ഒരു നഴ്‌സിന്റെ ഓര്‍മ്മക്കുറിപ്പുകള്‍. ട്രീസ ജോസഫ് എഴുതുന്ന കോളത്തില്‍ ഇന്ന് നോട്ടങ്ങളുടെ നിഗൂഢതകള്‍
ഒടുവില്‍ നീണ്ടൊരു വേദനയുടെ ഉച്ചസ്ഥായിയില്‍ പൂവിതള്‍പോലൊരു പൈതലിനെ അവന് സമ്മാനിച്ച് അവള്‍ നിറഞ്ഞുചിരിച്ചു. കണ്ണുകളില്‍ പൂത്തിരി കത്തും പോലൊരു നിലാച്ചിരി. വാക്കുകള്‍ തീരെ വേണ്ടാത്തൊരു പങ്കുവയ്ക്കല്‍. അവരുടെ നിറചിരികണ്ടപ്പോള്‍ അടുത്ത മുറികളില്‍ നിന്ന് കേള്‍ക്കുന്ന ആശംസകളേക്കാളേറെ വാചാലമാണല്ലോ ഈ നിശ്ശബ്ദമായ പങ്കുവയ്ക്കല്‍ എന്ന് മനസ്സ് നിറഞ്ഞു.
undefined
കണ്ടു ഞാന്‍ മിഴികളില്‍,
ആലോലമാം നിന്‍ ഹൃദയം...
കൈതപ്രത്തിന്റെ വരികള്‍, രവീന്ദ്രന്‍ മാഷിന്റെ സംഗീതം, എം. ജി. ശ്രീകുമാറിന്റെ ആലാപനം.
മിഴികളില്‍ നോക്കി ഹൃദയത്തെ തൊട്ടെടുക്കുന്ന മായാജാലം. കണ്ണും ഹൃദയവും തമ്മില്‍ അത്രമാത്രം ശക്തമായ ഒരുബന്ധമുണ്ട്. കണ്ണുകള്‍ കൊണ്ട് കഥപറയുന്ന പ്രണയിനികള്‍, കള്ളം പറഞ്ഞാല്‍ അമ്മയുടെ മുഖത്ത് നോക്കാതെ രക്ഷപെടാന്‍ ശ്രമിക്കുന്ന കുട്ടിക്കുറുമ്പ്. 'നീയാണെ സത്യം' എന്നൊരു പെരുംനുണ അവളുടെശിരസ്സില്‍ പതിച്ച് വെച്ച് എങ്ങോ നോക്കി ഇറങ്ങിപ്പോകുന്ന ഒരുവന്‍. അങ്ങനെ എത്രയോകഥകളാണ്കണ്ണുകള്‍ക്ക് പറയാനുള്ളത്! ഒരുപാടൊരുപാട് കഥകള്‍. പ്രണയം മുതല്‍ ക്രോധം വരെ, കരുതല്‍ മുതല്‍ ചതിവരെ. സകല കരുക്കളും നിറഞ്ഞാടുന്നൊരു ചതുരംഗക്കളമാണ് നമ്മുടെ കണ്ണുകള്‍.
വേദന മാറ്റുന്ന മരുന്ന്
കണ്ണുകളിലേക്ക് ആഴത്തില്‍ നോക്കി ഒരാളുടെ ഉള്ളിലേക്കിറങ്ങാമെന്നൊരു ചിന്ത ആദ്യം എന്നിലേക്കിട്ടത് മകനാണ്. രണ്ടു വയസ്സിന്റെ കുസൃതിയില്‍ അത്ര നിസ്സാരമല്ലാത്തൊരു വീഴ്ചയുടെ വേദനയിലായിരുന്നു അവന്‍. അവന്റെ നോവ് എന്റെ കണ്ണും നിറച്ചു. കുഞ്ഞിക്കാലില്‍ പറ്റിയ മുറിവില്‍ തൊട്ടുതലോടി ഞാനിരുന്നു. വേദന അല്‍പ്പം കുറഞ്ഞിട്ട് വേണം അടുത്ത പണിയൊപ്പിക്കാന്‍ എന്ന മട്ടില്‍ അവനും. ഒരു നിമിഷം പോലും അടങ്ങിയിരിക്കാത്ത കുഞ്ഞുവേദനയുടെ ആധിക്യത്താല്‍ ആവണം എന്റെ നെഞ്ചോട് ചേര്‍ന്ന് അടങ്ങിയിരുന്നത്.
