ആണ്‍നോട്ടങ്ങളെ തൃപ്തിപ്പെടുത്തുന്ന പെണ്ണുടല്‍ സങ്കല്‍പ്പങ്ങള്‍

By Ameera Ayshabeegum  |  First Published Jul 10, 2019, 2:38 PM IST

ബോഡി ഷെയിമിംഗ് ഉണ്ടാവുന്നത്. അമീറ അയിഷാബീഗം എഴുതുന്ന ലേഖനപരമ്പര അവസാനിക്കുന്നു


ബ്യുട്ടി ബ്ലോഗുകളിലൂടെയും  വിഡിയോകളിലൂടെയും മറ്റും സൗന്ദര്യത്തിന്റെ അളവുകോലുകള്‍ ജനമനസ്സുകളില്‍ പ്രതിഷ്ഠിക്കുന്നതില്‍ സോഷ്യല്‍ മീഡിയ എത്രത്തോളം പങ്കു വഹിക്കുന്നു എന്നതിനൊപ്പം കാണേണ്ടുന്ന ആശാവഹമായ മാറ്റങ്ങള്‍ കൂടെ ഉണ്ട്.  സൗന്ദര്യ വിപണിയുടെ ഉല്‍പ്പന്നമായ അഴകളവുകള്‍ പാടെ നിരാകരിച്ചു കൊണ്ട് 'എന്റെ ശരീരം ഇങ്ങിനെയൊക്കെയായാണ് ആ ശരീരത്തെ ഞാന്‍ സ്നേഹിക്കുന്നു' എന്ന് വിളിച്ചു പറയുന്ന സ്ത്രീകള്‍. 'പ്രസവത്തെ തുടര്‍ന്നുണ്ടാകുന്ന സ്ട്രെച്ച് മാര്‍ക്കുകളും മറ്റു പാടുകളും നിറ ഭേദങ്ങളും ചുളിവുകള്‍ വീണ വയറും ഇടിഞ്ഞ മാറും എല്ലാം കൂടിയതാണ് എന്റെ ശരീരം, അപകര്‍ഷതയോടെ ഒളിപ്പിക്കാന്‍ ഒന്നുമില്ല എന്റെ ശരീരത്തില്‍' എന്ന് പ്രഖ്യാപിക്കുന്നവരുടെ എണ്ണവും കൂടി വരുന്നു.

Latest Videos

undefined

ആണ്‍ നോട്ടത്തിനനുസരിച്ചു പെണ്ണുടല്‍ വിളമ്പുന്ന പരസ്യങ്ങള്‍ നിറത്തില്‍ മാത്രമല്ല ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ചുളിവുകള്‍ ഇല്ലാത്ത, പാടുകള്‍ ഇല്ലാത്ത, വരയും കുറിയും കുഴികളും ഇല്ലാത്ത, രോമരഹിതമായ മെലിഞ്ഞു നീണ്ട രൂപമാണ് പുരുഷ കാമനകളെ ഉദ്ദീപിപ്പിക്കുക എന്നും അവ പ്രഖ്യാപിക്കുന്നു. അങ്ങിനെയുള്ള കാഴ്ചപ്പണ്ടങ്ങള്‍ക്ക് മാത്രമേ പുരുഷസമൂഹത്തിന്റെ അംഗീകാരമുള്ളൂ എന്നും ഈ പരസ്യങ്ങള്‍ പറഞ്ഞുവെക്കുന്നു. ഇങ്ങനെ വെളുത്ത പെണ്‍ശരീരങ്ങള്‍ മാതൃകശരീരങ്ങള്‍ ആയി അവതരിപ്പിച്ചത് പോലെ തന്നെ മെലിഞ്ഞ ശരീരങ്ങളും ആധുനിക സൗന്ദര്യ പ്രതീകങ്ങളായി വന്നു. ഉത്തമ മാതൃകകളുടെ നിരന്തരമായ അവതരണം സ്ത്രീകളില്‍ സ്വന്തം ശരീരത്തെ കുറിച്ച് വലിയതോതില്‍ നിരാശ ഉണ്ടാക്കി. 

