ദേശാന്തരം: അംജദ് മാളിയേക്കൽ എഴുതുന്നു
അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്.
undefined
2011 ഫെബ്രുവരി പതിമൂന്നിന് പുലര്‍ച്ചെ രണ്ട് മണി. നേര്‍ത്ത മഞ്ഞു പാടകള്‍ക്ക് കീഴേ അസംഖ്യം വിളക്കുമാടങ്ങള്‍ തെളിയിച്ച് ഉറക്കമിളച്ച് കാത്തിരിക്കുകയായിരുന്നു അബൂദാബി. മഞ്ഞു പാടകളെ വകഞ്ഞുമാറ്റി എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് എന്നെയും, എന്റെ സ്വപ്നങ്ങളെയും വഹിച്ചുകൊണ്ട് ആ രാജകീയ മണ്ണില്‍ പറന്നിറങ്ങി. എന്നെ കൂട്ടികൊണ്ട് പോകാന്‍ ഉപ്പയും, ഇക്കയും എയര്‍പോര്‍ട്ടില്‍ വന്നു. എനിക്കിനി ജോലിയും താമസവും അവരുടെ കൂടെയാണ്. അബൂദാബി റഹ്ബയിലെ, ഒരേ മാതൃകയില്‍ നിരനിരയായ് നിര്‍മ്മിച്ച അനേകം അറബി വില്ലകളില്‍ ഒന്നിലേക്കാണ് എന്നേയും കൊണ്ടവര്‍ പോയത്. കോട്ടമതിലിനു സമാനമായ ചുറ്റുമതിലിനകത്ത് വലിയൊരു ഇരുനില കെട്ടിടം. ആ ഇരുനില പാര്‍പ്പിടത്തിന്റെ മുന്‍വശത്തായി ഒരു ഒരുനില കെട്ടിടം. അതാണ് മജ്ലിസ് (ഔട്ട് ഹൗസ്).
അതിവിശാലമായ വലിയൊരു മുറിയും, കിച്ചനും, ബാത്‌റൂമും, ചെറിയ സിറ്റൗട്ടും ചേര്‍ന്നതാണ് മജ്ലിസ്. ആ മജ്ലിസിലായിരുന്നു ഞങ്ങളുടെ താമസം. മുറിയുടെ നാല് ചുമരുകളോടും ചേര്‍ത്ത് കട്ടിലുകളിട്ടിരിക്കുന്നു. മുറിയിലെ നല്ല സ്ഥാനങ്ങളെല്ലാം അന്തേവാസികള്‍ നേരത്തെ കയ്യടക്കി വച്ചതിനാല്‍, പിന്നെ മുറിയില്‍ ആകെ അവശേഷിക്കുന്ന വാതിലിനടുത്തെ പുറമ്പോക്ക് സ്ഥലത്താണ് അവരെനിക്ക് കട്ടിലിന് പട്ടയം അനുവദിച്ചത്. തൊട്ടടുത്തായി മുറിക്ക് പുറത്തുള്ള കിച്ചണിലെ പാചക സമയത്തെ ശബ്ദ ശല്യങ്ങള്‍ വാതില്‍ പഴുതിലൂടെ ഇരച്ചുകയറി സ്വസ്ഥത തല്ലിക്കെടുത്തി. കമ്പിളി പുതപ്പ് കൊണ്ട് കവചം തീര്‍ത്ത എന്റെ പ്രതിരോധ ശ്രമങ്ങള്‍ പോലും വൃഥാവിലായി.
