നടുറോഡിൽ പിടഞ്ഞ് അമ്മക്കുരങ്ങും കുട്ടിക്കുരങ്ങും, നൊമ്പര കാഴ്ച, വാരിയെടുത്ത് കുതിച്ച് ആ രണ്ടുപേർ

By Web TeamFirst Published Mar 21, 2024, 2:53 PM IST
Highlights

കുട്ടിക്കുരങ്ങിനെ അമ്മയിൽ നിന്ന് എടുത്തുമാറ്റാൻ ശ്രമിച്ചെങ്കിലും അത് തന്നാലാവും വിധം ചേർന്നു കിടക്കാൻ ശ്രമിച്ചു

മലപ്പുറം: എല്ലാ ജീവനും വിലപ്പെട്ടതാണ്. അത്തരമൊരു ജീവൻ നടുറോഡിൽ കിടന്ന് പിടഞ്ഞപ്പോൾ മനുഷ്യനാണോ, മൃഗമാണോ എന്ന് ആലോചിക്കാതെ രണ്ട് യുവാക്കൾ ആശുപത്രിയിൽ എത്തിച്ചു.

ഇന്നലെ വൈകീട്ട് അഞ്ചിന് കാവനൂർ ചെങ്ങരയിലാണ് സംഭവം. നടുറോഡിൽ രക്തത്തിൽ കുളിച്ച് കിടന്ന അമ്മക്കുരങ്ങും അതിന്റെ ശരീരത്തോട് ചേർന്ന് കിടന്ന കുട്ടിക്കുരങ്ങും. അമ്മക്കുരങ്ങിന് ഏതോ വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റതാണ്. ആ സമയം അതുവഴി വരികയായിരുന്നു മഞ്ചേരി തുറക്കൽ സ്വദേശി അനസ് കുരിക്കളും പയ്യനാട് പുഴങ്കാവ് സ്വദേശി സിദ്ധീഖ് അനസും. ഇരുവരും ഈ നൊമ്പര കാഴ്ച കണ്ട് ആദ്യം ഒന്ന് സ്തംഭിച്ചെങ്കിലും ഉടൻ ആശുപത്രിയില്‍ എത്തിക്കണമെന്ന ചിന്തയുണ്ടായി. 

Latest Videos

കുട്ടിക്കുരങ്ങിനെ അമ്മയിൽ നിന്ന് എടുത്തുമാറ്റാൻ ശ്രമിച്ചെങ്കിലും അത് തന്നാലാവും വിധം ചേർന്നു കിടക്കാൻ ശ്രമിച്ചു. അമ്മക്കുരങ്ങിന്റെ ആന്തരികാവയവങ്ങൾ പുറത്തുവന്നിരുന്നു. പക്ഷേ ശരീരത്തിൽ ജീവന്റെ തുടിപ്പ് ബാക്കിയുണ്ടെന്ന് മനസിലാക്കിയ ഇരുവരും കുട്ടിക്കുരങ്ങും അമ്മയുമായി കാറിൽ ആശുപത്രിയിലേക്ക് കുതിച്ചു. എട്ട് കിലോമീറ്റർ ദൂരം സഞ്ചരിച്ച്. മഞ്ചേരി നെല്ലിപ്പറമ്പിലെ സ്വകാര്യ മൃഗചികിത്സാ കേന്ദ്രത്തിലെത്തിച്ച് ചികിത്സ നൽകിയെങ്കിലും ആന്തരികാവയവങ്ങളടക്കം പുറത്തുവന്ന നിലയിലുള്ള അമ്മക്കുരങ്ങിനെ രക്ഷിക്കാനായില്ല. 
പ്രാഥമിക ചികിത്സ നൽകി കുഞ്ഞിനെ രക്ഷപ്പെടുത്താൻ സാധിച്ചു. നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ യാഷിക് മേച്ചേരി വിവരം അറിയിച്ചതിനെ തുടർന്ന് നിലമ്പൂരിൽ നിന്നെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കുട്ടിക്കുരങ്ങിനെ കൈമാറി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

tags
click me!