കൊറോണക്കാലം. ഒരു വയസ് മാത്രം പ്രായമുള്ള എന്റെ മോളെ കാണാതെ ഒരു നീളന്‍ ക്വാറന്റൈന്‍ പിരീഡ്. മേഘ മാധവന്‍ എഴുതുന്നു
കൊറോണക്കാലം-ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മലയാളികളുടെ കൊവിഡ് 19 അനുഭവങ്ങള്‍. വീട്, ആശുപത്രിതെരുവ്...കഴിയുന്ന ഇടങ്ങള്‍ ഏതുമാവട്ടെ, നിങ്ങളുടെ അനുഭവങ്ങള്‍ എഴുതി ഒരു ഫോട്ടോയ്‌ക്കൊപ്പം submissions submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. മെയില്‍ അയക്കുമ്പോള്‍ സബ്ജക്ട് ലൈനില്‍ കൊറോണക്കാലം എന്നെഴുതണം
undefined
മോള്‍ പാലിന് വേണ്ടി കരയുമ്പോഴും നിസ്സഹായയായി എനിക്ക് ഈ നാല് ചുവരുകള്‍ക്കുള്ളിലിരുന്ന് കരയാനേ കഴിഞ്ഞുള്ളൂ. കാതുവിന്റെ കരച്ചില്‍ കേള്‍ക്കാതിരിക്കാന്‍ ഫാനിന്റെ സ്പീഡ് കൂട്ടിയും കതകടച്ചും ഇരുന്നു. ഒന്ന് ഓടിച്ചെന്ന് എടുക്കാന്‍ പോലും പറ്റാതെ.
ലോകത്തിലെ ഒട്ടനവധി പേര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്താണോ അത് തന്നെയാണ് കഴിഞ്ഞ ഒരു മാസക്കാലത്തിലേറെയായി ഞാനും എന്റെ കുടുംബവും അനുഭവിച്ചു തീര്‍ത്തത്..
നിസ്സാരമായ പനി, ജലദോഷം, ചുമ, തുമ്മല്‍-കാര്യം ഇത്രയേ ഉള്ളൂ. എന്നാല്‍ മാനസികമായി അനുഭവിക്കുന്ന സമ്മര്‍ദങ്ങള്‍ -അത് പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. ഒരു വയസ് മാത്രം പ്രായമുള്ള എന്റെ മോളെ കാണാതെ ഒരു നീളന്‍ ക്വാറന്റൈന്‍ പിരീഡ് തള്ളിനീക്കുന്ന ഓരോ നിമിഷവും ഏറെ ദൈര്‍ഘ്യമുള്ളതായി തോന്നി. അവള്‍ക്ക് കൊടുക്കാനാവാതെ പാല്‍ കുളിമുറിയില്‍ പിഴിഞ്ഞ് കളയുമ്പോള്‍ ശരീരത്തിലെ ജീവനത്രയും വാര്‍ന്നു പോകുന്നതായി തോന്നി. ആദ്യ ദിവസം ഒരു തവണ അവളെ മൊത്തം മൂടി എനിക്ക് തന്നു. മാസ്‌കും ഗ്ലൗസും ധരിച്ച് നിറഞ്ഞ കണ്ണിലൂടെ അവളെ ശരിക്കും കാണാന്‍ കഴിയാതെയും കണ്ണുനീര്‍ അവളുടെ മേല്‍ വീഴാതെയും ശ്രദ്ധിച്ചു പാല്‍ കൊടുത്തു.
അവളുടെ മോണകാട്ടിയുള്ള നിറഞ്ഞ ചിരി. എന്റെ നെഞ്ച് തകര്‍ത്തു. വാരി പുണര്‍ന്ന് ഒരായിരം ഉമ്മകളാല്‍ മൂടാന്‍ കൊതിച്ച നാളുകള്‍. മോളുടെയും അച്ഛന്റെയും അമ്മയുടെയും റിസള്‍ട്ട് നെഗറ്റീവ് ആയതിനു ശേഷം പാലു കൊടുക്കാന്‍ പേടിയായി. രാത്രിയൊക്കെ പാവം അവള്‍ കരയുന്ന ശബ്ദം എന്നെ വല്ലാതെ അസ്വസ്ഥമാക്കി. അച്ഛനും അമ്മയും വാവയെ ഉറക്കാന്‍ പ്രയാസപ്പെടുന്നത് നിസ്സഹായതയോടെ നോക്കി നില്‍ക്കാനായിരുന്നു വിധി. പാലിനു പകരം നാന്‍ പ്രൊ കൊടുത്തു നോക്കി. അവള്‍ കുടിച്ചില്ല. എതൊരമ്മയെയും പോലെ ഇത്രനാളും മുലപ്പാല്‍ മാത്രം കൊടുത്തതിനാലാവാം അവള്‍ ഇത് കുടിക്കാതിരുന്നത്. സാരമില്ല ബാക്കി ഭക്ഷണമെല്ലാം അവള്‍ ഇഷ്ടാനുസരണം കഴിക്കുന്നുണ്ട് എന്ന് സമാധാനിച്ചു.പിന്നെ പിന്നെ അവള്‍ കുറച്ചൊക്കെ അത് കുടിക്കാന്‍ തുടങ്ങി.
