Deshantharam : ആരും തിരക്കിവരാത്ത ഒരു മൃതദേഹം

By Deshantharam Series  |  First Published Dec 13, 2021, 2:52 PM IST

ആരും വരാനില്ലാതെ ഒരു മലയാളിയുടെ മൃതദേഹം യു എ ഇയിലെ ഒരാശുപത്രിയില്‍. ദേശാന്തരത്തില്‍ റഫീസ് മാറഞ്ചേരിയുടെ കുറിപ്പ്
 


അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.

 

Latest Videos

undefined

അഷ്റഫ് താമരശ്ശേരി

 

പറിച്ചു നട്ടാല്‍ വളരെ വേഗത്തില്‍ പുതിയ സ്ഥലത്ത് വേരുപിടിക്കുന്ന ഈന്തപ്പനകളെ പോലെയാണ് പ്രവാസികളും. സാഹചര്യങ്ങളും കൂടെ കൊണ്ടുവന്ന സ്വപ്‌നങ്ങളും കാത്തിരിക്കുന്നവരുടെ പ്രതീക്ഷയുമെല്ലാം  ചേരുമ്പോള്‍ വേരോട്ടത്തിന് വേഗതയേറും. ചൂടിലും തണുപ്പിലും പൊടിക്കാറ്റിലും തളരാതെ വളര്‍ന്നു തുടങ്ങും. ഒറ്റപ്പെട്ട സ്ഥലത്ത് തനിച്ചു നട്ട ഈന്തപ്പന പോലെയാണ് അവരിലേറെയും. ഏത് ആള്‍ക്കൂട്ടത്തിലും ഏകാന്തതയുടെ ചൂട് അവരെ പൊള്ളിച്ചു കൊണ്ടിരിക്കും. കലാപരവും കായിക പരവും സാംസ്‌കാരിക പരവുമായ ഒട്ടേറെ വിനോദോപാധികള്‍ കയ്യെത്തും ദൂരത്തുണ്ടെങ്കിലും അതില്‍ വ്യാപൃതരായാലും ഇല്ലെങ്കിലും മോഹിപ്പിക്കുന്നത് ഒരിക്കല്‍ ഉപേക്ഷിച്ചു പോന്ന പച്ചപ്പ് തന്നെയായിരിക്കും. മറുചോദ്യങ്ങള്‍ പാടില്ലാത്ത നിര്‍ദേശങ്ങളും ജോലി സമ്മര്‍ദ്ദവും കാത്തിരിക്കുന്നവരുടെ ആവശ്യങ്ങളും എല്ലാം കൂടിച്ചേരുമ്പോള്‍ ഒഴിവു സമയങ്ങളില്‍ ചിലര്‍ കൊതിക്കുക ഏകാന്തതയാണ്.

വലിയൊരു വിഭാഗം സദാസമയവും സോഷ്യല്‍ മീഡിയയും ഇന്റര്‍നെറ്റ് ടെലിഫോണിയും വഴി കുടുംബവും കൂട്ടുകാരുമൊക്കെയായി ബന്ധങ്ങള്‍ സൈബര്‍ ഇടനാഴിയില്‍ വെച്ച് കൂട്ടിയോജിപ്പിനോക്കുമ്പോള്‍ ചെറിയൊരു വിഭാഗം മേല്പറഞ്ഞ പോല്‍ ഏകാന്തതയില്‍ അഭയം തേടുന്നു. നിര്‍ത്താതെ ബെല്ലടിക്കുന്ന ഫോണിനും ഇന്‍ബോക്‌സുകളില്‍ വന്നു വീഴുന്ന സന്ദേശങ്ങള്‍ക്കും യാതൊരു മറുപടിയും നല്‍കാതെ തനിയെ നിശബ്ദതയില്‍  അല്‍പ നേരമിരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ചെറിയൊരു ശതമാനം മാത്രമല്ല എന്നതാണ് വാസ്തവം. അങ്ങിനെ നോട്ടിഫിക്കേഷനുകള്‍ ശ്രദ്ധിക്കാതെ, ഫോണ്‍ നിശബ്ദതയില്‍ ഞെക്കിത്താഴ്ത്തി കമ്പ്യൂട്ടറില്‍ സോഷ്യല്‍ മീഡിയ ഫീഡുകളില്‍ കുഞ്ഞെലിയെ പോലെ മൗസ് ചലിപ്പിക്കുന്ന നേരത്താണ് യു.എ.ഇ യിലെ പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തകന്‍ അഷ്റഫ് താമരശ്ശേരിയുടെ പോസ്റ്റ് ശ്രദ്ധയില്‍ പെട്ടത്.