പ്രവാസത്തിന്റെ ആദ്യ നാളുകള്‍ വിശ്രമത്തിന്റേതായിരുന്നു. അതുകൊണ്ട് തന്നെ ആ ഇരുനില കെട്ടിടത്തിനകത്തെ താമസക്കാരെയെല്ലാം നാലു ദിനം കൊണ്ടെനിക്ക് പരിചിതമായി. നാലര വയസ്സുള്ള ഒരാണ്‍കുട്ടിയും മൂന്ന് വയസ്സുള്ള ഒരു പെണ്‍കുട്ടിയും അവരുടെ മാതാപിതാക്കളും, ഏതാനും മാസങ്ങള്‍ക്കു മുന്‍പ് വിവാഹിതരായ നവദമ്പതിമാരുമടങ്ങിയ രണ്ട് മുര്‍ത്താനി കുടുംബങ്ങളായിരുന്നു (മൊറോക്കന്‍ കുടുംബങ്ങള്‍) അവിടുത്തെ അന്തേവാസികള്‍. രാവിലെ എട്ട് മണിയോടെ സഹവാസികള്‍ അവരവരുടെ ജോലിക്ക് പോകും. പിന്നെ എനിക്ക് കൂട്ടായി എന്റെ നാടോര്‍മകള്‍ മാത്രം. ആ മതില്‍ കെട്ടിനകം മിക്കപ്പോഴും നിശ്ശബ്ദതയില്‍ മുങ്ങിക്കിടന്നു. വല്ലപ്പോഴും ആ നിശ്ശബ്ദതയെ ഭേദിച്ചത് അവിടെ താമസിച്ചിരുന്ന മുര്‍ത്താനി കുട്ടികളുടെ ഉച്ചത്തിലുള്ള സംസാരമോ, കരച്ചിലോ മാത്രം. നാലഞ്ചു ദിവസമായപ്പോഴേക്ക് ആ വെറുതെയിരിപ്പ് എനിക്ക് മടുത്തു. ഒന്ന് സംസാരിക്കാന്‍ പോലും ആരുമില്ല.! വല്ലപ്പോഴും വില്ലയ്ക്ക് വെളിയിലിറങ്ങി തെല്ല് ദൂരേയുള്ള ഷെയ്ഖ് സായിദ് റോഡിലേക്ക് നോക്കി നില്‍ക്കും. അവിടെയും ഞാന്‍ കാണുന്ന കാഴ്ച്ചകള്‍ എന്റെ നാടും, വീടുമായിരുന്നു. വല്ലവിധേനയും നാട്ടിലെത്തിയാല്‍ മതിയെന്നായി. അത്രമേല്‍ മടുത്തിരുന്നു ആ ഒറ്റപ്പെടല്‍! ഞാന്‍ സ്വപ്നം കണ്ട ഗള്‍ഫ് ഇതായിരുന്നോ? അല്ല ഒരിക്കലുമല്ല. നാസ ഇനിയും കണ്ടെത്തിയിട്ടില്ലാത്ത ഏതോ അജ്ഞാത ഗ്രഹത്തിലായിരിക്കാം എന്റെ സ്വപ്നത്തിലെ ഗള്‍ഫ്. ചിന്തകള്‍ക്ക് അന്തം കെട്ടു തുടങ്ങി.
.............................................................................................................................................................
വാതിലിനു പുറത്ത് കാല്‍ പെരുമാറ്റം കേള്‍ക്കുന്നു.
.............................................................................................................................................................
