ദേശാന്തരം: ഡോ. സലീമ ഹമീദ് എഴുതുന്നു
അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.
undefined
വെളുത്ത അരയന്നങ്ങള്‍ അരങ്ങിലെ ആകാശത്തിലൂടെ പറന്നു നടക്കുന്നത് കണ്ടിട്ടുണ്ടോ? വളരെ അപൂര്‍വമായ ഒരു കാഴ്ചയാണിത്. അത്തരം ഒന്ന് കാണാന്‍ കഴിഞ്ഞത് 'ജിസേല്‍' എന്ന ബാലേ ഈയടുത്ത ദിവസം കണ്ടപ്പോഴാണ്. ഗ്രേറ്റ് റഷ്യന്‍ ബാലേ എന്ന പ്രസിദ്ധമായ കമ്പനിയുടെ അവതരണമായിരുന്നു അത്. അടുത്ത കാലത്ത് കാനഡയുടെ പല പ്രധാന പട്ടണങ്ങളിലും അവരുടെ പരിപാടി നടന്നിരുന്നു. വിന്‍സറിലെ ക്യാപിറ്റോള്‍ തീയേറ്ററില്‍ വച്ചാണ് അത് കാണാനായത്. ഞങ്ങള്‍ എത്തുമ്പോഴേക്കും ഹാള്‍ മിക്കവാറും നിറഞ്ഞിരുന്നു. കാണികളില്‍ 90 ശതമാനവും സ്ത്രീകളായിരുന്നു.
അതിമനോഹരമായിരുന്നു അവതരണങ്ങള്‍. ജിസേല്‍ എന്ന ബാലെ ആയിരുന്നു ഏറ്റവും ഹൃദ്യം. കാല്‍വിരല്‍ത്തുമ്പില്‍ ബാലന്‍സ് ചെയ്ത് മുന്നോട്ടും പിന്നോട്ടും വട്ടം കറങ്ങിയും ചെയ്യുന്ന നൃത്തചുവടുകളുടെ ഭംഗി അവര്‍ണനീയമാണ്. എത്ര അനായാസം. എത്ര സുന്ദരം. എന്ത് പൊരുത്തം. കഠിനമായ പരിശ്രമവും ത്യാഗത്തോളമെത്തുന്ന സമര്‍പ്പണവും തന്നെയാണ് ഇതിന്റെ വിജയ രഹസ്യം.
ജിസേല്‍ അവതരണം
മദ്ധ്യകാലത്ത് റൈന്‍ലാന്‍ഡ് എന്ന കാട്ടു പ്രദേശത്തെ സാങ്കല്‍പിക ഗ്രാമത്തില്‍ നടക്കുന്ന പ്രേമ കഥയാണിത്. നമ്മളിപ്പോള്‍ ഒരു വനപ്രദേശത്താണ്. വില്ലിസ് എന്ന പ്രേതാത്മാക്കള്‍ വിഹരിക്കുന്ന കാട്. കാമുകന്മാരാല്‍ വഞ്ചിക്കപ്പെട്ട് ഹൃദയം തകര്‍ന്നു മരിച്ച യുവതികളാണ് ആണ് ഈ പ്രേതാത്മാക്കള്‍. നൃത്തമാണ് അവരുടെ പ്രിയപ്പെട്ട നേരമ്പോക്ക്.
ആദ്യ രംഗത്തില്‍ കഥ നടക്കുന്നത് കാടിനോടു ചേര്‍ന്ന് മുന്തിരിത്തോട്ടങ്ങള്‍ നിറഞ്ഞ ഭാഗത്താണ്. വിളവെടുപ്പ് ഉത്സവത്തിന്റെ ദിവസം. നായികയായ ജിസേലും അമ്മയും താമസിക്കുന്നു വീടിനടുത്ത് സിലേഷ്യയിലെ ഡ്യൂക്ക് ആല്‍ബര്‍ട്ട് ഒരു സാധാരണ കൃഷിക്കാരന്റെ മട്ടില്‍ താമസിക്കുന്നുണ്ട്. മറ്റൊരു രാജകുമാരിയുമായി ഇയാളുടെ വിവാഹം ഉറപ്പിച്ചിട്ടുണ്ട് എന്ന കാര്യം മറച്ചുവെച്ച് വെച്ച് അയാള്‍ നായികയുമായി പ്രേമത്തിലാകുന്നു. താമസിയാതെ ഈ രാജകുമാരി തന്റെ കുടുംബത്തോടൊപ്പം അവിടം സന്ദര്‍ശിക്കാന്‍ എത്തുന്നു. ചതി മനസ്സിലാക്കിയ ജിസേല്‍ ഹൃദയം തകര്‍ന്നു മരിക്കുന്നു.
