നമുക്കും പരീക്ഷിച്ചുകൂടേ 'കമ്മ്യൂണൽ ലിവിം​ഗ്'? ഒരുപാട് പേർക്കുവേണ്ടി ഒരൊറ്റ സുന്ദരൻ വീട്

By Rini Raveendran  |  First Published Jun 5, 2024, 12:47 PM IST

കൃത്യമായി പ്ലാൻ ചെയ്ത് അധികച്ചിലവുകളില്ലാതെ വീട് പണിയാൻ ശ്രമിക്കാം. അത്യാവശ്യം ഉള്ളവ മാത്രം ഇപ്പൊൾ പണിതോളൂ. വീടിന് വളരാനുള്ള സാദ്ധ്യത മുന്നിൽ കണ്ട് പ്ലാൻ ചെയ്യണം എന്ന് മാത്രമേയുള്ളൂ. പിന്നീട്, ആവശ്യം വരികയാണെങ്കിൽ വീടിനെ നമുക്ക് വളരാൻ അനുവദിക്കാമല്ലോ.


പരിസ്ഥിതി സൗഹൃദ വീടുകളെന്നാൽ എന്താണ്? ബജറ്റ് ഫ്രണ്ട്‍ലിയായി നമുക്ക് എങ്ങനെ ഒരു വീട് നിർമ്മിക്കാം? വീട് നിർമ്മിക്കുമ്പോൾ സംഭവിക്കുന്ന അബദ്ധങ്ങളെന്താണ്? ആർക്കിടെക്ട് മാനസി സംസാരിക്കുന്നു.

പരിസ്ഥിതി സൗഹൃദ കെട്ടിടങ്ങൾ/ വീടുകൾ എന്നത് അടുത്തിടെ വലിയ പ്രചാരം ലഭിച്ച വാക്കാണ്. ശരിക്കും എന്താണ് പരിസ്ഥിതി സൗഹൃദ കെട്ടിടങ്ങൾ? എങ്ങനെയാണവ പരിസ്ഥിതി സൗഹാർദ്ദങ്ങളാകുന്നത്?

Latest Videos

undefined

കെട്ടിടനിർമ്മാണ വസ്തുക്കൾ ഉൽപാദിപ്പിക്കുന്നതിനും അതത് സ്ഥലത്ത് എത്തിക്കുന്നതിനും ഒരുപാട് ഊർജ്ജം ചിലവഴിക്കപ്പെടുന്നുണ്ട്. അതിനെ എംബോഡീഡ് എനർജി (Embodied energy) എന്നാണ് പറയുക. എംബോഡീഡ് എനർജി കുറഞ്ഞ കെട്ടിടങ്ങളെ പൊതുവിൽ നമുക്ക് പരിസ്ഥിതി സൗഹാർദ്ദം എന്ന് പറയാം. അതുപോലെ തന്നെയാണ് ആ കെട്ടിടം ഉപയോഗിക്കുമ്പോൾ വരുന്ന ഊർജ്ജ ഉപഭോഗവും. ഭൂമിയുടെ ഊഷ്മാവിൽ വരുന്ന 2 ഡിഗ്രി ഉയർച്ചയാണ് കാലാവസ്ഥയിൽ വരുന്ന അപകടകരമായ മാറ്റത്തിൻ്റെ സൂചികയായി കണക്കാക്കിയിട്ടുള്ളത്. ഇന്ന് അവിടെയാണ് നമ്മൾ എത്തിനിൽക്കുന്നത്.

പരിസ്ഥിതി സൗഹാർദ്ദ കെട്ടിടങ്ങൾ എന്ന് ഉപരിപ്ലവമായി പറയുമ്പോഴും യഥാർത്ഥത്തിൽ കെട്ടിടങ്ങൾ പരിസ്ഥിതി സൗഹൃദമാക്കുന്നതെങ്ങനെ എന്നത് ഇനിയും ചർച്ച ചെയ്യപ്പെടേണ്ടതുണ്ട് എന്നതും വാസ്തവമാണ്. 
 
കേരളത്തിലെ കാലാവസ്ഥയ്ക്കും ഭൂപ്രകൃതിക്കും അനുസരിച്ചുള്ള വീടുകൾ എങ്ങനെയുള്ളവയാണ്? അത്തരം വീടുകളാണോ ഇവിടെ നാം നിർമ്മിക്കുന്നത്?