ഒന്നും മിണ്ടാതെ ഒരു പാട്ടുദൂരം ഞങ്ങളിരുന്നു. പാട്ടുതീര്‍ന്നതും അവന്‍ എന്റെ കണ്ണിലേക്ക് നോക്കി. എന്തോ കണ്ടെടുത്തപോലെ കുഞ്ഞുകണ്ണില്‍ സന്തോഷപ്പൂക്കള്‍. 'മമ്മക്കണ്ണില്‍ തൊമ്മി'- പതിഞ്ഞൊരു ശബ്ദത്തില്‍ അടക്കിയ സന്തോഷം. വിടര്‍ന്ന കണ്ണുകളില്‍ ആശ്ചര്യഭാവം. അമ്മയുടെ കണ്ണുകളില്‍ തെളിയുന്ന അവനെക്കണ്ട് എന്തൊരുത്സാഹമാണ്! വേദനമറന്ന് തൊമ്മിക്കുഞ്ഞും അമ്മയും ഒന്നിച്ചു ചിരിച്ചു. കണ്ണുകളില്‍ നോക്കി പരസ്പരം കണ്ടെടുക്കുന്ന ഞങ്ങളുടെ കളിയില്‍ പങ്കുചേരാനായി ബാക്കിയുള്ളവരും നിരനിരയായ് വന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പിണക്കങ്ങള്‍ക്കൊടുവില്‍ ഞങ്ങള്‍ രാജിയാകുന്നത് കണ്ണുകളില്‍ നോക്കി പരസ്പരം കണ്ടെത്തിയാണ്.
നിശ്ശബ്ദമായ ചിരികള്‍
കണ്ണിലൂറുന്ന മനോഹരമായ പ്രണയഭാവങ്ങള്‍ ഒരിക്കല്‍ മനസ്സില്‍ പതിഞ്ഞത് ലേബര്‍ റൂമിലെ ജോലിക്കിടയിലാണ്. സംസാരിക്കാനോ കേള്‍ക്കാനോ കഴിയാത്ത ഒരു പെണ്‍കുട്ടി പ്രസവത്തിനായി എത്തിയിരുന്നു. അവളുടെ കൂട്ടുകാരനും അതുപോലെ തന്നെ. അടുത്ത മുറികളില്‍നിന്ന് പല സ്ഥായിയില്‍ ഉയരുന്ന ഞരക്കങ്ങള്‍ക്കും നിലവിളികള്‍ക്കുമിടയില്‍ കണ്ണുനീര്‍ പടര്‍ന്നൊഴുകുന്ന മുഖവുമായി അവള്‍ കിടന്നു. ഇടവേളകളില്‍ വന്നുപോകുന്ന വേദനയുടെ അലകള്‍ ശാന്തമാകുന്ന നിമിഷങ്ങളില്‍ അവള്‍ കൂട്ടുകാരന്റെ കണ്ണിലേക്ക് നോക്കും. 'എനിക്ക് വയ്യ' എന്നോ മറ്റോ ആണ് അവള്‍ പറയുന്നതെന്ന് ഞാന്‍ വെറുതെ സങ്കല്‍പ്പിച്ചു.
പകരമുള്ള അവന്റെ നോട്ടത്തെ 'ഞാനുണ്ട് കൂടെ' എന്ന് വിവര്‍ത്തനം ചെയ്തു. കഠിനമായ വേദന വരുമ്പോള്‍ അവള്‍ അവന്റെ കൈകളില്‍ മുറുകെപ്പിടിക്കും. അവളുടെ നേര്‍ത്ത വിരലുകളെ പൊതിഞ്ഞുപിടിച്ച അവന്റെ കൈത്തലം ഏത് നിശ്ശബ്ദതയെയും കീറിമുറിക്കുന്ന ഉച്ചത്തില്‍ നിനക്ക് ഞാനുണ്ട് എന്ന് പറയുന്നുണ്ടായിരുന്നു. എന്ത് ഭംഗിയാണ് നിശ്ശബ്ദതയില്‍ പൂത്തുലയുന്ന പ്രണയപുഷ്പങ്ങള്‍ക്ക്! ഒടുവില്‍ നീണ്ടൊരു വേദനയുടെ ഉച്ചസ്ഥായിയില്‍ പൂവിതള്‍പോലൊരു പൈതലിനെ അവന് സമ്മാനിച്ച് അവള്‍ നിറഞ്ഞുചിരിച്ചു. കണ്ണുകളില്‍ പൂത്തിരി കത്തും പോലൊരു നിലാച്ചിരി. വാക്കുകള്‍ തീരെ വേണ്ടാത്തൊരു പങ്കുവയ്ക്കല്‍. അവരുടെ നിറചിരികണ്ടപ്പോള്‍ അടുത്ത മുറികളില്‍ നിന്ന് കേള്‍ക്കുന്ന ആശംസകളേക്കാളേറെ വാചാലമാണല്ലോ ഈ നിശ്ശബ്ദമായ പങ്കുവയ്ക്കല്‍ എന്ന് മനസ്സ് നിറഞ്ഞു.