മാസങ്ങളുടെ ദൈര്‍ഘ്യമുള്ള ഏഴെട്ടു ദിവസങ്ങള്‍! അങ്ങനെയൊരു ദിനം. രാവിലെ പത്ത് മണി ആയിക്കാണും, കട്ടിലില്‍ ചിന്തയിലാണ്ടു കിടക്കുകയായിരുന്നു ഞാന്‍. വാതിലിനു പുറത്ത് കാല്‍ പെരുമാറ്റം കേള്‍ക്കുന്നു. ആ കാല്‍ച്ചുവടുകള്‍ പതിയേ കിച്ചനിലേക്ക് നീങ്ങുന്നത് ഞാന്‍ മനസ്സിലാക്കി. മസാല പാത്രങ്ങള്‍ തുറന്നടക്കുന്നതിന്റെ ശബ്ദം! കുറച്ചു സമയം കൂടി ഞാന്‍ അങ്ങിനെ തന്നെ കിടന്നു. ശേഷം എഴുന്നേറ്റ് മുറിയുടെ വാതില്‍ തുറന്ന് കിച്ചനിലേക്ക് നോക്കി. അതവരായിരുന്നു, ആ മുര്‍ത്താനി കുട്ടികള്‍. ആണ്‍കുട്ടിയുടെ കയ്യില്‍ തുറന്നു പിടിച്ച പാല്‍പ്പൊടി പാത്രം. വായില്‍ ആവുന്നത്ര പാല്‍പ്പൊടി നിറച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ കൈകളിലും, വായിലും, മുഖത്തും, ഉടുപ്പിലും, പാദങ്ങളിലും വരെ പാല്‍പ്പൊടി തൂവി കാണാം. പാല്‍പ്പൊടി മോഷ്ടിച്ച് തിന്നുകയാണ് രണ്ടുപേരും. അറബി അറിയാത്ത ഞാന്‍, എന്റെ അതൃപ്തി അറിയിക്കാന്‍ രണ്ടു പേരേയും രൂക്ഷമായി നോക്കി. എന്താണവരെ ചെയ്യാന്‍ പോകുന്നതെന്ന് അറിയാതെ രണ്ടു പേരും എന്റെ മുഖത്തേക്ക് നോക്കി നിന്നു. അവര്‍ പരസ്പരം എന്തോ സംസാരിക്കാന്‍ ശ്രമിക്കുന്നുണ്ട്, പക്ഷെ പാല്‍പ്പൊടി നിറഞ്ഞൊട്ടിയ വാ തുറന്നാല്‍ പൊടി പറക്കുന്നതല്ലാതെ ഒരക്ഷരം ഉരിയാടാന്‍ അവര്‍ക്ക് സാധിക്കുന്നില്ല. എന്റെ ഭാഗത്ത് നിന്നും ഒരു നീക്കവും കാണാതിരുന്നപ്പോള്‍ കയ്യിലിരുന്ന പാല്‍പ്പൊടി പാത്രം ഭദ്രമായി അടച്ച് അവന്‍ യഥാ സ്ഥാനത്തു വെച്ചു. എന്നിട്ട് സഹോദരിയുടെ കയ്യും പിടിച്ച് ഒന്നും സംഭവിക്കാത്ത മട്ടില്‍ മുറ്റത്തേക്കിറങ്ങി നടന്നു. അവര്‍ പോകുന്നത് നോക്കി ഞാന്‍ മനസ്സില്‍ പറഞ്ഞു-'പാല്‍പ്പൊടി മോഷണം കൊള്ളാം. ചെറുപ്പത്തില്‍ ഞാനിതെത്ര കട്ട് തിന്നിരിക്കുന്നു'. ആ കുട്ടികളെന്നെ ബാല്യകാല ഓര്‍മ്മകളിലേക്ക് തള്ളിയിട്ടു.
ഞാന്‍ വീണ്ടും ആലോചനയില്‍ മുഴുകി സിറ്റൗട്ടിന്റെ ഒരു മൂലയിലിരുന്നു. ഒരുമണിക്കൂറോളം കഴിഞ്ഞു, അതാ കേള്‍ക്കുന്നു അടുത്തടുത്ത് വരുന്ന അതേ കാല്‍പ്പെരുമാറ്റം, അതെ അവര്‍ തന്നെ. തക്കം നോക്കി വീണ്ടും വന്നതാണ് രണ്ടും. പക്ഷേ, എന്നെയവര്‍ സിറ്റൗട്ടില്‍ പ്രതീക്ഷിച്ചില്ല. എന്നെ സിറ്റൗട്ടില്‍ കണ്ടതും 'ഞങ്ങള്‍ അതിനുമല്ല, അങ്ങോട്ടുമല്ല വന്നത്, ഞങ്ങള്‍ എങ്ങോട്ടോ പോവുകയാണ്' എന്ന മട്ടില്‍ എന്നെയൊന്ന് നോക്കി ധൃതിയില്‍ നടന്നു പോയി. എനിക്കപ്പോള്‍ ഓര്‍മ്മ വന്നത് നമ്മള്‍ വായിച്ചു രസിച്ച നമ്മുടെ ബോബനെയും മോളിയെയുമാണ്. 'കൊള്ളാലോ മൊതലുകള്‍' ഞാന്‍ മനസ്സില്‍ ചിരിച്ചു.
