കാലാവസ്ഥ പ്രവചിക്കുന്നതെങ്ങനെ? ഇത്തവണ അസാധാരണ മഴ? കേരള കാലാവസ്ഥാ കേന്ദ്രത്തിന്‍റെ പുതിയ ഡയറക്ടർ പറയുന്നു

By Sithara SreelayamFirst Published Jun 3, 2024, 7:31 PM IST
Highlights

കാലാവസ്ഥാ പ്രവചന പ്രക്രിയയെ കുറിച്ചും  മഴയുടെ മാറുന്ന പാറ്റേണിനെ കുറിച്ചും ഈ മണ്‍സൂണ്‍ കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്‍റെ കേരള സെന്ററിന്റെ ആദ്യ വനിതാ ഡയറക്ടര്‍ നീത കെ ഗോപാൽ പറയുന്നു

കേരള കാലാവസ്ഥാ കേന്ദ്രത്തിന്റെ പുതിയ ഡയറക്ടറാണ് ഇടുക്കി സ്വദേശിയായ നീത കെ ഗോപാല്‍. ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്‍റെ കേരള സെന്ററിന്റെ ആദ്യ വനിതാ ഡയറക്ടര്‍ കൂടിയാണ് നീത. കൊച്ചി കാലാവസ്ഥാ കേന്ദ്രത്തിന്റെ ഡയറക്ടര്‍ സ്ഥാനത്തു നിന്നാണ് നീത ഇവിടെ എത്തിയത്. കാലാവസ്ഥാ പ്രവചനത്തില്‍ 25 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള നീത, തന്റെ പുതിയ പദവിയെ കുറിച്ചും ഐഎംഡിയുടെ കാലാവസ്ഥാ പ്രവചന പ്രക്രിയയെ കുറിച്ചും  മഴയുടെ മാറുന്ന പാറ്റേണിനെ കുറിച്ചും ഈ മണ്‍സൂണ്‍ കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ വിശദമാക്കി.

വെല്ലുവിളികളുണ്ട്, പക്ഷേ ഉത്തരവാദിത്വം നിറവേറ്റും

Latest Videos

കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് ലോകമാകെ ആശങ്കപ്പെടുന്ന ഇന്നത്തെ കാലത്ത് കൃത്യമായി കാലാവസ്ഥാ പ്രവചനം നടത്തുക വെല്ലുവിളി നിറഞ്ഞ കാര്യമാണ്. കുസാറ്റില്‍ നിന്ന് കാലാവസ്ഥാ ശാസ്ത്രത്തില്‍ എംഎസ്‌സിയും എംടെക്കും പൂര്‍ത്തിയാക്കിയ ശേഷമാണ് ഐഎംഡി മീറ്ററോളജിസ്റ്റായി ഞാന്‍ ജോലിയില്‍ പ്രവേശിച്ചത്.

വെതര്‍ ഫൊര്‍കാസ്റ്ററായിട്ടാണ് പൂനെയില്‍ 2000-ത്തില്‍ തുടക്കം. ഏവിയേഷന്‍ വെതര്‍ ഫൊര്‍കാസ്റ്റിങ്, മറൈന്‍ വെതര്‍ ഫോര്‍കാസ്റ്റിംഗ്, സൈക്ലോണ്‍ വെതര്‍ വാണിംഗ് തുടങ്ങിയ മേഖലകളിലാണ് കഴിഞ്ഞ 25 വര്‍ഷം പ്രവര്‍ത്തിച്ചത്. ഇത്രയും കാലത്തെ പ്രവര്‍ത്തന പരിചയം കൊണ്ട്, ഇപ്പോഴത്തെ പദവിയിലിരുന്ന് ഉത്തരവാദിത്വം നിറവേറ്റാന്‍ കഴിയുമെന്ന ആത്മവിശ്വാസമുണ്ട്.

99-ല്‍ ഒറീസയില്‍ മരിച്ചത് ആയിരങ്ങള്‍, ഇന്ന് സ്ഥിതി മാറി, കാരണം...