ഈ നിരാശ അനാരോഗ്യകരമായ ഭക്ഷണശീലങ്ങളിലേക്ക് നയിച്ചു.  കഠിനവും നിരന്തരവുമായ ഭക്ഷണ നിയന്ത്രണങ്ങളും അമിത വ്യായാമവും വിപണിയില്‍ ലഭ്യമാകുന്ന സ്റ്റിറോയ്ഡ് ഉള്‍പ്പെടെ ഉള്ള മരുന്നുകളുടെ ഉപഭോഗവും മെലിഞ്ഞ ശരീരപ്രേമികളുടെ ആരോഗ്യത്തിനു ഭീഷണിയായി.  കൃശവും ലോലവുമായ ശരീരപ്രേമികളെ ലക്ഷ്യമിട്ട് കൂണുകള്‍ പോലെ മുളച്ചുപൊന്തിയ ഫിറ്റ്നസ് സെന്ററുകളും ഡയറ്റ് കേന്ദ്രങ്ങളും യോഗാശ്രമങ്ങളും കാണിക്കുന്നത് ശരീരത്തെ കുറിച്ചുള്ള ബോധം ജനങ്ങളെ കൊണ്ടെത്തിച്ച ഉല്‍ക്കണ്ഠകളുടെ ആഴമാണ്. 

നവോമി വുള്‍ഫ് നിരീക്ഷിക്കുന്ന പോലെ പരസ്യത്തിലെ ഉടലുകളോടുള്ള അതിയായ ഭ്രമവും വാര്‍ധക്യ ഭീതിയും സ്വന്തം ശരീരത്തിലുള്ള ആത്മവിശ്വാസക്കുറവും മറ്റുവഴികളിലൂടെ സൗന്ദര്യം കൃത്രിമമായി ഉണ്ടാക്കിയെടുക്കാം എന്ന വിശ്വാസവും കൂടെ ചേര്‍ന്നപ്പോള്‍ തനതായ സൗന്ദര്യമുള്ള സ്ത്രീ മുഖങ്ങളും ശരീരങ്ങളും ഇല്ലാതെ ആകുന്ന അവസ്ഥ സംജാതമാക്കി.

എക്കാലവും ആണ്‍കാമനകളെ തൃപ്തിപ്പെടുത്തലായിരുന്നു പെണ്ണുടലുകളുടെ ചിത്രീകരണത്തില്‍ പോലും ലക്ഷ്യം വെക്കപ്പെട്ടിരുന്നത്. മൂക്കും മുലയും പുരികവും കൈകാലുകളും, മുടിയും നഖവും തുടങ്ങി അംഗപ്രത്യാംഗം പുരുഷ നോട്ടങ്ങള്‍ വശീകരിച്ചു തന്നിലാക്കേണ്ട അവസ്ഥയിലേക്ക് സ്ത്രീകള്‍ എത്തിപ്പെട്ടു. പുരുഷന്റെ കണ്ണിലെ സ്ത്രീക്ക് പൂര്‍ണത വരുത്താന്‍ ബ്യുട്ടിപാര്‍ലറുകളെയും പ്ലാസ്റ്റിക് സര്‍ജറി കേന്ദ്രങ്ങളെയും ആശ്രയിക്കേണ്ടി വന്നു കൊണ്ടിരുന്നു. സാന്ദ്ര ലീ ബര്‍ട്കി അഭിപ്രായപ്പെടുന്ന പോലെ, സൗന്ദര്യത്തിന്റെ മാനദണ്ഡങ്ങള്‍ കാലഗതിക്കനുസരിച്ചു മാറിയിട്ടുണ്ടാകാം, എന്നാല്‍ സ്ത്രീ ശരീര ലാവണ്യം എന്നും പുരുഷനോട്ടത്തില്‍ തളയ്ക്കപ്പെട്ടത് തന്നെയായിരുന്നു. കിം കര്‍ദാഷിയാന്‍, ബിപാഷ ബസു, ശില്‍പ ഷെട്ടി, കങ്കണ റാവത്, സുസ്മിത സെന്‍, അയേഷ ടാക്കിയ, ശ്രീദേവി,സണ്ണി ലിയോണ്‍ തുടങ്ങി കാഴ്ചക്കാരെ ഹരം പിടിപ്പിക്കാന്‍ സ്തനത്തിന്റെ വലിപ്പം കൂട്ടല്‍ ശസ്ത്രക്രിയക്ക് വിധേയരായ നടിമാരെ ഓര്‍ക്കുക.  

