കൊറോണക്കാലം. കുവൈറ്റില്‍ നഴ്‌സ ആയ ജിന്‍സി പാലാ എഴുതുന്നു
കൊറോണക്കാലം-ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മലയാളികളുടെ കൊവിഡ് 19 അനുഭവങ്ങള്‍. വീട്, ആശുപത്രി, ഓഫീസ്, തെരുവ്...കഴിയുന്ന ഇടങ്ങള്‍ ഏതുമാവട്ടെ, നിങ്ങളുടെ അനുഭവങ്ങള്‍ എഴുതി ഒരു ഫോട്ടോയ്‌ക്കൊപ്പം submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. മെയില്‍ അയക്കുമ്പോള്‍ സബ്ജക്ട് ലൈനില്‍ കൊറോണക്കാലം എന്നെഴുതണം.
undefined
രാവിലെ വന്ന ഒരു കോളിലാണ്, ഒരു സഹപ്രവര്‍ത്തകയ്ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചതറിഞ്ഞത്. അവരുടെ ഭര്‍ത്താവും മക്കളും ഐസൊലഷനില്‍ പോകണം. ചിലപ്പോള്‍ ആ കെട്ടിടത്തില്‍ ജീവിക്കുന്ന മറ്റു താമസക്കാരും. അവരുമായി ബന്ധപെട്ട കച്ചവടക്കാര്‍ മുതല്‍ കൊച്ചിന് ട്യൂഷന്‍ കൊടുക്കുന്ന ടീച്ചര്‍ അടക്കം എല്ലാവരും നീരിക്ഷണത്തില്‍ പോകും. അറിയാതെ അവരോടു സംസാരിക്കുകയോ കൂടെയിരിക്കുകയോ ചെയ്ത സഹപ്രവര്‍ത്തകര്‍ പോലും, എന്തിനേറെ അവരെ കാണുകയോ മിണ്ടുകയോ ചെയ്തവര്‍ പോലും. അവരെല്ലാമിപ്പോള്‍ ഭയപ്പെടുന്നുണ്ടാവും. ആരുമറിയാതെ, ഏതോ ഒരു രോഗിയില്‍ നിന്നും പകര്‍ന്നതാവും വൈറസ്.അത്തരം സാദ്ധ്യതകളാണ് ഒരു നഴ്‌സിനു മുന്നില്‍ എന്നുമുള്ളത്. ഭയമുണ്ടെങ്കിലും രോഗികളെ പരിചരിക്കാതിരിക്കില്ല, ഒരു നഴ്‌സും. എങ്കിലും, അന്നേരങ്ങളില്‍ നഴ്‌സുമാരുടെ ഉള്ളിനുള്ളിലെ അവസ്ഥ, ഉള്‍ഭയം ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
ഉണ്ടാവാന്‍ വഴിയില്ല. ചിലരൊക്കെ പറയും, ഇതൊക്കെ നേഴ്‌സ് ആവുമ്പോള്‍ സ്വാഭാവികമാണ്, നിങ്ങള്‍ മുമ്പേ പ്രതീക്ഷിക്കണമായിരുന്നു എന്നൊക്കെ. എന്നാല്‍ ഭയവും ആശങ്കയും ചേരുമ്പോള്‍ ഉണ്ടാകുന്ന ഒരു മാനസികവസ്ഥയുണ്ട്, അതറിയാന്‍ എളുപ്പമല്ല. അറിയണം എന്നുണ്ടെങ്കില്‍ കൊവിഡ് 19 പെട്ട രോഗികളെ പരിചരിച്ച നഴ്‌സ് സമുഹത്തോട് ചോദിച്ചാല്‍ മതി. വിശപ്പ് എന്തെന്നറിയാത്ത അവസ്ഥ,ഉ റക്കവും ക്ഷീണവും അറിയാത്ത അവസ്ഥ. അത്തരത്തില്‍ പെട്ട് പോയവരുടെ ചിത്രങ്ങള്‍ ആയിരുന്നു 'നമ്മുടെ മാലാഖമാര്‍' എന്ന അടിക്കുറിപ്പോടെ സോഷ്യല്‍ മിഡിയയില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത.
