പ്രവാസ ദു:ഖത്തിന്റെ  ഏറ്റവും ഭയാനകമായ ഓര്‍മ്മ

By Deshantharam Series  |  First Published Aug 19, 2019, 5:46 PM IST

ദേശാന്തരം: നിരൂപ വിനോദ് എഴുതുന്നു


അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കാം.. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്


'നാളെത്തെ തീയതി ഓര്‍മയുണ്ടോ?' 

Latest Videos

undefined

അമ്മ ചോദിച്ചു.

'എന്തേ? എനിക്കൊന്നും ഓര്‍മയില്ല.'ഇങ്ങനെ പോയാല്‍ നീ ആളേക്കൂടി മറക്കുമല്ലോ'.അമ്മയുടെ ശബ്ദം കുറച്ച് ദു:ഖാര്‍ത്തമായി. 

അമ്മയെ വിഷമിപ്പിക്കുന്നത് ശരിയല്ലല്ലോ എന്നാലോചിച്ചപ്പോള്‍ വീണ്ടുമെത്തി വാക്കുകള്‍.

'ഇത് എത്രാമത്തെ വര്‍ഷമാണ്?, നിനക്കറിയില്ലേ അല്ലേ'.

ഞാന്‍ മനപ്പൂര്‍വ്വം മറക്കാന്‍ ശ്രമിക്കുന്ന ദിവസമാണ്, ഓര്‍ത്തു വയ്ക്കാറില്ല എന്നുമാത്രമല്ല മറന്നു കളയുകയും ചെയ്തു. പ്രവാസ ദു:ഖത്തിന്റെ ഏറ്റവും ഭയാനകമായ ഓര്‍മ്മ എന്തിന് ഓര്‍ത്തുവയ്ക്കാന്‍ ആണ്. വേണ്ടപ്പെട്ടവരുടെ വേര്‍പാട് ഒറ്റക്ക് അനുഭവിക്കേണ്ടി വരുക, ആ ഭീകരത പ്രവാസത്തിന്റെ ശാപമാണ്. 

വേണ്ടപ്പെട്ടവര്‍ നഷ്ടപ്പെടുമ്പോളുണ്ടാകുന്ന വേദന. നിസ്സംഗതയോടെ എല്ലാം കേള്‍ക്കേണ്ടിവരുന്ന  വേദന. ആ ദേഹം ഒന്നു കാണാന്‍ വേണ്ടി തനിയെ പാസ്‌പോര്‍ട്ടിന് അപേക്ഷിച്ച്, തനിയെ ടിക്കറ്റ് ബുക്ക് ചെയ്തു, വിമാനത്തിന് ആയുള്ള  കാത്തിരിപ്പ്. പിന്നെ നാട്ടിലെത്താനുള്ള  കാത്തിരിപ്പ്.  അതും കഴിഞ്ഞു വീട്ടിലെത്താനുള്ള കാത്തിരിപ്പ്. കാലദേശാന്തരങ്ങളുടെ യാഥാര്‍ത്ഥ്യം അനുഭവിക്കാന്‍ ഇതിലും വലിയ ഒരു കാരണം വേണ്ട.


പതിനൊന്നു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഉള്ള ഒരു സാധാരണ പ്രഭാതം. പതിവുപോലെ ജോലികള്‍ എല്ലാം തീര്‍ത്തു പുറത്തിറങ്ങി ബസ് കാത്തുനിന്നു. ദുബായ് മെട്രോ തുടങ്ങിയിട്ടില്ല, ഓഫീസിലെത്താന്‍ രണ്ടു മണിക്കൂര്‍ വേണം. അങ്ങനെയിരിക്കുമ്പോള്‍ ഭര്‍ത്താവിന്റെ വിളി .

'നിന്നെ ആരെങ്കിലും ആരും നാട്ടില്‍ നിന്നും വിളിച്ചോ'. 

'ഇല്ല. എന്തേ?'-ഞാന്‍ ചോദിച്ചു .

'നാട്ടില്‍ നിന്നും ഫോണ്‍ വന്നാല്‍ എന്നാല്‍ എടുക്കാന്‍ നില്‍ക്കണ്ട ഓഫീസില്‍ ചെന്നിട്ട് തിരിച്ചു വിളിക്കൂ'.

