കാണാന്‍ പ്രത്യേക കസേര, മൂക്കില്‍ നിറയുന്ന ഗന്ധങ്ങള്‍; റഹ്മാന്റെ വെര്‍ച്വല്‍സിനിമ ഇതാ തിയറ്ററിലേക്ക്!

By Vandana PRFirst Published Mar 11, 2024, 5:50 PM IST
Highlights

സാധാരണ തിയറ്ററുകളില്‍ ഇത് കാണാനാവില്ല. ഗന്ധം കൂടി അനുഭവവേദ്യമാക്കുന്ന രീതിയില്‍ പ്രത്യേകം തയ്യാറാക്കിയ കസേരകള്‍ വഴിയാണ് ഇത് കാണാനാവുക.

അമ്പത്തിയേഴാം വയസ്സിലും എങ്ങനെ ഇത്ര ചെറുപ്പമായിരിക്കുന്നു എന്ന ചോദ്യത്തിന് റഹ്മാന്‍ ചെറിയ ചിരിയോടെ നല്‍കിയ ഉത്തരത്തിലുണ്ട് അദ്ദേഹം എന്തുകൊണ്ട് പ്രതിഭയാകുന്നതെന്ന ചോദ്യത്തിനുത്തരം. ''ഞാന്‍ മനസ്സില്‍ സന്തോഷിക്കുന്നു, എന്റെ കലയില്‍ സംതൃപ്തി കണ്ടെത്തുന്നു, മറ്റൊരാളുടെ നേട്ടത്തിലോ അവസരത്തിലോ അസൂയപ്പെടുന്നില്ല, ഞാന്‍ പ്രാര്‍ത്ഥിക്കുന്നു, ഞാന്‍ എന്റെ കുടുംബത്തിന്റെ തണലില്‍ ശാന്തനായിരിക്കുന്നു, എന്ത് ഇനിയും ചെയ്യാന്‍ കഴിയുമെന്ന് ആലോചിക്കുന്നു, പഠിച്ചു കൊണ്ടിരിക്കുന്നു, പരിശ്രമം തുടരുന്നു...'

 

Latest Videos

 

സംഗീതവേദികളില്‍ മാന്ത്രികതയുടെ മഴ പെയ്യിച്ച മദ്രാസിന്റെ മൊസാര്‍ട്ടിന്റെ പുതിയ മുഖം കാണാന്‍ ഇനി ഇന്ത്യക്കാര്‍ക്ക് അധികം കാത്തിരിക്കേണ്ട. എ.ആര്‍. റഹ്മാന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമ ഇന്ത്യന്‍ തിയറ്ററുകളില്‍ വ്യാപക റിലീസിന് ഒരുങ്ങുകയാണ്. 'ലേ മസ്‌ക്' എന്നു പേരിട്ട സിനിമ ഒരു വെര്‍ച്വല്‍ റിയാലിറ്റി ത്രില്ലറാണ്. പേരു പോലെ തന്നെ സുഗന്ധമാണ് ആ സിനിമയുടെ ഹൈലെറ്റ്. സിനിമ കാണുമ്പോള്‍  പ്രേക്ഷകരുടെ മൂക്കുകളിലേക്ക് സുഗന്ധങ്ങള്‍ വന്നു നിറയുന്ന വിധമാണ് ഈ സിനിമ. സാധാരണ തിയറ്ററുകളില്‍ ഇത് കാണാനാവില്ല. ഗന്ധം കൂടി അനുഭവവേദ്യമാക്കുന്ന രീതിയില്‍ പ്രത്യേകം തയ്യാറാക്കിയ കസേരകള്‍ വഴിയാണ് ഇത് കാണാനാവുക. സുഗന്ധദ്രവ്യങ്ങളുടെ നറുമണം തിരശ്ശീലയില്‍ എത്തിക്കുന്നുന്നതിനായി പ്രത്യേക സംവിധാനങ്ങളോടു കൂടിയ കസേരകള്‍ കോയമ്പത്തൂരില്‍ തയ്യാറായിക്കൊണ്ടിരിക്കുകയാണ്. 

