'ഹാൻസും, കൂൾ ലിപും', വയനാട്ടിൽ വിദ്യാർത്ഥികളെ ലക്ഷ്യമിട്ടുള്ള വിൽപന, പിതാവും മകനും അറസ്റ്റില്‍

By Web Team  |  First Published Oct 13, 2024, 9:29 AM IST

സ്കൂൾ വിദ്യാർത്ഥികളെ ലക്ഷ്യമിട്ടുള്ള ലഹരി വിൽപനയ്ക്ക് വയനാട്ടിൽ അറസ്റ്റിലായത് 26കാരനായ മകനും 52 കാരനായ പിതാവും


കല്‍പ്പറ്റ: നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി പിതാവും മകനും അറസ്റ്റില്‍. കമ്പളക്കാട് തൂമ്പറ്റ വീട്ടില്‍ ടി. അസീസ് (52), ഇയാളുടെ മകന്‍ സല്‍മാന്‍ ഫാരിസ് (26) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം  കല്‍പ്പറ്റ ഗവണ്മെന്റ് എല്‍. പി സ്‌കൂളിന് സമീപം വച്ചാണ് വില്‍പ്പനക്കായി കൈവശം വെച്ചിരുന്ന അഞ്ച് പാക്കറ്റ് ഹാന്‍സും ഏഴ് പാക്കറ്റ് കൂള്‍ ലിപ് എന്ന ലഹരി വസ്തുവുമായി അസീസ് കല്‍പ്പറ്റ പൊലീസിന്റെ പിടിയിലാവുന്നത്. 

പിന്നീട് ഇയാളുടെ കമ്പളക്കാടുള്ള വീട്ടില്‍ കമ്പളക്കാട് പൊലീസ് നടത്തിയ പരിശോധനയിലാണ് 120 പാക്കറ്റ് ഹാന്‍സുമായി മകന്‍ സല്‍മാന്‍ ഫാരിസ് പിടിയിലാവുന്നത്. വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് ഇത്തരത്തിലുള്ള പുകയില ഉല്‍പ്പന്നങ്ങള്‍ വ്യാപകമായി ഇവര്‍ വില്‍പ്പന നടത്തി വരികയായിരുന്നു. വിദ്യാര്‍ഥികളെ ലഹരി ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്ന സംഘങ്ങളെ പൊലീസ് നിരീക്ഷിച്ചു വരുന്നതിന്റെ ഭാഗമായാണ് അസീസ് പിടിയിലാവുന്നത്. 

Latest Videos

undefined

ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. കല്‍പ്പറ്റ സബ് ഇന്‍സ്പെക്ടര്‍ ടി. അനീഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുരേഷ്, കമ്പളക്കാട് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ വി. ഷറഫുദ്ദീന്‍,  സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുനീഷ്, രഞ്ജിന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!