..................................................................................................................................................

റേച്ചല്‍ ഹോളിസ് ബിക്കിനി ധരിച്ച ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ട് എഴുതുന്നത് 'മൂന്നു കുട്ടികള്‍ക്ക് ജന്മം നല്‍കിയതിലൂടെ ഉണ്ടായ പാടുകള്‍ വീണ അടിവയര്‍ മറച്ചു വെക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല' എന്നാണ്.

വസ്തുവല്‍ക്കരിക്കപ്പെടുന്ന പെണ്ണുടല്‍
'ബോഡി വര്‍ക്ക്: ദി സോഷ്യല്‍ കണ്‍സ്ട്രക്ഷന്‍ ഓഫ് വിമന്‍സ് ബോഡി ഇമേജ്' എന്ന പുസ്തകത്തില്‍ സില്‍വിയ കെ ബ്ലഡ് നിരീക്ഷിക്കുന്നത് ഇങ്ങനെയാണ്: സ്ത്രീയുടെ ശരീരം വെറുതെ ഒരു ഉത്പന്നമാവുകയല്ല  ചെയ്യുന്നത്,  മറിച്ചു പൂര്‍ണതയ്ക്കായ്  നിതാന്ത  ആത്മ ജാഗ്രതയും സൂക്ഷ്മതയും ശിക്ഷണ നടപടികളും ആവശ്യപ്പെടുന്ന ഒരു വസ്തു ആയി പരിണമിക്കപ്പെടുകയാണ്. 

അംഗീകൃത അഴകളവുകള്‍ സ്ത്രീയുടെ ആത്മവിശ്വാസത്തെ ദുര്‍ബലമാക്കുകയും സമൂഹം അടിച്ചേല്‍പ്പിക്കുന്ന രൂപസൗകുമാര്യത്തിലേക്ക് മാറാനുള്ള മാനസിക സംഘര്‍ഷം ഉണ്ടാക്കുകയും ചെയ്യുന്നു. ഈ സങ്കല്‍പ ലാവണ്യം കയ്യെത്തി പിടിക്കാന്‍ ആകാത്തവരും അതിനെ അവഗണിക്കുന്നവരും സ്ത്രൈണത സങ്കല്പങ്ങളില്‍ നിന്നും സാധാരണത്വത്തില്‍ നിന്നും അഭിലഷണീയതയില്‍ നിന്നും ഭ്രഷ്ട് കല്‍പിക്കപ്പെട്ടവളും അധിക്ഷേപങ്ങളുടെ ഇരയുമായി മാറുന്നു. ഇതിനെ 'ലുക്ക് അറ്റ് മൈ അഗ്ലി ഫേസ്: മിത്ത്സ് ആന്‍ഡ് മ്യൂസിങ്‌സ് ഓണ്‍ ബ്യുട്ടി ആന്‍ഡ് അദര്‍ പേരിലസ് ഒബ്സെഷന്‍സ് വിത്ത് വിമന്‍സ് അപ്പിയറന്‍സ്' എന്ന പുസ്തകത്തില്‍ സാറാ ഹല്‍പ്രിന്‍ ഇങ്ങനെ കാണുന്നു:  അധികം സ്ത്രീകളും ഈ സാമൂഹിക സൗന്ദര്യ നിര്‍മിതികള്‍ ആന്തരവത്കരിക്കുകയും സ്വന്തം ശരീരത്തെ കുറിച്ചു വികലമായ കാഴ്ചപാടുകള്‍ വെച്ച് പുലര്‍ത്തുകയും സ്വയം വെറുക്കുന്ന ഒരു പോയിന്റിലേക്ക് എത്തിപ്പെടുകയും  പൊതുധാരയില്‍ നിന്ന് ഒളിച്ചോടുകയും ചെയ്യുന്നു.  

