ഏവിയേഷൻ ഫ്യൂവൽ ഉള്ള ടാങ്കർ ലോറിയും ചരക്ക് ലോറിയും കൂട്ടിയിടിച്ചു; ഒഴിവായത് വൻ അപകടം

By Web Team  |  First Published Jan 24, 2023, 11:01 PM IST

ലോറികൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. യുപി സ്വദേശിയും ക്ളീനറുമായ സോഹൻ (17)ആണ് പരിക്കേറ്റത്.


ഹരിപ്പാട്: ലോറികൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. യുപി സ്വദേശിയും ക്ളീനറുമായ സോഹൻ (17)ആണ് പരിക്കേറ്റത്. ദേശീയ പാതയിൽ കരുവാറ്റ കന്നുകാലി പാലത്തിന് സമീപമാണ് അപകടം ഉണ്ടായത്. മുന്നിൽ പോയ ടാങ്കർ ലോറിയുടെ പിന്നിൽ ചരക്ക് ലോറി ഇടിക്കുകയായിരുന്നു. രണ്ടു കാലിനും പരിക്കേറ്റ സോഹനെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

അപകടത്തിൽപ്പെട്ട ചരക്ക് ലോറിയുടെ മുൻഭാഗം പൂർണമായും തകർന്നു. ഏവിയേഷൻ ഫ്യൂവൽ കൊണ്ടുപോവുകയായിരുന്ന ടാങ്കർ ലോറിക്ക് ചെറിയ ലീക്ക് ഉണ്ടായെങ്കിലും എം സീൽ ഉപയോഗിച്ച് അത് പരിഹരിച്ചു. അതേസമയം, സ്കൂട്ടർ റോഡരികിലെ ട്രാൻസ്ഫോർമറിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ രണ്ട് പേർക്കാണ് പരിക്കേറ്റത്. സ്കൂട്ടർ യാത്രക്കാരായ കാപ്പിൽമേക്ക് കാർത്തികയിൽ അരുൺ (27), കാപ്പിൽമേക്ക് സ്വദേശി അഖിൽ (22) എന്നിവർക്കാണ് പരിക്കേറ്റത്. 

Latest Videos

undefined

കഴിഞ്ഞ ദിവസം രാത്രി 11-ന് കാപ്പിൽ സഹകരണ ബാങ്കിനു സമീപത്താണ് അപകടമുണ്ടായത്. സ്കൂട്ടർ ട്രാൻസ്ഫോർമറിന്റെ സുരക്ഷാവേലി തകർത്ത് അകത്തുകയറി. സ്കൂട്ടറിൽ യാത്രചെയ്തവർ റോഡിലേക്കു തെറിച്ചു വീണു. അഖിലിനെ ആലപ്പുഴ മെഡിക്കൽ കോളേജിലും അരുണിനെ കായംകുളം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കാക്കാഴം റെയിൽവെ മേൽപ്പാലത്തിലുണ്ടായ അപകടത്തിന്‍റെ ഞെട്ടലില്‍ തന്നെയാണ് ജില്ലയിപ്പോഴും. 

ഒരു അപകടമെങ്കിലും ഇവിടെ സംഭവിക്കാത്ത ദിവസങ്ങളില്ല. മേൽപ്പാലത്തിലെ കുഴികൾ തന്നെയാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നത്. എത്ര അറ്റകുറ്റപ്പണി നടത്തിയാലും ദിവസങ്ങൾ കഴിയുമ്പോൾ വീണ്ടും വലുതാകുന്ന കുഴികളില്‍ വീണ് നിരവധി ജീവനുകളാണ് പൊലിയുന്നത്. 750 മീറ്ററോളം നീളമുള്ള മേൽപ്പാലത്തിൽ പലയിടങ്ങളിലായി അപകടങ്ങൾ ഉണ്ടാക്കുന്ന വലിയ കുഴികളാണുള്ളത്. ഇരുചക്ര വാഹനക്കാരാണ് ഈ കുഴികളിൽ വലയുന്നത്. 

Read more:  തൃശ്ശൂരിൽ അമിതവേഗത്തിൽ എത്തിയ പിക്കപ്പ് വാൻ പാഞ്ഞുകയറി, ആറുപേർക്ക് പരിക്ക്, ബൈക്കുകളും തകർന്നു

പല ദിവസങ്ങളിലും രാത്രി കാലങ്ങളിൽ ഇവിടുത്തെ വഴി വിളക്കുകളും തെളിയാറില്ല. കഴിഞ്ഞ അപകട ദിവസവും മേൽപ്പാലത്തിലെ 60 ഓളം വഴി വിളക്കുകൾ കണ്ണടച്ചിരുന്നു. ചോര ചിന്തുന്ന അപകടങ്ങൾ പതിവായപ്പോൾ ഉറക്കമില്ലാത്ത പ്രദേശമായി കാക്കാഴം ഗ്രാമം മാറി.

click me!