ശ്രീലങ്ക നല്‍കുന്ന പാഠങ്ങള്‍: അളകനന്ദ എഴുതുന്നു
പണം നല്‍കി യുവാക്കളെ അംഗങ്ങളാക്കിയിരുന്ന താലിബാന്‍ രീതിയല്ല ഇസ്ലാമിക് സ്‌റ്റേറ്റിന്റേത്. തീവ്രസ്വഭാവമുള്ള ആശയങ്ങളായിരിക്കാം ആകര്‍ഷണത്തിന്റെ കാരണം. അത് പരക്കുന്നത് ഓണ്‍ലൈനിലൂടെയും. കാരണം എന്താണെങ്കിലും അതിനെ പ്രതിരോധിക്കാന്‍ തക്കതായ പ്രവര്‍ത്തന രീതി കണ്ടെത്തുന്നതാണ് ഇന്ന് ലോകം നേരിടുന്ന വെല്ലുവിളി. ഒരൊറ്റ നേതൃത്വമുള്ള സംഘടനയെ നേരിടുന്നതുപോലെയല്ല പ്രാദേശികമായി പ്രവര്‍ത്തിക്കുകയും തീരുമാനങ്ങളെടുക്കുകയും ചെയ്യുന്ന പല സംഘങ്ങളെ നേരിടുന്നത്.
undefined
പള്ളികളിലും ഹോട്ടലുകളിലും നടന്ന ഭീകരാക്രമണങ്ങളുടെ ഞെട്ടലില്‍ നിന്ന് ശ്രീലങ്കന്‍ ജനത ഇതുവരെ കരകയറിയിട്ടില്ല. കിട്ടിയ മുന്നറിയിപ്പ് പ്രയോജനപ്പെടുത്താനാകാതെ പോയതിന്റെ പഴിചാരലും മാപ്പുപറച്ചിലും ഇതുവരെ തീര്‍ന്നിട്ടില്ലാത്തതുകൊണ്ട് അതിന്റെ നാണക്കേടിലാണ് സര്‍ക്കാര്‍.
ശ്രീലങ്കന്‍ ജനതയെ ഞെട്ടിച്ച ആക്രമണങ്ങള്‍ മറ്റ് രാജ്യങ്ങള്‍ക്ക് അമ്പരപ്പാണുണ്ടാക്കിയത്. എന്തുകൊണ്ട് ശ്രീലങ്ക എന്ന ചോദ്യമാണ് അവരെ കുഴക്കിയത്. ഉടനെയൊന്നും ആരും ഉത്തരവാദിത്തം ഏല്‍ക്കാത്തതും ചോദ്യചിഹ്നമായി.
എല്‍ ടി ടി ഇയുടെ തിരിച്ചുവരവായാണ് ആദ്യം ലങ്കന്‍ അധികൃതര്‍ സംശയിച്ചത്. പക്ഷേ എല്‍ ടി ടി ഇ ഒരിക്കലും ക്രൈസ്തവസമൂഹത്തെ ആക്രമിച്ചിട്ടില്ല. അവരുടെ പോരാളികളില്‍ വലിയൊരു വിഭാഗം ക്രൈസ്തവരുമായിരുന്നു. മാത്രമല്ല, ഇത്രയും ആസൂത്രിതമായി ഒരു ചാവേര്‍ സ്‌ഫോടനം എല്‍ ടി ടി ഇയുടെ രീതിയല്ല. അങ്ങനെ ആ സാധ്യത തള്ളി. ഇന്ത്യയുടെ മുന്നറിയിപ്പ് കിട്ടിയിരുന്നു എന്ന കാര്യം പിന്നീട് പുറത്തുവന്നു. ചാവേറുകളിലൊരാള്‍ നല്‍കിയ യഥാര്‍ത്ഥ വിലാസവും പൊലീസിന് പിടിവള്ളിയായി. പിന്നീടാണ് നാഷണല്‍ തൗഹീദ് ജമാഅത്ത് എന്ന അത്ര അറിയപ്പെടാത്ത സംഘടനയെക്കുറിച്ചും അതിന്റെ നേതാവിനെക്കുറിച്ചും വിവരങ്ങള്‍ പുറംലോകം അറിയുന്നത്.
