പുസ്തകങ്ങള്‍ക്കൊപ്പം ഒഴുകിയെത്തുന്ന പാട്ടുകള്‍, ഓര്‍മ്മകള്‍...

By corona days  |  First Published May 1, 2020, 4:26 PM IST

കൊറോണക്കാലം: അതിജീവനത്തിന്റെ പാട്ടുകള്‍, പുസ്തകങ്ങള്‍.  സ്‌നേഹ എസ് നായര്‍ എഴുതുന്നു


കൊറോണക്കാലം-ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മലയാളികളുടെ കൊവിഡ് 19 അനുഭവങ്ങള്‍. വീട്, ആശുപത്രി, ഓഫീസ്, തെരുവ്...കഴിയുന്ന ഇടങ്ങള്‍ ഏതുമാവട്ടെ, നിങ്ങളുടെ അനുഭവങ്ങള്‍ എഴുതി ഒരു ഫോട്ടോയ്‌ക്കൊപ്പം submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. മെയില്‍ അയക്കുമ്പോള്‍ സബ്ജക്ട് ലൈനില്‍ കൊറോണക്കാലം എന്നെഴുതണം.

 

Latest Videos

undefined

 

രാത്രിയാണ്. ഏകാന്തനിശ്ശബ്ദമായ രാത്രി. ബഷീറിന്റെ 'നീലവെളിച്ചം' വായിക്കുകയാണ്. പില്‍ക്കാലത്ത്, ഭാര്‍ഗവീനിലയമെന്ന സിനിമയായി മാറിയ ചെറുകഥ. 
പ്രേതബാധയുണ്ടെന്നു കരുതുന്നൊരു വീട്ടില്‍ താമസിക്കേണ്ടിവന്ന ഒരെഴുത്തുകാരനും ആ വീട്ടിലുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന പെണ്‍കുട്ടിയുടെ പ്രേതവും തമ്മിലുണ്ടാവുന്ന അസാധാരണമായ ആത്മബന്ധത്തിന്റെ കഥ. ബഷീര്‍ ഭാര്‍ഗവിക്കുട്ടിയെ കേള്‍പ്പിക്കുന്ന ഗാനങ്ങളിലൂടെയാണിപ്പോള്‍ വായന പോവുന്നത്. 'ഗുസര്‍  ഗയാ വോ  സമാനാ കൈസാ'...പങ്കജ് മല്ലിക്കിന്റെ ആഴമുള്ള വരികള്‍. ഈ സമയവും കടന്നു പോകുന്നത് നല്ലതിനു തന്നെയാകുമെന്ന് ആ പാട്ട് ഉള്ളില്‍ മൊഴിയുമ്പോള്‍ നെഞ്ചിലാകെ  പ്രകാശം നിറയുന്നു. പിന്നെ വന്നു, 'സോജാ രാജകുമാരി'. കുന്ദന്‍ലാല്‍ സൈഗളിന്റെ സ്വരത്തില്‍, ആ ഗാനവും കാതില്‍ നിറയുന്നു. കണങ്കാലിലൂടെ അരിച്ചിറങ്ങുന്ന തണുപ്പ് എന്റെ ഉടലിനെ വെള്ളം നനഞ്ഞ പൂച്ചകുഞ്ഞിനെ പോലാക്കുന്നു. 

രാത്രിയാണ്. ഉറക്കമില്ലാത്ത കൊറോണക്കാലമാണ്.  ഈ നാളുകളിലെ ഏറ്റവും തീവ്രമായ പ്രശ്‌നമാണ് ഉറക്കമില്ലായ്മ. സ്വതവേ എഴുത്തിന്റെ ഭ്രാന്തുള്ളോണ്ട് 'നീ ഭാര്‍ഗവിക്കുട്ട്യേ മാത്രമല്ല, സാറാമ്മയേയും കേശവന്‍നായരേം  ഒക്കെ കാണും' എന്ന് അമ്മ കളിയാക്കി പറഞ്ഞപ്പോള്‍ ഞാനോര്‍ത്തു, ഇത് ഉന്‍മാദമാണെങ്കില്‍, ആ ഒരനുഭൂതിയെങ്കിലും ലഭിച്ചേനെ. ഉന്‍മാദമല്ല ഇത്. മനസ്സു തികച്ചും അസ്വസ്ഥം. 