നമ്മുടെ ട്രോപ്പിക്കൽ കാലാവസ്ഥയെയും ഭൂമിശാസ്ത്രപരമായുള്ള പ്രത്യേകതകളെയും ഒക്കെ പരി​ഗണിച്ചുകൊണ്ട് കെട്ടിടം അല്ലെങ്കിൽ വീട് ഒക്കെ നിർമ്മിക്കാൻ നമുക്ക് സാധിക്കേണ്ടതുണ്ട്. പ്രാദേശികമായി ലഭിക്കുന്ന വസ്തുക്കൾ ഉപയോ​ഗിച്ചുകൊണ്ട് കെട്ടിടം പണിയുന്ന ശൈലി നമുക്ക് പിന്തുടരാവുന്നതാണ്. 

തിരുവനന്തപുരത്ത് നിന്നുള്ള ഒരാൾ കണ്ണൂരിൽ കിട്ടുന്ന വെട്ടുകല്ല് വേണമെന്ന് കരുതിയാൽ ചിലവ് കൂടും. അതുപോലെ, നമ്മുടെ പറമ്പിൽ തന്നെയുള്ള മരങ്ങൾ ഉൾപ്പെടുത്താനാവുമെങ്കിൽ അതുപയോ​ഗപ്പെടുത്താം. റീയൂസ് ചെയ്യാനാവുന്ന ഓടും, പഴയ വീട്ടിലുപയോ​ഗിച്ച മരവും ഒക്കെ വച്ചുകൊണ്ട് തന്നെ നമുക്ക് വീട് പണിയാം. പറമ്പിലെ മണ്ണ് ഉപയോ​ഗിച്ചുകൊണ്ടും വീട് പണിയാം. അത് പ്രോസസ് ചെയ്യാനിത്തിരി പാടാണെങ്കിലും സാധ്യമായതാണ്. 

തട്ടുതട്ടായ ഭൂമിയാകെ നിരപ്പാക്കി, ചുറ്റിലുമുള്ള മരങ്ങളെല്ലാം വെട്ടിനിരത്തി പലപ്പോഴും ഇന്ന് നമ്മളുണ്ടാക്കുന്നത് ഉള്ളു പൊള്ളയായ കോൺക്രീറ്റ് പെട്ടികളാണ്. 

വെള്ളപ്പൊക്കത്തിൽ നിന്നും രക്ഷ നൽകുന്ന തരത്തിലുള്ള വീടുകൾ ചില പ്രദേശങ്ങളിൽ നിർമ്മിച്ചിട്ടുമുണ്ട്. അങ്ങനെയുള്ള വീടുകൾ ശരിക്കും പ്രകൃതിദുരന്തത്തെ ചെറുക്കാൻ സഹായകമാണോ? 

വീട് ഉയർത്തി നിർമ്മിക്കുക എന്നതാണ് ഇതിനൊരു പരിഹാരമായി നമ്മൾ ആഘോഷിക്കുന്നത്. വെള്ളപ്പൊക്കം ഉണ്ടാക്കുന്ന കാര്യത്തെ അഭിസംബോധന ചെയ്യുകയാണ് യഥാർഥത്തിൽ വേണ്ടത്. ഭൂപ്രകൃതിക്ക് അനുസരിച്ചുള്ള ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കുക, അതനുസരിച്ചുള്ള വികസനത്തിന് പ്രാദേശികമായി മാർഗ്ഗ നിർദ്ദേശങ്ങൾ കൊണ്ടുവരിക എന്നിവയൊക്കെ ആലോചിക്കാൻ സമയമായിട്ടുണ്ട്. 

വീട് എന്ന മലയാളിയുടെ സങ്കല്പവും കാഴ്ചപ്പാടും എത്രത്തോളം മാറിയിട്ടുണ്ട് ഈ കാലഘട്ടത്തിൽ?

