കൂട്ടിനുള്ളിലെ മനുഷ്യരെ നോക്കി ചിരിക്കുന്ന ആടുകള്‍

By corona days  |  First Published Apr 21, 2020, 3:31 PM IST

കൊറോണക്കാലം. ജനലിനപ്പുറം ആടുകള്‍, അകലെ മരുഭൂമി.  റാസല്‍ ഖൈമയില്‍നിന്ന് ദിവ്യ രാജേന്ദ്രന്‍


കൊറോണക്കാലം-ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മലയാളികളുടെ കൊവിഡ് 19 അനുഭവങ്ങള്‍. വീട്, ആശുപത്രി, ഓഫീസ്, തെരുവ്...കഴിയുന്ന ഇടങ്ങള്‍ ഏതുമാവട്ടെ, നിങ്ങളുടെ അനുഭവങ്ങള്‍ എഴുതി ഒരു ഫോട്ടോയ്‌ക്കൊപ്പം submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. മെയില്‍ അയക്കുമ്പോള്‍ സബ്ജക്ട് ലൈനില്‍ കൊറോണക്കാലം എന്നെഴുതണം.

 

Latest Videos

undefined

 


ഇപ്പോള്‍ കുറച്ചായി, ഇടയ്ക്കുള്ള ഈ ജനലു തുറക്കലാണ് ആകപ്പാടെ പുറംലോകവുമായുള്ള ബന്ധം. കുറച്ച് ആടുകള്‍ തീറ്റ തേടി പോകുന്നുണ്ട്. ഞങ്ങള്‍ പരിചയക്കാരാണ്. തൊട്ടടുത്തുള്ള ഒരു അറബിയുടെ ഫാമിലെയാണ്. സൂക്ഷിച്ചു നോക്കിയപ്പോള്‍ അതിലൊരാട്  നോക്കി ചിരിക്കുന്നുണ്ട്. ഒരു ആക്കിച്ചിരി തന്നെ.

ജനലിന് രണ്ടു വലിയ കമ്പികളുണ്ട്. അതിനു പിന്നിലുള്ള എന്നെ കണ്ട്  ഞാന്‍ കൂട്ടിലാണെന്നോര്‍ത്തു കാണും. അതിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കൊറോണ വന്നപ്പോള്‍ മനുഷ്യരുടെ ജീവിതം കൂട്ടിലായത് അതറിയാന്‍ വഴിയില്ലല്ലോ. 

ഈ മരുഭൂമിയില്‍ ആടുമാടുമൊന്നുമില്ലെന്നും (കാരണം പുല്ലില്ലല്ലോ....) ഒട്ടകപ്പാലാണ് ഇവരൊക്കെ കുടിക്കുന്നതെന്നുമുള്ള എന്റെ തെറ്റിദ്ധാരണ  മാറ്റി തന്നത് ഈ ആടുകളാണ്. അല്ലെങ്കിലും കുറച്ചു കാലം കൊണ്ട് ഈ മരുഭൂമി എന്നെ എന്തെല്ലാം പഠിപ്പിച്ചു. ആദ്യാക്ഷരം പഠിപ്പിക്കുന്ന അച്ഛനെ പോലെ.

നാടും വീടും വിട്ട് കുടുംബത്തിനു വേണ്ടി അദ്ധ്വാനിക്കാനെത്തുന്ന പ്രവാസിക്കു മുന്നില്‍ പൊള്ളുന്ന ചൂടേറ്റ് നിര്‍വികാരമായി കിടക്കുന്ന പരുപരുത്ത മരുഭൂമി. പുറമെ പരുക്കനായ ഉള്ളിന്റെയുള്ളില്‍ കടലോളം സ്‌നേഹം കാത്തു വയ്ക്കുന്ന അച്ഛനെ പോലെ. ഈ മണല്‍ത്തരികളിലും സ്‌നേഹം ഒളിഞ്ഞിരിപ്പുണ്ടെന്ന് കുറച്ചു കാലം കൊണ്ട് നമുക്ക് മനസ്സിലാവും.

അങ്ങിങ്ങായുള്ള മരത്തിനും ചെടികള്‍ക്കുപോലും ഇതേ ശൈലിയാണ്. വിണ്ടും കീറിയ തോലും ഈറന്‍ തണ്ടും തളിരിലകളും. ഇവിടത്തെ വൃത്തിയുള്ള റോഡുകളും മാളുകളും കാണുമ്പോള്‍, അലക്കി തേച്ച വസ്ത്രങ്ങളും അതടുക്കി വച്ച അലമാരയും വൃത്തിയില്‍ വിരിച്ച വിരിപ്പുമുള്ള അച്ഛന്റെ മുറിയെ കുറിച്ച് ഒരു സുഹൃത്ത് പറഞ്ഞതാണ് ഓര്‍മ വരുന്നത്.

