വിഴിഞ്ഞത്തെ മനുഷ്യര്‍ രാജ്യദ്രോഹികളും തീവ്രവാദികളുമാണോ?

By Biju S  |  First Published Nov 30, 2022, 6:52 PM IST

വിഴിഞ്ഞത്തെ മല്‍സ്യതൊഴിലാളികള്‍ രാജ്യ ദ്രോഹികളോ രാജ്യ സ്‌നേഹികളോ? എസ് ബിജു എഴുതുന്നു


2017-ല്‍ ഓഖി ഈ തീരത്തെയാകെ കശക്കി എറിഞ്ഞ് നിരവധി മനുഷ്യരെ കവര്‍ന്നപ്പോള്‍  നാം പൊതു സമൂഹം കാഴ്ചക്കാരായി മാത്രം നില്‍ക്കുകയായിരുന്നു. എന്നാല്‍ 2018-ല്‍ പേമാരിയും  മലവെള്ളവും കേരളത്തെ  കാണാക്കയങ്ങളില്‍ മുക്കിയപ്പോള്‍ അവര്‍ അതു നോക്കിനിന്നില്ല. ആരുടെയും പ്രേരണയില്ലാതെ അവര്‍ കടലില്‍ പോവുന്ന വള്ളങ്ങളുമായി അങ്ങോട്ടു കുതിച്ച്, പ്രളയത്തില്‍നിന്നും നമ്മെ കോരിയെടുത്തു. ഒരു നന്ദിക്കു പോലും കാത്തു നില്‍ക്കാതെ മടങ്ങി. 

 

Latest Videos

undefined

 

വിഴിഞ്ഞത്ത് കഴിഞ്ഞ ദിവസം നിര്‍ഭാഗ്യകരമായ അക്രമ സംഭവങ്ങളാണ് ഉണ്ടായത്.  കലുഷിതമായ തീരം പുറമേക്കെങ്കിലും  ശാന്തമായതിന്റെ ആശ്വാസത്തിലാണ് ഇപ്പോള്‍. ന്യായീകരിക്കാനാവാത്ത വിധം പൊലീസ് സേനയെ ആക്രമിച്ചെങ്കിലും അവര്‍ സംയമനം പാലിച്ചതിനാലാണ്  വലിയൊരു അത്യാഹിതം ഒഴിവായത്. ഇതേ തുടര്‍ന്ന് അവിടത്തെ സ്ഥിതി ഗതികള്‍ അന്വേഷിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സികള്‍ വരെ എത്തുന്ന അവസ്ഥയാണിപ്പോള്‍.

ഇതിനു വഴി വച്ചത് വിഴിഞ്ഞത്തെ തുറമുഖ നിര്‍മ്മാണം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെചൊല്ലി അവിടെ മത്സ്യതൊഴിലാളികള്‍ നടത്തുന്ന സമരത്തിനു പിന്നില്‍ വിദേശ ശക്തികളും, തീവ്ര ക്രൈസ്തവ, തീവ്ര ഇസ്ലാമിക, തീവ്ര ഇടതുപക്ഷ സംഘടനകളുമാണെന്ന ആരോപണം സംസ്ഥാന മന്ത്രിമാര്‍ തന്നെ ഉയര്‍ത്തിയ സാഹചര്യമാണ്. ഇക്കാര്യത്തില്‍ സംസ്ഥാനം ഭരിക്കുന്ന സി.പി.എമ്മും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയും  ഒരേ സ്വരത്തിലാണ് അതീവ ഗുരുതരമായ രാജ്യദോഹ ആരോപണം ഉന്നയിച്ചിട്ടുള്ളത്. സ്വാഭാവികമായും അവര്‍ക്ക് അതിന് പിന്‍ബലമേകുന്ന തെളിവുകള്‍ കിട്ടിയുണ്ടാകും. അങ്ങനെയാണെങ്കില്‍ അത് പരസ്യപ്പെടുത്തി കുറ്റവാളികള്‍ക്ക് നേരെ നടപടിയെടുക്കണം. സി.പി.എം ആകട്ടെ രാജ്യദ്രാഹികളുടെ  പട്ടികയിലേക്ക് എ.ബി.വി.പി, സ്വദേശി ജാഗരണ്‍ മഞ്ച് നേതാക്കളെയും കൊണ്ടു വന്നിട്ടുണ്ട്. 