ചുരുക്കത്തില്‍, യുഗങ്ങളായി സൗന്ദര്യം എന്നത് ജീവിതവിജയത്തിന് അവശ്യമായ ഒരു ഘടകമായി മാറുകയും അന്തര്‍ലീനമായ സാമൂഹിക രാഷ്ട്രീയ ചട്ടക്കൂടായി രൂപാന്തരപ്പെടുകയുമുണ്ടായി. എന്താണ് സൗന്ദര്യം എന്താണ് വൈരൂപ്യം എന്നതിനെ കുറിച്ചുള്ള സൃഷ്ടിച്ചെടുത്ത ധാരണകള്‍ മാധ്യമങ്ങളിലൂടെ പേര്‍ത്തും പേര്‍ത്തും ജനങ്ങളുടെ സമഷ്ടിയായ ബോധപ്രക്രിയയിലേക്കു കടത്തി വിട്ടു  കൊണ്ടിരുന്നു.  

..................................................................................................................................................

വിറ്റിലിഗോ എന്ന ത്വക് രോഗം ബാധിച്ച വിന്നി ഹാര്‍ലോ എന്ന ഫാഷന്‍ മോഡല്‍ തന്റെ ഫോട്ടോ പങ്കുവെച്ചു കൊണ്ട് വെളുത്ത സുന്ദരി മോഡലുകളെ തകിടം മറിക്കുകയുണ്ടായി.

ഡിവോര്‍ക്കിനെ പോലെയുള്ള സ്ത്രീവാദികള്‍ എടുത്തുപറയുന്ന പോലെ സൗന്ദര്യം എന്നത് സമയം കൊല്ലിയായ, വ്യയഹേതുകമായ, ആത്മാഭിമാനത്തിനു തന്നെ തുരങ്കം വെക്കുന്ന സാംസ്‌കാരിക പ്രക്രിയയാണ്. ജന്മസിദ്ധമായ ശാരീരിക പ്രത്യേകതകളെ അവഗണിച്ചു കൊണ്ട്  സമൂഹം അംഗീകരിക്കുന്ന സ്ത്രീ സൗന്ദര്യത്തികവ് കൃത്രിമമായി മേക്കപ്പിലൂടെയും കേശാലങ്കാരങ്ങളിലൂടെയും രോമനിര്‍മ്മാജ്ജനത്തിലൂടെയും ഓപ്പറേഷന്‍ വഴിയുള്ള കൂട്ടിച്ചേര്‍ക്കലുകളിലൂടെയും സൃഷ്ടിച്ചെടുക്കുകയാണ്. അതുകൊണ്ടാണ് സ്ത്രീവാദികള്‍ അതിനോട് നിരന്തരം കലഹിക്കുന്നത്. ഒരു സ്ത്രീ അവളുടെ ബാഹ്യരൂപം കൃത്രിമമായി സംസ്‌കരിച്ചെടുക്കുമ്പോള്‍ അവള്‍ അറിയാതെ അവളെ  തന്നെയും സ്ത്രീ സമൂഹത്തെ ഒട്ടാകെ തന്നെയും അടിച്ചമര്‍ത്തുന്ന പ്രക്രിയയില്‍ ഭാഗഭാക്കാകുകയാണ്. 

നവോമി വുള്‍ഫ് 'ദി ബ്യൂട്ടി മിത്ത്' എന്ന പുസ്തകത്തില്‍ ഇതിനെ നിരീക്ഷിക്കുന്നത് ഇങ്ങനെയാണ്: സൗന്ദര്യ ശീലങ്ങള്‍  എന്നത് സ്ത്രീയെ ശാരീരികമായി മെരുക്കാനും മനഃശാസ്ത്രപരമായി ക്ഷയിപ്പിക്കാനുമുള്ള പുരുഷ സ്ഥാപിത അധികാര ഘടനയുടെ ബോധപൂര്‍വമായ ശ്രമങ്ങള്‍ ആണ്. 

പാശ്ചാത്യ രാജ്യങ്ങളും ഇതര രാജ്യങ്ങളും ഉരുട്ടിയെടുക്കുന്ന വാര്‍പ്പ് സൗന്ദര്യ ബോധ്യങ്ങള്‍ സ്ത്രീകളെ നിരന്തരം വിമര്‍ശനങ്ങള്‍ക്ക് വിധേയമാക്കുന്നത് വഴി അവരെ കൃത്രിമമായ കെട്ടുകാഴ്ചകളുടെ സ്ഥിരം പ്രതിഫലനമാകാനുള്ള സമ്മര്‍ദ്ദത്തിന് ഇരകളാക്കുകയാണ്. 

