ഇപ്പോഴാണ് വീട്ടുവളപ്പിലെ പൂമ്പാറ്റകളെയും കിളികളെയുമൊക്കെ കാണുന്നത്...

By corona days  |  First Published Apr 15, 2020, 8:09 PM IST

കൊറോണക്കാലം. ലോക്ക്ഡൗണ്‍ കാലം പഠിപ്പിച്ച പുതിയ ജീവിത പാഠങ്ങള്‍. അരുണ്‍ രാജ് കല്ലടിക്കോട് എഴുതുന്നു




 


കൊറോണക്കാലം-ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മലയാളികളുടെ കൊവിഡ് 19 അനുഭവങ്ങള്‍. വീട്, ആശുപത്രി, ഓഫീസ്, തെരുവ്...കഴിയുന്ന ഇടങ്ങള്‍ ഏതുമാവട്ടെ, നിങ്ങളുടെ അനുഭവങ്ങള്‍ എഴുതി ഒരു ഫോട്ടോയ്‌ക്കൊപ്പം submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. മെയില്‍ അയക്കുമ്പോള്‍ സബ്ജക്ട് ലൈനില്‍ കൊറോണക്കാലം എന്നെഴുതണം.




ഇതുവരെ 'ഉണ്ടാകാത്ത വിധം ലോകമെമ്പാടും മനുഷ്യരോട് അകന്നിരിക്കാനാവശ്യപ്പെടുന്ന കാലം. വികസിതമെന്നോ അവികസിതമെന്നോ വ്യത്യാസമില്ലാതെ ലോകമാകെ ഒരു മഹാമാരിയുടെ ഭീതിയില്‍ കഴിയുന്ന നാളുകള്‍. വീടിന് പുറത്തിറങ്ങാതെയും കൂട്ടം കൂടാതെയും സുരക്ഷിതരായിരിക്കൂവെന്ന് നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്ന ഭരണ സംവിധാനങ്ങള്‍. മഹാമാരിയെ പിടിച്ചു കെട്ടാന്‍ അഹോരാത്രം പണിയെടുക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പടെയുള്ള ഒരു വിഭാഗം മനുഷ്യര്‍. അങ്ങനെയൊരു കാലത്താണ് വീട്ടിലിരിക്കുന്നത്.

വീടിന്  ഒരു കിലോമീറ്റര്‍ അപ്പുറത്ത് താമസിക്കുന്ന മുത്തശ്ശിയെ കാണാന്‍ പോയ സമയത്താണ് കേരളത്തില്‍ മാര്‍ച്ച് 31 വരെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച വാര്‍ത്ത കാണുന്നത്. തിരിച്ച് വരുമ്പോള്‍ കടയില്‍ നിന്നും കുറച്ച് സാധനങ്ങള്‍ വാങ്ങിക്കാന്‍ ഏല്‍പ്പിച്ചിരുന്നു. നേരത്തെ ഏല്‍പ്പിച്ച ആ സാധനങ്ങള്‍ അല്ലാതെ മറ്റൊന്നും വാങ്ങാനോ സംഭരിക്കാനോ അരിയുള്‍പ്പടെയുള്ള സാധനങ്ങള്‍ എത്രയുണ്ടെന്ന് ചോദിക്കാനൊ ഒന്നും  തോന്നിയില്ല. ഇതൊരു വ്യക്തിപരമായ വിഷമമല്ലല്ലോ, രണ്ട് ദിവസത്തേക്ക് പോലും സാധനങ്ങള്‍ ശേഖരിക്കാന്‍ കഴിയിയാത്തവരുണ്ടാകില്ലേ തുടങ്ങിയ ചിന്തകളായിരുന്നു അപ്പോള്‍. രണ്ട് ദിവസം കഴിഞ്ഞ് രാജ്യം മുഴുവന്‍ ലോക്ക് ഡൗണിലേക്ക് പോയതോടെ വീട്ടിലിരിപ്പ് കുറച്ചധികം നീളുമെന്നുറപ്പായി.

ഇഷ്ട വിനോദമായ വായനയ്ക്ക് കൂടുതല്‍ സമയം ചെലവാക്കാമെന്ന് കരുതിയെങ്കിലും ആദ്യ ദിവസങ്ങളിലൊന്നും വായന നീങ്ങിയതേയില്ല.  വാര്‍ത്തകള്‍ ഇടക്കിടെ കാണുന്ന ശീലവും ബുദ്ധിമുട്ടായി. ഡല്‍ഹിയില്‍ നിന്നും മറ്റുമുള്ള പലായനവാര്‍ത്തകളും രംഗങ്ങളും വലിയ മാനസിക പ്രയാസമുണ്ടാക്കാന്‍ തുടങ്ങിയപ്പോള്‍ വാര്‍ത്തകള്‍ കാണുന്നത് കുറച്ചു.

