തലശ്ശേരി ലോഗൻസ് റോഡിലെ സെല്ല ഫാൻസി ഫൂട്ട് വെയർ ഷോപ്പിലാണ് രണ്ടംഗ സംഘം മോഷണം നടത്തിയത്.
കണ്ണൂർ: തലശ്ശേരിയിലെ ചെരുപ്പു കടയിൽ രണ്ടംഗ സംഘത്തിന്റെ ആസൂത്രിത മോഷണം. ചെരുപ്പ് വാങ്ങാനെന്ന വ്യാജേനയെത്തിയ യുവാവും യുവതിയും കടയിലെ മേശവലിപ്പിൽ നിന്ന് 5,000 രൂപയാണ് കവർന്നത്. കട ഉടമയുടെ പരാതിയിന്മേൽ പൊലീസ് അന്വേഷണം തുടങ്ങി.
തലശ്ശേരി ലോഗൻസ് റോഡിലെ സെല്ല ഫാൻസി ഫൂട്ട് വെയർ ഷോപ്പിലാണ് മോഷണം നടന്നത്. വൈകീട്ട് മൂന്നരയോടെയാണ് സംഭവം. ചെരുപ്പ് ആവശ്യപ്പെട്ട് രണ്ട് പേർ കടയിലേക്കെത്തുകയായിരുന്നു. ഇരുവരും ഒരുമിച്ച് ചെരുപ്പ് തിരഞ്ഞ് കടക്കാരന്റെ ശ്രദ്ധ തിരിച്ചു. കൂട്ടത്തിലെ യുവാവ് ബെൽറ്റ് നോക്കുന്നതായി നടിച്ച് കടയിൽ പണം സൂക്ഷിച്ച മേശവലിപ്പിനരികിലേക്ക് നീങ്ങുകയും ഞൊടിയിടയിൽ മേശവലിപ്പിലെ പണമെടുത്ത് കീശയിലാക്കി സ്ഥലം വിടുകയുംം ചെയ്തു.
ഇരുവരുടെയും പെരുമാറ്റത്തിൽ സംശയം തോന്നിയ കടയുടമ സിസിടിവി പരിശോധിച്ചപ്പോഴാണ് മോഷണ വിവരം അറിയുന്നത്. 5,000 രൂപയാണ് നഷ്ടപ്പെട്ടത്. നഗരത്തിലെ മറ്റൊരു കടയിലും സമാനമായ രീതിയിൽ മോഷണം നടന്നിട്ടുണ്ട്. സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
READ MORE: പരസ്ത്രീ ബന്ധത്തില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത കേസ്; ഭര്‍ത്താവിന്റെ ജാമ്യാപേക്ഷ തള്ളി