ലോക്ക്ഡൗണ്‍ പഠിപ്പിച്ച പാഠങ്ങള്‍

By corona days  |  First Published Apr 16, 2020, 5:30 PM IST

കൊറോണക്കാലം. ലോക്ക്ഡൗണ്‍ പഠിപ്പിച്ച പാഠങ്ങള്‍.  നമിത സുധാകര്‍ എഴുതുന്നു



 


കൊറോണക്കാലം-ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മലയാളികളുടെ കൊവിഡ് 19 അനുഭവങ്ങള്‍. വീട്, ആശുപത്രി, ഓഫീസ്, തെരുവ്...കഴിയുന്ന ഇടങ്ങള്‍ ഏതുമാവട്ടെ, നിങ്ങളുടെ അനുഭവങ്ങള്‍ എഴുതി ഒരു ഫോട്ടോയ്‌ക്കൊപ്പം submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. മെയില്‍ അയക്കുമ്പോള്‍ സബ്ജക്ട് ലൈനില്‍ കൊറോണക്കാലം എന്നെഴുതണം.



ഒന്നാലോചിച്ചാല്‍ ലോക് ഡൗണ്‍ വലിയൊരു പാഠമാണ്. തിരുത്തലാണ്. തിരക്കുകളില്ലാത്തൊരു ലോകത്ത് സ്വന്തം ജീവന്‍ നിലനിര്‍ത്താന്‍ വീടുകളിലേക്ക് ഒതുങ്ങി കൂടിയ നമ്മള്‍. പരസ്പരം സംസാരിക്കാന്‍ കൂടി നേരമില്ലാത്ത ഐടി കമ്പനിക്കാര്‍ക്ക് ശുദ്ധവായു ശ്വസിക്കാന്‍ കിട്ടിയ വലിയ അവസരം. നേരം വെളുക്കും മുന്നെ ട്യൂഷനിലേക്കും അവിടെ നിന്ന് ക്ലാസിലേക്കും പിന്നീട് കരാട്ടെ ക്ലാസിനും ഡാന്‍സിനും മ്യൂസിക്കിനും അച്ഛന്റെയും അമ്മയുടെയും വാശിയേറിയ ഇഷ്ടങ്ങള്‍ക്ക് ബലിയാടായവര്‍ക്ക് വീടും ചുറ്റുപാടും ചെടികളെയും പൂക്കളെയും കാണാന്‍ ലഭിച്ച ആനന്ദം. 

കുപ്പിയുമായ് മാത്രം കേറി വരുന്ന അച്ഛന്‍ അരിയും പഞ്ചസാരയും വാങ്ങാന്‍ പോകാന്‍ തയ്യാറായ ദിവസങ്ങള്‍. പാര്‍ക്കിലും പബ്ബിലും മാത്രം ആനന്ദം കണ്ടെത്തിയവര്‍ക്ക് അതിനു പുറത്തും ലോകമുണ്ടെന്ന് തിരിച്ചറിവ് നല്കിയ നാളുകള്‍.പരസ്പരം മുഖം നോക്കാന്‍ മറന്നു പോയവര്‍ക്ക് ഒരോര്‍മ്മപ്പെടുത്തല്‍. ഇന്നലെ വരെ കൈ പിടിച്ചു നടന്നവനോട് ഇന്ന് അകലം പാലിക്കാന്‍ ആവശ്യപ്പെടുന്ന അവിചാരിതത്വം.

ഫാസ്റ്റ്ഫുഡും റെസ്റ്റോറന്റും ദിനചര്യയുടെ ഭാഗമായവര്‍ക്കും ബര്‍ഗറിന്റെയും പിസ്സയുടെയും രുചിയില്ലാതെ ഉറക്കം വരാത്തവര്‍ക്കും വെന്ത അരിയുടെയും ഉപ്പിന്റെയും മുളകിന്റെയും ഒറ്റപ്പെട്ട രുചിയറിയാന്‍ ലഭിച്ച അസുലഭ നിമിഷം. മനുഷ്യനല്ലാത്തൊരു ജീവി വര്‍ഗത്തിന് നിശ്വസിക്കാന്‍ ലഭിച്ചൊരവസരം. പുഴയ്ക്കും കായലിനും അരുവികള്‍ക്കും മലിനമാക്കപ്പെടാതെ സ്വതന്ത്രമായി ഒഴുകാന്‍ കഴിഞ്ഞ ദിവസങ്ങള്‍. പണം കൊണ്ട് മാത്രം ഈ ലോകത്ത് ജീവിക്കാന്‍ കഴിയില്ലെന്ന വലിയ സത്യം നിങ്ങളും മനസ്സിലാക്കേണ്ടിയിരിക്കുന്നു. 