ഭാര്യയും ഭർത്താവും ഒരുപോലെ ജോലിക്ക് പോകുന്നവരാണ് ഇന്ന് മിക്ക വീടുകളിലും. അത്തരം വീടുകൾ എളുപ്പത്തിൽ പരിപാലിക്കാൻ പറ്റുന്ന പോലെയായിരിക്കണം നിർമ്മിക്കേണ്ടത്. എപ്പോഴും അടിച്ചും തുടച്ചും വൃത്തിയാക്കേണ്ടി വരുന്ന, എളുപ്പം മുഷിഞ്ഞുപോകുന്ന വീടുകളാവരുത് അവർ പരി​ഗണിക്കേണ്ടത് എന്നർത്ഥം. നമ്മുടെ ആവശ്യവും എളുപ്പവും കൂടി വീട് പണിയുമ്പോൾ പരി​ഗണിക്കാം.

അങ്ങനെ ചെയ്യുന്നവർ ഇന്ന് കൂടിവരുന്നുണ്ട്. അതുപോലെ, പരിസ്ഥിതി സൗഹൃദപരമായ കെട്ടിടങ്ങൾ വേണം എന്ന് പറഞ്ഞ് തേടിവരുന്നവർ ഇന്ന് ഒരുപാട് കൂടുതലാണ് എന്നും പറയാതെ വയ്യ.

'ബജറ്റ് ഫ്രണ്ട്‍ലി' വീടുകൾക്ക് കേരളത്തിലിപ്പോൾ പ്രാധാന്യം കൂടുന്നുണ്ട്. കാരണമെന്താവാം?

പാർപ്പിടം എന്നത് ഒരാളുടെ പ്രാഥമിക ആവശ്യമാണെങ്കിലും മിക്കവാറും ആളുകളെ ഇത് കടത്തിലാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് 'ബജറ്റ് ഫ്രണ്ട്‌ലി വീട്' എന്ന വാക്ക് ഇന്ന് മറ്റെന്തിനേക്കാളും പ്രസക്തമാണ്. 

ഒരു പ്രൊഫഷണലിൻ്റെ സഹായമുണ്ടെങ്കിൽ നമ്മുടെ ആവശ്യത്തിന് അനുസരിച്ച്, അവശ്യമായത് മാത്രം ചെയ്ത്, ഏറ്റവും മികച്ച രീതിയിൽ പ്ലാൻ ചെയ്ത് മനോഹരമായ വീടും അതിൽ ജീവിതവും ഡിസൈൻ ചെയ്തെടുക്കാം. 

വിഭവങ്ങളും സമ്പത്തും ഭീകരമായി ദുർവിനിയോഗം ചെയ്യുന്ന വീടുകൾ കേരളത്തിലൊരുപാടുണ്ട്. എങ്കിലും, ഇങ്ങനെ നന്നായി ചിന്തിച്ച് ആവശ്യത്തിന് മാത്രമുള്ള 'ബജറ്റ് ഫ്രണ്ട്‍ലി വീട്' നിർമ്മിക്കുന്നവരും ഇന്ന് കൂടുന്നുണ്ട്.  

ഒരു മിഡിൽ ക്ലാസുകാരന്, അല്ലെങ്കിൽ സാധാരണക്കാരന് ഒരു വീട് വയ്ക്കുക എന്നത് എത്രത്തോളം ബുദ്ധിമുട്ടാണ്?

വലിയ ബുദ്ധിമുട്ട് തന്നെയാണ്. ഇവിടെ ചെയ്യാവുന്നത് കമ്പോളം നിരത്തുന്ന സാധ്യതകളിൽ ഭ്രമിക്കരുത് എന്നതാണ്. അവയിൽ നിന്ന് മാത്രം തെരഞ്ഞെടുക്കുമ്പോൾ കയ്യിലുള്ള കാശിന് ഒരു വീട് എന്ന സ്വപ്നം അപ്രാപ്യമാകും, കൂടുതൽ ബുദ്ധിമുട്ടാവും. ബജറ്റിനനുസരിച്ച് വീട് പണിയാം. 

അത്യാവശ്യം, ആവശ്യം, നിലവിൽ ആവശ്യമില്ലാത്തത് എന്നിങ്ങനെ മൂന്നായി തരം തിരിക്കുക എന്നതാണ് ആദ്യത്തെ പടി. നമ്മൾ ചിലവാക്കുന്ന കാശിന് എങ്ങനെ ഏറ്റവും മികച്ചത് തന്നെ ലഭിക്കും എന്ന് കണ്ടെത്തലാണ് അടുത്തപടി.