രണ്ടുമാസമായി ഒരു മലയാളിയുടെ മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലുണ്ട്. ഇതുവരെ ആരും അന്വേഷിച്ചു വന്നിട്ടില്ല. കുടുംബക്കാരെ കണ്ടെത്താന്‍ സഹായിക്കണം എന്നാണ് പഴയൊരു ഫോട്ടോയും പൂര്‍ണ്ണനാമവും ഉള്‍പ്പെടുത്തിയ പോസ്റ്റിന്റെ ഉള്ളടക്കം. രണ്ടുമാസമായിട്ട് ഇപ്പോഴാണോ അറിയിക്കുന്നത് എന്ന ഒരാളുടെ കമന്റിന് എനിക്കിപ്പോഴാണ് ആശുപത്രിയില്‍ നിന്ന് അറിയിപ്പ് കിട്ടിയതെന്ന് അദ്ദേഹം മറുപടി നല്‍കിയിട്ടുമുണ്ട്. പിന്നീടുള്ള സമയങ്ങളില്‍ ഇടയ്ക്കിടെ ആ പോസ്റ്റിന്റെ അടിയില്‍ പോയി നോക്കും. സങ്കടം നിറഞ്ഞ ഇമോജികളും ഷെയറുകളും കൂടി വരുന്നുണ്ട്. അഷറഫ് താമരശ്ശേരിക്ക് അഭിവാദനവും പരേതന്  പ്രാര്‍ത്ഥനയും പ്രണാമവുര്‍പ്പിച്ച കമന്റുകളും നിറയുന്നു. അതിനിടയില്‍ പരേതനെ തിരിച്ചറിഞ്ഞ ചിലര്‍ ബന്ധുക്കളെ മെന്‍ഷന്‍ ചെയ്യുന്നത് കണ്ടപ്പോള്‍ പ്രതീക്ഷയേറി. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഫോളോവേഴ്സിന്റെ ശ്രമഫലമായി പരേതന്റെ ബന്ധുക്കളെ കണ്ടെത്തുകയും മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങുകയും ചെയ്തു.

മോര്‍ച്ചറിയുടെ തണുപ്പില്‍ ആത്മാവ് വേര്‍പെട്ട് കിടന്ന രണ്ടുമാസം പരേതന്റെ  വീട്ടുകാര്‍ അദ്ദേഹത്തെ അന്വേഷിച്ചിരുന്നിരിക്കാം. നിത്യ ശാന്തിയുടെ  ഓഫ്ലൈന്‍ ലോകത്തിരിക്കുമ്പോഴും അംഗമായ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ സന്ദേശങ്ങള്‍ വന്നുനിറഞ്ഞിരിക്കാം. എങ്കിലും ശാന്തിയോടെയുള്ള വിടവാങ്ങലിന് കാത്തിരിക്കേണ്ടി വന്ന രണ്ടു മാസം എന്നെ വല്ലാതെ വേദനിപ്പിച്ചു. പലപ്പോഴും ജോലിയിലെ സമ്മര്‍ദ്ദവും മറ്റു പ്രവര്‍ത്തനങ്ങളുമൊക്കെയായി ഫോണിനും ചാറ്റ് ബോക്‌സിനും പലപ്പോഴും നിശബ്ദതയുടെ ചങ്ങലയിട്ട് പൂട്ടാറുണ്ട്. അങ്ങിനെയുള്ള നിശബ്ദതയെ ഭേദിക്കാതെ തന്നെ മുറിയിലെ നേര്‍ത്ത ഇരുട്ടില്‍ മൊബൈലില്‍ പലതവണ നമ്പര്‍ മിന്നിത്തെളിഞ്ഞു. എന്താണെന്നറിയില്ല, അവസാനം കോള്‍ എടുക്കണമെന്ന് തോന്നി.