..................................................................................................................................................

കറുത്തവള്‍ എന്നു പറഞ്ഞ് സൗന്ദര്യ ലോകത്തു നിന്നും സ്ത്രീകളെ മാറ്റി നിര്‍ത്തുന്ന കാലം കഴിഞ്ഞുവെന്ന്  ലോകത്തെ ഏറ്റവും കറുത്ത സുന്ദരിയായ മോഡല്‍   ഖൗദിയ ദ്യോപിന്റെ അനുഭവം പറയുന്നു.

പോരാട്ടത്തിന്റെ പുത്തന്‍പാതകള്‍
ഒരു സ്ത്രീ സുന്ദരി ആണെന്ന് സ്വയം കരുതുന്നിടത്തോളം കാലം, സ്വന്തം ശരീരത്തെ ആത്മവിശ്വാസത്തോടെ കാണുന്നിടത്തോളം കാലം,  വലയില്‍ പെടുത്താന്‍ കാത്തിരിക്കുന്ന സൗന്ദര്യ മാനദണ്ഡങ്ങളെ അവള്‍ വെല്ലുവിളിക്കുകയാണ്. ബ്യുട്ടി ബ്ലോഗുകളിലൂടെയും  വിഡിയോകളിലൂടെയും മറ്റും സൗന്ദര്യത്തിന്റെ അളവുകോലുകള്‍ ജനമനസ്സുകളില്‍ പ്രതിഷ്ഠിക്കുന്നതില്‍ സോഷ്യല്‍ മീഡിയ എത്രത്തോളം പങ്കു വഹിക്കുന്നു എന്നതിനൊപ്പം കാണേണ്ടുന്ന ആശാവഹമായ മാറ്റങ്ങള്‍ കൂടെ ഉണ്ട്.  സൗന്ദര്യ വിപണിയുടെ ഉല്‍പ്പന്നമായ അഴകളവുകള്‍ പാടെ നിരാകരിച്ചു കൊണ്ട് 'എന്റെ ശരീരം ഇങ്ങിനെയൊക്കെയായാണ് ആ ശരീരത്തെ ഞാന്‍ സ്നേഹിക്കുന്നു' എന്ന് വിളിച്ചു പറയുന്ന സ്ത്രീകള്‍. 'പ്രസവത്തെ തുടര്‍ന്നുണ്ടാകുന്ന സ്ട്രെച്ച് മാര്‍ക്കുകളും മറ്റു പാടുകളും നിറ ഭേദങ്ങളും ചുളിവുകള്‍ വീണ വയറും ഇടിഞ്ഞ മാറും എല്ലാം കൂടിയതാണ് എന്റെ ശരീരം, അപകര്‍ഷതയോടെ ഒളിപ്പിക്കാന്‍ ഒന്നുമില്ല എന്റെ ശരീരത്തില്‍' എന്ന് പ്രഖ്യാപിക്കുന്നവരുടെ എണ്ണവും കൂടി വരുന്നു. ഇത് വ്യവസ്ഥാപിത സൗന്ദര്യസങ്കല്പങ്ങള്‍ അടിച്ചേല്‍പ്പിച്ച് സ്ത്രീകളെ ആത്മവിശ്വാസമില്ലാതെയാക്കുന്ന പൊതുസങ്കല്‍പ്പങ്ങളോടുള്ള വെല്ലുവിളിയാണ്.