ഇങ്ങനെ കൃത്യമായി പ്ലാൻ ചെയ്ത് അധികച്ചിലവുകളില്ലാതെ വീട് പണിയാൻ ശ്രമിക്കാം. അത്യാവശ്യം ഉള്ളവ മാത്രം ഇപ്പൊൾ പണിതോളൂ. വീടിന് വളരാനുള്ള സാദ്ധ്യത മുന്നിൽ കണ്ട് പ്ലാൻ ചെയ്യണം എന്ന് മാത്രമേയുള്ളൂ. പിന്നീട്, സാധിക്കുമ്പോള്‍ ബാക്കി പണിയാം.

വീട് പണിയുമ്പോൾ മികച്ച നിർമ്മാണ രീതിയേത് എന്ന് നമുക്ക് ഒറ്റവാക്കിൽ പറയാനാവുമോ?

നിർമ്മാണത്തിൻ്റെ മികവിനെ കുറിച്ച് പറയേണ്ടത് കാലമാണ്. കാലം തെളിയിച്ച നിർമ്മാണ മാതൃകകൾ തിരഞ്ഞെടുക്കുന്നതാണ് അതുകൊണ്ടുതന്നെ സുരക്ഷിതവും.

അതുപോലെ, വീട് വയ്ക്കാൻ അവിടത്തെ മരങ്ങളെല്ലാം വെട്ടി സ്ഥലം നിരപ്പാക്കണം എന്നില്ല. അവയെല്ലാം നിർത്തിക്കൊണ്ട് തന്നെ അവിടേക്ക് മാത്രം യോജിക്കുന്ന സുന്ദരമായ, നമ്മുടെ ആവശ്യങ്ങൾ നിറവേറ്റുന്ന കെട്ടിടങ്ങൾ കണ്ടെത്താനും അത് നിർമ്മിക്കാനും സഹായിക്കുന്ന സങ്കേതിക സൗകര്യങ്ങൾ ഇന്ന് നമുക്കുണ്ട്. അത് ഉപയോഗപ്പെടുത്താം.

കെട്ടിടത്തിൻ്റെ രൂപകൽപ്പനയ്ക്കും നിർമ്മാണരീതിയ്ക്കും കാലാവസ്ഥയിൽ നിന്നും അകത്തളത്തെ സംരക്ഷിക്കാൻ കഴിവുണ്ട്. അതിന് ശ്രമിക്കുക. AC -യ്ക്കും ഫാനിനും പരിമിതികൾ ഉണ്ടെന്ന് തിരിച്ചറിഞ്ഞ വേനലുകളാണല്ലോ ഇപ്പോൾ കടന്നു പോയത്. നമ്മുടെ ഭൂമിയിൽ വീഴുന്ന വെള്ളം അവിടെ തന്നെ താഴാൻ സൗകര്യമൊരുക്കുക. ഒരു മഴയ്ക്ക് മുങ്ങുന്ന സ്ഥലമായി നാട് മാറുന്നതിൽ നമ്മുടെ പങ്ക് ഇല്ലാതിരിക്കട്ടെ. 

സുസ്ഥിരവികസനത്തിനായി നമുക്ക് പിന്തുടരാനാവുന്നത് പ്രധാനമായും മൂന്ന് കാര്യങ്ങളാണ്, 
Reduce -പരമാവധി കുറയ്ക്കുക അല്ലെങ്കിൽ വേണ്ടത് മാത്രം ചെയ്യുക. 
Reuse -സാധ്യമായതെല്ലാം പുനരുപയോഗിക്കുക 
Recycle -പുനരുൽപാദനം നടത്തുക. 

നിർമ്മാണ സമയത്ത് പുനരുത്പാദനം (Recycle) ചെയ്യാൻ കഴിയുന്ന നിർമ്മാണ വസ്തുക്കൾ തിരഞ്ഞെടുക്കുന്നത് ഭാവിയെ കുറിച്ച് നമുക്കെടുക്കാനാവുന്ന കരുതലാണ്.