ആ കണ്ണുകളില്‍ വേട്ടക്കാരന്റെ കൗശലം
കണ്ണുകളില്‍ ഒളിഞ്ഞിരിക്കുന്ന ചതിയുടെ ഭാവമായിരുന്നു ഏറെ പ്രിയപ്പെട്ട ഒരുവള്‍ക്ക് പറയാനുണ്ടായിരുന്നത്. വേദനകള്‍ മാത്രം സമ്മാനിച്ചൊരു ജീവിതത്തില്‍നിന്ന് അടര്‍ന്നുപോരാനുള്ള ശ്രമം നടത്തുകയായിരുന്നു അവള്‍. അവളെ കേള്‍ക്കുക എന്നതൊഴികെ മറ്റൊന്നും ഞാന്‍ ചെയ്യേണ്ടിയിരുന്നില്ല. എത്ര ശ്രമിച്ചിട്ടും രക്ഷപെടാന്‍ പറ്റാതെ ചിലന്തി നെയ്ത വലയില്‍ അകപ്പെട്ടൊരു പ്രാണിയെപ്പോലെ പിടഞ്ഞുകൊണ്ടിരുന്ന കഥയായിരുന്നു എന്റെ ചെവിയില്‍ പതിഞ്ഞത്. ഒടുവില്‍ പിരിയാനുള്ള തീരുമാനം അറിയിച്ചൊരു രാവില്‍ അവന്‍ അവളെ അരികില്‍ വിളിച്ചു. അത്രനാള്‍ കേള്‍ക്കാതിരുന്നത്ര മധുരമായി അവളോട് സംസാരിച്ചു. ഒരുവേള, അനുഭവിച്ച ദുരിതങ്ങളൊക്കെയും കെട്ടുകഥയായിരുന്നെന്ന് അവള്‍ക്ക് തന്നെ തോന്നി. ഒന്നുകൂടി ശ്രമിച്ചു നോക്കാം എന്നൊരു തോന്നലില്‍ അവന്റെ കണ്ണുകളിലേക്ക് ഒരു നോട്ടം. ഹൃദയം അത്രമാത്രം മുറിഞ്ഞ ഒരുവളുടെ കണ്ണിന് ആഴങ്ങളെ അതിലുമാഴത്തില്‍ തൊട്ടെടുക്കാനാവും. അവള്‍ പറഞ്ഞത് കേട്ടപ്പോള്‍ ശ്വാസമെടുക്കാന്‍ ഒരുവേള ഞാന്‍ മറന്നുപോയി.
പരാതികള്‍, ചെറുതായ ഭീഷണികള്‍, കുറ്റപ്പെടുത്തലുകള്‍ ഒക്കെയും കേട്ടു. ഒരുവേള മനസ്സ് ചാഞ്ചാടിപ്പോയി. കഴുത്തില്‍ താലി കെട്ടിയ പുരുഷനാണ്, കുഞ്ഞുങ്ങളുടെ അപ്പനാണ് എന്നൊരലിവില്‍ പെണ്‍മനം പിന്നെയും ആടിയുലഞ്ഞു. കണ്ണുകള്‍ ഇറുകെയടച്ച് ഒക്കെയും ക്ഷമിക്കാം എന്ന് മനസ്സിനെ ഒരുക്കി. നെഞ്ചോട് ചേര്‍ത്ത് പിടിച്ച് 'സാരമില്ല പോട്ടെ' എന്ന്പറയാന്‍ ഒരുങ്ങിയൊരു നിമിഷത്തില്‍ അവള്‍ അയാളുടെ കണ്ണുകളിലേക്ക്‌നോക്കി. അവിടെ ദൈന്യതയോ ജീവിതം കൈവിട്ടു പോകുന്ന ഒരാളുടെ ശൂന്യതയോ ഉണ്ടായിരുന്നില്ല. പകരം, ഇരയെ കളിപ്പിക്കുന്ന, ചെറിയ പ്രലോഭനങ്ങള്‍ നല്‍കി വളര്‍ത്തുനായയെ വരുതിക്ക് നിര്‍ത്തുന്ന ഒരാളെ വ്യക്തമായി കണ്ടു. ശരീരം പങ്കിട്ട പുരുഷന്‍, അവന്റെ ഓരോ ചലനങ്ങളും പെണ്ണിന് വ്യക്തമായി അറിയാം. ഇര കൈവിട്ടു പോകാതിരിക്കാന്‍ ശ്രമിക്കുന്ന വേട്ടക്കാരന്റെ കൗശലം ആ കണ്ണുകളില്‍ വ്യക്തമായിരുന്നു. ഇര ശക്തിയാര്‍ജ്ജിക്കുമ്പോള്‍ വേട്ടക്കാരന് തോന്നുന്നൊരു ക്രൗര്യം അയാളുടെ കണ്ണുകളില്‍ തെളിഞ്ഞു നിന്നിരുന്നുവെന്ന് അവള്‍ പറഞ്ഞപ്പോള്‍ എന്റെ വയറ്റില്‍നിന്ന് പേടിയുടെ ഒരു തീഗോളം ഉയര്‍ന്നു. ആ ഒരൊറ്റ നോട്ടത്തില്‍ ഇനിയുള്ള ജീവിതം എന്തായിരിക്കണമെന്ന് അവള്‍ ഉറച്ചൊരു തീരുമാനത്തിലെത്തി.