പുതുമയുടെ, ക്രിയേറ്റിവിറ്റിയുടെ, പരീക്ഷണത്തിന്റെ വഴിയില്‍ തന്നെയായിരുന്നു സംവിധായകന്‍ എന്ന നിലയിലെ റഹ്മാന്റെ ആദ്യ ചുവട്. സംഗീതം ചെയ്ത ആദ്യ സിനിമയില്‍-റോജ-പ്രണയത്തിന്റെയും വിരഹത്തിന്റെയും ആശങ്കകളുടെയും പ്രതീക്ഷകളുടെയും കാത്തിരിപ്പിന്റെയുമെല്ലാം ചൂടും തണുപ്പും വേഗവും താളവും പ്രേക്ഷകരിലേക്ക് എത്തിച്ച ആളാണ് എ.ആര്‍. റഹ്മാന്‍. സംവിധായകമേലങ്കി ആദ്യമായി അണിയുന്ന 'ലേ മസ്‌കില്‍' വെര്‍ച്വല്‍ റിയാലിറ്റിയുടെ സാധ്യതകളാണ് അദ്ദേഹം ഉപയോഗിക്കുന്നത്. 2017-ല്‍ ആദ്യമായി അമേരിക്കയിലെ ലാസ്‌വെഗാസില്‍ പുറംലോകം കണ്ട ഈ സിനിമ രജനീകാന്ത് ഉള്‍പെടെ വളരെ കുറച്ച് പേരാണ് ഇതുവരെ കണ്ടത്. ഇതിലെ ഒരു ഗാനം കാന്‍ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അതിനു ശേഷമാണ്, ഈ സിനിമ ഇപ്പോള്‍ തിയറ്ററുകളിലേക്ക് എത്തുന്നത്. 

സിനിമയുടെ പിറവി, സാങ്കേതിക വിദ്യയോടുള്ള സമീപനം, മതം, വിശ്വാസം, സൂഫിസം എന്നിവയുമായുള്ള ബന്ധം എന്നിങ്ങനെ വിവിധ വിഷയങ്ങള്‍ ഇക്കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ എ ആര്‍ റഹ്മാന്‍ വിശദമായി പങ്കുവെച്ചിരുന്നു. 

 


 

സാങ്കേതികവിദ്യയെ എന്തിന് കലാകാരന്‍മാര്‍ മാറ്റിനിര്‍ത്തണം? 

സാങ്കേതികവിദ്യയുടെ എല്ലാ സാധ്യതകളും സംഗീതരംഗത്ത് പരീക്ഷിക്കുന്ന, പുതുമകള്‍ക്ക് പിന്നാലെ പായാന്‍ ലേശം പോലും മടിയില്ലാത്ത റഹ്മാന്‍ ഇനി അവതരിപ്പിക്കാന്‍  പോകുന്നത് വെര്‍ച്വല്‍ ബാന്‍ഡാണ്. വെര്‍ച്വല്‍ ആയിട്ടെത്തുന്ന ഗായകര്‍. പരിപാടിക്കായി ഒത്തുചേരുന്ന വൈവിധ്യമാര്‍ന്ന കലാകാരന്‍മാര്‍. സാങ്കേതികവിദ്യയുടെ നവീനതയും കലയുടെ അനശ്വരതയും ഒത്തുചേരുന്ന സംരംഭം. 

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പടെ എന്തും കലാരംഗത്ത് ഉപയോഗിക്കാമെന്നാണ് പ്രത്യേക അഭിമുഖത്തില്‍ റഹ്മാന്‍ വ്യക്തമാക്കുന്നത്. നിത്യജീവിതത്തിന്റെ ഭാഗമായ സാങ്കേതികവിദ്യയെ എന്തിന് കലാകാരന്‍മാര്‍ മാറ്റിനിര്‍ത്തണമെന്നാണ് ചോദ്യം. ഒന്നും അധികമാകരുതെന്നാണ് നിലപാട്. ആരുടെയും ജോലി പോകരുതെന്നും. എന്ത് സാങ്കേതികതയാണെങ്കിലും മനുഷ്യമനസ്സിനോളം ശക്തിയില്ലെന്നും ഭാവനയോളം അപാരമല്ലെന്നും സിദ്ധിയോളം ആഴമുള്ളതല്ലെന്നും കലയോളം ചിരഞ്ജീവിയല്ലെന്നും നമുക്കറിയില്ലേ എന്നാണ് മറുചോദ്യം. 

