ദേശാന്തരം: ഡോ. ആല്‍ഫി മൈക്കിള്‍ എഴുതുന്നു
അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.
undefined
പ്രവാസികള്‍ക്ക് നാട് എന്നും മധുരിക്കുന്ന ഓര്‍മ്മയാണ്. അതുപോലെ തന്നെയാണ് കഴിച്ചു വളര്‍ന്ന നാട്ടുരുചികളും. നാട്ടിലെ ചക്കയും മാങ്ങയും ഒക്കെ കടല്‍ കടന്നു വരാറുണ്ട്. അതില്‍ ചക്കയുടെ വില കണ്ടാല്‍ മലയാളി, അതിനെ ഇന്ത്യന്‍ റുപ്പിയിലേക്ക് കണ്‍വെര്‍ട്ട് ചെയ്ത്, ദേ ഞാന്‍ പണ്ട് വെറുതെ കളഞ്ഞ സാധനത്തിന്റെ ഒരു വില എന്നോര്‍ത്ത് നെടുവീര്‍പ്പിടാറുണ്ട്. ഞാനും ആ കൂട്ടത്തില്‍ പെട്ട ഒരു ആള്‍ തന്നെ. വല്ലപ്പോഴും ഇത്തിരി ചക്ക വാങ്ങാറുണ്ട്.
അങ്ങനെയിരിക്കെയാണ് എനിക്ക് ഹസ്ബന്‍ഡ് ഒരു വലിയ ഗിഫ്റ്റ് കൊണ്ടുവന്നത്-എട്ടു കിലോയുടെ ഒരു ചക്ക.
രാത്രി ചക്കയുമായി വീട്ടില്‍ വന്നു കയറിയതും നാലുവയസ്സുകാരി സേറ 'ചക്ക... ചക്ക..' എന്നുവിളിച്ച് അതിനു ചുറ്റും ഓടി നടന്നു. ഈ കുട്ടികള്‍ക്ക് ഇതൊന്നും അറിയില്ലല്ലോ എന്ന് അപ്പോഴാണ് ഞാന്‍ ഓര്‍ത്തത്.
ചക്ക ഞങ്ങളുടെ വീട്ടിലെ പ്രധാനപ്പെട്ട അതിഥി ആയി മാറി. അടുക്കളയിലെ ചൂട് കാരണം കേടായി പോയാലോ എന്ന് പേടിച്ച് ചക്കയെ ഞാന്‍ എ സി റൂമില്‍ ആക്കി. ചക്കയുടെ ഫോട്ടോ എടുത്ത് അക്കാര്യം വീട്ടുകാരെയും കൂട്ടുകാരെയും എല്ലാം അറിയിച്ചു.
രണ്ടുദിവസം കഴിഞ്ഞാല്‍ വീക്കെന്‍ഡ് ആണ്. അപ്പോഴേക്കും പഴുക്കുന്ന ചക്കയെ എന്തൊക്കെ ചെയ്യണമെന്ന് ഞങ്ങള്‍ ചര്‍ച്ച ചെയ്തു. വാഴയില വാങ്ങണം, ശര്‍ക്കര വാങ്ങണം, കുമ്പിളപ്പം ഉണ്ടാക്കണം എന്നൊക്കെയായി പ്ലാനുകള്‍. സ്‌കൂളില്‍ പോയി വരുമ്പോള്‍ ചക്കയുടെ കാര്യം തിരക്കാന്‍ സേറയും മറന്നില്ല.
കാത്തിരുന്ന വീക്കെന്‍ഡ് ആയി ചക്കയും പഴുത്തു.വാഴയില, തേങ്ങ, ശര്‍ക്കര, അരിപ്പൊടി എല്ലാം വാങ്ങി.
വെള്ളിയാഴ്ച രാവിലെ ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞ് ആഘോഷപൂര്‍വ്വം ചക്ക മുറിക്കാന്‍ തുടങ്ങി ഞങ്ങള്‍ മൂവര്‍സംഘം. ഗള്‍ഫിലെ ചൂടില്‍ ഞങ്ങള്‍ സ്വീകരണമുറിയില്‍ ഇരുന്നാണ് ചക്ക മുറിച്ചത്. സേറയും കൈയടിച്ചു കൊണ്ട് ചുറ്റിനടന്നു.
ചക്ക മടല്‍, ചകിണി, ചക്കച്ചുള, ചക്കക്കുരു ഇതൊക്കെ എന്താണെന്ന് സേറക്ക് പറഞ്ഞു മനസ്സിലാക്കി കൊടുത്തു ഞങ്ങള്‍.
കുറച്ചു ചക്കപ്പഴം കഴിച്ച് ബാക്കി കുമ്പിളപ്പം ഉണ്ടാക്കാനാണ് പരിപാടി. ഞാന്‍ ചക്കച്ചുള ഒക്കെ തയ്യാറാക്കി. കുരു ഒരെണ്ണം പോലും കളയാതെ കഴുകി വെള്ളം വാലാന്‍ വെച്ചു. ചക്കക്കുരു മാങ്ങ കറി ആണ് മനസ്സി. സ്വീകരണ മുറിയില്‍ കിടക്കുന്ന ചക്കയുടെ വേസ്റ്റ് ആയ മടല്‍ എടുത്തു കളയാന്‍ തുടങ്ങിയ എന്നോട് ഭര്‍ത്താവ് പറയുകയാണ്, എടീ കുറച്ചുനേരം അതവിടെ ഇരിക്കട്ടെ, റൂമില്‍ ഒക്കെ നല്ല മണം വരട്ടെ എന്ന്.
ചക്കയുടെ മണം! പ്രവാസിക്ക് അത് നാടിന്റെ മണമാണ്. കുട്ടിക്കാലമാണ്. കുമ്പിളപ്പവും ചക്കക്കുരു മാങ്ങ കറിയുമൊക്കെ അമ്മയുടെ കൈപ്പുണ്യം ആണ്. എത്ര അകലെ ആണെങ്കിലും എന്നും മായാത്ത ഓര്‍മ്മയാണ്.
അങ്ങനെ കുമ്പിളപ്പം റെഡിയായി. ബാക്കി വന്ന ചക്കപ്പഴം ഞാന്‍ ഫ്രീസ് ചെയ്തു വച്ചു. സേറ ആദ്യമായി കുമ്പിളപ്പം കഴിച്ചു. അങ്ങനെ പ്രവാസ ലോകത്തേക്ക് എത്തിയ ചക്കയെ ഞങ്ങള്‍ ആഘോഷപൂര്‍വ്വം സ്വീകരിച്ചു.
ദേശാന്തരം: മുഴുവന്‍ കുറിപ്പുകളും ഇവിടെ വായിക്കാം