ഗൂഢാലോചനയുടെയും രാജ്യദ്രോഹത്തിന്റെയും വിദേശ ഫണ്ടിങ്ങിന്റെയും  ചുക്കാന്‍  പിടിക്കുന്നയാളായി ഭരണകക്ഷി ഉയര്‍ത്തി കാട്ടുന്നത് തിരുവനന്തപുരത്തെ  ലത്തീന്‍ സഭയുടെ വികാരി ജനറലായ യൂജിന്‍ പെരേരയെയാണ്.

 

 

 

തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കറിയാം ഇവിടത്തെ തീരദേശ മേഖലയുടെ സ്വാഭാവം. ആഞ്ഞടിക്കുന്ന തിരമലകളുടെ അതേ കാഠിന്യമാണ് ഇവിടത്തെ തീരവാസികള്‍ക്ക്. അതിനാല്‍ തന്നെ വിഴിഞ്ഞം, പൂന്തുറ കലാപങ്ങളടക്കം ഈ തീരത്തെ പ്രശ്‌നങ്ങള്‍ റിപ്പോട്ട് ചെയ്യാന്‍ പോയിരുന്നത്  ഞങ്ങള്‍ ചെവി നിറയെ കേട്ടും പങ്കായംകൊണ്ടുള്ള തലോടല്‍ ഏല്‍ക്കാന്‍ തയ്യാറായുമായിരുന്നു.

2017-ല്‍  ഓഖി കാലയളവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പോലും ഇത് നേരിട്ട് അനുഭവിച്ചതാണ്. എന്നാല്‍ മാതൃഭാവത്തില്‍ കേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാമന്‍ വന്നപ്പോള്‍  എല്ലാ ബഹുമാനവും കാട്ടി, തീരവാസികള്‍.  ഇന്നും തീരത്ത് വലിയ മാറ്റമൊന്നുമില്ല. കാരണം ലളിതം. കേരളത്തില്‍ ഇത്രയും പ്രയാസം നിരന്തരം നേരിടേണ്ടി വരുന്ന ജനസമൂഹം ചുരുക്കമാണ്.  

ചിലപ്പോഴെങ്കിലും വിശ്വാസികളുടെ തീവ്രത വികാരിമാരും ഏറ്റെടുക്കുമ്പോള്‍ ഞങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ മുമ്പൊക്കെ രക്ഷക്കായി അഭയം പ്രാപിച്ചിരുന്നത് യൂജിന്‍ അച്ചനെയായിരുന്നു. അദ്ദേഹം സമവായം ഉണ്ടാക്കി ഞങ്ങളെ അവിടുന്ന് എങ്ങെനയെങ്കിലും കഴിച്ചലാക്കി തരും. 

 

 

രാജ്യ ദ്രോഹികളോ രാജ്യ സ്‌നേഹികളോ?