 

 

വിശ്വാസവും ടെക്‌നോളജിയും കണ്ടുമുട്ടുമ്പോള്‍ 

എന്നാല്‍, കലാവഴിയില്‍ ടെക്‌നോളജിയെ ചേര്‍ത്തു പിടിച്ച് നടക്കുന്ന റഹ്മാന് സ്വസ്ഥതയും ശാന്തിയും സമാധാനവും നല്‍കുന്നത് വിശ്വാസമാണ്. സ്വന്തം വഴിയേ നടക്കാന്‍ സര്‍വ സ്വാതന്ത്ര്യവും പിന്തുണയും നല്‍കുന്ന കുടുംബവും. പ്രാര്‍ത്ഥനയുടെ ലോകത്ത് കൈപിടിച്ച് നടത്തിയ അമ്മ കരീമ നല്‍കിയ എളിമയുടെയും സഹനത്തിന്റെയും പാഠമാണ് ജീവിതത്തിലെ വഴികാട്ടിയെന്ന് പറയും റഹ്മാന്‍. ചെറുപ്പത്തില്‍ അച്ഛന്‍ മരിച്ചതിന് ശേഷം നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഒരുമിച്ച് നീന്തിയ അമ്മയും മക്കളും-അങ്ങനെയാണ് റഹ്മാന്‍ പറയുക. ഓസ്‌കര്‍ ഉള്‍പെടെയുള്ള നേട്ടങ്ങള്‍ മകന്‍ സ്വന്തമാക്കുന്നത് കണ്ട ശേഷം വിട പറഞ്ഞ അമ്മയുടെ ഓര്‍മയ്ക്ക് ഭക്ഷണവിതരണപദ്ധതിയും പാര്‍ക്കുമൊക്കെ ആലോചിക്കുന്നു, മകന്‍. 

കൈ പിടിച്ച സേറയാണ് ഇപ്പോള്‍ റഹ്മാന്റെ ജീവിതത്തിന്റെ താളം. വേഷവിധാനങ്ങളിലും പരിപാടികളിലുമെല്ലാം സേറയുടെ കയ്യൊപ്പുണ്ട്. എന്തിനേറെ. സുഗന്ധദ്രവ്യങ്ങളോടുള്ള സേറയുടെ ഇഷ്ടമാണ് തന്നെ 'ലേ മസ്‌കി'ലേക്ക് എത്തിച്ചതെന്നും പറയുന്നു, റഹ്മാന്‍. സേറക്കൊപ്പം മക്കള്‍ ഖദീജയും റഹീമയും അമീനും കൂടി ചേരുന്ന ഇമ്പമാണ് തന്റെ ജീവിതത്തിന്റെ സംഗീതമെന്നും റഹ്മാന്‍ പറയും. സംഗീതലോകത്ത് സ്വന്തമായി ഒരിടം കണ്ടെത്തിയ ഖദീജ കാര്യങ്ങളൊക്കെ ഒറ്റയ്ക്കാണ് ചെയ്യുന്നത്. അച്ഛന്റെ സഹായം വല്ലാതെ തേടാറില്ല. അമീന്‍ പക്ഷേ അങ്ങനെയല്ല. മനസ്സില്‍ ഇപ്പോഴും കുട്ടിയായതു കൊണ്ടാകും ഇടക്കൊക്കെ അഭിപ്രായം ചോദിക്കുന്നുണ്ടെന്ന് പറയുന്നു, റഹ്മാന്‍. 

പുതുമയുടെ പല വഴികള്‍

ശാസ്ത്രീയ സംഗീത രംഗത്ത് ശോഭിച്ചിരുന്നവരേയും നാട്ടുപാട്ടുകള്‍ പാടിയിരുന്നവരേയും ലോകസംഗീതരംഗത്തുള്ളവരേയുമെല്ലാം ഇത്രമേല്‍ സിനിമാസംഗീതരംഗത്ത് അവതരിപ്പിച്ച ഒരാള്‍ ഉണ്ടോ എന്ന് സംശയമാണ്. വൈവിധ്യം ചലച്ചിത്രരംഗത്തിനും നല്ലതാണ്, കലാകാരന്‍മാര്‍ക്ക് അത് പ്രകടനത്തിനുള്ള പുതിയ വേദികളൊരുക്കലാണെന്നും വിശദീകരിക്കുന്നു, റഹ്മാന്‍. പുതിയ ശബ്ദവും പുതുരീതികളും എപ്പോഴും നല്ലതാണെന്നും റഹ്മാന്‍ വിശദീകരിക്കുന്നു. 