സെപ്റ്റംബര്‍ അഞ്ചിന് ഞായറാഴ്ച രാത്രി കിടന്നു കുറച്ചു കഴിഞ്ഞപ്പോള്‍ സിദ്ധുവിന്റെ ടെംപറേച്ചര്‍ കൂടുന്നതായി തോന്നി. പിന്നീട് ഉറക്കമില്ലായിരുന്നു. രാവിലെ വരെ ഞങ്ങള്‍ ഇരുന്നു. എല്ലാവരും എഴുന്നേറ്റപ്പോള്‍ കാതുവിനെ റൂമില്‍ നിന്നും മാറ്റി. പിന്നീട് സിദ്ധു ആ റൂമില്‍ തന്നെ ആയിരുന്നു. കോവിഡ് ഡ്യൂട്ടിയിലുള്ള സുഹൃത്ത് ധീരജിനെ വിളിച്ചു. കോവിഡ് ആവാം, ആവാതിരിക്കാം. കുറച്ചു മരുന്നുകള്‍ കുറിച്ച് തന്നു. അടുത്ത രണ്ട് ദിവസം റൂമില്‍ തന്നെ ആയിരുന്നു. ഞാന്‍ ഭക്ഷണം അവിടെ എത്തിച്ചു. രാത്രി മാത്രം ഉള്ള പനി തുടര്‍ന്നു. അത്യാവശ്യം തുമ്മലും ചുമയും ഉണ്ട്. മുന്നാം ദിനം ടെസ്റ്റ് ചെയ്‌തേക്കാം എന്ന് കരുതി കോഴിക്കോട് അശ്വിനിയില്‍ നിന്ന് ടെസ്റ്റ് ചെയതു. റിസള്‍ട്ട് 24 മണിക്കൂറിനുള്ളിലേ വരൂ. ഇത് സ്ഥിരം അലര്‍ജി പനിയല്ലേ, നാളെ റിസള്‍ട്ട് വരുന്നതോടെ ജോലിക്ക് കയറാമല്ലോ. വെറുതെ ടെന്‍ഷന്‍ ആവേണ്ടല്ലോ ഇതായിരുന്നു മനസ്സില്‍ അടുത്ത ദിവസം റിസള്‍ട്ട് വരേണ്ട സമയം കഴിഞ്ഞു.
അശ്വിനിയിലേക്ക് വിളിച്ചു. നിങ്ങള്‍ റിസള്‍ട്ട് അപ് ലോഡ് ചെയ്തില്ലല്ലോ എന്ന് ചോദിച്ചു. ഞങ്ങള്‍ക്ക് റിസള്‍ട്ട് റിവീല്‍ ചെയ്യാനാവില്ല ആരോഗ്യ വകുപ്പ് നിങ്ങളെ അറിയിക്കും എന്നായിരുന്നു മറുപടി.
''നിങ്ങള്‍ അങ്ങനെയൊന്നുമല്ലല്ലോ പറഞ്ഞത്, പിന്നെന്താ ഇപ്പോള്‍ ഇത്തരത്തില്‍ മാറ്റി പറയുന്നത്'-അല്പം ആശങ്കയോടെ സിദ്ധു ചോദിച്ചു.
പിന്നീട് അറിയാവുന്ന പരിചയം വച്ച് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ കോണ്ടാക്റ്റ് ചെയ്തു. എന്നാല്‍ റിസള്‍ട്ട് അറിഞ്ഞില്ല. ഒമ്പതാം തിയതി 10.30 ആവാറായി കാതുവിനെ ഉറക്കി കിടത്തിയതേ ഉള്ളൂ.
'ടാ ഇങ്ങട്ട് വാ'- എന്ന് സിദ്ധുവിന്റെ മെസേജ്.
അമ്മ റൂമില്‍ വന്നിട്ട് വരാമെന്ന് മറുപടി കൊടുത്തു.