'ദി ചിക് സൈറ്റ്' എന്ന ലൈഫ്‌സ്‌റ്റൈല്‍ മാഗസിന്‍ നടത്തുന്ന റേച്ചല്‍ ഹോളിസ് ബിക്കിനി ധരിച്ച ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ട് എഴുതുന്നത് 'മൂന്നു കുട്ടികള്‍ക്ക് ജന്മം നല്‍കിയതിലൂടെ ഉണ്ടായ പാടുകള്‍ വീണ അടിവയര്‍ മറച്ചു വെക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല' എന്നാണ്. വിറ്റിലിഗോ എന്ന ത്വക് രോഗം ബാധിച്ച വിന്നി ഹാര്‍ലോ എന്ന ഫാഷന്‍ മോഡല്‍ തന്റെ ഫോട്ടോ പങ്കുവെച്ചു കൊണ്ട് വെളുത്ത സുന്ദരി മോഡലുകളെ തകിടം മറിക്കുകയുണ്ടായി. സീറോ സൈസും നിശ്ചിത ഇഞ്ചുകളില്‍ ഒതുങ്ങേണ്ട മാറിന്റെയും അരക്കെട്ടിന്റെയും അളവുകളും ആഘോഷമാക്കുന്നവര്‍ക്കിടയില്‍ തന്റെ പ്ലസ് സൈസ് വെച്ച് മോഡലിംഗ് ചെയ്തുകൊണ്ട് ജിസ് ബേക്കര്‍ എന്ന മോഡല്‍ വേറിട്ട കാഴ്ചയായി. ലോകത്തിലെ ഏറ്റവും വിരൂപയായ സ്ത്രീ എന്ന് യു ട്യൂബ് വീഡിയോ ഇട്ടു പരിഹസിച്ചവര്‍ക്കെതിരെ ചാട്ടുളികണക്കെ പ്രതികരിച്ചു കൊണ്ട്, ജനിതകരോഗം കാരണം അസാധാരണമാം ഭാരക്കുറവ് അനുഭവിക്കുന്ന ലിസി വേലാസ്‌ക്‌സ് നടത്തിയ ഇടപെടലും ശ്രദ്ധേയമാണ്. 

..................................................................................................................................................

ആന്റി ഫെയര്‍നെസ് ക്രീം സ്‌ക്വാഡുമായി കങ്കണ റണൗത്, അനുഷ്‌ക ശര്‍മ, രണ്‍ബീര്‍ കപൂര്‍ എന്നീ ബോളിവുഡ് താരങ്ങള്‍  മുന്നോട്ട് വെക്കുന്ന ആശയങ്ങളുംസൗന്ദര്യ വിപണിക്ക് ഒരു ഷോക്ക് ട്രീറ്റ്മെന്റ് ആണ്.

നിറത്തിന്റെ പേരിലുള്ള വ്യവസ്ഥാപിതസൗന്ദര്യ  സങ്കല്പങ്ങള്‍ക്കും മാറ്റം വന്നു തുടങ്ങുന്നു എന്നാണ് ഫാഷന്‍ ലോകത്തു നിന്നുള്ള വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. കറുത്തവള്‍ എന്നു പറഞ്ഞ് സൗന്ദര്യ ലോകത്തു നിന്നും സ്ത്രീകളെ മാറ്റി നിര്‍ത്തുന്ന കാലം കഴിഞ്ഞുവെന്ന്  ലോകത്തെ ഏറ്റവും കറുത്ത സുന്ദരിയായ മോഡല്‍   ഖൗദിയ ദ്യോപിന്റെ അനുഭവം പറയുന്നു. കറുത്ത നിറമുള്ളവരെ സൗന്ദര്യ ലോകത്തു നിന്ന്   അകറ്റി നിര്‍ത്തിയിരുന്നിടത്തു നിന്നും  അത്തരക്കാര്‍ക്ക് ആത്മവിശ്വാസവും, പ്രേരണയുമായാണ്  ഈ സെനഗല്‍ സുന്ദരി എത്തുന്നത്. കറുത്ത നിറം മാറ്റി തൊലി വെളുപ്പിക്കാന്‍ ഭൂരിപക്ഷം ആളുകളും ശ്രമിക്കുന്നിടത്താണ് കറുത്ത നിറമുള്ളവര്‍ക്ക് ആത്മവിശ്വാസത്തിന്റെ പുതിയ പ്രതീകമായി ഖൌദിയയെപ്പോലുള്ളവര്‍ കടന്നു വരുന്നത്.  

