അറിയണം, പ്രവാസികള്‍ എങ്ങനെയൊക്കെയാണ് കൊറോണയെ അതിജീവിച്ചതെന്ന്!

By corona days  |  First Published Sep 21, 2020, 5:06 PM IST

ആദ്യ ഘട്ടങ്ങളില്‍ ഈ ഞാനടക്കം, കൊറോണ പിടിപെട്ടാല്‍ മരണത്തിന് കീഴടങ്ങുകയേ നിവൃത്തിയുള്ളുവെന്ന് വിശ്വസിച്ചു പോന്നവരാണ്. പതിയെ പതിയെ യു.എ.ഇ യും കൊറോണയുടെ പിടിയില്‍ അകപ്പെട്ടതോടെ അതിനെപ്പറ്റി  വിശദമായി പഠിക്കാനും നേരില്‍ കണ്ടറിയാനും അമിതഭയത്തില്‍ നിന്നും മോചനം നേടുവാനും സാധിച്ചു.


കൊറോണക്കാലം-ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മലയാളികളുടെ കൊവിഡ് 19 അനുഭവങ്ങള്‍. വീട്, ആശുപത്രിതെരുവ്...കഴിയുന്ന ഇടങ്ങള്‍ ഏതുമാവട്ടെ, നിങ്ങളുടെ അനുഭവങ്ങള്‍ എഴുതി ഒരു ഫോട്ടോയ്‌ക്കൊപ്പം submissions submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. മെയില്‍ അയക്കുമ്പോള്‍ സബ്ജക്ട് ലൈനില്‍ കൊറോണക്കാലം എന്നെഴുതണം

 

Latest Videos

undefined

 

പകലുറങ്ങി രാത്രികാലങ്ങളിങ്ങനെ ചിന്തിച്ചും വേവലാതി പൂണ്ടും ജീവിക്കുന്നൊരു കാലമായിരുന്നു കൊറോണയുടെ പ്രാരംഭഘട്ടം. കാര്യമായ കാര്യങ്ങളില്‍ ഏര്‍പ്പെടുകയും ജോലി ചെയ്യുകയും ആഘോഷങ്ങളിലും സന്തോഷങ്ങളിലും പങ്കുകൊണ്ടു ജീവിതം സുഖസുന്ദരമാക്കിയ നല്ല ജീവിതത്തെ മാറ്റിമറിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു, കൊറോണക്കാലം. 

മുന്നിലൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല, എല്ലുമുറിയെ പണിയെടുക്കുക, പല്ലുമുറിയെ തിന്നുകയെന്ന തത്വത്തില്‍ വിശ്വസിച്ച നാളുകള്‍. കൊവിഡ് മഹാമാരിയുടെ ആദ്യഘട്ടത്തില്‍ ഞാന്‍ ദുബായിലായിരുന്നു. എല്ലാവരെയും പോലെ ഞാനും ഏറെ സങ്കടപ്പെട്ടു, പ്രയാസപ്പെട്ടു. പെട്ടെന്നുണ്ടായ ഒരു ഭീകരാക്രമണം പോലെയായിരുന്നല്ലൊ ഈ മഹാമാരിയുടെ വരവ്. 

പെട്ടെന്നുണ്ടായ കൊറോണ ഭീതി നാട്ടിലുള്ളവരേക്കാളേറെ പ്രവാസികളെ പ്രയാസപ്പെടുത്തി എന്നതില്‍ സംശയമില്ല. അടച്ചുപൂട്ടലുകള്‍ക്കിടയില്‍ ശ്വാസം മുട്ടിപ്പോയിട്ടുണ്ട്. തെല്ലൊന്നുമല്ല സങ്കടപ്പെട്ടത്. ഇന്നല്ലെങ്കില്‍ നാളെ, നാളെയല്ലെങ്കില്‍ മറ്റൊരുനാള്‍, അങ്ങനെ ഓരോ ദിവസവും പ്രയാസപ്പെട്ട് കടിച്ചമര്‍ത്തി ഉള്ളിലൊതുക്കി കഴിഞ്ഞു. എന്താണ് സംഭവിക്കുന്നതെന്ന് യാതൊരു ബോധവുമില്ലാത്ത ഭീകരമായ ഒരു അവസ്ഥ. ആദ്യ ഘട്ടങ്ങളിലൊക്കെ കൊറോണ ഭയാനകമായ ഒരു ചിത്രമായിരുന്നു ഉള്ളില്‍ നിറച്ചത്. 