വിഴിഞ്ഞത്തെ മല്‍സ്യതൊഴിലാളികള്‍ രാജ്യ ദ്രോഹികളോ രാജ്യ സ്‌നേഹികളോ എന്ന് പരിശോധിക്കാന്‍  കുറച്ചു നൂറ്റാണ്ടുകള്‍ നമുക്ക്  പിന്നോട്ട് നടക്കാം. ദക്ഷിണേഷ്യയില്‍  ഒരു യൂറോപ്യന്‍  സൈന്യം ആദ്യമായി യുദ്ധത്തില്‍ പരാജയപ്പെടുന്നത് ഈ തീരത്താണ്. കൃത്യമായി പറഞ്ഞാല്‍  1741 ആഗസ്റ്റ് 10-ന് ഒരു പൊട്ടിത്തെറിയോടെ.  മാര്‍ത്താണ്ഡ വര്‍മ്മയുടെ നായര്‍ പട്ടാളം കുളച്ചല്‍ എന്ന തീരദേശ ഗ്രാമത്തില്‍ അന്നത്തെ പ്രബല നാവിക ശക്തിയായ ഡച്ച് സേനയെ കീഴടക്കി. അന്ന് കീഴടങ്ങിയ ഡച്ച് പടത്തലവന്‍ ക്യാപറ്റന്‍  ഡിലനോയിയെ വധിക്കാതെ,  മാര്‍ത്താണ്ഡവര്‍മ്മ  തന്റെ പരിമിത സേനയെ ആധുനിക സൈനിക ശക്തിയാക്കുന്നതിന് വലിയ കപ്പിത്താനാക്കി. അങ്ങനെയത് ലക്ഷണമൊത്ത നായര്‍ ബ്രിഗേഡായി. സ്വാതന്ത്ര്യാനന്തരം അത്  മദ്രാസ് റെജിമന്റില്‍ ലയിച്ചു. കുളച്ചല്‍ യുദ്ധവിജയം സൈന്യം എല്ലാ വര്‍ഷവും അനുസ്മരിക്കാറുണ്ട്. ഒരു വര്‍ഷം അത് റിപ്പോര്‍ട്ട് ചെയ്യാന്‍ കുളച്ചലില്‍ പോയപ്പോഴാണ്, അവിടത്തെ സൈനിക മേധാവി കുളച്ചല്‍ യുദ്ധത്തില്‍ തിരുവനന്തപുരത്തെ മല്‍സ്യതൊഴിലാളികളുടെ പങ്കിനെപ്പറ്റി പറഞ്ഞത്. വലിയതുറയില്‍ . നിന്നും മറ്റുമുള്ള മല്‍സ്യതൊഴിലാളികളാണ് പലപ്പോഴും നായര്‍ പടയാളികളെ ഡച്ചുകാരെ കടലില്‍  നേരിടാനായി അങ്ങോട്ടു കടത്തിയത്. മാത്രമല്ല പലപ്പോഴും ഈ വള്ളങ്ങള്‍ ചാവേര്‍ ആക്രമണം നടത്തി ഡച്ച് യാനങ്ങളില്‍ ചിലതിനെ  മുക്കുകയും ചെയ്തു. 

ഇത് കേട്ടുകേള്‍വിയാണോ  എന്ന് സംശയം ദുരീകരിക്കാന്‍ നടത്തിയ അന്വേഷണം കൂടുതല്‍ വ്യക്തത കൊണ്ടു വന്നു. ഡിലനോയിയുടെ പിന്‍മുറക്കാരനായ മാര്‍ക്ക് ഡിലനോയ് കേരളത്തില്‍. വന്ന് കാര്യമായി പഠനം നടത്തി  തയ്യാറാക്കിയ തിരുവിതാംകൂറിലെ കുലശേഖര പെരുമാള്‍മാരെക്കുറിച്ചുള്ള പ്രബന്ധത്തില്‍ പറയുന്നത് മല്‍സ്യ തൊഴിലാളികള്‍ സഹായിക്കാത്തതു കൊണ്ടു മാത്രമാണ് ഡച്ച് സേനക്ക് പരാജയമുണ്ടായതെന്നാണ്. ഡച്ച് സേനക്ക് നേരെ തിരുവിതാംകൂറിന് ആദ്യ മുന്നേറ്റമുണ്ടാക്കാനായത് അഞ്ചുതെങ്ങ് കേന്ദ്രീകരിച്ചുള്ള  ബ്രിട്ടീഷ് സേനയുടെ പിന്‍ബലത്താലാണ്. എന്നാല്‍ ഒരു വേള ഡച്ച് സേന കാര്യമായി മുന്നേറി നമ്മെ പരാജയപ്പെടുത്തുന്ന അവസ്ഥ വന്നു. അവര്‍ക്ക് പക്ഷേ നമ്മുടെ തീരത്ത് ആധിപത്യം സ്ഥാപിക്കാന്‍ മല്‍സ്യതൊഴിലാളികളുടെ പിന്തുണ അനിവാര്യമായിരുന്നു. ക്രിസ്ത്യാനികളായ മല്‍സ്യ തൊഴിലാളികളെ സ്വാധീനിക്കാന്‍ ഇവിടത്തെ ജസ്യൂട്ട് പാതിരിമാരോട് ഡച്ച് സേന സഹായം ആവശ്യപ്പെട്ടു. എന്നാല്‍  രാജ്യത്തോടും രാജാവിനോടും കൂറുകാട്ടാതിരിക്കാന്‍ ഒരിക്കലും മല്‍സ്യതൊഴിലാളികള്‍ തയ്യാറാകില്ലെന്ന് പാതിരിമാര്‍ മറുപടി നല്‍കി. രോഷാകുലരായ ഡച്ചുകാര്‍ ജസ്യൂട്ട് പാതിരിമാരെ ആക്രമിച്ചു കൊല്ലുകയും തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയും ചെയ്തു. ഇതില്‍ അരിശം കൊണ്ട് മല്‍സ്യതൊഴിലാളികള്‍ നായര്‍പടക്കൊപ്പെം ഡച്ച് യാനങ്ങള്‍ അക്രമിച്ച് അവരില്‍ ചിലരെ ജീവനോടെ പിടികൂടി. അവരില്‍ നിന്ന് കിട്ടിയ വിവരമാണ് ഡച്ച് സേനയെ കീഴടക്കാന്‍ മാര്‍ത്താണ്ഡ വര്‍മ്മയുടെ വലിയ പടത്തലവന്‍ രാമയ്യന്‍ ദളവയെ സഹായിച്ചത്. 

