എന്നിട്ടും എന്നെയാരും അഭിനന്ദിച്ചില്ല!

By Web Team  |  First Published Dec 18, 2020, 3:56 PM IST

ആ ഫോട്ടോയുടെ കഥ. ഒരു തയ്യല്‍ അപാരത.  ബോബി ജോബി പടയാട്ടില്‍ എഴുതുന്നു


ആ ഫോട്ടോയുടെ കഥ. ഓരോ ഫോട്ടോയും ഓരോ കഥയാണ്. ഓരോ നിമിഷമാണ്. അനുഭവമാണ്. നിങ്ങള്‍ക്കുമില്ലേ അത് പോലൊരു ഫോട്ടോ, അത് പോലൊരു കഥ? എങ്കില്‍ ആ ഫോട്ടോയും വിശദമായ അനുഭവക്കുറിപ്പും submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം നിങ്ങളുടെ പുതിയൊരു ഫോട്ടോയും. ഫോണ്‍ നമ്പര്‍ അടക്കമുള്ള വിലാസവും ഒപ്പം വെക്കണം. സബ്ജക്റ്റ് ലൈനില്‍ ആ ഫോട്ടോയുടെ കഥ എന്നെഴുതാന്‍ മറക്കരുത്.

 

Latest Videos

undefined

 

തയ്യല്‍  പഠിച്ചിട്ടില്ല എങ്കിലും തയ്ക്കാന്‍ ഒരുപാടിഷ്ടമാണ്. 

കുഞ്ഞായിരിക്കുമ്പോള്‍ പാവക്കുട്ടിക്ക് ഉടുപ്പുകള്‍ കൈ കൊണ്ടു തുന്നിയാണ് ഹരിശ്രീ കുറിച്ചത്. ദിവസവും ഓരോ പുതിയ കുപ്പായം തുന്നി  സ്വയം തുന്നല്‍ക്കാരിയായി ഞാന്‍ തന്നെ എന്നെ അഭിനന്ദിച്ചു പോന്നു.

സ്വന്തം കരവിരുത് മുഴുവന്‍ പ്രദര്‍ശിപ്പിക്കാന്‍ ജീവനുള്ള ഒരു മോഡലിനെ  കിട്ടിയത് ഞാനൊരു  അമ്മയായപ്പോഴാണ്. ആദ്യത്തെ കണ്‍മണി 
അതും സ്വപ്നം കണ്ടതു പോലൊരു പെണ്‍കുഞ്ഞ്. കുഞ്ഞ് രണ്ടു കാലില്‍ നില്‍ക്കാറായതോടെ, എന്റെ ഉള്ളില്‍ ഞാന്‍ തന്നെ ചങ്ങലയ്ക്കിട്ടു കിടത്തിയിരുന്ന ഡിസൈനര്‍ കം ടെയ്‌ലര്‍ സടകുടഞ്ഞെഴുന്നേറ്റു. 

ഓരോ  ദിവസം ഓരോ പുത്തന്‍ ആശയങ്ങള്‍. ഡിസൈന്‍ വരയ്ക്കുന്നു. ആലാചിക്കുന്നു. ഉടുപ്പ് തയ്ക്കുന്നു. ഇടീയ്ക്കാന്‍ നോക്കുന്നു..

വിചാരിച്ച പോലെ ഒന്നും ശരിയാകുന്നില്ല. 

ഒന്നുകില്‍ കുഞ്ഞിന്റെ നാലിരട്ടി വലിപ്പം കാണും. അല്ലെങ്കില്‍  തല കടക്കില്ല. കൈ കയറിയാല്‍ കഴുത്തു കയറില്ല. അങ്ങനെ  ഒന്നല്ല രണ്ടല്ല മൂന്നല്ല കാരണങ്ങള്‍..
 
തോല്‍വി  തുടര്‍ന്നു കൊണ്ടേയിരുന്നു. ഓരോ ഉടുപ്പും ഇടീക്കുമ്പോള്‍ കൊച്ച് കരയും. വീട്ടുകാര്‍  എന്നെ വഴക്കു പറയും. 

പക്ഷേ രാമന്‍കുട്ടി  തളര്‍ന്നില്ല. മഹാന്‍മാരെ പോലെ ഓരോ തോല്‍വിയും ചവിട്ടുപടികളാക്കി, വിജയിക്കാന്‍ എന്തു ചെയ്യണം എന്നത് മാത്രം ആലോചിച്ചു. അപ്പോഴല്ലേ കാര്യം പിടി കിട്ടിയത്. ഈ  എലിസബത്ത് ടെയ്‌ലര്‍ ടേപ്പ് ഉപയോഗിക്കുന്നില്ല. ടേപ്പ് കൊണ്ട് അളവെടുക്കാതെ എങ്ങനെ തയ്യല്‍ ശരിയാകും ?