ജോലിക്ക് പോകുന്നതിനു മുമ്പ് നാട്ടിലേക്കുള്ള പതിവ് വിളിയില്‍ അമ്മച്ചിയുടെ ഒരു അടക്കം പറച്ചിലുണ്ട്. ഹൃദയഭിത്തികളില്‍ ഭയം കൊളുത്തി വലിക്കുന്ന കൊടിയ നോവ് അറിയാതെ പറഞ്ഞു പോകും. അമ്മേ എനിക്ക് മക്കളെ ഒന്ന് കാണണം, അപ്പനെ ഒന്നു കാണണം. പിന്നെയാണ് എല്ലാ വേവലാതിയും പൂക്കുന്നത്. മാറ്റിവെച്ച ഓര്‍മ്മകളെല്ലാം ഒന്നിനു പിറകെ ഒന്നായി പുറത്തുവരും. അറിയാതെ പല സുഹൃത്തുക്കളെയും വിളിച്ചു പോവും. എല്ലാവരും പറയുന്നത് ഒന്നാണ്-''സുക്ഷിക്കണം, ഞങ്ങള്‍ക്ക് നീ അല്ലാതെ ആരാണ്?'' മക്കളുടെ ഓര്‍മ്മകള്‍, അവരുടെ ഭാവി-ഇതെല്ലം ഹൃദയത്തില്‍ കൊള്ളിയാന്‍ മിന്നുമ്പോള്‍ വാക്കുകള്‍ വരണ്ടു പോവും.
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കൊവിഡ് സ്ഥിരികരിച്ചു എന്നറിഞ്ഞു ഉപദേഷ്ടാവ് ഡൊമിനിക് കുമിംഗ്‌സ് ഓടി രക്ഷപ്പെടുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ കാണുമ്പോളാണ് ഈ കൊറോണക്കാലത്തെക്കുറിച്ചും,അത്തരം മേഖലകളില്‍ ജോലി ചെയ്യുന്ന ഞങ്ങളെ കുറിച്ചും എഴുതണം എന്ന് തോന്നിയത്. കൂടെ നടന്നു വര്‍ഷങ്ങളായി നിഴലായി മാറുന്നവര്‍ പോലും ഓടി ഒളിക്കുന്ന ഈ അവസ്ഥയില്‍ ജീവിതവും മരണവും തമ്മിലുള്ള ഒളിച്ചു കളിയാണ് പലപ്പോഴും ഈ ജോലി. ഇവിടെ കുവൈറ്റില്‍, ദിനം പ്രതി കൂടുന്ന രോഗ ഭീകരത ഇപ്പോള്‍ പരമോന്നതിയില്‍ എത്തി കൊണ്ടിരിക്കുന്നു. പല സ്ഥലങ്ങളും ലോക്ക് ഡൗണ്‍ ആണ്. എങ്ങും ഭീകരതയും ആശങ്കയും. മൗനം മാത്രം ഭക്ഷിക്കാന്‍ പഠിപ്പിക്കുന്ന നഗര ജീവിതം ഇപ്പോള്‍ ഭയത്തിന്റെ പല മുഖങ്ങള്‍ കണ്ടു കൊണ്ടിരിക്കുന്നു.
ഭൂമിയിലെ ദുരിതങ്ങള്‍ക്കൊപ്പം ഏറ്റവും കൂടുതല്‍ കണ്ടിട്ടുള്ള മുഖങ്ങളില്‍ ഒന്ന് നേഴ്സ് തന്നെ ആയിരിക്കും. അപകടം, മരണം, ആശുപതി ജീവിതം, വാര്‍ദ്ധക്യ പരിചരണം തുടങ്ങി, മനുഷ്യന്റെ പിറവിയുടെ നേരത്തടക്കം എവിടെയും കണ്ട ഈ മുഖം പലപ്പോഴും നമ്മള്‍ മറന്നു പോകാറുണ്ട്. ഇവരെല്ലാം ചെയ്യുന്നത് ജോലിയല്ലേ, ജോലിയാവട്ടെ ശമ്പളത്തിനും, പിന്നെ ഇവര്‍ക്ക് എന്താണ് പ്രത്യേകത എന്നൊക്കെ ചോദിച്ചു പോവുന്നവരുടെ കൂട്ടത്തില്‍ നിങ്ങളും കാണുമായിരിക്കും അല്ലേ?
