സാബുവിന്റെ ഭാര്യ സംസാരിക്കുന്നു: ഇത്രവരെ  എത്തിച്ച പ്രേക്ഷകര്‍ ഇനിയും കാത്തോളും

By Sunitha Devadas  |  First Published Sep 25, 2018, 1:19 PM IST

കുടുംബവുമായി വളരെയധികം അടുപ്പം സൂക്ഷിക്കുന്ന വ്യക്തിയാണ് സാബു. ഒരു നല്ല ഫാമിലിമാന്‍. അങ്ങനെ ഒരാള്‍ക്ക് ഹിമയുടെ ഭാഗത്തുനിന്നുള്ള പെരുമാറ്റം സുഖകരമായി തോന്നില്ല. കുടുംബത്തിനും ബന്ധങ്ങള്‍ക്കും വലിയ വില കൊടുക്കുന്ന ആളാണ് സാബു. പ്രണയം എന്ന പേരില്‍ ഒരു നാടകമാണ് ഹിമ നടത്തിയതെന്ന് പ്രേക്ഷകര്‍ക്കെല്ലാം മനസ്സിലായതാണ്.


ബിഗ് ബോസ് തുടങ്ങുന്ന നേരത്ത്, വെറും 'തരികിട സാബു' ആയിരുന്ന സാബു മോന്‍ ഇന്ന് പ്രേക്ഷകരുടെ പ്രിയതാരമാണ്. ബിഗ് ബോസ് വീടിന്റെ സ്വന്തം 'ഗൂഗിള്‍'. 'തരികിട' എന്ന ചാനല്‍ പരിപാടിയിലൂടെ രംഗത്തുവന്നെങ്കിലും അതിനുശേഷം അത്രയൊന്നും സജീവമായിരുന്നില്ല സാബു. എന്നാല്‍, സാബു ഇന്ന് ലോകമാകെയുള്ള മലയാളികളുടെ സംസാരവിഷയമാണ്. അവസാന ഘട്ടത്തിലെത്തുമ്പോള്‍ ഏറ്റവും ജയസാദ്ധ്യത കല്‍പ്പിക്കുന്ന രണ്ടുപേരില്‍ ഒരാള്‍. പേളിയും സാബുവുമാണ് പോരാട്ടത്തിന്റെ മുന്‍നിരയിലുള്ളത്. മറ്റെല്ലാ പ്രേക്ഷകരെയും പോലെ, മക്കള്‍ക്കും മാതാപിതാക്കള്‍ക്കുമൊപ്പം സ്വീകരണമുറിയിലിരുന്ന് ബിഗ് ബോസ് കാണുന്ന ഒരാള്‍ പ്രിയതാരത്തെക്കുറിച്ച് സംസാരിക്കുകയാണ് ഇവിടെ. മറ്റാരുമല്ല, സാബുവിന്റെ ഭാര്യ സ്‌നേഹ ഭാസ്‌കരന്‍. സുപ്രീം കോടതിയില്‍ അഭിഭാഷകയായിരുന്ന സ്‌നേഹ ഇപ്പോള്‍ കോര്‍പ്പറേറ്റ് ലോ  ചെയ്യുന്നു. ബിഗ് ബോസില്‍ കാണാത്ത സാബുവിനെക്കുറിച്ചും ബിഗ് ബോസിലെ സാബുവിനെക്കുറിച്ചും സ്‌നേഹ സംസാരിക്കുന്നു. സുനിതാ ദേവദാസ് നടത്തിയ അഭിമുഖം. 


ബിഗ്ബോസില്‍ വന്ന ശേഷം സാബു മാറിയോ? അതോ വീട്ടിലും ഇതുപോലെ തന്നെയാണോ? ബിഗ് ബോസിന് പുറത്ത് സാബു എങ്ങനെയുള്ള വ്യക്തിയാണ്? 