നോട്ടങ്ങളുടെ നിഗൂഢതകള്‍
കണ്ണ് ഏറ്റവും ശക്തമായ ആയുധമാണ്. ചില നോട്ടങ്ങള്‍ നമ്മുടെ ഹൃദയത്തെ തുളച്ചു കടന്നുപോകും. ചില നോട്ടങ്ങളുടെ മുന്‍പില്‍ ആയുധങ്ങളുടെ മുനയൊടിഞ്ഞ് നമ്മള്‍ നിസ്സഹായരാവും. ചിലത് ഏതോ ആഴങ്ങളില്‍നിന്നും ജീവനില്ലാത്ത മൃതശരീരം നോക്കും പോലെ. ഇനി ചില നോട്ടങ്ങള്‍ ഈ ലോകം എത്രമേല്‍ മനോഹരമാണെന്ന തിരിച്ചറിവിലേക്ക് നമ്മെ നയിക്കും. നോട്ടങ്ങളുടെ നിഗൂഢതകള്‍!
ശാന്തത വഴിയുന്നൊരു നോട്ടത്തെ കണ്‍പാര്‍ത്ത് ഉള്ളിലൊരു പക്ഷി ചിറക് കുടയുന്നു. ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന, അത്രമേല്‍ സൗമ്യവും ദീപ്തവുമായ ചില കണ്ണുകള്‍ക്ക് എന്തൊരു തേജസ്സാണ്!
നമുക്കും നോക്കാം കൂടെയുള്ളവരുടെ കണ്ണുകളിലേക്ക്. വെറുതെ എറിഞ്ഞുകളയുന്ന നോട്ടങ്ങള്‍ക്ക് അല്‍പ്പം കൂടി കരുതലുണ്ടാകട്ടെ, അല്‍പ്പം കൂടി ആഴമുണ്ടാകട്ടെ. ഞാനുണ്ട് കൂടെ എന്നൊരു സാന്ത്വനം പകരുന്ന, പേടിക്കേണ്ട എന്നൊരുറപ്പ് കൊടുക്കുന്ന തലോടലുകള്‍ നമ്മുടെ കണ്ണുകളില്‍നിന്നുണ്ടാകട്ടെ. പ്രണയവും, കരുതലും ഇഴചേര്‍ന്ന വിശുദ്ധ നോട്ടങ്ങളില്‍ കണ്ണുകള്‍ കൊരുത്ത്, അപരന്റെ കണ്ണുകളില്‍ നമ്മെത്തന്നെ കണ്ടെടുത്ത് നമുക്ക് നടക്കാം. ആഴമായൊരു നോട്ടത്തിന് മാത്രം തൊടാന്‍ പറ്റുന്ന, അത്രമേല്‍ മുറിവേറ്റൊരു പക്ഷി ചിറകൊതുക്കിയിരിക്കുന്നുണ്ടാവും നിങ്ങളുടെ മുന്‍പില്‍. ഉള്‍ക്കണ്ണ് ഒന്ന് തുറക്കുകയേ വേണ്ടൂ, നോവുകള്‍ മറന്ന് അത് വീണ്ടും ചിറകടിച്ചുയരാന്‍. ജീവിതത്തിന്റെ അഗാധതകളെ തൊടുംപോലാണത്. അപരന്റെ ഉള്ളിലെ സാദ്ധ്യതകളെ തൊട്ടെടുക്കുന്ന എന്തോ ഒന്ന്...
എത്ര കാതമുണ്ടാവും ഈ യാത്ര തീരാന്‍! എത്രനാഴികയുണ്ടാവും ഈ വിളക്കണയാന്‍! തീരുംമുന്‍പ്ഒരു മാത്രകൂടി പരസ്പരം കണ്ണുകളിലേക്ക് നോക്കുക. പിന്നെ നീയും ഞാനും ഒന്നെന്ന തിരിച്ചറിവില്‍ കരം കോര്‍ത്ത് മുന്നോട്ട്‌നടക്കുക. കണ്ണുകളിലെ പ്രണയം വാടാതിരിക്കട്ടെ.