എങ്കിലും ഉറക്കം ഇല്ലാതെ, ഒരറപ്പും വെറുപ്പുമില്ലാതെ, മരണത്തിനു പോലും പിടി കൊടുക്കാതെ, മരണ മുഖത്ത് പകച്ചു നില്‍ക്കാതെ, ധീരമായി ജോലിയില്‍ ഏര്‍പ്പെടുന്നത് വെറുമൊരു ജോലി മാത്രമായി കരുതാനാവില്ല. ഇത് പോലുള്ള കൊറോണ കാലങ്ങളിലൊക്കെ ആയിരിക്കും അവരെ തിരിച്ചറിയാനാവുക. ലോകം തന്നെ ഭയങ്ങള്‍ക്കിടയിലൂടെ കഴിഞ്ഞുപോവുകയാണിപ്പോള്‍. മരണപെട്ടവരുടെ പട്ടികയില്‍ എത്ര ആരോഗ്യ പ്രവര്‍ത്തകര്‍ ഉണ്ടെന്ന് ആരും ചര്‍ച്ച ചെയ്തതായി അറിവില്ല. എങ്കിലും പലപ്പോഴായി കേട്ടു അത്തരം വാര്‍ത്തകള്‍. കൊറോണയുടെ കൊടുങ്കാറ്റില്‍ പെട്ടുപോയ ആരോഗ്യപ്രവര്‍ത്തകരുടെ മരണങ്ങള്‍.
ജീവിതം ഒരു ഓട്ടപ്പാച്ചിലാണ്. ആ ഓട്ടത്തിനിടയില്‍ കരിമ്പടം പോലെ അണിഞ്ഞു പോകുന്ന ഒന്നാണ് ജോലി. മുന്നിലെക്കുള്ള വഴി എന്ന പോലെ ആഴത്തില്‍ പിടി വീഴുമ്പോള്‍ അറിയാതെ ആ ജോലിയെ സ്‌നേഹിച്ചു പോകും. അതിനെ വേണമെങ്കില്‍ ആത്മാര്‍ത്ഥത എന്നോ സമര്‍പ്പണം എന്നോ പറഞ്ഞു പോകാം. ഏകാഗ്രതത അനിവാര്യമായ ജോലിയാണിത്. വളരെ സൂക്ഷ്മത നിറഞ്ഞ ജോല. അതിന്റെ കാരണം ഒന്നുമാത്രം. മരണവും ജീവിതവും തമ്മില്‍ ഉള്ള ഈ ഞാണിന്‍ മേലുള്ള കളിയുടെ പശ്ചാത്തലം.
നീണ്ടു നിവര്‍ന്നു കിടക്കുന്ന ആശുപത്രി വരാന്തയില്‍, നീളം കൂടിയ റിങ്ങിന് അപ്പുറത്ത് റിസപ്ഷനില്‍ നിന്ന് ഒരു വാക്ക് മതി, പനിയും ചുമയും ഉണ്ട് സൂക്ഷിക്കണം എന്നൊരു കമന്റ് മതി ഈ കൊറോണക്കാലത്ത് ഭയം കൊണ്ട് മൂടാന്‍. ഈ ദുരിത കാലത്ത് ഓരോ ആരോഗ്യപ്രവര്‍ത്തകരും കേള്‍ക്കാതിരിക്കാന്‍ ശ്രമിച്ച വാക്കുകളും ഇത് തന്നെയാവും. ഇങ്ങനെ ഉള്ളവരെ കണ്ടു മുട്ടരുതേ എന്ന്. ആരെങ്കിലം സംശയം പറയുമ്പോള്‍, സിസ്റ്ററെ മോന് ഇത് അഞ്ചാം മാസം ആണ്, അവന്‍ അമ്മിഞ്ഞപ്പാല്‍ അല്ലാതെ ഒന്നും കുടിക്കത്തില്ല, സിസ്റ്റര്‍ ഒന്ന് എനിക്ക് വേണ്ടി ആ രോഗിയെ ഒന്ന് പരിചരിക്കണം എന്നൊക്കെ സഹപ്രവര്‍ത്തകര്‍ പറയുമ്പോള്‍ അറിയാതെ ഓരോ നേഴ്‌സും ചിന്തിക്കുന്നുണ്ട് താന്‍ നടന്നു പോകുന്നത് മരണത്തിന്റെ മുന്നിലേക്ക് ആണെന്ന്.