രണ്ടാം രംഗം ആരംഭിക്കുന്നത് നിലാവില്‍ കുളിച്ചു നില്‍ക്കുന്ന ഒരു ശവപ്പറമ്പിലാണ്. ഇവിടെയാണ് നായികയെ അടക്കം ചെയ്തത്. നിരാശാകാമുകിമാരുടെ ആത്മാവുകളുടെ രാജ്ഞിയാണ് ആണ് മിര്‍ത്ത. ഇവരുടെ ആത്മാവുകള്‍ രാത്രിയില്‍ എഴുന്നേറ്റ് തങ്ങളുടെ പൂര്‍വ കാമുകന്മാരെ തുടര്‍ച്ചയായി നൃത്തം ചെയ്യുന്നതിന് പ്രേരിപ്പിക്കുകയും അങ്ങനെ അവരെ മരണത്തിലേക്ക് നയിച്ചു തങ്ങളുടെ പ്രതികാരം പൂര്‍ണ്ണമാക്കുകയും ചെയ്യുന്നു.
ഡ്യൂക്ക് ആല്‍ബര്‍ട്ട് പൂര്‍വ്വകാമുകിയുടെ ശവകുടീരം സന്ദര്‍ശിക്കുന്ന അവസരത്തില്‍ പ്രേതങ്ങളുടെ പിടിയിലാകുന്നു. എന്നാല്‍ നായിക അയാളോടുള്ള അനശ്വരമായ പ്രേമം മൂലം അയാള്‍ക്ക് വേണ്ടി പ്രായശ്ചിത്തം ചെയ്തു പാപങ്ങളില്‍ നിന്നും അയാളെ മോചിതനാക്കുന്നു. സ്വപ്നലോകത്ത് മാത്രം നടക്കാന്‍ സാധ്യതയുള്ള ഇത്തരമൊരു കഥ, കാഴ്ചക്കാരനെക്കൂടി അത്തരം ഒരു ലോകത്തേക്ക് ഉയര്‍ത്തിക്കൊണ്ടു പോകുന്ന വിധത്തില്‍ ആണ് രംഗകല്‍പ്പന ചെയ്തത്. വായ്പാട്ട് ഇല്ലാതെ, പശ്ചാത്തലസംഗീതം മാത്രമാണ് രണ്ടു മണിക്കൂര്‍ നീണ്ട ഈ കഥയെ അനുയാത്ര ചെയ്യുന്നത്.
ജിസേല്‍ അവതരണം
ജിസേലിന്റെ ഭാഗം അഭിനയിച്ച പെട്ര കോണ്ടി എന്ന നര്‍ത്തകിയുടെ പ്രകടനം അത്ഭുതകരമായിരുന്നു. ഇറ്റലിയില്‍ ജനിച്ച ഇവര്‍ 2013 ല്‍ 23 വയസ്സുള്ളപ്പോള്‍ ലോസ്ആഞ്ചലസിലേക്ക് താമസം മാറ്റി. 2016 ല്‍ അവര്‍ക്ക് കിഡ്‌നി ക്യാന്‍സര്‍ പിടിപെടുന്നു. പക്ഷേ സര്‍ജറിക്കും ചികിത്സയ്ക്കുമിടയില്‍ തന്നെ അവര്‍ നൃത്തപ്രകടനങ്ങളും ബാലെ സ്‌കൂളും പഴയതു പോലെ തുടര്‍ന്നു. സോഷ്യല്‍ മീഡിയയില്‍ പതിനായിരക്കണക്കിന് ഫോളോവേഴ്‌സ് ഉള്ള ഇവര്‍ ഇന്ന് കരുത്തിന്റെയും സൗന്ദര്യത്തിന്റെയും അപാരമായ ഇച്ഛാശക്തിയുടെയും പ്രതീകമായി മാറിയിരിക്കുന്നു. മറ്റു ഭാഗങ്ങള്‍ അഭിനയിക്കുന്ന കലാകാരന്മാരെല്ലാം റഷ്യക്കാര്‍ തന്നെയാണ്. മറിയസ് പെറ്റിപയാണ് കൊറിയോഗ്രാഫി. അഡോള്‍ഫ് ആഡം എന്ന ഫ്രഞ്ച് കമ്പോസറാണ് സംഗീതം നിര്‍വഹിച്ചിത്.