ഓഫീസിലെത്താന്‍ ഞാന്‍ ഇനിയും പത്തിരുപത് മിനിറ്റുകള്‍ കൂടി ഉണ്ട്. ആകെ ഒരു പരിഭ്രാന്തി .എങ്ങനെയോ വഴി മുറിച്ചു കടന്നു ഓഫീസില്‍ എത്തി. വീട്ടിലെ നമ്പറില്‍ ഒന്ന് വിളിച്ചാലോ? വേണ്ട.ധൈര്യമില്ല. ഭര്‍ത്താവിനെ തിരിച്ചു വിളിച്ചു.

തികച്ചും ശാന്തനായി അദ്ദേഹം പറഞ്ഞു: 'നാട്ടില്‍ ഒന്ന് പോകണം. നീ ഒരു കാര്യം ചെയ്യൂ, പാസ്‌പോര്‍ട്ട് എടുക്കാന്‍ ഉള്ള കാര്യങ്ങള്‍ നോക്കൂ. ഞാന്‍ പാസ്‌പോര്‍ട്ട് എടുത്ത് അങ്ങോട്ടേക്ക് എത്താം. (ഒന്ന് രണ്ടു മണിക്കൂര്‍ ദൂരമുണ്ട്). ഇന്നുതന്നെ പോകാനുള്ള ടിക്കറ്റ് എടുക്കണം.' 

എനിക്കൊന്നും മനസ്സിലായില്ല. മനസ്സിന്റെ മുകളില്‍ കരിമ്പടം പോലെ. എന്തിനാണ് ഇപ്പോള്‍ പോകുന്നത്? എന്താണ് സംഭവിച്ചത്? ഞാന്‍ ചോദിച്ചു. മനസ്സിലൂടെ പല ചിന്തകള്‍, പല മുഖങ്ങള്‍ കടന്നുപോയി. എവിടെയും ഉറയ്ക്കുന്നില്ല.

'പപ്പയ്ക്ക് ഒരു നെഞ്ചുവേദന ആശുപത്രിയിലാണ്'. 

ഞാന്‍ യാന്ത്രികമായി ഓരോ കാര്യങ്ങള്‍ ചെയ്തു. നാട്ടില്‍ പോയി വന്നിട്ട് അധികം ആയിട്ടില്ല. പോകണമെങ്കില്‍ ചിലവിനുള്ള പണം അയക്കണം. അതിനായി എക്്‌സ്‌ചേഞ്ചിലേക്ക് പോകുന്ന വഴി സുഹൃത്തിനെ കണ്ടു. 

'എങ്ങോട്ടാണ് തിരക്കിട്ട്?'

എന്താണ് പറഞ്ഞത് എന്ന് ഓര്‍മ്മയില്ല. പണം അയച്ചു തിരികെ ഓഫീസില്‍ എത്തി. എല്ലാവരും തിരക്കിട്ട് ജോലി ചെയ്യുന്നു. ഞാന്‍ നോക്കിയിരുന്നു. പാസ് വേഡ് പോലും മറന്നു പോയിരിക്കുന്നു. സമയം നോക്കി. രാവിലെ ഉള്ള വിമാനങ്ങള്‍ എല്ലാം പോയിക്കഴിഞ്ഞു. ഇനിയുള്ളത് വൈകിട്ട് എട്ടരയ്ക്ക് ആണ്. അത് ബുക്ക് ചെയ്തു. അപ്പോഴേക്കും ഭര്‍ത്താവെത്തി. അവിടെ നിന്നും ഞങ്ങളുടെ മുറിയിലെത്തി. വൈകിട്ട് എട്ട് വരെ കാത്തിരിക്കണം ഒന്ന് പോകണമെങ്കില്‍. ഫോണില്‍ നിരന്തരം വിളികള്‍. ധൈര്യം സംഭരിച്ചു ചോദിച്ചു 'സത്യം പറയൂ എന്താണെങ്കിലും അറിയേണ്ടതല്ലേ'-

യാതൊരു ഭാവഭേദവും ഇല്ലാതെ, വലിഞ്ഞു മുറുകിയ മനസ്സിനെ കടിഞ്ഞാണിട്ടു അദ്ദേഹം പറഞ്ഞു, 'പപ്പ മരിച്ചു'.