Latest Videos

undefined

വെറുതെ ഇരിക്കാന്‍ തീരെ ഇഷ്ടമില്ലാത്ത ആളാണ് സാബു. എപ്പോഴും എല്ലാവരോടും തമാശകള്‍ പറഞ്ഞ് ചിരിയും കളിയുമായി നടക്കാനാണ് ഇഷ്ടം. അങ്ങനെ തന്നെയാണ്  ബിഗ്ബോസിലും. 

സാബുവിന്റെ പ്രധാന ഹോബി പാചകമാണ്. സ്വന്തമായി പാചകം ചെയ്ത് കഴിക്കാന്‍ ഭയങ്കര ഇഷ്ടമാണ്.  നല്ലൊരു കുക്കാണ്. മക്കള്‍ക്കും ഡാഡി ഉണ്ടാക്കുന്ന ഭക്ഷണമാണ് കൂടുതല്‍ ഇഷ്ടം. പാചകം സ്വന്തം ഇഷ്ടത്തിനൊത്താണ് ചെയ്യാറുള്ളത്. മറ്റുള്ളവര്‍ അതില്‍ ഇടപെടുന്നത് ആള്‍ക്ക് ഇഷ്ടമല്ല. ഭക്ഷണം കഴിച്ചിട്ട് നമ്മള്‍ പറയുന്ന അഭിപ്രായം കേള്‍ക്കാന്‍ ഇഷ്ടമാണ്.

ഷോയുടെ ആദ്യനാളുകളില്‍ പറഞ്ഞതുപോലെ സൗഹൃദങ്ങളാണ് സാബുവിന്റെ ബലഹീനത. ഒരുപാട് സുഹൃത്തുക്കളുണ്ട്. ഒരിക്കല്‍ സാബുവിന്റെ സുഹൃത്തായാല്‍ പിന്നീട് ഒരിക്കലും ആ സൗഹൃദം മുറിഞ്ഞുപോകില്ല. ബിഗ്ബോസില്‍നിന്ന് പുറത്തായ പലരും സാബുവിനെക്കുറിച്ച് നല്ലത് പറയുന്നത് സൗഹൃദത്തിന്റെ ബലംകൊണ്ട് തന്നെയാണ്.

ഇതൊക്കെ തന്നെയല്ലേ അവിടെയും നിങ്ങള്‍ കാണുന്നത്. 

ബിഗ്ബോസിന് വെളിയിലുള്ള സാബുവിനെ നന്നായി അറിയാവുന്നതുകൊണ്ട് എനിക്ക് ഒരു വ്യത്യാസവും തോന്നുന്നില്ല. സാബുവിനെ നേരിട്ട് അറിയാവുന്ന ആരോട് ചോദിച്ചാലും ഇതാവും മറുപടി. മുന്‍വിധികളാണ് സാബുവിനെ മനസിലാക്കുന്നതില്‍നിന്ന് പലരെയും പിന്നോട്ട് വലിക്കുന്നത്.

ഷോ കണ്ടതിനു ശേഷം ഒരുപാട് പേര്‍ സാബുവിനോടുള്ള ഇഷ്ടംകൊണ്ട് ഫെയ്സ്ബുക്കില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്യുന്നു. കുറിപ്പുകള്‍ എഴുതുന്നു, സാബുവിനു വേണ്ടി വോട്ട് ചെയ്യുന്നു. ഇതൊന്നും സാബുവോ ഞങ്ങളോ പ്രതീക്ഷിച്ചതല്ല. ഒരുപാട് സന്തോഷം തോന്നുന്നുണ്ട്. പുറത്തിറങ്ങുമ്പോള്‍ തീര്‍ച്ചയായും സാബുവിനും ഇതേ സന്തോഷം തന്നെയാവും തോന്നുന്നത്.

വിവാദങ്ങളും സാബുവും തമ്മിലെന്താണ്? എപ്പോഴും വിവാദം കൂടെയുണ്ടല്ലോ? 