 

'ഗുസര്‍  ഗയാ വോ  സമാനാ കൈസാ'...പങ്കജ് മല്ലിക്കിന്റെ ആഴമുള്ള വരികള്‍

.......................................................

 

രാവിലെ കുളിച്ച് വീട്ടിലെ പണികളില്‍  സഹായിച്ച ശേഷം മുകളിലെ മുറിയിലേക്ക് കയറിയാല്‍ പിന്നെ പുസ്തകമാണ് പ്രിയപ്പെട്ട കാമുകന്‍. ദസ്തയേവ്‌സ്‌കിയെ വായിച്ച ശേഷമാണ് പുതിയ കൊറോണ കേസുകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ മുന്നിലെത്തുന്നത്.  ദസ്തയേവ്‌സ്‌കിയുടെ വായനയാലാവണം, മനുഷ്യരാശിയുടെ വേദനകള്‍ എത്രയാഴത്തിലാണ് എനിക്ക് അനുഭവവേദ്യമാവുന്നത് എന്നോര്‍ത്തു. ആ ചിന്തകള്‍ എന്നെ തീക്ഷ്ണമായി മുറിവേല്‍പ്പിച്ചു. ദസ്തയേവ്‌സ്‌കിയുടെ വരികള്‍ ഈ നിമിഷത്തിലും എന്നെ വേട്ടയാടുന്നു:  'ഹൃദയം വാചാലമായിരിക്കെ ഞാനെങ്ങനെ മൂകത പാലിക്കും?'. വാചാലമായ മനസ്സുകളിലാണ് സൃഷ്ടികള്‍ പിറക്കുക. നൈരാശ്യത്തിലും ഏകാന്തയിലും കാലുതെറ്റിവീണ ദിനങ്ങളിലെപ്പോഴോ എഎഴുതിയ scarlet wings എന്ന ഇംഗ്ലീഷ് കവിത വീണ്ടും പൊടിതട്ടിയെടുത്തു. പാതിയെഴുതി വെച്ച വരികള്‍ക്ക് തോന്നിയ വിമ്മിഷ്ടം മാറ്റുവാന്‍ വീണ്ടും ഇങ്ങനെ എഴുതി: 

'You are that masterpiece
destined to roam around
the amber of your passions 
That's you.. 

വല്ലാത്ത അഭിനിവേശത്തോടെ മുമ്പെഴുതിയ പലതും  വായിക്കുമ്പോള്‍, അതിശയകരമായ അനുഭവങ്ങളിലൂടെ കടന്നുപോയി. വൈയക്തികാനുഭവങ്ങള്‍ക്കപ്പുറം, വരികള്‍ രാഷ്ട്രീയത്തെ അഭിമുഖീകരിക്കുന്നു. വിവേചനത്തിനെതിരെ പൊരുതാനുള്ള മരുന്നാവുന്നു. വിമര്‍ശനങ്ങളെയും പരിഹാസങ്ങളെയും പക്വതയോടെ നേരിടാനും കൊള്ളേണ്ടതിനെ കൊള്ളാനും തള്ളേണ്ടതിനെ തള്ളാനും പഠിച്ചിരിക്കുന്നു. 