ഒരു വെളുത്ത നനുത്ത പ്രകാശം ഉള്ളില്‍ നിറഞ്ഞു കവിഞ്ഞു. കണ്ണിലും ചെവിയിലും അത് പടര്‍ന്നു. എന്റെ പപ്പ മരിക്കുകയോ? എങ്ങനെ മരിക്കാനാണ്! ഇന്നലെ രാത്രി കൂടി ഞാന്‍ സ്‌കൈപ്പില്‍ കണ്ടു സംസാരിച്ചതല്ലേ.. വിശ്വാസം വരുന്നില്ല. വിശ്വസിക്കേണ്ട. വിശ്വസിക്കാത്തിടത്തോളം കരയണ്ടല്ലോ. എങ്കിലും എന്നെ കാണാതെ എങ്ങനെ മരിക്കാനാണ് പപ്പ!

വൈകുന്നേരം കഴിഞ്ഞു, രാത്രിയായി. വിമാനത്താവളത്തിലെത്തി . സഹയാത്രികരുടെ മുഖങ്ങള്‍ ഓരോന്നും ശ്രദ്ധിച്ചു. സന്തോഷമാണ്, നാട്ടിലേക്കുള്ള യാത്ര അല്ലേ. ഇങ്ങനെ ഒരു യാത്ര നാട്ടിലേക്ക്, ഒരിക്കലും പറയാനാവില്ല ആ അവസ്ഥ. മണിക്കൂറുകള്‍ക്ക് ശേഷം നാട്ടില്‍ എത്തി, പിന്നെയും രണ്ടു മണിക്കൂര്‍ യാത്ര വീട്ടിലെത്താന്‍. അങ്ങനെ പിറ്റേന്ന് വെളുപ്പിനെ വീട്ടില്‍ എത്തി.

കൃത്രിമ ശീതീകരണിയില്‍ എന്റെ പപ്പ. കേട്ടത് ശരി തന്നെ, കണ്ണുകളും ആ ശരി ആവര്‍ത്തിക്കുന്നു. ഇനി എനിക്കു  കരയാം. പപ്പാ ചിരിക്കുന്നു, എപ്പോഴും പറയാറുള്ളതു  പോലെ, ഒരു മിനിറ്റില്‍ സ്വയം ബോധ്യം ആകുന്നതിനു മുമ്പേ മരണം സംഭവിക്കുക: എന്തൊരു ഭാഗ്യം ആണത്. അപ്പോള്‍ പിന്നെ  എങ്ങനെ ചിരിക്കാതിരിക്കും. പറഞ്ഞത് നേടിയതിന്റെ  ധാര്‍ഷ്ട്യം കൂടിയുണ്ട്, ചെറുതായിട്ട്. ഞാന്‍ ഒന്നു കൂടി  നോക്കി . അതെ  വീണ്ടും അതേ  പ്രകാശം, കണ്ണിലും കാതിലും  ആകെ നിറയുന്നു.

 ഓര്‍മ്മകള്‍ മുറിച്ച് മറുതലയ്ക്കല്‍നിന്ന് അമ്മയുടെ വാക്കുകള്‍ വന്നു.

'നീ കേള്‍ക്കുന്നുണ്ടോ?എന്താണൊന്നും മിണ്ടാത്തത്?'

'എന്താണ് അമ്മേ, അച്ഛന്‍ എവിടെയെങ്കിലും ജീവിക്കുന്നുണ്ടാവും, പുനര്‍ജന്‍മം, ഇപ്പോള്‍ നാലാം ക്ലാസിലോ  അഞ്ചാം ക്ലാസിലോ  ആയിരിക്കും. ഏകദേശം പത്ത് വയസ്സ് ആയി കാണും അടിച്ചു പൊളിക്കട്ടെ'.  

അമ്മ ചോദിച്ചു :'നീ എന്തൊക്കെയാണീ  പറയുന്നത്?'

'ഓരോ മരണവും ഓരോ തുടക്കമാണമ്മേ. പുനരപി ജനനം, പുനരപി മരണം, പുനരപി ജനനീ ജഠരേ ശയനം'. പറയാനോങ്ങിയെങ്കിലും ഞാന്‍ അത്  പറഞ്ഞില്ല. 

'ഉച്ചയൂണിന്റെ  സമയം കഴിഞ്ഞു വൈകിട്ട് വിളിക്കാമമ്മെ'.

 

ദേശാന്തരം: മുഴുവന്‍ കുറിപ്പുകളും ഇവിടെ വായിക്കാം

click me!