സാബുവിന് ജീവിതത്തില്‍ നേരിടേണ്ടി വന്ന ഏറ്റവും വലിയ വെല്ലുവിളി എന്താണെന്നും അതില്‍നിന്ന് എങ്ങനെ പുറത്തുവന്നു എന്നതും മലയാളികള്‍ക്കെല്ലാം നന്നായറിയാം. ഒരു ബന്ധവുമില്ലാത്ത കാര്യത്തിന്റെ പേരിലാണ് ഏറെ വേട്ടയാടപ്പെട്ടത്. പക്ഷേ, പിന്നീട് സത്യം എന്താണെന്ന് കാലം തെളിയിച്ചു. എന്നിട്ടും ഇപ്പോഴും ചിലരെങ്കിലും സാബുവിനെ ഉപദ്രവിക്കാന്‍ അതേ വിഷയം സോഷ്യല്‍ മീഡിയയില്‍ എടുത്തിട്ട് കുത്തിനോവിക്കുമ്പോള്‍ വിഷമം തോന്നാറുണ്ട്.

പുതിയ വിവാദം സോഷ്യല്‍ മീഡിയയില്‍ അസഭ്യം പറഞ്ഞു എന്നതാണ്. അത് ചെയ്തത് സാബുവല്ല എന്നെനിക്ക് വ്യക്തമായി പറയാന്‍ സാധിക്കും. ജൂണ്‍ ഒന്ന് മുതല്‍ 18 വരെ ഞങ്ങടെ ജീവിതം വലിയൊരു പ്രതിസന്ധിയിലൂടെ കടന്നു പോയിരുന്നു.  ഞങ്ങളുടെ മോളുടെ സര്‍ജറിയുമായി ബന്ധപ്പെട്ട് സാബു ഈ സമയങ്ങളില്‍ ഹോസ്പിറ്റലിലായിരുന്നു. അഞ്ചും ആറും വയസ്സുള്ള രണ്ട് മക്കളാണ് ഞങ്ങള്‍ക്ക്. മോളുടെ സര്‍ജറിയുടെ സമയത്ത് ഞാന്‍ നാട്ടില്‍ ഉണ്ടായിരുന്നില്ല. ലണ്ടനില്‍ ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുക്കാന്‍ പോകേണ്ടി വന്നു. അന്ന് ഒറ്റയ്ക്ക് അതിനെ നേരിട്ട സാബുവിന്റെ ചുമലില്‍ ഈ ഒരു വിവാദവും ആരൊക്കെയോ ചാര്‍ത്തിക്കൊടുത്തു. അങ്ങനെയൊരു മാനസികാവസ്ഥയില്‍ ആരെങ്കിലും സോഷ്യല്‍ മീഡിയയില്‍ കയറി ഇത്തരത്തിലൊരു പരാമര്‍ശം നടത്തുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ചികിത്സ കഴിഞ്ഞ് മോള്‍ ഡിസ്ചാര്‍ജ് ആയ ഉടനെ സാബു ബിഗ്ബോസിലേക്ക് പോവുകയായിരുന്നു. അതിനാല്‍, ഇക്കാര്യം അധികം അന്വേഷിക്കാനോ ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കാനോ സാധിച്ചില്ല. ബിഗ്ബോസ് ഷോ തീര്‍ന്നാലുടനെ സാബു തീര്‍ച്ചയായും ഈ വിഷയത്തില്‍ പ്രതികരിക്കും. ആവശ്യമായ നിയമനടപടി സ്വീകരിക്കുകയും ചെയ്യും.

ചുംബനരംഗവും  ഹിമയുടെ ഭാഗത്തുനിന്ന് മനപൂര്‍വമുണ്ടായ പ്രകോപനവും എനിക്ക് മാനസിക പ്രയാസമുണ്ടാക്കി

ബിഗ്ബോസ് വീട്ടിലും വിവാദങ്ങള്‍ക്ക് ക്ഷാമമുണ്ടായിരുന്നില്ലാ? ഹിമയുമായുണ്ടായ വഴക്കുകള്‍ സ്‌നേഹ എങ്ങനെയാണു കാണുന്നത്? 