എന്തും വരട്ടെ ഇനി അല്‍്പം പ്രൊഫഷണലിസം വേണം തയ്യലില്‍, ഒരു കത്രിക, മെഷെര്‍മെന്റ് എടുക്കാന്‍ ടേപ്പ്, അടയാളപ്പെടുത്താന്‍ മാര്‍ക്കര്‍ ഒക്കെ വാങ്ങി. 

ഇനി ഞാന്‍ തകര്‍ക്കും. 

അങ്ങനെ പുതിയ തുണി വാങ്ങി. കൊച്ചിനെ  പിടിച്ചു നിര്‍ത്തി നല്ല സ്‌റ്റൈല്‍ ആയി അളവ്  എടുത്തു, ഒരു പിടി അഹങ്കാരവും മനസിലിട്ടു നൂല്‍ കോര്‍ത്ത് തയ്യല്‍ തുടങ്ങി.

നല്ല ഭംഗിയുള്ള ഒരു കുഞ്ഞുടുപ്പ്.

അരേ വാഹ് എന്നെ സമ്മതിക്കണം. 'എന്താ ഭംഗി.. അടിപൊളി. 

കുഞ്ഞിനെ സ്‌നേഹത്തോടെ അടുത്ത് വിളിക്കുന്നു. 

മുന്‍ അനുഭവങ്ങള്‍ മറക്കാഞ്ഞിട്ടാണോ എന്തോ കൊച്ച് അടുത്തേക്കു വരുന്നില്ല. 'നിച്ച് വേണ്ട .. ഇടൂല്ല' ന്നൊക്കെ കൊഞ്ചി പറഞ്ഞ് അമ്മാമ്മയെ വട്ടം പിടിക്കുന്നു. 

വിട്ടു കൊടുക്കാന്‍ പറ്റുമോ, എത്ര നേരത്തെ പങ്കപ്പാടാണ്. 

'അമ്മേടെ മുത്തല്ലേ.. സ്വത്തല്ലേ.. പഞ്ചാരയല്ലേ... മുരിങ്ങാക്കോലല്ലേ' എന്നൊക്കെ പറഞ്ഞ് ഒരു വിധം സമ്മതിപ്പിച്ചു.

എന്റെ അമ്മ സഹതാപത്തോടെ കുഞ്ഞിനെ നോക്കുന്നു.

അപ്പനും ആങ്ങളമാരും ആണെങ്കില്‍ 'കൊച്ചിനെ എങ്ങാനും കരയിപ്പിച്ചാല്‍ നിന്നെ ശരിയാക്കും' എന്ന ഭാവം.  ഓരോ പ്രാവശ്യവും ഞാന്‍ തയ്ച്ച ഉടുപ്പ് ഇടീക്കാന്‍ ശ്രമിച്ചു കഴിയുമ്പോള്‍ വീട്ടുകാരുടെ ഈ പുച്ഛഭാവം എനിക്കു ശീലമായിരുന്നു. 

ഇത്തവണ എല്ലാവരും ഞെട്ടും.

പതുക്കെ ഡ്രസ് എടുത്തു കുഞ്ഞിന്റെ ദേഹത്തു വച്ചു നോക്കി. വലിപ്പം ഇറക്കം ഒക്കെ കിറു കൃത്യം.

'മുത്തേ കൈ പൊക്ക്, നമുക്ക് പുതിയ ഉടുപ്പിടാം' -കുറെ നിര്‍ബന്ധിച്ച് സമ്മതിപ്പിച്ചു.

കൈ പൊക്കി. കഴുത്തും കടന്നു ഭാഗ്യം, ഉടുപ്പ് പതുക്കെ താഴേക്കിറക്കി. കൊച്ച് പതിവു കരച്ചില്‍ തുടങ്ങി. 

'വേദന എക്കണു...നിക്ക് ബേണ്ടാ ..'

'ഹേയ് ഇട്ടു കഴിയുമ്പോള്‍ ശരിയാകും. മോളു കരയാതെ പ്ലീസ് അമ്മേടെ മുത്തല്ലേ.'

ഒരു വിധം ഉടുപ്പ് ഇടീച്ചു. കൃത്യംന്നു പറഞ്ഞാല്‍ പോര പണ്ട് പാവക്കുട്ടിക്ക് ഇടീക്കുന്ന പോലെ കിറുകൃത്യം. 