പിറ്റേ ദിവസവും അതേ പാദപതന ശബ്ദം. അതവര്‍ തന്നെ, മൊറോക്കോയിലെ ബോബനും മോളിയും. ഇത്തവണ അവര്‍ കിച്ചനിലേക്ക് കടന്നിട്ടേയുള്ളൂ. പാല്‍പ്പൊടി എടുക്കുന്നതിന് മുന്‍പേ ഞാന്‍ കിച്ചനിലെത്തി. എന്നെ കണ്ടതും എന്ത് ചെയ്യണമെന്നറിയാതെ രണ്ടും നിന്ന് പരുങ്ങി.
ഗൗരവത്തോടെ പുറത്ത് പോകാന്‍ ആഗ്യം കാണിച്ച് മലയാളത്തില്‍ ഞാനവരോട് പറഞ്ഞു, 'പോ.. പോ.. വണ്ടി വിട്.. മേട്ടം വേണ്ടെങ്കില്‍ വണ്ടി വിട്ടോ'.
സംഗതി പിടികിട്ടിയ ബോബന്‍ മോളിയുടെ കയ്യും പിടിച്ച് പുറത്തേക്ക് നടന്നു. പുറത്ത് കടക്കുന്നതിനിടയിലും മോളി പാല്‍പ്പൊടി പാത്രത്തേയും, എന്നേയും മാറി മാറി നോക്കുന്നുണ്ടായിരുന്നു. പാല്‍പ്പൊടി കിട്ടാത്തതില്‍ ആ കുഞ്ഞുമനസ്സ് വല്ലാതെ വേദനിച്ചിരിക്കുന്നുവെന്ന് എനിക്ക് മനസ്സിലായി. ഞാന്‍ മുറ്റത്തേക്കിറങ്ങി ആഗ്യം കാണിച്ച് അവരെ തിരിച്ചു വിളിച്ചു. തിരിഞ്ഞു നോക്കി നടന്നു പോകുന്നതല്ലാതെ അവര്‍ തിരിച്ചു വന്നില്ല. ഞാനെന്തെങ്കിലും ചെയ്യുമോയെന്ന ഭയം കാരണം വരാത്തതാവാം. ഞാന്‍ ഓടിപ്പോയി കിച്ചനില്‍ നിന്നും പാല്‍പ്പൊടി പാത്രം എടുത്ത്‌കൊണ്ടു വന്ന് അവരെ വിളിച്ചു. അല്‍പം ശങ്കിച്ചു നിന്ന് പതിയേ എന്റെ അടുത്തേക്കവര്‍ നടന്നു. ഞാന്‍ പാല്‍പ്പൊടി പാത്രം തുറന്നതും മോളി ഓടി വന്ന് അവളുടെ കുഞ്ഞിക്കൈ എന്റെ നേരേ മലര്‍ത്തി നീട്ടി. ഞാന്‍ രണ്ടു പേര്‍ക്കും ഓരോ ടീസ്പൂണ്‍ വീതം പാല്‍പ്പൊടി കൊടുത്ത് തിരിച്ചു നടന്നു.
