടപ്പുണ്ടാവും. ഫാനുകളില്‍ പ്രത്യേക വിസിലുകള്‍ ഘടിപ്പിച്ച നാസി വിമാനങ്ങളുടെ ശബ്ം ഈ കാറ്റിനോടൊത്ത് തേടിവരുന്നുണ്ടോ..

കോട്ടയില്‍നിന്നും പുറത്തിറങ്ങാം. കുറച്ചകലെ സെയ്ന്റ് മാര്‍ഗരറ്റ് ക്ലിഫ് ഉണ്ട്. കടലിനു സമാന്തരമായി ക്ലിഫിനു മുകളിലെ തീരപാതയിലൂടെ നടന്നു പോകാം. ചോക്കുകല്ലുകളാല്‍ നന്നേ വെളുത്ത ക്ലിഫ് ആണ്.  ചിലയിടങ്ങളില്‍ 350 മീറ്റര്‍ വരെ ഉയരം. വിണ്ടുകീറി നില്‍ക്കുന്ന അറ്റങ്ങളില്‍ നില്‍ക്കുമ്പോള്‍ പേടി തോന്നും. ഒന്നിടിഞ്ഞു വീണാല്‍ താഴെ കടലില്‍ പതിച്ചേക്കാം.

പെട്ടെന്ന് ഫോണില്‍ തുരുതുരാ മെസേജ് വന്നു. 'വെല്‍കം ടു ഫ്രാന്‍സ്.'  ഫ്രാന്‍സിലെ നെറ്റ്വര്‍ക്കുകള്‍ കിട്ടിത്തുടങ്ങിയിരിക്കുന്നു. സൂക്ഷിച്ചു നോക്കിയാല്‍ അകലെ കടലിനക്കരെ നേരിയ വരപോലെ കരകാണാം.. കലായിസിലിരുന്നു ഇങ്ങോട്ടു നോക്കിയാല്‍ വ്യക്തമായി കാണാനാവുമത്രെ. നീലക്കടലും വെളുത്ത ക്ലിഫും അതിനുമുകളിലെ പച്ചപ്പരവതാനിയും അതിമനോഹര കാഴ്ചയാണ്. കടലിടുക്കില്‍ ഇടതടവില്ലാതെ കപ്പലുകള്‍ പോകുന്നുണ്ട്. ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പല്‍ പാതകളില്‍ ഒന്നാണ് 21 മൈല്‍ മാത്രം ദൂരമുള്ള ഡോവര്‍ - കലായിസ് കപ്പല്‍ സര്‍വീസ്.

പടിഞ്ഞാറ് സൂര്യന്‍ അസ്തമയത്തോടടുക്കുന്നു.. അകലെ കോട്ടയ്ക്കു മുകളില്‍ ചുവപ്പുകലര്‍ന്ന മഞ്ഞവെളിച്ചം പടര്‍ന്നു.

രാജ്യത്തെത്തേടിയെത്തിയ ആക്രമണങ്ങളെ തലയുയര്‍ത്തിപ്പിടിച്ചു നിന്ന് വെല്ലുവിളിച്ച കോട്ടയുടെ അസ്തമയ ദൃശ്യം പകര്‍ത്താന്‍ ഞങ്ങള്‍ പരസ്പരം മത്സരിച്ചു. പിന്നീട് ഇരുട്ടുവീണ വഴികളിലൂടെ മടക്കം. 

click me!