അതിനിടയിലാണ് 'ബുക്ക് മാര്‍ക്ക്' എന്ന പുസ്തകം കൈയിലെത്തുന്നത്. മര്യാന എന്റിക്വെസിന്റെ 'തിംഗ്‌സ് വീ ലോസ്റ്റ് ഇന്‍ ഫയര്‍' തുടങ്ങി അരുന്ധതി റോയുടെ 'ദ് മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനെസ്സ്' വരെയുള്ള പുസ്തകങ്ങളുടെ അതിമനോഹരമായ വായന. ആ പുസ്തകം ഭാവുകത്വത്തെ പുതുക്കുന്ന ഒന്നായിരുന്നു. ഖസാക്കിന്റെ ഇതിഹാസം വീണ്ടുമെന്നെ  കൊതിപ്പിച്ചു. അള്ളാപ്പിച്ചമൊല്ലാക്കയും അപ്പുക്കിളിയുമൊക്കെ വീണ്ടും ഓര്‍മ്മകളെ മാന്തിയിളക്കി. തീവ്രവിരസമായ നിമിഷങ്ങളില്‍ രാമചന്ദ്ര ഗുഹയുടെ 'ഇന്ത്യ ആഫ്റ്റര്‍ ഗാന്ധി' വായിക്കാന്‍ തോന്നുകയില്ല. രാഷ്ട്രത്തിന്റെ ചരിത്രം പലപ്പോഴും മൂടല്‍മഞ്ഞ് പോലെ നമ്മെ ആകര്‍ഷിക്കും. അകത്തായാല്‍ അന്ധത ബാധിച്ചപോലെയും. 

ചിന്തകളെ ശമിപ്പിക്കാന്‍ തലച്ചോറിനിത്തിരി സമയം വേണം. അങ്ങനെ പാട്ടുകളിലെത്തും. ഗാനാ പ്ലേ ലിസ്റ്റ്  തുറക്കും. മധുരാനിയുടെ വിരഹാര്‍ദ്രസ്വരം ഉള്ളിലെത്തും. പിന്നെ, പാര്‍വ്വതി ബാവുലിന്റെ 'കിച്ച്  ദിന്‍ മോനെ മോനെ.'  പാട്ടൊഴുകും.  ഉടലും മനസ്സും ശുദ്ധീകരിക്കാനെന്നോണം ദേവഗായകന്‍ മെഹ്ദി ഹസന്റെ സ്വരമുണരും. പ്രണയാര്‍ദ്രമായ ആ മധുരസ്വരം തേനൂറ്റികുടിക്കും പോലെ അനുഭവിക്കും. ഉച്ചനേരങ്ങളില്‍, 'നസീറിന്റെ പാട്ട്' വേണമെന്ന് വാശിപ്പിടിച്ച് കരയുന്ന മുത്തശ്ശിയുടെ ആര്‍ത്തിശമിപ്പിക്കാന്‍ 'യേശുദാസ് ഹിറ്റ്‌സ്' പ്ലേ ചെയ്യും. നഷ്ടമായ മട്ടാഞ്ചേരി യാത്രയോര്‍മ്മിച്ച് ബാബൂക്കയുടെ 'സുറുമയെഴുതിയ മിഴികളെ' കേള്‍ക്കും.

 

പിന്നെ, പാര്‍വ്വതി ബാവുലിന്റെ 'കിച്ച്  ദിന്‍ മോനെ മോനെ.'  പാട്ടൊഴുകും.

.............................................................

 

പാട്ടിലൂടെ, വായനയിലൂടെ, ഓര്‍മ്മയിലൂടെ എത്രയെത്ര യാത്രകള്‍. കൂട്ടുകാരോടൊത്തുള്ള നിമിഷങ്ങള്‍. എന്റെ സി ഇ സി. ഗോകുലം ഹോസ്റ്റല്‍, റൂംമേറ്റ്‌സ്, പാതിരായ്ക്ക് വട്ട്  സംസാരിക്കാറുള്ള പ്രിയപ്പെട്ട കൂട്ടുകാരിപ്പെണ്ണ്,  വരിക്കാശ്ശേരിമനയുടെ തണുപ്പ്, ലൈബ്രറിയില്‍വെച്ച് മഴയത്ത് വായിച്ച നെരൂദയുടെ വരികള്‍. ഓര്‍മ്മയില്‍ അങ്ങനെ എത്രയെത്ര വസന്തങ്ങള്‍. 