പിറ്റേ ദിവസം വാതിലില്‍ മുട്ട് കേട്ടാണ് ഞാന്‍ ഉണര്‍ന്നത്. വാതില്‍ തുറന്ന് പുറത്തു വന്ന എനിക്കു നേരേ മോളി അവളുടെ കുഞ്ഞിക്കൈ നീട്ടി അറബിയില്‍ എന്തോ പറഞ്ഞു. അവളുടെ മറുകൈ പിടിച്ച് ബോബനുമുണ്ട് കൂടെ. പറഞ്ഞത് എന്താണെന്നെനിക്ക് മനസ്സിലായില്ലെങ്കിലും, കാര്യം പിടികിട്ടി. 'ഹാ.! ഇതു കൊള്ളാലോ.! 'ചോദിച്ചാല്‍ കിട്ടുമെന്ന് മനസ്സിലാക്കിയിട്ടാവണം അവര്‍ മോഷ്ടിക്കാന്‍ ശ്രമിച്ചില്ലല്ലോ'. സന്തോഷത്തോടെ ഞാന്‍ രണ്ടു പേര്‍ക്കും പാല്‍പ്പൊടി കൊടുത്തു. പിന്നെ അതൊരു സ്ഥിരം ഏര്‍പ്പാടായി. ആദ്യമാദ്യം പാല്‍പ്പൊടി വാങ്ങി പോകുമായിരുന്ന അവര്‍ പിന്നീട് എന്നോട് സംസാരിക്കാനും സിറ്റൗട്ടിലും മുറ്റത്തുമായി കളിക്കാനും തുടങ്ങി. എനിക്ക് അറബിയും അവര്‍ക്ക് മലയാളവും അറിയാത്തതിനാല്‍, തുടക്കം മുതലേ ഞങ്ങള്‍ 'അറബിമലയാള'ത്തില്‍ സംസാരിച്ചു. അതായത്, അവര്‍ അറബിയിലും ഞാന്‍ മലപ്പുറം സ്ലാംഗില്‍ മലയാളത്തിലും. അങ്ങിനെയായിരുന്നു ഞങ്ങളുടെ അറബിമലയാളത്തിലുള്ള സംസാരം. ചിരിച്ചുകൊണ്ട് എന്റെ വ്യസനത്തിന്റെ ഓരോ അദ്ധ്യായങ്ങളാണ് ഞാനവരോട് പറയുന്നതെന്ന് അവര്‍ക്കും, കൊഞ്ചിച്ചിരിച്ചവര്‍ പറഞ്ഞിരുന്നത് എനിക്കും മനസ്സിലായിരുന്നില്ലായെങ്കിലും, ആ സംസാരത്തില്‍ ഞങ്ങള്‍ സംതൃപ്തരായിരുന്നു. അവരുടെ വരവിനായി ഞാന്‍ പലപ്പോഴും കാത്തിരുന്നു. അവരുടെ വരവും, കളിയും, സംസാരവും ആ ദിവസങ്ങളില്‍ എനിക്ക് ചെറുതല്ലാത്ത ആശ്വാസമായിരുന്നു. ഞാനവരെ ബോബനെന്നും, മോളിയെന്നും, അവരെന്നെ അഹൂയ് (സഹോദരന്‍) എന്നും വിളിച്ചു. അങ്ങിനെ, ഗള്‍ഫിലെ എന്റെ ആദ്യ സുഹൃത്തുക്കളെന്ന സ്ഥാനം ബോബനും മോളിയും പങ്കിട്ടെടുത്തു.
.............................................................................................................................................................
ഞങ്ങള്‍ സി.ഐ.ഡികളാണ്, ഞങ്ങള്‍ക്ക് മുര്‍ത്താനിയുടെ മുറിയൊന്ന് കാണിച്ചു തരണം.
.............................................................................................................................................................
അങ്ങിനെ ഒരു മാസം കടന്നു പോയികാണും..
അന്നൊരു ഒഴിവ് ദിവസം രാവിലെ, ഞാന്‍ സിറ്റൗട്ടിലിരുന്ന് നഖം മുറിക്കുകയാണ്. ഉപ്പ കിച്ചനിലും, ഇക്ക റൂമിലുമുണ്ട്. നാല് അറബികള്‍ സലാം പറഞ്ഞ് കടന്നു വന്നു. ഞാന്‍ സലാം മടക്കി. അറബിയില്‍ എന്തൊക്കെയോ അവരെന്നോട് ചോദിക്കുന്നതിനിടയില്‍ ഉപ്പ വന്നു.
ഉപ്പയോടായി അവര്‍ ചോദിച്ചു-ഇവിടെ ഒരു മുര്‍ത്താനി കുടുംബം താമസിക്കുന്നില്ലേ.?
മറുപടിയായി ഉപ്പ പറഞ്ഞു- ഉണ്ട്. നിങ്ങള്‍ ബലദിയയില്‍ (മുന്‍സിപ്പാലിറ്റി) നിന്നാണോ..?'
അതിലൊരാള്‍ കന്തൂറക്കീശയില്‍ നിന്നും ഒരു കാര്‍ഡെടുത്ത് കാണിച്ചുകൊണ്ട് പറഞ്ഞു-'അല്ല, ഞങ്ങള്‍ സി.ഐ.ഡികളാണ്, ഞങ്ങള്‍ക്ക് മുര്‍ത്താനിയുടെ മുറിയൊന്ന് കാണിച്ചു തരണം.
