ആ തെറിയൊന്നും പഴയതുപോലെ പ്രവാസികള്‍ കേട്ടുനില്‍ക്കില്ല!

By Deshantharam Series  |  First Published May 20, 2019, 4:59 PM IST

ദേശാന്തരം: അബ്ദുറഹ്മാന്‍ കോഴിശ്ശേരി എഴുതുന്നു


ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ ദേശാന്തരത്തില്‍ പ്രസിദ്ധീകരിച്ച 'ഒരു മലയാളി ഹൗസ് ഡ്രൈവറുടെ ഒരു ദിവസം' എന്ന കുറിപ്പിനോട് നിരവധി പേരാണ് പ്രതികരിക്കുന്നത്. അതില്‍, മികച്ച പ്രതികരണങ്ങള്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നു. ഹൗസ് ഡ്രൈവര്‍മാരുടെ ജീവിതത്തെക്കുറിച്ചുള്ള നിങ്ങളുടെ അനുഭവ, പ്രതികരണ കുറിപ്പുകള്‍ submissions@asianetnews.in എന്ന വിലാസത്തിലേക്ക് അയക്കുക. സബ്ജക്ട് ലൈനില്‍ ദേശാന്തരം-ഹൗസ് ഡ്രൈവര്‍ എന്നെഴുതാന്‍ മറക്കരുത്. 


ദേശാന്തരത്തില്‍ കഴിഞ്ഞ ദിവസം ഒരു ഹൗസ് ഡ്രൈവറുടെ അനുഭവം വായിച്ചു. ഞാനും ഹൗസ് ഡ്രൈവര്‍ ആണ്. മുമ്പ് ജിദ്ദയില്‍ നാലു വര്‍ഷം ജോലി ചെയ്തു, ഇപ്പോള്‍ അഞ്ച്  വര്‍ഷമായി മക്കയില്‍ ജോലി ചെയ്യുന്നു. ഹൗസ് ഡ്രൈവര്‍മാര്‍ക്ക് മുന്‍കാലങ്ങളില്‍ വളരെ പ്രയാസവും, പീഡനങ്ങളും സര്‍വ്വ സാധാരണമായിരുന്നു.  ഇന്നിപ്പോള്‍ ആകെ മാറി, കഴുത, ഹയവാന്‍ വിളികള്‍ അത്രയും വിവരമില്ലാത്ത വരില്‍ നിന്നും മാത്രം കേള്‍ക്കുന്ന ഒന്നാണ്. പണ്ടത്തെപ്പോലെ ഇപ്പോള്‍ ഇതുപോലെ തെറികള്‍ കേട്ടുനില്‍ക്കില്ല അധികം ആളുകളും. പിന്നെ നിയമത്തെ കുറിച്ചുള്ള ധാരണകളും, പറ്റില്ലെങ്കില്‍ എക്‌സിറ്റ് അടിച്ചോ എന്ന് പറയാനുള്ള ആര്‍ജവവും പ്രവാസികള്‍ക്ക് കൈവന്നു. 

Latest Videos

undefined

എന്റെയും അനുഭവങ്ങള്‍ മുന്‍ അനുഭവസ്ഥരുടെത് പോലെ അത്രയും കഠിനമല്ല, മനുഷ്യത്വം ഉള്ളവര്‍ ആണ്. ഭക്ഷണം കഴിക്കുകയാ,കുളിക്കുകയാ, വസ്ത്രം അലക്കുകയാ, എന്നൊക്കെ പറഞ്ഞാല്‍ കേള്‍ക്കുന്ന പതിവൊക്കെ ഉണ്ട്. അത്രയും ബുദ്ധിമുട്ട് ഉണ്ടെങ്കിലേ സൂറ സൂറാ എന്നൊക്കെ പറയൂ. പിന്നെ ഇവിടെ മക്കയിലുള്ളവര്‍ക്ക് ഇവിടെയുള്ള സാധനങ്ങള്‍ അത്ര പിടിക്കില്ല. അനങ്ങിയാല്‍ ജിദ്ദയില്‍ ആണ് പോകാറ്. പിന്നെ ഡ്രൈവര്‍ ഉണ്ടെങ്കില്‍ അവന് എന്തെങ്കിലും ജോലി കൊടുക്കണ്ടേ. അതുകൊണ്ടായിരിക്കും എന്ത് സാധനം വേണമെങ്കിലും ജിദ്ദയില്‍ ആണ് പോകാറ്, പിന്നെ അത് മാറ്റാനും ഒരു പോക്ക്.  

മാളുകളില്‍ ഗേറ്റിന്റെ മുന്‍പില്‍ തന്നെ നിറുത്തി കൊടുക്കണം. 50 മീറ്റര്‍ പോലും അടുത്താണെങ്കിലും പറ്റില്ല. മാളില്‍ കയറിയാല്‍ ചുറ്റി നടക്കാന്‍ ഒരു പ്രയാസവുമില്ല.  ഇവിടെത്തെ അറബികള്‍ക്ക് ഒടുക്കത്തെ ആയുസ്സ് ആണ്.  80. 90 വയസ്സൊന്നും ഇവിടെ ഒരു വയസ്സ് അല്ല.  എന്റെ മുതലാളി ഐസ്‌ക്രീം, ചോക്ലേറ്റ് വാങ്ങി കഴിക്കുന്നത് ഞാന്‍ ആശ്ചര്യത്തോടെ നോക്കിയിട്ടുണ്ട്, അദ്ദേഹത്തിന്റെ ഭാര്യയും തഥൈവ!