കാലാവസ്ഥാ പ്രവചനത്തില്‍ നൂതന സാങ്കേതികവിദ്യകള്‍,  കമ്യൂണിക്കേഷന്‍ ടെക്‌നോളജി, കമ്പ്യൂട്ടിംഗ് ടെക്‌നോളജി തുടങ്ങിയ കാര്യങ്ങള്‍ സ്വായത്തമാക്കുന്നതില്‍ ഇന്ത്യന്‍ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് വളരെ മുന്നിലാണ്. കാലാവസ്ഥാ നിരീക്ഷണത്തിന് നമുക്ക് സാറ്റലൈറ്റുകളുണ്ട്. ഇന്ത്യ മുഴുവന്‍ റഡാറിന്റെ നിരീക്ഷണത്തില്‍ വരുത്താനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ മുക്കാല്‍ പങ്കും നിലവില്‍ റഡാറിന്റെ നിരീക്ഷണത്തിലാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ ഇടുക്കിയിലെ ഉടുമ്പന്നൂരിലും എറണാകുളത്തെ കളമശ്ശേരിയിലുമൊക്കെയുണ്ടായ അതിശക്തമായ മഴ റഡാര്‍ നിരീക്ഷണത്തിലൂടെയാണ് നേരത്തെ നമ്മള്‍ തിരിച്ചറിഞ്ഞത്. അതോടൊപ്പം മാന്വലായിട്ടുള്ള സര്‍ഫസ് ഒബ്‌സര്‍വേറ്ററുകളും ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷനുകളുമുണ്ട്. ഈ സംവിധാനങ്ങളൊക്കെയുള്ളതു കൊണ്ട് കഴിഞ്ഞ 10 -15 വര്‍ഷമായി നമ്മുടെ കാലാവസ്ഥാ പ്രവചനം വലിയ പിഴവുകളൊന്നുമില്ലാതെ നടക്കുന്നു.

ഉഷ്ണ മേഖലാ പ്രദേശങ്ങളിലുണ്ടാകുന്ന ചക്രവാതങ്ങളെ കുറിച്ചും മറ്റും 10 ദിവസം മുന്‍പെങ്കിലും സൂചന കൊടുക്കാന്‍ നമുക്ക് പറ്റുന്നുണ്ട്. നേരത്തെ ചക്രവാതങ്ങളെ തുടര്‍ന്നും മറ്റും കുറേ മരണങ്ങള്‍ സംഭവിക്കുമായിരുന്നു. 1999-ല്‍ ഒറീസയിലുണ്ടായ കൊടുങ്കാറ്റില്‍ പതിനായിരത്തിനടുത്ത് പേരാണ് മരിച്ചത്. എന്നാല്‍, ഫാനി ചുഴലിക്കാറ്റില്‍ നൂറിൽ താഴെയാണ് മരണം. ഐഎംഡിയുടെ പ്രവചനങ്ങൾ ജനങ്ങള്‍ ഇപ്പോള്‍ വിശ്വാസത്തിലെടുക്കുന്നതിനാൽ മാറ്റിപ്പാർപ്പിക്കൽ മുൻപത്തേക്കാള്‍ എളുപ്പമാണ്. 

അമേരിക്ക, ജപ്പാന്‍ തുടങ്ങിയ മികച്ച കാലാവസ്ഥാ പ്രവചനങ്ങള്‍ നടത്തുന്ന രാജ്യങ്ങള്‍ക്കൊപ്പം തന്നെയാണ് നമ്മളും. സൈക്ലോണുകളെ കുറിച്ചും മറ്റും നമ്മുടെ പ്രവചനങ്ങള്‍ ചിലപ്പോഴൊക്കെ അവരുടേതിനേക്കാള്‍ കൃത്യമാണ്. ലോക കാലാവസ്ഥാ സംഘടന നിരവധി സന്ദര്‍ഭങ്ങളില്‍ ഐഎംഡിയെ അഭിനന്ദിച്ചിട്ടുണ്ട്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കുക എന്നതാണല്ലോ ആത്യന്തികമായി കാലാവസ്ഥാ പ്രവചനങ്ങളുടെ ലക്ഷ്യം.

കാലാവസ്ഥാ പ്രവചനം നടത്തുന്നതെങ്ങനെ?