സഹ്രാന്‍ ഹാഷിം എന്ന മതപ്രചാരകന്‍ കാട്ടാങ്കുടി എന്ന കൊച്ചുപട്ടണത്തില്‍ ചെറിയ അലയൊലികള്‍ ഉണ്ടാക്കിയിരുന്നു. തീവ്ര നിലപാടുകള്‍ കാരണം പ്രമുഖ ഇസ്ലാമിക സംഘടനകള്‍ ഇയാളെ അകറ്റിനിര്‍ത്തി. അങ്ങനെയാണ് സ്വന്തം സംഘടന രൂപീകരിച്ചത്. അനുയായികളും ഉണ്ടായിരുന്നു ധാരാളം. ഇയാളുടെ തീവ്രസ്വഭാവമുള്ള പ്രഭാഷണങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പരന്നുതുടങ്ങിയപ്പോള്‍ 2015ല്‍ ചില മുസ്ലിം സംഘടനകള്‍ പൊലീസിനോട് പരാതിപ്പെട്ടിരുന്നു. പക്ഷേ നടപടിയൊന്നും ഉണ്ടായില്ല. അന്നുതന്നെ ഇയാളെ നാഷണല്‍ തൗഹീദ് സംഘടനയില്‍നിന്ന് പുറത്താക്കിയെന്നാണ് സംഘടന പറയുന്നത്. എന്തായാലും
2017ലെ ചില സാമുദായികസംഘര്‍ഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് സഹ്രാനെ തിരക്കി പൊലീസെത്തിയതോടെ ഒളിവിലും പോയി.
അതിനുശേഷം എന്തുസംഭവിച്ചുവെന്ന് സ്വന്തം സഹോദരിക്കുപോലും അറിയില്ല. എങ്കിലും ഇങ്ങനെയൊരു കൂട്ടക്കൊലയ്ക്ക് തന്റെ സഹോദരന്‍ നേതൃത്വം നല്‍കിയെന്ന് വിശ്വസിക്കാന്‍ അവര്‍ക്കായിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്. സഹ്രാന്‍ ഹാഷിം സ്ഥിരമായി പ്രഭാഷണം നടത്തിയിരുന്ന പള്ളി ഇന്ന് ഒഴിഞ്ഞുകിടക്കുകയാണ്.
എന്തുകൊണ്ട് ശ്രീലങ്ക എന്ന ചോദ്യത്തിന് ഇതെല്ലാം ഉത്തരം നല്‍കുന്നു. ഇത്രയും നാള്‍ എന്തുകൊണ്ട് ലങ്കയിലെ അധികാരകേന്ദ്രങ്ങള്‍ ഇതൊന്നും കാണാതെ പോയി എന്ന ചോദ്യത്തിനാണ് ഉത്തരമില്ലാത്തത്. മുന്നറിയിപ്പുകള്‍ അവഗണിച്ചതിനും വിശദീകരണമില്ല.