 

 

വിക്രം സാരാഭായി

ഈ രാജ്യസ്‌നേഹ പാരമ്പര്യം അവര്‍ ഇപ്പോഴും കാത്തു സൂക്ഷിക്കുന്നു. 1962-ല്‍ അദാനിയുടെ നാട്ടില്‍ നിന്ന് തന്നെ വന്ന മറ്റൊരു ഗുജറാത്തി ഈ മനുഷ്യരെ കീഴടക്കിയിട്ടുണ്ട്. ബഹിരാകാശ നിലയം സ്ഥാപിക്കാന്‍ വിഴിഞ്ഞത്തു നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള  തുമ്പയാണ് ഏറ്റവും അനുയോജ്യമെന്ന് മനസ്സിലാക്കിയ വിക്രം സാരാഭായി അതിനായി അന്നത്തെ ബിഷപ്പായ പീറ്റര്‍ ബെര്‍ണാഡ് പെരേരയോട് സഹായം ആവശ്യപ്പെട്ടു. അടുത്ത ഞായറാഴ്ച മഗ്ദലിന്‍ ദേവാലയത്തില്‍ തടിച്ചു കൂടിയ വിശ്വാസികളോട് വിക്രം സാരാഭായിയുടെ സാന്നിധ്യത്തില്‍  ബിഷപ്പ് പെരേര ഇങ്ങനെ പറഞ്ഞു. ''ശാസ്ത്രം മനുഷ്യജീവനെ നിയന്തിക്കുന്ന സത്യത്തെയാണ് തേടുന്നത്. മതം ആധ്യാത്മികമാണ്. രണ്ടും ഈശ്വര പ്രഭാവത്തിലാണ്. മക്കളെ, അതു കൊണ്ട് നമ്മള്‍ ഈ ദേവാലയം ശാസ്ത്ര ലോകത്തിനായി കൊടുക്കണം.''

ആ പള്ളിയങ്കണത്തിലിരുന്നാണ് അബ്ദുള്‍ കലാമിനെ പോലുള്ള പ്രതിഭാശാലികള്‍ പിന്നീട് ഇന്ത്യന്‍ ബഹിരാകാശ രംഗത്തെ ഇന്നത്തെ വന്‍ കുതിപ്പിലേക്ക് നയിച്ചത്. 