സാബുവിന്റെ അച്ഛന്‍ സ്‌കൂള്‍ അധ്യാപകനായിരുന്നു. ഒരു ചേട്ടനും ചേച്ചിയും ഉണ്ട്. കുടുംബവുമായി വളരെയധികം അടുപ്പം സൂക്ഷിക്കുന്ന വ്യക്തിയാണ് സാബു. ഒരു നല്ല ഫാമിലിമാന്‍. അങ്ങനെ ഒരാള്‍ക്ക് ഹിമയുടെ ഭാഗത്തുനിന്നുള്ള പെരുമാറ്റം സുഖകരമായി തോന്നില്ല. കുടുംബത്തിനും ബന്ധങ്ങള്‍ക്കും വലിയ വില കൊടുക്കുന്ന ആളാണ് സാബു. പ്രണയം എന്ന പേരില്‍ ഒരു നാടകമാണ് ഹിമ നടത്തിയതെന്ന് പ്രേക്ഷകര്‍ക്കെല്ലാം മനസ്സിലായതാണ്. ഒരു കളിയില്‍ നിലനില്‍ക്കാന്‍ വേണ്ടി ഇത്തരത്തിലുള്ള സ്ട്രാറ്റജി ഉപയോഗിക്കുന്നതിനെ ന്യായീകരിക്കാനാവില്ല. ആ കളിയില്‍ സാബു വീഴില്ല എന്ന് എനിക്ക് പൂര്‍ണവിശ്വാസം ഉണ്ടായിരുന്നു. പക്ഷേ, ഇടയ്ക്കുണ്ടായ ചുംബനരംഗവും പിന്നീട് വഴക്കുണ്ടാക്കാന്‍ വേണ്ടി ഹിമയുടെ ഭാഗത്തുനിന്ന് മനപൂര്‍വമുണ്ടായ പ്രകോപനവും എനിക്ക് മാനസികമായി ഒരുപാട് പ്രയാസമുണ്ടാക്കി. ഇത്തരം പ്രവൃത്തികളെ പ്രേമമെന്നോ കണക്ഷന്‍ എന്നോ വിളിക്കാന്‍ എനിക്ക് കഴിയില്ല. 

പ്രണയത്തെക്കുറിച്ച് സാബു ഒരിക്കല്‍ അവിടെ പറഞ്ഞത് എല്ലാവരും കേട്ടതാണ്. 'നഷ്ടപ്പെടുമോ എന്ന പേടിയില്ലാതെ, തിരിച്ചൊന്നും ആഗ്രഹിക്കാതെ, ഒരാള്‍ മറ്റൊരാളെ ആത്മാര്‍ഥമായി സ്‌നേഹിക്കുന്ന അവസ്ഥയാണ് പ്രണയം.' എന്റെ അഭിപ്രായവും അത് തന്നെയാണ്.

രഞ്ജിനി ഹരിദാസ് പുറത്തിറങ്ങി സാബു വിജയിക്കണമെന്ന് പറഞ്ഞല്ലോ? 

രഞ്ജിനിയും സാബുവും തമ്മിലുള്ള സൗഹൃദം പ്രേക്ഷകരെപ്പോലെ തന്നെ ഞാനും ഒരുപാട് ആസ്വദിച്ചിരുന്നു. അതില്‍ ഒരു സത്യസന്ധതയും ആത്മാര്‍ത്ഥതയും ഉള്ളതായി തോന്നി. യാതൊരു കള്ളത്തരവും ഗെയിം പ്ലാനുകളും ഇല്ലാതെയുള്ള സൗഹൃദം. അവര്‍ സംസാരിക്കുന്ന വിഷയങ്ങളും പെരുമാറുന്ന രീതിയുമെല്ലാം അത്ര മനോഹരമായിരുന്നു. സ്വന്തം വ്യക്തിത്വമോ നിലപാടുകളോ പണയം വയ്ക്കാതെ, പരസ്പരം മനസ്സിലാക്കിയ സുഹൃത്തുക്കളാണവര്‍. ഇപ്പോള്‍ എന്റെ വളരെ അടുത്ത സുഹൃത്താണ് രഞ്ജിനി.