ഹോ എന്തു ഭംഗി, വേഗം ക്യാമറ എടുത്തു ഒരു ഫോട്ടോയും എടുത്തു.

 

 

അന്നു ഡിജിറ്റല്‍ ക്യാമറയല്ല. ഒരുടുപ്പിന് ഒരു ഫോട്ടോ അത്രയേ പറ്റൂ, ആ ഉടുപ്പിട്ടു നില്‍ക്കുന്നത് കണ്ടാ..

ഞാന്‍ സംതൃപ്തയായി, 'എങ്കിലും എല്ലാവരും എന്നെ അഭിനന്ദിക്കാത്തതെന്താ' എന്നോര്‍ത്ത് വിഷമം തോന്നി.

കുറെ കൂടി ഹൃദയവിശാലത ഞാന്‍ അവരില്‍ നിന്നു പ്രതീക്ഷിച്ചിരുന്നു. അല്ലെങ്കിലും മുറ്റത്തെ ജാസ്മിന് സ്‌മെല്‍ ഇല്ലല്ലോ. 

ഈ കൊച്ചിനും പുതിയ ഉടുപ്പു കിട്ടിയിട്ട് ഒരു സന്തോഷമില്ലല്ലോ. ഒന്നു ചിരിക്കുന്നുകൂടിയില്ലല്ലോ എന്ന് ഞാനോര്‍ത്തു. 

'ഫോട്ടോ എടുത്തു കഴിഞ്ഞില്ലെ ഇനി ആ കൊച്ചിന്റെ ഉടുപ്പു ഒന്നൂരിക്കള, പാവം ശ്വാസം മുട്ടി നില്‍ക്കുവാ'ന്ന് അമ്മ.. 

എനിക്കു കണ്ടു മതിയായില്ലാരുന്നു. എങ്കിലും ഊരിയേക്കാം എന്നോര്‍ത്തു.

കുഞ്ഞിന്റെ ദേഹത്തു നിന്നു ഉടുപ്പ്  അനങ്ങുന്നില്ല!

ഒരിളക്കം പോലും ഇല്ല!

കൈയിലൂടെ ഊരാന്‍ നോക്കി. കഴുത്തിലൂടെ നോക്കി.. ങേ ഹേ... 

താഴേക്ക് ഊര്‍ത്തിയാലോ? 

അതും നടപ്പില്ല.. 

പഠിച്ച പണി പതിനെട്ടും നോക്കി. നോ രക്ഷ!

കൊച്ചിന്റെ കരച്ചിലും വീട്ടിലുള്ള കണ്‍ട്രി ഫെല്ലോസിന്റെ ബഹളവും കേട്ട് അയല്‍ക്കാരും എത്തി.

ഒടുവില്‍ അപ്പന്‍ പറഞ്ഞു, 'നീയാ കത്രിക ഇങ്ങെടുത്തേ..' 

എന്നിട്ട് എന്റെടുത്തൂന്ന് കൊച്ചിനെ നീക്കി അമ്മയോട് പറഞ്ഞു, 'മേരിക്കുഞ്ഞേ കുഞ്ഞിനെ ചേര്‍ത്തു പിടിച്ചോ; അനങ്ങാന്‍ സമ്മതിക്കരുത്.'
 
'അപ്പാപ്പ ഇപ്പ ശരിയാക്കി തരാട്ടാ..'-എന്നിട്ട് കുഞ്ഞിനെ സമാധാനിപ്പിച്ചു. 

പതുക്കെ കത്രിക കൊണ്ട് ദേഹത്തു കൊള്ളാതെ ഉടുപ്പ് നെടുകെ മുറിച്ച് കുഞ്ഞിനെ രക്ഷപ്പെടുത്തി.

'ഹോ!  അപ്പോള്‍ ആ കൊച്ചിന്റെ ഒരു  സന്തോഷം ഒന്നു കാണണമായിരുന്നു.
 
അല്ലേലും കഴിഞ്ഞ ജന്മത്തിലെ ശത്രുക്കളാ മക്കളായി ജനിക്കുക എന്ന് പണ്ടേ ഷേക്‌സ്പിയര്‍  പറഞ്ഞിട്ടുണ്ട്. എന്തായാലും എന്റെ തയ്യല്‍ സ്വപ്നങ്ങളുടെ തുന്നലെല്ലാം അതോടെ വിട്ടു പോയി.

 

click me!