എല്ലാ രാജ്യങ്ങളും ഒരേസമയത്ത് അന്തരീക്ഷ നില രേഖപ്പെടുത്തുന്നുണ്ട്. നേരത്തെ ഗ്രീന്‍ വിച്ച് മീന്‍ ടൈം ആയിരുന്നു. ഇപ്പോള്‍ കോഡിനേറ്റഡ് യൂണിവേഴ്‌സല്‍ ടൈം (യുടിസി) ആണ്. 00 മണി യുടിസിയും 12 മണി യുടിസിയുമാണ് ഏറ്റവും പ്രധാനപ്പെട്ട ഒബ്‌സര്‍വേഷന്‍ സമയങ്ങള്‍. ഇന്ത്യയില്‍ രാവിലെ 8.30 -നും വൈകുന്നേരം 5.30-നുമാണ് ഏറ്റവും പ്രധാനമായി ഒബ്‌സര്‍വേഷന്‍ നടക്കുന്നത്. ദിവസേന നാല് പ്രാവശ്യം എല്ലാ രാജ്യങ്ങളും ഒബ്‌സര്‍വേഷനെടുക്കുന്നു. 0 യുടിസി, 6 യുടിസി, 12 യുടിസി, 18 യുടിസി, വീണ്ടും 0 യുടിസി എന്നിങ്ങനെയാണത്. ഇടയ്ക്കുള്ള മൂന്ന് മണിക്കൂറിലും എടുക്കാറുണ്ട്.

ഈ ഒബ്‌സര്‍വേഷനുകളെല്ലാം ഗ്ലോബല്‍ കമ്യൂണിക്കേഷന്‍ നെറ്റ് വര്‍ക്ക് വഴി എല്ലാ രാജ്യങ്ങളിലുമുള്ള കാലാവസ്ഥാ പ്രവചന ഏജന്‍സികള്‍ക്ക് കിട്ടുന്നുണ്ട്. ഐഎംഡിയുടെ ഒബ്‌സര്‍വേഷന്‍ ബാക്കിയുള്ള രാജ്യങ്ങളുമായും പങ്കുവെയ്ക്കുന്നുണ്ട്. ഈ ഡാറ്റ കൈമാറുന്നതിന് മറ്റ് നിയന്ത്രണങ്ങളൊന്നുമില്ല. ചാര്‍ട്ടുകളില്‍ രേഖപ്പെടുത്തുന്നതായിരുന്നു പഴയ രീതി. ഇപ്പോള്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ചാണ് ചാര്‍ട്ട് തയ്യാറാക്കുക. ഈ ഡാറ്റ വിശകലനം ചെയ്താണ് കാലാവസ്ഥയുടെ പാറ്റേണ്‍ മനസ്സിലാക്കുന്നത്. അതേസമയം ന്യൂമറിക്കല്‍ വെതര്‍ പ്രഡിക്ഷന്‍ മോഡല്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ചും നടത്തുന്നു. ഇത് രണ്ടും വിശകലനം ചെയ്താണ് കാലാവസ്ഥ സംബന്ധിച്ച അറിയിപ്പുകള്‍ നല്‍കുന്നത്.

ഇത്തവണ സാധാരണയില്‍ കൂടുതല്‍ മഴ

ഈ മണ്‍സൂണില്‍ സാധാരണയില്‍ കൂടുതല്‍ മഴ കിട്ടുമെന്നാണ് പ്രവചനം. മെയ് അവസാനം സാധാരണയിലും കൂടുതല്‍ മഴ കിട്ടി. ജൂണ്‍, ജൂലൈ മാസങ്ങളില്‍ നമ്മുടെ ഡാമുകളും തോടുകളും കുളങ്ങളും പരമാവധി വെള്ളം ആഗിരണം ചെയ്തുകഴിയുമ്പോള്‍ ആഗസ്ത്, സെപ്തംബര്‍ മാസങ്ങളില്‍ പെയ്യുന്ന മഴ വെള്ളം ഒഴുകിപ്പോവുകയാണ് ചെയ്യുക.

അത് ഒരുപക്ഷേ ചെറിയ തോതിലുള്ള വെള്ളപ്പൊക്കത്തിനോ വെള്ളക്കെട്ടിനോ കാരണമായേക്കാം. ഐഎംഡിയുടെ അപ്പപ്പോഴുള്ള കാലാവസ്ഥാ പ്രവചനങ്ങളും ദുരന്ത നിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിര്‍ദേശങ്ങളും ശ്രദ്ധിക്കണമെന്നാണ് നിലവില്‍ പറയാനുള്ളത്.

മഴയുടെ പാറ്റേണ്‍ മാറുന്നു

ചെറിയ സമയത്തിനുള്ളില്‍ വളരെയധികം മഴ പെയ്യുന്ന സാഹചര്യമാണ് ഇന്നുള്ളത്. പണ്ടെല്ലാം മണ്‍സൂണ്‍ മഴ എന്നാല്‍ സ്ഥിരതയുള്ള ചെറിയ മഴയായിരുന്നു. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മഴയുടെ പാറ്റേണ്‍ മാറി. അതിന് കാരണം ആഗോള താപനവും മറ്റുമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഇങ്ങനെ പെയ്യുന്ന മഴ വെള്ളക്കെട്ടിനും മണ്ണൊലിപ്പിനുമെല്ലാം കാരണമാകുന്നു.