കെ എം മ്യൂസിക് കണ്‍സര്‍വേറ്ററി, കുത്തബ് ഇ കൃപ, സണ്‍ഷൈന്‍ ഓര്‍ക്കസ്ട്ര......പുതിയ കഴിവുകള്‍ വാര്‍ത്തെടുക്കാന്‍ റഹ്മാന്‍ തന്നാലാവുന്നതെല്ലാം ചെയ്യുന്നു. പഠിച്ചിറങ്ങുന്നവര്‍ സിനിമകളില്‍ സംഗീതമൊരുക്കുന്നു, ലോകവേദികളില്‍ പരിപാടികള്‍ അവതരിപ്പിക്കുന്നു. ലോകത്തിന്റെ അതിര്‍ത്തികള്‍ മായുന്ന കാലത്ത്, ഭാഷയില്ലാതെ വ്യാപിക്കുന്ന സംഗീതത്തിലൂടെ സ്‌നേഹത്തിന്റെ സന്ദേശം പരത്താന്‍ റഹ്മാന്റെ ശ്രമം.

വെറിയുടെ കാലത്തെ കല

വെറുപ്പ് പടരുന്ന കാലത്ത്, വെറിയുടെ കാലത്താണ് കലാകാരന്‍മാര്‍ ഉണര്‍ന്നെഴുന്നേല്‍ക്കേണ്ടതെന്ന് പറയുന്നു, റഹ്മാന്‍. ചിത്രകാരന്‍മാര്‍ വരക്കേണ്ടത്, പാട്ടുകാര്‍ പാടേണ്ടത്, നര്‍ത്തകര്‍ നൃത്താവിഷ്‌കാരം നടത്തേണ്ടത് ഇപ്പോഴാണ്, ഇക്കാലത്താണ്. ചെയ്യാന്‍ പറ്റുന്നതെല്ലാം ചെയ്യേണ്ട സമയത്ത് അതില്‍ നിന്ന് പിന്നോട്ടു പോകുന്നത് നിരുത്തരവാദിത്തമാണ്- റഹ്മാന്‍ തുറന്നു പറഞ്ഞു.

 

 

റഹ്മാന്റെ കലാരഹസ്യം

അമ്പത്തിയേഴാം വയസ്സിലും എങ്ങനെ ഇത്ര ചെറുപ്പമായിരിക്കുന്നു എന്ന ചോദ്യത്തിന് റഹ്മാന്‍ ചെറിയ ചിരിയോടെ നല്‍കിയ ഉത്തരത്തിലുണ്ട് അദ്ദേഹം എന്തുകൊണ്ട് പ്രതിഭയാകുന്നതെന്ന ചോദ്യത്തിനുത്തരം. ''ഞാന്‍ മനസ്സില്‍ സന്തോഷിക്കുന്നു, എന്റെ കലയില്‍ സംതൃപ്തി കണ്ടെത്തുന്നു, മറ്റൊരാളുടെ നേട്ടത്തിലോ അവസരത്തിലോ അസൂയപ്പെടുന്നില്ല, ഞാന്‍ പ്രാര്‍ത്ഥിക്കുന്നു, ഞാന്‍ എന്റെ കുടുംബത്തിന്റെ തണലില്‍ ശാന്തനായിരിക്കുന്നു, എന്ത് ഇനിയും ചെയ്യാന്‍ കഴിയുമെന്ന് ആലോചിക്കുന്നു, പഠിച്ചു കൊണ്ടിരിക്കുന്നു, പരിശ്രമം തുടരുന്നു...'

വെറുതെയല്ല എ ആര്‍ റഹ്മാന്‍ ലോകവേദികള്‍ കീഴടക്കിയത്. മാന്ത്രികത വിരിയിച്ചത്. ലോകം റഹ്മാനിയ എന്ന പുതിയ വിശ്വാസത്തിലേക്ക് ആഘോഷപൂര്‍വം നടന്നു കയറിയത്. 


 

click me!