ചൈനയില്‍നിന്നും ഇറ്റലിയില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ ഭീതിയുണ്ടാക്കുന്നതായിരുന്നു. യാത്രക്കാരെ റോഡില്‍ പിടിച്ചു നിര്‍ത്തി പോലീസിന്റെയും ആരോഗ്യപ്രവര്‍ത്തകരുടെയും പരിശോധനകള്‍. രോഗിയെന്ന് സംശയിക്കുന്നവരെ, വന്യജീവികളെ പോലെ പിടിച്ചു കൂട്ടിലാക്കുകയും പിപിഇ കിറ്റ് മൂടിപുതപ്പിച്ച്, കൂച്ചു വിലങ്ങിട്ട് കൊണ്ടുപോകുന്നതും കണ്ടവരില്‍ ഭയക്കാത്തവര്‍ ആരുമുണ്ടാകില്ല. സോഷ്യല്‍ മീഡിയകളിലെ കൊറോണ വാര്‍ത്തകള്‍ കൊണ്ടുമാത്രം മാനസികമായി തളര്‍ന്നുപോയിട്ടുണ്ട്. ആദ്യ ഘട്ടങ്ങളില്‍ ഈ ഞാനടക്കം, കൊറോണ പിടിപെട്ടാല്‍ മരണത്തിന് കീഴടങ്ങുകയേ നിവൃത്തിയുള്ളുവെന്ന് വിശ്വസിച്ചു പോന്നവരാണ്. പതിയെ പതിയെ യു.എ.ഇ യും കൊറോണയുടെ പിടിയില്‍ അകപ്പെട്ടതോടെ അതിനെപ്പറ്റി  വിശദമായി പഠിക്കാനും നേരില്‍ കണ്ടറിയാനും അമിതഭയത്തില്‍ നിന്നും മോചനം നേടുവാനും സാധിച്ചു.

ജോലിക്കിടയിലെ തിരക്കില്‍, മറന്നുവെച്ച പലതും ഓര്‍ത്തെടുക്കാന്‍ ലോക്ക് ഡൗണ്‍ കാലത്ത് കഴിഞ്ഞു. ജീവിതരീതികളില്‍ മാറ്റം കൊണ്ടുവരാന്‍ പഠിക്കണമെന്ന് ചിന്തിച്ചു തുടങ്ങി. ഘടികാരത്തിലെ സെക്കന്റ് സൂചിയാണ് നമ്മള്‍, ഓരോ നിമിഷവും തന്റെ ജീവിതം മറന്ന്  പണത്തിനുവേണ്ടി മാത്രം പരക്കം പായുന്ന സെക്കന്റ് സൂചി. പ്രവാസികളുടെ ബാറ്ററി തീര്‍ന്നുപോയോ എന്ന് സംശയിച്ച ലോക്ക്ഡൗണ്‍ കാലം. ഇട്ടാവട്ടങ്ങളില്‍ നാല് ചുമരുകള്‍ക്കുള്ളില്‍ പരിപ്പിന്‍ കറിയും ചോറും, തൊട്ടുനുണക്കാന്‍ അച്ചാറുപോലുമില്ലാതെ കഞ്ഞിയും മാത്രം കുടിച്ചും രണ്ടുമാസത്തോളം കഴിയേണ്ടിവരുന്ന അവസ്ഥ. സാധാരണ നിലയില്‍ കഴിയുന്നവര്‍ക്കും ആര്‍ഭാടങ്ങള്‍ കൊണ്ടും പൊങ്ങച്ചം കൊണ്ടും കഴിയുന്നവര്‍ക്കും മാനസികമായ ഉള്‍മുറുക്കം സംഭവിച്ചിട്ടുണ്ട്. കാലങ്ങളായി കരുതി വെച്ചതെന്തോ ദൈവം നമുക്ക് മുന്നിലെറിഞ്ഞു തന്നതാണെന്ന് അന്നേരം തോന്നി.