എല്‍ടിടിഇ കാലഘട്ടത്തിനുശേഷമുള്ള ശ്രീലങ്കയില്‍ സുരക്ഷയോ പരിശോധനകളോ അത്ര കര്‍ശനമല്ലാത്തത് കൊലയാളികള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി. സഹ്രാന്‍ ഹാഷിമിന് ഉപകരണങ്ങളാക്കാന്‍ പാകത്തിന് ശ്രീലങ്കയിലെ യുവതലമുറയും നിന്നുകൊടുത്തു. അതും ശ്രീലങ്കയിലെ പ്രമുഖമായ, സമ്പന്നകുടുംബത്തില്‍പ്പെട്ട രണ്ട് സഹോദരങ്ങളുള്‍പ്പടെ. അവരുടെ ഫാക്ടറിയിലാണ് സ്‌ഫോടനവസ്തു ഘടിപ്പിക്കുന്ന ചട്ട നിര്‍മ്മിച്ചത്. അതിലൊരാളിന്റെ ഭാര്യ പൊലീസുകാര്‍ക്കുമുന്നില്‍ പൊട്ടിത്തെറിച്ചു. സ്വന്തം കുഞ്ഞുങ്ങളേയും മൂന്ന് പൊലീസുദ്യോഗസ്ഥരേയും ചിതറിത്തെറിപ്പിച്ചുകൊണ്ട്. സഹോദരങ്ങളുടെ അച്ഛന്‍ രാജ്യത്തെ അറിയപ്പെടുന്ന സുഗന്ധവ്യഞ്ജന വ്യാപാരിയാണ്. ഇന്ന് പൊലീസ് കസ്റ്റഡിയിലും.
ശ്രീലങ്കയില്‍ ഈ ആക്രമണങ്ങള്‍ സൃഷ്ടിച്ചേക്കാവുന്ന മറ്റൊരു ദുരന്തമുണ്ട്. ഇന്നുവരെ രാജ്യത്തെ ക്രൈസ്തവരും മുസ്ലികളും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിട്ടില്ല. മറിച്ച് ബുദ്ധമതവിശ്വാസികളും ഇസ്ലാം മതവിശ്വാസികളും തമ്മിലായിരുന്നു സംഘര്‍ഷം. കഴിഞ്ഞ വര്‍ഷം അരങ്ങേറിയ കലാപം അതിന്റെ ബാക്കിയായിരുന്നു. ന്യൂനപക്ഷമായ ക്രൈസ്തവരെ ലക്ഷ്യമിട്ടതിന് കാരണം ഐ എസിന്റെ ഇടപെടലാവാം. ക്രൈസ്തവരെ പഴയ കുരിശുയുദ്ധത്തിന്റെ നിഴലില്‍ കാണുന്നതാണ് ഐ എസിന്റെ രീതി. ന്യൂസിലന്റിലെ ക്രൈസ്റ്റ് ചര്‍ച്ച് ആക്രമണങ്ങളുടെ തിരിച്ചടിയെന്ന ഐഎസ് അനുകൂല സംഘടനകളുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ അതിന്റെ ബാക്കിയാണ്.
കഴിഞ്ഞദിവസം പുറത്തുവന്ന ഐഎസ് നേതാവ് അബുബക്കര്‍ അല്‍ ബാഗ്ദാദിയുടെ വീഡിയോയിലും കുരിശുയുദ്ധപരാമര്‍ശമുണ്ട്. മാത്രമല്ല, സിറിയയിലെ അവസാന ആസ്ഥാനമായ ബഗൂസി നഷ്ടപ്പെട്ടതിന് പകരമാണ് ശ്രീലങ്കന്‍ ആക്രമണം എന്നും പറയുന്നു. എന്തായാലും ലങ്കയില്‍ ഇനി ക്രൈസ്തവരും മുസ്ലിങ്ങളും തമ്മിലെ സമവാക്യങ്ങളും മാറിമറിഞ്ഞേക്കാം. അതുതന്നെയാണ് ഐ എസിന്റെ ലക്ഷ്യവും. ജനങ്ങള്‍ക്കിടയില്‍ അവിശ്വാസവും ഭയവും ഊട്ടിവളര്‍ത്തി ആ സാഹചര്യം മുതലെടുക്കുക. ഈജിപ്തിലും ലിബിയയിലും സിറിയയിലും അടക്കം അറബ് വസന്തം ഇളക്കിമറിച്ച രാജ്യങ്ങളില്‍ അവര്‍ വേരൂന്നിയത് രാഷ്ട്രീയ അനിശ്ചതത്വം മുതലെടുത്താണ്. ശ്രീലങ്കയില്‍ 32 യുവതീയുവാക്കള്‍ ഐ എസില്‍ ചേര്‍ന്നുവെന്ന് ഒരു മന്ത്രിതന്നെ കഴിഞ്ഞവര്‍ഷം പാര്‍ലമെന്റില്‍ വെളിപ്പെടുത്തിയിരുന്നു എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നു. പക്ഷേ മന്ത്രിയുടെ പ്രസ്താവനകള്‍ മുസ്ലിം വിരുദ്ധത ആരോപിച്ച് എല്ലാവരും തള്ളിക്കളഞ്ഞു.