റോഡില്‍ ഇരു സൈഡിലും ഹോട്ടലുകളും, മെഡിക്കല്‍ ഷോപ്പുകളും അടക്കി വാഴുന്നു. എവിടെ നോക്കിയാലും ബുഖാരി ഹോട്ടലും, നഹ്ദി മെഡിക്കല്‍ ഷോപ്പും കാണാം.  ഷുഗര്‍, കൊളസ്ട്രോള്‍, കിഡ്നി ഡിസീസ്, ഹാര്‍ട്ട് പ്രോബ്ലം, തുടങ്ങിയ രോഗങ്ങള്‍ അലട്ടുന്നവര്‍  ആണ് അധികം സൗദികളും.  മരുന്ന് വാങ്ങിക്കുന്നത് കണ്ടാല്‍ അത്ഭുതം തോന്നും. 2200 റിയാല്‍. നാട്ടിലെ പണവുമായി താരതമ്യം അപ്പോള്‍ തന്നെ കണ്ണ് തള്ളിപ്പോകും. 
 
നാട്ടില്‍ മലയാളിയുടെ ശരാശരി ആരോഗ്യ അവസ്ഥ 50/60 ആയാല്‍ അവശനായി. ഇവിടെ അതല്ല സ്ഥിതി. ചെറിയ അസ്വസ്ഥത വന്നാല്‍ ഉടനെ മരുന്ന് അടിച്ചു കയറ്റും. പുറമെ അത്തര്‍ പൂശി, വെള്ള തോപ്പും, ഇട്ട് നടന്നാല്‍ കാണുന്ന മാത്രയില്‍ ശബാബ് (യുവാവ് ) ആന്തരികമായി എല്ലാം വീക്ക് ആയിട്ടുമുണ്ടാകും. 

ഇവിടെത്തെ കാലാവസ്ഥ, രാത്രിയിലെ കറക്കം, വെള്ളത്തിന്റെ അഭാവം, പകലുറക്കം, എണ്ണ, കൊഴുപ്പ് കൂടിയ ഭക്ഷണം, ശീതള പാനീയങ്ങള്‍, തുടങ്ങിയവ കൊണ്ട് സ്വദേശി വിദേശി വ്യത്യാസമില്ലാതെ രോഗം ക്ഷണിച്ചു വരുത്തുന്നു. 

ഒരു ഹൗസ് ഡ്രൈവര്‍ക്ക് അറബി ഭാഷ, അവരുടെ സംസ്‌കാരം, മര്യാദ, അയല്‍വാസി ബന്ധം എന്നിവ നല്ലത് പോലെ മനസ്സിലാക്കാം.  തൊട്ടടുത്തു മരിച്ചാല്‍ പോലും ആരാണ് മരിച്ചത്, എന്താണ് പേര്, ഒന്നും അറിയില്ല, അതും വിദേശിയായ ഡ്രൈവറോട് ചോദിക്കും!

മരിച്ചാല്‍ മൂന്ന് ദിവസം ദുഃഖാചരണം, മാല ബള്‍ബ് തൂക്കി, വരുന്നവര്‍ക്ക് തിരിച്ചറിയാന്‍ റോഡിന്റെ കുറുകെ തൂക്കും, അപ്പോള്‍ അയല്‍വാസിയും അതുവഴി അവിടെ എത്തും. നമ്മുടെ നാട്ടിലെ പോലെ അയല്‍പക്ക ബന്ധം ഇവിടെ ഇല്ല, (ഉള്ളവര്‍ ഉണ്ട്).

ഏതായാലും എനിക്ക് ഇവരില്‍ നിന്നും മാന്യമായ ഇടപെടല്‍ മാത്രേ ഉണ്ടായിട്ടുള്ളൂ. പിന്നെ തെറി എന്നേ വിളിച്ചിട്ടില്ല, ഷുഗര്‍ കൂടിയ അവസ്ഥയില്‍ നല്ല ഉശിരന്‍ തെറികള്‍ കേട്ടിട്ടുമുണ്ട്. 

പിന്നെ യാത്രയില്‍ പിന്നില്‍ നിന്നും ഹോണ്‍ മുഴക്കുക, സ്പീഡില്‍ മറികടക്കുക, ആളുകള്‍ റോഡ് നിയമ വിരുദ്ധമായി മുറിച്ചു കടക്കുക, എന്നിവക്ക് തെറി പറയും. അത് അവര്‍ കേള്‍ക്കില്ലല്ലോ എന്ന സമാധാനത്തോടെ വണ്ടി ഓടിക്കും.. 

ദേശാന്തരം: പ്രവാസികളുടെ അനുഭവങ്ങള്‍  ഇവിടെ വായിക്കാം

click me!