ദിവസങ്ങള്‍ കഴിയുന്തോറും നാടണയണം എന്ന ചിന്ത മുറുകി.  ജീവിതം ഈ മുറികള്‍ക്കുള്ളില്‍ ആയിപ്പോകുമോയെന്ന ആശങ്ക. നാട്ടിലേക്ക് മടങ്ങാനോ ചിന്തിക്കാനോ കഴിയാത്ത സാഹചര്യം. ഫ്ളൈറ്റ് യാത്ര നിര്‍ത്തി വെച്ചു. ''അടുത്ത ആഴ്ച ഓപ്പണാകും, പത്തിന് ഓപ്പണാകും പന്ത്രണ്ടിന് ഓപ്പണാകും''.  ''അതില്‍ രജിസ്റ്റര്‍ ചെയ്യണം ഇതില്‍ രജിസ്റ്റര്‍ ചെയ്യണം മറ്റേതില്‍ രജിസ്റ്റര്‍ ചെയ്യണം'' പ്രവാസികളെ ചവിട്ടിയരച്ച, കൊഞ്ഞനം കുത്തിക്കളിച്ച ഭരണാധികാരികള്‍. അവസാനം, ഫ്ളൈറ്റ് ഓപ്പണായപ്പോള്‍ ഒരു ഫോണ്‍ കോളിനായി ഉറക്കത്തില്‍ നിന്നും പോലും ഞെട്ടിയുണര്‍ന്ന് നിരാശപ്പെടേണ്ടി വന്ന അവസ്ഥ. ഇന്നേവരെ ജീവിതത്തില്‍ നേരിട്ടില്ലാത്ത ജീവിതാനുഭവം. കാത്തിരിപ്പിനും നെടുവീര്‍പ്പിനും ഒടുവില്‍ വന്ദേഭാരത് മിഷന്റെ ഫ്ളൈറ്റില്‍ നാടണയാന്‍ അവസരം കിട്ടിയപ്പോള്‍ പിന്നെയൊന്നും ആലോചിക്കേണ്ടി വന്നില്ല. പാസ്‌പോര്‍ട്ടും പെറുക്കിയെടുത്ത ചില്ലറത്തുട്ടുകളുമൊപ്പിച്ച് എയര്‍ ഇന്ത്യ ഓഫീസിലേക്ക് ഓടി ടിക്കറ്റെടുത്തപ്പോള്‍ കിട്ടിയ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. 

വന്ദേഭാരത് മിഷന്റെ ഫ്‌ളൈറ്റ് എയര്‍ ഇന്ത്യയുടെ ടൈം, ഉച്ചക്ക് രണ്ടു മണിക്കായിരുന്നു. അഞ്ചു മണിക്കൂര്‍ മുന്നേ റിപ്പോര്‍ട്ട് ചെയ്യണമെന്ന നിര്‍ദേശമുണ്ടായിരുന്നു. ആ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ പിറ്റേന്ന്, അതിരാവിലെ എഴുന്നേറ്റ് യാത്രയുടെ ഒരുക്കങ്ങളൊക്കെ പൂര്‍ത്തിയാക്കി എയര്‍പോര്‍ട്ടിലേക്ക് ഓടിപിടിച്ചു. അപ്പോളാണ് ഫ്‌ലൈറ്റ് വൈകുമെന്ന് അറിയുന്നത്. ഏഴു മണിക്കാണത്രേ ഫ്‌ലൈറ്റ്. മണിക്കൂറുകള്‍, വെയിലും ചൂടും കൊണ്ട് എയര്‍പോര്‍ട്ടിന് പുറത്തിരിക്കേണ്ടി വരുന്ന അവസ്ഥ ചിന്തിക്കാന്‍ കഴിയുന്നതിനും അപ്പുറത്താണ്. കിലോമീറ്ററോളം ദൂരം താണ്ടി രാവിലെ എയര്‍പോര്‍ട്ടിലെത്തിയ പലരും ഏറെ പ്രയാസപ്പെട്ടു. എനിക്ക് റൂമിലേക്ക് മടങ്ങാന്‍ കഴിയുമെന്നതുകൊണ്ട് ഞാന്‍ റൂമിലേക്ക് മടങ്ങി. ഉച്ചയായപ്പോള്‍ വീണ്ടും എയര്‍പോര്‍ട്ടില്‍ തിരിച്ചെത്തി. നീണ്ട ആ പ്രയാസങ്ങള്‍ക്കൊടുവില്‍ മാസ്‌ക്കും പിപിഇ കിറ്റും സാനിറ്റൈസറും രക്ഷാകവചവുമായി ശ്വാസം മുട്ടലോടെ, ഭയത്തോടെ നാടണഞ്ഞു, കൂടണഞ്ഞു.

click me!