ആദ്യകാലത്ത് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ മാത്രമായിരുന്നു ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ലക്ഷ്യം. പിന്നീട് തെക്കനേഷ്യയും ലക്ഷ്യം വച്ചു. അതിന് ഒരു കാരണം കാലിഫേറ്റിന്റെ തകര്‍ച്ചയാണ്. സിറിയ, ഇറാഖ് എന്നിവിടങ്ങളിലെ അധിനിവേശ പ്രദേശങ്ങള്‍ കാലിഫേറ്റായി പ്രഖ്യാപിച്ച ഇസ്ലാമിക് സ്റ്റേറ്റിന് അത് നഷ്ടപ്പെട്ടു. പക്ഷേ ആയിരക്കണക്കിന് ഐ എസ് ഭീകരര്‍ ഇന്നും സിറിയയിലും ഇറാഖിലും ഒളിവിലുണ്ട്. ചിലര്‍ സ്വദേശങ്ങളിലേക്ക് തിരിച്ചുപോയി. അത് വഴിവച്ചത് പല രാജ്യങ്ങളിലേയും സ്ലീപ്പിംഗ് സെല്ലുകള്‍ക്കാണ്. ഈ സെല്ലുകളുടേയും ചുമതല ആക്രമണങ്ങള്‍ നടപ്പാക്കുകയാണ്. അതുപോരാതെയാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ ആശയങ്ങളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടുള്ള ആക്രമണങ്ങളും തുടര്‍ക്കഥയായത്.
ഇറാഖിലേയും സിറിയയിലേയും കോടികള്‍ വരുന്ന ഫണ്ടും ഐ എസ് പുറത്തേക്ക് കടത്തിയെന്നാണ് സൂചന.ശ്രീലങ്കയിലെ ആക്രമണം നടത്താന്‍ 30000 ഡോളറെങ്കിലും ചെലവുവന്നിരിക്കാമെന്നാണ് കണക്ക്. അതിനുവേണ്ട പണം വിദേശത്തുനിന്നാണോ എത്തിയതെന്ന് സംശയമുണ്ട്, മാത്രമല്ല, ഇത്രയും ആസൂത്രിതമായി ഒരാക്രമണം നടത്താനും സ്‌ഫോടകവസ്തുക്കള്‍ നിര്‍മ്മിക്കാനും വിദേശസഹായം കിട്ടിയിട്ടുണ്ടാവാം എന്ന് അധികൃതര്‍ സംശയിക്കുന്നു.