ഉറങ്ങാതെ പ്രവര്‍ത്തിച്ച നിരവധി ആശുപത്രികള്‍, അവിടെയുള്ള പാതി മയങ്ങിയ നഴ്‌സുമാരുടെ മുഖങ്ങള്‍. മാധ്യമങ്ങളില്‍ വന്ന, ഈ കാലത്തിന്റെ മുഖചിത്രങ്ങളാണത്. ലോകത്ത് 20 കോടിയോളം നേഴ്‌സ്മാര്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ മധ്യ പൗരസ്ത്യ ദേശത്തും, യുറോപ്പിലും,അമേരിക്കയിലും ജോലിചെയ്യുന്നവരില്‍ കൂടുതലും ഫിലിപ്പൈനികളും ഇന്ത്യക്കാരും ആണ്. ഇന്ത്യയിലെ നേഴ്‌സുമാരുടെ കൂട്ടത്തില്‍ മലയാളികളാണ് കൂടുതല്‍. കേരളത്തില്‍ തന്നെ കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം തുടങ്ങിയ ജില്ലകളില്‍ ഉള്ളവരാണ് അധികപേരും. മക്കളെ നാട്ടില്‍ നിര്‍ത്തി ഹോസ്റ്റല്‍ കെട്ടിടങ്ങളില്‍ ജീവിക്കുന്നവരാണ് ഇവരിലേറെയും. നാട്ടിലെ ആശങ്കയും ഇവിടെയുള്ള ജോലിയുടെ ഭീതിയും കൂടുമ്പോള്‍ പലപ്പോഴും തോന്നിപ്പോകാറുണ്ട് എന്തിനാണ് ഇങ്ങനെ ഒരു ജോലി എന്ന്.
ചൈനയില്‍ നിന്ന് ഉത്ഭവിച്ച് ഇന്ന് ഏകദേശം രണ്ടു ലക്ഷത്തോളം ആളുകളെ കൊന്ന ഈ കൊടും വൈറസ് സൃഷ്ടിച്ച ഭീതിയില്‍ തകരന്നത് ലോക രാജ്യങ്ങളുടെ നീണ്ട പ്രയ്തനം കൂടിയാണ്. സമ്പന്നരും ആയുധവും കയ്യൂക്കും കൊണ്ട് ലോകത്തെ വിറപ്പിച്ചവരുമൊക്കെ ഇന്ന് പൂച്ചകളാവുന്നു. ''പണം എനിക്ക് വേണ്ട, എനിക്ക് എന്നെ തിരിച്ചു തന്നാല്‍ മതി'' എന്നൊക്കെ ആളുകള്‍ പറയുന്ന കാലം. മനുഷ്യ ജന്മത്തെ പോലും നിസ്സാരമാക്കുന്ന നേരം. ഇനിയും അണയാത്ത ഈ മഹാമാരി ഇവിടെ കൊന്നു തീര്‍ക്കുക എത്രപേരെയെന്ന് ആര്‍ക്കും അറിയില്ല.
പിടഞ്ഞു മരിച്ചവരില്‍ കുറേ പേര്‍ ആരോഗ്യ പ്രവര്‍ത്തകരാവാം. നഴ്‌സുമാരാവാം. ഈ സമരത്തില്‍ പൊലിഞ്ഞുപോയവര്‍. അവരുടെ കുടുംബങ്ങള്‍. അനാഥരായ മക്കള്‍. അന്ത്യ ചുംബനം പോലും നല്‍കാന്‍ കഴിയാത്ത അവരുടെ പ്രിയതമന്‍മാര്‍. ഇവരെയെല്ലാം മനസ്സാലെ ചേര്‍ത്ത് വിങ്ങിക്കരയുമ്പോഴും ഓരോ നേഴസും ഹൃദയത്തില്‍ സുക്ഷിക്കുന്ന ചിലതുണ്ട്. പ്രിയപ്പെട്ടവര്‍ അയച്ച സന്ദേശങ്ങള്‍. '' നിന്നെ കുറിച്ചോര്‍ത്ത് അഭിമാനം തോന്നുന്നു''എന്ന പറച്ചിലുകള്‍. അതൊക്കെയാണ് ഒടുവില്‍ ബാക്കിയാവുന്നതും.