 

 

അവര്‍ പ്രളയത്തില്‍നിന്നും നമ്മെ കോരിയെടുത്തു

കൂടപ്പിറപ്പുകളോടുള്ള സ്‌നേഹത്തേക്കാള്‍ വലിയ എന്താണ് ദേശസ്‌നേഹം? 2017-ല്‍ ഓഖി ഈ തീരത്തെയാകെ കശക്കി എറിഞ്ഞ് നിരവധി മനുഷ്യരെ കവര്‍ന്നപ്പോള്‍  നാം പൊതു സമൂഹം കാഴ്ചക്കാരായി മാത്രം നില്‍ക്കുകയായിരുന്നു. എന്നാല്‍ 2018-ല്‍ പേമാരിയും  മലവെള്ളവും കേരളത്തെ  കാണാക്കയങ്ങളില്‍ മുക്കിയപ്പോള്‍ അവര്‍ അതു നോക്കിനിന്നില്ല. ആരുടെയും പ്രേരണയില്ലാതെ അവര്‍ കടലില്‍ പോവുന്ന വള്ളങ്ങളുമായി അങ്ങോട്ടു കുതിച്ച്, പ്രളയത്തില്‍നിന്നും നമ്മെ കോരിയെടുത്തു. ഒരു നന്ദിക്കു പോലും കാത്തു നില്‍ക്കാതെ മടങ്ങി. 

 

ഓഖി ദുരന്തത്തില്‍ സര്‍വതും നഷ്ടമായവരുടെ വിലാപം
 

വിഴിഞ്ഞത്ത് തുറമുഖം വരുന്നത് വന്‍ വികസനം കൊണ്ടു വരുമായിരിക്കാം. അതിനായുള്ള പാണ്ടികശാലകള്‍ പണിയാന്‍ ഇടനാട്ടില്‍ കുടി ഒഴിപ്പിച്ചവര്‍ക്ക് ധാരാളം പണം നല്‍കുകയും ചെയ്തു. എന്നാല്‍ മല്‍സ്യ തൊഴിലാളിയുടെ ലോകം കടലാണ്. ഏതു തുറമുഖ നിര്‍മ്മാണവും അതിന്റെ വടക്കന്‍ തീരങ്ങളെ ശോഷിപ്പിക്കുമെന്നാണ് സമുദ്ര ശാസ്ത്രം പറയുന്നത്. തെക്ക് കര വയ്പ്പിക്കും.  ആ ഭാഗങ്ങളില്‍ തീരവും കടലും അപ്രാപ്യമാകുന്നവന്‍ സഹായം ചോദിക്കുമ്പോള്‍ അവരെങ്ങനെ രാജ്യ ദ്രോഹികളാകും? 

തിരുവനന്തപുരത്തെ അനന്ത പദ്മനാഭ സ്വാമി ആറാടാനായി വള്ളക്കടവിലെ യത്തീംഖാന കടന്ന്   അദാനിയുടെ വിമാനത്താവളത്തെ സ്തംഭിപ്പിച്ചാണ് ശംഖുമുഖത്തേക്കു കടന്നു പോകുന്നത്. അവിടെ തീരമാകെ കടലെടുത്ത് പോകുമ്പോഴും ജാഗ്രതയോടെ പദ്മനാഭന് കവചം ഒരുക്കുന്നത് ഈ മനുഷ്യരാണ്. 

 

 

തിരുവനന്തപുരം മെട്രോ ആദ്യം വിഭാവന ചെയ്തത് ബ്രാഹ്മണ ഗ്രാമമായ വലിയശാല വഴിയായിരുന്നു. എന്നാല്‍ അത് പൈതൃക തെരുവെന്ന പരാതി വന്നപ്പോള്‍ ഇ ശ്രീധരന്‍ തന്നെ അത് മാറ്റി കൊടുത്തു. ഇപ്പോള്‍ അട്ടക്കുളങ്ങര മേല്‍പ്പാലം  കോട്ടയ്ക്കകത്തെ ബ്രാഹ്മണ പൈതൃക ഗ്രാമത്തെ ബാധിക്കുമെന്ന പരാതിയില്‍ നില്‍ക്കുകയാണ്. അന്നേരമാണ് മല്‍സ്യ തൊഴിലാളിയുടെ പൈതൃക ഭുമിയില്‍ വിഴിഞ്ഞം തുറമുഖം വരുന്നത്. അവന് പരാതി പറയാന്‍ അവകാശമില്ലേ? 
 

click me!