കോളജിലെ അവസാനവര്‍ഷം നഷ്ടമായ വേദന, പാതിവഴിയിലായ പുസ്തകപ്രകാശനമോര്‍ത്തുള്ള സങ്കടം, നാട്ടിലേക്കെത്താതെ, കടലിനക്കരെ കുടുങ്ങിയ  പ്രവാസികളെക്കുറിച്ചുള്ള ഹൃദയവ്യഥ. പേരറിയാത്ത കുറേ അസ്വസ്ഥതകള്‍. എന്നിട്ടും കോവിഡ് രോഗത്തിന്റെ ചങ്ങല പൊട്ടിച്ചവരുടെ കഥകള്‍ എനിക്ക് ശക്തി നല്‍കി. കോവിഡ് കാലത്ത് സര്‍ഗാത്മകതയെ കെട്ടഴിച്ചു വിടുന്ന ഒരുപാട് പേരെ കണ്ടുമുട്ടി. 

വീട്ടിലെ ചെറിയലോകത്തിരുന്ന് വസ്തുക്കളെ എത്ര സൂക്ഷമമായും  വൃത്തിയായുമപയോഗിക്കാമെന്ന് പഠിച്ചു. അതില്‍ പ്രധാനമായിരുന്നു നോട്ട്ബുക്ക് മേക്കിംഗ്. ക്വാറന്റീന്‍ കാലത്ത് അധികം കടകള്‍ തുറക്കാത്തത് കൊണ്ട് എഴുതാന്‍ പുസ്തകങ്ങള്‍ തീര്‍ന്നു പോയപ്പോള്‍ തോന്നിയ ബുദ്ധി. അതെന്നെ നല്ലരീതിയില്‍ സഹായിച്ചു... എത്രയെത്ര നന്മകളാണ്  ഈ കാലം എന്നില്‍ നിറച്ചത്. 

രാത്രിയില്‍ കൊറോണയുടെ ചിത്രം നീലവെളിച്ചം  പോലെ തലച്ചോറില്‍ നിറയുമ്പോള്‍ സ്വതവേ മടിച്ചിയായിരുന്ന ഞാന്‍ ചാടിയെഴുന്നേറ്റു എഴുതാന്‍ തുടങ്ങും. എത്ര തീക്ഷണമായി ലക്ഷ്യങ്ങളെ പ്രണയിക്കാന്‍ ഇപ്പോള്‍ സാധിക്കുന്നു. ചെറിയ ദേഹാസ്വസ്ഥ്യങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ഈ കാലത്തെയും പുഞ്ചിരിയോടെ നേരിടാന്‍ എനിക്കിന്നാകും. മോശമെന്ന് തോന്നിച്ചാല്‍ പോലും ഓരോ കാലത്തിന്റെയും വെളിച്ചം നഷ്ടപ്പെടാതിരിക്കാന്‍ നമ്മള്‍ കൈകോര്‍ത്താല്‍ മതിയാകും.  

ഓര്‍മ്മയിലിപ്പോള്‍ മോപ്പസാങ്ങിന്റെ ആ വയസ്സന്‍ കഥാപാത്രം. 'ഞാന്‍ മരിക്കുകയില്ല, എനിക്ക് എന്റെ ജീവനാണ് പ്രധാനം.' അതിലെ 80 -കാരനായ കഥാപാത്രത്തെ പോലെ നമ്മളുമെത്ര പുലമ്പിയിട്ടുണ്ട് ആ വാക്കുകള്‍. സര്‍വ്വ സ്വാര്‍ത്ഥതയും വെടിഞ്ഞ് ജാഗ്രതയോടെ മാസ്‌കുകള്‍ ധരിക്കുമ്പോള്‍ ഇന്ന് മനസ്സുറപ്പിച്ചു പറയുന്നു, 'കൊറോണ ബ്ലൂലൈറ്റിനെയും മായ്ച്ചു കളയാന്‍ നമുക്കിന്നാകും. 

ആ നീല വെളിച്ചത്തില്‍ ആരുടെയും കണ്ണുകള്‍ മങ്ങാതിരിക്കട്ടെ. 

click me!