എന്റെ കുഞ്ഞു വീട്ടില്‍ അച്ഛനു മാത്രമായി ഒരു മുറിയില്ലെന്നതും വിരുന്നുകാര്‍  വരുമ്പോള്‍ (കല്യാണം കഴിച്ചു വിട്ട മക്കളും മരുമക്കളും ആയിരിക്കും മിക്കപ്പോഴും വിരുന്നുകാര്‍) എല്ലാരും കിടന്നു കഴിഞ്ഞു ഹാളില്‍ ഉറങ്ങുന്ന അച്ഛനെയും ഓര്‍ക്കുന്നു. എങ്കിലും അച്ഛന്റെ ചിട്ടയും ശീലങ്ങളും ജീവിതത്തിന്റെ ഭാഗമായതു പോലെ, ശുചിത്വശീലങ്ങളും നിയമങ്ങളും ഈ നാടിന്റെ ഭാഗമാണ്.

ആദ്യമായി ഒറ്റക്കു പോയി സാധനങ്ങള്‍ വാങ്ങിച്ചു വന്നപ്പോള്‍ എനിക്ക് എന്തോ നേടിയ സന്തോഷമായിരുന്നു. അച്ഛന്റെ കൈ പിടിച്ചു പുറത്ത് പോവുമ്പോഴുള്ള സുരക്ഷിതത്വം. അത് എല്ലാവര്‍ക്കുമായുള്ള ഈ നാടിന്റെ കരുതലാണ്. 

അച്ഛന്റെ പോക്കറ്റിലെ മുഷിഞ്ഞ നോട്ടിനും മരുഭൂമിയിലെ ചൂടില്‍ വിയര്‍പ്പ് പൊടിഞ്ഞു കിട്ടുന്ന ദിര്‍ഹത്തിനും ഒരേ മണമാണ്. കഷ്ടപ്പാടിന്റെയും അച്ഛന്റെയു മണം. കുടുംബത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള ചിന്തകളും  ആകുലതകളും മനസില്‍ നിറയുമ്പോഴും സൗമ്യമായി ചിരിക്കുന്ന അച്ഛന്റെ മുഖം നോക്കി മനസ്സ് വായിക്കാന്‍ പലപ്പോഴും ബുദ്ധിമുട്ടാണ്. അതുപോലെ തന്നെയാണ് ഇവിടത്തെ ആകാശവും. പെയ്‌തൊഴിഞ്ഞ് നിമിഷങ്ങള്‍ക്കുള്ളില്‍ മഴ ശാന്തതയുടെ തെളിഞ്ഞ നീല മൂടുപടം ധരിക്കുന്നത് കാണാം.

'യ്യ് മ്മളെ ങ്ങനെ പറ്റിക്കണതെന്തിനാ.. മോളേ...' എന്ന് ഈ മണലാരണ്യത്തിലെ ഒരു കാമുകന്‍ ചോദിച്ചാല്‍, തെളിഞ്ഞ ചിരിയോടെ, ഒരു കാമുകിയുടെ കൗശലത്തോടെ, കണ്ണിറുക്കി കാണിക്കുമവള്‍, മരുഭൂമി. ഓടിക്കളിക്കുന്ന മേഘങ്ങളെ മാറോടു ചേര്‍ക്കുമ്പോള്‍ നിറയുന്ന മാതൃത്വമാവും അന്നേരം മരുഭൂമിക്ക്. 

ഡേകെയറിലുള്ള മോളുടെ അടുത്തേയ്ക്ക് ഓഫീസില്‍ നിന്നുള്ള ഓട്ടത്തിനിടയിലെ സ്ഥിരം കാഴ്ചയാണ്.

പല ഭാവങ്ങള്‍.

എന്നാലും ഓരോ കുഞ്ഞും കരയുമ്പോള്‍ അമ്മയെ കാണണമെന്നേ പറയുള്ളൂ. മാസ്‌ക്കിട്ട എന്നെ നോക്കി കൊഞ്ഞനം കുത്തുന്ന കൊറോണ. എന്നെയും കൊറോണയെയും നോക്കിച്ചിരിക്കുന്ന മരുഭൂമി. 

 

click me!