ഇത്രയും കാലമായിട്ടും ഞാനകെ കണ്ടിട്ടുള്ള സി.ഐ.ഡികള്‍ മൂലംകുഴിയില്‍ സഹദേവനും, ദാസനും, വിജയനും മാത്രം. ഇന്നിതാ ജീവിതത്തില്‍ ആദ്യമായി ഒന്നല്ല, നാല് ഒറിജിനല്‍ സി.ഐ.ഡികളെ കണ്ടിരിക്കുന്നു. ആഹാ! എന്തൊരു സന്തോഷം. ഞാനവരെ കണ്ട് കൊതി തീരുന്നതിനു മുന്‍പ് ഉപ്പ എന്നോട് പറഞ്ഞു- നീയാ മൂര്‍ത്താനിയുടെ മുറിയൊന്ന് ഇവര്‍ക്ക് കാണിച്ചു കൊടുത്തേ..
ഞാന്‍ ചോദിച്ചു- 'ഏത് മുര്‍ത്താനിയുടെ?'
'ആ കുട്ടികളുള്ള മൂര്‍ത്താനിയുടെ'- ഉപ്പ മറുപടി പറഞ്ഞു.
അവര്‍ക്ക് കാണേണ്ടത് ബോബന്റെയും മോളിയുടേയും ബാബയേ ആയിരുന്നു. ഞാനവരുടെ കൂടെ പോയി. എന്നോടവര്‍ പേര് ചോദിച്ചു, ഞാന്‍ പേര് പറഞ്ഞു കൊടുത്തു. പിന്നെ എന്തോ ചോദിച്ചപ്പോള്‍ പഠിച്ചുവെച്ച ആ ഡയലോഗ് ഞാനെടുത്തലക്കി-'അന ജദീദ്, അന മാഫി മാലൂം അറബി.' (ഞാന്‍ പുതിയതാണ്, എനിക്ക് അറബി അറിയില്ല)
എന്റെ ഡയലോഗ് ഡെലിവറിക്കു ശേഷം ഞാനവര്‍ക്ക് മുര്‍ത്താനിയുടെ മുറി ചൂണ്ടിക്കാണിച്ചു തിരികേ വരാന്‍ നേരം കൂടെ ചെല്ലാന്‍ അവരെന്നോട് ആഗ്യം കാണിച്ചു. ഞാന്‍ കൂടെ പോയി. ഞങ്ങള്‍ മുര്‍ത്താനിയുടെ വാതില്‍ക്കലെത്തി. വാതിലിന്റെ ഇരുവശത്തുമായി രണ്ടു സിഐഡികള്‍ വീതം എന്തിനും തയ്യാറായി നിന്നിട്ടെന്നോട് വാതിലില്‍ മുട്ടി 'ബാബാ' എന്ന് വിളിക്കാന്‍ ആവശ്യപ്പെട്ടു. എന്തോ കുഴപ്പമുണ്ടെന്ന് എനിക്കപ്പോഴാണ് മനസ്സിലായത്. ഞാനപ്രകാരം രണ്ടുമൂന്ന് തവണ മുട്ടിവിളിച്ചു. അകത്തു നിന്നൊരു പ്രതികരണവും ഉണ്ടാവത്തതിനേ തുടര്‍ന്ന് വിളി നിര്‍ത്തി ഞാന്‍ സിഐഡികളെ നോക്കി. വീണ്ടും വിളിച്ചു കൊണ്ടിരിക്കാന്‍ അവര്‍ ആവശ്യപ്പെട്ടു. അനുസരിക്കുകയല്ലാതെ നിവൃത്തിയില്ല. നാലഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ 'ഐവാ' എന്ന പ്രതികരണത്തോടെ മുര്‍ത്താനി കതകിനടുത്തേക്ക് വന്നു. മൂര്‍ത്താനി വാതില്‍ തുറന്നതും ഒരു സിഐഡി എന്നെ വകഞ്ഞ് പിറകിലേക്ക് മാറ്റി. ആ മാറ്റലില്‍ ഞാനൊന്ന് വട്ടം കറങ്ങി നിന്നപ്പോഴേക്കും മുര്‍ത്താനിയുടെ കൈ രണ്ടും പിറകിലേക്ക് വെച്ച് വിലങ്ങിട്ടിരുന്നു. ശേഷം