1841 ല്‍ ആദ്യമായി രംഗത്ത് അവതരിപ്പിക്കപ്പെട്ട ഈ ബാലെ അന്നേ വന്‍ വിജയമായിരുന്നു. സുപ്രസിദ്ധ റഷ്യന്‍ നര്‍ത്തകി അന്ന പാവ്ലോവ വളരെക്കാലം തുടര്‍ച്ചയായി ജിസേല്‍ ആയി അഭിനയിച്ചു. ഈ അനുഗൃഹീത കലാകാരിയാണ് ബാലേ നര്‍ത്തകികള്‍ ഉപയോഗിക്കുന്ന പ്രത്യേകതരം ഷൂ രൂപകല്‍പ്പന ചെയ്തത്. ആദ്യ കാലത്തു ബാലെ നര്‍ത്തകിമാര്‍ ഹീലുള്ള ചെരിപ്പുകളാണ് ഉപയോഗിച്ചിരുന്നത്. കാലക്രമേണ ഇത് മാറി, സാധാരണ ചെരിപ്പുകള്‍ ആയി. ബാലെ നര്‍ത്തകികള്‍ക്കു കൂടുതല്‍ സമയവും കാലിലെ വിരല്‍ത്തുമ്പുകള്‍ മാത്രമേ നിലത്ത് സ്പര്‍ശിക്കാന്‍ സാധിക്കുകയുള്ളു.അവരുടെ ശരീരഭാരം മുഴുവന്‍ കാല്‍വിരലുകളില്‍ കേന്ദ്രീകരിക്കേണ്ടതുണ്ട്. തുടര്‍ച്ചയായ പരിശീലനം പലപ്പോഴും വിട്ടുമാറാത്ത വേദന സമ്മാനിക്കും. ശരീരഭാരം 40- 45കിലോയുടെ ഇടയ്ക്ക് തന്നെ സൂക്ഷിച്ചും കഠിനമായ പരിശീലനത്തിലൂടെയും ആണ് ഇത് സാദ്ധ്യമാകുന്നത്. നാലോ അഞ്ചോ വയസ്സു മുതല്‍ ഇതിനു വേണ്ടിയുള്ള ഉള്ള പരിശ്രമം തുടങ്ങേണ്ടതുണ്ട്. ആപ്പിളും പാലും മാത്രമായിരുന്നു വര്‍ഷങ്ങളോളം ഈ കുട്ടികളുടെ ഭക്ഷണം. അധികം പ്രോട്ടീന്‍ അടങ്ങിയ മുട്ട, ചിക്കന്‍, ബീന്‍സ്, ബ്ലൂബെറി, മത്സ്യം, സാലഡ് തുടങ്ങിയവ അടങ്ങിയ ഭക്ഷണമാണ് ഇക്കാലത്തു നല്‍കി വരുന്നത് . പാദത്തിന്റെ പലതരം ആരോഗ്യപ്രശ്‌നങ്ങളില്‍ നിന്നും രക്ഷനേടാനായി ആണ് ഈ പ്രത്യേക തരം ചെരുപ്പ് ഡിസൈന്‍ ചെയ്തത്. കട്ടിയുള്ള ഉള്ള ഒരു കഷണം തോല്‍ പ്രത്യേകമായി ആയി കാല്‍ വിരലുകളുടെ ഭാഗത്തു തുന്നി ചേര്‍ത്തത് നര്‍ത്തകികള്‍ക്കു വളരെ ആശ്വാസം നല്‍കുന്നു. കാലക്രമേണ ഇത് ഈ കലാകാരികള്‍ക്ക് ഒഴിച്ചു കൂടാന്‍ വയ്യാത്ത ഒരു ഇനമായി മാറി.
അന്നപാവ്‌ലോവയ്ക്ക് 1931 ല്‍ ശ്വാസകോശ രോഗംമൂലം ഉണ്ടായി. ഒരു സര്‍ജറി വേണമെന്നും എന്നാല്‍ അതിനുശേഷം നൃത്തം ചെയ്യാന്‍ കഴിയില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. അന്ന വിസമ്മതിച്ചു. 'നൃത്തം ചെയ്യാന്‍ കഴിയില്ലെങ്കില്‍ മരിക്കുകയാണ് നല്ലതെന്നായിരുന്നു അവരുടെ തീരുമാനം. ആ വര്‍ഷം തന്നെ അവര്‍ ഈ ലോകത്തോട് വിടപറഞ്ഞു. 'എന്റെ കോസ്റ്റിയൂം തയ്യാറാക്കി വയ്ക്കു' എന്നായിരുന്നു അവര്‍ അവസാനമായി പറഞ്ഞത്!