എട്ടു വയസ്സുകാരനായ മോന്റെയൊപ്പം കണ്ണുപൊത്തിക്കളിച്ചും പാമ്പും കോണിയും കളിച്ചുമൊക്കെ അവന്റെ മടുപ്പ് മാറ്റാന്‍ ശ്രമിച്ചതോടെ ദിവസങ്ങള്‍ കൂടുതല്‍ സജീവമായി. മുറ്റത്തെ പൂച്ചെടികളില്‍ വന്നിരിക്കുന്ന ശലഭങ്ങളെ മോന്റെയൊപ്പം ശ്രദ്ധിക്കാന്‍ തുടങ്ങി. പുലര്‍ച്ചെ മാത്രം കേട്ടിരുന്ന കിളികളുടെ ശബ്ദം ദിവസം മുഴുവന്‍ കേള്‍ക്കാന്‍ തുടങ്ങി.

തൊടിയില്‍ നിന്നും വീണു കിട്ടിയ കിളികൊത്തിയ മാമ്പഴം, നിപ്പയെക്കുറിച്ചൊന്നും കേട്ടിട്ടില്ലാത്ത കിളിപ്പാതിയുടെ മറുപാതി കടിച്ചു തിന്നിരുന്ന കുട്ടിക്കാലമോര്‍മ്മിപ്പിച്ചു. ബന്ധുക്കളും സുഹൃത്തുക്കളുമായൊക്കെ വീഡിയൊ കോളും ഇടയ്ക്ക് ഗ്രൂപ്പ് കോളുമൊക്കെ ചെയ്യാന്‍ തുടങ്ങി .

സ്‌കൂളില്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീം ചുമതലയുള്ളത് കൊണ്ട് വളന്റിയര്‍മാരുള്ള വാട്സ് ആപ്പ് ഗ്രൂപ്പില്‍ ലോക്ക് ഡൗണ്‍ കാലത്തെ പ്രവര്‍ത്തനങ്ങള്‍ അയക്കാന്‍ ആവശ്യപ്പെട്ടു. അങ്ങനെ അവരുടെ ചിത്രങ്ങളും മറ്റു അയച്ചുകിട്ടിയതോടെ കുറച്ചെന്തെങ്കിലുമൊക്കെ ചെയ്യാമെന്നായി. പരിചയമുള്ള കലാകാരന്‍മാരോടൊക്കെ കുട്ടികള്‍ക്കായി ശുഭസൂചകമായ കലാപ്രകടനങ്ങളുടെ വീഡിയൊയും മറ്റും അയച്ചുതരാനാവശ്യപ്പെട്ടു .അങ്ങനെ ലഭിക്കുന്നവ കുട്ടികളുടെ ഗ്രൂപ്പിലിട്ട് അവരെ പ്രതീക്ഷയോടെയിരിക്കാന്‍ പ്രേരിപ്പിച്ചു.

നാട്ടിലെ വായനശാലയുടെ ഫേസ്ബുക്ക് പേജിലൂടെ ബാലസാഹിത്യ കൃതികള്‍ പരിചയപ്പെടുത്തുന്ന ഒരു പംക്തി തുടങ്ങി. നേരിട്ടും സോഷ്യല്‍ മീഡിയയിലൂടെയും പരിചയമുള്ളവരില്‍ നിന്നെല്ലാം കുട്ടികള്‍ക്കുള്ള പുസ്തക പരിചയക്കുറിപ്പുകള്‍ വാങ്ങി പോസ്റ്റ് ചെയ്യാനും തുടങ്ങി. വൈദ്യുതിയും, വെള്ളവും, ഭക്ഷണ സാധനങ്ങളുമുള്‍പ്പടെയെല്ലാം ഉപയോഗത്തില്‍ കൂടുതല്‍ ശ്രദ്ധ വന്നതും വളര്‍ത്തുമൃഗങ്ങളൊന്നുമില്ലെങ്കിലും എവിടെ നിന്നെങ്കിലും വന്ന് കയറുന്ന പൂച്ചകള്‍ക്കും മറ്റും കുറച്ച് ഭക്ഷണം കരുതാന്‍ തുടങ്ങിയെന്നതും ഈ വീട്ടിലിരിപ്പുകാലത്തിന്റെ മാറ്റം.
ഈ സങ്കടകാലത്തെ പ്രതീക്ഷയോടെ അതിജീവിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍.
 

click me!