തിരിച്ചുപോകാൻ തുനിയുന്ന ഏതൊരു പ്രവാസിയുടേയും പേടിയാണിത്..

By Deshantharam Series  |  First Published Apr 30, 2019, 6:08 PM IST

തുടക്കക്കാരനായ എനിക്ക് ജോലി സ്ഥലത്ത് ആദ്യം കിട്ടിയ കൂട്ട് ഉടൻ നഷ്ടപ്പെടുമല്ലോ എന്ന് ഞാൻ വിഷമിച്ചു പോയി. 20 വർഷത്തോളമായിരുന്നു അന്നയാൾ ഇവിടെയെത്തിയിട്ട്. 


അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.

Latest Videos

undefined

പ്രവാസത്തിന്‍റെ ഏതെങ്കിലും ഒരോർമ തേടലാണ് ഈ പക്തി എന്നറിഞ്ഞു കൊണ്ട് തന്നെ എനിക്കിവിടെ പറയാനുള്ളത് മറ്റൊന്നിനെക്കുറിച്ചാണ്, ഒരു പേടിയെ കുറിച്ച് -തിരിച്ചു പോകാൻ തുനിയുന്ന ഏതൊരു പ്രവാസിയെയും വലിച്ചു കെട്ടുന്ന ഒരു പേടിയെക്കുറിച്ച്. 

ഞാനിവിടെ ഏഴ് വർഷമാകുന്നു. എല്ലാവരെയും പോലെ, ഒരുനാൾ എല്ലാം മതിയാക്കി കൂടണയണമെന്ന ചിന്ത എന്നും രാത്രി കടന്നുവരും. രാവിലെ അത് കട്ടിലിൽ ഉപേക്ഷിച്ച് കൃത്യമായി ജോലിക്ക് പോയ്ക്കോണ്ടിരിക്കുകയും ചെയ്യുന്ന ഒരു ശരാശരി പ്രവാസി. വന്ന ആദ്യ ആഴ്ച പരിചയപ്പെട്ട റഹ്മത്തുള്ള എന്ന ബാംഗ്ലൂർകാരന് കണ്ട മാത്രയിൽ എന്നോട്  പറയാൻ ഉണ്ടായിരുന്നത് അയാളുടെ മടക്കയാത്രയെ കുറിച്ചായിരുന്നു. 

തുടക്കക്കാരനായ എനിക്ക് ജോലി സ്ഥലത്ത് ആദ്യം കിട്ടിയ കൂട്ട് ഉടൻ നഷ്ടപ്പെടുമല്ലോ എന്ന് ഞാൻ വിഷമിച്ചു പോയി. 20 വർഷത്തോളമായിരുന്നു അന്നയാൾ ഇവിടെയെത്തിയിട്ട്. പോകട്ടെ, ഞാനും കുറച്ചു കാശുണ്ടാക്കി ഉടൻ പോകും എന്ന് മനസ്സിൽ പലവുരു പറഞ്ഞു പഠിച്ചു.. വർഷങ്ങൾ പലതും വന്നു പോയി. റഹ്മത്തുള്ള ഇവിടെ എന്നോടൊപ്പം ഇപ്പോഴുമുണ്ട് -ഉടൻ മതിയാക്കി പോകാൻ ഉദ്ദേശിക്കുന്ന അയാളുടെ കഥകളുമായി.. 

നോക്കൂ, നിങ്ങൾ ഒരിക്കലെങ്കിലും ഒരു പ്രവാസി ആയിരുന്നെങ്കിൽ, ആണെങ്കിൽ റഹ്മത്തുള്ളയെ നിങ്ങളറിയും. അയാൾ പറയുന്ന സ്വപ്നവും, അതിന്റെ പിന്നിലുള്ള വാസ്തവങ്ങളും നിങ്ങൾക്കേ മനസ്സിലാകൂ. വീട്ടുകാരും നാട്ടുകാരും പ്രവാസികൾക്കുമേൽ അടിച്ചേൽപ്പിക്കുന്ന വേഷങ്ങൾ, ഒരുനാൾ വലിച്ചെറിയേണ്ടി വരിക എന്ന വലിയ ബാധ്യതയാണ് ഈ പേടിക്ക് പിന്നിൽ... ദിക്കറിയാ മരുഭൂവിൽ പെട്ടവന്‍റെ അവസ്ഥയിലായിരിക്കും ഓരോ മടക്കക്കാരന്‍റെയും നെഞ്ചകം, തീർച്ച.  

വളരെ ചെറുപ്പത്തിലേ ഇവിടെത്തി 25 വർഷത്തിലധികം സൗദിയിൽ  ജോലി ചെയ്ത് നാട്ടിൽ എല്ലാം ഒരുക്കി വെച്ചിട്ടായിരുന്നു മധു ചേട്ടന്‍റെ മടക്കയാത്ര. വളരെ ആലോചിച്ചു വർഷങ്ങൾ കൊണ്ടെടുത്ത തീരുമാനമായിരുന്നു അത്. വൃദ്ധനാകാതെ, മരുന്ന് പെട്ടികളുടെ അകമ്പടിയില്ലാതെ  മടങ്ങിപ്പോകുന്ന ആ ചേട്ടനെ ഞങ്ങളൊക്കെ തെല്ലസൂയയോടെ യാത്രയാക്കി. പോയി ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ ആദരാഞ്ജലികൾ അർപ്പിച്ച ഫോട്ടോയോടെ അയാളെ ഞാൻ വീണ്ടും കണ്ടു. അറ്റാക്ക് ആയിരുന്നത്രേ! മുകളിൽ പറഞ്ഞ പേടിയെ അതിജീവിച്ചു ജീവിക്കാൻ തീരുമാനിച്ചവനെ കണ്ട് ദൈവത്തിനും അസൂയയായിട്ടുണ്ടാവും.. 

click me!