വലിയ വീടുകൾ വയ്ക്കുകയും എന്നാൽ വിദേശത്തും മറ്റുമായിരിക്കുന്നത് കൊണ്ട് വർഷങ്ങളോളം അത് അടച്ചിടുന്നവരും അനേകമുണ്ട്. ഇതിനെ കുറിച്ച്?

നമ്മുടെ സ്വന്തം, തിരിച്ചു ചെല്ലാൻ ഒരിടം ഇത്തരം വൈകാരികതകളാവാം ആ വീടുകൾക്ക് പിന്നിൽ. അത് നമുക്ക് തള്ളിക്കളയാനാവില്ല. പക്ഷേ അടച്ചിടാതെ മറ്റൊരു ഉപയോഗം കൂടി സാധ്യമാവുന്ന തരത്തിൽ കെട്ടിടം നിർമ്മിക്കുകയും അടച്ചിടാതെയിരിക്കുകയും ചെയ്യുന്നതാണ് വീടുകളടക്കം എല്ലാ കെട്ടിടങ്ങൾക്കും നല്ലത്. 

വാടകയ്ക്ക് താമസിക്കുന്നതാണ് നല്ലത്, വീട് വയ്ക്കേണ്ടതില്ല, വലിയ ചിലവാണ് വീടിന് തുടങ്ങിയ വാദഗതികളും ഇപ്പോൾ ഉയർന്നു വരുന്നുണ്ട്. ഇതേക്കുറിച്ച്?

മനുഷ്യർ തന്റെ ഓർമ്മകളിൽ കൂടിയും സങ്കല്പങ്ങളിൽ കൂടിയും വൈകാരികതകളിൽ കൂടിയും ഒക്കെയാണ് ജീവിക്കുന്നത് എന്ന് തോന്നാറുണ്ട്. കുട്ടികൾ കുടുംബം എന്നീ ആശയങ്ങളൊക്കെ നിലനിൽക്കുന്നിടത്തോളം വീട് എന്ന സ്വപ്നക്കൂടിനും പ്രസക്തിയുണ്ട്. സ്വന്തം വീട് തരുന്ന സ്വന്തമെന്ന തോന്നലും വാടകവീട് തരുന്ന അന്യതാബോധവും രണ്ടും രണ്ടാണെന്ന് അത് അനുഭവിച്ചവർ പറയുന്നു. അതുകൊണ്ടാവാം സ്വന്തം വീട് എന്നതിന് പ്രസക്തി നിലനിൽക്കുന്നത്.  

കുറഞ്ഞ ചിലവിന്, സുരക്ഷിതമായി, സൗകര്യത്തിൽ താമസിക്കാൻ വേറെന്ത് മാർ​ഗങ്ങളുണ്ട്?

അത്തരത്തിലുള്ള ജീവിതത്തിന് പുതിയ ചില മാർ​ഗങ്ങൾ കൂടിയും നമുക്ക് പരീക്ഷിക്കാവുന്നതാണ്. അതിലൊന്നാണ് 'കമ്മ്യൂൺ' (commune) എന്ന ആശയം. സമാനമനസ്‌കരായ വ്യക്തികൾ സ്വതന്ത്രരായി, സൗകര്യങ്ങൾ പങ്കിട്ട് ജീവിയ്ക്കുന്ന രീതിയാണിത്. അവിടെ വിഭവങ്ങൾ പങ്കിട്ടെടുക്കപ്പെടുന്നു. വിഭവസമത്വത്തിൻ്റെയും ബദൽ ജീവിതരീതിയുടെയും മെച്ചപ്പെട്ട മാതൃക കൂടിയാണിത്.  

ഒരേ പോലെ ചിന്തിക്കുന്ന, ഇഷ്ടങ്ങൾ പങ്കിടുന്ന ആളുകൾക്ക് ഒറ്റ മേൽക്കൂരയ്ക്ക് കീഴിൽ കഴിയാം. എന്നാൽ, അവരെല്ലാം സ്വതന്ത്രരാണ്. അവർക്ക് അവരുടെ സ്വകാര്യജീവിതമുണ്ട്. കുട്ടികളുണ്ടെങ്കിൽ അവരുടെ പരിചരണത്തിനും ഒക്കെ ഒരുമിച്ചുള്ള ജീവിതം സഹായകമാകും. ഇങ്ങനെ ഒരുപാട് മേന്മകൾ അതിനുണ്ട്. പക്ഷേ, അത് നടപ്പിലാക്കാൻ മാത്രം നമ്മുടെ ചിന്തകൾ, ആശയങ്ങൾ‌ ഒക്കെ വളരേണ്ടതുണ്ട്.