അന്ന പാവ്‌ലോവ
ബാലെയുടെ കഥ
പതിനാറാം നൂറ്റാണ്ടില്‍ ഇറ്റലിയിലാണ് സംഗീതം, നൃത്തം, പെയിന്റിംഗ് എന്നീ കലകളുടെ സംഗമം ആയ 'ബാലെ' എന്ന കലാരൂപത്തിന്റെ ഉദയം. 1573 ല്‍ ആദ്യ ബാലെ അവതരിപ്പിക്കപ്പെട്ടു. അക്കാലത്തെ പ്രസിദ്ധ ധനികകുടുംബങ്ങളില്‍ ഒന്നായ 'മെടിച്ചി' യിലെ കാതറിനാണ് ബാലെ ഫ്രാന്‍സിലേക്ക് കൊണ്ട് വന്നത്. അക്കാലത്തു രാജസഭകളിലും പ്രഭുകുടുംബങ്ങളിലെ സല്‍ക്കാരങ്ങളിലും മാത്രമാണ് ഇത് അവതരിപ്പിക്കപ്പെട്ടിരുന്നത്.
പതിനേഴാം നൂറ്റാണ്ടില്‍ ഫ്രാന്‍സ് ഭരിച്ചിരുന്ന ലൂയി പതിനാലാമനാണ് (1638 -1715) ബാലെയുടെ വളര്‍ച്ചയുടെ പ്രധാന കാരണക്കാരന്‍. പിതാവായ ലൂയി പതിമൂന്നാമന്റെയും ഭാര്യയുടെയും 22 വര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ് കിരീടാവകാശിയായ ലൂയി പതിനാലാമന്‍ ജനിക്കുന്നത്. ഇതുമൂലം കുഞ്ഞിനെ ദൈവത്തിന്റെ പ്രത്യേക സമ്മാനമായി മാതാപിതാക്കള്‍ കണക്കാക്കി. എന്നാല്‍ നാലാം വയസ്സില്‍ പിതാവ് മരണപ്പെട്ടു. കര്‍ദിനാള്‍ മസാറിന്റെ സഹായത്തോടെ അമ്മ റീജന്റ് ആയി ഭരണം തുടര്‍ന്നു. അക്കാലത്ത് ഉന്നതകുലജാതരായ പരുഷന്മാര്‍ കുതിരയോട്ടം, ഫെന്‍സിങ്, നൃത്തം എന്നീ മൂന്നു കാര്യങ്ങളില്‍ പ്രാവീണ്യം നേടിയിരിക്കണം. ബാലനായിരുന്നപ്പോള്‍ തന്നെ അദ്ദേഹം നൃത്തപരിശീലനം ആരംഭിച്ചു. 20 കൊല്ലത്തോളം അദ്ദേഹം നിത്യേന ബാലേ പരിശീലനം നടത്തിയിരുന്നതായി പറയപ്പെടുന്നു. 14 ാം വയസ്സില്‍ 12 മണിക്കൂര്‍ നീളുന്ന 'ഡില നൂയി' (Ballet DiLa Nuit) എന്ന ബാലെയില്‍ ആദ്യമായി പങ്കെടുത്തു. ഉദയസൂര്യന്‍ ഭാഗമായിരുന്നു ആ യുവാവിന് ലഭിച്ചത്. ഇന്നത്തെ ബാലയുടെ ആദിമരൂപം.