സാബുവിന്റെ സ്വഭാവത്തില്‍ നെഗറ്റീവ് ആയിട്ട് തോന്നിയിട്ടുള്ളത് എന്താണ്.?

എപ്പോഴും സ്വന്തം കംഫര്‍ട് സോണില്‍ നില്‍ക്കാന്‍ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് സാബു. സാഹചര്യങ്ങളുമായി അധികം അഡ്ജസ്റ്റ്് ചെയ്യാന്‍ തയാറാകില്ല. അധികം ചൂടുള്ള കാലാവസ്ഥയില്‍ പോലും ആള്‍ നില്‍ക്കില്ല. യോജിപ്പായാലും വിയോജിപ്പായാലും അത് തുറന്നു പറയും. ഉള്ളിലൊന്നും വയ്ക്കുന്ന സ്വഭാവമില്ല. അത് പലപ്പോഴും ശത്രുക്കളെ ഉണ്ടാക്കിയിട്ടുമുണ്ട്. ഭക്ഷണകാര്യത്തിലും ചില നിര്‍ബന്ധങ്ങളൊക്കെ ഉണ്ട്. ഇഷ്ടപ്പെട്ട ആഹാരം ഉണ്ടെങ്കിലേ കഴിക്കൂ. ഭക്ഷണ കാര്യത്തില്‍ ഒട്ടും അഡ്ജസ്റ്റ് ചെയ്യില്ല. ആഹാരം ഇഷ്ടപ്പെട്ടില്ലെങ്കില്‍ അന്നത്തെ ദിവസം പട്ടിണി ഇരിക്കും, അതാണ് പ്രകൃതം. ഡ്രസിങ് ആണെങ്കിലും സ്വന്തം ഇഷ്ടത്തിനും കംഫര്‍ട്ടിനുമാണ് പ്രാധാന്യം കൊടുക്കാറുള്ളത്. ഇതൊക്കെ നെഗറ്റീവ് ആണോയെന്ന് ചോദിച്ചാല്‍, അറിയില്ല. ഇങ്ങനെയൊക്കെയാണ് സാബു.

കുടുംബവുമായി വളരെയധികം അടുപ്പം സൂക്ഷിക്കുന്ന വ്യക്തിയാണ് സാബു. ഒരു നല്ല ഫാമിലിമാന്‍

മത്സരാര്‍ത്ഥി എന്ന നിലയില്‍, സാബുവില്‍ സ്‌നേഹ കാണുന്ന ഗുണങ്ങള്‍ എന്തൊക്കെയാണ്? 

യഥാര്‍ത്ഥ ജീവിതത്തില്‍ എനിക്കറിയാവുന്ന സാബു എങ്ങനെയാണോ, അതുപോലെ തന്നെയാണ് ബിഗ്ബോസ് വീടിന്റെ ഉള്ളില്‍ നിങ്ങള്‍ കാണുന്ന സാബുവും. ഒരിക്കല്‍ പോലും സാബു ക്യാമറയ്ക്കു വേണ്ടി അഭിനയിക്കുന്നതായി എനിക്ക് തോന്നിയിട്ടില്ല. ഈ ഷോയ്ക്കു മുമ്പ് സ്ത്രീവിരുദ്ധന്‍ എന്ന ടാഗിലാണ് സാബുവിനെ ചിലരാക്കെ അടയാളപ്പെടുത്തിയിരുന്നത്. പക്ഷേ, അവിടെനിന്ന് ഇറങ്ങിയ രഞ്ജിനി ഹരിദാസ് അവരുടെ അഭിമുഖത്തില്‍ പറഞ്ഞത്, ആ വീട്ടില്‍ ഉണ്ടായിരുന്നതില്‍ ഫെമിനിസ്റ്റ് സാബുവാണെന്നാണ്. വിമര്‍ശിക്കുന്നവരില്‍ പലര്‍ക്കും സാബു എന്താണെന്നോ സാബുവിന്റെ സ്വഭാവവും കാഴ്ചപ്പാടുകളും എന്താണെന്നോ അറിവുണ്ടാവില്ല. അവര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ അവര്‍ സാബുവിനെ വായിക്കുന്നു.