തെക്കനേഷ്യയില്‍ അഫ്ഗാനിസ്ഥാനാണ് ഐഎസ് ആസ്ഥാനമായത്. അഫ്ഗാനിസ്ഥാനിലെ നംഗഹര്‍ഹാറിലെ താവളം തെക്കനേഷ്യന്‍ രാജ്യങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചു. അഫ്ഗാനിസ്ഥാനിലും പാകിസ്ഥാനിലും ബംഗ്ലാദേശിലും ആക്രമണങ്ങളും നടപ്പാക്കി. അഫ്ഗാനിസ്ഥാനില്‍ കൂടുതലും ലക്ഷ്യംവയ്ക്കുന്നത് ഷിയാ വിഭാഗക്കാരെയാണ്. വിദേശ സൈനികരും എംബസികളുമാണ് പിന്നത്തെ ലക്ഷ്യം. പാകിസ്ഥാനിലെ ലാഹോറില്‍ 2016ലുണ്ടായ ഈസ്റ്റര്‍ ആക്രമണങ്ങള്‍ക്കും ബംഗ്ലാദേശിലെ ആക്രമണത്തിനും ഉത്തരവാദിത്തം ഏറ്റെടുത്തത് ഐ എസാണ്. തെക്കനേഷ്യ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ റിക്രൂട്ടിംഗ് കേന്ദ്രം കൂടിയായി. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍നിന്ന് യുവതീയുവാക്കള്‍ ഐഎസില്‍ അംഗങ്ങളായി എന്നത് രഹസ്യമല്ല ഇന്ന്. കേരളത്തില്‍ നിന്ന് പോയവരും കുറവല്ല. പാലക്കാട് നിന്ന് അറസ്റ്റിലായവരുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ അറിഞ്ഞ് ഞെട്ടിയിരിക്കയാണ് നാട്ടുകാര്‍.
ഇന്തോനേഷ്യ, മലേഷ്യ, ഈജിപ്ത്, ജോര്‍ദാന്‍ ഇതൊക്കെയും ഐഎസ് ഭീഷണിയുടെ നിഴലിലുള്ള രാജ്യങ്ങളാണ്. തീവ്രവാദത്തിലേക്ക് യുവാക്കള്‍ ആകൃഷ്ടരാകുന്നത് ദാരിദ്ര്യവും തൊഴിലില്ലായ്മയും കാരണമാണെന്ന വിശദീകരണം കാലഹരണപ്പെട്ടിരിക്കുന്നു. ശ്രീലങ്കന്‍ ഭീകരര്‍ ഉന്നതവിദ്യാഭ്യാസം നേടിവരാണ്, സമ്പന്ന കുടുംബാംഗങ്ങളും. അതില്‍ രണ്ടുപേരെങ്കിലും സിറിയയിലേക്കും ഇറാഖിലേക്കും പോയിരുന്നതായും റിപ്പോര്‍ട്ടുണ്ട്. പണം നല്‍കി യുവാക്കളെ അംഗങ്ങളാക്കിയിരുന്ന താലിബാന്‍ രീതിയല്ല ഇസ്ലാമിക് സ്‌റ്റേറ്റിന്റേത്. തീവ്രസ്വഭാവമുള്ള ആശയങ്ങളായിരിക്കാം ആകര്‍ഷണത്തിന്റെ കാരണം. അത് പരക്കുന്നത് ഓണ്‍ലൈനിലൂടെയും. കാരണം എന്താണെങ്കിലും അതിനെ പ്രതിരോധിക്കാന്‍ തക്കതായ പ്രവര്‍ത്തന രീതി കണ്ടെത്തുന്നതാണ് ഇന്ന് ലോകം നേരിടുന്ന വെല്ലുവിളി. ഒരൊറ്റ നേതൃത്വമുള്ള സംഘടനയെ നേരിടുന്നതുപോലെയല്ല പ്രാദേശികമായി പ്രവര്‍ത്തിക്കുകയും തീരുമാനങ്ങളെടുക്കുകയും ചെയ്യുന്ന പല സംഘങ്ങളെ നേരിടുന്നത്. അഫ്ഗാനിസ്ഥാനിലെ താലിബാനുമായി ചര്‍ച്ച നടത്തുന്ന അമേരിക്ക ഇസ്ലാമിക് സ്‌റ്റേറ്റിന്റെ സിറിയന്‍ ആസ്ഥാനം തകര്‍ത്തതായും അവകാശപ്പെടുന്നുണ്ട്. പക്ഷേ പടര്‍ന്നുപന്തലിക്കുന്ന ചിന്താഗതികള്‍ക്ക് മറുമരുന്നാവുന്നില്ല അതൊന്നും.