ഫ്രാന്‍സില്‍ ആഭ്യന്തര കലഹങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു തുടങ്ങിയ കാലമായിരുന്നു അത്. ഫ്രാന്‍സിന്റെ രക്ഷകനായ 'സൂര്യനെ' അവതരിപ്പിക്കുന്നതിനു പിന്നില്‍ രാഷ്ട്രീയമായ ഒരു ഗൂഢഉദ്ദേശം കൂടി ഉണ്ടായിരുന്നു. ആദ്യകാലത്ത് സ്ത്രീ വേഷം പുരുഷന്‍മാരായിരുന്നു ചെയ്തിരുന്നത്. പക്ഷേ പക്ഷേ ലൂയിയുടെ കാലത്ത് ഇതിനൊരു മാറ്റം വന്നു. ധാരാളം സ്ത്രീകള്‍ സ്റ്റേജിലും അല്ലാതെയും നൃത്തപരിപാടികളില്‍ പങ്കെടുക്കാന്‍ മുന്നോട്ടു വന്നു. കാലക്രമേണ ഇത് യൂറോപ്പിലെ മറ്റു രാജ്യങ്ങളിലേക്കും പടര്‍ന്നു. എങ്കിലും ഇന്ന് കാണുന്നതു പോലെ സ്ത്രീപുരുഷന്മാര്‍ തമ്മില്‍ ശരീരസ്പര്‍ശനം അനുവദനീയമായിരുന്നില്ല.
ഫ്രാന്‍സില്‍ ആദ്യമായി ഡാന്‍സ് സ്‌കൂള്‍ സ്ഥാപിക്കുന്നത് ലൂയി ആയിരുന്നു.ഇന്ന് ലൂവ്ര്‍ മ്യൂസിയം സ്ഥിതി ചെയ്യുന്ന കൊട്ടാരത്തിലെ ഒരു മുറിയില്‍ 13 അധ്യാപകരുമായി ആരംഭിച്ച ഈ സ്‌കൂളില്‍ നൃത്തം മാത്രമല്ല, ധനികര്‍ക്ക് അവരുടേതായ പ്രത്യേക ശരീരഭാഷയും പെരുമാറ്റരീതികളും പഠിപ്പിച്ചിരുന്നു. ഫ്രഞ്ച് നൃത്തകലയുടെ സുവര്‍ണകാലമായിരുന്നു ഇത്. ക്രമേണ പലകാരണങ്ങള്‍ കൊണ്ട് അദ്ദേഹം നൃത്തം അവസാനിപ്പിച്ചെങ്കിലും നൃത്തകലയുടെ രക്ഷാധികാരിയായി തുടര്‍ന്നു. ഈ കാലത്താണ്, ബാലെയുടെ സ്‌റ്റെപ്പുകള്‍ നൊട്ടേഷന്‍ ഉപയോഗിച്ച് എഴുതുന്ന രീതി നടപ്പിലാക്കിയത്. പതിനേഴാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് സാധാരണ ഒരു തൊഴിലാളിയുടെ ദിവസവേതനം ഒന്നു മുതല്‍ മൂന്നു പൗണ്ട് വരെ ആയിരിക്കുന്ന കാലത്താണ് ആണ് ലൂയി ഒരു ദിവസം 150000 പൗണ്ട് ചിലവ് ചെയ്ത് ഒരു ഉത്സവം സംഘടിപ്പിച്ചത്. ഫ്രഞ്ച് വിപ്ലവത്തിന് വിത്തുകള്‍ മുളപൊട്ടിയത് ഇക്കാലത്താണ്.
ലൂയി പതിനാലാമൻ ബാലേ വേഷത്തിൽ
ആരോഗ്യവും സമ്പത്തും പ്രതാപവും ക്ഷയിച്ചു തുടങ്ങിയ എഴുപത്തഞ്ചാംവയസ്സിലാണ് അദ്ദേഹം ആദ്യമായി ബാലേയ്ക്ക് വേണ്ടി ഒരു സ്‌കൂള്‍ ആരംഭിക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന എല്ലാ കുട്ടികള്‍ക്കും ഇവിടെ ബാലെ പരിശീലനം സൗജന്യമാണ്. 1715 സെപ്റ്റംബറിലാണ് ആണ് 72 വര്‍ഷത്തെ രാജ്യ ഭരണത്തിനു ശേഷം ലൂയി ഈ ലോകത്തോട് വിട പറയുന്നത്. അക്കാലത്ത് ഫ്രാന്‍സ് സാമ്പത്തിക തകര്‍ച്ചയുടെ വക്കിലായിരുന്നു. പത്തൊന്‍പതാം നൂറ്റാണ്ടിലാണ് ബാലെ പാരിസില്‍നിന്ന് റഷ്യയിലേക്ക് സഞ്ചരിക്കുന്നത്. സ്ലീപ്പിങ് ബ്യൂട്ടി, സ്വാന്‍ലേക്, നട്ട്ക്രാക്കര്‍ എന്നിവ അവരുടെ ലോക പ്രസിദ്ധമായ ബാലേകള്‍ ആണ് .