സാബു ഈ ഷോയില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ രണ്ടാഴ്ചയില്‍ കൂടുതല്‍ അവിടെ നില്‍ക്കുമെന്ന് ഞങ്ങളാരും കരുതിയതല്ല. കളിയില്‍ ജയിക്കാനുള്ള യാതൊരു സ്ട്രാറ്റജിയും സാബു പ്ലാന്‍ ചെയ്തിട്ടുമില്ല. സത്യത്തില്‍ സാബു ഈ ഘട്ടം വരെ എത്തിയത് മറ്റെല്ലാവരെയുംപോലെ എനിക്കും അത്ഭുതം തന്നെയാണ്. ലോകമെമ്പാടുമുള്ള നിരവധി മലയാളി പ്രേക്ഷകര്‍ സാബു ബിഗ്ബോസ് കിരീടം നേടണമെന്ന് ആഗ്രഹിക്കുന്നുണ്ട്. ജനങ്ങളുടെ നിസ്വാര്‍ഥമായ സ്‌നേഹത്തിന്റെ തെളിവാണ് ഈ പിന്തുണ. അതുകൊണ്ട് തന്നെ സാബു ജയിക്കണമെന്ന് അവരെല്ലാം ആഗ്രഹിക്കുന്നുണ്ട്.

സാബു ജേതാവാകുമോ? 

അങ്ങനെ പ്രതീക്ഷയോ കണക്കുകൂട്ടലോ ഒന്നും മനസ്സിലില്ല. ആര് ജയിക്കണമെന്നും ആര് പുറത്താകണമെന്നും വിധി എഴുതുന്നത്  പ്രേക്ഷകരാണ്. ഈ ഘട്ടം വരെയെത്തിച്ചതും പ്രേക്ഷകരാണ്. ഇത്രവരെ  എത്തിച്ച പ്രേക്ഷകര്‍ ഇനിയും കാത്തോളും.

കഴിഞ്ഞ ദിവസം ഒരു പെണ്‍കുട്ടി ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ കണ്ടു. മത്സരത്തില്‍ ജയിക്കാന്‍ ആഗ്രഹമില്ല എന്ന് സാബു ഇടയ്ക്കിടെ ലാലേട്ടനോടും അവിടെയുള്ള മറ്റുള്ളവരോടും പറഞ്ഞിട്ടുണ്ട്. 'ഇനി അങ്ങനെ പറയരുത്, ഈ മത്സരത്തില്‍ ജയിക്കാന്‍ ഏറ്റവും യോഗ്യതയുള്ള വ്യക്തി സാബുച്ചേട്ടനാണ്' എന്നാണ് അവള്‍ വീഡിയോയില്‍ പറഞ്ഞത്. ഇങ്ങനെ സാബുവിന്റെ വിജയം ആഗ്രഹിക്കുന്ന ഒരുപാടാളുകളുടെ പിന്തുണ ഉള്ളത് വളരെ സന്തോഷം തരുന്നു. സാബു ആര്‍മി എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ സാബുവിനെ പിന്തുണയ്ക്കുന്നവരുടെ വലിയൊരു കൂട്ടായ്മയാണ് ഉള്ളത്. 

click me!