അമിതവണ്ണം കുറച്ചതിനെ തുടര്‍ന്ന് ഇടുപ്പില്‍ വീണ സ്ട്രെച്ച് മാര്‍ക്കുകള്‍ മറയ്ക്കാതെ ഫോട്ടോഷൂട്ട് നടത്തിയ പരിണീതി ചോപ്രയും പ്രസവത്തെയും മുലയൂട്ടലിനെയും തുടര്‍ന്ന് ആകാരഭംഗി നഷ്ടമാകുന്നത് വക വെക്കാതെ അര്‍ദ്ധനഗ്ന ഫോട്ടോ പോസ്റ്റ് ചെയ്ത നടി കസ്തുരിയും സ്ത്രീക്ക് മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട സൗന്ദര്യ സങ്കല്പങ്ങളെ ചോദ്യം ചെയ്യുകയാണ്. ലണ്ടനിലെ ഫോട്ടോഗ്രാഫര്‍ ആയ ബെന്‍ ഹോപ്പര്‍ 'നാച്ചുറല്‍ ബ്യുട്ടി' എന്ന ഫോട്ടോ സീരീസിലൂടെ വെല്ലുവിളിക്കുന്നത് രോമാവൃതമായ സ്ത്രീ ശരീരം അഭംഗിയുള്ളതും വൃത്തിഹീനവുമാണ് എന്ന സങ്കല്‍പത്തെയാണ്. 'രോമാവൃതമായത് മനോഹരമാണ്' എന്ന ടാഗ് ലൈനോടെ   തുടങ്ങിയ കാമ്പയിന്‍ സ്വകാര്യ ഭാഗങ്ങളിലെ രോമം നീക്കാത്ത സ്ത്രീകളുടെ ഫോട്ടോകള്‍ കൂടെ ഉള്‍പെടുത്തിക്കൊണ്ടാണ്. ആന്റി ഫെയര്‍നെസ് ക്രീം സ്‌ക്വാഡുമായി കങ്കണ റണൗത്, അനുഷ്‌ക ശര്‍മ, രണ്‍ബീര്‍ കപൂര്‍ എന്നീ ബോളിവുഡ് താരങ്ങള്‍  മുന്നോട്ട് വെക്കുന്ന ആശയങ്ങളുംസൗന്ദര്യ വിപണിക്ക് ഒരു ഷോക്ക് ട്രീറ്റ്മെന്റ് ആണ്.

..................................................................................................................................................

ലോകത്തിലെ ഏറ്റവും വിരൂപയായ സ്ത്രീ എന്ന് യു ട്യൂബ് വീഡിയോ ഇട്ടു പരിഹസിച്ചവര്‍ക്കെതിരെ ചാട്ടുളികണക്കെ പ്രതികരിച്ചു കൊണ്ട്, ജനിതകരോഗം കാരണം അസാധാരണമാം ഭാരക്കുറവ് അനുഭവിക്കുന്ന ലിസി വേലാസ്‌ക്‌സ് നടത്തിയ ഇടപെടലും ശ്രദ്ധേയമാണ്.

പരമ്പരാഗതമായി ഊട്ടിയുറപ്പിക്കപ്പെട്ട സൗന്ദര്യ സങ്കല്‍പ്പങ്ങളെ ചോദ്യം ചെയ്യുന്ന ഇത്തരം കാമ്പയിനുകള്‍ ആണ് ബോഡിഷെയിമിംഗിന്  ഒളിഞ്ഞും തെളിഞ്ഞും സോഷ്യല്‍ മീഡിയ പോലെയുള്ള മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കുള്ള മറുപടി. സ്വന്തം ശരീര പ്രകൃതത്തില്‍ അപകര്‍ഷത തോന്നാത്ത ഒരു തലമുറ വൈകാതെ സാധ്യമാകുമെന്ന പ്രതീക്ഷയാണ് ഇത്തരം കാമ്പയിനുകള്‍ക്ക് കിട്ടുന്ന സ്ത്രീ പിന്തുണ ബാക്കി വെക്കുന്നത്. 

(അവസാനിച്ചു)

 

ഭാഗം ഒന്ന്: ശരീരങ്ങള്‍ക്ക് മാര്‍ക്കിടാന്‍ നിങ്ങളെ ആരാണ് ഏല്‍പ്പിച്ചത്?

ഭാഗം രണ്ട്‌: സൗന്ദര്യം അളക്കുന്ന സ്‌കെയിലുകള്‍ ആരാണ് ഉണ്ടാക്കിയത്?
.............................................................

(കടപ്പാട്: സംഘടിത മാസിക)

click me!