അടുത്ത മെസേജ്. ആരോഗ്യ വകുപ്പില്‍ നിന്ന് വിളിച്ചു കൊവിഡ് പോസിറ്റീവ്.
പിന്നെ മൊത്തം ഒരു മരവിപ്പായിരുന്നു. വീട്ടില്‍ നിന്ന് സിദ്ധുവിനെ വിട്ട് നില്‍ക്കാന്‍ മാനസികമായി ഞാന്‍ ഒട്ടും തയ്യാറായിരുന്നില്ല. വീട്ടില്‍ അച്ഛന്‍, അമ്മ, മോള്‍ ഉള്ളതിനാല്‍ അവര്‍ ഇവിടെ നില്‍ക്കാന്‍ സമ്മതിച്ചില്ല.
NlT, FLTC ലേക്ക് ആയിരുന്നു സിദ്ധു പോയത്. പിന്നീട് ജീവിതം യാന്ത്രികമായിത്തുടങ്ങി. കുറച്ച് സാധനങ്ങളെല്ലാം പാക്ക് ചെയ്തു. അവിടെ എത്തിയപ്പോള്‍ ആവശ്യമായ സാധനങ്ങള്‍ ഇനിയും വേണമായിരുന്നു. എന്റെ സുഹൃത്ത് ലുബ്‌നയും ഭര്‍ത്താവ് ഷഫീക്കയും എല്ലാം വാങ്ങി അവിടെ എത്തിച്ചു. പിന്നീടുള്ള ദിവസങ്ങള്‍ മാനസിക ബുദ്ധിമുട്ടുകളുടെ ദിനങ്ങള്‍ ആയിരുന്നു. പത്താം തിയതി ഞങ്ങള്‍ എല്ലാവരെയും ടെസ്റ്റ് ചെയ്തു. ഫലം നെഗറ്റിവ് ആയിരുന്നു.
എന്നാല്‍ സിദ്ധുവിന് ഏഴ് ദിവസം കഴിഞ്ഞ് ചെയ്ത ടെസ്റ്റും പോസിറ്റീവ് . രണ്ടു ദിവസത്തിനു ശേഷം വീണ്ടും ടെസ്റ്റ് ചെയ്തു റിസള്‍ട്ട് നെഗറ്റീവ് ആയി സിദ്ധുവീട്ടില്‍ വന്നു. 14 ദിവസത്തെ റും ക്വാറന്റ്റൈന്‍ തുടര്‍ന്നു. ഞാന്‍ എന്റെ വീട്ടിലാണ് .മോള്‍ ഇടക്കിടയ്ക്ക് തുമ്മുമ്പോള്‍ പേടിയാണ്. അമ്മയ്ക്കും ജലദോഷമുണ്ട്. അമ്മയ്ക്ക് സ്ഥിരം ഉള്ളതാണ്. അച്ഛന് തലവേദനയും. ദിവസങ്ങള്‍ മുന്നോട്ട് പോയി 21- ന് എനിക്ക് ചെറിയ തൊണ്ട ചൊറിച്ചിലും മേലുവേദനയും വന്നു. റൂം ക്ലീന്‍ ചെയ്തതു കൊണ്ടും കട്ടില്‍ നീക്കിയതുകൊണ്ടും ആവുമെന്ന് കരുതി. രാത്രി പനിയുടെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങി കടുത്ത തലവേദനയും. മോളെ മാറ്റി കിടത്തി.
പിറ്റേ ദിവസം ആരോഗ്യ വകുപ്പിനെ അറിയിച്ച് ബീച്ച് ഹോസ്പിറ്റലില്‍ പോയി. ഒറ്റയ്ക്ക് എന്റെ വണ്ടിയെടുത്താണ് പോയത്. തലവേദന കൂടി. മണിക്കൂറുകള്‍ക്ക് ശേഷം ക്യൂ നിന്ന് ടെസ്റ്റ് ചെയ്തു. അത്ഭുതം സംഭവിച്ചില്ല.
ഓരോരുത്തരെയായി ആംബുലന്‍സില്‍ FLTC ലേക്ക് കൊണ്ടുപോവാന്‍ തുടങ്ങി. അതു കണ്ട് ഞാന്‍ അല്പം പാനിക് ആയി വേഗം പഞ്ചായത്തില്‍ ബന്ധപ്പെട്ടു ഹോം ഐസലോഷനുള്ള പെര്‍മിഷന്‍ വാങ്ങി. നേരെ വീട്ടിലെത്തി. നേരെ മുകളിലത്തെ റൂമിലേയ്ക്ക്...