അതോടൊപ്പം വെളളം ഒഴുകിപ്പോകാനോ മണ്ണിലേക്ക് ഊര്‍ന്നിറങ്ങാനോ സാഹചര്യം ഇല്ലാത്തതും സാരമായി ബാധിക്കുന്നുണ്ട്. മഴയുടെ അളവ് കൂടിയതിനൊപ്പം തന്നെ ചതുപ്പുകള്‍ നികത്തുന്നതും ഭൂമിയുടെ അശാസ്ത്രീയ ഉപയോഗവും പര്യാപ്തമല്ലാത്ത ഓടകളും ഇപ്പോഴത്തെ മഴക്കെടുതികള്‍ക്ക് കാരണമാണ്.

ലാ-നിന ഒരു വർഷത്തോളം നീണ്ടുനില്‍ക്കാം

എല്‍നിനോ മാറി ന്യൂട്രല്‍ അവസ്ഥയിലാണിപ്പോള്‍. ജൂലൈ അവസാനത്തോടെ ലാ-നിന സാഹചര്യം വന്നേക്കും. ലാ-നിന കാലത്ത് പൊതുവെ മണ്‍സൂണില്‍ കൂടുതല്‍ മഴ ലഭിക്കാറുണ്ട്. ഇത്തവണ മഴ കൂടുതല്‍ ലഭിക്കാന്‍ ഇതും ഒരു കാരണമായേക്കാം. ഇന്ത്യയില്‍ ആകമാനവും കേരളത്തിലും സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കാനാണ് സാധ്യത. 

കാലാവസ്ഥാ അറിയിപ്പ് വിരല്‍ത്തുമ്പില്‍

ചക്രവാതച്ചുഴികളെക്കുറിച്ചൊക്കെ ആളുകള്‍ ഇന്ന് ബോധവാന്മാരാണ്. ജനങ്ങള്‍ കാലാവസ്ഥാ പ്രവചനങ്ങള്‍ ശ്രദ്ധിക്കുകയും അതനുസരിച്ച് കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുകയും ചെയ്യുന്നുണ്ട്. സ്‌കൂളുകളിലും ചെറിയ രീതിയിലെങ്കിലും കാലാവസ്ഥാ ശാസ്ത്രം പഠിപ്പിക്കുന്നു. പുതിയ തലമുറയ്ക്ക് ഇതിന്റെ ഗൌരവത്തെ കുറിച്ചറിയാം. മാത്രമല്ല എല്ലാവര്‍ക്കും കാലാവസ്ഥ സംബന്ധിച്ച അപ്‌ഡേറ്റ്‌സ് ലഭിക്കുന്നുണ്ട്. 

എഎംഡിക്ക് 'മോസം' എന്ന ആപ്പുണ്ട്, ദുരന്ത നിവാരണ അതോറ്റിക്ക് 'സചേത്' എന്ന ആപ്പുണ്ട്. ആ ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ നമ്മള്‍ നില്‍ക്കുന്ന ലൊക്കേഷനിലെ കാലാവസ്ഥാ മുന്നറിയിപ്പുകള്‍ എന്തെങ്കിലുമുണ്ടെങ്കില്‍ അറിയാന്‍ പറ്റും. പണ്ട് നമുക്ക് മുന്നറിയിപ്പുകള്‍ എത്തിക്കാനുള്ള കമ്യൂണിക്കേഷന്‍ മാര്‍ഗങ്ങള്‍ പരിമിതമായിരുന്നല്ലോ.

ഓഖി മുതലാവാം മാധ്യമങ്ങളും കാലാവസ്ഥാ വാര്‍ത്തകള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നുണ്ട്. ഔദ്യോഗികമായ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കാന്‍ ആളുകള്‍ തയ്യാറാവണം. വാട്‌സ് ആപ്പ് ഫോര്‍വേഡുകളായി പഴയ വിവരങ്ങള്‍ ലഭിച്ച് പലരും ആശയക്കുഴപ്പത്തിലാവാറുണ്ട്. അതുകൊണ്ട് ഔദ്യോഗിക അറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!