'എന്താടാ, നീയെനിക്ക് കാശൊന്നും തരാനില്ലല്ലൊ, ഞാന്‍ കടം ചോദിച്ചിട്ടുമില്ല.. എത്ര ദിവസമായി വിളിക്കുന്നു..'

എന്റെ നേര്‍ത്ത ഹലോക്ക് അപ്പുറത്തും നിന്നും കിട്ടിയത് പരിഭവം കലര്‍ന്ന വലിയൊരു ചോദ്യമാണ്. സംഭവം ശരിയാണ്, കുറെ നാളായി അവന്‍ വിളിക്കുന്നു. ചില സമയത്ത് ഓഫീസിലാവും, അതുമല്ലെങ്കില്‍ വീട്ടിലെത്തി മറ്റെന്തെങ്കിലും ഏര്‍പ്പാടിലാവും. എന്നാലും 'എടാ ഞാന്‍ ജോലിയിലാണ്, ഇപ്പോള്‍ സംസാരിക്കാന്‍ ഒരു മൂഡില്ലടാ' എന്നൊക്കെയുള്ള  ഒറ്റ വാക്കുകളാല്‍ സത്യത്തെ സുന്ദരമായി പറയുകയും വേവലാതിയുടെ ഒരു നാളം പോലും മറ്റൊരാള്‍ക്ക് പകരാതെ നോക്കുകയും ചെയ്യാമായിരുന്നു.  

'ജോലിത്തിരക്കായിരുന്നെടാ' എന്ന ക്ഷമാപണത്തോടെ പരസ്പരം കാര്യങ്ങള്‍ പറഞ്ഞു നല്ല രീതിയില്‍ കോള്‍ കട്ട് ചെയ്തപ്പോള്‍ ഒരാനന്ദം. ചിലപ്പോള്‍ അത് എത്ര സ്‌നേഹിക്കുന്നവരായാലും ചില സന്ദേശങ്ങള്‍ക്ക്, അല്ലെങ്കില്‍ വിളികള്‍ക്ക് നമ്മള്‍ മറുപടിയോ ഉത്തരമോ നല്‍കാതെയിരിക്കും. സ്‌നേഹത്തിന്റെ ഉറവ വറ്റിയത് കൊണ്ടോ ബന്ധങ്ങളുടെ ചേര്‍ച്ചയില്ലായ്മയോ വിശ്വാസത്തിന്റെ ചോര്‍ച്ചയോ അല്ലാതെ ആര്‍ക്കും നിര്‍വചിക്കാന്‍ കഴിയാത്തൊരു ഏകാന്തത ആഗ്രഹിക്കുന്ന നിമിഷമാണത്. അവിടെ ശബ്ദിക്കുന്നതെന്തും അലോസരമായി തീരും. അത്തരം അവസ്ഥകളേറെ താണ്ടിയാണ് ഓരോ പ്രവാസിയും കാലത്തെയും ഋതുക്കളെയും മറികടക്കുന്നത്.

അങ്ങിനെ അഷറഫ് താമരശ്ശേരിയുടെ ശ്രമ ഫലമായി മറ്റൊരു ആത്മാവ് കൂടി ജന്മനാടിന്റെ മടിത്തട്ടില്‍ അന്ത്യവിശ്രമം കൊണ്ടു. ചൂടുള്ള സ്വപ്നങ്ങളുമായി പറന്നു വന്ന് ശീതീകരിച്ച പെട്ടിയില്‍ മടങ്ങിപ്പോയി.  ഏകാന്തതയുടെ നിശബ്ദതയില്‍ നിന്ന് ആളനക്കത്തിന്റെ  ബഹളത്തിലേക്ക് സഞ്ചരിക്കാന്‍ ഞാനും ശ്രമിച്ചു കൊണ്ടിരിക്കുന്നു. നിത്യ മയക്കത്തിന്റെ നിശബ്ദത തേടിവരും വരെ ചുറ്റിലും ആളുണ്ടാവട്ടെ. മരിച്ചുപോയവര്‍ക്ക് കൂട്ടിന് ഒരുപാടാളുണ്ട്; ജീവിച്ചിരിക്കുന്നവര്‍ക്കാണല്ലൊ കൂട്ട് തേടേണ്ടത്!
 

click me!