സമ്പദ് വ്യവസ്ഥയ്ക്ക് വേണ്ടി കെട്ടിപ്പെടുത്തുന്ന കച്ചവട സാമ്രാജ്യങ്ങള്‍ക്കിടയില്‍ നിങ്ങള്‍ എണ്ണാതെ പോയ ആശുപത്രി കെട്ടിടങ്ങളുടെ എണ്ണം നിങ്ങളെ ഒന്നുകൂടി ഓര്‍മ്മപ്പെടുത്തുന്നു. രാപ്പകലില്ലാതെ ജീവന്‍ പണയം വെച്ച് മരണത്തില്‍ നിന്നും തിരികെ നടത്താന്‍ നിങ്ങള്‍ വിശ്വസിച്ചിരുന്ന ദൈവത്തിനു പകരം വെയ്ക്കാന്‍ വന്ന കുറെ ആരോഗ്യ പ്രവര്‍ത്തകര്‍. അവരുടെ ആശങ്ക വറ്റാത്ത കുടുംബാംഗങ്ങള്‍. മരിച്ചു പോയവന് വേണ്ടി ആശുപത്രി തല്ലിത്തകര്‍ത്തവനും തെറി വിളിച്ചവനുമൊക്കെ  അവര്‍ക്കു മുന്നില്‍ ജീവനുവേണ്ടി കൈകൂപ്പിനില്‍ക്കേണ്ടി വന്ന നിമിഷങ്ങള്‍.ആഡംബര ഹോട്ടലുകളെ ആശുപത്രികളാക്കേണ്ടി വന്ന നിസ്സഹായത.. ഇന്നലെ വരെ അവിടെ കിടന്നവന്‍ ഇന്ന് വെന്റിലേറ്ററുകളില്ലാതെ മരിച്ച അവിശ്വസനീയത. 

ഇതിനിടയിലെപ്പൊഴൊ അവിചാരിതമായ പ്രഖ്യാപിക്കപ്പെട്ട കര്‍ഫ്യൂവിനിടയില്‍ അകലെ എവിടെയൊക്കെയോ ഒറ്റപ്പെട്ട വിലപിക്കുന്ന ദാമ്പത്യങ്ങള്‍. സ്ഥിരമായി വീട്ടിലേക്ക് കാശയക്കാനുള്ള വ്യഗ്രതയില്‍ താന്‍ കെട്ടിപ്പെടുത്ത വീടിനുള്ളില്‍ ഒതുങ്ങിയിരിക്കാനാകാതെ അര്‍ഥമില്ലാത്ത ജീവിതത്തെ നോക്കി വിലപിക്കപ്പെടേണ്ടി വന്ന പ്രവാസി .കഴിഞ്ഞ തവണ താന്‍ വരുന്നതിനു മുന്‍പെ വീടു ചുറ്റിപ്പറ്റി നിന്നവര്‍ ഇത്തവണ താന്‍ വരുന്നെന്നറിഞ്ഞപ്പോള്‍ ആരോഗ്യ പ്രവര്‍ത്തകരെ വിളിച്ചറിയിച്ചതറിഞ്ഞ ശരാശരി പ്രവാസിയുടെ നൊമ്പരങ്ങള്‍. ഒരുവന്റെ ജീവന്‍ രക്ഷിക്കാന്‍ അവനോട് അകന്ന് നില്ക്കാന്‍ ആവശ്യപ്പെടുന്ന വ്യത്യസ്ഥമായ സാഹചര്യം. 

അതെ ജീവന്‍ നിലനിര്‍ത്താനുള്ള വ്യഗ്രതയിലാണ് മനുഷ്യന്‍. പക്ഷെ ചിലരുടെ മനസ്സിലെ അധികാര മോഹങ്ങളും അവകാശ സ്വപ്നങ്ങളും കെട്ടടങ്ങിയിട്ടില്ല. ഏത് ദുരന്തം വന്നാലും അത്യാഗ്രഹത്തിന്റെ കുത്തഴിയാത്ത ചിലര്‍ക്ക് ഇതൊന്നും ഒരു ബാധകമല്ല. എന്നിരുന്നാലും ബഹു ഭൂരിപക്ഷം വരുന്ന ജനത തങ്ങള്‍ക്ക് പിടിച്ചു കെട്ടാന്‍ കഴിയാത്ത പലതും ഈ ലോകത്തുണ്ടെന്നും നാം കണ്ടതും പരിചയിച്ചതും മാത്രമല്ല ലോകം എന്ന് മനസിലാക്കിയിരിക്കുന്നു. 

പ്രായശ്ചിത്തം ചെയ്തില്ലെങ്കിലും തിരിച്ചറിവുകളും വലിയ പാഠങ്ങള്‍ ആണ്.
 

click me!