പോക്കറ്റില്‍ നിന്നും കാര്‍ഡെടുത്ത് സിഐഡികളാണെന്ന് മുര്‍ത്താനിയെ ബോധ്യപ്പെടുത്തി. അടുത്ത നിമിഷം അയാളേയും കൊണ്ടവര്‍ സ്ഥലം വിട്ടു. ഞാനാ കാഴ്ച്ച കണ്ട് സ്തംഭിച്ചു നിന്നു. വൈകാതെ ഒരു പ്രാര്‍ത്ഥന എന്റെയുള്ളില്‍ മുഴങ്ങി, പടച്ചോനേ.. ഇനിയുള്ള കാലം ദാസനേയും, വിജയനേയും, സഹദേവനേയും കണ്ട് ജീവിച്ചുകൊള്ളാം. കാര്‍ഡ് കാണിക്കുന്ന സിഐഡികളെ എനിക്ക് നീ കാണിക്കല്ലേ റബ്ബേ.
ഞാനയാളെ വിളിച്ചിറക്കി ചതിച്ചുവെന്ന് മുര്‍ത്താനിക്ക് തോന്നിയിട്ടുണ്ടാവുമോ? ഞാന്‍ വളരെ വിഷമത്തിലായി.
ഏയ്.! ഞാനതിനൊന്നും ചെയ്തില്ലല്ലോ. എന്റെ നിസ്സഹായാവസ്ഥ അദ്ദേഹം മനസ്സിലാക്കും. ഞാനങ്ങിനെ ചിന്തിച്ചു നില്‍ക്കവേ മുര്‍ത്താനിയുടെ കതകിനു സമീപത്ത് നിന്നും അടക്കിപ്പിടിച്ചൊരു തേങ്ങല്‍ കേട്ടു. ബോബന്റെയും മോളിയുടേയും മാമ (അമ്മ) അവിടെ നിന്ന് കരയുകയാണ്. എനിക്കങ്ങോട്ട് നോക്കാന്‍ മനസ്സുവന്നില്ല. ഞാനവര്‍ക്ക് മുഖം കൊടുക്കാതെ തൃതിയില്‍ മുറിയിലേക്ക് നടന്നു. മുറിയിലെത്തി അല്പ നേരം കഴിഞ്ഞേയുള്ളൂ, 'ബാബാ' എന്ന് അലറി വിളിച്ചുള്ള ബോബന്റെ ഉച്ചത്തിലുള്ള കരച്ചില്‍ കേട്ട് ഞാന്‍ പുറത്തിറങ്ങി. ഗെയ്റ്റിന് വെളിയില്‍ വന്ന് ഷെയ്ഖ് സായിദ് റോഡിലേക്ക് നോക്കി അവന്റെ ബാബയെ വിളിച്ച് കരയുകയാണ്. ഷെയ്ഖ് സായിദ് റോഡിലൂടെ പോകുന്ന അവന്റെ ബാബ കേള്‍ക്കാനെന്ന മട്ടില്‍ കുറേ നേരം പൊട്ടിക്കരഞ്ഞവന്‍ എന്തൊക്കെയോ വിളിച്ചു പറഞ്ഞു. പിന്നീടവന്റെ കുഞ്ഞുതൊണ്ടയ്ക്കാവുന്നത്ര ഉച്ഛത്തില്‍ അലറിക്കരഞ്ഞവന്‍ മുറിയിലേക്കോടി. അല്‍പ നേരം കഴിഞ്ഞ് കരഞ്ഞു കൊണ്ടവന്‍ വീണ്ടും ഗെയ്റ്റിന് പുറത്തേക്കോടി. രണ്ടു ദിവസത്തോളം പലപ്പോഴായി അവന്‍ ഇവ്വിധം കരഞ്ഞു കൊണ്ടിരുന്നു. ആ കാഴ്ച ഞങ്ങളെയെല്ലാം വലിയ വിഷമത്തിലാക്കി. അതില്‍ പിന്നെ ബോബനും മോളിയും പാല്‍പ്പൊടിക്കോ മജ്ലിസിന് അടുത്തേക്കോ വന്നില്ല. എനിക്കവരോട് സംസാരിക്കാനും സാധിച്ചില്ല. ഒരാഴ്ച്ചക്ക് ശേഷം ആ മുര്‍ത്താനി കുടുംബം അവിടം വിട്ടു പോയി. പിന്നീട് ഞാനവരെ കണ്ടിട്ടേയില്ല.
