'വലിപ്പം കുറവാണേലെന്താ മൂർഖനാ...', പെഡൽ ഫാൻ പിന്നാലെ കസേരക്കാലിലും ചുറ്റി പാമ്പ്, ഒടുവിൽ പിടിയിൽ

By Web Team  |  First Published Nov 16, 2024, 7:21 PM IST

മൂർഖൻ ശുചിമുറിയുടെ ഭാഗത്തേക്ക് നീങ്ങിയതോടെ ആർആർടി സംഘത്തെ വിളിച്ച് വീട്ടുകാർ. പെഡൽ ഫാനിൽ കയറിക്കൂടിയ മൂർഖനെ രക്ഷിച്ച് ആർആർടി അംഗം


തിരുവനന്തപുരം: കിടപ്പുമുറിയിൽ നിന്ന് അപരിചിത ശബ്ദം കേട്ട് പരിശോധിച്ച വീട്ടുകാർ കണ്ടെത്തിയത് മൂർഖൻ പാമ്പിനെ. കാട്ടാക്കട എസ് എൻ നഗർ ദാമോദരൻ പിള്ളയുടെ ഇടുപടിക്കൽ വീട്ടിൽ ശനിയാഴ്ച രാവിലെ 11.30ഓടെയാണ് പാമ്പിനെ കണ്ടെത്തിയത്. വീടിനുള്ളിൽ കടന്ന പാമ്പ് ശുചിമുറിയുടെ ഭാഗത്തേക്ക് ഇഴഞ്ഞ് നീങ്ങുന്നതാണ് വീട്ടുകാർ കണ്ടത്. ഉടൻ തന്നെ വാതിൽ പൂട്ടിയ ശേഷം വീട്ടുകാർ റാപിഡ് റെസ്പോൺസ് ടീമിനെ വിവരം അറിയിക്കുകയായിരുന്നു. 

ആർആർടി സംഘം എത്തുമ്പോഴേയ്ക്കും തിരികെ കിടപ്പുമുറിയിലെത്തിയ മൂർഖൻ പെഡൽ ഫാനിൽ കയറികൂടുകയായിരുന്നു. വീട്ടിനുള്ളിൽ എത്തി ആർആർടി അംഗം റോഷ്നി പരിശോധിക്കുമ്പോൾ പത്തി വിടർത്തി ചീറ്റിനിൽക്കുന്ന അവസ്ഥയിലായിരുന്നു മൂർഖൻ. പിടിക്കാൻ ശ്രമിച്ചതോടെ മുറിയിലുണ്ടായിരുന്ന കസേരയുടെ കാലിലും മേശയുടെ കാലിലുമെല്ലാം ചുറ്റിയ ചീറ്റി നിന്ന പാമ്പിനെ ആർആർടി അംഗം റോഷ്നി പിടികൂടി സ്നേക്ക് റെസ്ക്യൂ ബാഗിൽ ആക്കുകയായിരുന്നു.

Latest Videos

ഇതിനെ വനം വകുപ്പ് ആസ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. നവംബർ, ഡിസംബർ മാസങ്ങൾ ഇഴജന്തുക്കളുടെ  പ്രജനന കാലമാണെന്നും അതിനാ തന്നെ ഇവ കൂടുതലായി അക്രമകാരികളായിരിക്കുമെന്നും വീടും പരിസരവും എപ്പോഴും ശ്രദ്ധ വേണമെന്നും റോഷ്നി പറയുന്നത്. ഇടവിട്ട് മഴയെത്തുന്നതിനാൽ വീടിന് പരിസരത്ത് ചെടികൾ പെട്ടന്ന് വളർന്ന് കാട് പടരുന്ന സാഹചര്യം ഒഴിവാക്കണമെന്നും ഇവർ പറയുന്നു.  ഇത്തരം  സാഹചര്യങ്ങൾ ഒഴിവാക്കാൻ ശ്രമിക്കണമെന്നും ഇഴ ജന്തുക്കളെ കണ്ടാൽ ഉടൻ വനം വകുപ്പിൽ അറിയിക്കണമെന്ന് ആർആർടി സംഘം ആവശ്യപ്പെട്ടു.
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!