പൊതുവായി ഉപയോഗിക്കാവുന്ന മികച്ച സൗകര്യങ്ങൾ, കൃത്യമായി മെനു നിശ്ചയിച്ച് പങ്കിട്ടെടുക്കുന്ന കുക്കിംഗ് ഉത്തരവാദിത്വം, പ്രകൃതി സൗഹാർദ്ദമായ, ജെൻഡർ ന്യൂട്രൽ ആയ, ഇൻക്ലൂസീവ് (inclusive) ആയ ആർക്കിടെക്ചർ ഒക്കെയുള്ള ഇത്തരം കോ ഹൗസിം​ഗ് (Co-Housing) പ്രൊജക്ടുകൾക്ക് യൂറോപ്പിൽ പ്രചാരം ഏറെയാണ്. പാശ്ചാത്യരെ അന്ധമായി പിന്തുടരുന്ന നമുക്ക് അവരിൽ നിന്നും അനുകരിയ്ക്കാവുന്ന ഒന്നാണിത്.    

'ഭൂമിജ'യുടെ വർക്കുകളിൽ ഏറ്റവും തൃപ്തി തോന്നിയ, വൈകാരികമായി അടുപ്പം തോന്നിയ വർക്ക് ഏതാണ്? 

ചെയ്ത എല്ലാ കെട്ടിടങ്ങളും ഒന്നിനൊന്നു പ്രിയപ്പെട്ടവയാണ് 'ഭൂമിജ'യ്ക്ക്. പക്ഷേ മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് വേണ്ടി 35 പെൺകുഞ്ഞുങ്ങൾക്ക് താമസിക്കാൻ ഇടമൊരുക്കിയതാണ് ഏറ്റവും ചാരിതാർത്ഥ്യം തരുന്ന ഓർമ്മ. 

ആർക്കിടെക്ചർ എന്നത് പ്രിവിലേജ് മനുഷ്യർക്കുള്ളതാണ് മിക്കപ്പോഴും. അരികുവൽക്കരിക്കപ്പെട്ടവർക്ക് ഇന്നും അത് അന്യം തന്നെയാണ്. എന്നാൽ, കരുണയുള്ള ചിലർ അങ്ങനെയുള്ള മനുഷ്യർക്ക് വേണ്ടിക്കൂടി ചിന്തിക്കാറുണ്ട്. അതുപോലെ, ബിഷപ്പ് ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് തിരുമേനിയാണ് കുറഞ്ഞ ചിലവിൽ മികച്ച ഒരു കെട്ടിടം ഒരുക്കാനുള്ള സ്നേഹപൂർവ്വമായ വെല്ലുവിളി ഞങ്ങൾക്ക് തന്നത്. അങ്ങനെയുണ്ടായതാണ് പെൺകുഞ്ഞുങ്ങളുടെ ആ വീട്. 

പിന്നീട് പോവുമ്പോഴെല്ലാം ഓടിവന്നു കൈപിടിയ്ക്കുന്ന കുരുന്നുകളുടെ കണ്ണിൽ തെളിയുന്ന സ്നേഹമുണ്ട്. അത് തികച്ചും ഒരു വൈകാരികമായ അനുഭവമാണ്. വീടുകൾക്ക്/ കെട്ടിടങ്ങൾക്ക് ഒക്കെ അത്തരം ചില പ്രത്യേകതൾ കൂടിയുണ്ട്. അത് വെറുമൊരു കോൺക്രീറ്റ് പെട്ടി മാത്രമല്ല.

(പ്രകൃതി സൗഹാർദ്ദമായ കെട്ടിടങ്ങൾ രൂപകൽപ്പന ചെയ്യുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന 'ഭൂമിജ ക്രിയേഷൻസ്' എന്ന സ്ഥാപനം നടത്തുകയാണ് ആർക്കിടെക്ട് ദമ്പതികളായ മാനസിയും ഗുരുപ്രസാദ് റാണെയും.)

click me!