എട്ട് വര്‍ഷങ്ങള്‍, എട്ട് ദിവസം പോലെ കൊഴിഞ്ഞു പോയിരിക്കുന്നു...
എനിക്കിന്ന് ഒന്നര വയസ്സ് പ്രായമുള്ള ഒരു മകനുണ്ട്. ഞാനവന്റെ അടുത്തുണ്ടെങ്കില്‍ അവന് എന്തിനും എന്നെ മതി. ഞാന്‍ പോകുന്നിടത്തെല്ലാം അവനും കൂടെ വരണം. 2019 മാര്‍ച്ചില്‍ നാട്ടില്‍ നിന്നും ഞാന്‍ തിരിച്ചു വരികയാണ്. എല്ലാവരോടും യാത്ര പറഞ്ഞ് മോന്റെ കവിളില്‍ മുത്തവും കൊടുത്ത് മോനെ ഉപ്പാടെ കയ്യിലേല്‍പ്പിച്ച് ഞാന്‍ കാറില്‍ കയറിയിരുന്നു. അവസാനവട്ട ഓര്‍മ്മിപ്പിക്കലിനായി മോനേയും കൊണ്ട് കാറിനടുത്ത് വന്ന് ഉപ്പ ചോദിച്ചു -'മോനേ പാസ്പോര്‍ട്ടും ടിക്കറ്റും എടുത്തില്ലേ?'
ഗള്‍ഫിലേക്കുള്ള എല്ലാ തിരിച്ചു പോക്കിലും വീട്ടില്‍ നിന്ന് പടിയിറങ്ങുമ്പോള്‍ ചിലതെല്ലാം തടഞ്ഞു നിര്‍ത്തേണ്ടതിന്റെ ഭാഗമായി സംസാരം പതിവില്ല. ഉപ്പാടെ ചോദ്യത്തിനുള്ള മറുപടിയായി, 'എടുത്തിട്ടുണ്ട്' എന്നര്‍ത്ഥത്തില്‍ ഞാന്‍ തലയാട്ടി. ഞാന്‍ എങ്ങോട്ടോ പോവുകയാണെന്ന് മനസ്സിലാക്കിയ മോന്‍ രണ്ടു കയ്യും നീട്ടി 'ബ്ബാ' (അബ്ബാ) എന്ന് വിളിച്ച് എന്റെ കൂടെ വരാനൊരുങ്ങി ഷര്‍ട്ടില്‍ പിടിച്ചു വലിച്ചു. അതുവരേ മൗനവ്രതമെടുത്ത് ഞാന്‍ തടഞ്ഞു നിര്‍ത്തിയതെന്തോ അതെന്റെ കവിളിലൂടെ രണ്ടരുവി കണക്കേ ഒഴുകിയിറങ്ങി. ഞാന്‍ അവന്റെ പിടുത്തം വിടുവിച്ച് വണ്ടിയെടുക്കാന്‍ പറഞ്ഞു. പടികടന്നകലുമ്പോഴും അത്യുച്ചത്തില്‍ എന്നേ വിളിച്ചുള്ള മോന്റെ കരച്ചില്‍ എനിക്ക് കേള്‍ക്കാമായിരുന്നു. ആ കരച്ചില്‍ എനിക്ക് നല്ല പരിചയമുണ്ട്, അത് ബോബന്റെ കരച്ചിലായിരുന്നു...
ദേശാന്തരം: മുഴുവന്‍ കുറിപ്പുകളും ഇവിടെ വായിക്കാം