വിവരം ഉടനെ മാമന്റെ മകന്‍ ഡോ. മാനവ് മനോഹറിന്‍െ അറിയിച്ചു. അവന്‍ ടാബ്ലറ്റുകള്‍ എല്ലാം പറഞ്ഞു തന്നു. കൂടാതെ മെഡിക്കല്‍ ഓഫീസര്‍ ഡോ.വിജേഷ് ഓരോ ദിവസവും ലക്ഷണങ്ങള്‍ക്കനുസരിച്ച് വേണ്ട മരുന്നുകളും നിര്‍ദേശങ്ങളും തന്നു. HI, JHI, വാര്‍ഡ് മെമ്പര്‍, RRT വോളണ്ടിയേര്‍സ് എന്നിവരെല്ലാം വേണ്ട സഹായങ്ങള്‍ ചെയ്തു തന്നു. ഹൃദയ ബന്ധങ്ങളുടെയും നമ്മുടെ ആരോഗ്യ സംവിധാനത്തിന്റെയും എല്ലാ കരുത്തും കരുതലും അനുഭവിച്ച ദിവസങ്ങളായിയിരുന്നു.
മോളെ അച്ഛനും അമ്മയും ഒരു കുറവും ഇല്ലാതെ നോക്കി. എന്നെ ഇടക്കിടയ്ക്ക് വിളിച്ച് ഒന്നും പേടിക്കണ്ട എന്ന് ധൈര്യം തന്നു. ഡോ.മേരി അനിത 6 മാസം പ്രായമായ കുഞ്ഞിനെ നോക്കിയതെല്ലാമാണ് മനസിലേക്ക് ഓടി വന്നത്. ഈ സമയത്ത് ക്വാറന്റൈന്‍ കഴിഞ്ഞതിനാല്‍ ഭര്‍ത്താവിന്റെ അച്ഛന്‍ ആവശ്യമുള്ള സാധനങ്ങളെല്ലാം എത്തിച്ചു തരുന്നുണ്ടായിരുന്നു
എന്നാലും ഒരു ഭയം മനസ്സില്‍ നിന്ന് അസ്ഥിയിലേക്ക് അരിച്ചിറങ്ങുന്ന പോലെ തോന്നി. വീട്ടുകാരുടെയും ചില സുഹൃത്തുക്കളുടെയും കോളുകളും മെസേജുകളും കൊണ്ട് മാത്രമായിരുന്നു ആ ദിവസങ്ങള്‍ അതിജീവിച്ചത്.
ചില അലര്‍ജി ബുദ്ധിമുട്ടുകളും മൂക്ക് അടഞ്ഞതുകൊണ്ടും രുചിയോ മണമോ അറിയാത്തതുകൊണ്ടുമാവാം ശ്വാസം കിട്ടാത്തതുപോലെ തോന്നും. ആവി പിടിച്ചും നാസല്‍ ഡ്രോപ്പ്‌സ് ഉപയോഗിച്ചും നോക്കി.സഹികെട്ട് വാട്ട്‌സപ്പില്‍ വരുന്ന ധാരാളം നുറുങ്ങു വിദ്യകളും പരീക്ഷിച്ചു. അടുത്ത ടെസ്റ്റ് നെഗറ്റീവ് ആവണമെന്നേ ഓര്‍ത്തുള്ളൂ. കാതൂനെ കാണണം സിദ്ധൂനെ കാണണം. ആഗ്രഹങ്ങള്‍ ചുരുങ്ങി തുടങ്ങിയിരുന്നു.
അങ്ങനെ ഒക്‌ടോബര്‍ 2 ന് അടുത്ത ടെസ്റ്റ്.
റിസള്‍ട്ട് നെഗറ്റീവ്. അന്നുതന്നെ ക്വാറന്റൈന്‍ പിരീഡ് കഴിഞ്ഞ് സിദ്ധു വീട്ടിലെത്തി. താഴെ കാതുനേം സിദ്ധുനേം എനിക്ക് കാണാം. ഏറെ സന്തോഷം. എന്നാലും താഴെ എത്താനുള്ള കൊതിയായിരുന്നു. റിസല്‍ട്ട് നെഗറ്റീവ് ആയ ശേഷം ഞാന്‍ പഴയ പോലെ കാതുവിന് രണ്ടു നേരം പാല്‍ കൊടുത്തു. ഒരു വല്ലാത്ത സമയത്തെ അതിജീവിച്ചതിന്റെ കരുത്തിലാണ് ഞാന്‍.